തോളത്തു കൈയിടാൻ ഒന്നേന്തി വലിയണമായിരുന്നു, നാസറിന്റെയും നൗഷാദിന്റെയും.
നൗഷാദിന്റെ ഉപ്പയ്ക്കു് ചെറിയൊരു ‘മെസ്സു’ണ്ടു് കല്ലുവയലിൽ. അവനവിടുന്നു് വല്ലതും കഴിച്ചിട്ടാണു് വരിക.
പതിനൊന്നരയുടെ ഇന്റർവെല്ലിനു് എല്ലാവരും മറ്റു കാര്യങ്ങളിലേക്കു പോവുമ്പോൾ ഞങ്ങൾ മൂന്നാളും വച്ചു പിടിക്കും, ‘അമ്മ’ ഹോട്ടലിലേക്കു്. കൃത്യമായി ഓർമ്മയില്ല, രണ്ടോ രണ്ടരയോ രൂപയാണന്നു് പൊറോട്ടയൊന്നിനു്.
നൗഷാദിനു് ഒന്നു മതി. രണ്ടെണ്ണമാണു് എന്റെ കണക്കു്. നാസറിൻെ പ്ലെയ്റ്റിലേക്കോ മുഖത്തേക്കോ കുറച്ചു നേരം നോക്കിയിരുന്നാൽ ചിലപ്പോഴതു് മൂന്നാവും. മുതലാളി അവനാണു്. മുതലാളിക്കു് ചുരുങ്ങിയതു് അഞ്ചെണ്ണമെങ്കിലും വേണം.
ഒരുച്ചയ്ക്കു് ഗ്രൗണ്ടിലൂടെ നടക്കുമ്പോൾ പുത്തൻകുന്നിലെ ബിനുവാണു് പറഞ്ഞതു്: ‘ടാ…, യ്യ് നാസർന്റെ കയ്യിത്തെ തയമ്പ് കണ്ട്ട്ട്-ണ്ടോ!?’…
ഇഷ്ടമുണ്ടായിട്ടല്ല, ഉയരപ്രകാരം ഇരുത്തുന്നതിനാൽ മുൻബെഞ്ചിലെ റിനാജിന്റെ തൊട്ടടുത്താണു് ഞാൻ. ‘കുള്ളാ…’ വിളിയിൽ നിന്നു് തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെടാൻ സഹായിച്ചതു് അവനാണു്; അബ്ദുൾ റിനാജ്.
ഓരോ പിരീഡിനുള്ളിലെയും അയ്യഞ്ചു മിനിറ്റിലും അദ്ധ്യാപകർക്കുണ്ടാവുന്ന സംശയങ്ങൾ തീർക്കാൻ എന്നോടവർ കെഞ്ചും. ‘പാവങ്ങൾ…’ ഡെസ്ക്കുയർത്തി മുന്നോട്ടു നീക്കി റിനാജിന്റെയിലൂടെ ഇറങ്ങി ബോർഡിൽ ഉത്തരമെഴുതിക്കൊടുക്കും. പൂർണ്ണതൃപ്തിയോ അതോ അസൂയയാലോ എന്നറിയില്ല, മാഷുമാർ എന്നെ കവാടത്തിന്റെ കാവലാളാക്കി നിർത്തും.
സംശയനിവാരണത്തിനായി ഇറങ്ങുമ്പോഴൊക്കെ റിനാജിന്റെ കാലുകളിൽ ചവിട്ടാതെ വയ്യ, ഒരു മനസ്സുഖം. അവനല്പം പഠിക്കുന്ന കൂട്ടത്തിലാണു്. അങ്ങനെയുള്ളവരോടെനിക്കു് ചെറിയൊരു താൽപര്യക്കുറവുണ്ടു്, പണ്ടേ.
അധ്യാപകരില്ലാത്ത സമയങ്ങളിൽ എന്റെ പോക്കുവരവു് കൂടും; റിനാജിന്റെ കാലുകൾക്കുള്ള ചവിട്ടും. അതുകൊണ്ടാവാം… എന്നെയവനു് ഭയങ്കര ഇഷ്ടമാണു്. ‘പട്ച്ചോനേ… ഇതിനെ ഒന്നിവ്ട്ന്ന് മാറ്റിത്തരണേ…’ അവന്റെ ദുആ അതായിരിക്കാം.
