images/Levitan_vesna_bolsh_voda.jpg
Spring. High water, a painting by Isaac Levitan (1860–1900).
സംവേദനത്തിന്റെ പ്രശ്നങ്ങൾ കാല്പനിക കവിതയിൽ
ഡോ. ഡി. ബെഞ്ചമിൻ

മലയാളസാഹിത്യ വിമർശനത്തിൽ സുലഭമായി പ്രയോഗിച്ചുവരുന്ന ഒരു പദമാണു് സംവേദനം. പക്ഷേ, സുനിശ്ചിതമായ ഒരു വിവക്ഷ അതിനുണ്ടെന്നു പറഞ്ഞുകൂടാ. ഭാവസംക്രമണം, ഭാവുകത്വം എന്നീ അർത്ഥാന്തരങ്ങളെങ്കിലും അതിനുണ്ടു്. എങ്കിലും ഭാവസംക്രമണം എന്ന അർത്ഥത്തിലാണു് ഈ പദം അധികം പ്രയോഗിച്ചുകാണുന്നതു്.

കവിഗതമായ ഒരന്തർഭാവം കാവ്യത്തിലൂടെ അനുവാചകരിലേയ്ക്കു് സംക്രമിക്കപ്പെടുന്നു എന്ന വാദം നവീന വിമർശനം അംഗീകരിക്കുന്നില്ല. കവിയുടെ അന്തർഭാവത്തോടു് അത്യന്തം സാദൃശ്യമുള്ള ഒരു വൈകാരികാനുഭവം അനുവാചകരിലുളവാക്കുന്ന ഒരു ഭാഷാ വസ്തുവാണു് സാഹിത്യകൃതി. സാഹിത്യസൃഷ്ടി അനുവാചകരിൽ നിദ്രാണമായിരിക്കുന്ന ഒരു വൈകാരികാനുഭവത്തെ വിളിച്ചുണർത്തുന്നു എന്നു പറഞ്ഞാൽ കൂടുതൽ കൃത്യമായി. സംസ്കൃത കാവ്യതത്വചിന്തയിലെ അഭിവ്യക്തിവാദത്തോടു് വളരെ സാദൃശമുള്ള ഒരു കാഴ്ചപ്പാടാണു് ഇതെന്നു വ്യക്തം. സംവേദനമെന്നു പറയുമ്പോൾ ഇവിടെ വിവക്ഷിക്കുന്നതു് ഈ അഭിവ്യക്തമാക്കലാണു്. അപ്പോൾ സംവേദനം സുകരമാകണമെങ്കിൽ മൂന്നു കാര്യങ്ങൾ ഉണ്ടാകണമെന്നു വരുന്നു.

  1. കവിക്കു് ഒരന്തർഭാവമുണ്ടായിരിക്കണം.
  2. അതിനു് സദൃശ്യമായൊരു ഭാവം അതിന്റെ അങ്കുരാവസ്ഥയിലൊ നിദ്രാവസ്ഥയിലൊ അനുവാചകരിലുണ്ടാവണം.
  3. അനുവാചനിഷ്ഠമായ ഭാവത്തെ തൊട്ടുണർത്താൻ സാഹിത്യസൃഷ്ടിക്കു കഴിയുകയും വേണം.

ഇതിലേതെങ്കിലും ഒന്നിന്റെ അപര്യാപ്തത സംവേദനം ദുഷ്കരമാക്കും. കവിനിഷ്ഠമായ അന്തർഭാവത്തിനു് തുല്യമായ ഭാവം അനുവാചകരിൽ അങ്കാരുവസ്ഥയിലോ നിദ്രാവസ്ഥയിലോ ഇല്ലാതിരിക്കുമ്പോഴാണു് സംവേദനം അസാദ്ധ്യമാകുന്നതു്. കവിയുടെ അനുഭവം എത്രതന്നെ തീക്ഷ്ണമായിരുന്നാലും സാഹിത്യസൃഷ്ടി ശില്പപരമായി അന്യൂനവും ഉത്തേജകവുമായാലും അനുവാചകനിലില്ലാത്ത ഒരനുഭവം അഭിവ്യക്തമാക്കാൻ സാധിക്കുകയില്ലല്ലോ. കവിയും അനുവാചകനും അസമാനഹൃദയരാകുന്നു എന്നു പറയുമ്പോൾ അവരുടെ ഭാവുകത്വങ്ങൾക്കു് തമ്മിൽ വമ്പിച്ച അകൽച്ചയുണ്ടെന്നാണു ധരിക്കേണ്ടതു്. അപ്പോൾ സംവേദനത്തിന്റെ സാഫല്യം ഭാവുകത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെഭാവുകത്വത്തെക്കുറിച്ചുള്ള അന്വേഷണം കൂടാതെ സംവേദനത്തിന്റെ പ്രശ്നങ്ങൾ വിശകലനം ചെയ്യുക വയ്യ. പ്രത്യേകിച്ചു് കാല്പനികത സവിശേഷമായ ഒരു മനോഭാവമാണെന്നതു കൊണ്ടു് കാല്പനികതയെ സംബന്ധിച്ച സവേദനപരമായ പ്രശ്നങ്ങൾ ഭാവുകത്വവുമായി ബന്ധപ്പെടുത്തിയേ ചർച്ച ചെയ്യാനാവൂ.

images/Vyloppilli.jpg
വൈലോപ്പിള്ളി

ഒരു നിശ്ചിത കാലഘട്ടത്തിലെ, ഒരു പ്രത്യേക ജനതയുടെ, ജീവിതത്തോടുള്ള ചിന്താപരവും ഭാവനാത്മകവുമായ പ്രതികരണ ശൈലിക്കാണു് ഇവിടെ ഭാവുകത്വമെന്നു പറയുന്നതു്. ഈ പ്രതികരണ ശൈലിക്കു പിന്നിൽ സവിശേഷമായ ഒരു മൂല്യബോധമുണ്ടായിരിക്കും. സമകാലിക സാമൂഹ്യ ഘടനയോടു് ബന്ധപ്പെട്ടിരിക്കുന്നു ഈ മൂല്യബോധം. അതിനാൽ സാമൂഹ്യ ഘടനയ്ക്കു് മൗലികമായ മാറ്റം സംഭവിക്കുമ്പോൾ മൂല്യബോധത്തിനും, അങ്ങനെ ഭാവുകത്വത്തിനും മാറ്റം വരുന്നു. സാമൂഹ്യഘടന മാറാതെ ഭാവുകത്വം മാറുക സ്വാഭാവികമല്ലതന്നെ. സാമൂഹ്യ ഘടനയിൽ വരുന്ന മാറ്റം സാവധാനമാകുമ്പോൾ ഭാവുകത്വപരമായ മാറ്റം മന്ദഗതിയിലായിരിക്കും. സാമൂഹ്യ ഘടനയ്ക്കു് സത്വരവും സമൂലവുമായ മാറ്റമുണ്ടാകുമ്പോൾ ഭാവുകത്വപരിണാമം വിപ്ലവത്തിന്റെ രൂപം കൊള്ളുമെന്നും പറയാം.

images/Gshankarakurup.jpg
ജി.

ഭാവുകത്വപരമായ മാറ്റം സമൂഹത്തിലാണു് പ്രത്യക്ഷപ്പെടുന്നതെങ്കിലും അതിനെക്കുറിച്ചുള്ള അവബോധം കാലം കുറച്ചു കഴിഞ്ഞിട്ടേ സാമാന്യജനതയ്ക്കുണ്ടാവൂ. എന്നാൽ ഈ മാറ്റത്തിന്റെ അവ്യക്തമായ ചലനങ്ങൾ പോലും സത്വരം പിടിച്ചെടുക്കാൻ ക്രാന്തദർശികളായ കവികൾക്കു കഴിയും. അവരുടെ കൃതികളിൽ അതു പ്രതിഫലിക്കുകയും ചെയ്യും. പുതിയ ഭാവുകത്വത്തിന്റെ വക്താക്കളായ കവികൾ അതിനു വേണ്ടി ശക്തിയുക്തം വാദിക്കും; സ്ഥാപിതമായ ഭാവുകത്വത്തെ തള്ളിപ്പറയുകയും ചെയ്യും. സാധാരണ വായനക്കാർ ഈ മാറ്റത്തെക്കുറിച്ചു് അപ്പോൾ പ്രബുദ്ധരായിരിക്കുകയില്ല എന്നതുകൊണ്ടു് പുതിയ ഭാവുകത്വത്തിനു് ആദ്യദശയിൽ രൂക്ഷമായ എതിർപ്പു് നേരിടേണ്ടിവരുന്നു. എന്നാൽ സാമൂഹ്യഘടനയിലെ മാറ്റം കൂടുതൽ സ്പഷ്ടമാവുകയും പുതിയ മൂല്യബോധത്തിനു് സമൂഹത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നതോടെ സാമാന്യജനതയും പുതിയ ഭാവുകത്വത്തെ അംഗീകരിക്കുന്നു. സാഹിത്യത്തിലെ പരിവർത്തനദശകളിലെല്ലാം സംഭവിക്കുന്ന ഒന്നാണിതു്. ആദ്യഘട്ടത്തിൽ എഴുത്തുകാരന്റെ ഭാവുകത്വവും അനുവാചകരുടെ ഭാവുകത്വവും തമ്മിലിടയുന്നു. അടുത്ത ഘട്ടത്തിലാകട്ടെ അവ സമാനമാവുകയും സംവേദനം സുകരമായിത്തീരുകയും ചെയ്യുന്നു. സാഹിത്യത്തിലെ പരിവർത്തനഘട്ടങ്ങളിലാണു് സംവേദനം ഏറ്റവും ശക്തമായ വെല്ലുവിളികളെ നേരിടുന്നതെന്നു് ഇതിൽനിന്നു വ്യക്തമാണല്ലോ. മലയാളത്തിലെ കാല്പനിക കവികൾ ആദ്യകാലത്തു് അധിക്ഷിപ്തരാവുകയും തുടർന്നു് അഭിനന്ദിക്കപ്പെടുകയും ചെയ്തതു് ഇതിനുദാഹരണമാണു്.

