പരാജയപ്പെട്ട ഒരാത്മഹത്യാശ്രമത്തിനു ശേഷം സർക്കാരാശുപത്രിയിലെ ജനറൽ വാർഡിലെ ഇളകുന്നൊരു കട്ടിലിൽ വയറു കഴുകി ശുദ്ധനാക്കിക്കിടത്തപ്പെട്ട ജോസഫേട്ടന്റെ അബോധത്തിനു ചുറ്റും അവർ മൂന്നു പേരും നിരന്നു. മാർക്സ്, ലെനിൻ, അജിത. ജോസഫേട്ടന്റെ മൂന്നു മക്കൾ. ജോസഫേട്ടന്റെ ഭാര്യ സാവിത്രി ജനറൽ വാർഡിലേക്കു കയറുന്ന പഴയ കമാനത്തിനരികിൽ എന്തുപറ്റിയെന്ന ഏതോ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ ചോദ്യത്തിനു് “അതൊന്നൂല്ല. ഇന്നലെ കുടിച്ചു ബോധം പോയപ്പോൾ അറിയാതെന്തോയെട്ത്തു് കഴിച്ചു പോയി. റബ്ബറിനടിക്കാൻ കൊണ്ടുവന്ന മരുന്നുണ്ടായിരുന്നേ… ” എന്നൊരു കള്ളം പറഞ്ഞു പെട്ടെന്നു തിരിഞ്ഞു. ജോസഫേട്ടന്റെ കട്ടിലിനരികിൽ എത്തുന്നതിനു മുമ്പേ സാവിത്രി കൈകൊണ്ടു് കണ്ണും സാരിത്തലപ്പു കൊണ്ടു് മൂക്കും തുടച്ചിരുന്നു.
മക്കൾ മൂവരും മൂന്നു നേരത്താണു് ആശുപത്രിയിലെത്തിയതു്. മാർക്സിനു് തന്റെ വെൽഡിംഗ് വർക്ക്ഷോപ്പിൽ അത്യാവശ്യമായി തീർത്തു കൊടുക്കേണ്ട കുറച്ചു പണികളുണ്ടായിരുന്നു. വിവരമറിഞ്ഞു് അജിത സ്റ്റാന്റിൽ ക്യൂവിലിട്ടിരുന്ന തന്റെ ഓട്ടോയുമെടുത്തു് വേവലാതി പിടിച്ചു് പാഞ്ഞുവരികയായിരുന്നു. ലെനിനെ ലൈനിൽ കിട്ടാൻ കുറേ വൈകി. അവൻ ഔട്ടോഫ് സ്റ്റേഷൻ ആയിരുന്നു. നേതാവിനൊപ്പം ബോഡി ഗാർഡായി നടക്കുന്നവനു് സ്ഥലകാലങ്ങളൊന്നുമില്ലല്ലോ. നേതാവെവിടെ അവിടെ. എന്നിട്ടും ലെനിൻ പുലരുമ്പോഴേക്കും ആശുപത്രിയിലെത്തിയിരുന്നു. എത്തിയ ഉടൻ അമ്മയോടു് ചോദിച്ചതു് പൈസ എന്തെങ്കിലും വേണോ എന്ന അവന്റെ സ്ഥിരം ചോദ്യമായിരുന്നു. ഒപ്പം എന്തിനാണീ ധർമ്മാശുപത്രിയിൽ കൊണ്ടുവന്നതു്. വല്ല സ്പെഷാലിറ്റി ഹോസ്പിറ്റലിലോ മറ്റോ കൊണ്ടുപോയിക്കൂടായിരുന്നോ എന്നും. പതിവുപോലെ സാവിത്രി കൊടുത്ത മറുപടി ലെനിനെ ക്ഷുഭിതനാക്കി. “അങ്ങേരുടെ കാര്യത്തിലു് എന്തു വേണമെന്നു് എനിക്കറിയാം. പിന്നേ നിന്റെ ഔദാര്യം വേണ്ട സമയത്തു് അറിയിച്ചോളാം.”
ഇവറ്റകളു് ഒരിക്കലും ഗുണം പിടിക്കില്ല എന്നുള്ള ലെനിന്റെ പല്ലുകൾക്കിടയിൽ ഞെരിയുന്ന വാക്കുകൾ കേൾക്കാൻ നിക്കാതെ സാവിത്രി ജോസഫേട്ടന്റെ അരികിൽ ചെന്നിരുന്നു സാരിത്തലപ്പു കൊണ്ടു് നെറ്റിത്തടത്തിൽ പടർന്ന വിയർപ്പൊപ്പാൻ തുടങ്ങി.
“നിങ്ങള് വേണേങ്കില് പോയ്ക്കോളൂ ഞാനിവിടെ അമ്മയോടൊപ്പം നിന്നോളാം” എന്നു് അജിത ഏട്ടൻമാരോടു് പറഞ്ഞു. മാർക്സ് പേഴ്സ് തുറന്നു് അഞ്ഞൂറു രൂപയുടെ രണ്ടു് നോട്ടെടുത്തു് അജിതക്കു നേരെ നീട്ടി പറഞ്ഞു. “കമ്പനിയിലു് കുറച്ചു് പണിത്തിരക്കുണ്ടു്. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി.” എന്നിട്ടു് ലെനിനോടു് കണ്ണുകൊണ്ടൊരാംഗ്യം കാട്ടി പുറത്തേക്കു നടന്നു.
