പുസ്തകത്തെരുവിൽ അലസിമരങ്ങൾ നിരനിരയായി പൂത്തുനിൽക്കുന്നു. ഒരു പൂവു് കാറ്റിലാടി കാൾ മാർക്സിന്റെ ആത്മകഥക്കുമേൽ പറന്നു വന്നിരുന്നപ്പോൾ കബീർ മുഹമ്മദിനു് അതൊരു രക്തപുഷ്പമായി തോന്നി. അഭിവാദ്യമറിയിക്കാനെന്ന വിധം തൊപ്പി എടുത്തുയർത്തി വീണ്ടും തലയിൽ വെച്ചു് അയാൾ മാർക്സിനടുത്തേക്കു നടന്നു. മുഖത്തു നിന്നും ആ പൂവെടുത്തു. പൂവിലേക്കു നോക്കി നിൽക്കേ കബീർ ഇബ്രാഹിം പെട്ടെന്നൊരു കവിയായി.
“പൂവേ പൂവേ പൂവിനെന്തു പേരു്
വാകയെന്നോ രാജമല്ലിയെന്നോ
പൂത്തുലഞ്ഞു് കാത്തുനിൽക്കും പൂമരമെന്നോ
അലസമായി വിലസുമൊരലസിയെന്നോ
പൂവേ പൂവേ പൂവിനെന്തു പേരു്
മെയ്യാകെ പൂ ചൂടിയ മെയ്ഫ്ലവറല്ലെ
ഉള്ളു പൊള്ളിയ വേനലിൽ
നിന്നു പൊള്ളിയ ഗുൽമോഹറല്ലേ
എത്രയെത്ര പേരിൽ പൂത്തു നിൽപ്പൂ നീ.
പൂവേ പൂവേ പൂവിനെന്തു പേരു്
ഇത്രമാത്രം ചോന്നിരിക്കാൻ
രക്തഹാരം പോലിരിക്കാൻ
നിണമണിഞ്ഞ വഴിയിലൊക്കെ
ഓർമ്മ പോലെ തെളിഞ്ഞിരിക്കാൻ
പൂവേ പൂവേ പൂവിനെന്തു കാര്യം.”
മാർക്സിനെ പൊടിതട്ടി ഏറ്റവും മുകളിൽ കാഴ്ച കിട്ടുന്നിടത്തു വെച്ചു് തിരിയുമ്പോൾ… ഒരു വിളി വന്നു് കബീറിനെ തൊട്ടു.
കബീർ തിരിഞ്ഞു നോക്കി.
ഒരു ഉമ്മയാണു്. മാറിൽ ഒരട്ടി പുസ്തകവും കെട്ടിപ്പിടിച്ചു നിൽക്കുന്നു.
“എന്താ ഉമ്മാ…”
“നീയിതൊന്ന് നോക്ക്യേ. നിനിക്ക് പറ്റിയതുണ്ടെങ്കില് എട്ത്തോ.”
ഉമ്മ നീട്ടിയ പുസ്തകെട്ടു് വാങ്ങി തക്കാളിപ്പെട്ടിയുടെ പലകകൾ ചേർത്തടിച്ച മേശയുടെ മുകളിൽ വെക്കുമ്പോൾ കബീർ ചോദിച്ചു.
“ഉമ്മാക്കിത് ഏട്ന്നാ കിട്ട്യേ…”
ഉമ്മ കുറേക്കൂടി അടുത്തു വന്നു് തട്ടംകൊണ്ടു് മുഖം പാതി മറച്ചു് ഒരു സ്വകാര്യം പോലെ പറഞ്ഞു:
“സൈനൂന്റെതാ… നിക്കാഹ് കഴിഞ്ഞ് പോവുമ്പോ ആരും കാണാതെ ഓള് കട്ടിലിന്റടീല് ഒളിപ്പിച്ചു വെച്ചതാ… കടലാസല്ലേ കുഞ്ഞീ ചെതലരിച്ചു പോവുലേ…”
“ഇനിയിപ്പോ ഓള് ഇതെങ്ങാനും അന്വേഷിച്ചു വരുമോ ഉമ്മാ?”
“ഏട്ന്ന്… ഓക്കിപ്പം അയിനാ നേരം. ഇനീപ്പം ബന്നാൽ തന്നെ ബിറ്റ് പോയീന്ന് പറേണം.”