images/NVKrishnaWarrier.jpg
എൻ. വി. കൃഷ്ണവാര്യർ

എന്നാൽ സമൂഹം സ്ഥിതിശീലമായിരിക്കുകയും സാമൂഹികമാറ്റത്തിനു നേർത്ത സാദ്ധ്യതകൾ പോലുമില്ലാതിരിക്കുകയും ചെയ്യുമ്പോൾ ബാഹ്യമായ ആശയസ്വാധീനതകളിൽപ്പെടുന്ന കവി ഭാവുകത്വത്തെ മനഃപ്പൂർവ്വം മാറ്റിമറിക്കാൻ ശ്രമിച്ചാൽ ആ ശ്രമം അനിവാര്യമായും പരാജയപ്പെടും. എൻ. വി. കൃഷ്ണവാര്യർ ‘നീണ്ട കവിതകളും’ (1948), ‘കൊച്ചു തൊമ്മനു’മെഴുതി (1955) കലാപം കൂട്ടിയിട്ടും മലയാള കാല്പനികഭാവുകത്വത്തിനു് പോറലേല്ക്കാത്തതു് ഇതിനുദാഹരണമാണു്. വാസ്തവത്തിൽ അതിനുശേഷമാണു് ജി. യും വൈലോപ്പിള്ളിയും ഒ. എൻ. വി യും സുഗതകുമാരി യും ഉൾപ്പെടെയുള്ള പ്രമുഖ കാല്പനിക കവികളുടെ ഏറ്റവും ശ്രദ്ധാർഹമായ കവിതകൾ എഴുതപ്പെട്ടതു്. ആ കൃതികളെ അനുവാചകർ നെഞ്ചേറ്റി ലാളിക്കുകയും ചെയ്തു. എന്തിനു് കൃഷ്ണവാര്യരുടെ പരുക്കൻ കവിതകൾക്കു തന്നെ സമകാലീന (കാല്പനിക) ഭാവുകത്വത്തിന്റെ സമ്മർദ്ദത്തിൽനിന്നു് പൂർണ്ണമായും രക്ഷപ്പെടാനായില്ലെന്നതാണു് സത്യം. കൃഷ്ണവാര്യരും അനുയായികളും ചേർന്നു് സൃഷ്ടിക്കാൻ ശ്രമിച്ച കൃത്രിമമായ ഭാവുകത്വത്തോടു് അനുസ്പന്ദിക്കാൻ അനുവാചകരുടെ ജീവിതപ്രതികരണശൈലിക്കു കഴിഞ്ഞില്ലെന്നു വ്യക്തം. സവേദനത്തെ സംബന്ധിച്ച കാതലായ പ്രശ്നം ഭാവുകത്വനിഷ്ഠമാണെന്നാണു് ഇതിൽനിന്നു ഗ്രഹിക്കേണ്ടതു്.

പദരചനയും അന്വയവും ഇമേജറിയും താളവുമൊക്കെ സുകരമായ സംവേദനത്തിനു് വിഘ്നങ്ങളായി ഭവിക്കാവുന്നതാണു്. പക്ഷേ, ഈ സാങ്കേതിക കാര്യങ്ങളെല്ലാം തന്നെ കവിയുടെ ഭാവുകത്വത്തോടു് പ്രഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു് ആത്യന്തികവിശകലനത്തിൽ സംവേദന സംബന്ധിയായ പ്രശ്നങ്ങൾ ഒട്ടുമുക്കാലും ഭാവുകത്വനിഷ്ഠമാണെന്നു സമ്മതിക്കേണ്ടിവരും.

images/Changampuzha.jpg
ചങ്ങമ്പുഴ

കേരളത്തിന്റെ സാമൂഹികചരിത്രത്തിലെ ഏറ്റവും സമഗ്രവും അഗാധതലസ്പർശിയുമായ ഒരു പരിവർത്തനത്തിന്റെ ഫലമായാണു് മലയാളത്തിൽ കാല്പനികഭാവുകത്വം രൂപംകൊണ്ടതെന്നു പ്രസിദ്ധമാണല്ലോ. രാഷ്ട്രീയ സ്വാതന്ത്ര്യസമരം, മതനവീകരണ പ്രസ്ഥാനങ്ങൾ, സാമൂഹ്യ പരിഷ്കരണയത്നങ്ങൾ, നവീന വിദ്യാഭ്യാസത്തിന്റെ പ്രചാരം, പാശ്ചാത്യ സംസ്കാരത്തിന്റെ അഭിഘട്ടനം എന്നിവയുടെ ഫലമായി കേരളത്തിന്റെ സാമൂഹികഘടനയിൽ മൗലികമായ മാറ്റം സംഭവിച്ചു. ആ മാറ്റത്തിനിടയിൽ വ്യക്തികേന്ദ്രിതമായ ഒരു മൂല്യബോധവും ആത്മനിഷ്ഠമായ ഒരു ജീവിത പ്രതികരണശൈലിയും രൂപമെടുത്തു. ഈ മാറ്റം അതിമാത്രം സാവധാനവും ക്രമികവുമായിരുന്നു. വാസ്തവത്തിൽ വെൺമണിക്കവിതകളേയും കവിത്രയത്തേയും കടന്നു് ചങ്ങമ്പുഴ യിലെത്തുമ്പോഴാണു് കാല്പനികത അതിന്റെ വിശ്വരൂപം മറനീക്കിക്കാണിക്കുന്നതു്.[1] അതുകൊണ്ടുതന്നെ കാല്പനികതയുടെ സമയമായ തിരനോട്ടം അനുവാചകരെ ഞെട്ടിച്ചുവെന്നു പറഞ്ഞുകൂടാ. ആദ്യ ഘട്ടത്തിലുണ്ടായ എതിർപ്പുകൾ കെട്ടടങ്ങിയതോടെ സാമാന്യാനുവാചകർ കാല്പനികഭാവുകത്വത്തോടു് അനായാസം സംവദിച്ചു തുടങ്ങി. എന്നാൽ ക്ലാസിക്, നിയോക്ലാസിക് കാവ്യശിക്ഷണത്തിനു് വിധേയരായി, ആ കാവ്യാഭിരുചികൾക്കു് അടിമകളായിപ്പോയ വിമർശകരും പണ്ഡിതന്മാരും കാല്പനികതയെ എതിർക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തു. ഉത്പതിഷ്ണുത്വത്തിന്റെ പേരിൽ ആ കവികളെ ചുമലിലേറ്റി നടന്നവർ തന്നെ അവരെ മനസ്സിലാക്കിയിരുന്നോ എന്നു സംശയിക്കണം. നമ്മുടെ കാല്പനിക കവിതയ്ക്കുണ്ടായ വിമർശനങ്ങളിലേറിയ പങ്കും ഈ സത്യമാണു് സമർത്ഥിക്കുന്നതു്. കാല്പനികഭാവുകത്വമില്ലാത്ത വിമർശകർ കാല്പനികതയെ സമീപിക്കുമ്പോഴുണ്ടാകുന്ന സംവേദനപരമായ പ്രശ്നങ്ങൾ ഗ്രഹിക്കാൻ ഈ വിമർശനങ്ങളൊന്നു് സൂക്ഷ്മമായപഗ്രഥിക്കുകയേ വേണ്ടൂ.

images/ONV03.jpg
ഒ. എൻ. വി

കാല്പനികതയ്ക്കു് പരശതം നിർവചനങ്ങളുണ്ടു്. അവയിൽ പലതും പരസ്പര വിരുദ്ധമാണു്. എന്നാൽ കാല്പനികതയുടേതെന്നു് വിശേഷിപ്പിക്കാവുന്ന സമസ്തപ്രവണതകളും ഉത്കടമായ വ്യക്തിപ്രതിഷ്ഠാപനവ്യഗ്രതയിൽ നിന്നുയിർക്കൊള്ളുന്നു എന്നു് നിർവിവാദമായിപ്പറയാം.[2] തികച്ചും വ്യക്തിക്രേന്ദ്രിതമായ ഭാവുകത്വമാണതു്. ജീവിതത്തെ ആത്മനിഷ്ഠമായിക്കാണുക; ജീവിതത്തോടു് ആത്മനിഷ്ഠമായി പ്രതികരിക്കുക, ഈ ആത്മനിഷ്ഠതയാണു് കാല്പനികതയുടെ അടിസ്ഥാനമൂല്യം. വസ്തുനിഷ്ഠമായ, ചിട്ടപ്പെടുത്തിയ ക്ലാസ്സിക് ജീവിതവീക്ഷണത്തിനു് അമ്പേ വിരുദ്ധമാണിതു്. കാല്പനിക ഭാവുകത്വത്തിന്റെ സംവേദനപരമായ പ്രശ്നങ്ങളിൽ ഏറ്റവും മുഖ്യം ഈ ആത്മനിഷ്ഠതയാണു്.

images/Kumaranasan.jpg
ആശാൻ

ക്ലാസ്സിക് കാവ്യാഭിരുചിക്കാധാരമായ മൂല്യബോധം വ്യവസ്ഥാപിത ധർമ്മസംഹിതകൾക്കും നീതിശാസ്ത്രങ്ങൾക്കും മതാനുശാസനത്തിനും വിധേയമായ ഒന്നായിരിക്കും. അതിനു് സമൂഹത്തിന്റെ പൊതുവായ അംഗീകാരമുണ്ടായിരിക്കുകയും ചെയ്യും. റൊമാന്റിസിസത്തിലേയ്ക്കു വരുമ്പോൾ അതു മാറുന്നു. കാല്പനിക ഭാവുകത്വത്തിനു് ആധാരമായ മൂല്യബോധം അത്യന്തം വ്യക്തിനിഷ്ഠമാണു്. അതു് പ്രതിവ്യക്തി ഭിന്നമായിരിക്കുകയും ചെയ്യും. വൈയക്തികാനുഭവങ്ങളിൽനിന്നും സ്വന്തമായ ഇച്ഛാശക്തിയിൽനിന്നും രൂപംകൊള്ളുന്ന ഈ മൂല്യബോധത്തിനു് സമൂഹത്തിന്റെയോ നീതിശാസ്ത്രങ്ങളുടേയോ അനുവാദമുണ്ടായിരിക്കുകയുമില്ല. പലപ്പോഴും അവയെ പാടേ ധിക്കരിക്കുന്നതായിരിക്കും ആ മൂല്യബോധമെന്നുപോലും പറയാം. അതുകൊണ്ടുതന്നെ വ്യക്തിഗതമായ മൂല്യബോധത്തിലധിഷ്ഠിതമായ അനുഭവാവിഷ്കാരങ്ങളോടു് സംവദിക്കാൻ യാഥാസ്ഥിതികമനസ്കരായ അനുവാചകർക്കു് ക്ലേശം തോന്നിയെന്നു വരും. ഇതിനുദാഹരണം മലയാളസാഹിത്യ വിമർശനത്തിൽ എത്രവേണമെങ്കിലുമുണ്ടു്.