അന്നു് പിൻബെഞ്ചിലിരുന്നു് ‘സാഗറി’ൽ വന്ന ഒരു തമിഴ് പടത്തിന്റെ കഥ പറയുമ്പോഴാണു് ഞാനാ കൈയിൽ തൊട്ടു നോക്കുന്നതു്…, ഞാനതിൽ കുറച്ചു സമയം ഉഴിഞ്ഞു. ഒരു മുതിർന്ന കൽപ്പണിക്കാരന്റെ കണക്കിൽ തഴമ്പിച്ച, പരുപരുത്ത കൈത്തലം. ‘വീട്ടിന്റെട്ത്ത് ചായപ്പീട്യേലേക്ക് കാവില് വെള്ളം കൊണ്ടുക്കൊടുക്കും…’ ഞാനായതിനാലാവാം താൽപര്യമില്ലാഞ്ഞിട്ടും നാസർ പതുക്കെ പറഞ്ഞു.
മുളങ്കോലിന്റെ രണ്ടറ്റത്തും ഓരോ എണ്ണ‘ട്ടിന്ന്’ കെട്ടിത്തൂക്കി തോളത്തിട്ടു് ഹോട്ടലുകളിലേക്കുള്ള വെള്ളമെത്തിക്കുന്നതു് ഞങ്ങളുടെ ‘സാഗറ’ങ്ങാടിയിൽ കൃഷ്ണേട്ടനാണു്. ‘കാവ്’ എന്നാണതിനു പറയുക. നന്നേ കറുത്തു മെലിഞ്ഞ, ഊശാൻതാടിയും വൈക്കോൽ കൂന കണക്കെ മുടിയുമുള്ള കൃഷ്ണേട്ടൻ കാവുമായി ധൃതി പിടിച്ചു് ഓടുന്നതു കാണാം സാഗറിൽ സിനിമ മാറുന്ന ദിവസങ്ങളിൽ.
പിന്നെ ഞാൻ നാസറിനോടു് അധികം മിണ്ടിയില്ല.
അമ്മ എന്തെങ്കിലും സഹായത്തിനു വിളിച്ചാൽ ദൈവങ്ങളെയടക്കം ഈ ഗതി വരുത്തിയവരെയൊക്കെ പ്രാകിക്കൊണ്ടാണു് പോവാറ്.
സ്കൂളില്ലാത്ത ഒരു ദിവസം പാൽഞണ്ടു് പിടിക്കാൻ അനിയന്മാരുമൊത്തു് പാടത്തിറങ്ങിയതാണു്. പത്തിരുപതു പോത്തുകളെയും മേയ്ച്ചു് ഒരാൾ ദൂരെ നിന്നും വരുന്നു. അയാൾ എന്നെ നോക്കി കൈയുയർത്തിക്കാണിച്ചു.
‘പണ്ടു് കൂടെപ്പഠിച്ച ഭാസ്കരേട്ടനോ ശങ്കരേട്ടനോ ആവും…’ അനിയന്മാർ വക അവഹേളനം. സഹിക്കാതെ നിവൃത്തിയില്ലാ…; അമ്മയുമായി വഴക്കിട്ടു് രാപ്പകലുകളിൽ കാപ്പിത്തോട്ടത്തിലിരിക്കുമ്പോൾ ചായക്കടിയും ചോറുമൊക്കെ ഒളിപ്പിച്ചു കൊണ്ടുത്തരുന്നതവരാണു്.
കാർനിഴൽ പോലെ പാടത്തു കൂടി കാലിക്കൂട്ടം അടുത്തെത്തി. അപ്പോഴാണു് ഇടയനെ ശ്രദ്ധിച്ചതു്: ചളിയിൽ മുങ്ങിയ തോർത്തുമുടുത്തു്, ഒരു തുണിച്ചീന്തു് തലയിലും ചുറ്റി, കൈയിലൊരു കുറുന്തോട്ടിച്ചുള്ളിയുമായി ചെറിയ വായ്ക്കകത്തെ നിരയൊത്ത പല്ലുകൾ കാണിച്ചു് അയാൾ…,
അല്ല, അവൻ ചിരിച്ചുകൊണ്ടു് വരുന്നു, നാസർ…
‘നിനക്കൊക്കെ വല്ല പോത്തിനേം മേയ്ക്കാൻ പൊയ്ക്കൂടെ…’ പുറംചട്ടയും ആദ്യാവസാന പേജുകളുമെല്ലാമടർന്ന ടെക്സ്റ്റു പുസ്തകത്താൽ മുഖം മറച്ചു് തല കുനിച്ചു നിൽക്കുന്ന നാസറിനോടു് ടീച്ചർ പറഞ്ഞതു് ആ സമയം എന്റെ കാതുകളിൽ മുഴങ്ങി.
