
വിദേശമലയാളി ശാസ്ത്രജ്ഞൻ എതിരൻ കതിരവൻ കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ചർച്ചയിൽ ഉയർന്നു വന്ന ഒരു ചോദ്യം വികസിത രാജ്യങ്ങൾ വികസന കുതിപ്പിൽ മനുഷ്യത്വ രഹിതമാകുന്നില്ലേ എന്നതായിരുന്നു. അതിനു് എതിരൻ കതിരവൻ പറഞ്ഞ മറുപടി ഓരോ മലയാളിയ്ക്കും ചിന്തിക്കാൻ വകയുള്ളതാണു്. “വികസിത രാജ്യങ്ങളിൽ നിങ്ങൾ പറയുന്ന മനുഷ്യത്വ രാഹിത്യം കണ്ടിട്ടില്ല. അവിടെ ശാരീരിക-മാനസിക അവശതകളുള്ളവർക്കു് തുല്യാവകാശം ഉറപ്പു വരുത്താനുള്ള സംവിധാനങ്ങൾ വളരെ ഭംഗിയായി നടപ്പിലാക്കിയിട്ടുണ്ടു്. ജനങ്ങളും അക്കാര്യങ്ങളുമായി പൂർണ്ണമായി സഹകരിക്കുന്നു. ശാരീരിക-മാനസിക ബുദ്ധിമുട്ടുള്ള മനുഷ്യർക്കു് പോകാൻ പറ്റാത്ത പൊതു ഇടങ്ങൾ അവിടെ തീരെയില്ല.”
ഉയർന്ന ജനാധിപത്യബോധവും മനുഷ്യത്വവും അവകാശപ്പെടുന്ന നമ്മുടെ നാട്ടിലെ സ്ഥിതിയോ? റോഡുകളിലും പൊതുവിടങ്ങളിലും ചക്രക്കസേരയിലോ, വാക്കറുപയോഗിച്ചോ നടക്കുന്നവർ ഒരു കാഴ്ച വസ്തുവോ രണ്ടു കാലുകളിൽ നടന്നുപോകുന്നവർക്കു് ബുദ്ധിമുട്ടുണ്ടാക്കുന്നവരോ ആണു്. നമ്മൾ ‘അവർ’ എന്നാണു കരുതുന്നതു്. യഥാർത്ഥത്തിൽ അടുത്ത മണിക്കൂറിൽ ‘അവർ’ ‘നമ്മളാ’വാനുള്ള സാദ്ധ്യത വളരെയധികമാണു്. അതുകൊണ്ടു് ഇത്തരം സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പരിശ്രമം നാം ‘സഹാനുഭൂതി’കൊണ്ടല്ല അവനവനുവേണ്ടിക്കൂടി ചെയ്യേണ്ടതാണു്.
2016-ലാണു് ശാരീരികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായുള്ള ഒരു സമഗ്രനിയമം വരുന്നതു്. മനുഷ്യനിർമ്മിതമായ പൊതു ഇടങ്ങൾ എല്ലാവർക്കും പ്രാപ്യമാകുന്ന തരത്തിൽ മാറ്റിത്തീർക്കാനുദ്ദേശിച്ചുള്ള ഒരു നിയമമാണതു്. അതു നടപ്പാക്കാനുള്ള ശ്രമങ്ങൾ പലതും സർക്കാർ-സർക്കാരേതര സംവിധാനങ്ങൾ ചെയ്തു വരുന്നുണ്ടു്. പക്ഷേ, ആവശ്യങ്ങളുടെ വ്യാപ്തി കണക്കാക്കുമ്പോൾ നാം ഇനിയും ഒരുപാടു് മുന്നോട്ടു പോകേണ്ടതുണ്ടു്. പൊതുജന പങ്കാളിത്തത്തോടെ വികസിത രാജ്യങ്ങളോടു് തുല്യമായ സംവിധാനങ്ങൾ നമുക്കു് ഇവിടെ നടപ്പാക്കാനാവും.
ആദ്യപടിയായി കുറച്ചു സന്നദ്ധ പ്രവർത്തകർ ചേർന്നു് ഇതിന്റെ ഒരു സർവ്വേ നടത്തുന്നു. ഇതിൽ പലരും അംഗപരിമിതി അനുഭവിക്കുന്നവർ തന്നെ. ബഹുജന പങ്കാളിത്തത്തോടെ സർവ്വേ എളുപ്പത്തിൽ പൂർത്തിയാക്കാനാവും എന്നതു കൊണ്ടാണു് ഈ കുറിപ്പു്.
പരിമിതിയുള്ള ആളുകൾക്കു് എ. ടി. എം. പ്രാപ്യമല്ലാത്തതുകൊണ്ടു് അവരുടെ സമ്പാദ്യം സ്വതന്ത്രമായി വിനിമയം ചെയ്യാൻ കഴിയുന്നില്ല. മറ്റൊരാളുടെ സഹായം തേടുന്നതോടെ സ്വകാര്യത നഷ്ടപ്പെടുകയും വ്യക്തിബന്ധങ്ങളിൽ ശൈഥില്യമുണ്ടാവുകയുമാണു് പതിവു്. ഒരല്പം മനസ്സുവെച്ചാൽ എ. ടി. എമ്മുകൾ എല്ലാവർക്കും പ്രാപ്യമാക്കാം. നമ്മുടെ ചുറ്റുപാടുമുള്ള എ. ടി. എമ്മുകളിൽ ചുരുക്കം ചിലവയൊഴിച്ചു ബാക്കിയെല്ലായിടത്തും ചാരുകളുണ്ടാവില്ല—അഥവാ ഉണ്ടെങ്കിൽ പോലും ചക്രക്കസേര ഉപയോഗിച്ചു് പരസഹായമില്ലാതെ കയറാൻ ഉതകുന്ന വിധത്തിലാവില്ല അതു് ഉണ്ടാക്കിവെച്ചിരിക്കുന്നതു്. കേരളത്തിലെ എ. ടി. എം.-കളിലെ അംഗപരിമിത പ്രാപ്തിയെക്കുറിച്ചു് ഒരു സർവ്വേ നടത്തിയാൽ പ്രശ്നത്തിന്റെ ഗൗരവം അധികൃതരുടെ ശ്രദ്ധയിലേക്കു് കൊണ്ടു വരാൻ കഴിയും. സർവ്വേയിൽ പങ്കെടുക്കാൻ സഹായകമാവുന്ന ചില വിവരങ്ങളും വസ്തുതകളും ചുവടെ പങ്കുവെക്കുന്നു.


