വിട ചൊല്ലുന്ന മീനവെയിൽ ഗ്രാമത്തെ പൊള്ളിക്കുന്നു. കുന്നിൻചരിവിലെ ഇടവഴിയ്ക്കരികിൽ അക്ഷമനായി നിൽക്കുകയാണ് ഉണ്ണിക്കുട്ടൻ. കൊളുത്തില്ലാത്ത മുഷിഞ്ഞ ട്രൗസർ ഇടയ്ക്കിടെ അഴിയുന്നതിനനുസരിച്ച് അവനതു വലിച്ചു മുറുക്കി.
“കുട്ടാ…, ഇയ്യ്ങ്ങോട്ട് വാ… വെയ്ല് കൊള്ളാ ണ്ട്…” മുറ്റത്തിരുന്നു് കളിമണ്ണു ചീകുന്ന വൃദ്ധൻ വിളിച്ചു പറഞ്ഞു.
‘അമ്മിപ്പം വരുമ്മുത്തച്ചാ…’ ഉണ്ണിക്കുട്ടൻ ഇടവഴിയിൽ നിന്നു കണ്ണെടുക്കാതെ പറഞ്ഞു.
അവനെ കുറച്ചു നേരം നോക്കിയ ശേഷം വൃദ്ധൻ കളിമണ്ണു ചീകിയെടുക്കൽ തുടർന്നു.
തൂങ്ങി വീഴാറായ ചീരാപ്പു് ഒറ്റ വലിയ്ക്കു് അപ്രത്യക്ഷമാക്കി അവൻ വീണ്ടും പാതയിലേക്കു നോക്കിനിന്നു.
ഉച്ചവെയിൽ തെല്ലൊന്നൊതുങ്ങി.
ദൂരെ, ഒഴിഞ്ഞ പാടങ്ങൾക്കിടയിലെ നടവരമ്പിലൂടെ ഒരു കലക്കുട്ട ഉയർന്നുവന്നു. ഉണ്ണിക്കുട്ടൻ വലിയച്ഛന്റെ വീട്ടുമുറ്റത്തേക്കു് ഓടി.
“മുത്തച്ചാ… ന്റെമ്മ വര്ന്ന്ണ്ടല്ലോ…!”
വൃദ്ധൻ തിരിച്ചെന്തെങ്കിലും പറയുംമുമ്പേ ട്രൗസർ അള്ളിപ്പിടിച്ച് ചരൽ വിരിച്ച ഇടവഴിയിറങ്ങി ഉണ്ണിക്കുട്ടൻ പാഞ്ഞു. മകനെ കണ്ടപ്പോൾ തലച്ചുമടുമായി വിയർത്തൊലിച്ചു വരുന്ന അവന്റെയമ്മയ്ക്കും വല്ലാത്ത സന്തോഷം തോന്നി. ഉണ്ണിക്കുട്ടൻ അമ്മയ്ക്കു ചാരെയെത്തി.
“കൊട്ട ഞാമ്പിടിക്കണോമ്മാ…?” ഉണ്ണിക്കുട്ടൻ തലയുയർത്തി അമ്മയോടു ചോദിച്ചു.
“ഇപ്പവേണ്ട… മോൻ കൊറ്ച്ചൂടി വല്താവട്ടെ ട്ടോ…” അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു.
പിന്നെയും പല വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും അവർ ആ മുറ്റത്തെത്തി.
വൃദ്ധന്റെ സഹായത്തോടെ അവളാ മുളങ്കുട്ട ഇറക്കിവച്ചു. പിന്നെ ചാണകം മെഴുകിയ മുറ്റവരമ്പിലേക്കിരുന്നു് ദീർഘശ്വാസമെടുത്തു.
എന്നത്തേക്കാളും സന്തോഷവാനായിരുന്നു ഉണ്ണിക്കുട്ടനന്നു്.
“അമ്മാ… നാള ്യാണോമ്മാ വിശു…?”
“ആ കുട്ടാ… നാളെയും മറ്റന്നാളും”
“മ്മാ… വിശു രണ്ടീസം ണ്ടോമ്മാ…!?” അവന്റെ കുഞ്ഞു കണ്ണുകൾ വികസിച്ചു.