കബീർ ചിരിച്ചു. ഏകദേശം കണക്കു കൂട്ടി, കുറച്ചു് കാശു് ഉമ്മാക്കു് നീട്ടി. കിട്ടിയ കാശു് എണ്ണി നോക്കുക കൂടി ചെയ്യാതെ തട്ടത്തിന്റെ തുമ്പിൽ കെട്ടി അവർ നടന്നു മറയുന്നതു് കബീർ നോക്കി നിന്നു.
സൈനൂന്റെ പുസ്തക്കൂട്ടങ്ങൾക്കിടയിൽ നിന്നും പഴയ ആഴ്ചപ്പതിപ്പുകൾ മാറ്റുന്നതിനിടയിൽ കബീറിനു് ഒരു കുഞ്ഞു പുസ്തകം കിട്ടി. ഒരു വലിയ പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു വെച്ച ഒരു കുഞ്ഞു പുസ്തകമായിരുന്നു അതു്.
ബാല്യകാല സഖി
പ്രണയം പൊള്ളിച്ച വിരലുകൾ കൊണ്ടെന്ന പോലെ കബീർ പെട്ടന്നതു തുറന്നു നോക്കി. ആദ്യ പേജിൽ തന്നെ മാഞ്ഞു തുടങ്ങിയ ഒരു കയ്യെഴുത്തു കണ്ടു. നീല മഷിയിൽ എഴുതിയതു്.
‘പ്രണയവിരലാൽ എന്റെ ചുംബനം തൊട്ട സൈനൂന്…’
അത്രയും വായിച്ചെടുത്തപ്പോൾ ശരീരമാസകലം ഒരു ചുടു കാറ്റു് വീശുന്നതായി കബീറിനു് തോന്നി. വക്കുകളിൽ ചോര പൊടിഞ്ഞ ഒരു പ്രണയ പുസ്തകമാണെല്ലോ ഇതു് എന്ന തോന്നലുമുണ്ടായി. ആരുടെയോ, അമൂല്യമായൊന്നിനെ സ്വന്തമാക്കിയതുപോലൊരു കുറ്റബോധവുമുണ്ടായി. ഇതാണോ പാതി വിലയ്ക്കു് ഞാൻ വില്ക്കേണ്ടതു് എന്ന വിചാരവും.
വേഗത്തിൽ വേഗത്തിൽ പേജുകൾ മറിക്കുന്നതിനിടയിൽ ചുവന്ന വരയിട്ടു് അടയാളപ്പെടുത്തിയ ഒട്ടേറെ വരികൾ കബീറിലൂടെ കടന്നു പോയി. വിൽക്കാതെ മാറ്റിവെച്ച പുസ്തകങ്ങൾക്കൊപ്പം ആ പുസ്തകം ചേർത്തുവെക്കുമ്പോൾ അവൻ മനസ്സിൽ പറഞ്ഞു:
സൈനു നീയെപ്പോഴെങ്കിലും വന്നു ചോദിക്കുമ്പോൾ തരാനായി ഞാനീ പുസ്തകം മാറ്റിവെക്കുന്നു.
കബീർ മുഹമ്മദ് മതിലു ചാരി മുന്നിലെ തക്കാളിപ്പെട്ടിയിലേക്കു് കാൽ നീട്ടി ചാഞ്ഞിരുന്നു. തൊട്ടടുത്തു് കടല് കേൾക്കാം. കണ്ണടച്ചപ്പോൾ അരികിൽ ആരോ വന്നിരുന്നു. ഹാർമോണിയത്തിന്റെ കട്ടകൾ താനേ ചലിച്ചു. തബലയിൽ താളത്തിൽ പതിയുന്നതു് ആരുടെ കൈവിരലുകളാണു്…
“സുറുമയെഴുതിയ മിഴികളേ
പ്രണയ മധുര തേൻ കിനിയും
സൂര്യകാന്തി പൂക്കളേ…”
“ഞ്ഞിയെന്താ കബീറേ സൊപ്നം കാണ്വാ…”
“ങ്ങ് ആ… അബൂക്കാ”
തക്കാളിപ്പെട്ടിയെ ഉച്ചത്തിൽ ഞെരുക്കിക്കൊണ്ടു് കബീർ ഉണർന്നു.
“ല്ലെടോ ന്റ ട്ക്ക ബദർപാട്ട്ണ്ടാ. മോയിൻ കുട്ടീടെ”
“നോക്കണം. എട്ത്ത് ബെച്ചാ മതിയാ…”
“മതി മതി”
അബൂക്ക കഴിഞ്ഞ ദിവസം വായിച്ചു വെച്ച നന്ദനാരുടെ പട്ടാളകഥകളുമെടുത്തു് മതിലിനോടു് ചേർന്നിരുന്നു വായന തുടങ്ങി.
