“ഇനക് റൂഹ് ബ്ബറ… ഹിമാർ… ഹിമാർ…!!”
ശത്രുവിനെക്കണ്ട സർപ്പത്തെപ്പോലെ അർബാബ് എന്നെ നോക്കി ചീറ്റുകയാണു്.
‘എന്താടാ… കാണിച്ചു വെച്ചിരിക്കുന്നതു് കഴുതേ… ആവില്ലെങ്കിൽ തുലഞ്ഞു പോ…’ എന്നൊക്കെയാണു് അർബാബ് പറയുന്നതു്.
പൊട്ടിയ പൈപ്പിൽ നിന്നും ഉയർന്നു പൊങ്ങിയ വെള്ളത്തിൽ നനഞ്ഞു കുതിർന്ന വസ്ത്രങ്ങളുമായി അർബാബിന്റെ മുന്നിൽ ഞാൻ ഒന്നും മിണ്ടാതെ, അനങ്ങാതെ, നിന്നു.
ഉള്ളിൽ ദേഷ്യവും സങ്കടവുമെല്ലാം തികട്ടി വരുന്നുണ്ടു്. പക്ഷേ, ഒന്നും നാവിലേക്കും കൈകളിലേക്കും പടരാതെ ഞാൻ ശ്രദ്ധിച്ചു.
കുറച്ചു മാറി വീണു കിടക്കുന്ന മുനകൾ കൂർത്ത കൈക്കോട്ടു കണ്ടപ്പോൾ എന്റെ മനസ്സു് കടലുകൾക്കപ്പുറത്തുള്ള ചതുപ്പുവയലോരത്തെ മൺപാതയിലൂടെ നടന്നു് ഇടവഴി കയറി ഓടുമേഞ്ഞ കൊച്ചു വീട്ടിലെത്തി…;
തെങ്ങുകൾക്കു് തടമെടുത്തു് ക്ഷീണിച്ചു് പുറംതിണ്ണയിൽ നീണ്ടു മലർന്നു് മയങ്ങുകയാണു് ഞാൻ.
‘തടിയാ… മാളൂനെ നോക്കണം…’ പാതി മയക്കത്തിൽ കണ്ണുകൾ തുറക്കാതെ ഞാൻ മൂളി. ഉച്ചവെയിലേറ്റതിന്റെ തളർച്ചയാവാം, വീണ്ടും മയങ്ങിപ്പോയി.
ഉറക്കത്തിലെപ്പോഴോ അമ്മയുടെ ആർപ്പുവിളി കേട്ടാണു് ഞെട്ടിയെഴുന്നേറ്റതു്. മാളുവിനെ കൈയിലെടുത്തു് ദേഷ്യത്തിൽ ചുവന്ന മുഖവുമായി ആർത്തു കരഞ്ഞു കൊണ്ടു് എന്തൊക്കെയോ പറഞ്ഞു് എന്നെ പ്രാകുകയാണമ്മ. കൈക്കുഞ്ഞു് ശ്വാസമെടുക്കാനാവാത്ത വിധം വിങ്ങിക്കരയുന്നു.
എനിക്കൊന്നും മനസ്സിലായില്ല.
ജ്യേഷ്ഠന്റെ ഭാര്യ ഓടിവന്നു് മാളുവിനെ അമ്മയുടെ കൈയിൽ നിന്നു വാങ്ങി ചീറ്റപ്പുലിയെപ്പോലെ എന്നെയൊന്നു നോക്കി. അവരുടെ കണ്ണുകളിലും കത്തുന്ന കോപം.
കാര്യമറിയാതെ ഞാൻ അന്ധാളിച്ചു നിന്നു.
‘ഈ തടിമാടനോ പോട്ടെ, അമ്മയും ശ്രദ്ധിച്ചില്ലേ…’ അവർ അമ്മയോടു് അത്തരത്തിൽ ഒച്ച വെക്കുന്നതു് ആദ്യമായാണു് കാണുന്നതു്.
‘ഞാനീ മടയനെ ഏൽപ്പിച്ചു് പോയതാണ്… പറ്റില്ലെങ്കി പറഞ്ഞാമ്മതിയാരുന്ന്… കൊറേ തടി ഉണ്ടായാമാത്രം പോരാ… കൊറച്ചൊക്കെ ബോധം വേണം മനുഷ്യനായാല്.’
