സമുദായസമുദ്രത്തിലെ അലതല്ലലുകൾ തട്ടിയും തടഞ്ഞും ഒരു ഞരക്കത്തോടുകൂടി ഇഴഞ്ഞുപോകുന്ന ഭാഷാശൈലി, അങ്ങിങ്ങായി മിന്നിത്തെളിയുന്ന ചില കലാരശ്മികൾ—ഇതാണു് ശ്രീ. ശങ്കരൻ കരിപ്പായിയുടെ പത്തു കഥകൾ കോർത്തിണക്കിയ ആഭരണങ്ങളുടെ സ്വഭാവവിശേഷങ്ങൾ. കഴിവില്ലാഞ്ഞിട്ടോ, വേണ്ടെന്നുവെച്ചിട്ടോ, ജീവിതാനുഭവങ്ങളുടെ അടിത്തട്ടിലേക്കിറങ്ങി മാനസികവും വൈകാരികവുമായ കഠിനപ്രശ്നങ്ങളെ വാദിക്കാൻ അദ്ദേഹം മുതിരുന്നില്ല. നിസ്സാരമായ സംഗതികളുടെ ചിത്രീകരണത്തിൽ കലാസൗന്ദര്യമുണ്ടായിക്കൂടെന്നില്ല. അവയെ ഫലവത്തായി ചിത്രീകരിക്കാൻ അനന്യസാധാരണമായ കലാപാടവം വേണമെന്നുമാത്രം. അതു ഗ്രന്ഥകാരനുണ്ടെന്നു വിചാരിക്കാൻ ഈ പുസ്തകം ഇടതരുന്നില്ല.
വിശ്വസിച്ചു സ്നേഹിച്ചിരുന്ന ഒരു ഭാര്യ എങ്ങനെ ഭർത്താവിനെ വഞ്ചിച്ചുവെന്നു് അവളുടെ മരണശേഷം തെളിയുന്നതാണു് “ആഭരണങ്ങൾ” എന്ന കഥ. പറയത്തക്ക ഒരു രസവും ഇക്കഥയിലില്ല. ജീവിതകാലം ഏതായാലും സുഖമായിക്കഴിഞ്ഞല്ലോ എന്നോ മറ്റോ പരമുപിള്ള ആശ്വസിക്കുന്നതായി കാണിച്ചിരുന്നെങ്കിൽ ഒരു തലതിരിഞ്ഞ രസമെങ്കിലും അതിലുണ്ടാകുമായിരുന്നു. എന്നാൽ, ഇവിടെ കഥ വായിച്ചുതീരുമ്പോൾ ഒരു ശൂന്യതയാണനുഭവപ്പെടുന്നതു്. കഥയുടെ ആദ്യംതന്നെ ആഭരണങ്ങളുടെ രഹസ്യം നമുക്കു മനസ്സിലാകുന്നതുകൊണ്ടു് അത്ഭുതത്തിന്റെ ഗുണംപോലും കഥയിലുണ്ടാവുന്നില്ല. പോരെങ്കിൽ, ഇക്കഥതന്നെ ഇംഗ്ലീഷിലുള്ളതുകൊണ്ടു് അറിയാതെ തന്നെ ഒരു താരതമ്യം നടക്കുകയും ചെയ്യും. ബസ്സിൽ യാത്രചെയ്യുന്നതിനിടയ്ക്കു് ഒരു സ്ത്രീയുമായി കുറച്ചു കൂട്ടിമുട്ടിയും മറ്റും രസിക്കുന്നതാണു് രണ്ടാമത്തെ കഥ. ഇതിന്റെ അവസാനഭാഗം അതൊരു കഥയാക്കിത്തീർക്കാൻവേണ്ടി ഏച്ചു കെട്ടിയതാണു്. അതു വല്ലാതെ മുഴച്ചിരിക്കുന്നുണ്ടുതാനും. “യുവത്വത്തിലേക്കു്” എന്ന ആ തലക്കെട്ടിന്റെ പ്രസക്തി എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല. അസംതൃപ്തമായ കാമമെല്ലാം യുവത്വത്തിലേക്കുള്ള ആശയായി വ്യാഖ്യാനിക്കുന്നതെന്തിനാണാവോ!