തെരുവിനു് ചൂടുകൂടാൻ തുടങ്ങിയിരുന്നു. ആളുകളുടെ തിരക്കും. ഒരു പെൺകുട്ടി കുറേ നേരമായി പഴയ പി. എസ്. സി. ഗൈഡുകൾ തിരയാൻ തുടങ്ങിയിട്ടു്. കബീർ അടുത്തുചെന്നു് ഒന്നു രണ്ടു് ജനറൽനോളഡ്ജിന്റെ പുസ്തകം കൂടി അവൾക്കു മുന്നിലിട്ടു.
“പരീക്ഷയുണ്ടോ…” കബീർ ചോദിച്ചു.
ഉണ്ടെന്നു് അവൾ തലയാട്ടി.
“ഇതു് മുഴുവൻ എടുക്കാൻ എന്റെ കൈയ്യിൽ കാശില്ല. ഒന്നുരണ്ടെണ്ണം എടുക്കാം.” അവൾ പറഞ്ഞു.
“ആവശ്യമുള്ളതു് എടുത്തോളൂ. പരീക്ഷ കഴിഞ്ഞു് ഇവിടെത്തന്നെ തിരിച്ചു തന്നാൽ മതി.”
അവൾ അയാളെ നോക്കി. പുസ്തകങ്ങളെടുത്തു മാറോടടുക്കി കൈയിലുള്ള കാശു നീട്ടി.
“ഒരു സംശയം ചോദിക്കട്ടെ.”
കാശു വാങ്ങുമ്പോൾ കബീർ ചോദിച്ചു. അവൾ എന്തെന്നു് കണ്ണുയർത്തി.
“പെങ്കുട്ടികളെന്തിനാണു് പുസ്തകങ്ങളെ ഇങ്ങനെ മാറോടു് ചേർത്തു പിടിക്കുന്നതു്.”
ഒരു നിമിഷം അവൾ കബീറിനെ തുറിച്ചു നോക്കി. പിന്നെ ഒരു ചിരി കൊണ്ടു് മറുപടി പറഞ്ഞു.
“ഹൃദയത്തിലേക്കുള്ള എളുപ്പവഴിയായിരിക്കും.”
“കവിതയെഴുതും അല്ലേ…”
“അതെങ്ങനെ…?” അവർ പാതിയിൽ നിർത്തി.
“പറഞ്ഞ ആ ഒറ്റവരിയിലുണ്ടല്ലോ കവിത.”
തെരുവിലെ അലസി മരച്ചോട്ടിലെ പുസ്തകങ്ങൾക്കു മേൽ പിന്നേയും പൂക്കൾ പൊഴിഞ്ഞു കൊണ്ടിരുന്നു. പഴയതും പുതിയതുമായ പുസ്തകങ്ങൾ മുട്ടി മുട്ടി ലോഹ്യം പറഞ്ഞിരുന്നു. മാർക്കേസും ഷെർലക്ക് ഹോംസും കൈ കൊടുത്തു. ദസ്തയോവ്സ്കി എം. പി. രാധാകൃഷ്ണൻ മാഷുടെ ആത്മകഥയിലേക്കു് ഇടംകണ്ണിട്ടു നോക്കി.
ചെഗുവേര ചന്ദ്രൻ മാഷ് വെളുവെളുത്ത ഖദറിൽ കൃത്യമായെത്തിയിട്ടുണ്ടു്.
“കബീറേ വെജിറ്റേറിയൻ എത്യോടോ…”
“അപ്പോ മാഷ് വെജിറ്റേറിയനായോ…? തോക്കും കുഴലിൽ വിപ്ലവം വരൂന്നും പറഞ്ഞു് നടന്നിട്ടു്…”
“കബീറേ വേണ്ടാ… ഇത്തവണ നൊബേൽ കിട്ടിയ ആ പുസ്തകം എത്തിയോടോ… അതു് പറ. ഹാൻ കാങ്ങ് ന്റെ ദി വെജിറ്റേറിയൻ…”
“അതെത്തീട്ടില്ല മാഷെ. അവാർഡ് കിട്ടിയ വിവരറിഞ്ഞു് ആള്കള് വാങ്ങി വായിച്ചു് പഴയതായിട്ടു് തിരിച്ചെത്തണ്ടേ മാഷെ. വേണങ്കില് അതിന്റെ ട്രാൻസ്ലേഷന്ണ്ട് നമ്മടെ സി വി ചെയ്തതു്. വേണോ…”
“എനിക്കു് ഒറിജിൻ വായിക്കണം.”