“മ്ം ഇണ്ടല്ലോ… നാളെ ചെറിയ വിഷു മറ്റന്നാളെ വെല്ല്യ വിഷു”
“അമ്മാ നമ്മളെന്നാമ്മാ ഉണ്ണ്യപ്പണ്ടാക്കണത്?” ഉണ്ണിക്കുട്ടൻ കൊതിയോടെ ചോദിച്ചു.
“ഇന്ന് രാത്ര്യോ നാളെ രാവില്യോ…,” എന്നു പറഞ്ഞു് മുളങ്കുട്ടയെ ചുറ്റിപ്പറ്റി നടക്കുന്ന മകനെ അമ്മ അടുത്തേക്കു വിളിച്ചു. “മോനിങ്ങ് വാ… കൊറച്ച്നേരം അമ്മേന്റെ മടീലിരിക്ക്”
പണ്ടെന്നോ കഴിച്ച ഉണ്ണ്യപ്പത്തിന്റെ നേർത്ത മധുരം ഉണ്ണിക്കുട്ടന്റെ നാവിലരിച്ചു.
“ഇപ്പവ്വരാമ്മേ…”
ഉണ്ണിക്കുട്ടൻ മുളങ്കുട്ടയിലെ ചാക്കിനകം പരിശോധിച്ചു.
ചെറിയ പൊതികളിലായി ചായപ്പൊടിയും പഞ്ചസാരയുമെല്ലാം ഉണ്ടു്. അരിയും, അതിനിടയിൽ കെട്ടഴിഞ്ഞ കുറച്ചു പപ്പടങ്ങളും.
അവന്റെ പുഞ്ചിരി പതിയെ മാഞ്ഞു. മുഖം ചെറുതായി വാടി.
“മുട്ടായൊന്നൂല്ലേമ്മാ…?” അവൻ തെല്ലു വിഷമത്തോടെ ചോദിച്ചു.
“ഇല്ല കുട്ടാ…, അമ്മ വരുമ്പോക്കും ചന്ദ്രേട്ടൻ പീട്യ പൂട്ടിപ്പോയി”
“സാരല്ലമ്മാ… അയ്ന് പകരം മ്മക്ക് കൊരേ ഉണ്ണ്യപ്പിണ്ടാക്കാ… ചോര്ന് കൂട്ടാന് പപ്പടോംവറ്ക്കണം ല്ലേമ്മാ.!?”
വിഷമം പുറത്തു വരാതിരിക്കാൻ പരമാവധി ശ്രമിച്ചു് അവൻ പറഞ്ഞു.
അമ്മയവനെ വാരിയെടുത്തു് ഇടത്തേ ഒക്കത്തു വച്ചു. തലയിൽ വൃദ്ധൻ ഉയർത്തിക്കൊടുത്ത കൊട്ടയുമായി ഇരുവരും സ്വന്തം വീട്ടിലേക്കു നടന്നു.
അമ്മ കലംവിൽപ്പനയ്ക്കു പോവുന്ന ദിവസങ്ങളിലൊക്കെ അവൻ വലിയച്ഛന്റെ വീട്ടുമുറ്റത്തു കളിച്ചിരിക്കുകയാണു പതിവു്. മുത്തച്ഛനായിരിക്കും അവനു് അധികവും കൂട്ടു്. സ്കൂളില്ലാത്ത ദിവസമാണെങ്കിൽ വലിയച്ഛന്റെ മകൾ അമ്മുച്ചേച്ചിയുമുണ്ടാവും. ഇന്നു പക്ഷേ, അമ്മുവിനെ അവൻ കണ്ടില്ല. അമ്മു വല്ല്യമ്മയുടെ കൂടെ അങ്ങാടിയിൽ പോയതാണത്രെ. പുത്തനുടുപ്പും പടക്കങ്ങളുമൊക്കെ വാങ്ങാൻ. ഉണ്ണിക്കുട്ടനു പക്ഷേ, പുത്തനുടുപ്പിനോടു കമ്പമില്ല, ഒട്ടും. പുത്തനുടുപ്പിടേണ്ടതു് സ്വന്തമായി കലമുണ്ടാക്കി ചൂള വച്ചു് വിറ്റിട്ടു മതിയെന്നു് അമ്മയവനോടു് എന്നോ പറഞ്ഞു കൊടുത്തിട്ടുണ്ടു്.