‘അന്നുരാത്രി’ എന്ന കഥ അവിവാഹിതനായ ഒരു യുവാവിന്റെ രാത്രികാലചിന്തകളാണു്. വേനലിന്റെ ചൂടുകൊണ്ടല്ല അയാൾ ഉറങ്ങാത്തതു്. ആ ഉഷ്ണത്തും തന്റെ കിടക്കയ്ക്കൊരു പങ്കുകാരിയുണ്ടായിരുന്നെങ്കിൽ അയാൾക്കു് അത്ര ഉഷ്ണം തോന്നുമായിരുന്നില്ല. അതങ്ങനെ തുറന്നുപറയുന്നില്ലെങ്കിലും, ആ പാവപ്പെട്ട എൻ. ജി. ഒ.-യ്ക്കു വേണ്ടതു് ഒരു സംബന്ധമാണു്. അയാളുടെ ധനസ്ഥിതി അതിനനുവദിക്കുന്നില്ല. ഈ ഉഷ്ണകാലത്തു് അയാളെപ്പോലെ കേരളത്തിന്റെ നാനാഭാഗത്തും ഉറങ്ങാതെ കിടന്നുറങ്ങുന്ന അനേകായിരം യുവാക്കന്മാർക്കു് ഈ കഥ ഒരു കണ്ണാടിയായിരിക്കും. ഈ കഥയിൽ ശ്രീ. ശങ്കരൻ കരിപ്പായി സമുദായത്തിലെ ഒരു മർമ്മപ്രശ്നത്തെത്തന്നെ ഉന്നയിച്ചിട്ടുണ്ടു്. ഈ പ്രശ്നംതന്നെ ഒരു യുവതിയിലുണ്ടാക്കുന്ന മാറ്റങ്ങളും അതിന്റെ പരിഹാരത്തോടുകൂടി പ്രത്യക്ഷമാക്കുന്ന സ്വഭാവവ്യത്യാസവുമാണു് “എന്റേട്ടത്തി”യിലെ കഥാവസ്തു. ഈ കഥയിലാണു് ഗ്രന്ഥകർത്താവു് ഏറ്റവുമധികം കലാവൈദഗ്ദ്ധ്യം കാണിച്ചിരിക്കുന്നതു്. ഏട്ടത്തിക്കു ലഭിച്ച പരിഹാരത്തിൽനിന്നു തുലോം ഭിന്നമായ ഒന്നാണു് അവിവാഹിതയായ അമ്മുക്കുട്ടിക്കു ലഭിച്ചതു്. സ്വന്തമായി സമ്പത്തു ലഭിക്കുന്നതിനുപകരം ഒരു മോഷണം. അവൾ പോയി ആയിരം പ്രാവശ്യം മുങ്ങിക്കുളിക്കാനുള്ള കാരണം വേലപ്പന്റെ വൈരൂപ്യമല്ല. കാത്തിരുന്നു കാത്തിരുന്നു് അവളുടെ ക്ഷമ നശിച്ചു് മാനസികരോഗം പിടിപെട്ടതായി ഈ അനുമാനത്തിനു് മാനസിക അപഗ്രഥനക്കാർ സർട്ടിഫിക്കറ്റ് എഴുതിയേക്കാമെങ്കിലും അമ്മുക്കുട്ടി അവരുടെ ശപഥം പാലിക്കുമെന്നു് എനിക്കു വിശ്വാസമില്ല. ഉമ്മാത്തുവിനു് ഇത്രയധികം ആഗ്രഹസംയമനം വേണ്ടിവന്നതായി തോന്നുന്നില്ല. അവൾക്കു കുപ്പിവള വേണമെന്നു തോന്നിയപ്പോൾ മമ്മതു് അതു വാങ്ങിച്ചുകൊടുത്തു. അതിലപകടമൊന്നുമുണ്ടായിരുന്നില്ല. മമ്മതിനു് അവളെ ഉപദേശിക്കുവാൻ കഴിഞ്ഞിരുന്നില്ല. കാലക്കേടുകൊണ്ടാണു് മമ്മതിനു് അവളുടെ കുഞ്ഞിന്റെ അച്ഛനാകാൻ കഴിയാതെപോയതു്. മീരാനും കുപ്പിവളകളുമായി പ്രവേശിക്കുന്നുണ്ടു്. പക്ഷേ, ഉമ്മാത്തു അതിൽ ശ്രമിക്കുന്നില്ല. യാചകിയെങ്കിലും അവൾക്കും പ്രേമത്തിന്റെ വിലയറിയാമെന്നു തോന്നുന്നു. “എന്താണു തരക്കേടു്” എന്ന കഥയിൽ ഭർത്താവു് ഉപേക്ഷിച്ചുപോയ ഒരു സ്ത്രീ ജീവിതസുഖത്തിനും കാലയാപനത്തിനുംവേണ്ടി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനു് നീതീകരണമന്വേഷിച്ചു നടക്കുകയാണു്. തെറ്റായ എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ ആരംഭിക്കുമ്പോൾ അതിനു പറ്റിയ ഒരു തത്ത്വം സൃഷ്ടിക്കുക മനുഷ്യപ്രകൃതിയാണു്. അതിൽ കുറേയധികം ആത്മവഞ്ചനയടങ്ങിയിട്ടുള്ളതുകൊണ്ടായിരിക്കാം അന്യന്റെ സമ്മതപത്രവും കൂടി കിട്ടണമെന്നു് ആഗ്രഹിക്കുന്നതു്. പ്രതിപാദനം അത്രയ്ക്കു വിശേഷമല്ലെങ്കിലും മാനസികമായ ഈ പ്രശ്നത്തെ ഒരു കഥാവിഷയമാക്കിയതിൽ ശ്രീ. ശങ്കരൻ കരിപ്പായിയെ അനുമോദിക്കുകതന്നെവേണം.