“എങ്കില് അതിനു് കാത്തിരിക്കണം.”
ചന്ദ്രൻ മാഷ് ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ ചാടിച്ചാടി പോയി. ചാട്ടം പഴയ പത്താം ക്ലാസിലെ ഒരു ഇംഗ്ലീഷ് പാഠാവലിയിൽ ചെന്നു നിന്നു. പുസ്തകമെടുത്തു് മാഷ് തലങ്ങും വിലങ്ങും പൊടി തട്ടി. പലവട്ടം തുമ്മി.
“ഇതില് ടോൾസ്റ്റോയിടെ ഒരു കഥയ്ണ്ട് ഞാൻ പഠിച്ചിട്ട്ണ്ട്. പഠിപ്പിച്ചിട്ടും ഉണ്ട്. നീ വായിച്ചിട്ടു ണ്ടാ…?”
“അതേതു കഥ…?”
“God sees truth, but waits. ദൈവം എല്ലാം കാണുന്നു. പക്ഷേ, വൈകുന്നു.
കബീറേ സകല ഉഡായിപ്പ്കാർക്കും പണി വരുന്നുണ്ട്. കാലം കൊടുക്കുന്ന എട്ടിന്റെ പണി.”
മാഷിന്റെ ചിരിക്കുമേൽ അലസി മരം ഒരു പൂ പൊഴിച്ചു. വെളുത്ത മുടിപ്പരപ്പിൽ ഒരു രക്തത്തുള്ളി പോലെ അതു് പറ്റിപ്പിടിച്ചതറിയാതെ മാഷ് നടന്നകന്നു.
പുസ്തകത്തെരുവിനു് ചൂടു് കൂടുന്നുണ്ടു്. ആളുകളും കൂടുന്നുണ്ടു്. വാരിവലിച്ചിട്ടും മറിച്ചു നോക്കിയും വിലപേശിയും വാങ്ങിയും ആളുകളങ്ങനെ പോകുന്നുണ്ടു്…
അടുക്കാൻ മടിച്ചൊരു സ്ത്രീ ആളുകളൊഴിയാൻ കാത്തു നിൽക്കുകയാണെന്നു് കബീറിനു് മനസ്സിലായി. അവൻ അവരെ കൈമാടി വിളിച്ചു.
“വരൂ…”
അവർ അടുത്തുവന്നപ്പോൾ തക്കാളിപ്പെട്ടിക്കു മേൽ ഒരു ന്യൂസ് പേപ്പർ വിരിച്ചു് അവൻ പറഞ്ഞു:
“ഇരിക്കൂ.”
അവർ ഇരുന്നപ്പോൾ അവൻ ചോദിച്ചു:
“കുറേ നേരമായി വന്നിട്ടല്ലേ…”
അവർ തലയാട്ടി.
“എന്തേനും…?”
“നിങ്ങളെന്റെ വീട്ടിലോളം വരണം. അവിടെ കുറേ പുസ്തകങ്ങളുണ്ടു്. അതെടുത്തിട്ടു് പരമാവധി കാശു തരണം. ബാങ്ക് ലോണിന്റെ കുടിശ്ശിക കടലാസ് വന്നു് കിടപ്പുണ്ടു്. കുറച്ചെങ്കിലും അടക്കണം.”
അതു് പറയുമ്പോൾ ദേഷ്യം കൊണ്ടു് അവർ പല്ലിറുമ്മുന്നുണ്ടായിരുന്നു. വരുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ പുസ്തകങ്ങളിൽ തൊട്ടു പോവാതിരിക്കാൻ അവർ പരമാവധി ശ്രമിക്കുന്നതു് അവന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
“നിങ്ങൾ…”
“രാജഗോപാലന്റെ ഭാര്യ”
“ഓ…”
“നിങ്ങടേടുത്തുന്ന് വാങ്ങിച്ച പുസ്തകങ്ങളുമുണ്ട് കൂട്ടത്തില്. ശമ്പളം കിട്ടിയാൽ ഒറ്റകാശ് ബാക്കി വെക്കില്ല. പുസ്തകവും കുപ്പിയും. എന്ത് പണ്ടാരത്തിനാണാവോ കിട്ടിയ കാശിന് മുഴുവൻ ഇയാൾ പുസ്തകം വാങ്ങിച്ചു കൂട്ടുന്നത്. വീട്ടില് നീങ്ങാനും നിരക്കാനും ഒരിഞ്ച് സ്ഥലമില്ല ഈ പുസ്തകം കൊണ്ട് നിറച്ചിട്ട്…”
അവർ തലയ്ക്കു് കൈയും കൊടുത്തിരുന്നു.
