images/Paalen.jpg
Succession, a painting by Wolfgang Paalen (1905–1959).
“ആദിയിൽ വചനമുണ്ടായിരുന്നു… ”
സി. ജെ. തോമസ്

എവിടെമെവിടെമെൻ ജന്മദേശം?

എവിടെന്നരുവിപോലിങ്ങണഞ്ഞു?

ഇവിടെ നിന്നിന്നീമരുത്തുപോൽ ഞാ-

നെവിടേക്കു വേഗം പറക്കയാവാം?

ഓമർഖയ്യാം

ശാശ്വതപ്രശ്നം

ലോകഗതിയുടെ മൂലതത്ത്വമെന്താണെന്ന അന്വേഷണമാണു് എല്ലാ തത്ത്വചിന്തയുടേയും പരമലക്ഷ്യം. മനുഷ്യൻ ചിന്തിക്കുവാൻ തുടങ്ങിയതു മുതൽ വിരാമമില്ലാതെ അവൻ തുടർന്നുപോന്നിട്ടുള്ള ഒന്നാണു് ഈ പ്രവൃത്തി. മനുഷ്യവർഗ്ഗത്തിനുള്ള അറിവിന്റെ പൊതുമുതൽ, ഈ ശാശ്വതപ്രശ്നത്തിനുള്ള വിവിധ ഉത്തരങ്ങളുടെ ഒരു സമുച്ചയമാണു്. ഭിന്നകാലങ്ങളിൽ, പല ദേശങ്ങളിലായി പലരും ഈ പ്രശ്നത്തിനു് ഉത്തരം പറയാൻ ശ്രമിച്ചിട്ടുണ്ടു്. മതസ്ഥാപകന്മാർ പല വിശ്വാസങ്ങൾ സ്ഥാപിച്ചു. ഭൗതികശാസ്ത്രജ്ഞമാർ തത്ത്വങ്ങൾ രൂപീകരിച്ചു. മനഃശാസ്ത്രജ്ഞന്മാർ വേറെ ചില സിദ്ധാന്തങ്ങളും. ആധുനികകാലങ്ങളിൽ സാമൂഹ്യശാസ്ത്രപടുക്കളും ചില അഭിപ്രായങ്ങൾ പുറപ്പെടുവിച്ചു.

ആശകളുടെ പരാജയം നിരാശയും തന്മൂലം ദുഃഖവും സൃഷ്ടിക്കുന്നുവെന്നും, അതുകൊണ്ടു് ആശാനിഗ്രഹം വഴി ദുഃഖനിവാരണം സാധിക്കുമെന്നും ശ്രീബുദ്ധൻ സിദ്ധാന്തിച്ചു. അതിനു പ്രായോഗികമായി അഹിംസാമാർഗ്ഗം നിർദ്ദേശിക്കുകയും ചെയ്തു. ഈശ്വരന്റെ പിതൃത്വവും അതിൽനിന്നു സംഭവിക്കുന്ന മനുഷ്യസാഹോദര്യവുമായിരുന്നു ക്രിസ്തുദേവന്റെ പ്രധാന സുവിശേഷം. മനുഷ്യരെല്ലാവരും ഒരു കുടുംബമാണെന്നുവന്നാൽ സമസൃഷ്ടിസ്നേഹവും സഹകരണവും അനിവാര്യമാണല്ലോ. ന്യൂട്ടനു് തോന്നിയതു് ആകർഷണമാണു് ലോകസ്ഥിതിയുടെ അടിസ്ഥാനമെന്നായിരുന്നു. മാർക്സിന്റെ അഭിപ്രായത്തിൽ വൈരുദ്ധ്യാധിഷ്ഠിതവും ചരിത്രപരവുമായ ഭൗതിക-കമ്മ്യൂണിസം—ആണു് ശരിയായ തത്ത്വം. ഐൻസ്റ്റീൻ വന്നപ്പോൾ സർവ്വജ്ഞാനാടിസ്ഥാനമായി കണ്ടെത്തിയതു സാപേക്ഷികസിദ്ധാന്തമാണു്. ഇങ്ങിനെ എണ്ണിയെണ്ണി പറഞ്ഞാൽ ഒടുങ്ങാത്തതരത്തിൽ സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ടു്. ഇവയെല്ലാംതന്നെ പരസ്പരം ബന്ധപ്പെട്ടതാണു്; പരസ്പരവിരുദ്ധങ്ങളുമാണു്. അതുകൊണ്ടു്, ഇവയിൽ ഏതിനെയെങ്കിലും സർവ്വാബദ്ധമെന്നു പറഞ്ഞു തള്ളാവുന്നതല്ല. അറിവു് എല്ലായ്പോഴും പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ നിലകൊള്ളുന്നു. മനുഷ്യവർഗ്ഗചരിത്രത്തിന്റെ ഓരോഘട്ടത്തിൽ, ഓരോ പ്രത്യേകപരിതസ്ഥിതികളിൽ രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണു് ഈ തത്ത്വങ്ങളിൽ ഓരോന്നും. ചിന്തകന്റെ സ്വഭാവവും പരിതസ്ഥിതികളുടെ ആവശ്യവും തത്ത്വത്തിൽ സ്വാധീനത ചെലുത്തിയിട്ടുണ്ടായിരിക്കും. അറിവിന്റെ സഹജമായ അപൂർണ്ണതതന്നെ ഇവയിൽ കുറവുകളോ, തെറ്റുകളോ വരുത്തിവെച്ചിട്ടുണ്ടാകാം. അതുകൊണ്ടു് അവ പഠനാർഹങ്ങളല്ലെന്നു വരുന്നില്ല. ഒന്നു മാത്രമുണ്ടു്: ലോകഗതിയെപ്പറ്റി സത്യമായും വ്യക്തമായും എന്നെങ്കിലും ഗ്രഹിക്കണമെന്നുണ്ടെങ്കിൽ ഇവയെ പൊതുവെ ഒന്നു പരിശോധിച്ചുനോക്കാതെ ഗത്യന്തരമില്ല.

നാം കണ്ട നിരവധി അഭിപ്രായങ്ങളെ പൊതുവെ രണ്ടായി തരംതിരിക്കാം. ഈ വിഭജനത്തിന്റെ നിദാനം വിശ്വാസത്തിനും യുക്തിക്കും അഥവാ, വികാരത്തിനും വിചാരത്തിനും അവയിലുള്ളസ്ഥാനമാണു്. ചില ആശയങ്ങൾ വിശ്വാസത്തിന്മേൽ നിലനിൽക്കുന്നു, മറ്റുചിലതു യുക്തിയിന്മേലും. ആദ്യത്തേതിനു മതമെന്നും, രണ്ടാമത്തേതിനു ശാസ്ത്രമെന്നും സാധാരണ പറയപ്പെടുന്നു. ഇപ്പറഞ്ഞതുകൊണ്ടു മതത്തിൽ യുക്തിയുടെ ലേശവും കണ്ടുകൂടെന്നില്ല. പലപ്പോഴും ശാസ്ത്രഭാവേന ഞെളിയുന്ന പലതിലും കാണുന്നതിൽ കൂടുതൽ യുക്തി മതത്തിൽ ഉള്ളതായികാണാൻ കഴിയും. ശാസ്ത്രത്തിന്റെ കാര്യവും ഇങ്ങനെത്തന്നെയാണു്. പരസ്പരവിരുദ്ധമായ പല തത്ത്വങ്ങളും ശാസ്ത്രലോകത്തിൽ കാണാൻ കഴിയും. അവയിൽ ഏതാണു് ശരിയെന്നു തീരുമാനിക്കുവാൻ ഒട്ടേറെ കാലതാമസം നേരിട്ടേക്കും. അങ്ങനെയുള്ള ഒരു പരിതസ്ഥിതിയിൽ ശാസ്ത്രീയതത്ത്വങ്ങൾ മുഴുവൻ ശരിയാണെന്നു വാദിക്കുന്നതു വ്യർത്ഥമായിരിക്കും. കൂടുതൽ അറിവു ലഭിക്കുന്നതോടുകൂടി ഇന്നു നിലവിലുള്ള പല തത്ത്വങ്ങളും തകർന്നു പോകുന്നതാണു്. ഇവിടെ ഈ വിഭജനം കൊണ്ടുദ്ദേശിക്കുന്നതു് മതത്തിന്റെ അടിസ്ഥാനം വിശ്വാസമാണെന്നും. യുക്തിയുടെ ചർച്ചയിൽ നിലനിൽക്കാത്തതൊന്നും ശാസ്ത്രീയമായി ഗണിച്ചുകൂടെന്നും മാത്രമാണു്.

മതം
images/Karl-Marx.jpg
മാർക്സ്

ലോകഗതിയുടെ രഹസ്യമെന്താണെന്ന ചോദ്യത്തിനു മതം കൊടുക്കുന്ന ഉത്തരം ഒരു ഈശ്വരനുണ്ടെന്നുള്ള സങ്കല്പവും അതിൽനിന്നുണ്ടാവുന്ന ന്യായങ്ങളുമാണു്. ചാർവ്വാകമതവും കൺഫ്യൂഷനിസവും പ്രാചീനബുദ്ധമതവും നിരീശ്വരമതങ്ങളായിരുന്നു എന്നു ചിലർ വാദിച്ചേക്കാം. ശരിതന്നെ. ആയിരിക്കാം. പക്ഷേ, ഈശ്വരനില്ലാത്ത മതങ്ങളെ നാം സാധാരണ മതങ്ങളായി ഗണിക്കാറില്ല. സാധാരണക്കാരന്റെ സാമാന്യാഭിപ്രായങ്ങളെ പരിഗണിച്ചു മാത്രമേ ഇവിടെ പ്രതിപാദനം നടത്തുന്നുള്ളൂ. ഒരു ഈശ്വരൻ ഉണ്ടെന്നു സങ്കൽപിക്കുക: സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കുള്ള പരിപൂർണ്ണാധികാരം ആ പരാശക്തിയുടേതാണെന്നു വിശ്വസിക്കുക. അദ്ദേഹത്തെ ഭജിക്കുകയും അദ്ദേഹത്തിന്റെ സാന്മാർഗ്ഗികനിയമങ്ങളെ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നതു മനുഷ്യന്റെ പ്രഥമ കർത്തവ്യമായി ഗണിക്കുക; അതിനുവേണ്ടി ഒരു തത്ത്വസംഹിതയും സംഘടനയും സൃഷ്ടിക്കുക എന്നിവയാണു് ലോകമതങ്ങളിൽ കാണുന്ന പൊതുലക്ഷണങ്ങൾ. ഈ ഘടകങ്ങൾ ഒന്നും തന്നെ തെറ്റെന്നോ ശരിയെന്നോ ഇവിടെ പക്ഷമില്ല. ഇവയോരോന്നും വിശ്വാസത്തിന്മേലാണു് അടിയുറച്ചിരിക്കുന്നതെന്നുമാത്രം ഗ്രഹിച്ചാൽമതി. വിശ്വാസം വികാരപരമായ ഒരു അനുഭവമാണു്. അതുകൊണ്ടു്, മതതത്ത്വങ്ങളുടെ തെളിവിനായി യുക്തിയെ സ്വീകരിക്കേണ്ട ആവശ്യമില്ല. പ്രത്യുത, വെളിപാടുകൾകൊണ്ടാണു് വിശ്വാസം ഉണ്ടായിത്തീരേണ്ടതു്.