ആ ഏഴാം ക്ലാസുകാരൻ അത്ര കാലം രഹസ്യമാക്കി വച്ച ഒന്നായിരുന്നു ആ ഇടയവൃത്തി.
പിറ്റേന്നു് രണ്ടാം പിരീഡു കഴിഞ്ഞുള്ള ബെല്ലടിച്ചു. പതിവു തെറ്റിക്കാതെ ആ തിങ്കളാഴ്ചയും നൗഷാദ് അവധിയാണു്. എന്നത്തെയും പോലെ നാസർ വിറളി പിടിച്ചു് ഓടി.
അടുത്ത ബെല്ലടിച്ചതും കുട്ടികളോരോരുത്തരായി ക്ലാസിലേക്കു കയറാൻ തുടങ്ങി. ക്ലാസിലേക്കു കയറിയ റിനാജ് കുറച്ചത്ഭുതത്തോടെ എന്നെ നോക്കി, ‘ഇച്ചെങ്ങായ്ക്കെന്ത് പറ്റി!’ എന്ന ഭാവം.
അമിതമായ ആരോഗ്യവും പൊക്കവും കാരണം ഡെസ്കിൽ പിടിച്ചു്, വലിച്ചു്, തൂങ്ങി… അടുപ്പിക്കുന്നതിനു മുമ്പു് അവസാനമായി അവൻ ചോദിച്ചു: ‘ഇനിയ്യി പൊർത്തേക്ക് പോവ്ണ്ടോ…?’
‘ഇല്ല.’
ക്ലാസ്സിൽ ഞാനാദ്യമായി ശരിയുത്തരം പറഞ്ഞു.
‘ഹാവൂ…!’ എന്നു് നിശ്വസിച്ചു് ഭടൻ കോട്ടവാതിൽ വലിച്ചിഴച്ചടച്ചു.
ടീച്ചറിനു തൊട്ടു മുന്നിലായി നാസറും ക്ലാസ്സിലേക്കു കയറി. എന്നെയൊന്നു് ഇരുത്തി നോക്കിയ ശേഷം അവൻ പിൻബെഞ്ചിലേക്കു നീങ്ങി.
എന്നും ഉച്ചയ്ക്കു ബെല്ലടിക്കുന്നതിനു തൊട്ടു മുന്നെ ഞങ്ങൾ കഞ്ഞിപ്പുരയിലേക്കോടും. ഞങ്ങളാണു പ്രധാന വിളമ്പുകാർ. നാസറാണു് മേസ്തിരി. കഞ്ഞിയോ കടലയോ പയറോ… ഞങ്ങൾക്കു വേണ്ടതെത്രയും എടുക്കാം, കഞ്ഞിത്താത്ത മിണ്ടില്ല. താത്തയ്ക്കു് ഇടദിവസം അവധി വേണമെങ്കിൽ നാസർ കനിയണം. അവനാണു് ബദൽകുശിനിക്കാരൻ.
‘വേറാരിം കൂട്ട്യാ പണ്യെടുക്കൂല… യ്യ് വാ…’ എന്നെക്കൊണ്ടു് കഞ്ഞിച്ചെമ്പും പയറും ചാക്കരിയും കഴുകിച്ചു്, വെളളം കോരിച്ചു്, സഹായിപ്പണ്ടാരിയാക്കിയതു് അവനാണു്.
ആരുണ്ടെങ്കിലും വിളമ്പുന്നതിന്റെ കുത്തക ഞങ്ങൾക്കാണു്. ഇഷ്ടം പോലെ കഴിക്കാമെന്നതിനുപരി അതിൽ മറ്റൊരു മെച്ചവുമുണ്ടു്, അവൾ കഞ്ഞിപ്പാത്രം എനിക്കു നീട്ടുമ്പോൾ ആ കറുത്ത വിരലുകളിലൊന്നു തൊടാൻ പറ്റും. പയറോ കടലയോ ആയിക്കോട്ടെ, അവൾക്കുള്ളതു കൂമ്പാരമായി വിളമ്പിക്കഴിഞ്ഞാൽ പയറുകോരി വീണ്ടും ദാരിദ്ര്യത്തിലേക്കു നീങ്ങും. തൊട്ടപ്പുറത്തു കഞ്ഞി വിളമ്പുന്ന നാസർ ഇടംകണ്ണിട്ടു് ചിരിക്കും.
എന്തോ…, അക്കാലമത്രയും അവൾ മാത്രം അതറിഞ്ഞില്ല.
‘ത്തിര്യൂടി…’ മൃദുലയാണു്, ക്ലാസിലെ പ്രധാന ജാടക്കാരി.