പുസ്തകങ്ങളെ വെറുക്കുന്ന സ്ത്രീ. കബീർ മനസ്സിൽ അവരെ അടയാളപ്പെടുത്തി. ഒരു സ്ത്രീയുടെ ധർമ്മസങ്കടങ്ങൾക്കു് പുസ്തകം കാരണമാകുന്നുവല്ലോ എന്നവൻ ചിന്തിച്ചു.
“രാജഗോപാലൻ സാറ് പുസ്തകങ്ങൾ കൊടുക്കാൻ തയ്യാറാവുമോ.”
കബീർ വിനീതനായി ചോദിച്ചു.
“ഇല്ലെങ്കില് അയാളെയടക്കം ചേർത്ത് ഞാനതിന് തീക്കൊടുക്കും.”
ക്ഷുഭിതയായി അവർ ഇറങ്ങിപ്പോവുന്നതിനിടയിൽ തട്ടും തെയ്യത്തിന്റെ വെട്ടേറ്റതു പോലെ കബീറിന്റെ കുറച്ചു പുസ്തകങ്ങൾ മലർന്നടിച്ചു വീണു.
ഉച്ചവിശപ്പു് മുട്ടിവിളിച്ചുതുടങ്ങി. റോഡ് മുറിച്ചുകടന്നു് കോഫീ ഹൗസിലേക്കു് പോകാനൊരുങ്ങവേ ഒരു ബെൻസ് കാർ വന്നു ബ്രെയ്ക്കിട്ടു.
“ങ്ങളേടപ്പോന്ന്”ന്നൊരു ചോദ്യത്തോടെ ഒരാൾ കാറിൽ നിന്നിറങ്ങി. പാർക്ക് ചെയ്യാൻ വേണ്ടിയാവണം കാറ് പിന്നേയും മുന്നോട്ടു് നീങ്ങി. സി വി രാമൻപിള്ളയുടെ ധർമ്മരാജയിലെ ചന്ത്രക്കാരനെപ്പോലെ കാറിൽനിന്നിറങ്ങിയ ആൾ ഉരുണ്ടുരുണ്ടുവന്നു. കൂളിംഗ് ഗ്ലാസ് മാറ്റിയപ്പോൾ അയാളുടെ കുഞ്ഞിക്കണ്ണുകൾ പളുങ്കു ഗോട്ടികൾ പോലെ തിളങ്ങി. ചിരിച്ചു കൊണ്ടു തന്നെ അയാളുടെ വലതുകൈ കബീറിന്റെ തോളിൽ വീണപ്പോൾ കബീറൊന്നു് ചെരിഞ്ഞു പോയി.
“ഓർമ്മീണ്ടാ കബീറേ ഇനിക്കെന്നേ… ഏട്ന്നല്ലേ…?”
ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ കബീർ ഭ്രമിച്ചു.
“ബ്രണ്ണനുസ്ക്കൂളില് നുമ്മള് ഒരേ ബെഞ്ചില്. ഞാനൊമ്പതില് നിർത്തി. നീ പത്ത് കടന്നു. അത്രേള്ളൂ.”
ഇങ്ങനൊരു തടിയൻ എന്റെ ബെഞ്ചിലു്.
കബീറിന്റെ ഓർമ്മക്കുറവിനു് തടിയൻ ഒരു തള്ളു് വെച്ചു കൊടുത്തു.
“ഞാൻ തടിച്ചിട്ട് കൊറച്ചേ ആയിട്ടുള്ളൂ. പണ്ട് നാക്ക് വടിക്ക്ന്ന ഈർക്കിളി പോലേണ്ടായിരുന്നുള്ളൂ. ഇനിക്ക് ഓർമ്മേണ്ടോന്നറിയില്ല. ന്നെ ബായന പഠിപ്പിച്ചത് ഞമ്മളാ… മനസ്സിലായാ… ഏട്ന്ന്…”
കബീർ തന്റെ വായനാ ഗുരുവിനെ ഓർക്കാൻ ശ്രമിച്ചു.
പാഠാവലിക്കിടയിൽ ഒരു കൊച്ചു പുസ്തകം. ന്യൂസ് പേപ്പറിൽ പൊതിഞ്ഞു് ഒരു ഗൂഢരഹസ്യം പോലെ. തുണിയുരിയും പോലെ പൊതി മാറ്റി, പൊള്ളിയ വിരലാൽ പേജു മറിക്കവേ നടുപ്പുറത്തു വീണ അടിയിൽ മുഖമുയർത്തിയപ്പോൾ കണ്ടതു് ശേഖരമ്മാഷുടെ പിരിച്ചു വെച്ച മീശ.