കരയുന്ന കുഞ്ഞിന്റെ ദേഹമാസകലം പരിശോധിക്കുന്നതിനിടയിലാണു് അമ്മയതു് പറഞ്ഞതു്.
‘ണ്ടായ്ര്ന്ന കോഴീനെ മുഴുവൻ പിടിച്ചു് തിന്നു് തീർത്ത്… ഇപ്പൊ പട്ടാപ്പകല് മന്ഷ്യമ്മാരെ പിടിക്കാനെറങ്ങ്യേക്കാണ്… ന്ന്ട്ടും അയ്ന്റെ കലി അടങ്ങീട്ടില്ല… വിരിപ്പും വലിച്ചോണ്ടാണതു് വടക്കോട്ടോടീത്… ചാവാലിക്കുറുക്കൻ.’
മുഴുവനായല്ലെങ്കിലും, കാര്യങ്ങളുടെ ഏകദേശരൂപം പിടികിട്ടിയ ഞാൻ ധൃതിയിൽ വീടിന്റെ വടക്കു വശത്തുള്ള കിണറ്റിനടുത്തേക്കു് ചെന്നു. കിണറിനു കുറച്ചു് ദൂരത്തായി തൊടിയിലേക്കു് നോക്കിയപ്പോൾ കണ്ടു; ചാവാലിയൊന്നുമല്ല, തടിച്ചു കൊഴുത്തു് തവിട്ട്നിറത്തിലുള്ള കുറുക്കൻ. മാളു കിടന്നിരുന്ന പ്ലാസ്റ്റിക് വിരിയും മടക്കുകളാക്കി തലയ്ക്കടിയിൽ വെക്കാറുള്ള വെള്ളത്തുണിയും കടിച്ചു് കുതറുകയാണവൻ.
കാലടിയൊച്ച കേട്ടിട്ടാവണം, ഞാൻ വന്നതറിഞ്ഞതു്. കിണറിനടുത്തു നിൽക്കുന്ന എന്നെ ചുവന്ന കണ്ണുകൾ കൊണ്ടു് രൂക്ഷമായൊന്നു നോക്കിയ ശേഷം അവൻ വിരി കീറുന്ന പ്രവൃത്തി തുടർന്നു.
‘അല്ല മോളേ… കോലായില് കെടത്തി തടിയനെ ഏൽപ്പിച്ചു് ഞാനകത്തേക്കു് പോയതാ… കരച്ചില് കേട്ടു് നോക്കുമ്പം കുഞ്ഞിന്റെ അടുത്തു് കുറുക്കൻ… ഓടിപ്പോയി കുട്ടീനെ എടുത്തപ്പം കുഞ്ഞിനെ കിട്ടാത്ത ദേഷ്യത്തില് വിരിയും കടിച്ചോണ്ടു് ഓടി… തടിയനാണെങ്കി കൂർക്കംവലിച്ചൊറക്കോം.’
ഉമ്മറത്തു നിന്നുള്ള അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിലെ കനൻ തെളിഞ്ഞെരിഞ്ഞു. ഒറ്റക്കുറുക്കൻ അപകടകാരിയാണു്. കേട്ടറിയാം… പക്ഷേ, അമ്മയപ്പോൾ വന്നില്ലായിരുന്നെങ്കിൽ… വെള്ളത്തുണിയുടെ സ്ഥാനത്തു് മാളു…!
ഞാൻ നിലത്തു കൂടി കണ്ണു പായിച്ചു.
അതാ…, എന്റെ വലതു വശത്തായി അടുത്തു തന്നെ, വീടിന്റെ ചുമരിൽ ചാരി ഒരു വാക്കത്തി. പുറംപണിക്കെടുന്നതാണു്. മൂർച്ചക്കുറവു കാണും.
‘തടിയന്റെ ഏറ് കൊണ്ടു് ന്റെ മോന്റെ തല പൊട്ടി… ചോര വര്ണതു് കണ്ടോ…’
രാജന്റെ ചോരയൊലിക്കുന്ന മുഖം കാണിച്ചു് വീട്ടിൽ വന്നു് അവന്റെ അമ്മ പറഞ്ഞതാണു്. എട്ടാമതിലോ ഒമ്പതാം തരത്തിലോ പഠിക്കുമ്പോഴാണതു്. പതിവുപോലെ അന്നും കിട്ടി അമ്മയുടെ സമ്മാനം, ഇലയുഴിഞ്ഞെടുത്ത നീളൻ പുളിവടി കൊണ്ടു്.