ഒരു കാര്യം ചെയ്യുന്നതിനു് ഒരാൾക്കു തടസ്സമായി അനുഭവപ്പെടുന്ന ഒരു പ്രശ്നമോ, നിയമമോ, ചുറ്റുപാടോ ആണു് തടസ്സം എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്.
മനുഷ്യൻ നിർമ്മിക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്തിട്ടുള്ള കെട്ടിടങ്ങളോ, സ്ഥലങ്ങളോ ഉല്പന്നങ്ങളോ ആണു്.
ഒരു കാര്യം എളുപ്പത്തിൽ ചെയ്യാനോ കാണാനോ ഉപയോഗിക്കാനോ സാധിക്കുക.
ദീർഘകാലമായി ശാരീരികമോ മാനസികമോ ബൗദ്ധികമോ കാഴ്ച, കേൾവി, സ്പർശം സംബന്ധിച്ചോ പരിമിതികളനുഭവിക്കുന്ന ഒരു വ്യക്തിയെ സമൂഹത്തിൽ എല്ലാവരേയുംപോലെ ഇടപെടുന്നതിനുള്ള പരിമിതികളാണു് തടസ്സങ്ങൾ (barriers).
- താല്ക്കാലികമായതു്
- ദീർഘകാലമായുള്ളതു്
- കളങ്ക ബോധം
- വേർതിരിവു്
- അരികുവല്ക്കരണം
- പുറത്തു നിർത്തൽ
- സാമൂഹികമായ ഒറ്റപ്പെടൽ
- അപായഭീതി
- പീഡിപ്പിക്കപ്പെടാനും അവഗണിക്കപ്പെടാനുമുള്ള സാദ്ധ്യത
- സുരക്ഷാ പ്രശ്നങ്ങൾ
- മാനസികാരോഗ്യ പ്രശ്നങ്ങൾ
- പരിമിതമായ സാമൂഹിക സഹായം
- രോഗാവസ്ഥയുമായി പൊരുത്തപ്പെടാൻ വ്യക്തിപരമായും കുടുംബപരമായും വരുന്ന ബുദ്ധിമുട്ടുകൾ
- പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴുള്ള തുറിച്ചു നോട്ടം
പരിമിതി അനുഭവിക്കുന്നവരുടെയും പ്രായമായവരുടെയും താല്കാലിക പരിമിതി നേരിടുന്നവരുടെയും അടിസ്ഥാന ആവശ്യം:

- സ്വയം പര്യാപ്തത
- അന്യരെ ആശ്രയിക്കാതിരിക്കൽ
- ആത്മാഭിമാനം
- പരിമിതിയുള്ളവർക്കും പ്രായമായവർക്കും മറ്റാരെപ്പോലെയും സമൂഹത്തിൽ പെരുമാറാനുള്ള അവകാശം.
പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളിൽ പ്രവേശിക്കാനും എല്ലാ സംവിധാനങ്ങളും നിർബ്ബാധം ഉപയോഗിക്കാനുമുള്ള സൗകര്യം.
വിമാനത്താവളം, റെയിൽവേ, റോഡ് ഗതാഗതസൗകര്യങ്ങളെല്ലാം ആത്മവിശ്വാസത്തോടെ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള സൗകര്യം.
വെബ് സൈറ്റുകളും ടെലിവിഷൻ കാണാനുള്ള സൗകര്യവും—നിത്യജീവിതവുമായ ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാനുതകുന്ന എല്ലാ വിവരങ്ങളും അറിയാനുള്ള സൗകര്യം.

ഒരു പൊതു സ്ഥാപനത്തിന്റെ പാർക്കിങിൽ പ്രവേശന ചാരിന്റെ അടുത്തായി വേണം പരിമിതിയുള്ളവരുടെ വാഹനം പാർക്കുചെയ്യാനുള്ള സ്ഥലം അടയാളപ്പെടുത്തി വെക്കേണ്ടതു്. സാധാരണ പാർക്കിങ് സ്ഥലത്തിനു പുറമേ നാലു് അടി വീതിയിലുള്ള സ്ഥലം പ്രത്യേകം മാർക്കുചെയ്യേണ്ടതുണ്ടു്. വണ്ടി നിർത്തി ചക്രക്കസേര പുറത്തെടുത്തു് സ്വയം ഓടിച്ചു പോകാനുള്ള സൗകര്യത്തിനാണു് ഇതു്. പാർക്കിങ് സ്ഥലത്തുനിന്നു് പ്രവേശനചാരു് വരെ ചക്രക്കസേര ഉരുട്ടിപ്പോകാൻ നിരപ്പായ സ്ഥലമാണെങ്കിൽ മൂന്നടി വീതിയുള്ള നേർവഴിയും വേണം. ചിത്രം കാണുക. വഴിയിൽ മാൻഹോളുണ്ടെങ്കിൽ അതിന്റെ പൊഴിയുടെ വീതി 12 മി. മീറ്റർ മാത്രമേ ആകാവൂ. ചക്രക്കസേരയുടെ മുൻചക്രം കുടുങ്ങാതിരിക്കാനാണു് അളവു് ഇങ്ങനെ നിജപ്പെടുത്തിയിരിക്കുന്നതു്.

- 1.
- 30 മീറ്റർ കൂടുമ്പോൾ വിശ്രമിക്കാനുള്ള സംവിധാനം.
- 2.
- നിരപ്പായ, ഇടർച്ചയില്ലാത്ത, വഴുക്കാത്ത നിലം.
- 3.
- കാഴ്ച പരിമിതിയുള്ളവർക്കായി ടാക്റ്റൈൽ തറയോടുകൾ.
- 4.
- നടപ്പാതയുടെ ചരിവു് ഒരടി ഉയരത്തിനു് 20 അടി നീളം എന്നതായിരിക്കണം.