ഇരുട്ടു പരക്കുംവരെ ഉണ്ണിക്കുട്ടൻ അമ്മയുടെ മുണ്ടിൽ ചുറ്റിപ്പറ്റി നിന്നു. പിന്നെയെപ്പോഴോ ഉറങ്ങിപ്പോയി.
“മോനെ ണീക്ക്… കറ്യായി. ചോറ് തിന്നാ”
അമ്മയവനെ തട്ടിവിളിച്ചു.
“വേണ്ടമ്മാ… ഒറക്കമ്പെര്ന്ന്” അവൻ തിരിഞ്ഞു കിടന്നു.
“അത് പറ്റൂല… എണീക്കുണ്ണീ…”
പല കുറി നിർബന്ധിച്ചപ്പോൾ നിവൃത്തിയില്ലാതെ ഉണ്ണിക്കുട്ടൻ എഴുന്നേറ്റു.
മണ്ണെണ്ണവിളക്കിന്റെ മുന്നിലിരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ ഉറക്കം ചടഞ്ഞിരിപ്പുണ്ടായിരുന്നു. അമ്മ അവനു് ഉണക്കമീൻകറിയും കൂട്ടി ചോറു വാരിക്കൊടുത്തു. എല്ലാം കഴിഞ്ഞു് ആ ഓലപ്പുരയിൽ നിന്നിറങ്ങി ഉങ്ങുമരത്തിനരികിൽ മൂത്രമൊഴിക്കാൻ അവൻ നിന്നു.
എവിടെനിന്നെല്ലാമോ പടക്കത്തിന്റെയും മേശപ്പൂത്തിരിയുടെയും ശബ്ദം കേൾക്കാം.
അവൻ ചോദിച്ചു: “അപ്പനിനീം വന്നില്ലമ്മാ…?”
“അപ്പനിന്ന് വരാംവൈകും” അവൾ സ്വയമെന്നോണം പറഞ്ഞു.
“മ്മാ… വര്മ്പം പൂത്തിരിം മത്താപ്പുമൊക്കെ കൊണ്ടോരൂലേ…!?”
“മോൻ പോയി ഒറങ്ങിക്കോ…”
“മ്മാ… കുഞ്ഞൂന്റിം അപ്പൂന്റിം വീട്ടിലൊക്കെ കൊരേ പടക്കം വാങ്ങീട്ട്ണ്ടമ്മാ!”
അവൻ ഉത്സാഹത്തോടെ പറഞ്ഞു. പിന്നെ പെട്ടെന്നു നിരാശയോടെ ചോദിച്ചു: “അപ്പനെന്താമ്മാ നീംവരാത്തെ…?”
“പോയി കെടന്നൊറങ്ങ് ട്ടോ… അമ്മ അരിടിക്കട്ടെ… നാളെ ഉണ്ണ്യപ്പണ്ടാക്കണ്ടേ…!?”
“ഹാ…യ് നാളെ ഉണ്ണ്യപ്പം തിന്നാല്ലോ…!!”
ഉണ്ണിക്കുട്ടൻ അകത്തേക്കു കയറി. അവന്റെ നാവിൽ വീണ്ടും ഉണ്ണ്യപ്പത്തിന്റെ നേർത്ത മധുരം കിനിഞ്ഞു. ആ മധുരവും സ്വപ്നം കണ്ടു് അവൻ കിടന്നുറങ്ങി.
ഉറക്കത്തിന്റെ ആഴത്തിൽ വീണ നേരത്തു് എന്തോ ശബ്ദം കേട്ടു് ഉണർന്നതും അവൻ ഉറക്കെ കരഞ്ഞു:
“അപ്പാ… അമ്മേനെ വിട്… അമ്മേനൊന്നും ചെയ്യെല്ലപ്പാ…”
അമ്മയുടെ മുടിക്കുത്തിനു പിടിച്ച് തല്ലാനോങ്ങിയ അയാൾ മകന്റെ കരച്ചിൽ കേട്ടു് ഒന്നടങ്ങി.