“ന്റമ്മോ…” കബീറിൽ നിന്നും അങ്ങനൊരൊച്ച വന്നപ്പോൾ തടിയന്റെ നിർത്താതെയുള്ള ചിരി.
“പുടികിട്ടിയല്ലേ… ഏട്ന്ന്”
“അങ്ങനെയുള്ള സാധനം വല്ലതുമുണ്ടാ കബീറേ… കാന്താരിയോ പച്ചമുളകോ… എന്തേങ്കിലും. അന്ന് ബായിച്ചപോലൊരു രസം പിന്നെ ഞമ്മക്ക് ഒരു ബായനേന്നും കിട്ടീട്ടില്ല…”
“ഇല്ല…” കബീർ കൈമലർത്തി. പോകാൻ നേരം സെക്കന്റ് സെക്സിനു മേൽ വീണു കിടന്ന ചുവന്ന പൂവെടുത്തു് കബീർ ചങ്ങാതിക്കു് നൽകി. വാകപ്പൂക്കളാൽ അലങ്കരിച്ച ബെൻസ് കാർ, കബീറിനു നേരെ കൈ വീശി.
വിശപ്പു് പോയി. ഊണുകഴിക്കാനുള്ള താല്പര്യവും. ചുക്കിട്ടു് തിളപ്പിച്ചാറ്റിയ വെള്ളം രണ്ടു് കവിൾ അകത്താക്കി, മെഹ്ദിഹസനെ മൂളിക്കൊണ്ടു് കബീർ ഒന്നു മുറുക്കാനൊരുങ്ങി. തളിരു് വെറ്റിലയിൽ ചുണ്ണാമ്പു പുരട്ടുമ്പോൾ ഒരു കുഞ്ഞു കഷണം കളിയടക്ക വായിലിട്ടു ചവച്ചു. ഊറി വന്ന രസത്തിനെ ചുണ്ടു കോട്ടി തടഞ്ഞു നിർത്തി കവിൾ വീർപ്പിച്ചു് ഗോഷ്ടി കാട്ടുമ്പോൾ ഒരു തുള്ളി ചുവന്ന തുപ്പൽ പുസ്തകൂട്ടത്തിനു മേൽ ചാറി. ഇടശ്ശേരിയുടെ പൂതം തെച്ചിക്കാട്ടിലേക്കു് പാറ്റിത്തുപ്പിയ ചേലിലു്… കബീർ ഉടുമുണ്ടിന്റെ തുമ്പു കൊണ്ടു് പുസ്തകമുഖം തുടച്ചു. പിന്നെ നഗരത്തിന്റെ പൊട്ടിയ സ്ലാബുകൾക്കിടയിലൂടെ ഓടയെ തുപ്പിച്ചുവപ്പിച്ചു.
‘ഓടയിൽ നിന്നു്…’ വൈകുന്നേരം ബാലേട്ടൻ വരുമ്പോഴേക്കും കേശവദേവിനെ എടുത്തു വെക്കാമെന്നേറ്റതാണു്. പുള്ളിക്കെവിടെയോ പ്രസംഗിക്കാൻ പോവാനുള്ളതാണു്.
വെറുതെയിരിക്കുമ്പോൾ പഴയ പുസ്തകങ്ങളെടുത്തു് മണപ്പിച്ചു നോക്കുന്ന ശീലമുണ്ടു്. പുസ്തകം മണക്കുമ്പോൾ ചില ആളുകളെ മണക്കും. എത്രയെത്ര മനുഷ്യരുടെ തലോടലേറ്റു് കടന്നു പോയതായിരിക്കും ഓരോ പുസ്തകവും. പുസ്തകത്തെ തൊടുമ്പോൾ മനുഷ്യനെ തന്നെയാണു് തൊടുന്നതു്. ആർക്കെങ്കിലും കൈ കൊടുത്താൽ ഉടൻ ചെന്നു് കൈകഴുകുന്ന ചങ്ങാതിയെ ഓർമ്മ വന്നു കബീറിനു്.
അവൻ പറയും:
“ഹസ്തദാനത്തിലൂടെയാണു് ഏറ്റവും കൂടുതൽ രോഗാണുക്കൾ നമ്മടെ ഉള്ളിലേക്കു് കേറുന്നതു്. ആളുകൾക്കു് കൈ കൊടുക്കാതിരിക്കുന്നതാണു് നല്ലതു്.”