ലെനിനു് അവന്റെ അമർഷം അടക്കിവെക്കാൻ വല്ലാതെ പാടുപെടേണ്ടി വന്നു. വില കൂടിയ ഖദറിന്റെ കുപ്പായത്തിനു് വലിയ ചുളിവൊന്നും പറ്റാതിരിക്കാൻ അവൻ ഓരോ നിമിഷവും ശ്രമിച്ചുകൊണ്ടിരുന്നു. എവിടെയും തൊടാതെ അജിതയിലേക്കു കുനിഞ്ഞു് അവൻ ഇത്രമാത്രം പറഞ്ഞു: “എന്റെ കാശു മാത്രം ഇവിടെ ആർക്കും പറ്റില്ല അല്ലേ… ” പെട്ടെന്നു് ജോസഫേട്ടനിൽ നിന്നും ഒരു ചുമ ഉയർന്നു. അച്ഛൻ ഉണരുകയാണോ എന്ന വേവലാതിയിൽ ലെനിൻ രണ്ടു് ചുവടു് പിന്നോട്ടു് മാറി. സാവിത്രി ജോസഫേട്ടന്റെ നെഞ്ചിൽ പതുക്കെ തലോടി. ചുമ ശാന്തമായി. ജോസഫേട്ടൻ വീണ്ടും മയക്കത്തിലേക്കു വീണു.
അടിയന്തിരാവസ്ഥയുടെ വാർഷിക ദിനമായിരുന്നു ഇന്നലെ. ടൗണിൽ പഴയ സഖാക്കളുടെ ഒത്തുകൂടൽ ഉണ്ടായിരുന്നു. ജോസഫേട്ടനെത്തുമ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു. മുറിബീഡി പുകച്ചും കട്ടൻ ചായ കുടിച്ചും സഖാക്കൾ അധികം ഒച്ചയൊന്നുമില്ലാതെ കുശലങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ചിലർ കൈകൾ പിടിച്ചമർത്തി. ചിലർ തോളിൽ തൊട്ടു. ജോസഫേട്ടായെന്നു് കൂട്ടത്തിൽ കുഞ്ഞനായ പവിത്രൻ വിളിച്ചു. സെയ്തലവി കീശയിൽ നിന്നും കാഴ്ചയിൽ വളരെ ചെറുതെന്നു തോന്നിക്കുന്ന മൊബൈലെടുത്തു് ഒരു കൈ കൊണ്ടു് ജോസഫേട്ടനെ തടഞ്ഞു നിർത്തി പറഞ്ഞു. “ജോസേ ഒന്നു നിന്റെ നമ്പറുതാടാ. ഞാനൊന്നു സെയിവ് ചെയ്തോട്ടേ.”
എല്ലാവരോടും കുശലം പറഞ്ഞു തീരുന്നതിനു മുമ്പേ മീറ്റിംഗ് തുടങ്ങി. ആദ്യം രക്തസാക്ഷികൾക്കു വേണ്ടിയുള്ള മൗനാചരണമായിരുന്നു. കൃഷ്ണേട്ടൻ മാത്രം എഴുന്നേറ്റു നിന്നില്ല. പോലീസ് തല്ലിച്ചതച്ച കൃഷ്ണേട്ടന്റെ ഒരുകാലു് പിന്നെ ജീവൻ വെച്ചിരുന്നില്ല.
യോഗനടപടികൾ തുടങ്ങി. അടിയന്തിരാവസ്ഥയുടെ ഭീകര നാളുകൾ, പോലീസ് മർദ്ദനം, ഭരണകൂടഭീകരത, കരിനിയമങ്ങൾ പോരാട്ടങ്ങൾ ജയിൽവാസം എന്നിവയൊക്കെ പ്രസംഗങ്ങളിൽ മുഴങ്ങി. സ്വാഗതം, അധ്യക്ഷ പ്രസംഗം എന്നിവയെ തുടർന്നു് മുഖ്യ പ്രഭാഷണവുമുണ്ടായിരുന്നു. ‘ഇടതുപക്ഷത്തേക്കു് ഒളിച്ചു കടത്തപ്പെടുന്ന വലതുപക്ഷ ആശയങ്ങൾ’ എന്ന വിഷയത്തെക്കുറിച്ചാണു് ഒരു ചെറുപ്പക്കാരൻ സംസാരിച്ചതു്. അയാൾ വക്കീലാണത്രേ.