- 5.
- റോഡിനോടു ചേരുന്ന സ്ഥലത്തു് കെർബ് റാമ്പ് വേണം.


- 6.
- നടപ്പാതയും വാഹന പാതയും തമ്മിൽ ഉയരവ്യത്യാസം പാടില്ല. ഉയരവ്യത്യാസം ഒഴിവാക്കാനാവാത്ത സ്ഥലങ്ങളിൽ കെർബ് റാമ്പ് വേണം.
- 7.
- നടപ്പാതയിൽ ബൈക്ക് പ്രവേശിക്കുന്നതു തടയാനും മറ്റും വെക്കുന്ന കുറ്റികൾക്കിടയിൽ 900 മി. മീ. ഇടയുണ്ടാവണം. കുറ്റിയുടെ ഉയരം ഒരു മീറ്ററായി നിജപ്പെടുത്തണം. കുറ്റികൾ തമ്മിൽ ചങ്ങല കൊണ്ടും മറ്റും ബന്ധിക്കരുതു്.


ഏതൊരു ചാരിന്റെയും അളവുകൾ ഒരടി കയറ്റത്തിനു് 12 അടി നീളം എന്നതാണു് ശാസ്ത്രീയ കണക്കു്.
ഉയരവ്യത്യാസം – ചാരിന്റെ കുറഞ്ഞചരിവു് – ചാരിന്റെ വീതി – ഇരുവശവും കൈവരികൾ അഭിപ്രായം
> 150 mm – 1: 12 – 1200mm –
< 300 mm – – –
> 300 mm – 1: 12 – 1500mm – ചാരിന്റെ ഓരോ 5 മീറ്റർ നീളത്തിനും നിലകൾ
< 750 mm – – –
> 750 mm – 1: 15 – 1800mm – ചാരിന്റെ ഓരോ 9 മീറ്റർ നീളത്തിനും നിലകൾ
< 3000mm – – –
> 3000mm – 1: 20 – 1800mm – ചാരിന്റെ ഓരോ 9 മീറ്റർ നീളത്തിനും നിലകൾ

മേൽ കാണിച്ച പട്ടികയിൽ വിവിധ നീളങ്ങളിലുള്ള ചാരുകളുടെ വിശദാംശങ്ങൾ കാണാം. നീളത്തിനനുസരിച്ചു് ലാന്റിങുകളും വേണം. നീളം കൂടിയ ചാരുകൾക്കു് വീതിയിലുള്ള വ്യത്യാസവും ശ്രദ്ധിക്കുക. കൈവരികളുടെ കാര്യവും കൃത്യമായി ചെയ്തിരിക്കണം. 15 സെ. മീറ്ററിലധികം പൊക്കമുള്ള ചാരുകൾക്കു് ഇരുവശവും കൈവരികൾ നല്കണം. കൈവരികളിൽ പിടിക്കാനുള്ള പൈപ്പിന്റെ വണ്ണം 38–45 മി. മീറ്ററായിരിക്കണം. ചാരിലേക്കു കയറുന്നതിനുമുമ്പായി 30 സെ. മീ. അധിക നീളം കൊടുത്തുവേണം കൈവരികൾ പണിയേണ്ടതു്. ചുമരിനോടു ചേർന്നു വരുന്ന കൈവരികൾ ചുമരിൽ നിന്നു് 5 സെ. മീറ്റർ അകലം പാലിക്കണം. കൈവിരലുകൾ കുടുങ്ങിപ്പോവാതിരിക്കാനാണിതു്. കൈവരികൾ രണ്ടു നിരയിൽ നിശ്ചിത ഉയരത്തിലാവണം ഘടിപ്പിക്കേണ്ടതു്. കൂടാതെ താഴ്ഭാഗത്തായി ചക്രക്കസേരയുടെ ചെറിയ ചക്രങ്ങൾ ചാരിനു പുറത്തേക്കു പോകാതെ സംരക്ഷിക്കാനുള്ള റെയിലുകളും വേണം. ഇതു് തറയിൽ നിന്നു് 10–15 സെ. മീറ്റർ പൊക്കത്തിൽ ഘടിപ്പിക്കണം. റാമ്പിന്റെ തറയിൽ ഒരേ വിതാനത്തിലായിരിക്കണം ടൈലുകൾ വിരിക്കേണ്ടതു്. കൂടുതൽ പിടുത്തം കിട്ടാനെന്ന പേരിൽ ഓടുമേയുന്ന പോലെ ടൈലുകൾ വിരിക്കാൻ പാടില്ല.