റബ്ബർപാലിന്റെ നിറമുള്ള അവൾ ക്ലാസ്സ് ലീഡറായ എൽദോയോടു മാത്രമെ മിണ്ടൂ! അവന്റെ പപ്പ പോലീസാണെന്നാണു സ്കൂളിലെ സംസാരം.
‘ഒലക്ക്യാ! അച്ചെങ്ങായി ഫോറസ്റ്റ് ഗാഡാണ്!’ ഒരിക്കൽ ബിനുവാണു് ആ രഹസ്യം എന്നോടു് സ്വകാര്യമായി വെളിപ്പെടുത്തുന്നതു്.
‘ഇല്ല… ഇനീണ്ട് കൊറെ കുട്ട്യള്’
മൃദുലയുടെ ചുവന്നു തുടുത്ത മുഖം നോക്കാതെ ക്രൂരമായി പറയും. ചുണ്ടുകൊണ്ടു് ഗോഷ്ടി കാട്ടി പിന്നിയിട്ട മുടിയും കുലുക്കി അവൾ പിണങ്ങിപ്പോവുന്നതു കാണുമ്പോൾ ചിരി വരും.
‘പോയ് നിന്റെ എൽദോനോട് ചോയ്ക്ക്…’ എന്റെ ആത്മഗതമാണു്.
അന്നു കഞ്ഞിപ്പുരയിലേക്കു് ധൃതിയിൽ ഓടാൻ കാരണം ആമാശയം സ്ഥിരം വന്നിരുന്ന പൊറോട്ടയെത്താത്ത പരാതി എന്റെ ആമാശയം ഉറക്കെ വിളിച്ചു പറഞ്ഞതു കൊണ്ടാണെന്നു തോന്നുന്നു. തോന്നലല്ല, സത്യമാണതു്.
ക്ലാസിൽ നിന്നിറങ്ങി വേഗത്തിൽ നടക്കുമ്പോൾ എന്റെ കൈത്തണ്ടയിൽ ഒരു കൈ വന്നു് പിടുത്തമിട്ടു. ആ പെരുത്ത കൈപ്പടത്തെ കുതറിത്തെറിപ്പിക്കാനുള്ള കരുത്തൊന്നും അന്നെനിക്കില്ലായിരുന്നു. ഇന്നും.
അമ്മയുടെ ചായക്കടയിൽ കയറി എന്നത്തെയും പോലെ പൊറോട്ടപ്ലെയ്റ്റുകൾക്കു് ഇരുവശങ്ങളിലായി ഇരിക്കുമ്പോൾ നാസർ പറഞ്ഞു: ‘പൈസില്ലാത്തപ്പം ഞാമ്പറയും, അപ്പൊ പട്ടിണിയിര്ന്നാമതി ബെലാലെ…’
ഇന്നലെ ഓർഡർ ചെയ്തു് വരുത്തിച്ചതാണു് രണ്ടു പൊറോട്ടയും വില കൂടിയ ഒരു കറിയും. പതിവില്ലാത്തതാണു്. അപ്പോഴാണു്, അന്നത്തെ പൊറോട്ടയുടെ രുചിയൊന്നും ഇന്നില്ലല്ലോ എന്നു ചിന്തിച്ചതു്. ഒപ്പം നാസറിനെയും ഓർത്തു പോയി.
പനയോല മേഞ്ഞ അമ്മയുടെ ചായക്കടയിൽ കയറി വെണ്ടക്കസാമ്പാറൊഴിച്ചു് രണ്ടു പൊറോട്ട കഴിക്കണം അന്നത്തെ പോലെ, വെറും വയറ്റിൽ…, ഒരേയൊരു പ്രാവശ്യം… കൂടെ അവരും വേണം; നാസറും നൗഷാദും.
വല്ലാത്തൊരു പൂതി…
1986-ൽ കോഴിക്കോട്, ഫറോക്കിലെ കൊടക്കല്ലുപറമ്പിൽ ജനനം. കോഴിക്കോടും തുടർന്നു്, വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുമായി സ്കൂൾപഠനം. നിലവിൽ കോഴിക്കോട്, കുന്ദമംഗലത്തിനടുത്തു് പിലാശ്ശേരിയിൽ സകുടുംബം സ്ഥിരതാമസം. ULCCS എന്ന കമ്പനിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു.
മാതാപിതാക്കൾ: ബാലൻ, തങ്കമണി.
ഭാര്യ: ജിഷ.
മകൻ: ശിവതേജ്.