കഴിഞ്ഞ കോവിഡ് കാലത്തു് അടുത്തറിയുന്നവരിൽ ആദ്യം പോയതു് ആ ചങ്ങാതിയായിരുന്നു.
പതിവുള്ള ഉച്ചമയക്കം വന്നു് കണ്ണുകളെ മൂടാൻ തുടങ്ങി. ഉറക്കം വരുമ്പോൾ കണ്ണുകൾ അടച്ചു വെച്ചു് മനസ്സിനെ തുറക്കും. ഇഷ്ടമുള്ള ഒരു ഗസൽ മൂളും. മെഹ്ദി ഹസനോ ഉമ്പായിയോ ബാബുരാജോ വന്നു് അരികിലിരിക്കും. ചിലപ്പോൾ രാഘവൻ മാഷ്.
“നീയെന്തിനാ കബീറേ കാക്ക തൂറുന്ന ഈ മരത്തണലിലിരുന്നു് പഴയ പുസ്തകങ്ങൾ വിറ്റു് ജീവിതം കളയുന്നേ… നിനക്കേതെങ്കിലും പാട്ടുകാരുടെ ട്രൂപ്പിൽ കൂടി… അല്ലെങ്കിൽ സ്വന്തമായി ഒരു ട്രൂപ്പുണ്ടാക്കി…”
സഹചാരിയായ അബൂക്കയാണു്.
“അബൂക്കാ… പുസ്തകങ്ങൾ എന്റെ ജീവനാണു്. സംഗീതം ആത്മാവും. ജീവനെ ഉപേക്ഷിച്ചു് ആത്മാവിനെ പ്രണയിക്കുന്നതെങ്ങനെ…”
ഒരു ജീപ്പ് ബ്രെയ്ക്കിട്ടു.
കൺപോളകളിലെ സൂര്യനുമേൽ നിഴലുകൾ നീണ്ടുനീണ്ടു വന്നു.
ആരോ തൊട്ടു വിളിക്കുന്നു.
കണ്ണുതുറന്നപ്പോൾ മുന്നിൽ ഒരു പോലിസുകാരൻ.
ലാത്തിത്തുമ്പു് കൊണ്ടു് അയാൾ തോളിൽ കുത്തി ഉണർത്താൻ ശ്രമിക്കുകയാണു്.
ഞെട്ടിയുണർന്നു.
“എന്താണു് സാർ…”
“എന്തായിവിടെ പരിപാടി…” പോലീസുകാരൻ ചോദിച്ചു.
ഒന്നു പതറി കൊണ്ടാണെങ്കിലും പറഞ്ഞു.
“പുസ്തക വില്പന… പഴയ പുസ്തകങ്ങൾ വാങ്ങി… പാതി വിലക്ക്…”
“മുൻസിപ്പാലിറ്റിയുടെ പെർമിഷനുണ്ടോ…”
“ഉണ്ടു് സാർ…”
“നീയിവിടെ പുസ്തകം തന്നെയാണോ വിൽക്കുന്നതു്. ഈ പഴയ പുസ്തകമൊക്കെ വിറ്റാൽ എന്തു് കിട്ടാനാണു്… കഞ്ചാവുണ്ടോ… വേറെന്തെങ്കിലും മരുന്നു്… എന്തെങ്കിലും…”
പോലീസുകാർ ലാത്തി കൊണ്ടു് പുസ്തകങ്ങളൊക്കെ തട്ടിയിട്ടു് പരിശോധിക്കാൻ തുടങ്ങി…”
“അയ്യോ വിജയൻ മാഷ്…” കബീറിന്റെ ഇടത്തൊണ്ടയിൽ ഒരു ഒച്ച പാതിയിൽ മുറിഞ്ഞു
“ആരടാ അതു്… നിന്റെ കൂട്ടുകച്ചവടത്തിന്റെ പങ്കാളിയാണോ…”
എം എൻ വിജയൻ മാഷ് ശീർഷാസനത്തിലിരുന്നു് കബീറിനെ നോക്കി ചിരിച്ചു. മാഷുടെ ഇടറിയ ഒച്ചകൾ അവിടെയാകമാനം നിറഞ്ഞു.
‘ചോദ്യം ചോദിച്ചവനെ നിങ്ങൾക്കു് പുറത്താക്കാം. പക്ഷേ,… ചോദ്യങ്ങളപ്പോഴും അവിടെ ബാക്കിയുണ്ടാവും…’
പോലീസുകാർ തിരച്ചിൽ മതിയാക്കി.