തീരെ മെലിഞ്ഞ രാജന്റെയത്ര വേഗത തനിക്കില്ല, കളിയാക്കിപ്പാഞ്ഞ അവന്റെ പുറകെ ഓടാൻ. പന്തുകളിക്കുന്ന പാടത്തായതു കൊണ്ടു് തിരഞ്ഞിട്ടു് ഒന്നും കിട്ടിയില്ല. ഒടുക്കം, ‘വേണ്ട’ എന്നു കരുതി ഒഴിവാക്കിയതാണു്. കുറച്ചു ദൂരമെത്തിയപ്പോൾ അവനു് ധൈര്യം വർദ്ധിച്ചു. അവൻ വീണ്ടും ഉറക്കെ കളിയാക്കി. തെങ്ങിൻ ചുവട്ടിൽ നിന്നു കിട്ടിയ വെള്ളക്കയെടുത്തതും അവൻ പിന്നെയും ഓടി. ‘ഇനിയെന്നെക്കിട്ടില്ലാ…’ എന്നു കരുതിക്കാണും, പിന്നെയും അവൻ കളിയാക്കി വിളിച്ചു…:
‘നീ പോടാ… തടിയാ…’
പള്ളിക്കൂടത്തിലെ മികച്ച ഓട്ടക്കാരനായ അവന്റെ വേഗത എനിക്കു് മനപ്പാഠമാണു്. മച്ചിങ്ങയുടെ ഭാരവും അവന്റെ കാലിന്റെ ദിശയും വേഗവും അളന്നു തൂക്കി ഇടതുകൈ കൊണ്ടു് ഒരൊറ്റയേറ്… മഴവില്ലാകൃതിയിൽ വളഞ്ഞു്, പറന്നു് വെള്ളക്ക ചെന്നു കൊണ്ടതു് അവന്റെ തിരുനെറ്റിയുടെ തൊട്ടുമുകളിൽ. മുന്നിൽ നിന്നെറിഞ്ഞ പോലെ! തൊലിയടർന്ന വെള്ളക്കയതാ… നിലത്തു വീണപ്പോൾ രണ്ടു കഷ്ണങ്ങൾ!
പുളിവടി പിൻതുടകളിൽ ഒന്നിനു മീതെ പലതായി വരകളിട്ടപ്പോഴും, ‘തടിയാ…’ എന്നു വിളിച്ചു കളിയാക്കിയിട്ടാണെന്നു് ഞാൻ പറഞ്ഞില്ല, അച്ഛനോടും, അമ്മയോടും…, ആരോടും.
മറ്റൊരിക്കൽ, ‘തടിയൻ എടത്തേക്കൈയ്യനാ… ഉന്നം പെഴക്കൂല.’ മാനത്തോളം നീണ്ടുയർന്ന നാട്ടുതെങ്ങിൽ നിന്നും ഞാനെറിഞ്ഞു വീഴ്ത്തിയ കരിക്കുകൾ ഓരോന്നെടുത്തു് കൂർപ്പിച്ച വടി കൊണ്ടു് കുത്തിത്തുളച്ചു് വെള്ളം ഊറ്റിക്കുടിക്കുമ്പോൾ കൂട്ടുകാരിൽ ചിലർ രഹസ്യമായി പറഞ്ഞതാണു്. അന്നു്, ‘ഇവരെക്കൂടി പിണക്കിയാൽ ഇനി കൂട്ടുകാരായി ആരുമുണ്ടാവില്ലെ’ന്നു കരുതി കേൾക്കാത്തതു പോലെ നിന്നു. ഉള്ളിലുണർന്ന സങ്കടം അവിടെത്തന്നെയൊതുക്കി; എന്റെ കറുത്ത തടിക്കുള്ളിൽ.
പ്ലാസ്റ്റിക് വിരി കീറിപ്പറിച്ചു് തുണ്ടങ്ങളാക്കിയ ശേഷം മാളുവിന്റെ തലയിണത്തുണിയാണിപ്പോൾ കുറക്കൻ കടിച്ചു കുടയുന്നതു്.
