മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.
സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്.
പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.
പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു.
സി ജെ തോമസിന്റെ ലേഖനങ്ങൾ എപ്പോഴും സമകാലികമാവാനുള്ള ഒരു ശേഷി പ്രകടിപ്പിയ്ക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ സവിശേഷതകൾകൊണ്ടു മാത്രമല്ല അതു്, ഭാഷയുടെ ചൊടികൊണ്ടുകൂടി അവ നമ്മെ ഇന്നും ആകർഷിക്കുന്നു. ‘സായാഹ്ന’ അവ പുനഃപ്രകാശിപ്പിക്കുന്നതിന്റെ ഒരു കാരണവും അതത്രെ. എങ്കിലും, ഈ ലേഖനങ്ങളിൽ ചിലപ്പോഴെങ്കിലും കാണാറുള്ള ലിംഗപരവും വംശീയപരവുമായ ഭാഷാ പ്രയോഗങ്ങൾ, നിർദോഷമല്ലാത്ത കളിയാക്കലുകൾ, ഞങ്ങളും ശ്രദ്ധിക്കുന്നു. പക്ഷേ, അവ അതേപോലെ തിരുത്താതെ പ്രസിദ്ധീകരിയ്ക്കുകയാണു്. നീതിയുടെ തെളിച്ചത്തിലേക്കു് എഴുത്തുകാരും സമൂഹവും എത്തുന്നതിലെ കാലതാമസം മറച്ചു വെയ്ക്കണ്ടതുമല്ലല്ലോ. മാന്യ വായനക്കാർ ഇതെല്ലാം കാണുന്നുണ്ടാകുമെന്നുതന്നെ ഞങ്ങൾ കരുതട്ടെ.