അടിയന്തിരാവസ്ഥക്കെതിരെ പോരാടിയ ഒരു ശേഖരന്റെ മകനാണത്രെ. ജോസഫേട്ടനു് എത്ര ഓർത്തിട്ടും ശേഖരനെ പിടികിട്ടിയില്ല. ഒരുപക്ഷേ, കണ്ണൂർ കമ്മിറ്റി ആയിരിക്കില്ല. ഏതായാലും ശേഖരന്റെ മകൻ ഇപ്പോഴും അച്ഛന്റെ പാതയിൽ തന്നെ ഉണ്ടല്ലോ. നല്ല പ്രസംഗവും വിനയവും. നന്നായി രാഷ്ടീയം പഠിച്ചിട്ടുമുണ്ടു്. ഏതായാലും അവൻ മാർക്സോ ലെനിനോ ആയില്ലല്ലോ. അതു തന്നെ ആശ്വാസം. അപ്പോഴാണു് അധ്യക്ഷൻ ജോസഫേട്ടനെ ക്ഷണിച്ചതു്. “ജോസഫേട്ടാ ഒരു കവിത ആയിക്കൂടെ… സിവിക്കിനേയും ബാലചന്ദ്രനെയുമൊക്കെ കേട്ടിട്ടു് എത്രയായി… ”
എല്ലാവരും നിർബന്ധിച്ചപ്പോഴാണു് ജോസഫേട്ടൻ മൈക്കിനരികിലേക്കു് നീങ്ങിയതു്. മൈക്കിൽ മുട്ടി നോക്കി ജോസഫേട്ടൻ തൊണ്ടയനക്കി. വരികൾ, വാക്കുകൾ വഴിതെറ്റാതെ വരുമോ എന്ന സംശയം ജോസഫേട്ടനു് അപ്പോഴുമുണ്ടായിരുന്നു. എങ്കിലും പഴയ മുഴക്കത്തിൽ തന്നെയാണു് ജോസഫേട്ടൻ പാടിത്തുടങ്ങിയതു്.
“നീയെനിക്കിപ്പോൾ വിളമ്പുമീയത്താഴം
ഒടുവിലത്തത്താഴമാവാം… ”
സിവിക്കിന്റെ അത്താഴം പാടിത്തുടങ്ങിയപ്പോഴേക്കും ജോസഫേട്ടനു് ശരീരത്തിലാകമാനം ഒരു വിറയലുണ്ടായി. ആ വിറയൽ അവിടെ കൂടിയിരുന്ന പലരിലേക്കും വ്യാപിച്ചിരുന്നു.
“എന്തു പറയും നീയവളോടു്
അച്ഛനിപ്പോൾ വരുമെന്നോ
ഇനി വരികയേയില്ലെന്നോ… ”
എന്നെത്തിയപ്പോഴേക്കും ജോസഫേട്ടന്റെ തൊണ്ടയിടറി. പിന്നെ തുടരാനായില്ല. അധ്യക്ഷൻ വന്നു് പതുക്കെ ജോസഫേട്ടന്റെ തോളിൽ തൊട്ടു.
യോഗം കഴിഞ്ഞപ്പോൾ പൊരിച്ച മീനോടു കൂടി ഊണും ഉണ്ടായിരുന്നു. കൈ കഴുകുമ്പോഴാണു് ദിവാകരനും അശോകനും അടുത്തുവന്നതു്. “ജോസഫേട്ടനു് തിരക്കൊന്നുമില്ലല്ലോ. നമ്മക്കു് കുറച്ചു കഴിഞ്ഞിറ്റ് പോവാം. കൊറേയായില്ലേ ഒന്നിച്ചിരുന്നിട്ടു്.”
“അതിനെന്താ അങ്ങനെയാവാല്ലോ… ” ജോസഫേട്ടനും പറഞ്ഞു. ദിവാകരന്റെ സ്ക്കൂട്ടറിനു പിറകിൽ ജോസഫേട്ടനിരുന്നു. അശോകനും ചന്ദ്രനും മൊയ്തുവും ഒരോട്ടോറിക്ഷയിൽ പിന്നാലെ വന്നു. അങ്ങനെയാണവർ ദിവാകരന്റെ ചാപ്പയിലെത്തിയതു്.
ദിവാകരനിപ്പോഴും കളളു് ചെത്തു് വിട്ടിട്ടില്ല. രാവിലെ ഏറിയ കളളു് അവനന്നു് ഷാപ്പിലു് കൊടുത്തിട്ടില്ല. അശോകനും ചന്ദ്രനുമൊക്കെ കൂടെ കാണുമെന്നു് നേരത്തെ ദിവാകരനു് അറിയാമായിരുന്നു. എല്ലാവരേയും ചാപ്പയിലിരുത്തി ദിവാകരൻ ഒന്നു കൂടെ സ്ക്കൂട്ടറുമെടുത്തു് വീട്ടിലേക്കോടി. കുറച്ചു കപ്പയും നാടൻ കോഴി കുരുമുളകിട്ടു വറ്റിച്ചതും പാത്രത്തിലെടുത്തു് ഒരു പേക്കറ്റ് വറുത്ത അവിലും ചേർത്തു പിടിച്ചു് വരുന്ന വഴിയിൽ ഒരു പാക്കറ്റ് സിഗരറ്റും തീപ്പെട്ടിയും കൂടി വാങ്ങി. നാലഞ്ചു ഗ്ലാസുകളെടുത്തില്ലല്ലോ എന്നോർത്തു. അല്ലെങ്കിലതു വേണ്ട ചാപ്പയിൽ നല്ല ചിരട്ടകൾ കാണും. അത്യാവശ്യം ഒന്നു രണ്ടു ഗ്ലാസും.