ശ്രദ്ധമാറാതിരിക്കാൻ അവനെ മാത്രം നോക്കി പതുക്കെ വലത്തോട്ടു നീങ്ങി കുനിഞ്ഞതും അവനെന്നെക്കണ്ടു. കടിച്ചു പിടിച്ച തുണിയുമായി അവൻ പറമ്പിന്റെ കിഴക്കുഭാഗത്തേക്കു പാഞ്ഞു…
മറ്റെങ്ങും നോക്കാതെ അവന്റെ സഞ്ചാരദിശയും വേഗതയും ഞാൻ മനക്കണക്കു കൂട്ടി, എന്റെ ഇടതു കൈയ്യിലുടക്കിയ വാക്കത്തിയുടെ ഭാരവും.
ആഞ്ഞു വീശി ഒറ്റയേറ്…
അവന്റെ വേഗം വെച്ചു്, ഒന്നല്ല… ‘ഒന്നര മുഴം മുമ്പേ…’
തടമെടുത്തു പകുതിയാക്കിയ തെങ്ങിനടുത്തേക്കാണവന്റെ ഓട്ടം…, എന്റെ ഏറും.
അവന്റെ തല ലക്ഷ്യമായി കറങ്ങിക്കുതിച്ചുപറന്ന വാക്കത്തിക്കു് ചെത്തിപ്പൂത്തണ്ടും വാഴത്തൂമ്പും കാപ്പിത്തണ്ടുകളുമൊന്നും നേരിയ തടസ്സം പോലുമല്ലായിരുന്നു. അതിനെയൊക്കെ നിഷ്പ്രയാസം മുറിച്ചും ചതച്ചും കീറിയും കാറ്റിൽ പറപ്പിച്ചു കൊണ്ടു് വാക്കത്തി പാഞ്ഞു, ചക്രവാള് കണക്കെ.
എന്നാൽ…, എന്റെ ശിരസ്സിന്റെ വലതുകോണിൽ നിന്നുദിച്ച നിഗമനങ്ങളെ അപ്പാടെ തെറ്റിച്ചുകൊണ്ടു് തെങ്ങിന്റെ മറുഭാഗത്തു കൂടിയാണു് അവൻ ഓടിയതു്. അതു കൊണ്ടു്… അതുകൊണ്ടു മാത്രം തലയിണത്തുണിയടക്കം അവന്റെ വായ കീറി പല്ലറുക്കേണ്ടിയിയിരുന്ന കത്തിവായ്ത്തല തെങ്ങിൻതൊലിയെ വിലങ്ങനെ ചീന്തിപ്പൊളിച്ചു് മൂപ്പെത്തിയ കാതലിൽ തട്ടി തറച്ചു നിന്നു. ഒന്നുരണ്ടു് നൊടിയട അതിന്റെ പിടിയൊന്നു വിറച്ചുവെന്നു തോന്നുന്നു.
അപ്പോൾ തെങ്ങിൽനിന്നുയർന്ന ശീൽക്കാരം കാറ്റു കൊണ്ടോ അതോ… ശുശ്രൂഷകന്റെ കത്തിയേറു കൊണ്ടിട്ടോ…?
ഉമ്മറത്തു നിന്നും ഉയർന്നു കേട്ട മാളുവിന്റെ നിർത്താതെയുള്ള കരച്ചിൽ ഉള്ളിലെരിഞ്ഞ കോപക്കനലിനെ ആളിക്കത്തിച്ചു. മറ്റെല്ലാം ഞാൻ മറന്നു. ഉടുത്തിരുന്നതു് മുട്ടിനു് മുകളിലെത്തുന്ന മുഷിഞ്ഞൊരു തോർത്തുമുണ്ടാണു്.
തോർത്തുമുണ്ടു് കൗപീനച്ചരടിനു മുകളിലൂടെ ഒന്നു കൂടി വലിച്ചു മുറുക്കി കെട്ടി തൊടിയിലേക്കു ഞാൻ ചാടി.
അവന്റെ പുറകെത്തന്നെ ഓടി…
പറമ്പിന്റെ അതിരുകഴിഞ്ഞാൽ തോടാണു്. അതു കഴിഞ്ഞാൽ അങ്ങാടിയിൽ നിന്നു് പാറമടയിലേക്കുള്ള മൺപാത. അതിനപ്പുറം ആഴത്തിൽ ചളി പുതഞ്ഞ തണ്ണീർത്തടം.