ഇത്രയും പറഞ്ഞതുകൊണ്ടു മതമെന്നുപറഞ്ഞാൽ കുറെ അന്ധവിശ്വാസങ്ങളുടെ സമാഹാരം എന്ന അർത്ഥമാക്കേണ്ടതില്ല. മതത്തിനു പിൻബലമായി ഒരു തത്ത്വശാസ്ത്രമുണ്ടു്. അതിനു് ആത്മീയവാദം, അഥവാ ആശയവാദം എന്നു പറയുന്നു. ഭൗതികവാദം വസ്തുക്കൾക്കു പ്രാധാന്യം കല്പിക്കുന്നു. ശാസ്ത്രവും അങ്ങനെതന്നെ. നേരെ മറിച്ചു്, ആശയവാദം മനസ്സിനു്, അഥവാ ആശയത്തിനാണു് പ്രാധാന്യം കൽപിക്കുന്നതു്. വസ്തുവിന്റെ യാഥാർത്ഥ്യത്തെ നിഷേധിക്കുകയും ചൈതന്യത്തെമാത്രം യഥാർത്ഥമായി ഗണിക്കുകയും ചെയ്യുന്നു. ഇതാണു് മതത്തിന്റെ അടിസ്ഥാനതത്ത്വശാസ്ത്രം.

ശാസ്ത്രം

ശാസ്ത്രത്തിന്റെ നില ഇതിനു വിരുദ്ധമാണു്. ശാസ്ത്രത്തിന്റെ അടിസ്ഥാനം യുക്തിയാണു്. അതിന്റെ മാർഗ്ഗങ്ങൾ നിരീക്ഷണവും പരീക്ഷണവുമാണു്. ഇവയിൽ ഏതെങ്കിലുമൊരു മാർഗ്ഗത്തിൽക്കൂടി യുക്തിപരമായി ശരിയെന്നു സ്ഥാപിക്കപ്പെടുന്ന അറിവുമാത്രമാണു് ശാസ്ത്രം. കമ്യൂണിസം ഒരു ശാസ്ത്രമാണു്. അതുകൊണ്ടു്, അതു യുക്തിപരമായി തെളിയിക്കപ്പെടേണ്ടതാണു്. എന്താണു് കമ്മ്യൂണിസത്തിന്റെ അടിസ്ഥാനതത്ത്വശാസ്ത്രം?

എ. ഭൗതികസിദ്ധാന്തം
“പ്രപഞ്ചവും അതിലടങ്ങിയ എല്ലാ വസ്തുക്കളും ദൈവമോ മനുഷ്യനോ ഉണ്ടാക്കിയതല്ല. ക്രമമായി ആളിക്കത്തുകയും ക്രമമായി കെട്ടുപോവുകയും ചെയ്യുന്ന സജീവമായി ഒരു ജ്വാലയായിരുന്നു പ്രപഞ്ചം. ഇന്നും അങ്ങനെതന്നെ, എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും.” ഹെറാക്ലിറ്റസ്

images/Friedrich_Engels.jpg
എംഗൽസ്

സാധാരണഭാഷയിൽ പറഞ്ഞാൽ നാം കാണുന്ന വസ്തുക്കൾ യഥാർത്ഥത്തിൽ ഉള്ളവയാണെന്നുമാത്രമാണു് ഭൗതികസിദ്ധാന്തം പറയുന്നതു്. ഇതു പ്രതേകിച്ചു് എടുത്തപറയേണ്ട ഒരു കാര്യമാണോ എന്നു സാമാന്യജനങ്ങൾ സംശയിക്കുന്നുണ്ടാകും. പക്ഷേ, അതു പ്രത്യേകിച്ചു പറയുക മാത്രമല്ല, അതിനുള്ള തെളിവുകൾ ശേഖരിക്കുകകൂടി ചെയ്യേണ്ടതു് ആവശ്യമാണെന്ന ഒരു നിലയാണു് ഇന്നുള്ളതു്. പ്രത്യേകിച്ചും മതത്തോടു താരതമ്യപ്പെടുത്തിയുള്ള ഒരു പഠനത്തിൽ അതു് അത്യാന്താപേക്ഷിതവുമാണു്. മതം നിലനിൽക്കുന്നതു ഭൗതികത്വത്തിനു വിരുദ്ധമായ ഒരു ചിന്താഗതിയിന്മേലാണു്. ആ ചിന്താഗതിയാണു് ആത്മീയവാദം, അഥവാ ആശയവാദം. ആശയവാദം എന്നു് ഇവിടെ പ്രയോഗിച്ചിരിക്കുന്നതു് ഇംഗ്ലീഷിലെ ഐഡിയലിസം എന്ന വാക്കിനു സമമായിട്ടാണു്. ഈ തത്ത്വമനുസരിച്ചു ഭൗതികമായ ഇഹലോകം യഥാർത്ഥമല്ല. അതു നമ്മുടെ മാംസ ചക്ഷുസ്സുകളുടെ ഒരു വ്യാമോഹം മാത്രമാണു്. പദാർത്ഥം യഥാർത്ഥമല്ല. ചിന്ത, അതിനു് അടിസ്ഥാനപരമായ മനസ്സു്, ഇവ മാത്രമാണു് യഥാർത്ഥസത്യം. നേരെ മറിച്ചു്, ഭൗതികവാദമനുസരിച്ചു പദാർത്ഥമാണു് യഥാർത്ഥം. നമ്മുടെ മനസ്സിനെ കൂടാതെ തന്നെ പദാർത്ഥത്തിനു് ഒരു നിലനിൽപുണ്ടു്. മനസ്സുണ്ടാകുന്നതിന്നുമുമ്പുതന്നെ പദാർത്ഥങ്ങൾ ഉണ്ടായിരുന്നു. മനുഷ്യമനസ്സും മനുഷ്യനും ഇല്ലാതായാൽപ്പോലും പദാർത്ഥങ്ങൾ ഉണ്ടായിരിക്കും. പദാർത്ഥത്തിന്റെ പ്രതിഫലനം മനസ്സിൽ ഉണ്ടാകുന്നതാണു് ആശയം. ആശയം യഥാർത്ഥത്തിൽ ഉള്ളതുതന്നെയാണു്. പക്ഷേ, പദാർത്ഥമാണു് അടിസ്ഥാനസത്യം. ഈ തത്ത്വത്തെ അതിന്റെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടു്. റോമൻ സാമ്രാജ്യത്തിന്റെ കാലത്തു് ‘എപ്പിക്കൂറസ്’ എന്ന ഒരു തത്ത്വജ്ഞാനി ലോകസുഖങ്ങളെ ത്യജിക്കാൻ ഉപദേശിക്കുന്നവരോടെതിർത്തു് ഒരു തത്ത്വം സ്ഥാപിച്ചു. അദ്ദേഹം ജീവിതത്തിന്റെ മഹിമയെ അംഗീകരിച്ചു. “തിന്നുക, കുടിക്കുക, ആനന്ദിക്കുക; നാളെ നാം ചാകുമല്ലോ” എന്ന മുദ്രാവാക്യം എപ്പിക്കൂറിയൻ തത്വത്തിന്റെ ഒരു ദുഷിച്ച പകർപ്പാണു്. ഈ കുപ്രചരണത്തെപറ്റി എംഗൽസ് പറയുന്നതു നോക്കുക:

“ഭൗതികവാദം എന്ന പദംകൊണ്ടു പാമരൻ (Philistine) മനസ്സിലാക്കുന്നതു്. ഭക്ഷണാസക്തി, മദ്യപാനം, കണ്ണിന്റേയും മാംസത്തിന്റേയും കാമം, അഹങ്കാരം, ദുരാഗ്രഹം, കൊതി, ലുബ്ധ്, ലാഭേച്ഛ, സ്റ്റോക്ക് എക്സ്ചേഞ്ചിലെ തട്ടിപ്പു് മുതലായവയാണു്. ചുരുക്കിപ്പറഞ്ഞാൽ, അവൻതന്നെ രഹസ്യമായി ചെയുന്ന എല്ലാ നാറുന്ന പാപങ്ങളും.”

അതുകൊണ്ടു കമ്മ്യൂണിസ്റ്റുകാരോ മറ്റു ഭൗതികവാദികളോ ആദർശവിരോധികളാണെന്നു പറഞ്ഞു് ആരും വക്കാണത്തിനു പുറപ്പെടേണ്ടതില്ല. കമ്മ്യൂണിസ്റ്റുകാരുടെ ഉന്നതലക്ഷ്യത്തിനു തെളിവാവശ്യമാണെങ്കിൽ. സുപ്രസിദ്ധ കാത്തോലിക്ക് വൈദികനായ ഫാദർ ഡുക്കാറ്റില്ലൻ എഴുതിയ ഒരു ഖണ്ഡിക ഉദ്ധരിക്കാം:

images/Vladimir_Lenin.jpg
ലെനിൻ

“കമ്മ്യൂണിസത്തിനു ത്യാഗത്തിന്റെ മഹനീയമാതൃകകൾ കാണിക്കാൻ കഴിയുമെന്നതു നിസ്സന്ദേഹമാണു്. അതിന്റെ ഗുരുക്കന്മാരായ മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരെക്കൊണ്ടു തുടങ്ങാം. ഈ മനുഷ്യർ അനുഭവിച്ച വേദന, ദാരിദ്ര്യം, പീഡ എന്നിവ സാധാരണ കണക്കുകളെ കവച്ചുവെയ്ക്കുകയും അത്ഭുതാവഹമായ ഒരു മഹത്വത്തിലെത്തുകയും ചെയ്യുന്നുണ്ടു്. നാടുകടത്തൽ, ജയിൽ, തടങ്കൽ ക്യാമ്പ്, സൈബീറിയ, പോരെങ്കിൽ സാധാരണയായി മരണഭീഷണിയും. ഇത്തരം ത്യാഗസന്നദ്ധത എത്രയെത്ര സമരോത്സുകരായ കമ്മ്യൂണിസ്റ്റുകാരെ പ്രചോദിപ്പിച്ചിട്ടുണ്ടു്. കമ്മ്യൂണിസ്റ്റുകാരുടെ ഭൗതികത്വം, ആദർശം, മഹത്വം. സൗന്ദര്യം എന്നിവയെപ്പറ്റി പലപ്പോഴും സൂക്ഷ്മബോധമുള്ളതാണെന്നുമാത്രമല്ല; അവർ അതിനെ അനുഗമിക്കുന്നതു്, വിശുദ്ധിക്കുള്ള ആകാംക്ഷയോടും ദൈവത്തിന്നു് അതിപ്രിയകരമെന്നു ക്രിസ്തു പറഞ്ഞ ശക്തിയോടും തിക്ഷ്ണണതയോടുംകൂടിയാണു് (അതു തെറ്റായ മാർഗ്ഗത്തിൽക്കൂടിയാണെങ്കിൽപ്പോലും)”.

