images/Raindrops_on_water.jpg
Raindrops on Water, a photograph by Leon Brooks .
ഒരു രാത്രിമഴയുടെ ഓർമ്മകൾ
ബിനീഷ് പിലാശ്ശേരി

കൊയിലാണ്ടി പ്രദേശത്തു നിന്നും വന്നതിനാൽ മൂപ്പരെ, ‘കൊയ്ലാണ്ടി’ എന്നാണു് ഗ്രാമത്തിലാകെ അറിയപ്പെട്ടിരുന്നതു്. പിന്നെയതു് ‘കുയ്ലാണ്ടി’യായി. ഞങ്ങൾക്കു് ‘കുയ്ലാണ്ടി പെയ്യപ്പനാ’ണു്. പെയ്യപ്പൻ എന്നു വെച്ചാൽ വല്യച്ഛൻ.

ആ കാലത്തൊക്കെ തേങ്ങയരച്ചു കൂട്ടാനുണ്ടാക്കുന്നതും വറവിടുന്നതും ദിവസവും ചായക്കടിയുണ്ടാക്കുന്നതുമൊക്കെ കുയ്ലാണ്ടി പെയ്യപ്പന്റെ വീട്ടിൽ മാത്രമാണു്. മാളുവല്യമ്മയുടെ കെെപ്പുണ്യം അസാധ്യമായിരുന്നു. കുറേ ഊട്ടിയിട്ടുണ്ടെന്നെ.

ന്യൂനൻ യാതൊരു കരുണയുമില്ലാതെ മർദ്ദിച്ചു കൊണ്ടേയിരിക്കുകയാണു്. നാലഞ്ചു ദിവസമായി.

മഴയത്തു്, അതും രാത്രിയിൽ, ഇറങ്ങി നടക്കുകയെന്നാൽ അത്ര സുഖമുള്ള ഏർപ്പാടൊന്നുമല്ല. പക്ഷേ, ഇറങ്ങാതിരിക്കാനാവില്ല. കർമ്മമാണു്; ധർമ്മവും.

ഏകദേശം ഒരു മണി കഴിഞ്ഞു കാണും. കുടയും ചൂടി റോഡുവക്കിലൂടെ നടക്കുകയാണു്. കെട്ടിടത്തിന്റെ വരാന്തയിലൊരു അനക്കം. അങ്ങോട്ടു ചെന്നു. വെളിച്ചക്കുറവുണ്ടെങ്കിലും കാണാം. വിശാലമായി മലർന്നു കിടക്കുകയാണു് ഒരു യുവാവു്. നെഞ്ചോളം വളർന്നു കിടക്കുന്ന താടി, വണ്ണിച്ച കൈകാലുകൾ. മുണ്ടാണു വേഷം. ആകെ മൊത്തം ഒരു ടിപ്പർ ഡ്രൈവറെന്നു തോന്നിപ്പിക്കുന്ന രൂപം.

എന്തെങ്കിലുമാവട്ടെ. നമുക്കു ശല്യമൊന്നുമില്ലല്ലോ എന്നു വിചാരിച്ചു് തിരിച്ചു നടക്കാൻ പുറപ്പെട്ടപ്പോഴാണതു കണ്ണിൽപ്പെട്ടതു്; ചവിട്ടുപടിയിൽ അലസമായി കമഴ്‌ന്നു കിടക്കുന്ന ചെരുപ്പുകളുടെ മറവിൽ ഒരു കെട്ടു് നോട്ട്.

ആകെ വെപ്രാളമായി. ഒരു നിമിഷം വീട്ടിലേക്കു് പാഞ്ഞു; ‘മനുഷ്യാ… മോന്റെ ടീച്ചറ് മെസേജ് വിട്ട്ണ്ട്. രെണ്ട് മാസത്തെ വണ്ടിക്കൂലി തന്ന്ല്ലാന്ന് പറഞ്ഞ്…’ മുതൽ, ഗ്യാസിന്റെയും കറണ്ടിന്റെയും EMI-യുടെയുമൊക്കെ കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു മറഞ്ഞു.

പണത്തെ ഒന്നു കൂടി നോക്കിയ ശേഷം അവിടെ നിന്നിറങ്ങി.

മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണതു്. കുയ്ലാണ്ടി പെയ്യപ്പന്റെ വീട്ടിലെ മേശയ്ക്കു മുകളിൽ ഒരു പുസ്തകം. തുറന്നു നോക്കി. റേഷൻ കാർഡാണു്. അകത്തു് പത്തു രൂപയുടെ രണ്ടു പുത്തൻ നോട്ടുകൾ. അതിൽ നിന്നു് ഒന്നെടുത്തു നിവർത്തി.

‘കുട്ടാ…, സായെ തായ്യേടി പൊക്കറാ…’

(‘കുട്ടാ…, ചായ കുട്ച്ച്ട്ട് പോയ്ക്കോടാ…’) പിൻമുറ്റത്തെ മണ്ണടുപ്പിന്റെ മുന്നിൽ കൊരണ്ടിപ്പലകയിൽ കുത്തിയിരുന്നു് ഓട്ടടയുണ്ടാക്കുന്ന മാളുവല്യമ്മ വിളിച്ചു പറയുന്നതു കേട്ടു. കുയ്ലാണ്ടി പെയ്യപ്പനുമുണ്ടു് ഒപ്പം.