അവൻ അതിരിനടുത്തെത്തിയിരിക്കുന്നു.
തെങ്ങിനടുത്തെത്തിയതും ഓട്ടത്തിനിടയ്ക്കു ഞാനറിയാതെ തന്നെ തൂമ്പത്താഴിൽ കൈപ്പത്തി പതിഞ്ഞു. ഒരു നൊടിയുടെ അംശം പോലും നിന്നില്ല, ഓടി…
തൊടിയിൽ എവിടെയൊക്കെ, എന്തൊക്കെ മരങ്ങളുണ്ടെന്നു് എനിക്കറിയാം, അവനെക്കാൾ. അതുകൊണ്ടു തന്നെ വേഗതക്കുറവു് എന്നെ ബാധിച്ചില്ലാ.
തലപ്പൊക്കത്തിലുള്ള ചെമ്പരത്തിക്കാടിനെ മുഖവും നെഞ്ചും കൊണ്ടു് വകഞ്ഞു മാറ്റി അതിരു കടന്നു. നടന്നു കടന്നാൽ നാലഞ്ചടി വെക്കേണ്ട തോട്ടിന്നക്കരെയെത്തിയ എന്റെ കാൽവിരലുകളിലൊന്നു പോലും ഒട്ടും നനഞ്ഞിട്ടില്ലായിരുന്നു.
രണ്ടാളാഴത്തിലാണു പാത. തിട്ടയിൽ നിന്നും മൺപാതയിലേക്കു ചാടിയപ്പോൾ ‘നിലമെത്തുന്നില്ലാ…’ എന്നു തോന്നി.
കാറ്റു തട്ടി തോർത്തുയർന്നിരിക്കാം…
എന്റെ പെരുങ്കാലുകൾ ഭൂമിയിൽ പതിയുംമുമ്പേ കുറച്ചു ദൂരെ, വലതുവശത്തായി ഞാനവനെ കണ്ടു; വിജനമായ പാതയുടെ നടുവിലിട്ടു് വെള്ളത്തുണി കടിച്ചു കുതറുകയാണവൻ.
അമ്മ പറഞ്ഞതു് വാസ്തവം തന്നെ; ‘അവന്റെ കലി അടങ്ങിയിട്ടില്ല…!’
അരിച്ചാക്കിന്റെ ഭാരമുള്ള ശരീരത്തെ താങ്ങി നിർത്തുന്ന വീട്ടിത്തൂണുകണക്കെയുള്ള കാലുകൾ, കരിങ്കല്ലുകയറ്റിയ ലോറിച്ചക്രങ്ങൾ ഉരുണ്ടുറച്ച ചെമ്മണ്ണിൽ പതിഞ്ഞപ്പോഴുണ്ടായ പ്രകമ്പനത്തിലൂടെ തിരിച്ചറിഞ്ഞിട്ടാവാം അവനെന്നെ തലയുയർത്തി നോക്കിയതു്.
അവിടം വരെ ഞാനെത്തുമെന്നു് അവനും പ്രതീക്ഷിച്ചില്ലായിരിക്കും, കടിച്ചു പിടിച്ച തുണി വിടാതെ അവൻ വീണ്ടും കുതിച്ചു പാഞ്ഞു.
‘ഭാഗ്യം… പാടത്തേക്കല്ല…!’ ആയിരുന്നെങ്കിൽ ഈ ശരീരവും വെച്ചു് ചളിക്കുണ്ടിൽ ഒന്നും ചെയ്യാനാവില്ലായിരുന്നു.
മാളുവിന്റെ തലയണത്തുണി നിലത്തിടാത്തതു കൊണ്ടാണെന്നു തോന്നുന്നു, അരിശമെനിക്കു് വീണ്ടും വീണ്ടും വർദ്ധിച്ചു. ‘ഓനെ കിട്ട്യേ പറ്റൂ…’ എന്ന നിശ്ചയത്തിൽ പുറകെ ഞാനും കുതിച്ചു, ഒട്ടും കിതയ്ക്കാതെ.
ഓടുന്നതു് വായനശാലയുടെ മുമ്പിലൂടെയാണെന്നും, റേഷൻകടയിൽ നീണ്ട നിരയാണെന്നും അച്ഛൻ ആ കൂട്ടത്തിലെവിടെയോ ഉണ്ടെന്നുമൊക്കെ ആരറിയാൻ…!