images/Vallathol.jpg
വള്ളത്തോൾ

ഉച്ഛൃംഖലമായ വ്യക്തിസ്വാതന്ത്രയയബോധത്തിലൂന്നിനിൽക്കുന്ന, നിരുപാധികവും നിരങ്കുശവുമായ പ്രേമത്തിൽ സായൂജ്യം കണ്ടെത്തുന്ന ചങ്ങമ്പുഴയുടെ കാവ്യകലയോടു് അന്നത്തെ പ്രമുഖ വിമർശകരിൽ ചിലർ നിഷേധാത്മകമായി പ്രതികരിച്ചതു് ഇവിടെയോർക്കുക. സാഹിത്യത്തിൽ ആവിഷ്കൃതമാകുന്ന മാനസികജീവിതത്തിന്റെ യോഗഭേദവും മാത്രാഭേദവുമാണു് സാഹിത്യോത്കർഷത്തിന്റെ പരമമായ മാനദണ്ഡം[3] എന്നു വിശ്വസിച്ചിരുന്ന കുട്ടികൃഷ്ണമാരാർക്കു് അതിഭാവുകത്വത്തിൽ ജീവിതസാഫല്യം കാണുന്ന ചങ്ങമ്പുഴയുടെ മൂല്യബോധത്തോടു് സ്ഥായിയായ എതിർപ്പാണുണ്ടായിരുന്നതു്. അതുകൊണ്ടുതന്നെ ചങ്ങമ്പുഴക്കവിതയുടെ വ്യതിരിക്ത സൗന്ദര്യങ്ങൾ കണ്ടെത്താനദ്ദേഹത്തിനു കഴിഞ്ഞില്ല. സംവേദനം ദുഷ്കരമായിത്തീർന്നു എന്നു സാരം. അതേസമയം വ്യക്തി സ്വാതന്ത്ര്യത്തിലൂറ്റംകൊള്ളുന്ന യുവജനങ്ങൾ ചങ്ങമ്പുഴയെ സർവ്വാത്മനാ അംഗീകരിച്ചു. യാഥാസ്ഥിതിക പണ്ഡിതന്മാരിൽ നിന്നു് കുമാരനാശാനേൽക്കേണ്ടിവന്ന എതിർപ്പിനു കാരണവും ഇതുതന്നെയല്ലേ? സ്ഥാപിത സാമൂഹികാചാരങ്ങളേയും വ്യക്തിബന്ധങ്ങളേയും ധിക്കരിച്ചു് തന്നോടുതന്നെ ആത്മാർത്ഥത കാട്ടാനുള്ള ലീലയുടെ അദമ്യമായ വെമ്പലിനുപിന്നിലുള്ള കാല്പനിക മനോഭാവത്തോടു തോന്നിയ വിപ്രതിപത്തി തന്നെയല്ലേ ലീലയുടെ സതീത്വത്തെ ചോദ്യം ചെയ്യാൻ വള്ളത്തോളി നെ പ്രേരിപ്പിച്ചതു്?[4] ആശാന്റെ അഭിമാനിയായ സീത വ്യക്തിസ്വാതന്ത്ര്യ ബോധത്തിൽ ഉറച്ചുനിന്നു കൊണ്ടു് ശ്രീരാമനെ വിമർശിച്ചപ്പോൾ അതിനോടു സംവദിക്കാൻ യാഥാസ്ഥിതിക മൂല്യബോധമുള്ള നിരൂപകരിൽ പലർക്കും കഴിഞ്ഞില്ല. അവരിൽ ചിലർ കുമാരനാശാന്റെ കവിത്വത്തെ ചോദ്യംചെയ്തു. മറ്റുചിലർ ആശാന്റെ സീതയ്ക്കു് പുരാണപ്രസിദ്ധയായ സീതയോടു് യാതൊരു ചേർച്ചയുമില്ലെന്നു വിധിച്ചു. വേറൊരു പണ്ഡിതനാകട്ടെ ആശാന്റെ സീത വാല്മീകിയുടെ സീത തന്നെ. പക്ഷേ, അവർ നാടകീയമായൊരു മുഹൂർത്തത്തിൽ അബോധപൂർവ്വമായി അങ്ങനെയൊക്കെ ചിന്തിച്ചുപോയതാണെന്ന മാപ്പപേക്ഷയുമായി എത്തി.[5] ഇവർക്കാർക്കും തന്നെ ചിന്താവിഷ്ടയായ സീതയെന്ന കാല്പനികകഥാപാത്രത്തോടു് തന്മയിഭവിക്കാൻ കഴിഞ്ഞില്ല. ആശാന്റെ സീത വാല്മീകിയുടെ സീതയല്ല. വാല്മീകിയുടെ സീത ക്ലാസ്സിക്കൽ സദാചാരബോധത്തിനു വിധേയയായ ഒരു ക്ലാസ്സിക് കഥാപാത്രമാണു്. ആശാന്റെ സീതയാകട്ടെ ഒരു കാല്പനിക കഥാപാത്രവും. അദമ്യമായ വ്യക്തിപ്രതിഷ്ഠാപന വ്യഗ്രതയാണു് കാല്പനിക കഥാപാത്രത്തിനു കരുത്തു നൽകുന്നതു്. അതുതന്നെയാണു് ആശാന്റെ സീത യാഥാസ്ഥിതിക പണ്ഡിതന്മാരെ അലോസരപ്പെടുത്താൻ കാരണം. കാല്പനികമൂല്യമായ വ്യക്തിപ്രതിഷ്ഠാപന വ്യഗ്രതയാണു് ഇവിടെ സംവേദനത്തിനു വിഘ്നമായിത്തീർന്നതു്.

images/PKNarayanapillai.jpg
സാഹിത്യപഞ്ചാനനൻ

കാല്പനിക കവികൾ പൊതുവേ ആശയവാദികളാണു്. അവർക്കു ജീവിതം സംഭവബഹുലമായ യാഥാർഥ്യമല്ല. നിഗൂഢാത്മകവും അനിർവചനീയവുമായ ഒരാശയമോ അനുഭവമോ ആണു്. ജീവിതത്തിലെ നാടകീയമായ ധർമ്മസങ്കടങ്ങൾ പോലെതന്നെ രാത്രിയുടെ വിജനതയിൽ ഒരേകാന്ത നക്ഷത്രത്തെ ധ്യാനിക്കുമ്പോഴുണ്ടാകുന്ന ഭാവനാനുഭുതിയും അവർക്കു് വിലപ്പെട്ടതാണു്. സംഭവങ്ങളല്ല വൈകാരികാനുഭവങ്ങളാണു് അവർക്കു സത്യം. അവർ ജീവിതത്തെ അറിയുന്നതും ഉൾക്കൊള്ളുന്നതുമൊക്കെ ഈ അനുഭവങ്ങളിലൂടെയാണുതാനും. അനുഭവങ്ങൾക്കു കാരണമായ സംഭവങ്ങളെ അവഗണിച്ചു് അനുഭവത്തെ അതിന്റെ സൂക്ഷ്മവും അമൂർത്തവുമായ രൂപത്തിൽ കാണാനുള്ള വെമ്പൽ അവർക്കു സഹജമാണു്. കാല്പനികതയുടെ ഏറ്റവും സുന്ദരമായ കാവ്യരൂപം ഭാവഗീതമാവാൻ കാരണമിതത്രെ. ഭാവഗീതത്തിൽ കഥാപാത്രങ്ങളില്ല. അഥവാ ഒരു കഥാപാത്രമേയുള്ളൂ— ഞാൻ. വികാരത്തെ അതിന്റെ ആത്മനിഷ്ഠമായ തനിമയിൽ ആവിഷ്കരിക്കാനുള്ള ഈ ശ്രമവും സംവേദനപരമായ പ്രശ്നങ്ങളുളവാക്കുന്നു. കഥാപാത്രങ്ങളുടെ വ്യാപാരങ്ങളിൽനിന്നു രൂപമെടുക്കുന്ന ഇതിവൃത്ത ശില്പത്തിലൂടെ അഭിവ്യഞ്ജിക്കുന്ന വികാരങ്ങളോടുമാത്രം സംവദിക്കുന്ന, ക്ലാസ്സിക്കൽ കാവ്യാഭിരുചിയിൽ ബദ്ധമായ, സഹൃദയത്വമുള്ളവർക്കു് ഇത്തരം കവിതകളോടു് സംവദിക്കാൻ കഴിഞ്ഞെന്നുവരില്ല. ഭാവഗീതത്തിനു് അവരുടെ ഉള്ളിൽ നിദ്രാണമായിരിക്കുന്ന വികാരങ്ങളെ ഉണർത്താൻ കഴിയുന്നില്ല. വള്ളത്തോളിന്റെ സാഹിത്യമജ്ഞരിക്കവിതകളോടുള്ള തന്റെ ‘അലർജി’വെളിവാക്കാൻ ‘ഭേകഗാഥ’യെഴുതിയ സാഹിത്യപഞ്ചാനനൻ മാത്രമല്ല, കവിതയെന്ന ‘മരിച്ചു കൊണ്ടിരിക്കുന്ന’ സാഹിത്യരൂപത്തിനു് അന്ത്യകൂദാശ നൽകാൻ മോഹിച്ച മുണ്ടശ്ശേരിയും സംവേദനപരമായ ഈ പ്രശ്നത്തിനു വിധേയനായിരുന്നു. ക്രിയാവിചിത്രമായ ജീവിതത്തിന്റെ നാടകീയവും പുരോഗമനാത്മകവുമായ ആവിഷ്കാരത്തിൽമാത്രം ഉത്തമസാഹിത്യം കണ്ട മുണ്ടശ്ശേരി, ശങ്കരക്കുറുപ്പിന്റെ കാവ്യലോകത്തെങ്ങും തെരഞ്ഞു നടന്നിട്ടും ജീവിതമോ സാഹിത്യമോ കാണാത്തതു് അതുകൊണ്ടാണു്. ഭാവഗീതമെന്ന കാല്പനിക കാവ്യരൂപമുണർത്തുന്ന സംവേദനപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രൊഫ. മുണ്ടശ്ശേരിയുടെ ‘നാടകാന്തം കവിത്വം’ എന്ന പ്രബന്ധം സൂക്ഷ്മമായൊന്നു് അപഗ്രഥിക്കുകയേ വേണ്ടൂ.