ഭൗതികവാദം പ്രാചീനകാലം മുതൽ നിലനിന്നുവരുന്നതാണെന്നു ഹെറാക്ലിറ്റസിന്റെ അഭിപ്രായം തെളിയിക്കുന്നുണ്ടല്ലോ. മറ്റു തത്ത്വങ്ങളെപ്പോലെ ഭൗതികസിദ്ധാന്തവും കാലക്രമത്തിൽ വളരെ പരിണാമത്തിനു വിധേയമായി. യൂറോപ്പിൽ ശാസ്ത്രത്തിന്റെ വളർച്ചയോടുകൂടി പ്രപഞ്ചത്തെ ഒരു യന്ത്രത്തോടുപമിച്ചുതുടങ്ങി. ലോകം ഒരു യന്ത്രത്തെപ്പോലെ കൃത്യമായും മാറ്റമില്ലാതെയും നടന്നുകൊണ്ടിരിക്കുന്നുവെന്നു പതിനെട്ടാം നൂറ്റാണ്ടിലെ ചിന്തകന്മാർ വാദിച്ചു. ഈ തത്ത്വത്തിനുള്ള പ്രധാനകുറവു്, വളർച്ചയെപ്പറ്റി അതിൽ ഒരു വിശദീകരണവും അടങ്ങിയിട്ടില്ലെന്നതാണു്. യന്ത്രസമാനമുള്ള പ്രവർത്തനത്തിൽ മാറ്റമൊന്നും ഉണ്ടാവാൻ ഇടയില്ലല്ലോ: മാറ്റമില്ലാതെ വളർച്ചയും. യഥാർത്ഥപ്രപഞ്ചത്തിൽ വളർച്ചയും പുരോഗതിയും കാണാൻ കഴിഞ്ഞ ചിന്തകന്മാർക്കു യാന്ത്രികമായ ഭൗതികവാദം സ്വീകാര്യമായില്ല. ഭൗതികവാദത്തെ അർത്ഥവത്താക്കുന്ന വ്യാഖ്യാനങ്ങളൊന്നും കാണാതിരുന്നതുകൊണ്ടു് അവർ കൂട്ടത്തോടെ ആശയവാദത്തിലേക്കു തിരിച്ചുപോയി. കാന്റ്, ഹെഗൽ മുതലായവരാണു് ഈ തിരിച്ചുപോക്കിന്റെ നേതൃത്വം എടുത്തതു്. ഫയർബാക്ക് എന്ന ജർമ്മൻചിന്തകനാണു് അവശ്യം വേണ്ടിയിരുന്ന വ്യാഖ്യാനം കൊടുത്തു ഭൗതികവാദത്തെ ഉദ്ധരിച്ചതു്. അതിനടുത്തായി മാർക്സും എംഗൽസുംകൂടി ഭൗതികവാദത്തിന്റെ ആധുനികരൂപം സൃഷ്ടിച്ചു. ഭൗതികവാദം വൈരുദ്ധ്യവാദത്തോടു യോജിപ്പിച്ചതുകൊണ്ടാണു് അവർക്കു് അതു് കഴിഞ്ഞതു്. അങ്ങനെ, ഇന്നു ഭൗതികവാദവും വൈരുദ്ധ്യവാദവും ഒരു തത്ത്വത്തിന്റെ രണ്ടു ഘടകങ്ങളായിത്തീർന്നിരിക്കുകയാണു്. ഭൗതികവാദത്തെ പ്രത്യേകമെടുത്തു് ആശയവാദവുമായി തട്ടിച്ചുനോക്കാവുന്നതാണു്.

ഭൗതികവാദവും ആശയവാദവും
images/Hegel.jpg
ഹെഗൽ

വസ്തു യഥാർത്ഥമാണോ? വചനം രൂപമെടുത്തുവെന്നു ബൈബിളിൽ പറയുന്നു. അപ്പോൾ വചനമാണു് യാഥാർത്ഥ്യം; രൂപം ഒരു വ്യാമോഹം മാത്രം. അങ്ങനെ, കാണുന്നതൊക്കെ മായയാണെന്നും ഇതിലുമുപരിയായി നിത്യമായ എന്തോ ഒന്നുണ്ടെന്നും മതം വിശ്വസിക്കുന്നു. അവ ഉണ്ടെന്നു നാം വിശ്വസിക്കുന്നതുകൊണ്ടാണു് ഭാതികവസ്തുക്കൾക്കു് അസ്തിത്വം ലഭിക്കുന്നതു്. നമ്മുടെ ആശയത്തിന്റെ ഒരു ദൃശ്യരൂപം മാത്രമാണു് പ്രപഞ്ചം. എപ്പോൾ ചിന്ത നിലയ്ക്കുന്നുവോ അപ്പോൾ ലോകവും ഇല്ലാതായിത്തീരുന്നു. ഒരു അന്തരീക്ഷം പോലെ പ്രപഞ്ചത്തെ ആവരണം ചെയ്യുന്നതും അസ്തിത്വമുള്ളതുമായ ഈ ആശയമാണു് സാർവ്വത്രികമായ ആത്മാവെന്നു ചിന്തകന്മാർ വിവക്ഷിക്കുന്നതു്. നേരെമറിച്ചു്, “പ്രകൃതിസ്വതവേ എങ്ങനെയാണോ, അങ്ങനെതന്നെ, യാതൊരു കലവറയും കൂടാതെ കാണുകയെന്നതാണു് പ്രപഞ്ചത്തെക്കുറിച്ചുള്ള ഭൗതിക വീക്ഷണരീതി,” എന്നു് എംഗൽസ് പറയുന്നു:

“ആത്മീയവാദം പ്രപഞ്ചത്തെ കണക്കാക്കുന്നതു് ‘പരിപൂർണ്ണമായ ആശയ’മായും, ‘സാർവ്വത്രികമായ ആത്മാവാ’യും, ‘ബോധത്തിന്റെ മൂർത്തസ്വരൂപ’മായുമാണു്. മാർക്സിസമാകട്ടെ, പ്രപഞ്ചം സ്വതവേ ഭൗതികമാണെന്നു പറയുന്നു. പ്രപഞ്ചത്തിലുള്ള നാനാ പ്രത്യക്ഷരൂപങ്ങൾ, ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ വിഭിന്നരൂപങ്ങളാണെന്നു പറയുന്നു.” സി. പി. എസ്. യു. (ബി.)[1]
കുറിപ്പുകൾ

[1] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയൻ (ബോൾഷെവിക്).

ചിന്തയോ വസ്തുവോ കാരണം?

ഭാതികവാദിയുടെ അഭിപ്രായത്തിൽ വസ്തുവിനും ചിന്തയ്ക്കും അസ്തിത്വമുണ്ടു്. പക്ഷേ, ഏതു് ഏതിന്റെ കാരണമാണു് എന്നതു പ്രശ്നമായിത്തന്നെ ശേഷിക്കുന്നു. ഭൗതികവാദിയുടെ അഭിപ്രായത്തിൽ വസ്തു സ്വതന്ത്രമായി സ്ഥിതിചെയുന്നു. അതിന്റെ മാനസികദർപ്പണമാണു് ചിന്ത, അഥവാ ആശയം.

“നമ്മുടെ ഇന്ദ്രിയങ്ങളെ സ്പർശിച്ചു് ഇന്ദ്രിയാനുഭവങ്ങളുണ്ടാക്കുന്നതേതോ അതാണു് വസ്തു. അതു് ഇന്ദ്രിയാനുഭവങ്ങളിലൂടെ നമുക്കു് അനുഭവപ്പെടുന്നു. വസ്തു, പ്രകൃതി, അസ്തിത്വം ഇവയാണു് കാരണം. ജീവൻ, ബോധം, ഇന്ദ്രയാനുഭവം, മനസ്സു് ഇവ കാര്യവും” ലെനിൻ
“ആത്മീയവാദം ഉറപ്പിച്ചുപറയുന്നു, യഥാർത്ഥത്തിൽ നമ്മുടെ അന്തഃകരണം മാത്രമേ ഉള്ളു. പ്രപഞ്ചം, അസ്തിത്വം, പ്രകൃതി ഇതെല്ലാം നമ്മുടെ അന്തഃകരണത്തിൽ, ഇന്ദ്രിയാനുഭവങ്ങളിൽ, ആശയങ്ങളിൽ, ബോധത്തിൽ മാത്രമാണുള്ളതു്. നേരെമറിച്ചു്, മാർക്സിസ്റ്റ് തത്ത്വശാസ്ത്രമാകട്ടെ, വസ്തു, പ്രകൃതിചൈതന്യം ഇവ അന്തഃകരണത്തെ ആശ്രയിക്കാതെ സ്വതന്ത്രമായി നിലനിൽക്കുന്ന ഒരു പൊതുയാഥാർത്ഥ്യമാണെന്നഭിപ്രായപ്പെടുന്നു. വസ്തുവാണു് കാരണം. അതിൽനിന്നാണു് ഇന്ദ്രിയ വ്യാപാരം ഉണ്ടാവുന്നതു്. അതുകൊണ്ടു്, അന്തഃകരണം കാരണമല്ല, കാര്യമാണു്. അതു വസ്തുവിന്റെ പ്രതിബിംബം മാത്രമാണു്. തലച്ചോറിന്റെ സൃഷ്ടിയായ ചിന്തയെ വസ്തുവിൽനിന്നു വേർതിരിച്ചു പറയുന്നതു തെറ്റായിരിക്കും.” സി. പി. എസ്. യു. (ബി.)
മനുഷ്യന്റെ അറിവു് നിരർത്ഥകമോ?