ചാരു് വഴി കയറിവരുന്ന ആൾക്കു് അഭിമുഖമായി അകത്തേക്കു തുറക്കുന്നതോ വശത്തേക്കു നീക്കാവുന്നതോ ആയ വാതിലുകളായിരിക്കും അഭികാമ്യം. വാതിലിൽ കൂടി കടന്നുപോകാൻ ചുരുങ്ങിയതു് 900 മി. മീറ്റർ വീതിയുണ്ടായിരിക്കണം. ചില്ലുവാതിലാണെങ്കിൽ രണ്ടു നിരകളായി ചില്ലാണെന്നറിയാനുള്ള അടയാളങ്ങളും കൊടുക്കേണ്ടതുണ്ടു്. വാതിൽ പിടികൾക്കായി ലിവർ ഹാന്റിൽ, D ഹാന്റിൽ പോലുള്ളവ ഉപയോഗിക്കണം. വൃത്താകൃതിയിലുള്ള നോബുകൾ പലർക്കും ഉപയോഗിക്കാനാവില്ല. സ്വയം അടയുന്ന വാതിലുകൾ മെല്ലെ തള്ളിയാൽ തുറക്കുന്ന രീതിയിലേ ഉറപ്പിക്കാവൂ. സുതാര്യമല്ലാത്ത വാതിലുകളിൽ മറുഭാഗം കാണാവുന്ന വിധത്തിലുള്ള ചില്ലു പാനൽ ഘടിപ്പിക്കുന്നതു് നല്ലതാണു്.

ചക്രക്കസേരയിലിരിക്കുന്ന ഒരാൾക്കു് മറുഭാഗത്തിരിക്കുന്ന ആളെ കണ്ടു സംസാരിക്കാനും രേഖകൾ കൈമാറ്റം ചെയ്യാനും വെച്ചെഴുതാനും പറ്റിയ ഉയരത്തിൽ ചക്രക്കസേരയുടെ മുൻഭാഗം ഉള്ളിലേക്കു കയറാനുള്ള സ്ഥലത്തോടുകൂടിവേണം റിസപ്ഷൻ കൗണ്ടർ രൂപകല്പന ചെയ്യേണ്ടതു്. സ്ഥാപനത്തെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ കൃത്യമായി സൈൻ ബോർഡുകളിൽ രേഖപ്പെടുത്തി റിസപ്ഷനിൽ വെക്കുന്നതു് വളരെ സഹായകരമായിരിക്കും.

ഇടനാഴികളിൽ പരവതാനികൾ കഴിവതും ഒഴിവാക്കുക. ടാക്ടൈൽ ടൈലുകളുപയോഗിച്ചു് കൃത്യമായി അടയാളപ്പെടുത്തി ബ്രെയ്ൽ ബോഡുകളും വെച്ചാൽ കാഴ്ച പരിമിതിയുള്ളവർക്കു് എളുപ്പത്തിൽ അവരുടെ ആവശ്യങ്ങൾ നിർവ്വഹിക്കാനാവും. ഇടനാഴികളുടെ തിരിവുകളിലും വാതിലുകളുടെ സ്ഥാനനിർണ്ണയത്തിലും ചക്രക്കസേരകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തണം.
ഇടനാഴികൾ കൃത്യമായി നിർമ്മിക്കുക മാത്രമല്ല, തടസ്സങ്ങളൊന്നുമില്ലാതെ നിലനിർത്തുകയും വേണം. നമ്മുടെ നാട്ടിൽ ഇടനാഴികൾ ആവശ്യമില്ലാത്ത സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലമായി മാറുന്നതാണു പതിവു്.
പടിക്കെട്ടുകൾ നിയമാനുസൃതമായ അളവിൽ—പടിയുടെ ഉയരം 15 സെ. മീ. വീതി 30 സെ. മീ.—തന്നെ നിർമ്മിക്കണം. കോണിപ്പടിയുടെ മുകൾഭാഗത്തെ ടൈലിന്റെ അറ്റം പുറത്തേക്കു തുറിച്ചു നില്ക്കരുതു്. അത്തരം കോണിപ്പടികളിൽ കാഴ്ച പരിമിതിയുള്ളവർ തടഞ്ഞുവീഴാനുള്ള സാദ്ധ്യത കൂടുതലാണു്.