images/Mundassery.jpg
മുണ്ടശ്ശേരി

വികാരാവിഷ്കരണത്തിനു് ക്ലാസ്സിക് സാഹിത്യത്തിൽ നിശ്ചിതമായ ചില ചട്ടങ്ങളും വ്യവസ്ഥകളുമുണ്ടു്. ശൃംഗാരമവതരിപ്പിക്കുമ്പോൾ പത്തു കാമാവസ്ഥകളും ചിത്രീകരിക്കുക അത്തരം വൃവസ്ഥകളിലൊന്നാണു്. അവിടെ പ്രേമം വലിയൊരു പരിധിവരെ മാംസബദ്ധമാണു്. ഒരർത്ഥത്തിൽ മാനകം (സ്റ്റാന്റഡൈസ്ഡ്) ആണെന്നു പറയാം. വികാരാവിഷ്കാര ശൈലി സ്ഥൂലവുമാണു്. വികാരത്തെ അത്യന്തം സൂക്ഷ്മമായവതരിപ്പിക്കുന്ന കാല്പനിക കവികൾ ഇത്തരം ചട്ടങ്ങളൊന്നുമംഗീകരിക്കുകയില്ല. ഏതു വികാരത്തിനും ആദർശത്തിന്റെ വിലോഭനീയമായ മുഖപടമണിയിക്കുകയും ചെയ്യും. നിരങ്കുശമായ ആദർശവത്കരണം രതിയെ ആത്മാവും, ആത്മാവും തമ്മിലുള്ള അലൗകിക ബന്ധമാക്കി ഉയർത്തും. അതുകൊണ്ടുതന്നെ കാല്പനിക കവിതയിലെ അനുരാഗത്തെ ശൃംഗാര സങ്കല്പവുമായി ബന്ധിപ്പിക്കുക വിഷമമാണു്. ശൃംഗാരം കാമശാസ്ത്രത്തോടു് നീതി കാട്ടുമ്പോൾ, കാല്പനികപ്രേമം ആശയവാദ (Idealism) ത്തോടാണു് നീതി പുലർത്തുന്നതു്. വികാരത്തിന്റെ ഈ ഉദാത്തീകരണവും സംവേദനത്തിനു പ്രതിബന്ധമായിത്തീരാം. സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള പരാതിപ്പെടുന്നതു ശ്രദ്ധിക്കുക. “ഇങ്ങനെയുള്ള വർണ്ണനകൾ അസ്വരസങ്ങളാണെന്നു് ഭാവിച്ചു്, കലർപ്പില്ലാത്ത ശൃംഗാരം എന്നൊരുവക കണ്ടുപിടിച്ചു് വർണ്ണിക്കുവാൻ ചില നവീനന്മാർ യത്നിച്ചുകാണുന്നുണ്ടു്. അവർ വാസ്തവത്തിൽ, ശൃംഗാര രസത്തിൽ ശസ്ത്രകിയചെയ്തു രസത്തിന്റെ സ്വരൂപം സംശയിക്കത്തക്കവിധത്തിൽ അത്രമാത്രം ലോഭിപ്പിച്ചു് പ്രയോഗിക്കുന്ന വർണ്ണനകൾ ഭാവനാശക്തികൊണ്ടു് വായനക്കാർ പോഷിപ്പിച്ചുകൊള്ളണമെന്നാണെന്നു തോന്നുന്നു ഉദ്ദേശ്യം… ഇങ്ങനെ നോക്കുമ്പോൾ മൗനരൂപമായ കവിതയ്ക്കു മാത്രമാണു് സ്ഥാനമുള്ളതു്.”[6] നല്ലൊരു പണ്ഡിതനും സഹൃദയനുമായ പാട്ടത്തിൽ പത്മനാഭമേനോൻ കാല്പനിക കവികളുടെ ഈ ആദർശവത്കരണത്തിൽ കാണുന്നതു് ഗർഹണീയമായ കാപട്യമാണു്. “പ്രാചീനാലംകാരികന്മാർ വിവക്ഷിക്കുകയും സംസ്കൃതത്തിലും ഭാഷയിലും ഏതു കാലത്തും ഉണ്ടായിട്ടുള്ള മഹാകവികൾ ആചരണമാർഗേണ ആദരിക്കുകയും ചെയ്തിട്ടുള്ള ശൃംഗാരരസത്തെ ഇന്നത്തെ സാഹിത്യരസികന്മാർ കാമകലുഷവും മാംസളവുമാണെന്നു കല്പിച്ചു് ഗർഹിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നതായി തോന്നുന്നു; എന്നാൽ പ്രേമം എന്നൊരു പദത്തെയെടുത്തു് ഇവരും ചില കരവിന്യാസങ്ങളെല്ലാംആചരിക്കുന്നതായി കാണുന്നുണ്ടു്. ശൃംഗാരരസത്തിന്റെ ആത്മാവായി വർത്തിക്കുന്ന പ്രേമത്തെ ആരാധിക്കുന്നവർക്കു് അനുഭോഗ്യശൃംഗാരത്തോടുള്ള നിന്ദയുടെ ഹേതു ദൂർഗ്രാഹ്യമായിരിക്കുന്നു. അഥവാ ശുഷ്കവും അഭൗതികവും ലക്ഷ്യശൂന്യവും സങ്കല്പഭരിതവും ആത്മാരാമവും സുവിദിതകാമോദ്ദീപകോപകരണാനപേക്ഷിതവും ആയ ഒരു “വിശിഷ്ട” ശൃംഗാരത്തിലായിരിക്കുമോ ഈ മഹാമനസ്കർ ലയിച്ചിരിക്കുന്നതു്.”[7] ഈ രണ്ടു മഹാപണ്ഡിതന്മാരുടെയും അക്ഷമ കലർന്ന വാക്കുകൾ സംവേദനം ബാധിതമായി എന്നതിനു തെളിവാണു്. കാല്പനിക ഭാവുകത്വത്തിന്റെ അഭാവത്തിൽ കുറഞ്ഞൊന്നുമല്ല ഇവിടെ സംവേദന വിഘനത്തിനു നിദാനം.

വിരുദ്ധഭാവങ്ങളുടെ സമന്വയനം കാല്പനികതയുടെ ഒരു പ്രത്യേകതയാണു്. അന്തർഭാവപരമായ സങ്കീർണ്ണതയും ആഭ്യന്തരമായ ‘ടെൻഷനും’ സൃഷ്ടിക്കാൻ ഈ പ്രക്രിയയ്ക്കു കഴിയുന്നു. വികാരത്തിന്റെ ഉദാത്തീകരണവും ഇങ്ങനെ സാധിക്കാറുണ്ടു്. അപസാമാന്യമായ ഒരു മാനുഷികബന്ധത്തിന്റെ പശ്ചാതലത്തിൽ അനുരാഗത്തെ വിശുദ്ധീകരിക്കുന്ന ‘നളിനി’ ഈ ഭാവഘടനയ്ക്കുദാഹരണമാണു്. ദിവാകരന്റെ ശമവും നളിനിയുടെ അനുരാഗവും തമ്മിലുള്ള സംഘർഷം അനുരാഗത്തിന്റെ ഉദാത്തീകരണത്തിൽ കലാശിക്കുന്നു. പക്ഷേ, ഈ സങ്കീർണ്ണമായ ഭാവഘടനയോടു് തന്മയീഭവിക്കാൻ പാണ്ഡിത്യമേദുരമായ ഹൃദയങ്ങൾക്കു് പലപ്പോഴും കഴിയുകയില്ല. ആശാന്റെ നളിനിയിലും ‘കരുണ’ യിലും ‘ദുരവസ്ഥ’യിലൊമൊക്കെ ശൃംഗാരരസാവിഷ്കാരത്തിന്റെ പരാജയം മാത്രം കണ്ട വടക്കുംകൂർ രാജരാജവർമ്മയുടെ നിഷ്കപടമായ വിലയിരുത്തൽ ശ്രദ്ധിക്കുക. “ശൃംഗാരവും ശാന്തിയും ഒരുമിച്ചിരിക്കുന്ന രസങ്ങളല്ല. അവ വിഭിന്നമനോവൃത്തികളുടെ ഫലങ്ങളാകുന്നു. ഇവയെ കൂട്ടികലർത്തിയതിൽ ആശാനു് വലിയ പാകപ്പിഴ സംഭവിച്ചു. ഇതു നിമിത്തം ആശാന്റെ ശൃംഗാരം വിരക്തിജനകമായി… എന്നാൽ ശാസ്ത്രസമ്മതവും, പൂർവകവിവരിഷ്ഠന്മാരാൽ അംഗീകൃതവുമായ ശൃംഗാരസരണിയെ ആശാന്റെ ഈ നയം കലുഷമാക്കിയിട്ടുണ്ടെന്നു തന്നെ പറയണം. നളിനിയിലും കരുണയിലും കാണുന്ന പ്രേമം ലോകത്തിലും ശാസ്ത്രത്തിലും കാണാൻ കഴിയാത്ത ഒന്നാണു്.”[8] ഈ വിമർശനത്തിനു പിന്നിൽ ജാതിസ്പർദ്ധയോ അനവധാനതയോ ആരോപിക്കുക അസാദ്ധ്യമാണു്. നിയോക്ലാസ്സിക്കു് കാവ്യശിക്ഷണമുള്ള, ക്ലാസ്സിക് കാവ്യതത്വശാസ്ത്രത്തിൽ അവഗാഹമുള്ള ഒരു പണ്ഡിതന്റെ ഗൗരവപൂർണ്ണമായ പ്രതികരണമാണിതു്. നളിനീകാവ്യത്തിന്റെ സങ്കീർണ്ണമായ കാല്പനികഭാവഘടന അത്തരമൊരു പണ്ഡിതനു് വ്യാഖ്യാനിക്കുക സുകരമല്ല. ആശാന്റെ ആത്മാവിലെ ഉത്ക്കടമായ അന്തഃസംഘർഷം എങ്ങനെ വ്യവസ്ഥാപിതമായ, കാവ്യനിയമങ്ങൾക്കു് അവിധേയമായ ഒരു പുതിയ കാവ്യസങ്കല്പത്തിന്റെ കണ്ടെത്തലിനെ നീതിമത്കരിക്കുന്നു എന്ന ചോദ്യവും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. ഇവിടെയും സവേദനം ബാധിതമാകുന്നതിനു കാരണം ഭാവുകത്വത്തിന്റെ അസമാനതയത്രേ!