“ദിവാകരാ എനിക്കിത്തിരി മധുരക്കള്ളു് കിട്ട്വോ. വല്ലാത്തൊരു പൂതി.” ജോസഫേട്ടൻ ചോദിച്ചു. ദിവാകരൻ ഒരു ചിരിയോടെ ചാപ്പയുടെ മൂലയിൽ മാറ്റിവെച്ചൊരു കുടം ഒരു പ്ലാസ്റ്റിക്ക് മഗ്ഗിലേക്കു് ചെരിച്ചു. അതു് ജോസഫേട്ടനു് നീട്ടുമ്പോൾ ദിവാകരൻ പറഞ്ഞു: “പുളിച്ചുതുടങ്ങീട്ടുണ്ടാവും.”
“അതു് സാരൂല്ല… ” ഒരു കപ്പക്കഷണം കോഴിച്ചാറിൽ തൊട്ടു് നാവിൽ വെക്കുമ്പോൾ ജോസഫേട്ടൻ പറഞ്ഞു: “കോഴി, ഇപ്പോഴും തീരെ പറ്റില്ല. പഴയ അരിശസ്സിനു് ഒരു മാറ്റവും വന്നിട്ടില്ല.” അശോകനാണു് പാടിത്തുടങ്ങിയതു്. ആദ്യം ‘സുമംഗലീ നീയോർമ്മിക്കുമോ’ എന്ന പാട്ടാണു് പാടിയതു്. മൊയ്തു നിർബ്ബന്ധിച്ചപ്പോഴാണു് യാത്രാമൊഴി ചൊല്ലിയതു്. “അമ്മേ പിൻവിളി വിളിക്കാതെ മുടിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ” എന്നു പാടിയപ്പോഴേക്കും അശോകന്റെയും തൊണ്ടയിടറി. നീയിപ്പോ അടുത്തെങ്ങാനും ബാലചന്ദ്രനെ കണ്ടോടാ എന്ന ചന്ദ്രന്റെ ചോദ്യത്തിനു്. അയാളിപ്പം തിരക്കുള്ള നടനല്ലേയെന്നു് അശോകൻ മറുപടിയും പറഞ്ഞു.
അഞ്ചു ലിറ്ററിന്റെ ഒരു ക്യാൻ തീർന്നപ്പോൾ ദിവാകരൻ മറ്റൊന്നെടുത്തു. ഇടയ്ക്കു് “ദിവാകരേട്ടാ എന്തെങ്കിലുമുണ്ടോ” എന്നും ചോദിച്ചു് ആ വഴിക്കു് വന്ന ഒന്നു രണ്ടു് പിള്ളേർ ഒറ്റ വലിക്കു് ഓരോ മഗ്ഗ് വലിച്ചു കുടിച്ചു് ചിറി തുടച്ചും കൊണ്ടു് പോയി. വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. ഒരു പിടി അവിലുവാരി വായിലിട്ടു കൊണ്ടു് ദിവാകരൻ പറഞ്ഞു. “എനിക്കു് വൈന്നേരത്തെ കുറച്ചുതെങ്ങ് ഏറാന്ണ്ടു്. നിങ്ങ കഥ പറഞ്ഞിരിക്കു്. ”
ദിവാകരൻ പോയപ്പോൾ അവർ നാൽവരും ഓരോ ഗ്ലാസുകൂടി അകത്താക്കി. കപ്പ തീർന്നിരുന്നു. കോഴിയും. ഇലയിൽ ബാക്കിയായ ചാറിൽ ഇത്തിരി അവിലിട്ടു് പെരക്കി ജോസഫേട്ടൻ വാരി വായിലിട്ടു. എല്ലാവരും വീണ്ടും ഓരോ സിഗരറ്റിനു് തീ കൊളുത്തി.
വലിച്ചൂതി വിട്ട പുകപടലങ്ങളിലേക്കു നോക്കി നാലുപേരും എന്തോ ആലോചിച്ചു. നീയിപ്പോ നാടകത്തിനൊന്നും പോവാറില്ലേ അശോകായെന്നു് ഇടയ്ക്കു് ജോസഫേട്ടൻ ചോദിച്ചു. നാടകമൊക്കെ തട്ടേന്നിറങ്ങിപ്പോയില്ലേ ജോസഫേട്ടാന്നു് അശോകനും. “അങ്ങനെ ഇറക്കിവിട്ടാൽ പോകുന്നതാണോടാ കല. അതു് ഉള്ളിൽ കേറിയാ പിന്നെ ചാകുമ്പോഴേ ഇറങ്ങിപ്പോവൂള്ളൂ. എന്റെ ഉള്ളിലു് നിന്റെയാ രാവണനിപ്പോഴുമുണ്ടു്. ലങ്കാലക്ഷ്മീലെ രണ്ടു് ഡയലോഗ് കാച്ചു് അശോകാ… ”
“പറ അശോകാ പറ” എന്നു് മൊയ്തുവും ചന്ദ്രനും ജോസഫേട്ടനൊപ്പം കൂടി. അശോകനപ്പോൾ ഹ ഹ ഹ യെന്നു് രാവണന്റെ ചിരി ചിരിച്ചു. കൈയിലുള്ള ഗ്ലാസ് ഒച്ചയോടെ പലകയിൽ വെച്ചു. മീശ പിരിച്ചു് കഴുത്തു ചെരിച്ചു് രാവണൻ മണ്ഡോദരിയെ നോക്കി.