ഞാൻ നിന്നില്ല; ഓടി…

പേമാരി കുറച്ചൊന്നു ശമിച്ചു. ഗജവീരന്മാരെ പോലെ കുലുങ്ങിയിളകി സാവധാനം നീങ്ങുന്ന സ്ലീപ്പർബസ്സുകൾക്കും കണ്ടയ്നർ ലോറികൾക്കും അരികിലൂടെ ഒരോന്നോർത്തു നടന്നു.

അഞ്ഞൂറിന്റെ നോട്ടാണു്. പത്തെണ്ണമെങ്കിലും ചുരുങ്ങിയതുണ്ടാവണം. ഫോണിന്റെ അവസ്ഥയോർത്തു. ആറു കൊല്ലമായി വാങ്ങിയിട്ടു്. പലവട്ടം വീണും മഴ നനഞ്ഞും മൃതപ്രായനായിട്ടുണ്ടു്.

‘ക’ എഴുതിയാൽ ‘യ’ എന്നും

‘ത’ എഴുതിയാൽ ‘2’ എന്നുമാണു് തെളിയാറ്.

ചെരുപ്പിന്റെ മറവിലെ അയ്യായിരത്തിൽ അത്ര തന്നെ സംഘടിപ്പിച്ചാൽ നല്ലതൊന്നു വാങ്ങാം… പക്ഷേ, ഈ പരവേശം., ഉള്ളിലെ കാളിച്ച, എന്തിനെന്നറിയാത്ത വെപ്രാളം…, അതു മാറുന്നില്ലല്ലോ!?

‘ന്നാ., ഒന്നൂടി തിന്നോ…’ മാളുവല്യമ്മ പിഞ്ഞാണത്തിലേക്കു് ഒരു ഓട്ടട കൂടി വെച്ചുതന്നു. തലേന്നത്തെ മീൻകറിയിൽ മുക്കി ഓട്ടടക്കഷ്ണം വായിലേക്കു വെക്കുമ്പോൾ കുഞ്ഞിക്കെെകൾ വിറച്ചു കാണും.

അന്നു രാത്രി ഉറക്കം വന്നില്ല. ഓലമേൽക്കൂരയ്ക്കു മുകളിൽ ന്യൂനനാണോ എന്നറിയില്ല, തകർത്തു പെയ്യുന്നുണ്ടായിരുന്നു.

മനസ്സു് അശാന്തമായി. ശൂന്യമായ വലതു ഭാഗത്തു നിന്നും ചുമരിലേക്കു തിരിഞ്ഞു കിടന്നു.

നടവഴിയുടെ വശങ്ങളിൽ കറ്റാർവാഴയോടു സാമ്യമുള്ള വലിയ പോളയിലകളുള്ള ആ ചെടിയിൽ മഴവെള്ളം വീഴരുതേ എന്നു പ്രാർത്ഥിച്ചു.

പിന്നെയെപ്പോഴോ ഉറങ്ങിപ്പോയി.

മഴയെപ്പോലെ പരവേശവും തീരെ ഒഴിഞ്ഞെന്നു തോന്നുന്നു. സമയം രണ്ടു കഴിഞ്ഞു. ആ കെട്ടിടവരാന്ത ലക്ഷ്യമാക്കി വീണ്ടും നടന്നു. ആളൊന്നു ചരിഞ്ഞിട്ടുണ്ടു്.

ചേട്ടാ… എന്നു് പല തവണ വിളിച്ചു. ഗംഭീരമായ കൂർക്കം വലിയല്ലാതെ ഭീകരനു് വലിയ അനക്കമൊന്നുമില്ല. നിലത്തു വീണ താടിക്കാടു മാത്രം ഇടയ്ക്കു് ഇളകുന്നുണ്ടു്. പടിഞ്ഞാറൻ കാറ്റു കൊണ്ടിട്ടാവാം.

പതുക്കെ കുനിഞ്ഞു് നോട്ടു കെട്ടെടുത്തു. അടുത്തു തന്നെ നിർത്തിയിട്ടിരുന്ന വണ്ടിയുടേതെന്നു തോന്നിയ ചാവിയും.

റോയൽ എൻഫീൽഡാണു്. ആൾക്കു ചേർന്ന വണ്ടി തന്നെ.

രണ്ടും ബാഗിലേക്കിട്ടു. പതുക്കെ നടന്നു.

ആ രാമഴയുടെ പിറ്റേന്നു് പോളച്ചെടികളെ ഉപദ്രവിച്ചതിനു കണക്കില്ല. അനേകം ചെടികൾക്കിടയിൽ ഏതിലാണതു വെച്ചതെന്നു മറന്നു പോയിരുന്നു.