മനുഷ്യസാമാന്യമായ വികാരങ്ങളാണു് പൊതുവേ പറഞ്ഞാൽ ക്ലാസ്സിക് സാഹിത്യത്തിൽ ആവിഷ്കൃതമാവുക. നിയോക്ലാസ്സിക് സാഹിത്യത്തിൽ വരുമ്പോൾ വികാരങ്ങൾക്കു് ഒരുതരം ചിട്ടപ്പെടുത്തൽ സംഭവിക്കുന്നു. വികാരങ്ങളുടെ സാമാന്യത സംവേദനത്തെ സുകരവും ലളിതവുമാക്കുന്നു. എന്നാൽ റൊമാന്റിക് കവി തന്റെ വ്യക്തിഗതാനുഭൂതികളെയാണു ആവിഷ്കരിക്കാൻ ശ്രമിയ്ക്കുന്നതു്. പ്രേമമെന്ന സാർവലൗകികമായ അനുഭവമുണർത്താനല്ല, തനിയ്ക്കുണ്ടായ വ്യക്തിനിഷ്ഠമായ പ്രേമാനുഭൂതിയ്ക്കു് തുല്യമായൊരു ഭാവമുണർത്താനാണു് അയാൾ വെയുന്നതു്. ഒരു വസ്തു മറ്റുള്ളവർക്കു് കാണിച്ചുകൊടുക്കാൻ കഴിയും. പക്ഷേ, താൻ കണ്ട അതേരൂപത്തിൽ കാണിച്ചുകൊടുക്കണം എന്നു വാശി പിടിച്ചാലോ? എന്തും തന്റെ ആത്മാവിൽനിന്നു പ്രസരിക്കുന്ന വർണ്ണപ്രകാശത്തിലെ കാണൂ എന്ന നിർബന്ധവും അയാൾക്കുണ്ടു്.[9] ഇവിടെ കാവ്യഭാഷ സാമാന്യനിയമങ്ങളെ ലംഘിയ്ക്കും. സ്വകാര്യബിംബങ്ങൾ സഹജമായ അവ്യക്തതയോടെ അണിനിരക്കുകയും ചെയ്യും. അനുഭവങ്ങളുടെ വ്യക്തിഗതമായ പ്രാതിസ്വികതയിലൂന്നുമ്പോൾ സംവേദനം കുറെയൊക്കെ ബാധിതമാകും എന്നു സാരം.

ബോധാബോധമനസ്സുകളുടെ അസന്തുലിതാവസ്ഥയാണു് കാല്പനികഭാവുകത്വത്തിന്നാധാരം. കാല്പനികത ഉപബോധമനസ്സിൽ നിന്നാണു് ഊർജ്ജം സംഭരിക്കുന്നതു്.[10] അന്തർമുഖമായ കാല്പനികചേതന, കർക്കശമായ ആത്മാന്വേഷണവും നടത്തുന്നു. ഈ ആത്മാന്വേഷണം പലപ്പോഴും ഉപബോധമനസ്സിലാവും ക്രേന്ദ്രീകൃതമാവുക. തന്നെ വ്യതിരിക്തനാക്കുന്നതു് സമൂഹത്തിന്റെ നിയന്ത്രണങ്ങൾക്കു വിധേയമായ ബോധമനസ്സല്ല. ബാഹ്യസ്പർശമൊന്നുമേല്ക്കാത്ത ഉപബോധമനസ്സിന്റെ ചോദനകളാണെന്നയാൾ അറിയുന്നു. അതുകൊണ്ടുതന്നെ അപസാമാന്യമായ വികാരങ്ങൾക്കു് പ്രാധാന്യം ലഭിക്കുന്നു. കവിയുടെ വ്യക്തിപ്രതിഷ്ഠാപന വ്യഗ്രത ശക്തമാകുമ്പോൾ ഉപബോധമനസ്സിന്റെ ചോദനകളോടുള്ള താത്പര്യവും ഏറും. പരപീഡനപരമോ ആത്മപീഡനപരമോ ആയ ഭാവങ്ങൾ കാല്പനിക കവിതയിൽ ആധിപത്യം സ്ഥാപിക്കുന്നതിങ്ങനെയാണു്. ആത്മാവിൽ നീറിപ്പിടിക്കുന്ന ഒരു തരം വിഷാദം, നിയന്ത്രണമായ മൃത്യുഭീതി, മരണത്തോടുള്ള അയുക്തികമായ അഭിനിവേശം, അശാമ്യമായ ഗൃഹാതുരത്വം, ശരാശരി മനുഷ്യനു് അപരിചിതമായ ഇത്തരം ഭാവങ്ങൾ കവിതയിലാവിഷ്കൃതമാവുമ്പോൾ സംവേദനം ബാധിതമായിത്തീരാം. അപസാമാന്യമായ ഭാവങ്ങളോട എല്ലാ അനുവാചകർക്കും ഒരുപോലെ തന്മയീഭവിയ്ക്കാൻ കഴിയണമെന്നില്ലല്ലോ. പരപീഡനരതിയുടെ ഹൃദ്യമായ ആവിഷ്കാരമെന്നു വിശേഷിപ്പിക്കാവുന്ന ചങ്ങമ്പുഴയുടെ ‘മോഹിനി’യോടു നല്ലൊരു സഹൃദയനായ സഞ്ജയൻ പ്രതികൂലമായി പ്രതികരിച്ചതു് ഇവിടെയോർക്കാം.[11]

കവിതയുടെ ശില്പചാതുരിയെക്കുറിച്ചോ പദരചനയെക്കുറിച്ചോ കലാപരമായ മികവിനെക്കുറിച്ചോ അദ്ദേഹത്തിനഭിപ്രായാന്തരമില്ല. പക്ഷേ, ആവിഷ്കൃതമായ ഭാവത്തോടു് തന്മയീഭവിക്കാൻ അദ്ദേഹത്തിനാവില്ല. അങ്ങനെ തന്മയീഭവിക്കുന്നതു് അപകടകരമാണെന്നുമദ്ദേഹത്തിനഭിപ്രായമുണ്ടു്. കവിതയുടെ അന്തർഭാവത്തിനു് നിരുപാധികം കീഴടങ്ങുന്നതിനുപകരം അതിനെ ചെറുത്തുനിൽക്കാൻ അനുവാചകഹൃദയം തയ്യാറാകുമ്പോൾ സംവേദനം ദുഷ്കരമാവുക സ്വാഭാവികമാണല്ലോ. ഇടപ്പള്ളി രാഘവൻപിള്ളയുടെ മരണത്തെ മാടിവിളിക്കുന്ന കവിതകൾക്കു പിന്നിലുള്ള ആത്മാർത്ഥത ആർക്കും നിഷേധിക്കാനാവാത്തതാണു്. ആ കവിതകളിൽ നീരന്ധ്രമായി നിറഞ്ഞുനിൽക്കുന്ന വിഷാദാത്മകത ആരെയും അഭിഭൂതരാക്കാൻ പോന്നതുമാണു്. പക്ഷേ, രുഗ്ണമായ ഈ ഭാവങ്ങളുടെ നേരെയും സഞ്ജയൻ ചെറുത്തു നിൽപ്പിന്റെ മനോഭാവമാണു് കൈക്കൊണ്ടതു്. ഇടപ്പള്ളിയുടെ അകാലചരമത്തിൽ അനുശോചിച്ചെഴുതിയ കുറിപ്പിൽപ്പോലും ഈ നിഷേധാത്മക മനോഭാവം പ്രകടമാണു് [12] കാല്പനിക കവിതയിലൂടെ മലയാള സാഹിത്യത്തിലേയ്ക്കു് സംഭ്രമിച്ച ഈ വിഷാദോപാസനയെക്കുറിച്ചു് ഡോ: കെ. ഭാസ്കരൻ നായരും അമർഷം കൊണ്ടിട്ടുണ്ടു്[13] അദ്ദേഹവും ഒരു ചെറുത്തുനില്പിനാണു് ആഹ്വാനം ചെയ്തതു്. ഉപബോധമനസ്സിന്റെ ഇരുണ്ട ഭാവങ്ങൾ കലർന്ന കാല്പനികകവിതയോടു് ചിന്താശീലരും ബഹിർമുഖരുമായ സഹൃദയർക്കു് സംവദിയ്ക്കാൻ ചിലപ്പോൾ ക്ലേശം നേരിടുമെന്നാണു് ഇതിൽനിന്നു ധരിക്കേണ്ടതു്.