ഉടുത്തിരിക്കുന്ന തോർത്തു മുണ്ടിനു്, നേരെ നിൽക്കുമ്പോൾ കൂടി വണ്ണിച്ച കരിന്തുടകളെ മറയ്ക്കാനാവില്ല എന്നതുപോലും ഞാൻ മറന്നു പോയിരുന്നു.
പക മാത്രമാണുള്ളിൽ… ആകാശം മുട്ടെ ആളിക്കത്തുന്ന, തടിയന്റെ തീപ്പക…!!
ഇരുവശങ്ങളിലെ ആൾക്കൂട്ടങ്ങളിൽ നിന്നും ആരൊക്കെയോ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ടു്. ഒന്നും കേട്ടില്ല. ആരെയും കണ്ടില്ല.
കാണുന്നതു് നിലം തൊടാതെ ചെമ്പൊടി പാറ്റി പറക്കുന്ന നാലു കാലുകൾ മാത്രം…, ചെവിയിൽ അലയടിച്ചു കേൾക്കുന്നതു് മാളുവിന്റെ വിങ്ങിക്കൊണ്ടുള്ള കരച്ചിൽ, പിന്നെ… അമ്മയുടെ മുറവിളിയും…;
“തടിയനെ ഏൽപ്പിച്ചതായിരുന്നു…”
മുക്കവലയിലെ ആലിൻതറയ്ക്കടുത്തെത്തിയപ്പോൾ അവൻ ഒരു നിമിഷം ശങ്കിച്ചു നിന്നതായി തോന്നുന്നു; ‘ഇനി ഏതു വഴി…?’
ഒരേയൊരു നിമിഷം…
അവന്റെ ചോദ്യത്തിനുത്തരം തലച്ചോറിൽ നിന്നു് സിരകൾ വഴി കാലുകളിലേക്കെത്തും മുന്നേ… തൂമ്പയുടെ മൂടു് പതിഞ്ഞു് തല പൊട്ടി… തലയിണത്തുണി നിലത്തു വീണു. ഒന്നു മുരണ്ടെങ്കിലും ശൗര്യം ഒട്ടും വിടാതെ തിരിഞ്ഞു ചാടി എന്റെ നഗ്നമായ വലത്തേ തുടയിലെ ഉറച്ച പേശികളിലേക്കു് അസ്ഥിയടക്കം അടർത്തിയെടുക്കാനെന്ന പോലെ, കൂർത്തു നീണ്ട കോമ്പല്ലുകളമർത്താനൊരു ശ്രമമവൻ നടത്തി…
രണ്ടരയടി പുറകോട്ടു നീങ്ങുമ്പോൾ തന്നെ തൂമ്പത്താഴിൽ ഇടതുകൈ മുന്നിലും മറുകൈ പുറകിലും പിടിച്ചു്, നട്ടെല്ലോളം പിൻവലിച്ചു് ആഞ്ഞു വീശി ഒരൊറ്റയടി… ക്രൗര്യത്തോടെ ചുവന്നു കത്തിയിരുന്ന അവന്റെ വലത്തേക്കണ്ണു് പുറത്തേക്കു തള്ളി… കൂടെ, മേൽത്താടിയിലെ മൂന്നുനാലു പല്ലുകൾ കൊഴുത്ത ചോരയടക്കം പൊടിമണ്ണിൽ.
ഒന്നു നിന്ന അവൻ, ഒറ്റക്കണ്ണു കൊണ്ടു് എന്നെ നോക്കാനായി തലയുയർത്തിയതും മൂന്നാമത്തെ അടി നെറുകയിൽ… മണ്ണിലേക്കു് പതിയും മുമ്പേ ആ ഊളരാക്ഷസന്റെ തലച്ചോർ പുറത്തു ചാടി… നാവു നീണ്ടു…
പിന്നെയവൻ ശബ്ദമുണ്ടാക്കിയില്ല… അനങ്ങിയില്ല.
പിഞ്ഞിക്കീറിയ മാളുവിന്റെ തലയിണത്തുണി ചുടുചോര കൊണ്ടു ചുവന്നു. ചുണ്ണാമ്പു പൂശിയ ആൽതറയുടെ വശങ്ങളിൽ മുറുക്കിത്തുപ്പിയ കണക്കെ ചോരത്തുള്ളികൾ തെറിച്ചു വീണു.