അവൾ അതുവരെ പിടുത്തം വിടാതെ ചുരുട്ടിപ്പിടിച്ചിരുന്ന പണം ബലമായി പറിച്ചെടുത്തു് പല്ലിറുമ്മി എന്തോ ചീത്തയും വിളിച്ചുപറഞ്ഞു് അയാൾ ആടിയാടി ഇരുട്ടിലേക്കു മറയുന്നതും നോക്കി കരഞ്ഞുകൊണ്ടു് അവൻ നിന്നു.
ഇടക്കിടെ ഉള്ളതാണെങ്കിലും ആ അഞ്ചുവയസ്സുകാരനു് ഇതിന്റെ കാര്യകാരണങ്ങളൊന്നും അറിയില്ലായിരുന്നു. അവൻ പിന്നെയും കിടന്നു.
എത്ര നേരം കഴിഞ്ഞെന്നറിയില്ല, അമ്മ അവന്റെ അരികിൽ വന്നു കിടന്നു.
“മ്മാ… അപ്പനെന്തിനാമ്മാ തല്ലീത്…?” ചോദിച്ചു കഴിഞ്ഞപ്പോഴാണു് വേണ്ടിയില്ലായിരുന്നു എന്നവനു തോന്നിയതു്.
അമ്മ അതിനു മറുപടിയൊന്നും പറയാതെ തലഭാഗത്തെരിഞ്ഞിരുന്ന കുപ്പിവിളക്കു് ഊതിക്കെടുത്തി. പിന്നെ, മാറോടു ചേർത്തു് മകനെ പൊത്തിപ്പിടിച്ചു.
രാത്രിയിലെപ്പോഴോ തന്റെ മുടിയിഴകളിൽ നേർത്ത നനവു് പടരുന്നതു് അവനറിഞ്ഞു…
രാവിലെ എഴുന്നേറ്റപ്പോൾ അമ്മയെ അവിടെയെങ്ങും കാണാനില്ല. അവൻ വല്യച്ഛന്റെ വീട്ടിലേക്കു നടന്നു. അവിടെ മുറ്റത്തിരുന്നു് വെയിലു കായുകയായിരുന്നു മുത്തച്ഛൻ.
“അപ്പപ്പാ… ന്റെമ്മേനെ കണ്ടോ…?”
“കുട്ടനിങ്ങോട്ട് വാ…,” വൃദ്ധൻ കുത്തിയിരുന്നു് അവന്റെ തോളുകളിൽ കൈ വച്ചു പറഞ്ഞു: “മോന്റെമ്മ വീട്ടിലിക്ക് പോയി…”
മുത്തച്ഛൻ പറഞ്ഞതു കേട്ടപ്പോൾ ഉണ്ണിക്കുട്ടനു സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. ഇതെന്താ ഇങ്ങനെ! തന്നോടു് പറയാതെ അമ്മ എവിടേക്കും പോവാത്തതാണല്ലോ!?
“ഇന്നലെ രാത്രി അപ്പൻ കൊറെ തല്ലീലെ…” മുത്തച്ഛൻ പറഞ്ഞു.
അവന്റെ ദേഷ്യം മാഞ്ഞു. സങ്കടം മാത്രമായി. കണ്ണുകൾ നിറഞ്ഞു. മുത്തച്ഛനെ ഉണ്ണിക്കുട്ടൻ ദയനീയമായി നോക്കി. ആ വൃദ്ധന്റെ കണ്ണുകളും നനഞ്ഞിരുന്നു. ഉണ്ണിക്കുട്ടൻ വീട്ടിലേക്കു് ഓടിപ്പോയി. ഒറ്റമുറി മാത്രമുള്ള ആ ഓലപ്പുരയുടെ ചുറ്റിലും ഉണ്ണിക്കുട്ടൻ നടന്നു. പലയിടത്തായി പാത്രങ്ങൾ ചിതറിക്കിടക്കുന്നു. തുണികൾ വലിച്ചുവാരി നിലത്തിട്ടിരിക്കുന്നു. ഉണ്ണിക്കുട്ടൻ അകത്തു കയറി. കിടന്നുറങ്ങിയ പുല്ലുപായയെടുത്തു് ഒരു മൂലയിൽ ഒതുക്കമില്ലാതെ ചുരുട്ടി വച്ചു. പിന്നെ രണ്ടു കൈയും താടിക്കു കൊടുത്തു് ഉമ്മറപ്പടിയിലിയിരുന്നു.