ഭാവനയ്ക്കു കല്പിക്കുന്ന അമിതമായ പ്രാധാന്യം കാല്പനിക കവിതയുടെ പ്രാതിസ്വികതയാണെന്നു് സി. എം. ബൗറയെപ്പോലെ പലരും വാദിച്ചിട്ടുണ്ടു്.[14] വാസ്തവത്തിൽ ഭാവനയുടെ പ്രാധാന്യമല്ല, വൈയക്തിക ഭാവനയുടെ സ്വതന്ത്രവിഹാരമാണു് കാല്പനികതയുടെ പ്രത്യേകത. പ്രഖ്യാതമായ കാവ്യസങ്കേതങ്ങളേയും കാവ്യാനുശാസനങ്ങളേയും ലംഘിച്ചു് തികച്ചും നൂതനമായ ഒരു മായികപ്രപഞ്ചം സൃഷ്ടിക്കാനുള്ള വെമ്പൽ അതിന്റെ ഫലമാണു്. കഥാപാത്രങ്ങളെ നിർണ്ണയിക്കുന്നതും ഭാവനയാണു്. സംഭവങ്ങളെ കൂട്ടിയിണക്കുന്നതും അവയെ സവിശേഷമായ ഒരു പരിണതയിലെത്തിക്കുന്നതും ഭാവനതന്നെ. അനർഗ്ഗളമായ വികാരപ്രവാഹത്തിൽ, ഭാവനാസ്രഷ്ടമായ ഐന്ദ്രജാലികാന്തരീക്ഷത്തിൽ നിമഗ്നമായിപ്പോകുന്ന ഇതിവൃത്തത്തിന്റെ രൂപരേഖയേ ഉണ്ടാകൂ കാല്പനിക ആഖ്യാനകാവ്യങ്ങളിലെന്നും ഓർക്കണം. യുക്തിബോധത്തിന്റെ ഊന്നുവടി പുറത്തുവച്ചിട്ടേ ഭാവനയുടെ മായികാന്തരീക്ഷത്തിൽ അനുവാചകർ കടന്നുകൂടൂ. അവിടെ ഭാവന ശരിയെന്നു വിധിക്കുന്നതൊക്കെ ശരിയാണു്. യുക്ത്യധിഷ്ഠിതമായ ചോദ്യങ്ങൾക്കു പ്രസക്തിയോ സ്ഥാനമോ ഇല്ല. ആഖ്യാനാത്മകമായ കാല്പനിക കവിതകൾക്കു് ഇതിവൃത്തശൈഥില്യമുണ്ടാകുന്നതു് അതു കൊണ്ടാണു്. ഭാവനയുടെ മായികാന്തരീക്ഷത്തിൽ സ്വയം നഷ്ടപ്പെട്ടു് യുക്തിയുടെ നിശിതമായ ചോദ്യങ്ങൾ അവഗണിക്കാത്തവർക്കു് അത്തരം കാവ്യങ്ങളാസ്വദിക്കാൻ കഴിഞ്ഞെന്നുവരില്ല. കുമാരനാശാന്റെ നളിനിയിൽ ഈ അന്തരീക്ഷമുണ്ടു്. ഈ അന്തരീക്ഷത്തിനു വിധേയരാകുന്നതുകൊണ്ടാണു് ആത്മഹത്യചെയ്യാൻ പൊയ്കയിൽ ചാടിയ നളിനിയെ രക്ഷിക്കാൻ ആ നിമിഷംതന്നെ യോഗിനി എത്തിയതെങ്ങനെ എന്ന ചോദ്യം നാം ചോദിക്കാത്തതു്. അല്ലാതെ ടെലിപ്പതിയിൽ വിശ്വാസമുള്ളതുകൊണ്ടല്ല.[15] പ്രണയപരവശയായ ലീല ഒരു പ്രഭാതത്തിലുണരുമ്പോൾ ഭർത്താവു മരിച്ചുകിടിക്കുന്നതു കണ്ടു എന്ന കവിയുടെ പ്രസ്താവന യുക്തിയുടെ നിശിതഖഡ്ഗം കൊണ്ടു പോസ്റ്റുമോർട്ടം നടത്തി ലീലയെ കൊലപാതകിയാക്കിയ വിമർശകൻ ഈ കാല്പനികാന്തരീക്ഷത്തിനു് വിധേയനാകാൻ വിസമ്മതിക്കുകയായിരുന്നു.[16] ചന്ദ്രികാചർച്ചിതമായ ചമ്പകക്കാട്ടിൽ അണിഞ്ഞൊരിങ്ങിയിരിക്കുന്ന ലീലയെത്തേടി എങ്ങുനിന്നെന്നറിയാതെ ചമ്പകഗന്ധത്തിൽ ഒഴുകി വരുന്ന മദനൻ നമ്മെ ഞെട്ടിക്കാത്തതു് കാല്പനികമായ മായികാന്തരീക്ഷത്തിൽപ്പെട്ടു് നമ്മുടെ യുക്തിബോധത്തിന്റെ വായ്ത്തല മടങ്ങിപ്പോയതുകൊണ്ടാണു്. ചങ്ങമ്പുഴയുടെ അലോക സുഷമ വഹിക്കുന്ന ‘മനസ്വനി’ ഒരു പ്രഭാതത്തിൽ വസൂരിബാധിച്ചു് വികൃതസ്വരൂപിണിയായതിനു് കാവ്യപരമായ ഒരേ ഒരു നീതിയേയുള്ളു. അതു് കാല്പനിക ഭാവനയുടെ പരമാധികാരമല്ലാതെ മറ്റൊന്നുമല്ല. ഭാവനയുടെ ഈ അധീശത്വത്തെ അംഗീകരിക്കാത്ത അനുവാചകൻ സംവേദനം ദുഷ്കരമായിത്തീരുന്നു.

images/kunhiraman_nair.jpg
പി. കുഞ്ഞിരാമൻ നായർ

ഭാവനയോടു കാണിക്കുന്ന ഈ അമിതവിധേയത്വം ഭാവഗീതത്തിന്റെ ആന്തരഘടനയെ ധ്വംസിക്കുന്ന സന്ദർഭങ്ങളും കുറവല്ല. ഒന്നിനുപുറകേ ഒന്നായി തീവ്രവേഗത്തിലൊഴുകി വരുന്ന ബിംബങ്ങളേയും ബിംബകല്പനകളേയും വിവേചനം കൂടാതെ സ്വീകരിച്ചിരുത്താനുള്ള വെമ്പൽ കവിതയെ ശബളാഭമായ ഒരു കമ്പളമാക്കി മാറ്റും. ആകെക്കൂടി ശിഥിലസൗന്ദര്യങ്ങളുടെ അനുസ്യൂതമായ പ്രവാഹത്തെ പിടിച്ചുനിറുത്താൻ കവിയുടെ സർഗ്ഗശക്തിയുടെതന്നെ ഭാഗമായ വിമർശകബുദ്ധിക്കു് കഴിഞ്ഞില്ലെന്നുംവരും. അപ്പോൾ കവി ആവിഷ്കരിക്കാനാഗ്രഹിക്കുന്ന ഭാവത്തിന്റെ ഏകാഗ്രത നഷ്ടപ്പെടും. ആദ്യപാദത്തിലുദിച്ചുയരുന്ന ഭാവപ്രകാശം ഏതിലേയൊക്കെയോ സഞ്ചരിച്ചു് അനുദ്ദിഷ്ടമായ എവിടെയോ എത്തിച്ചേരുന്നു. വാക്കുകളുടെ സമൃദ്ധിപോലെ തന്നെ ബിംബങ്ങളുടെ സമൃദ്ധിയും അന്തർഭാവത്തിന്റെ സാന്ദ്രത നഷ്ടമാക്കും. ഈ പരിതഃസ്ഥിതിയിൽ കാല്പനികഭാവുകത്വം കൊണ്ടനുഗൃഹീതമായ സഹൃദയചേതസ്സിനും കവിതയുടെ അന്തർഭാവം അഖണ്ഡമായുൾക്കൊള്ളാൻ കഴിയാതെവരാം. പി. കുഞ്ഞിരാമൻ നായരുടെ അതിശബളതയാർന്ന നീണ്ട കവിതകൾ ഇതിനൊന്നാന്തരമുദാഹരണമാണു്. അവയുടെ ഭാവൈകാഗ്ര്യവും ഭാവ സാന്ദ്രതയും നഷ്ടമാകുന്നതു് വാവദൂകതയും കടിഞ്ഞാണില്ലാത്ത കല്പനാപ്രാവാഹവും കൊണ്ടാണല്ലോ.

ഭാവനയുടെ സർവ്വാധിപത്യം കാവ്യശൈലിയിൽ വരുത്തുന്ന മാറ്റവും പരിഗണനീയമാണു്. ക്ലാസ്സിക് കവി വാക്കുകൾ കൊണ്ടാണു് കവിതയെഴുതുന്നതു്. അർത്ഥചമത്കാരത്തിനു് അലങ്കാരങ്ങളുമണിയിക്കുന്നു. റൊമാന്റിക് കവിയാകട്ടെ ബിംബങ്ങളുടെ ഭാഷയാണു് സ്വീകരിക്കുന്നതു്. കാല്പനികകവി എന്തിനെയെങ്കിലുമനുകരിക്കുന്നില്ല. വ്യാഖ്യാനിക്കുന്നുമില്ല. സൃഷ്ടിക്കുകയാണു ചെയ്യുന്നതു്. ചമത്കൃതമായ ആശയമല്ല, അവ്യക്തസങ്കീർണ്ണമായ മാനസികാവസ്ഥയോ വികാരങ്ങളോ ആണു് അയാളാവിഷ്കരിക്കുന്നതു്. അതുകൊണ്ടുതന്നെ, ബിംബാത്മകഭാഷ സ്വീകരിക്കാൻ അയാൾ നിർബന്ധിതനാകുന്നു. ബിംബകല്പന ‘ഒരാവിഷ്കാരപ്രകാര’ത്തിന്റെ തലത്തിലേയ്ക്കുയരുമ്പോൾ സംവേദനത്തിന്റെ രീതി മാറുന്നു. ക്ലാസ്സിക് കവിതയിൽ വാക്കുകളിൽ നിന്നു് അന്വയക്ഷമമായ ഒരർത്ഥത്തിലെത്തുകയും അർത്ഥതലത്തിൽ നിന്നു് ഭാവധ്വനിയിലേക്കു് കടക്കുകയുമാണു് അനുവാചകമനസ്സു്. കാല്പനികകവിതയിൽ പലപ്പോഴും അന്വയിച്ചൊപ്പിക്കാവുന്ന വാച്യാർത്ഥമുണ്ടാവില്ല. വാച്യാർത്ഥം ഗ്രഹിച്ചതു കൊണ്ടുമാത്രം ഭാവതലത്തിൽ പ്രവേശം ലഭിക്കണമെന്നുമില്ല.