ഏകദേശം ആ നാട്ടിൽ നിന്നു് ചുരം കയറും വരെയുള്ള രണ്ടു വർഷത്തോളം കാലം ആ തിരച്ചിൽ തുടർന്നു.

തേരട്ടയും ഒച്ചും ചിലയിനം പുഴുക്കുഞ്ഞുങ്ങളുമല്ലാതെ തിളക്കവും പിടപ്പുമുള്ള ആ പത്തു രൂപ മാത്രം കിട്ടിയില്ല.

കുറച്ചൊന്നു വിശ്രമിക്കാനായി അടുത്തുള്ള പീടിക വരാന്തയിലിരിക്കുമ്പോഴാണു് ഫോൺ റിങ് ചെയ്യുന്നതു്.

അതികായന്റെ കൂട്ടുകാരാണത്രെ. അവിടെ എഴുതി വെച്ച കുറിപ്പു് കണ്ടു വിളിച്ചതാണു്.

അവിടേക്കു നടന്നു.

അവർ രണ്ടു പേരുണ്ടു്. കൂറ്റനെ ഉണർത്താനും ഉയർത്താനുമുള്ള കഠിന പ്രയത്നത്തിലാണു്.

ചാവിയും പണവും കൊടുത്തു. അവരതു് എണ്ണി നോക്കുമ്പോൾ തന്നെ എന്നോടു്, ഭക്ഷണം കഴിച്ചോ എന്നു ചോദിച്ചു. കോഴിക്കോട്ടുകാരുടെ ഒരു സ്ഥിരം ശൈലിയാണതു്. വയറു നിറച്ചിട്ടേയുള്ളു അവർക്കു മറ്റെന്തും.

എണ്ണിത്തീർത്തപ്പോൾ അഞ്ഞൂറിന്റെ നാൽപ്പത്തെട്ടെണ്ണമുണ്ടു്. അതിലുണ്ടായിരുന്ന ബാക്കി പന്ത്രണ്ടെണ്ണമാണു് ഈ മലർന്നു ശയിക്കുന്നതെന്നു് അവർ പറഞ്ഞറിഞ്ഞു.

അവർക്കു കൈ കൊടുത്തു് ഇറങ്ങി നടന്നു.

കാലങ്ങൾക്കു ശേഷം ആ പോളയിലകൾക്കിടയിൽ നിന്നും ഒട്ടും നനയാത്ത, മുഷിയാത്ത, പത്തു രൂപ കയ്യിൽ തടഞ്ഞു. ആരുമറിയാതെ മേശപ്പുറത്തെ റേഷൻ കാർഡിനുള്ളിൽ ഞാനതു വെച്ചു. പിന്നെ പതുക്കെ നടന്നു. ഓടാൻ തോന്നുന്നില്ല.

പഴയ പോലെ അനിയന്ത്രിതമായ നെഞ്ചിടിപ്പില്ല, പരവേശമില്ല, കുറ്റബോധവുമില്ല.

പൊടിച്ചാറ്റലേറ്റു നടക്കുന്നതിനിടെ സമയം നോക്കാനായി ഫോണെടുത്തു. നീലയും ചുവപ്പും വരകൾ താഴോട്ടു വീണ ഡിസ്പ്ലെയും വക്കും മൂലയും പൊട്ടിപ്പൊളിഞ്ഞ സ്ക്രീനും എന്നെ നോക്കി പല്ലിളിക്കുന്ന പോലെ തോന്നി.

പിന്നിൽ നിന്നും കുയ്ലാണ്ടി പെയ്യപ്പന്റെ കൂടെയിരുന്നു് ചായക്കടിയുണ്ടാക്കുന്ന മാളുവല്യമ്മയുടെ വിളി കാതിൽ മുഴങ്ങി:

‘കുട്ടാ…, ചായ കുട്ച്ച്ട്ട് പോയ്ക്കോടാ…’

ബിനീഷ് പിലാശ്ശേരി
images/binish.jpg

1986-ൽ കോഴിക്കോട്, ഫറോക്കിലെ കൊടക്കല്ലുപറമ്പിൽ ജനനം. കോഴിക്കോടും തുടർന്നു്, വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുമായി സ്കൂൾപഠനം. നിലവിൽ കോഴിക്കോട്, കുന്ദമംഗലത്തിനടുത്തു് പിലാശ്ശേരിയിൽ സകുടുംബം സ്ഥിരതാമസം. ULCCS എന്ന കമ്പനിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു.

മാതാപിതാക്കൾ: ബാലൻ, തങ്കമണി.

ഭാര്യ: ജിഷ.

മകൻ: ശിവതേജ്.

Colophon

Title: Oru Rathrimazhayude Ormakal (ml: ഒരു രാത്രിമഴയുടെ ഓർമ്മകൾ).

Author(s): Bineesh Pilasseri.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, Bineesh Pilasseri, Oru Rathrimazhayude Ormakal, ബിനീഷ് പിലാശ്ശേരി, ഒരു രാത്രിമഴയുടെ ഓർമ്മകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 11, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Raindrops on Water, a photograph by Leon Brooks . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.