പടിക്കെട്ടു് തുടങ്ങുന്നതിനുമ 30 സെ. മീ. മുമ്പായി മുന്നറിയിപ്പു നല്കാൻ ടാക്റ്റൈൽ ടൈലുകൾ പതിക്കണം. ഓരോ പടിയുടെയും അറ്റത്തു് 5 സെ. മീറ്റർ വീതിയിൽ നിറഭേദം കൊടുക്കുന്നതും നല്ലതാണു്.
ചെറിയ പടിക്കെട്ടുകളിൽ ചാരു കൊടുക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ പ്ലാറ്റ്ഫോം ലിഫ്റ്റ് നല്കണം.
ആവശ്യത്തിനു വലിപ്പമുള്ളവയും ചിത്രത്തിൽ കാണിച്ച പോലുള്ള സൗകര്യങ്ങൾ ഒരുക്കിയതുമാവണം ശുചിമുറികൾ. വാതിൽ പുറത്തേക്കു തുറക്കുന്നതോ വശത്തേക്കു തള്ളുന്നതോ ആവണം. രണ്ടിലായാലും വാതിലിന്റെ വീതിയിലുമുള്ള ഗ്രാബ് ഹാന്റിൽ ഘടിപ്പിച്ചിരിക്കണം. വാതിലിന്റെ ഒരറ്റത്തുള്ള ഹാന്റ്ൽ പിടിച്ചു് അടക്കാൻ ചക്രക്കസേരയിലിരിക്കുന്ന ഒരാൾക്കു് പ്രയാസമായിരിക്കും. വാട്ടർക്ലോസെറ്റിന്റെ പ്രവേശന ഭാഗത്തെ വശത്തു് പൊക്കിയോ തിരിച്ചോ വെക്കാവുന്ന ഗ്രാബ് ബാറുകളും ചുമരിന്റെ വശത്തു് ചിത്രത്തിൽ കാണുന്ന ആകൃതിയിലുള്ള ഗ്രാബ് ബാറുകളും വേണം. ഒരാളുടെ ഭാരം താങ്ങാനുള്ള ബലത്തിലാവണം ഇവ ചുവരിലേക്കു ഘടിപ്പിക്കുന്നതു്.



ഒരു കെട്ടിടത്തിനുള്ളിൽ എന്തു്, എവിടെ എന്നറിയാനും അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പിനും സൈനേജുകൾ അവശ്യമാണു്. ഇതു് ശരിയായ രീതിയിൽ ശരിയായ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചാൽ പരിമിതിയുള്ളവർക്കു്, വിശേഷിച്ചും കേൾവി ഇല്ലാത്തവർക്കു്, വളരെ സഹായകരമാണു്. നിബന്ധനകൾക്കനുസൃതമായി വേണം അവ പ്രദർശിപ്പിക്കേണ്ടതു്.


നിശ്ചിത സ്ഥലത്തു് നിശ്ചിത വലുപ്പത്തിൽ പ്രദർശിപ്പിക്കുന്ന ബോഡുകൾ മാത്രമേ കാഴ്ച പരിമിതിയുള്ളവർക്കു് പ്രയോജനപ്പെടുകയുള്ളു. തറയിൽ വാണിങ്ടൈലിന്റെ സാന്നിദ്ധ്യം അറിഞ്ഞാൽ അവർ കൃത്യമായി കൈകൊണ്ടു പരതിയാൽ ബോർഡിലെ ബ്രെയിൽ ലിപി വായിച്ചു് കാര്യംഗ്രഹിക്കാൻ കഴിയും. റെയിൽവേയും മെട്രോ സർവ്വീസും ഇതു് നല്ലരീതിയിൽ പാലിക്കുന്നുണ്ടു്.