ദാഹമായിരുന്നു…; എന്റെ മാളുവിനെ കടിച്ചു കീറാൻ വന്നവനോടുള്ള പ്രതികാരദാഹം…
അതോ…,
കോപമായിരുന്നോ… ‘തടിയൻ…’ എന്നു വിളിപ്പേരിട്ടവരോടുള്ള അടങ്ങാത്ത കോപം…!!?
വലത്തേ തോളിൽ ശത്രുജഡവും ഇടംകൈയിൽ തൂമ്പയുമായി അങ്ങാടിയിലൂടെ തിരിച്ചു നടക്കുമ്പൊഴും ഞാൻ ആരെയും ശ്രദ്ധിച്ചില്ല.
കാടന്റെ നാക്കിൽ നിന്നുറ്റിവീഴുന്ന രക്തത്തുള്ളികൾ എന്റെ കാലടിയെ പിൻതുടർന്നിരിക്കാം.
തെക്കു വശത്തെ അതിരിനോടു ചേർന്നു്, തിരിച്ചറിയാനാവാത്ത തലയോടെ ചുവന്ന തുണിയടക്കം അവനെ കുഴിയിലിട്ടു. കുഴിയിൽ പാതി മണ്ണിട്ടു്, അടിവേരോടെ പിഴുതെടുത്ത സാമാന്യം വലിയ പ്ലാവിൻതൈ നാട്ടി കുഴി മൂടി.
രാജന്റെ അമ്മയുടെതടക്കം, നാട്ടുകാരുടെ അനേകം കണ്ണുകൾ പറമ്പിന്റെ അതിർത്തികൾക്കപ്പുറത്തു നിന്നു് ഭീതിയോടെ ഉരുണ്ടു കളിക്കുന്നതു് കാപ്പിച്ചെടിയിലകൾക്കിടയിലൂടെ അപ്പോൾ മാത്രമാണു് കണ്ടതു്. വീടിന്റെ ജാലക അഴികൾക്കിടയിലും കണ്ടു, പേടിച്ചരണ്ട നാലു് ഉണ്ടക്കണ്ണുകൾ.
പറമ്പിൽ നിന്നും മുറ്റത്തേക്കു കയറുമ്പോൾ കരച്ചിലില്ല, പ്രാക്കില്ല, ചീറ്റപ്പുലികളുടെ നോട്ടമില്ല, എന്തിനുമേതിനും അകത്തളത്തു നിന്നുയരുന്ന ‘തടിയാ…’ എന്ന വിളികളുമില്ല.…
തികച്ചും ശാന്തം.
അകത്തു നിന്നു് മാളുവിന്റെ കളിചിരി മാത്രം ഉയർന്നു കേൾക്കാം.
കിണറ്റിൻകരയിൽ ചെന്നു് കവുങ്ങിൻപാളയിൽ കോരിയെടുത്ത തണുത്ത വെള്ളം ഉച്ചിയിൽ വീഴ്ത്തിയപ്പോൾ മുഖത്തും നെഞ്ചിലും തുടകളിലും പോറിയ മുറിവുകളിൽ വല്ലാത്ത നീറ്റൽ……; ‘കാപ്പിമരങ്ങളുടെയും ചെമ്പരത്തിയുടെയും കമ്പുകളുമേറ്റു മുറിവേറ്റതാവാം.’
‘ഹാ…!’
നീറുമ്പോൾ എന്തെന്നില്ലാത്ത മനഃസ്സുഖം…
ഈറൻ മാറി വന്ന ചെറിയച്ഛന്റെ കറുത്ത, തടിച്ചുരുണ്ട, കൈകളിലേക്കു് മാളുവിനെ നൽകുമ്പോൾ അവളുടെ അമ്മയുടെ കൈകളൊന്നു വിറച്ചുവോ…? ഒരു സംശയം. ഉണ്ടാവാം; മടയനായ…, ഇപ്പോൾ ക്രൂരനുമായ തടിയന്റെ കൈകളിലേക്കാണല്ലോ അച്ഛനില്ലാത്ത തന്റെ മകളെ ഏൽപ്പിക്കുന്നതെന്നു് തോന്നിക്കാണുമവർക്കു്.