“ഈ യുദ്ധത്തിൽ നിന്നും ഒഴിയാൻ നമ്മുക്കിനി സാധ്യമല്ല… മരിച്ചവർക്കു വേണ്ടി നാം യുദ്ധം ചെയ്യും. പക്ഷേ, ഈ യുദ്ധം നമ്മുടെ അവസാനത്തെ യുദ്ധമാണു്… പൊട്ടാത്ത പടച്ചട്ടകൾ നാം അണിയുകയാണു്. ഈ നിമിഷത്തിൽ ആത്മസഖിയോടു്—ഒരുപക്ഷേ, മനശ്ശാന്തിക്കുവേണ്ടിയാകാം. ചോദിക്കട്ടെ. രാവണന്റെ ജീവിതം ഒരു പാഴ്ച്ചെലവായിരുന്നോ…?”
ചന്ദ്രനും മൊയ്തുവും ഉറക്കെ കൈയടിച്ചു. പക്ഷേ, ജോസഫേട്ടൻ കയ്യടിച്ചില്ല. ഒരു നിമിഷം ജോസഫേട്ടൻ അസ്വസ്ഥതയോടെ ഞെളിപിരി കൊണ്ടു. നിറച്ചു വെച്ച മൊയ്തുവിന്റെ ഗ്ലാസെടുത്തു് ഒറ്റവലിക്കു് മോന്തി.
“അതേടോ രാവണന്റെ ജീവിതം ഒരു പാഴ്ചെലവായിരുന്നു. നമ്മടെയൊക്കെ ജീവിതവും ഒരു പാഴ്ച്ചെലവായിരുന്നോ… പറയെടാ പറയെടാ… ” അശോകന്റെ കുപ്പായത്തിൽ മേലുള്ള ജോസഫേട്ടന്റെ പിടുത്തം വളരെ പണിപ്പെട്ടാണു് മൊയ്തുവും ചന്ദ്രനും കൂടി വിടുവിച്ചതു്. ജോസഫേട്ടൻ വല്ലാതെ കിതച്ചു കൊണ്ടിരുന്നു. കിതപ്പടങ്ങിയപ്പോൾ പറഞ്ഞു. “എനിക്കു് വീട്ടിലു് പോണടോ… ”
“ജോസഫേട്ടൻ തനിച്ചു് പോണ്ട. ദിവാകരൻ വരട്ടെ ഓൻ നിങ്ങളെ സ്ക്കൂട്ടറിൽ വീട്ടിലാക്കും.” മൊയ്തു പറഞ്ഞു.
നിലാവു പരന്നു തുടങ്ങി. ദിവാകരനെ മുറുകെപ്പിടിച്ചു് ജോസഫേട്ടൻ സ്ക്കൂട്ടറിന്റെ പിറകിലിരുന്നു. അവ്യക്തമായ കാഴ്ചകൾ നിഴലും വെളിച്ചവുമായി പിന്നോട്ടു പാഞ്ഞു പോയി. സ്ക്കൂട്ടറിൽ നിന്നിറക്കുമ്പോഴും ദിവാകരനെ മുറുക്കേ പിടിച്ചു് ജോസഫേട്ടൻ ചോദിച്ചു: “നമ്മടെയൊക്കെ ജീവിതം ഒരു പാഴ്ച്ചെലവായിരുന്നോ ദിവാരാ… ”
വീടിന്റെ തിണ്ണയിൽ ചാരി കുറേ നേരം ജോസഫേട്ടനിരുന്നു. സാവിത്രി എത്ര നിർബന്ധിച്ചിട്ടും ജോസഫേട്ടൻ അകത്തു കയറാൻ കൂട്ടാക്കീല്ല. ഇടയ്ക്കിടെ കവിതകൾ ചൊല്ലിയും നാടകത്തിലെ ഡയലോഗുകൾ ഉരുവിട്ടും പിച്ചും പേയും പറഞ്ഞും സ്വയം തലമുടി പിടിച്ചു വലിച്ചും ജോസഫേട്ടൻ നേരം കഴിച്ചു. ക്ഷമകെട്ടു് സാവിത്രി തിണ്ണയുടെ ഒരു മൂലയിൽ ചെന്നിരുന്നു് കുറച്ചു നേരം പുറത്തെ ആകാശത്തേക്കു നോക്കി. ഇടയ്ക്കിടെ ജോസഫേട്ടനെ ക്ഷുഭിതനാക്കുവാനെന്നോണം ചിലതു് ചോദിക്കുകയും സ്വയം സമാധാനിക്കുകയും ചെയ്തു. അപ്പോൾ ജോസഫേട്ടൻ നാടകക്കാരനായി. നാടകക്കാരൻ ചോദിച്ചു: “ആത്മസഖീ, ഇത്തിരി മനഃസ്സമാധാനത്തിനു ചോദിക്കുന്നതാണെന്നു വെച്ചോളൂ. നമ്മളുടെയൊക്കെ ജീവിതം ഒരു പാഴ്ച്ചെലവായിരുന്നോ… ”
“ഓ… പിന്നല്ലാതെ” അതും പറഞ്ഞു് ചുണ്ടു കോട്ടിച്ചിരിച്ചു് സാവിത്രി അകത്തേക്കു് പോയിക്കളഞ്ഞു. “തോന്നുമ്പം വന്നു് കിടക്കു്” എന്നൊരു മറുഡയലോഗും.