പൊതുഗതാഗത സൗകര്യങ്ങൾ അംഗപരിമിതർക്കു പ്രാപ്തമാക്കാൻ നാം ഇനിയും വളരെ ദൂരം പോകേണ്ടതുണ്ടു്. നാം സജീവ താല്പര്യം കാണിച്ചാൽ ഇതു് അസാദ്ധ്യമല്ല. പുതിയ തലമുറ ഇക്കാര്യങ്ങളിൽ കുറെക്കൂടി താല്പര്യം കാണിക്കേണ്ടതുണ്ടു്. ബസ് സ്റ്റോപ്പുകൾ ചക്രക്കസേരയ്ക്കും കാഴ്ചപരിമിതർക്കും എളുപ്പത്തിൽ കയറാൻ പറ്റുന്നരീതിയിൽ രൂപകല്പനചെയ്യേണ്ടതുണ്ടു്. ബസ്സുകളിൽ ചാരുകളുണ്ടായാൽ പോലും ഇന്നു് ചക്രക്കസേരയിലുള്ള ഒരാൾക്കു തനിയെ കയറാൻ പറ്റുന്ന രീതി നിലവിലില്ല. ബസ് സ്റ്റോപ്പുകളിൽ ചെറിയ സൗകര്യങ്ങളൊരുക്കുകയും ബസ്സുകളിൽ ചക്രക്കസേരകൾ ഉറപ്പിച്ചു നിർത്താനുള്ള സംവിധാനമുണ്ടാക്കുകയും ചെയ്താൽ ഇതു സാധ്യമാവും. ജീവനക്കാരും സമൂഹവും അതിനനുകൂലമായ മാനസിക നില പ്രാപിക്കുകയും വേണം.
ഒരു എ. ടി. എം. ഭിന്ന ശേഷിക്കാർക്കു് പ്രാപ്യമാകുന്നുണ്ടോ എന്നുള്ള പരിശോധനയാണു് ഇപ്പോൾ നടക്കുന്ന സർവ്വേ. ചാരു് നിർമ്മിച്ചവയാണെങ്കിൽ അതിന്റെ നിർമ്മാണം ഉപയോഗയോഗ്യമായ രീതിയിലാണോ എന്നും നിർമ്മിക്കാത്തവ ഏതെല്ലാമെന്നു കണ്ടെത്തുകയുമാണു് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഇതോടൊപ്പമുള്ള ഗൂഗ്ൾ ഫോം പൂരിപ്പിച്ചു സമർപ്പിക്കുന്നതിലൂടെ ആദ്യഘട്ടം പൂർത്തിയാവും. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചു് അധികൃതശ്രദ്ധയിൽ കൊണ്ടുവരികയാണു് അടുത്ത പടി.
ഓഡിറ്റ് രേഖപ്പെടുത്താനുള്ള ഗൂഗ്ൾ ഫോറത്തിന്റെ ലിങ്ക്: https://sayahna.net/atm
ആൻസൻ എസ്. വാട്സന്റെ സചിത്ര അവതരണത്തെ ആസ്പദമാക്കി പ്രൊഫ. ലിസി മാത്യു തയ്യാറാക്കിയതു്. https://www.cet.ac.in/bfcc/
ആൻസൻ എസ്. വാട്സൻ, അഡ്ഹോക് അസി. പ്രൊഫസർ, കോളേജ് ഓഫ് എൻജിനീറിങ് ട്രിവാൻഡ്രം, തിരുവനന്തപുരം.
Sketches from Harmonized Guidelines and Space Standards for barrier Free Built Environment for Persons with Disability and Elderly Persons. http://tcpo.gov.in/HarmonizedGuidelines