“ഇന്നലെരാത്രിയിൽ ഞാനൊരു പൂമൊട്ടിൻ മന്ദസ്മിതത്തിൽ കിടന്നുറങ്ങി”—ഇതേതെങ്കിലും കവിതയിൽ നിന്നടർത്തിയെടുത്ത ഈരടിയല്ല. സ്വയം പൂർണ്ണമായ കവിതയാണു്. ഇതിനൊരു വാച്യാർത്ഥമുണ്ടെങ്കിൽ അതു് ശുദ്ധമേ അസംബന്ധമാണു്; അയുക്തികമാണു്. പൂമൊട്ടു്, മന്ദസ്മിതം, രാത്രി, കിടന്നുറങ്ങി എന്നീ ബിംബങ്ങൾ ഏതെങ്കിലുമൊരാശയത്തെ വിശേഷിപ്പിക്കുകയല്ല. അനിർവചനീയമായ ഒരനുഭവം അനുവാചകരിലങ്കുരിപ്പിക്കുവാൻ ശ്രമിക്കുകയാണു്. ഈ ബിംബങ്ങൾ തമ്മിലുള്ള ജൈവബന്ധവും അനുവാചകരിലുളവാക്കുന്ന സമ്രഗ ഭാവപ്രതീതിയുമാണു് സംവേദനത്തിന്റെ സാഫല്യം. ഇവിടെ യുക്തിഭദ്രമായ ഒരാശയമോ അർത്ഥമോ അന്വേഷിക്കുന്ന അനുവാചകൻ നിരാശനാകുന്നു.

ധർമ്മസങ്കടത്തിന്റെ നടുവിൽനില്ക്കുന്ന ‘കാളി’കോലാന്റെ നിഷ്ഠൂരമായ വാക്കുകേട്ടു് ഞെട്ടിത്തെറിക്കുന്നു. അവളുടെ ആത്മവ്യഥ ശങ്കരക്കുറുപ്പു് ഇങ്ങനെ അവതരിപ്പിക്കുന്നു.

“കാളിവാക്കുകളുടെ നിഴലിൽക്കൂടിപ്പാളി-

പ്പാളി നോക്കിപ്പോയു് തനിച്ചങ്ങനെ കുറേദൂരം

നിഴലും, നിഴലിന്റെനിഴലുമതിൽത്തൊടും

നിഴലും—വളരുന്നു മേൽക്കുമേൽ

വാക്കോരോന്നും”

(മൂന്നരുവിയും ഒരു പുഴയും)

ഒറ്റയൊറ്റ വാക്കുകളുടെ അഭിധാർത്ഥമോ അവയുടെ സമന്വയത്തിൽ നിന്നുളവാകുന്ന കൂട്ടർത്ഥമോ നമ്മെ ഒരിടത്തുമെത്തിക്കുകയില്ലെന്നു തീർച്ച. മൂർത്തമായ ബിംബങ്ങളും ഇതിൽ ഏറെയില്ല. പക്ഷേ, ചലനാത്മകമായൊരു ചിത്രം ഇതിൽ നിന്നു് രൂപപ്പെടുന്നു. വാക്കുകൾ ചേർന്നുണ്ടാകുന്ന അഖണ്ഡമായ ഒരു കാവ്യബിംബത്തിന്റെ തീക്ഷ്ണ സ്പർശത്തിൽ ഉണർന്നെണിക്കുന്ന അനുവാചക ഹൃദയത്തിനേ അതിനോടു സംവദിക്കാൻ കഴിയൂ. ഈ ഹൃദയതാരള ്യമാണു് കാല്പനികത ആവശ്യപ്പെടുന്നതു്. അതിന്റെ അഭാവം സംവേദനം അസാധ്യമാക്കുകയും ചെയ്യും.

കാല്പനികകവിയായ വിക്ടർ ഹ്യൂഗോ ഭാഷയെ വ്യാകരണത്തിന്റെ കോയ്മയിൽനിന്നു് വിമോചിപ്പിക്കുമെന്നു് വീരവാദം മുഴക്കി. പദരചനയിൽ വ്യാകരണമോ പൂർവ്വനിശ്ചിത നിയമങ്ങളോ അല്ല ഭാവോദ്ദീപനക്ഷമതയാണു് അവർക്കു പ്രധാനം. കാവ്യോചിതമല്ലെന്നപേരിൽ പുറന്തള്ളപ്പെടുന്ന പല പദങ്ങളും ദാവോദ്ദീപകമായതുകൊണ്ടു് കാല്പനിക കവികൾ സ്വീകരിച്ചെന്നുവരും. നാടൻപദങ്ങളേയും ആഢ്യ പദങ്ങളേയും സ്വേച്ചാനുസരണം കൂട്ടികലർത്താനും അവർക്കു് കൂസലില്ല. സ്വകാര്യാനുഭവങ്ങളുടെ ആവിഷ്കരണത്തിനു് സ്വകാര്യമായ കാവ്യഭാഷ സൃഷ്ടിച്ചെടുക്കാനാണു് അവരുടെ ശ്രമം. ആത്മഭാവങ്ങളുടെ സമ്മർദ്ദമേറ്റ വാക്കുകൾക്കു് അർത്ഥങ്ങളും ഭാവച്ഛായകളും കൈവരുന്നു. വാക്കുകളുടെ ആർത്ഥികമായ സുനിശ്ചിതത്വത്തിലല്ല, അവയുടെ നാനാവിധമായ അർത്ഥസാധ്യതകളിലാണു് അവരുടെ നോട്ടമെത്തുന്നതു്. ഭാവുകത്വത്തിന്റെ സ്വഭാവമനുസരിച്ചു് ഭാഷയെ രൂപപ്പെടുത്താനുള്ള ഈ ശ്രമം ചിലപ്പോഴെങ്കിലും സംവേദനപരമായ പ്രശ്നങ്ങളുളവാക്കുന്നുണ്ടു്.

പ്രഭാതനക്ഷത്രത്തെ നോക്കി സാകൂതമായി ശങ്കരക്കുറുപ്പിന്റെ കാവ്യഭാവന ഇങ്ങനെ താക്കീതുചെയ്തു.

“വെമ്പുക! വിളറുക! വിറകൊള്ളുക നോക്കൂ

നിൻ പുരോഭാഗത്തതാ ധീരതേജസാം നാളെ”

ഈ വരികളെക്കുറിച്ചു് സുകുമാർ അഴീക്കോടു് പറയുന്നു: “വെമ്പുക, വിളറുക, വിറകൊള്ളുക” എന്ന ചങ്ങലപ്രയോഗത്തിന്റെ സാരസ്യം മനസ്സിലാകുന്നില്ല. നക്ഷത്രം വിളറുന്നതു മനസ്സിലാക്കാം. അതു വെമ്പുന്നതെങ്ങനെ? അതെങ്ങനെയായാലും വെമ്പലിന്റെ ഫലമല്ലേ വിറകൊള്ളൽ? രണ്ടും പ്രത്യേകമെടുത്തു കാണിക്കണമോ?[17] ഈ പ്രതികരണം കാവ്യഭാഷയോടു മാതമല്ല കാല്പനികഭാവുകത്വത്തോടുതന്നെയുള്ള വെല്ലുവിളിയാണു്. നിയോക്ലാസ്സിക് സാഹിത്യത്തിലെ നക്ഷത്രം ചിലപ്പോൾ വിളറിയെന്നുവരും, അതു് സാധാരണമായ ഒരു സ്ഥൂലദൃശ്യാനുഭവമാണല്ലോ. പക്ഷേ, കാല്പനിക കവിതയിലെ നക്ഷത്രം വെമ്പുകയും വിറകൊള്ളുകയും ചെയ്യും. കാരണം നിയോക്ലാസ്സിക് സാഹിത്യത്തിലെ പ്രകൃതിപോലെ നിർജ്ജീവമോ നിശ്ചലമോ അല്ല കാല്പനിക കവിതയിലെ പ്രകൃതി. അതു് ചൈതന്യഭാസുരമാണു്. കവിതയെപ്പോലെ തന്നെ, കവിഭാവനയുടെ സ്പർശമേല്ക്കുന്ന പ്രകൃതിവസ്തുവും വികാരംകൊള്ളും. അവിടെ നക്ഷത്രം സംഭീതിയുടെ വെമ്പൽ പ്രകടിപ്പിക്കും. ഭയന്നു വിറയ്ക്കുകയും ചെയ്യും. ഈ കവിതയിലെ ആദ്യത്തെ ഈരടിതന്നെ, നക്ഷത്രം എന്ന പദത്തിനു കവി വരുത്തുന്ന സ്വകാര്യമായ അർത്ഥഭേദം ധ്വനിപ്പിക്കുന്നുണ്ടു്.

“ജന്മസിദ്ധമാം പദം പുണ്യലബ്ധമെന്നോർത്തു

വന്മദം ഭാവിക്കുന്നോരുന്നത നക്ഷത്രമേ… ”

അർത്ഥസമ്പന്നതകൊണ്ടു് ഒരു പ്രതീകത്തിന്റെ തലത്തോളം ഉയരുന്ന നക്ഷത്രം വെമ്പിയാൽ മാത്രം പോര, വിറകൊള്ളുകയും വേണം. അല്ലെങ്കിൽ കവിതയുടെ സമഗ്രപ്രതീതിയ്ക്കു് കോട്ടംതട്ടും. വാക്കുകളുടെ അഭിധാർത്ഥത്തിനപ്പുറം മിഴിയെത്താത്ത, കാല്പനികമായ പദരചനയുടെ മൗലിക സ്വഭാവം തിരിച്ചറിയാത്ത നിയോക്ലാസ്സിക് ഭാവുകത്വത്തിനു മാത്രമേ മേലുദ്ധരിച്ചതരത്തിൽ ഒരുചോദ്യം ഉന്നയിക്കാനാവൂ.