ജോസഫേട്ടനുണരുമ്പോൾ കൊടുക്കാൻ ഇത്തിരി പൊടിയരിക്കഞ്ഞി വാങ്ങാൻ പാത്രവുമെടുത്തു് സാവിത്രി പുറത്തിറങ്ങിയപ്പോൾ അജിത അപ്പന്റെ കട്ടിലിൽ വന്നിരുന്നു. ജോസഫേട്ടൻ മയക്കത്തിൽ തന്നെയായിരുന്നു. അവൾ പതുക്കെ അപ്പന്റെ കൈവെള്ളയിൽ തലോടാൻ തുടങ്ങി. തലങ്ങും വിലങ്ങും പാഞ്ഞു പോവുന്ന രേഖകൾ എട്ടുകാലി വലപ്പോലെ അപ്പന്റെ കൈകളിൽ പറ്റിക്കിടക്കുകയാണെന്നു് അവൾക്കു് തോന്നി. ഒച്ചയില്ലാതെ അപ്പാ അപ്പാ എന്നവൾ വിളിച്ചു. വിഷം കഴിക്കാൻ മാത്രം ഇത്രയും കാലം ഇല്ലാത്ത എന്തു സങ്കടമാണു് അപ്പനുണ്ടായേ എന്നവൾ ഉള്ളിൽ ചോദിച്ചു. മഹാസങ്കടങ്ങളുടെ പെരുങ്കടലായിട്ടും ചിരിച്ചു മാത്രമേ അപ്പനെ കണ്ടിട്ടുള്ളൂ എന്നവളോർത്തു. എപ്പോളോ അപ്പന്റെ വിരലുകൾ അവളെ മുറുകെ പിടിച്ചു. അപ്പൻ ഉണർന്നോ എന്നവൾ തുറിച്ചു നോക്കി. ഇല്ല. എങ്കിലും എന്റെ സാന്നിധ്യം അപ്പൻ അറിഞ്ഞിട്ടുണ്ടു്. വീണ്ടും ജോസഫേട്ടന്റെ വിരലുകൾ അവളുടെ കൈകളെ അമർത്തി. തകർന്നു നിൽക്കുന്ന നേരങ്ങളിലൊക്കെ കരുത്തുപകരാൻ അപ്പൻ സാധാരണ ചെയ്യാറുള്ളതാണു്. “നീയെന്റെ വിപ്ലവത്തിന്റെ കരുത്തല്ലേ. അജിത. തോറ്റു കൊടുക്കാത്ത പെണ്ണു്. നിനക്കവനെ ഒട്ടും സഹിക്കാനാവുന്നില്ലെങ്കിൽ ഉപേക്ഷിക്കു്. ഒരു കോന്തൻ ഭർത്താവു്. ഒറ്റയ്ക്കു് ജീവിച്ചു കാട്ടിക്കൊടുക്കു്. ഒറ്റയ്ക്കു് നിൽക്കുന്ന പെണ്ണു് ഒരു തീ പന്തമാണു്”
അവളുടെ കണ്ണിൽ നിന്നും തീക്കനൽപോലൊരു തുള്ളി ജോസഫേട്ടന്റെ ഉള്ളംകൈയിൽ വീണു.
പൊടിയരി കഞ്ഞി ഊതിയൂതി കുടിക്കുമ്പോൾ ജോസഫേട്ടൻ സാവിത്രിയെ നോക്കി ചോദിച്ചു:
“പേടിച്ചു പോയോ നീയ്…?”
“എന്തിനു്… ” അവൾ തിരിച്ചു ചോദിച്ചു.