ആത്മീയവാദിയുടെ അഭിപ്രായത്തിൽ നമ്മുടെ ജ്ഞാനം അപൂർണ്ണമാണു്. മാത്രമല്ല, പ്രകൃതിയേയും അതിന്റെ നിയമങ്ങളേയുംപറ്റി പഠിക്കാനുള്ള കഴിവു് മനുഷ്യനു ലഭിച്ചിട്ടില്ല. ശാസ്ത്രീയപര്യവേഷണങ്ങൾക്കു വിധേയമല്ലാത്ത സൂക്ഷ്മവസ്തുക്കളെക്കൊണ്ടാണു് പ്രപഞ്ചം നിറഞ്ഞിരിക്കുന്നതെന്നും, അതുകൊണ്ടു്, ബാഹ്യസത്യങ്ങളെ കണ്ടുപിടിക്കാനുള്ള ശാസ്ത്രീയസംരംഭങ്ങൾ നിഷ്പ്രയോജനമാണെന്നും കാന്റ് വാദിച്ചു. ആശയവാദപ്രകാരം അന്തഃകരണത്തിൽ സ്വയം ഉണ്ടാകുന്ന ആശയങ്ങൾമാത്രമാണു് യഥാർത്ഥസത്യം.

ഭൗതികവാദമനുസരിച്ചു്, ഇന്നു മനുഷ്യൻ അറിയേണ്ടതു് എല്ലാം അറിഞ്ഞുകഴിഞ്ഞിട്ടില്ലെങ്കിലും, വേണ്ടത്ര പരിശോധനകൊണ്ടു മനസ്സിലാകാത്ത ഒന്നില്ല. ഇന്നു് അവ്യക്തമായിരിക്കുന്നതെല്ലാം കാലക്രമത്തിൽ അറിയാറാവും എന്നു ഭൗതികവാദി വിശ്വസിക്കുന്നു. കാന്റിന്റെ സൂക്ഷ്മവസ്തുവാദം അണുഗവേഷണത്തിന്റെ ഇക്കാലത്തു വളരെ വിലപ്പോകുമോ എന്നു സംശയമാണു്. ഭൗതികവാദി നമുക്കുള്ള അറിവിന്റെ പ്രായോഗിക പ്രയോജനത്തെയും തെളിവായി ഉന്നയിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഭൗതികവാദി സകലപുരോഗതിക്കും ആധാരമായി സയൻസിനെ ഗണിക്കുമ്പോൾ ആത്മീയവാദി ശാസ്ത്രത്തിന്റെ എല്ലാ കഴിവുകളെയും നിഷേധിക്കുന്നു.

ബി. വൈരുദ്ധ്യവാദം
ചരിത്രം

വിരുദ്ധാഭിപ്രായങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽനിന്നു യഥാർത്ഥസത്യം കണ്ടുപിടിക്കുക എന്നൊരു സമ്പ്രദായം യവനതത്ത്വവിജ്ഞാനത്തിലുണ്ടായിരുന്നു. ഈ രീതിയുടെ സ്ഥാപകൻ ബി. സി. മൂന്നാംശതകത്തിൽ ജീവിച്ചിരുന്ന സിനോ (Zeno) എന്ന ചിന്തകനായിരുന്നു. അന്നു് ഇതു വാദപ്രതിവാദത്തിനാണു് ഉപയോഗിച്ചുവന്നിരുന്നതു്. ‘ഡയലെഗോ’ എന്ന യവനപദത്തിന്റെ അർത്ഥം വാദപ്രതിവാദം എന്നാണു്. അതുകൊണ്ടു്, ഈ രീതിക്കു് ഡയലക്ടിക്സ് (വൈരുദ്ധ്യം) എന്നു പേരുണ്ടായി. ഈ തത്ത്വമനുസരിച്ചു നമുക്കു് എന്തിനെപ്പറ്റിയെങ്കിലും ഒരു അഭ്യൂഹം ഉണ്ടാകുന്നു. അതിന്റെ അപൂർണ്ണത നമ്മെ അതിന്റെ വിരുദ്ധസ്ഥാനത്തെത്തിക്കുന്നു. ഈ രണ്ടു് അഭിപ്രായങ്ങൾ തമ്മിലുള്ള സംഘട്ടനം ഒരു സങ്കലനമായി പരിണമിച്ചു്, ആദ്യത്തേതിലേയും രണ്ടാമത്തേതിലേയും യഥാർത്ഥാംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ആശയം ജാതമാകുന്നു. അതാണു് യഥാർത്ഥസത്യം.

ആദ്യകാലങ്ങളിൽ ഇതൊരു സിദ്ധാന്തമായിരുന്നില്ല; ഒരു പരിശോധനാമാർഗ്ഗം മാത്രമായിരുന്നു. അനന്തരം അതു ഭൗതികശാസ്ത്രങ്ങളിൽ പ്രയോഗിക്കപ്പെട്ടു. അങ്ങനെ, ഇന്നു് അതൊരു തത്ത്വവും, ഒരു പരിശോധനാമാർഗ്ഗവുമായിത്തീർന്നിരിക്കുന്നു.

പല ശതാബ്ദങ്ങൾക്കുശേഷമാണു് വൈരുദ്ധ്യവാദം പുനരുജ്ജീവിച്ചതു്. ഭൗതികവാദം യാന്ത്രികമായിത്തീർന്നതോടുകൂടി, അതു പരാജയപ്പെട്ടതു നാം കണ്ടുകഴിഞ്ഞു. യന്ത്രസ്വഭാവമുള്ള ലോകത്തെ തുടങ്ങിവിടുവാൻ ഒരു ശക്തിയുണ്ടാകണം. നടന്നുതുടങ്ങിയാൽ പിന്നെയതിനു മാറ്റവുമില്ല. നടന്നുകൊണ്ടിരിക്കാൻതന്നെ എന്തുശക്തിവിശേഷമാണുള്ളതെന്നു രൂപവുമില്ല. ഇതിൽ ഒന്നാമത്തെസംശയം ഈശ്വരവിശ്വാസത്തിലേക്കു നയിച്ചു. രണ്ടാമത്തേതു (പുരോഗതിയില്ലെന്നുള്ളതു) ശാസ്ത്രജ്ഞന്മാർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ലോകത്തിന്റെ ചലനത്തിനും വളർച്ചയ്ക്കും ആധാരമായ ശക്തിയന്വേഷിച്ചു ശാസ്ത്രജ്ഞന്മാർ വൈരുദ്ധ്യവാദത്തിലെത്തിച്ചേർന്നു. പ്രകൃതിയിലെ വിരുദ്ധശക്തികളുടെ സംഘട്ടനമാണു് പുതിയ ഓരോന്നിന്റെയും ഉത്ഭവകാരണം എന്നു ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു. ഈ തത്ത്വം ഹെഗെൽ ആണു് ഏറ്റവുമധികം വളർത്തിയതു്. പക്ഷേ, അദ്ദേഹം ആത്മീയവാദിയായിരുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ വ്യാഖ്യാനം തെറ്റായിരുന്നു. ഹെഗെലിന്റെ ആത്മീയ വാദം തലകുത്തി നിറുത്തിയാണു് ഭാതികവാദത്തിനു മാർക്സ് പുതിയരൂപം കൊടുത്തതു്. അതുപോലെ, ഹെഗലിന്റെ വൈരുദ്ധ്യവാദത്തിന്റെ യുക്തിപരമായ കാതൽമാത്രം മാർക്സ് സ്വീകരിച്ചു.

ഈ പുതിയ രൂപത്തിൽ, വൈരുദ്ധ്യവാദം പറയുന്നു, പ്രപഞ്ചത്തിലെ സകല പ്രത്യക്ഷരൂപങ്ങളും വിരുദ്ധശക്തികളെ ഉൾക്കൊള്ളുന്നു. ഓരോ ശക്തിക്കും. ഓരോ പ്രതിശക്തിയും. ഓരോ വസ്തുവിനും, സമവും വിരുദ്ധവുമായ വസ്തുക്കളും ഉണ്ടായിരിക്കേണ്ടലോകം അവിയൽപോലെ കുഴഞ്ഞുമറിഞ്ഞതായി വരാൻ നിവൃത്തിയില്ലല്ലോ. അതുകൊണ്ടു പ്രപഞ്ചം കൃത്യമായ ഒരു നിയമമനുസരിച്ചു പ്രവർത്തിക്കുന്ന ഒന്നാണു്. അവിടെ അതിൽനിന്നു ഭിന്നമായും. സ്വതന്ത്രമായും നിൽക്കുന്ന ഒരു മാനസികശക്തി (മനുഷ്യന്റേതോ ഈശ്വരന്റേതോ) ഉണ്ടാവാൻ തരമില്ല.

ആധുനികവൈരുദ്ധ്യാവാദത്തിന്റെ ചില പ്രത്യേകതകൾ
“യാന്ത്രികവാദം (യാന്ത്രികമായ ഭൗതികവാദം) ചെയ്യുന്നതുപോലെ പരസ്പരം ബന്ധമില്ലാത്തതും സർവ്വതന്ത്രസ്വതന്ത്രവും ആയ കുറെ സാധനങ്ങളുടെ വെറും ഒരു കൂമ്പാരമായിട്ടല്ല വൈരുദ്ധ്യവാദം (വൈരുദ്ധ്യാധിഷ്ഠിതമായ ഭൗതികവാദം) പ്രകൃതിയെ കണക്കാക്കുന്നതു്. പിന്നെയോ, ഒന്നു മറ്റൊന്നിനെ ആശ്രയിച്ചും, നിയന്ത്രിച്ചും പരസ്പരം സജീവമായി ബന്ധപ്പെട്ടും കിടക്കുന്ന നാനാരൂപങ്ങളുടെ സമൃദ്ധമായ ഒരു സമുച്ചയമാണതു്.” സി. പി. എസ്. യു. (ബി.)