ഒന്നേമുക്കാൽ ചാൺ വട്ടത്തിലുള്ള, ‘തടിയന്റെ ഓട്ടുപിഞ്ഞാണ’ത്തിൽ കുത്തരിച്ചോറു് കൂമ്പാരമായി വിളമ്പുമ്പോൾ അമ്മയുടെ വെളുത്ത കൈകൾ പിശുക്കു കാണിച്ചില്ല അന്നു്, അല്ല…—അന്നു മുതൽ.
പൂർത്തിയാവാത്ത തടമെടുപ്പു് തുടരാൻ പിറ്റെന്നാൾ തൂമ്പയെടുക്കുമ്പോഴാണു് അതിൽ പറ്റിയ നാൽക്കാലിച്ചോരയുടെ കറയും മണവും പോയിട്ടില്ലെന്നറിഞ്ഞതു്.
“…സുറാ ശീൽ ശുകൂൽ… മുക്മാഫി…!!”
‘എങ്ങോട്ടാടാ നോക്കുന്നതു്… വേഗം പണി തീർക്കാൻ നോക്കു്… വിഡ്ഡീ…!!’
അർബാബിന്റെ ചീത്തവിളി ചോരക്കറ മണമുള്ള എന്റെ ഓർമ്മകളെ തോട്ടുവെള്ളത്തിൽ കഴുകിക്കളഞ്ഞു, തൂമ്പത്തലയിലേതെന്ന പോലെ.
ഞാനാ മൂർച്ചയേറിയ മുനകളുള്ള അറബിക്കൈകോട്ടിലേക്കു തന്നെ നോക്കി നിൽക്കുകയാണു്.
“ഹിമാർ… ഹിമാർ…”
കൈക്കോട്ടിൽ നിന്നും ശ്രദ്ധമാറ്റി പുലമ്പിക്കൊണ്ടിരിക്കുന്ന അർബാബിന്റെ മുഖത്തേക്കു് ഒറ്റ വട്ടമേ നോക്കിയൊള്ളു, അയാളുടെ കാലുകൾ അല്പം പിന്നോട്ടു് നീങ്ങി. ഒരിക്കലും ചിരിക്കാത്ത കറുത്തു് പൊക്കം കുറഞ്ഞ എന്റെ അർബാബിന്റെ കോങ്കണ്ണുകളിൽ ഭയത്തിന്റെ നേർത്ത നിഴലുകളോ…!!?
ഞാൻ മുന്നോട്ടു നീങ്ങിച്ചെന്നു് കൈക്കോട്ടെടുത്തു.
യജമാനന്റെ നാലാം ഭാര്യയുടെ മാളികമുറ്റത്തു് പുതിയ തരം പൂച്ചെടികൾ നടാനായി മണൽതരി കലർന്ന ഉറച്ചമണ്ണു് കിളച്ചു മറിച്ചു. അബദ്ധത്തിൽ പൊട്ടിയ പൈപ്പു് ഒട്ടിച്ചു ശരിയാക്കി.
കൈ രണ്ടും പുറകിൽ കെട്ടി മൗനിയായി തിരിച്ചു നടക്കുന്ന അർബാബിനെക്കണ്ടപ്പോൾ ചിന്തിച്ചു: ‘സത്യത്തിൽ അർബാബ് ഒരു പാവമാണു്. ഇത്രയൊക്കെ ചെയ്തിട്ടും അയാളെന്നെ ‘തടിയാ…’ എന്നു മാത്രം വിളിച്ചില്ലല്ലോ!
എന്റെ അർബാബ് എത്ര നല്ലവൻ!!’.
1986-ൽ കോഴിക്കോട്, ഫറോക്കിലെ കൊടക്കല്ലുപറമ്പിൽ ജനനം. കോഴിക്കോടും തുടർന്നു്, വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുമായി സ്കൂൾപഠനം. നിലവിൽ കോഴിക്കോട്, കുന്ദമംഗലത്തിനടുത്തു് പിലാശ്ശേരിയിൽ സകുടുംബം സ്ഥിരതാമസം. ULCCS എന്ന കമ്പനിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു.
മാതാപിതാക്കൾ: ബാലൻ, തങ്കമണി.
ഭാര്യ: ജിഷ.
മകൻ: ശിവതേജ്.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.