“ഫ്യൂരിടാനും മുഴുവനും കുടിച്ചില്ലല്ലോ. എപ്പോഴും ചെയ്യാറുള്ളതുപോലെ പാതി എനിക്കു് ബാക്കി വെച്ചില്ലേ… ” സാവിത്രി ചിരിച്ചു. അവളുടെ കരിവാളിച്ച കണ്ണുകളിൽ അപ്പോൾ നക്ഷത്ര തിളക്കങ്ങളുണ്ടായി. അവൾ പറഞ്ഞു: “ഇന്നു് ഡിസ്ച്ചാർജ്ജാണു്. വീട്ടിലു് പോണ്ടേ… ”
വളവു തിരിവുകളിൽ ശ്രദ്ധയോടെ അധികം കുലുക്കമില്ലാതെ അജിത ഓട്ടോ ഓടിച്ചു. പിറകിൽ സാവിത്രിയുടെ ചുമലിൽ ചാരിയാണു് ജോസഫേട്ടനിരുന്നതു്. ആ അവശതയിലും ചിരിച്ചുകൊണ്ടു് ജോസഫേട്ടൻ അജിതയോടു് ചോദിച്ചു: “അല്ല ഡ്രൈവറെ ഈ പഴഞ്ചൻ ഓട്ടോ മാറ്റാറായില്ലേ… ”
“അതിനു് കാശു വേണ്ടേ അപ്പാ”
“കാശിനെന്താ കൊഴപ്പം. നെനക്കിപ്പോ കെട്ടിയോനു് ചെലവിനൊന്നും കൊടുക്കേണ്ടല്ലോ… ഹ ഹ ഹ”
“അപ്പനാ വെഷം മുഴുവനും എടുത്തു കുടിച്ചൂടായിരു ന്നോ…?” അവളും വിട്ടുകൊടുത്തില്ല.
“കാശില്ലെങ്കിലു് നിനക്കു് നമ്മടെ ലെനിൻ സഖാവിനോടു് ചോദിക്കായിരുന്നില്ലേ. കൂടപ്പെറപ്പല്ലേ… ”
“അതേ… അതേ.” ചിരി കടിച്ചു പിടിച്ചു് സാവിത്രി ഇടയിൽ കയറി. “ടൗണിൽ പണിയുന്ന മാളികയുടെ ചുമരിലും തറയിലുമൊക്കെ ടൈലിനൊപ്പം പുത്തൻ നോട്ടുകളാണു് പതിച്ചിട്ടുള്ളതെന്നു കേട്ടു. ചോദിച്ചു നോക്കു്. കിട്ടാതിരിക്കില്ല.”
അജിത പെട്ടെന്നു് ഓട്ടോ നിർത്തി. “അപ്പനും അമ്മയും മിണ്ടാതിരിക്കുന്നുണ്ടോ. അല്ലേലു് രണ്ടിനേയും ഞാൻ വഴിയിലിറക്കി വിടും.” അവൾ പറഞ്ഞു.
“ഓ… അപ്പോ ഞങ്ങളങ്ങ് നടന്നു പോവും. അത്ര തന്നെ” അജിതയുടെ ദേഷ്യത്തെ ഗൗനിക്കാതെ സാവിത്രി പറഞ്ഞു. ഇത്തിരി ദേഷ്യം നടിച്ചു കൊണ്ടു തന്നെ അജിത ആഞ്ഞു ഗിയർ വലിച്ചു. മുരണ്ടു കൊണ്ടു് ഓട്ടോ മുന്നോട്ടു് പാഞ്ഞു.
നേരം ഇരുട്ടിയിട്ടും അജിത പോകുന്നില്ലെന്നു കണ്ടപ്പോൾ ജോസഫേട്ടൻ ചോദിച്ചു. “എടീ കൊച്ചേ നീയിന്നു പോകുന്നില്ലേ. ഇനിയേതായാലും കഞ്ഞി കുടിച്ചു് പോയാ മതി. തിരക്കിട്ടു് പോയിട്ടു് അവിടെ കെട്ട്യോനും കുട്ടികളുമൊന്നുമില്ലല്ലോ… ല്ലേ… ”
“ഞാനിന്നു് പോകുന്നില്ല അപ്പാ. എനിക്കിന്നു് അപ്പന്റെ അടുത്തു കിടക്കണം. അപ്പനോടു് ഒരുപാടു് കഥ പറയാനുണ്ടു്.”
ജോസഫേട്ടൻ സാവിത്രിയുടെ മുഖത്തു നോക്കി. പിന്നെ പതുക്കെ മകളെ ചേർത്തു പിടിച്ചു് അവളുടെ തലയിൽ തടവി. അമ്മയും മകളും ഇരുവശത്തായി അപ്പന്റെ മേൽ കൈവെച്ചു കിടന്നു. കഥയൊന്നും പറയാതെയാണു് അജിത ഉറങ്ങിപ്പോയതു്. അവളുടെ മുഖത്തു് വല്ലാത്തൊരു ശാന്തത ജോസഫേട്ടൻ കണ്ടു.
ലൈറ്റണച്ചിട്ടും ജാലകത്തിലൂടെ വന്ന നിലാവിന്റെ തുണ്ടു് അവരെ പുതപ്പിച്ചു. ജോസഫേട്ടനും സാവിത്രിയും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. “മത്തായി സുവിശേഷം 16-ാം അധ്യായം 26-ാം വാക്യം എന്താണെന്നറിയോ നിനക്കു്” ജോസഫേട്ടൻ ചോദിച്ചു. ഇല്ലെന്നു് സാവിത്രി ചുമലിളക്കി. “എല്ലാം നേടുന്നതിനിടയിൽ ഒരുവനു് തന്റെ ആത്മാവിനെ നഷ്ടപ്പെട്ടാൽ ആ മനുഷ്യനെ എന്തിനു കൊള്ളും”
“ഓ അതിനു് ആത്മാവിനെ കളഞ്ഞേച്ചു് നമ്മളൊന്നും നേടീട്ടില്ലല്ലോ ജോസഫേട്ടാ.”