പ്രപഞ്ചം ഒരു നിയമമനുസരിച്ചു പ്രവർത്തിക്കുന്നുവെന്നാണു് വൈരുദ്ധ്യവാദം സ്ഥാപിക്കുന്നതു്. പ്രപഞ്ചത്തിലുള്ള ഒരു വസ്തുവും സ്വതന്ത്രമല്ല; മറ്റുള്ളവയോടു് അഭേദ്യമായി ബന്ധപ്പെട്ടതാണു്. പ്രകൃതിയുടെ പ്രത്യേകരൂപങ്ങളെപ്പറ്റി പഠിക്കുമ്പോൾ അവയോരോന്നിനും മറ്റുള്ളവയുമായിട്ടുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പഠിക്കുന്നതുകൊണ്ടുമാത്രമേ യഥാർത്ഥം മനസ്സിലാക്കാൻ കഴിയൂ. പ്രപഞ്ചം കുത്തഴിഞ്ഞല്ല (Chaos) ഏതോ ഒരു രൂപത്തിൽ കുത്തിക്കെട്ടിത്തന്നെയാണു് (Cosmos) നിലകൊള്ളുന്നതു് എന്നത്രെ വൈരുദ്ധ്യവാദത്തിന്റെ അടിസ്ഥാനതത്ത്വം.

മാത്രമല്ല, ഈ ബന്ധം പ്രകൃതിയുടെ നിരന്തരചലനങ്ങളിൽക്കൂടി നിലനിന്നുപോരുകയും ചെയ്യുന്നുണ്ടു്. ഈ പരസ്പരബന്ധവും ചലനവും തമ്മിൽതന്നെ ഒരു ബന്ധമുണ്ടു്. മാറാത്തതൊന്നുമില്ല. വസ്തുവും ചിന്തയും നിയമങ്ങളും എല്ലാം ചലനാത്മകമാണു്. വസ്തുക്കളും അവയെ സംബന്ധിച്ചു നമുക്കുള്ള ആശയങ്ങളും നിരന്തരം ചലിക്കുകയും വളരുകയും നശിക്കുകയും ചെയ്യുന്നു.

“യാന്ത്രികവാദം ചെയ്യുന്നതുപോലെ, പ്രകൃതിമാറ്റമൊന്നും വരാതെ ഇരിക്കുകയാണു് ചെയ്യുന്നതെന്നു വൈരുദ്ധ്യവാദം വിശ്വസിക്കുന്നില്ല. സദാ ചലിക്കുകയും, പുതുതായിക്കൊണ്ടിരിക്കുകയും, വളരുകയും ചെയ്യുന്ന ഒന്നാണു് പ്രകൃതി. അതിലെല്ലായിപ്പോഴും ചിലതുയർന്നു വളർന്നുകൊണ്ടിരിക്കുന്നു. മറ്റു ചിലതു് എല്ലായ്പ്പോഴും ചീഞ്ഞു മണ്ണടിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു.” സി. പി. എസ്. യു. (ബി.)

യാന്ത്രികമായ ഭൗതികവാദത്തിൽ പ്രപഞ്ചത്തിലെ ചലനങ്ങൾ വെറും ചലനങ്ങൾ മാത്രമാണു്. വളർച്ചയോ പുരോഗതിയോ അല്ല. വസ്തുവിന്റെ വലുപ്പത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അതിന്റെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമെന്നു യാന്ത്രികവാദി വിശ്വസിക്കുന്നില്ല. തന്മൂലം ലോകത്തിലെ ചലനങ്ങളെല്ലാം നിരർത്ഥകമാണെന്നും അവയിൽനിന്നൊരു പ്രയോജനവും സിദ്ധിക്കുന്നില്ലെന്നും യാന്ത്രികവാദി അഭിപ്രായപ്പെടുന്നു. വൈരുദ്ധ്യവാദിയുടെ അഭിപ്രായത്തിൽ ചലനം ഉൽക്കർഷോന്മുഖമാണു്. എപ്പോഴും അതു മുകളിലേക്കും മുന്നോട്ടും ഉള്ള ഒരു ഗതിയാണു്.

images/Kant.jpg
കാന്റ്

വൈരുദ്ധ്യവാദി വലുപ്പത്തിലുള്ള മാറ്റങ്ങളും സ്വഭാവത്തിലുള്ള (ഗുണം) മാറ്റങ്ങളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു. വസ്തുക്കളിൽ തുച്ഛവും അദൃശ്യവുമായ മാറ്റങ്ങൾ വലുപ്പത്തെ സംബന്ധിച്ചിടത്തോളം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഈ ഗതിയുടെ പൊതുപരിണതഫലമായി ആ വസ്തുവിന്റെ ഗുണത്തിൽത്തന്നെ ഒരു മൗലികമായ മാറ്റം സംഭവിക്കുന്നു. സ്വഭാവത്തിലുണ്ടാവുന്ന വ്യത്യാസങ്ങൾ, വലുപ്പത്തിന്റെ മാറ്റത്തിലെ ചില പ്രത്യേകഘട്ടങ്ങളിൽ മാത്രം സംഭവിക്കുന്നതുകൊണ്ടു്, യഥാർത്ഥമായ പുരോഗതിപരിണാമരീതിയിലല്ല സംഭവിക്കുന്നതു്, ചെറിയ ചെറിയ എടുത്തു ചാട്ടങ്ങളായിട്ടാണു് അഥവാ വിപ്ലവപരമായിട്ടാണു്, എന്നു വൈരുദ്ധ്യവാദി സിദ്ധാന്തിക്കുന്നു. കഴിഞ്ഞ പലതിന്റേയും ഏകദേശാവർത്തനം ലോകചരിത്രത്തിൽ കാണുമ്പോൾ ചലനം വൃത്താകാരത്തിലല്ലേ എന്നു സംശയിക്കുന്നവരുണ്ടാകാം. വൃത്തംകൊണ്ടു് അതിനെ ഉദാഹരിച്ചുകൂടെന്നില്ല. പക്ഷേ, അതു പൂച്ച സ്വന്തംവാലിന്റെ പുറകെ പോകുന്നതുപോലെയുള്ള ഒരു ഗതിയല്ല. ആവർത്തിക്കുന്ന വൃത്തങ്ങൾ ആദ്യത്തെ പടിയിൽനിന്നു തുലോം ഉപരിയായ ഒരു മണ്ഡലത്തിലായിരിക്കും സ്ഥിതിചെയ്യുന്നതു്. ഈ സിദ്ധാന്തത്തിനു ശാസ്ത്രജ്ഞന്മാർ സ്പൈറൽ സിദ്ധാന്തമെന്നു് പേരു കൊടുത്തിരിക്കുന്നതു്.

“വളർച്ച വൃത്താകാരത്തിലുള്ള ചലനമല്ല, ഒരിക്കൽ കഴിഞ്ഞതിന്റെ വെറുമൊരു ആവർത്തനമല്ല; പിന്നെയോ മുമ്പോട്ടും മേല്പോട്ടുമുള്ള ഒരു ഗതിയാണു്. പഴയ സ്ഥിതിയിൽനിന്നു പുതിയ സ്ഥിതിയിലേക്കുള്ള ഒരു മാറ്റമാണു്. കേവലത്തിൽനിന്നു സങ്കല്പത്തിലേക്കുള്ള വളർച്ചയാണു്. അപരിഷ്കൃതത്വത്തിൽനിന്നു പരിഷ്കൃതത്വത്തിലേക്കുള്ള വളർച്ചയാണു്.” സി. പി. എസ്. യു. (ബി.)

വൈരുദ്ധ്യവാദമനുസരിച്ചു് ഈ വളർച്ച സമാധാനപരമായ ഒന്നല്ല; സമരാത്മകമാണു്. വിപരീതശക്തികളിൽ ഒന്നു നശിക്കുന്നതും മറ്റതു വളരുന്നതുമായിരിക്കും. അതുകൊണ്ടു്, യഥാർത്ഥ പരിശോധനാമാർഗ്ഗം ഈ വൈരുദ്ധ്യങ്ങളെ വ്യക്തമാക്കുകയും, യഥാർത്ഥ പ്രവർത്തനരീതി അവയിൽ പങ്കെടുക്കുകയും ആകുന്നു. ഈ സമരങ്ങൾ വിനാശകരമല്ല; പുതിയ ഓരോന്നിന്റെ പേറ്റുനോവാണു്. ഇതാണു് സാമൂഹ്യശാസ്ത്രത്തിൽ പ്രത്യേകമായും അറിഞ്ഞിരിക്കേണ്ട പരമാർത്ഥം.

“പ്രകൃതിയുടെ ഓരോ രൂപത്തിലും പരസ്പരവൈരുദ്ധ്യങ്ങളുണ്ടു്. അവയിലെല്ലാം നിഷേധാത്മകവും ക്രിയാത്മകവുമായ ഭാഗങ്ങളുണ്ടു്. ഭൂതവും ഭാവിയുമുണ്ടു്. നശിച്ചുപോകുന്നതും വളരുന്നതുമായ ഭാഗങ്ങളുണ്ടു്. ഈ പരസ്പരവിരുദ്ധശക്തികളുടെ സംഘട്ടനമാണു്—പഴയതും പുതിയതും തമ്മിൽ, നശിക്കുന്നതും ജനിക്കുന്നതും തമ്മിൽ, മറയുന്നതും വളരുന്നതും തമ്മിൽ നടക്കുന്ന ഈ സമരമാണു്—വളർച്ചയുടെ ഉള്ളടക്കം, വലുപ്പത്തിൽനിന്നു ഗുണത്തിലേക്കുള്ള മാറ്റത്തിന്റെ ഉള്ളടക്കം.” സി. പി. എസ്. യു. (ബി.)

വൈരുദ്ധ്യവാദത്തിന്റെ പ്രാധാന്യം അതു ഭൗതികവാദത്തെ യാന്ത്രികത്വത്തിൽനിന്നു രക്ഷിച്ചുവെന്നതാണു്. പ്രപഞ്ചാസ്ഥിത്വത്തിനടിസ്ഥാനമായി ഒരു തത്ത്വം രൂപീകരിക്കാൻ യാന്ത്രികത്വത്തിനു കഴിഞ്ഞില്ല. ഒരു നിയമത്തേയും അടിസ്ഥാനപ്പെടുത്താതെ യാദൃശ്ചികത്വത്തെ മാത്രം ആധാരമാക്കിക്കൊണ്ടു സ്ഥിതിചെയ്യുന്ന ഒരുലോകത്തെ മനുഷ്യമനസ്സിനു ഗ്രഹിക്കാൻ കഴിയുകയില്ല. അങ്ങനെയുള്ള ചിന്താഗതിയുടെ ഫലം യാദൃശ്ചികത്വത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയെ സൃഷ്ടിക്കുക എന്നതായിരിക്കും. സർവ്വശക്തനും വ്യക്തിസ്വഭാവക്കാരനുമായ ഒരു ഈശ്വരനാണു് ആ സ്ഥാനം ഭാരമേൽക്കുന്നതു്. ഇതുകൊണ്ടുതന്നെയാണു് വൈരുദ്ധ്യവാദം സ്വീകരിക്കാത്ത ഭൗതികവാദികൾ സാധാരണ ആത്മീയവാദത്തിലേക്കു തിരിച്ചുപോകുന്നതു്.