മുറ്റത്തു് പൊട്ടിയ ചോറുകലത്തിൽനിന്നു കൊത്തിത്തിന്ന് രണ്ടുമൂന്നു കാക്കകൾ വിശപ്പടക്കുന്നു.
ബാക്കി എല്ലാ മരങ്ങളും ഉണങ്ങി ചില്ലകൾ മാത്രമായി നിൽക്കുമ്പോഴും ഒന്നു മാത്രം തളിർത്തു നിൽക്കുന്നു;
ഉങ്ങുമരമാണതു്. അതിന്റെ കൊമ്പുകൾ ഒരിക്കൽ ആകാശത്തു മുട്ടുമത്രെ. അന്നു് ആകാശത്തുള്ള തന്റെ പിതൃക്കൾ അതിലൂടെ ഇറങ്ങി വരും. അപ്പോഴാണത്രെ തനിക്കു് പുതിയ ഉടുപ്പുകളും മധുരപലഹാരങ്ങളുമെല്ലാം കിട്ടുന്നതു്. രാത്രിയുറക്കുമ്പോൾ അമ്മ പറയുന്നതാണു്.
ഉങ്ങുമരത്തിന്റെ ചുവട്ടിലാണു് അടുപ്പുള്ളതു്. മണ്ണിലുണ്ടാക്കിയ ആ അടുപ്പു് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു; അപ്പൻ ദേഷ്യം തീർത്തതാവാം. അവൻ എഴുന്നേറ്റു. നടന്നു.
വല്യമ്മയുടെ അടുക്കളയിൽ പുകയുയരുന്നുണ്ടായിരുന്നു. ഏലക്കയുടെയും മറ്റും നല്ല മണം.
“ന്ന് ചെറ്യ വിശുവാണല്ലോ!” അമ്മ പറഞ്ഞതു് അവനോർത്തു.
വല്യമ്മ ഉണ്ണ്യപ്പമോ പായസമോ ഉണ്ടാക്കുകയാവും. അവിടേക്കു ചെന്നപ്പോൾ അമ്മുച്ചേച്ചി ചൂടു മാറാത്ത ഒരുണ്ണ്യപ്പം അവനു കൊടുത്തു. അവൻ വീണ്ടും തന്റെ വീട്ടിലേക്കു വന്നു് ഉമ്മറപ്പടിയിൽ തന്നെ ഇരുന്നു.
അവനാ ഉണ്ണ്യപ്പം കടിച്ചു നോക്കി. ഇല്ല… ഇതിനു് തീരെ രുചിയില്ല.
മുറ്റത്തെ മൂലയിൽ പൊട്ടിയ കലത്തിലെ അരിപ്പൊടി തള്ളക്കോഴിയും കുഞ്ഞുങ്ങളും കൊത്തിത്തിന്നുന്നു. ഉണ്ണിക്കുട്ടൻ ഉണ്ണിയപ്പത്തിന്റെ ഒരു ശകലം കടിച്ചെടുത്തു് കോഴികൾക്കു മുന്നിലേക്കിട്ടുകൊടുത്തു. അതിനെ കൊത്തിക്കുടഞ്ഞു് കുഞ്ഞുങ്ങൾക്കു കൊടുക്കുന്ന തള്ളക്കോഴിയെ അവൻ കുറേ നേരം നോക്കിയിരുന്നു. ഉണ്ണിക്കുട്ടൻ ഓർത്തു: ‘ഇവർക്കും ഇന്നു് വിശുവായിരിക്കും’ അവന്റെ കണ്ണുകളിൽനിന്നു നീർമണിയുതിർന്നു നിലത്തു വീണു…
1986-ൽ കോഴിക്കോട്, ഫറോക്കിലെ കൊടക്കല്ലുപറമ്പിൽ ജനനം. കോഴിക്കോടും തുടർന്നു്, വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുമായി സ്കൂൾപഠനം. നിലവിൽ കോഴിക്കോട്, കുന്ദമംഗലത്തിനടുത്തു് പിലാശ്ശേരിയിൽ സകുടുംബം സ്ഥിരതാമസം. ULCCS എന്ന കമ്പനിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു.
മാതാപിതാക്കൾ: ബാലൻ, തങ്കമണി.
ഭാര്യ: ജിഷ.
മകൻ: ശിവതേജ്.