പോകുന്നതിനു മുമ്പേ ഇൻസ്പെക്ടർ ഭീഷണിയുടെ സ്വരത്തിൽ കബീറിന്റെ കണ്ണിലേക്കു് വിരൽ ചൂണ്ടി…
“ഇവിടെയിതു് പറ്റില്ല. എല്ലാം വാരിയെട്ത്തു് പോയ്ക്കോണം…”
അസ്തമിക്കുന്നതിനു മുമ്പേ വേനൽമഴ ചാറി.
അലസി മരം സ്വയം കുടഞ്ഞെറിഞ്ഞു.
പൂക്കൾ വീണു് തെരുവു് ചുവന്നു.
പുസ്തക തെരുവു് ചുവന്ന തെരുവായി.
നിലത്തു വീണു കിടന്ന വിജയൻമാഷെയെടുത്തു് മണ്ണു് തട്ടി കബീർ നെഞ്ചോടു് ചേർത്തമർത്തി. അവന്റെ നെഞ്ചിൽ പതുക്കെ വീശുന്ന കാറ്റിൽ, കരയെ തൊടുന്ന ഒരു പാട്ടു് വന്നു് മൂളി.
കണ്ണൂർ ജില്ലയിലെ വളപട്ടണത്തു് ജനനം. അച്ഛൻ കെ. നാരായണൻ, അമ്മ ടി. കാർത്യായനി. രാമവിലാസം എൽ. പി. സ്കൂൾ, വളപട്ടണം ഗവ: ഹൈസ്ക്കൂൾ, കണ്ണൂർ എസ്. എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മാനന്തവാടി ബി. എഡ് സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോംപിയറായും, വിവിധ പ്രാദേശിക ചാനലുകളിൽ അവതാരകനായും പ്രവർത്തിച്ചിരുന്നു. കുറേക്കാലം സമാന്തര കോളേജുകളിൽ അധ്യാപകനായി. പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണു്. അദൃശ്യനായ കോമാളി, തീ അണയുന്നില്ല, ബിനാമി, ഒരു ദീർഘദൂര ഓട്ടക്കാരന്റെ ജീവിതത്തിൽ നിന്നും, മായാ ജീവിതം, സമകാലം (കഥകൾ) സാമൂഹ്യപാഠം, മഴനനഞ്ഞ ശലഭം, പുളിമധുരം, ഭൂതത്താൻ കുന്നിൽ പൂ പറിക്കാൻ പോയ കുട്ടികൾ (ബാലസാഹിത്യം) ജീവിതത്തോടു ചേർത്തുവെച്ച ചില കാര്യങ്ങൾ (അനുഭവം, ഓർമ്മ) ദൈവമുഖങ്ങൾ (നാടകം) ‘Ammu and the butterfly’ എന്ന പേരിൽ മഴനനഞ്ഞ ശലഭം ഇംഗ്ലീഷിലേക്കു് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു്. അബുദാബി ശക്തി അവാർഡ് (1992) ഭാഷാ പുരസ്ക്കാരം (2003) പി. ടി. ഭാസ്ക്കര പണിക്കർ അവാർഡ് (2014) ഭീമ രജതജൂബിലി പ്രത്യേക പുരസ്ക്കാരം (2015) സാഹിത്യ അക്കാദമി അവാർഡ് (2018) പ്രാദേശിക ദൃശ്യമാധ്യമ പുരസ്ക്കാരം, കേരള സ്റ്റേറ്റ് ബയോഡൈവേർസിറ്റി ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് (2017) കണ്ണാടി സാഹിത്യ പുരസ്ക്കാരം (2019) പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാല ശാസ്ത്രസാഹിത്യ അവാർഡ് (2019) എന്നിവ ലഭിച്ചിട്ടുണ്ടു്. കേരള ഫോക് ലോർ അക്കാദമിയുടെ ഡോക്യുമെന്ററി പുരസ്ക്കാരം (2020). സമഗ്ര സംഭാവനയ്ക്കുള്ള സതീർത്ഥ്യ പുരസ്ക്കാരം (2020). കേരള സർക്കാർ പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ മിഴിവു്-2021 ഷോർട്ട് ഫിലിം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ടു്. ഷോർട്ട് ഫിലിം ഡോക്യുമെന്ററി വിഭാഗങ്ങളിലായി പതിനഞ്ചിലേറെ സിനിമകൾ ചെയ്തിട്ടുണ്ടു്.
ഭാര്യ: നിഷ, മക്കൾ: വൈഷ്ണവ്, നന്ദന
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.