ഈ കഥകളുടെയെല്ലാം ലക്ഷ്യം മനസ്സിലാക്കാം. അവയിലെ പത്രങ്ങളിലെ ഉദ്ദേശ്യവും വ്യക്തമാണു്. പക്ഷേ, ആ ‘ഗുമസ്തന്റെഭാര്യ’ എന്തിനാണു് ആ മനുഷ്യനെ കട്ടിലിൽ പിടിച്ചിരുത്തുന്നതു്? യഥാർത്ഥമായി അവൾ അയാളെ സ്നേഹിക്കുന്നുണ്ടോ? അതോ, അവൾ അയാളുടെ മടിശ്ശീലയെയാണോ കണ്ണുവെക്കുന്നതു്? രണ്ടും കുറേയൊക്കെയുണ്ടാവാനാണു വഴി. ലഭിച്ച സഹായത്തിനു് സ്വന്തം ശരീരമല്ലാതെ പകരം കൊടുക്കുവാനില്ലാത്തതുകൊണ്ടാണു് അവൾ അതിനു തുനിയുന്നതെന്നായിരിക്കാം ഗ്രന്ഥകാരന്റെ ഭാവം. അങ്ങനെയാണെങ്കിൽ അക്കാര്യത്തിൽ അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പട്ടിട്ടുണ്ടെന്നു തോന്നുന്നു. ‘ആ നാലുമണിക്കൂർ’ ഒരു ജാരസംസർഗ്ഗത്തിന്റെ ചിത്രമാണു്. അതിൽ തിങ്ങിനില്ക്കുന്ന ആശങ്കയല്ലാതെ മറ്റൊന്നും ഉണ്ടെന്നുപറയാൻ നിവൃത്തിയില്ല. ആകെക്കൂടി പറഞ്ഞാൽ ഈ സമാഹാരത്തിലെ കഥകളെല്ലാം ഒരു വിഷയത്തെ സംബന്ധിച്ചുള്ളതാണു്. ലൈംഗികജീവിതത്തിലെ പല വശങ്ങളും ഇതിൽ പ്രതിപാദിക്കുന്നുണ്ടു്. ഒന്നുമാത്രം വിട്ടുപോയിരിക്കുന്നു യഥാർത്ഥ പ്രണയം. അങ്ങനെ വന്നതിന്റെ കാരണം ഗ്രന്ഥകർത്താവിന്റെ ചിന്താഗതിയുടെ തെറ്റാണെന്നു ഞാൻ ഗണിക്കുന്നില്ല. യഥാർത്ഥജീവിതത്തിൽ ഒരായിരം ലൈംഗികവൈകൃതങ്ങൾക്കിടയിൽ മാത്രമാണു് നാം ഒരു യഥാർത്ഥ പ്രണയകഥ കണ്ടെത്തുന്നതു്, ഇന്നത്തെ സമുദായം അങ്ങനെയാണു്. പൊറുപ്പും പരിഹാരവുമില്ലാത്ത ഏക അപരാധം പ്രണയമാണു്. അതുകൊണ്ടായിരിക്കണം ശ്രീ. കരിപ്പായിയുടെ ദൃഷ്ടി ഈ പുഴുക്കുത്തുകളിൽ മാത്രം ചെന്നുപറ്റിയതു്. ഇതിന്റെയെല്ലാം കാരണം, അതു മതമായാലും ധനമായാലും എന്താണെന്നുകൂടി അന്വേഷിക്കുന്ന കഥകളായിരുന്നെങ്കിൽ അവയ്ക്കു കുറേക്കൂടി കഴമ്പുണ്ടാകുമായിരുന്നു.
പരിഷത്തു് ദ്വൈമാസിക മാർച്ച് 1948.