“ഇല്ലേ… ”
“ഇല്ല. എനിക്കുറപ്പുണ്ടു്.”
“ആദർശം നഷ്ടപ്പെട്ട ആദർശവാനെന്നു് എന്നിട്ടും അവരെന്നെ കളിയാക്കിയതു് പിന്നേ എന്തിനായിരുന്നു സാവിത്രി… നെറ്റിയിൽ കുങ്കുമ പൊട്ടും കൈയിൽ ഇത്രയേറെ ചരടുകളും മാർക്സിനു് എന്തിനെന്നു്…? ഗുണ്ടാ നേതാവിന്റെ ശിങ്കിടിയാവാൻ ലെനിനോ…? അങ്ങനെ ഒരു പാടു് ചോദ്യങ്ങൾ നേരിട്ടൂ ഞാൻ… ”
“അല്ലേലും മക്കൾക്കു് ഇങ്ങനെ പേരിടാൻ എനിക്കൊരിക്കലും ഇഷ്ടമുണ്ടായിരുന്നില്ല. മൂന്നാമത്തേതു് പെണ്ണായതു് ഭാഗ്യമായി അല്ലേങ്കിലു് നിങ്ങളോനു് വർഗ്ഗീസെന്നു് പേരിട്ടേനേ… ”
ജോസഫേട്ടൻ ചിരിച്ചു. സാവിത്രിയും ചിരിച്ചു. അവരുടെ നിർത്താതെയുള്ള ചിരിയിൽ ജാലകത്തിലൂടെ വീണ നിലാവും ചേർന്നു.
കണ്ണൂർ ജില്ലയിലെ വളപട്ടണത്തു് ജനനം. അച്ഛൻ കെ. നാരായണൻ, അമ്മ ടി. കാർത്യായനി. രാമവിലാസം എൽ. പി. സ്കൂൾ, വളപട്ടണം ഗവ. ഹൈസ്ക്കൂൾ, കണ്ണൂർ എസ്. എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മാനന്തവാടി ബി. എഡ്. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോം പിയറായും, വിവിധ പ്രദേശിക ചാനലുകളിൽ അവതാരകനായും പ്രവർത്തിച്ചിരുന്നു. കുറേക്കാലം സമാന്തര കോളേജുകളിൽ അധ്യാപകനായി. പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണു്. അദൃശ്യനായ കോമാളി, തീ അണയുന്നില്ല, ബിനാമി, ഒരു ദീർഘദൂര ഓട്ടക്കാരന്റെ ജീവിതത്തിൽ നിന്നും, മായാ ജീവിതം, സമകാലം (കഥകൾ) സാമൂഹ്യപാഠം, മഴനനഞ്ഞ ശലഭം, പുളിമധുരം, ഭൂതത്താൻ കുന്നിൽ പൂ പറിക്കാൻ പോയ കുട്ടികൾ (ബാലസാഹിത്യം) ജീവിതത്തോടു ചേർത്തുവെച്ച ചില കാര്യങ്ങൾ (അനുഭവം, ഓർമ്മ) ദൈവമുഖങ്ങൾ (നാടകം) Ammu and The Butter Fly എന്ന പേരിൽ മഴനനഞ്ഞ ശലഭം ഇംഗ്ലീഷിലേക്കു് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു്. അബുദാബി ശക്തി അവാർഡ് (1992) ഭാഷാ പുരസ്ക്കാരം (2003) പി. ടി. ഭാസ്ക്കര പണിക്കർ അവാർഡ് (2014) ഭീമ രജതജൂബിലി പ്രത്യേക പുരസ്ക്കാരം (2015) സാഹിത്യ അക്കാദമി അവാർഡ് (2018) പ്രാദേശിക ദൃശ്യമാധ്യമ പുരസ്ക്കാരം, കേരള സ്റ്റേറ്റ് ബയോഡൈവേർസിറ്റി ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് (2017) കണ്ണാടി സാഹിത്യ പുരസ്ക്കാരം (2019) പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാല ശാസ്ത്രസാഹിത്യ അവാർഡ് (2019) എന്നിവ ലഭിച്ചിട്ടുണ്ടു്. കേരള ഫോക് ലോർ അക്കാദമിയുടെ ഡോക്യുമെന്ററി പുരസ്ക്കാരം (2020). ഷോർട് ഫിലിം ഡോക്യുമെന്ററി വിഭാഗങ്ങളിലായി പത്തോളം സിനിമകളും ചെയ്തിട്ടുണ്ടു്.
ഭാര്യ: നിഷ, മക്കൾ: വൈഷ്ണവ്, നന്ദന.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. പി. സുനിൽകുമാർ