കമ്മ്യൂണിസ്റ്റ് തത്ത്വശാസ്ത്രം വൈരുദ്ധ്യാധിഷ്ഠിതമായ ഭൗതിക വാദത്തിന്മേലാണു് അടിയുറച്ചിരിക്കുന്നതു്. സാമുദായികശാസ്ത്രവും കലയും രാജ്യതന്ത്രവും സയൻസും എല്ലാം ഈ അടിസ്ഥാനത്തിലാണു് ഒരു കമ്മ്യൂണിസ്റ്റ് പരിശോധിക്കുന്നതു്. ലോകത്തിൽ ഒന്നും ശാശ്വതമല്ലെന്നാണല്ലോ ഈ തത്ത്വത്തിൽനിന്നു സിദ്ധിക്കുന്നതു്. സാധാരണ ജീവിതത്തിൽ പലതും ശാശ്വതമാണെന്ന ഒരു വ്യാമോഹം നമുക്കുണ്ടാകാറുണ്ടു്. ഉദാഹരണമായി, ഭരണരീതിയെ സംബന്ധിച്ചും സാമുദായികഘടനയെ സംബന്ധിച്ചും നമുക്കുള്ള ആശയങ്ങൾ നോക്കുക. ഒരു രാജാവു്, പ്രജകൾ; ഒരു ജന്മി, കൃഷിക്കാർ; ഒരു മുതലാളി, തൊഴിലാളികൾ എന്നീ വക ആശയങ്ങൾ പ്രത്യേക ആലോചനയൊന്നും കൂടാതെ ശാശ്വതമാണെന്നു നാം ധരിച്ചുപോകാറുണ്ടു്. ചരിത്രത്തിൽ ഇവയൊക്കെ നശ്വരമാണു്. രാജത്വം ഉണ്ടായിട്ടെത്ര നാളായി? ജന്മിത്വകാലത്തു ‘മുതലാളി’ എന്ന പദംപോലുമില്ല. ഇവയെല്ലാം മാറുന്ന സാമുദായികരൂപങ്ങളാണു്. വളരെ വേഗം മാറുന്നവയാണു്. അവയൊന്നും ഇന്നലെ ഇല്ലായിരുന്നു. ഇന്നു പ്രത്യക്ഷപ്പെട്ടവയാണു്. നാളെ അസ്തമിക്കുകയും ചെയ്യും. ഈ വാസ്തവം മനസ്സിലാക്കുന്നവർതന്നെയും അനശ്വരമായി ഗണിക്കുന്ന മറ്റുചിലതുണ്ടു്. മതം, കല, സാഹിത്യം, ശാസ്ത്രം, തത്ത്വചിന്ത അങ്ങനെ പലതും. ഈ അഭിപ്രായവും തെറ്റാണെന്നു ചില ഉദാഹരണങ്ങൾകൊണ്ടു കാണാം. ക്രിസ്തീയവേദപുസ്തകത്തിൽ, നോഹയുടെ ഭക്ഷണപ്രിയനായ ദൈവം, മോശയുടെ പ്രതികാരബുദ്ധിയായ ദൈവമായിത്തീർന്നതും, അദ്ദേഹംതന്നെ വാദപ്രതിവാദത്തിൽ രസിക്കുന്ന ദൈവമായി ജോബിന്റെ കാലത്തു പ്രത്യക്ഷപ്പെടുന്നതും അനന്തരം യോഹന്നാൻസ്നാപകന്റെ കണ്ണിൽ നീതിയുടെ രാജിയില്ലാത്ത സംരക്ഷകനായിട്ടും, ഒടുവിൽ ക്രിസ്തുവോടുകുടി സ്നേഹത്തിന്റെ മൂർത്തീകരണമായിട്ടും രൂപഭേദംകൈക്കൊള്ളുന്നതും നോക്കുക. ഈശ്വരനു മാറ്റമുണ്ടാകാൻ പാടില്ല എന്നു് ആത്മീയവാദി പറയുമ്പോൾ, “വേണ്ട മനുഷ്യന്നു് ഈശ്വരനെപ്പറ്റിയുള്ള ബോധത്തിനു മാറ്റമുണ്ടാകും” എന്നാണു് വൈരുദ്ധ്യവാദിയുടെ മറുപടി. സാഹിത്യത്തിലാണെങ്കിൽ മൃഗങ്ങളുടെ മുരങ്ങൽ പോലെ പ്രാകൃതമായ ചില ശബ്ദപ്രകടനങ്ങളും ഇന്നത്തെ ഭാഷയും ഒന്നാണെന്നു പറയാൻ കഴിയുമോ? ശാസ്ത്രത്തിന്റെ കഥയും ഇതുതന്നെ. ഈ മാറ്റം മനുഷ്യസമുദായചരിത്രത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതാണു് ചരിത്രപരമായ ഭൗതികവാദം. ഈ തത്ത്വം മുഖേനയാണു് കമ്മ്യൂണിസ്റ്റുതത്ത്വചിന്തയും രാഷ്ട്രീയപ്രവർത്തനമായി ബന്ധപ്പെടുന്നതു്. അതുകൊണ്ടു്, വൈരുദ്ധ്യാധിഷ്ഠിതമായ ഭൗതികവാദം ചരിത്രത്തിൽ പ്രയോഗിച്ചാൽ ഉണ്ടാകുന്ന ഫലങ്ങൾ എന്താണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

സി. ചരിത്രപരമായ ഭൗതികവാദം

വർഗ്ഗീയത, കുത്സിതമായ ദേശീയത്വം (യുദ്ധങ്ങളുടെ ഒരു കാരണം), പിന്തിരിപ്പൻ പ്രവർത്തനം, പരാജയമനോഭാവം, വീരാരാധന ഇവയെല്ലാം ഇന്നത്തെ ചരിത്രപഠനരീതിയുടെ അനാശാസ്യഫലങ്ങളാണു്. പരസ്പരബന്ധമില്ലാത്ത ചില യാദൃശ്ചികസംഭവങ്ങളുടെ ഒരു സമാഹാരമായിട്ടാണു് ചരിത്രം ഇന്നു് സ്ഥിതിചെയ്യുന്നതു്. കുറെ രാജാക്കന്മാരേയും അവരുടെ വിവാഹങ്ങളേയുംപറ്റി ചില ഉപകഥകൾ പറഞ്ഞാൽ ഇന്നു് ചരിത്രമായി. ഇന്നത്തെ ചരിത്രശാസ്ത്രം ഒരു പ്രത്യേകകാലത്തിന്റെതുമാണു്. അതിനു് ഭൂതമില്ല. ഭാവിയുമില്ല. ഒരു സാധാരണവിദ്യാർത്ഥിക്കു പാശ്ചാത്യദിക്കിൽ ഇംഗ്ലണ്ടൊഴിച്ചു മറ്റേതെങ്കിലും രാജ്യത്തിനു് ഒരു ചരിത്രമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻതന്നെ വിഷമമാണു്. വിസ്തൃതിയിൽ മാത്രമല്ല, ഇക്കുറവു് കാണുന്നതു്. മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയുടെ ഒരു ഏടായി ചരിത്രത്തെ വിഭാവനം ചെയ്യുന്ന ഒരു ഗ്രന്ഥംപോലും ഇതുവരെ ഒരു പാഠ്യപുസ്തകകമ്മിറ്റിക്കാരും സ്വീകരിച്ചിട്ടില്ല. ശരിയായ ചരിത്രപഠനമെന്തെന്നു മനസ്സിലാക്കുവാൻ പണ്ഡിതനെ നെഹ്റുവിന്റെ ലോകചരിത്രവും എച്ച്. ജി. വെൽസി ന്റെ ലോകചരിത്ര സംഗ്രഹവും സഹായിക്കും.

images/Wells.jpg
എച്ച്. ജി. വെൽസ്

വൈരുദ്ധ്യാധിഷ്ഠിതമായ ഭൗതികവാദമനുസരിച്ചു ചരിത്രം പരിശോധിക്കുമ്പോൾ ഒന്നാമതായി തെളിയുന്നതു് അതൊരു കുത്തഴിഞ്ഞ കഥാസഞ്ചികയല്ലെന്നാണു്. കുറെ വീരന്മാരുടെയും അതിമാനുഷന്മാരുടെയും ജീവിതകഥയുമല്ല ചരിത്രം. ഈ വീരന്മാരെ പ്രസവിച്ച ഒരു ജനസമുദായമുണ്ടു്. ആ ജനസമുദായം പുരോഗമിക്കുന്നതിന്റെ കൃത്യമായ ഒരു രേഖയാണു് അതു്. വ്യക്തികൾ ചരിത്രം സൃഷ്ടിക്കുകയല്ല, പ്രത്യുത ചരിത്രം വ്യക്തികളെ രൂപീകരിക്കുകയാണു്.

ചരിത്രം ഒരു ശാസ്ത്രമാണു്. ഭൗതികവാദി ചരിത്രത്തെ ലൗകികനായ മനുഷ്യൻ അവന്റെ ആവശ്യങ്ങൾ നിറവേറ്റുവാൻവേണ്ടി വ്യക്തിഗതമായും സാമൂഹ്യമായും നടത്തുന്ന പ്രവർത്തനങ്ങളുടെ കഥയായിക്കാണുന്നു. വൈരുദ്ധ്യവാദപ്രകാരം ഈ പ്രവർത്തനങ്ങൾ എല്ലാംതന്നെ പ്രകൃതിയും മനുഷ്യനും തമ്മിലോ, മനുഷ്യനും മനുഷ്യനും തമ്മിലോ ഉള്ള വൈരുദ്ധ്യങ്ങളുടെ ആഘാതപ്രത്യാഘാതങ്ങളാണു്. ഈ തത്ത്വപ്രകാരം ചരിത്രത്തെ പരിശോധിക്കുമ്പോൾ ലഭിക്കുന്ന അനുമാനങ്ങളാണു് ചരിത്രപരമായ ഭൗതികവാദം. അതുതന്നെയാണു് രാഷ്ട്രീയപഠനത്തിലും നയരൂപീകരണത്തിലും കമ്മ്യൂണിസ്റ്റിന്റെ മാർഗ്ഗദർശി.