ചങ്ങമ്പുഴയുടെ രമണനിലെ പദരചനയെക്കുറിച്ചു് പഠിക്കുമ്പോഴും, അഴീക്കോടു് ഇത്തരം പരാമർശങ്ങൾ നടത്തുന്നുണ്ടു്.

“കളകളം പെയ്തുപെയ്തങ്ങുമിങ്ങു-

മിളകിപ്പറക്കുന്ന പക്ഷികളും”

ഈ വരികളെക്കുറിച്ചദ്ദേഹം പറയുന്നു. “പറക്കുന്ന പക്ഷികൾ എന്നു മതി. ഇളകാതെ പറക്കാൻ വയ്യല്ലോ.”[18] പറക്കലും ഇളകിപ്പറക്കലും തമ്മിലുള്ള ഭാവപരമായ വൃത്യാസത്തിലാണു് കാല്പനിക പദരചനയുടെ മർമ്മമൊളിഞ്ഞിരിക്കുന്നതു്. പറക്കുക വെറുമൊരു ക്രിയയാണു്. ഇളകിപ്പറക്കലിൽ ഒരു വികാരം കൂടിയുണ്ടു്. ഇവിടെ ഇളകി എന്ന പ്രയോഗം ഉത്സാഹം എന്ന ഭാവം ധ്വനിപ്പിക്കുന്നു. അഭിധാർത്ഥത്തിന്നപ്പുറമായി ഇത്തരം ഭാവഛായകൾകൂടി ആവാഹിച്ചു് എടുക്കാനുള്ള കരുത്താണു് കാല്പനിക കാവ്യഭാഷയുടെ പ്രത്യേകത. ഇളകിപ്പറക്കലിലെ ഉത്സാഹപൂർണ്ണമായ ഊർജ്ജസ്വലത ഹൃദയം കൊണ്ടേറ്റുവാങ്ങാതെ, ഇത്തരം യുക്തിവാദം നടത്തുന്നവർക്കു് കാല്പനികകവിതയോടു് സംവദിക്കാനാവില്ല. വാസ്തവത്തിൽ കാല്പനിക കാവ്യഭാഷ സംവേദനത്തിനു തടസ്സമാകുന്നതു് ഇത്തരം മരവിച്ച ഭാവുകത്വത്തിന്നഭിമുഖീഭവിക്കുമ്പോഴാണു്.

കാല്പനിക ഭാവുകത്വത്തെ നിർണ്ണയിക്കുന്ന മൂല്യബോധത്തോടും പ്രവണതകളോടും പ്രതികരിയ്ക്കാൻ അനുവാചക ഹൃദയത്തിനു കഴിയാതെ വരുമ്പോഴാണു് സംവേദനം ബാധിതമാകുന്നതെന്നു് ഈ അന്വേഷണത്തിൽനിന്നു് വ്യക്തമായല്ലോ. കാല്പനികകവിതയിലെ ബിംബചിത്രങ്ങൾക്കു് സവിശേഷമായ ഒരു ഘടനയുണ്ടു്. കവിത തികച്ചും ബിംബ ചിത്രാത്മകമാണുതാനും. കാല്പനികകവിതയിലെ പദരചനയ്ക്കുമുണ്ടു് ഭാവുകത്വനിഷ്ഠമായ പ്രത്യേകതകൾ. അതുകൊണ്ടു് കാല്പനികകവിത പൂർണ്ണമായാസ്വദിക്കാൻ അനുവാചകനും കാല്പനിക ഭാവുകത്വമുണ്ടാവണം. അതിന്റെ അഭാവമാണു് സംവേദനവിഘ്നത്തിനു നിദാനം.

കുറിപ്പുകൾ

[1] “സൂക്ഷ്മാർത്ഥത്തിൽ ആശാനും വള്ളത്തോളും ഉള്ളൂരും കാല്പനിക കവികളല്ല. മലയാളകവിതയെ കാല്പനികത്വത്തിന്റെ പടിവാതിലിൽ എത്തിച്ചതേയുള്ളൂ അവർ.” എൻ. കൃഷ്ണപിള്ള, ഉള്ളൂരും മലയാളസാഹിത്യവും, കേരളസർവ്വകലാശാല പ്രസിദ്ധീകരണം, 1978, പുറം. 49.

[2] It is just individuality that is the primary and eternal element in man. To make a cult of the formation and development of this individuality would be a kind of divine egotism. F. Schlegal Quoted in Romanticism in perspective, Lilian R. Furst. Macmillan 1968, p. 321. An arrogant well-nigh megalomanic self-assertiveness is a dominant feature of German Romanticism. Ibid.P.68.

[3] രാജാങ്കണം, നാഷണൽ ബുക്സ്റ്റാൾ, 1978. പുറം-9.

[4] “ആകപ്പാടെ നായിക തികച്ചും സതീശബ്ദത്തെ അർഹിക്കുന്നവളല്ല” ഗ്രന്ഥവിചാരം, നാഷണൽ ബുക്സ്റ്റാൾ, 1958, പുറം-46.

[5] ആശാന്റെ സീതാകാവ്യം, സുകുമാർ അഴീക്കോടു്, നാഷണൽബുക്സ്റ്റാൾ.

[6] രണ്ടു സാഹിത്യപ്രസംഗങ്ങൾ, സാഹിത്യപരിഷത്തു്, 1108 വൃശ്ചികം, പുസ്തകം 1. ലക്കം 2.

[7] ഭാഷാനൈഷധംചമ്പു, അവതാരിക, നാഷണൽ ബുക്സ്റ്റാൾ, 1970, പുറം77.

[8] സാഹിത്യമഞ്ജൂഷിക, മംഗളോദയം, 1943.

[9] “Feeling projects a light-especially a coloured light on objects of sense, so that thing as Mill said are arranged in the colours and seen through the medium of the imagination set in action by the feeling”, M. H. Abrams, Mirror and the Lamp, p. 51.

[10] “For the Classical depends upon conscious mind the Romantic upon theunconscious J. B., priestly, Literature and the Western Man, Heinemann. p.116.

[11] ‘മോഹിനി’യുടെ ഹാസ്യാനുകരണമായി ‘മോഹിതൻ’ എന്ന കവിത പ്രസിദ്ധീകരിച്ചതോർക്കുക.

[12] സഞ്ജയൻ മൂന്നാം ഭാഗം, ‘വിഷാദാത്മകത്വത്തിന്റെ നേരെ’ എന്ന ലേഖനം, മാതൃഭൂമി പ്രസിദ്ധീകരണം, 1970.

[13] കലയും കാലവും, മാതൃഭൂമി, ‘പ്രസാദമോ വിഷാദമോ’ എന്ന അദ്ധ്യായം.

[14] “But the Romantic, Imagination is fundamental because they think that without it poetry is impossible. This belief in the imagination was part of the Contemporary belief in the individual self”. The Romantic imagination Oxford University paper Back. 1961, p. 13.

[15] കെ. എം. ഡാനിയൽ, നവചക്രവാളം നളിനിയിലുംമറ്റും, എസ്. പി. സി. എസ്, 1978, പുറം. 147.

[16] കുട്ടിക്കൃഷ്ണമാരാർ, ദന്തഗോപുരം, കറന്റ് ബുക്സ്, ആശാന്റെ ലീല. എന്ന അദ്ധ്യായം.

[17] ശങ്കരക്കുറുപ്പു് വിമർശിക്കപ്പെടുന്നു, കറന്റ് ബുക്സ് 1981, പുറം. 154.

[18] രമണനും മലയാളകവിതയും, കേപ്പീസ് പ്രസിദ്ധീകരണം, മൂന്നാം പതിപ്പു്, പുറം. 66.

ഡോ. ഡി. ബെഞ്ചമിൻ
images/dbenjamin.png

1948 സെപ്തംബര്‍ 2-നു് തിരുവനന്തപുരത്തു ജനിച്ചു. കവടിയാര്‍ സാല്‍വേഷനാര്‍മി ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കേരള സര്‍വകലാശാലയില്‍ നിന്നു് എം. എ. പിഎച്ച്. ഡി. ബിരുദങ്ങള്‍. കവിതാവിചാരം, ജിയുടെ ഭാവഗീതങ്ങള്‍ ഒരു പഠനം, കാവ്യാനുശീലനം, സാഹിത്യപഠനങ്ങള്‍, സാഹിതീയ പ്രതികരണങ്ങള്‍, അക്കാദമിക് വിമര്‍ശനവും മറ്റും, വിമര്‍ശപ്രബന്ധങ്ങള്‍, നോവല്‍ സാഹിത്യപഠനങ്ങള്‍, കാവ്യനിര്‍ദ്ധാരണം, സ്വാധീനതാപഠനങ്ങള്‍, ജി. ശങ്കരക്കുറുപ്പ്, ഇന്നിന്റെ ആകുലതകള്‍, കാല്പനികത മലയാള കവിതയില്‍ എന്നിവ പ്രധാന കൃതികള്‍.

കുമാരനാശാന്റെ കരുണ, ദുരവസ്ഥ, വീണപൂവു് എന്നീ കൃതികളുടെ വ്യാഖ്യാനം പഠനത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. “വീണപൂവ് വിജ്ഞാനകോശം” ഗൗതാബുക്സിനുവേണ്ടി എഡിറ്റു ചെയ്തു. ആധുനിക സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥത്തിലെ ‘കവിത’, ‘നവീനചെറുകഥ’ എന്നീ ഭാഗങ്ങള്‍ രചിച്ചു. സമാഹരിക്കപ്പെടാത്ത ഒട്ടേറെ വിമര്‍ശലേഖനങ്ങളുമുണ്ടു്.

Colophon

Title: Samvedanathinte prasnangal kalpanika kavithayil (ml: സംവേദനത്തിന്റെ പ്രശ്നങ്ങൾ കാല്പനിക കവിതയിൽ).

Author(s): D. Benjamin.

First publication details: Sayahna Foundation; Trivandrum, Kerala; 2022-06-07.

Deafult language: ml, Malayalam.

Keywords: Article, Benjamin, Samvedanathinte prasnangal kalpanika kavithayil, ബെഞ്ചമിൻ, സംവേദനത്തിന്റെ പ്രശ്നങ്ങൾ കാല്പനിക കവിതയിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Spring. High water, a painting by Isaac Levitan (1860–1900). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.