കിരാതത്ത്വത്തിൽനിന്നു സംസ്കാരത്തിലേക്കു്
കിരാതത്ത്വം (Savagery)

മനുഷ്യ വർഗ്ഗചരിത്രത്തിന്റെ പ്രഥമഘട്ടം കിരാതത്ത്വത്തിന്റേതാണു്. ജന്തുശാസ്ത്രത്തിൽ പരിണാമവാദത്തിനു പ്രസക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും, ഇന്നു നാം പരിഷ്കാരത്തിന്റെ ഘടകങ്ങളായി എണ്ണുന്ന യാതൊന്നുംതന്നെ ഇല്ലാത്ത ഒരു മനുഷ്യരാശിയെ നമുക്കു് ഭൂതകാലത്തിന്റെ ആഴങ്ങളിൽ കാണുവാൻ കഴിയും. ആയുധമോ, ഭാഷയോ, നിയമമോ ഇല്ലാത്ത ഒരു കാലം. സന്തതസഹചാരികളായ വന്യമൃഗങ്ങളുടെയിടയിൽ അവരിൽനിന്നു വളരെ അധികം ഉൽകൃഷ്ടനല്ലാത്ത മനുഷ്യൻ വേട്ടയാടി നടക്കുന്നു. വസ്ത്രമെന്നതു് എന്തെന്നവനറിഞ്ഞുകൂടാ; ചിന്തയും കാര്യയമായിട്ടുണ്ടെന്നു പറഞ്ഞുകൂടാ. പ്രകൃതിയുടെ വിഭവങ്ങളാണെങ്കിൽ ആവശ്യത്തിലധികം ഭക്ഷണസമ്പാദനത്തിനുവേണ്ടി അവൻ സമരം ചെയ്യേണ്ടതായിട്ടില്ല. സ്വയരക്ഷയ്ക്കുവേണ്ടി ചിലപ്പൊഴൊക്കെ സമരത്തിലേർപ്പെടണം.

അപരിഷ്കൃതത്വം (Barbarism)

ഇതിൽനിന്നു് മനുഷ്യൻ പുരോഗമിച്ചു. ആയുധങ്ങൾ കണ്ടുപിടിച്ചു. വസ്ത്രധാരണം ആരംഭിച്ചു. ഒരു ഭാഷയുടെ ആദിമരൂപങ്ങൾ കണ്ടുതുടങ്ങി. ഭാര്യാഭർത്തൃബന്ധം വെറും മൃഗീയമല്ലാതായി. കുടുംബത്തിന്റെ ചില രൂപങ്ങൾ പ്രത്യക്ഷപ്പെട്ടു. വേട്ടയാടുക എന്നതു് ഒരു സാധാരണപതിവായിത്തീർന്നു. സമരങ്ങളും വർദ്ധിച്ചു. ഈ കാലത്തിനു് അപരിഷ്കൃതത്വം (Barbarism) എന്നു് പേരു പറയുന്നു.

സഞ്ചാരകാലം (Nomadic age)

അടുത്ത ഘട്ടത്തിൽ, ഇരതേടുന്നതിനിടയിൽ സംഘട്ടങ്ങൾ ഉണ്ടായിത്തുടങ്ങി. ജനസംഖ്യ വർദ്ധിച്ചുവരുമ്പോൾ ഇതുകൂടാതെ സാദ്ധ്യമല്ലല്ലോ. ഇതിന്റെ ഫലമായി പുതിയ യുദ്ധരീതികൾ ഉണ്ടായി; പുതിയ ആയുധങ്ങളും പുതിയ സമുദായഘടനയും. സൈന്യനായകനായ രാജാവിന്റേയും പ്രഭുക്കന്മാരുടേയും ഉത്ഭവം ഈ ഘട്ടത്തിലാണു്. പക്ഷേ, ഇതുകൊണ്ടുമാത്രം ജീവിതപ്രശ്നം പരിഹരിക്കപ്പെട്ടില്ല. സമരത്തിലെ വിജയം ജയിച്ച കക്ഷിയെ രക്ഷിച്ചു. തോറ്റവരോ? സ്ഥലം വിട്ടുപോയി ജീവസന്ധാരണത്തിനുള്ള ഇതരോപായങ്ങൾ കണ്ടുപിടിക്കുക മാത്രമായിരുന്നു അവർക്കുള്ള പോംവഴി. ഈ യാത്രകളിൽ എല്ലാസ്ഥലത്തും ഭക്ഷണം ലഭിക്കാൻ വിഷമമായിരുന്നു. വന്യമൃഗങ്ങളെ പിടിച്ചു് ഇണക്കി വളർത്തുന്ന രീതി ഇക്കാലത്തുണ്ടായി. ആടുമാടുകൾ വർദ്ധിച്ചതോടുകൂടി പുല്ലു് അന്വേഷിച്ചുള്ള സഞ്ചാരങ്ങളും തുടങ്ങി. മരങ്ങളുടെ മുകളിലെ ഏറുമാടങ്ങളും ഗുഹകളും സഞ്ചാരിക്കു പ്രയോജനമില്ലാത്തവയാണല്ലോ. അതുകൊണ്ടു്, അവൻ കൊല്ലുന്ന മൃഗങ്ങളുടെതോലുകൊണ്ടു്. കൂടാരങ്ങൾ ഉണ്ടാക്കുന്ന രീതിയാണു് കണ്ടുപിടിച്ചതു്. കുടുംബങ്ങൾക്കുപകരം, രക്ഷയ്ക്കുവേണ്ടി സംഘമായി യാത്രചെയ്യുന്ന വർഗ്ഗങ്ങൾ ഉണ്ടായി. വേണ്ട നിയമങ്ങൾ സൃഷ്ടിക്കുവാനുള്ള അധികാരം സംഘത്തലവനെ ഭാരമേല്പിച്ചു. മനുഷ്യവർഗ്ഗചരിത്രത്തിലെ ഈ ഘട്ടത്തിന്റെ ഏറ്റവും നല്ല സംഗ്രഹം ക്രിസ്തീയവേദത്തിൽ യൂദന്മാരുടെ ചരിത്രകഥനത്തിൽനിന്നു ലഭിക്കും.

കൃഷി

ജനസംഖ്യ പിന്നെയും വർദ്ധിച്ചു. സ്ഥലം ചുരുക്കമായിത്തുടങ്ങി. അതുകൊണ്ടു്, ഭക്ഷണസാധനങ്ങൾ കൃഷിചെയ്യുന്ന രീതിയുത്ഭവിച്ചു. ഈ ഘട്ടത്തിലാണു് ഭക്ഷ്യോല്പാദനരീതി യഥാർത്ഥത്തിൽ പുരോഗമിക്കുന്നതു്. കൃഷിയായുധങ്ങൾ, വിത്തു്, കൃഷിചെയ്യുന്നരീതി മുതലായവ ക്രമേണ പുരോഗമിച്ചു. സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കേണ്ട ആവശ്യം നേരിട്ടതുകൊണ്ടു് വീടുകളും ഉണ്ടായിത്തുടങ്ങി. ആധുനിക കുടുംബരീതിയുടെ ഏതാണ്ടൊരു രൂപവും പ്രത്യക്ഷമായിത്തുടങ്ങി. ഭൂമിയിൽ സ്വകാര്യസ്വത്തിന്റെ ആരംഭവും ഇവിടെത്തന്നെ. ഭാഷ, കല, മതം മുതലായവയും, കൃഷി സാദ്ധ്യമാക്കിത്തീർത്ത മിച്ച സമയത്തിൽ വളർന്നു പുരോഗമിച്ചു.

കുടിൽവ്യവസായം—ഫ്യൂഡലിസം

കാലക്രമേണ പ്രയത്നവിഭജനം നടന്നുതുടങ്ങി. ചിലർ കൃഷിയായുധങ്ങൾ പണിയുകമാത്രം ചെയ്തു; മറ്റുചിലർ വസ്ത്രനിർമ്മാണവും. കിരാതനും സഞ്ചാരിക്കും ആവശ്യങ്ങൾ കുറവായിരുന്നു. വേണ്ടതു് സ്വയം ഉണ്ടാക്കുകയല്ലാതെ അവനു് മാർഗ്ഗമുണ്ടായിരുന്നില്ല. കൃഷിപ്പണി വളരെ സമയം മിച്ചം വരുത്തി. അതുപയോഗിച്ചു്, ജീവിതാവശ്യത്തിനും സുഖത്തിനുംവേണ്ടി മനുഷ്യൻ ഓരോന്നു സൃഷ്ടിച്ചുതുടങ്ങി. ഓരോന്നിൽ പ്രത്യേകവാസനയുള്ളവർ അതിൽത്തന്നെ ശ്രദ്ധ പതിപ്പിച്ചു. അവന്റെ ഉല്പന്നങ്ങൾ അവനാവശ്യമായവയ്ക്കുവേണ്ടി കൈമാറ്റം ചെയ്തു. കച്ചവടത്തിന്റെ പ്രഥമഘട്ടവും അവൻ ഉല്പാദനംചെയ്തു. ഈ ഉൽപാദനരീതിയാണു് കുടിൽവ്യവസായമായി പരിവർത്തനം ചെയ്തതു്. ഈ സാമ്പത്തികരീതിക്കു സമമായിട്ടുള്ള രാഷ്ട്രീയ ഘടനയ്ക്കാണു് ഫ്യൂഡലിസം. അഥവാ ജന്മിത്വം എന്നുപറയുന്നതു്. ശത്രുക്കളിൽനിന്നും രക്ഷനേടുന്നതിനായി, ബലഹീനന്മാർ അവരുടെ ശരീരവും സമ്പത്തും കരുത്തനായ ആരുടെയെങ്കിലും രക്ഷാധികാരത്തിൽ സമർപ്പിക്കുന്ന പതിവു് പണ്ടേയുണ്ടായിരുന്നു. സ്ഥിരവാസം തുടങ്ങിയ ഈ സംഘങ്ങളിൽ ആ രീതിയും സ്ഥിരമായിത്തീർന്നു. ഒരു വർഗ്ഗത്തിന്റേയും, അവർ അധിവസിക്കുന്ന പ്രദേശത്തിന്റേയും പരിപൂർണ്ണപരമാധികാരിയായി ചിലർ ഉയർന്നുവന്നു. അവർ പണ്ടത്തെ മന്ത്രവാദിയുടെയോ, പുരോഹിതന്റെയോ, സേനാനായകന്റെയോ പുതിയ രൂപങ്ങളാണെന്നു പറയാം. അവരുടെ അടുത്ത വളർച്ച രാജാവെന്ന പദത്തിലേക്കായിരുന്നു. ഈ പ്രധാനികളുടെ അംഗരക്ഷകന്മാരും സ്തുതിപാഠകന്മാരുമായി ഒരുവർഗ്ഗം ഉണ്ടായി. അവരെക്കൊണ്ടാണു് ഈ അധികാരികൾ സാധാരണജനങ്ങളെ ഭരിച്ചുവന്നിരുന്നതു്. പിൽക്കാലത്തെ ജന്മി (പ്രഭു) വർഗ്ഗം ഇവരുടെ അനന്തരതലമുറകളാണു്.

മുതലാളിത്തം—ജനാധിപത്യം

സമുദായം കൃഷി പ്രധാനമായിരുന്ന ഒരു കാലഘട്ടത്തിൽ ഫ്യൂഡലിസം തൃപ്തികരമായ ഒരു സമുദായസംഘടനാരൂപമായിരുന്നു. പക്ഷേ, കുടിൽവ്യവസായങ്ങൾ രണ്ടുതരത്തിൽ അഭിവൃദ്ധിപ്രാപിച്ചതോടുകൂടി ആ നില മാറി. മനുഷ്യാവശ്യങ്ങളുടെ വർദ്ധനവോടുകൂടി കുടിൽവ്യവസായം വലുപ്പത്തിൽ വർദ്ധിച്ചു. പുതിയ കണ്ടുപിടുത്തങ്ങൾ ഉല്പാദനരീതിയിൽ വലിയ പരിവർത്തനങ്ങളുണ്ടാക്കി. ഉല്പാദനരീതിയിലുള്ള വ്യത്യാസങ്ങൾ ഉല്പാദകരും ജനതയുമായിട്ടുള്ള ബന്ധങ്ങളിലും വ്യത്യാസങ്ങളുണ്ടാക്കും. ഈ കാലഘട്ടത്തിൽ സംഭവിച്ചതു്, കുടിൽവ്യവസായികൾക്കു സമുദായത്തിൽ ഒരു പ്രധാനസ്ഥാനം ലഭിച്ചുവെന്നതായിരുന്നു. ജന്മിത്വരീതിയിലെ കൃഷി അടിമകളെക്കൂടാതെ നിലനിൽക്കുകയില്ല. അടിമകൾ സ്വാതന്ത്ര്യത്തെ ഇച്ഛിച്ചു വ്യാവസായിക പ്രവർത്തനത്തിലേക്കു പോയിത്തുടങ്ങി. ഇതു ജന്മികളും വ്യവസായികളും തമ്മിലുള്ള ഒരു സമരമായി രൂപാന്തരപ്പെട്ടു. ഇതാണു് ജനാധിപത്യസമരത്തിന്റെ ആരംഭം. ചരിത്രപരമായി പ്രഭുക്കന്മാർ നശിക്കുന്ന വർഗ്ഗവും വ്യവസായികൾ വളരുന്ന വർഗ്ഗവുമായതുകൊണ്ടു്, ഈ സമരത്തിൽ ജന്മികൾ പരാജിതരായി (ഫ്രഞ്ചുവിപ്ലവം ഈ വലിയ പരിവർത്തനത്തിലെ ഒരു കഥയാണു്). അങ്ങനെ, രാഷ്ട്രീയാധികാരം രാജാക്കന്മാരിലും പ്രഭുക്കന്മാരിലുംനിന്നു് ഇടത്തരക്കാരിലേക്കു പകർന്നു. ഇന്നു് ജനാധിപത്യം (Democracy) എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നതു് ഈ ഇടത്തരക്കാരുടെ ഭരണാധികാരത്തെയാണു്.

കാലം പിന്നെയും കഴിഞ്ഞു. വ്യവസായവും അതോടൊപ്പം ഇടത്തരക്കാരും വളർന്നു. സയൻസ് വളർന്നു് ഉല്പാദനത്തിന്നു യന്ത്രങ്ങളെ സൃഷ്ടിച്ചു. മുതലാളിത്തരീതിയിലെ ഉൽപാദനരീതിയാണിതു്. ജന്മികൾ ഭൂമി കൈവശംവെച്ചിരുന്നതുപോലെ മുതലാളിമാർ ഉല്പാദനയന്ത്രങ്ങൾ കൈവശംവെച്ചു. അവർ ജന്മികളുടെ സ്ഥാനത്തായി. സ്വാതന്ത്ര്യേച്ഛുക്കളായി ഫാക്ടറികളിലേക്കുവന്ന അടിമകൾ കൂലിയുടെ അടിമകളായിത്തീർന്നു. ജന്മിയും കർഷകനും തമ്മിലുണ്ടായിരുന്ന മാത്സര്യം മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സമരമായി രൂപാന്തരപ്പെട്ടു. ഇവർ തമ്മിലുള്ള സമരം രാഷ്ട്രീയമായിമായിട്ടും നടക്കുന്നുണ്ടു്. ഈ മഹാസമരമാണു് മനുഷ്യചരിത്രത്തിലെ അടുത്ത രംഗം. തൊഴിലാളി വളരുന്ന വർഗ്ഗമായതുകൊണ്ടു് അവനേ വിജയിക്കൂ എന്നു കമ്മ്യൂണിസ്റ്റ് ഉറപ്പിച്ചുപറയുന്നു. ഭൂമിയുടെ ആറിലൊന്നിൽ അതു നടന്നുകഴിഞ്ഞു. ഈ സമരത്തിന്റെ പരിണതഫലം വർഗ്ഗരഹിതമായ ഒരു സമുദായമായിരിക്കുമെന്നു കമ്മ്യൂണിസം സിദ്ധാന്തിക്കുന്നു. അതു് ഇന്ന കാലത്തു സംഭവിക്കണമെന്നു നിർബ്ബന്ധമില്ല. പല രാജ്യങ്ങളിലും മനുഷ്യവർഗ്ഗം ഓരോ പരിവർത്തനത്തിൽക്കൂടി കടന്നുപോന്നിട്ടുള്ളതു ഭിന്നകാലങ്ങളിലാണു്. സോവിയറ്റ് റഷ്യയിൽ തൊഴിലാളികൾ വിജയികളായി. യൂറോപ്പിന്റെ മറ്റുഭാഗങ്ങളിൽ ഇന്നും മുതലാളിമാരാണു് വിജയിച്ചു നിൽക്കുന്നതു്. ഇന്ത്യയിലും ചൈനയിലും മുതലാളിത്തത്തിനു ജന്മിത്വത്തെ പരിപൂർണ്ണമായി തോല്പിക്കാൻ കഴിഞ്ഞിട്ടില്ല. ഈസ്റ്റിൻഡീസ് ദ്വീപുകളിൽ ഇന്നും കിരാതന്മാരായി കഴിഞ്ഞുകൂടുന്ന വർഗ്ഗങ്ങളുണ്ടു്. ഏതായാലും ഒരിക്കൽ മനുഷ്യരാശി മുഴുവനും ഈ പടികൾ ഒന്നൊന്നായി കടന്നു സോഷ്യലിസത്തിലെത്തുമെന്നാണു് കമ്മ്യൂണിസ്റ്റ് വാദിക്കുന്നതു്. ആധുനികസാമ്പത്തികശാസ്ത്രത്തിൽനിന്നു് അതിനുതെളിവുകളും കൊണ്ടുവരുന്നുണ്ടു്. മുതലാളിത്തരീതിയിൽ ഉല്പാദനം മുന്നോട്ടുപോകുവാൻ കഴിയുകയില്ലെന്നും. അതുപൊളിഞ്ഞു തകരുമെന്നും വിശ്വസിച്ചു് ആ പരിവർത്തനത്തിനുബോധപൂർവം പ്രവർത്തിക്കുകയെന്നതാണു് കമ്മ്യൂണിസ്റ്റ് സമ്പ്രദായം.

മതവും കമ്യൂണിസവും

ഇത്രയും പറഞ്ഞതുകൊണ്ടു് അടിസ്ഥാനതത്ത്വപരമായി മതവും കമ്മ്യൂണിസവും തമ്മിൽ എത്ര വൈരുദ്ധ്യമുണ്ടെന്നു നാം കണ്ടുകഴിഞ്ഞു. മനുഷ്യ ദുഃഖ ദൂരീകരണത്തിനു കമ്മ്യൂണിസം മനുഷ്യന്റെ സംഘടിത പ്രവർത്തനത്തെമാത്രം ആശ്രയിക്കുമ്പോൾ മതം വ്യക്തിയുടെ ആത്മാർത്ഥതയിലും അതിലുമുപരിയായി ജഗന്നിയന്താവിന്റെ കൃപാകടാക്ഷത്തിലും ആശ്രയിക്കുന്നു. കമ്മ്യൂണിസത്തിന്റെ മാർഗ്ഗം ഭൗതീകമായിരിക്കുമ്പോൾ മതത്തിന്റെ മാർഗ്ഗം ആദ്ധ്യാത്മികമായിരിക്കുന്നു.

ഈ പരമാർത്ഥം വലിച്ചുകോട്ടിയാണു് കമ്മ്യൂണിസം നിരീശ്വരത്വമാണെന്നു ചിലർ അഭിപ്രായപ്പെടുന്നതു്. കമ്മ്യൂണിസത്തിൽ ഈശ്വരൻ ഇല്ല. ശരിതന്നെ. പക്ഷേ, ഈശ്വരനില്ലെന്നു പ്രസംഗിക്കാനുള്ള കുത്തക കമ്മ്യൂണിസമേറ്റെടുത്തിട്ടില്ല. മനുഷ്യപ്രയത്നം അനാവശ്യമാണെന്ന പരാജയമനോഭാവത്തെ (അതു ഭക്തന്റേതായാലും) കമ്മ്യൂണിസം എതിർക്കും. മനുഷ്യന്റെ ജോലിയാണെന്നു താൻ വിശ്വസിക്കുന്ന ഒന്നിൽ ഈശ്വരന്റെ സഹകരണമുണ്ടായാൽ കമ്മ്യൂണിസ്റ്റ് അതു തിരസ്കരിക്കുകയുമില്ല.

മതവും കമ്മ്യൂണിസവും 1948.

സി. ജെ. തോമസിന്റെ ലഘു ജീവചരിത്രക്കുറിപ്പു്.

Colophon

Title: “Adhiyil Vachanamundayirunnu...” (ml: “ആദിയിൽ വചനമുണ്ടായിരുന്നു...”).

Author(s): C. J. Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-17.

Deafult language: ml, Malayalam.

Keywords: Article, C. J. Thomas, “Adhiyil Vachanamundayirunnu...”, സി. ജെ. തോമസ്, “ആദിയിൽ വചനമുണ്ടായിരുന്നു...”, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Succession, a painting by Wolfgang Paalen (1905–1959). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.