മോളിയേ യുടെ വികൃതമായ അനുകരണങ്ങളിൽനിന്നു് ഇബ്സനിലേക്കു ദൂരം കുറച്ചധികമുണ്ടു്. എങ്കിലും ആ വഴിയെല്ലാം ഒരു ചുരുങ്ങിയ കാലംകൊണ്ടു് എൻ. കൃഷ്ണപിള്ള നടന്നുതീർത്തു എന്നു പറയാം. മലയാളത്തിൽ നാടകത്തിന്റെ രൂപമുള്ള ഒട്ടധികം കൃതികൾ ഉണ്ടായി. പക്ഷേ, അവ അഭിനയത്തിനുതകുന്നവയോ ഏതെങ്കിലും ഗൗരവപ്രശ്നത്തെ ഉൾക്കൊള്ളുന്നവയോ ആയിരുന്നില്ല. ഇവയെല്ലാം കണ്ടു് അതൃപ്തനായി ഭാഷാനാടകങ്ങളുടേയും പാശ്ചാത്യനാടകങ്ങളുടേയും നിലവാരങ്ങൾ തമ്മിലുള്ള അന്തരം നികത്തുവാൻ ബോധപൂർവ്വം ചെയ്ത പരിശ്രമങ്ങളുടെ പ്രതിഫലനമാണു് എൻ. കൃഷ്ണപിള്ളയുടെ നാടകങ്ങൾ. അദ്ദേഹം ഇബ്സനെ മാതൃകയാക്കി അംഗീകരിച്ചതിനും പ്രത്യേകന്യായങ്ങൾ ഉണ്ടു്. യുറോപ്യൻ നാടക പ്രസ്ഥാനത്തിനുതന്നെ ആരോഗ്യകരമായ ഒരു പരിവർത്തനം ഉണ്ടാക്കിയതു് ഇബ്സനാണു്. ബർനാഡ് ഷാ പോലും തനിക്കു് ഇബ്സനോടുള്ള കടപ്പാടിനെ എടുത്തുപറയുന്നുണ്ടു്. ഭാവത്തിലും രൂപത്തിലും ഇബ്സൻ മൗലീകമായ വ്യതിയാനങ്ങളവതരിപ്പിച്ചു. രൂപത്തിൽ, അദ്ദേഹം പരമ്പരാഗതമായ സാങ്കേതികനിയമങ്ങളെ നിരാകരിച്ചു് ഒരു പുതിയ സരണി വെട്ടിത്തുറന്നു. നാടകീയമെന്നു കരുതപ്പെട്ടിരുന്ന പലതും അദ്ദേഹം ഉപേക്ഷിച്ചു; അവ യഥാർത്ഥമെന്നു കണ്ടു് അവ യഥാർത്ഥമാണെന്ന ന്യായത്തിന്മേൽ അതുവരെ നാടകത്തിൽനിന്നു് ഒഴിച്ചുനിർത്തിയിരുന്ന പലതും ഇബ്സൻ രംഗത്തിലേക്കു കൊണ്ടുവരികയും ചെയ്തു. ഈ മാറ്റങ്ങൾക്കെല്ലാം ഒരുനിയമമേ ഉണ്ടായിരുന്നുള്ളൂ—കഥാവസ്തുവിനെ ഏറ്റവും ഫലവത്തായരീതിയിൽ പ്രകടിപ്പിക്കുക എന്നതു്. കഥാവസ്തുവാകട്ടെ അടിസ്ഥാനപരമായി മാറുകയും ചെയ്തു. അഭിനയിച്ചു രസിക്കുക എന്ന ഉദ്ദേശ്യം മാത്രമേ സാധാരണനാടകങ്ങൾക്കുണ്ടായിരുന്നുള്ളൂ. ഇബ്സൻ ചിന്തിപ്പിക്കുവാൻവേണ്ടി നാടകങ്ങൾ എഴുതി. പ്രശ്നങ്ങളും ആശയങ്ങളും അഭിപ്രായങ്ങളുമായി നാടകത്തിന്റെ കാതൽ. മനുഷ്യന്റെ മാനസികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ നാടകീയ പ്രതിപാദ്യത്തിനു സ്വീകരിക്കപ്പെട്ടു. സോദ്ദേശ്യമായ സാഹിത്യത്തിന്റെ ഒരു വിശിഷ്ടവിജയമായിരുന്നു ഇതു്. ഇത്തരം നാടകങ്ങൾ കാണികൾക്കു രസിക്കുകയില്ലെന്നും ധരിക്കേണ്ട ആവശ്യമില്ല. ഉത്സവം കണ്ടു രസിക്കുകയെന്നതുപോലെയുള്ള രസം അതിൽനിന്നുണ്ടായില്ലെന്നുവരാം. പക്ഷേ, രംഗത്തു പ്രദർശിപ്പിക്കപ്പെടുന്ന സംഭവഗതികൾ ജനസാമാന്യത്തിൽ ഭൂരിപക്ഷത്തിന്റെയും അനുഭവങ്ങളോടു സാദൃശ്യമുള്ളവയാകയാൽ പ്രേക്ഷകർ അവ മനസ്സിലാക്കുകയും അവയോടൊത്തു ചിന്തിക്കുകയും ചെയ്യുമെന്നുറപ്പുണ്ടു്. സാമൂഹ്യജീവിതം പൊതുവെ തകർന്നുവീഴുന്ന ഒരു കാലഘട്ടത്തിൽ ആ തകർച്ചയെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ഇതിവൃത്തങ്ങൾ സ്വാഗതം ചെയ്യപ്പെടുകയും ചെയ്യും. ഈ ലക്ഷ്യത്തിനു ഉപകരിക്കുക എന്നതുമാത്രമേ സാങ്കേതികരീതികൾ പരിഷ്ക്കരിക്കുന്നതിനെ സംബന്ധിച്ചു് ഒരു തത്ത്വമായിട്ടംഗീകരിക്കാവൂ ഇബ്സൻ തന്റെ ചുറ്റുപാടും കണ്ട അന്തരീക്ഷത്തിന്റെ ഒരു ഛായയാണു് എൻ. കൃഷ്ണപിള്ളയ്ക്കും അനുഭവപ്പെട്ടതു്. കലയോടും സമുദായത്തോടും ഇബ്സൻ ചെയ്തതുതന്നെ കൃഷ്ണപിള്ളയും ചെയ്യാൻ ശ്രമിച്ചു.
ഭഗ്നവനം, കന്യക, ബലാബലം എന്നിവയാണു് കൃഷ്ണപിള്ളയുടെ പ്രധാനപ്പെട്ട നാടകങ്ങൾ. ഇവയിൽ ആദ്യത്തേതു് ഇബ്സന്റെ സാങ്കേതിക മാർഗ്ഗത്തെ അനുകരിക്കുവാനും രണ്ടാമത്തേതു് ഇബ്സനെ അനുഗമിച്ചു വിഷയം സ്വീകരിക്കുവാനും ചെയ്ത പരിശ്രമങ്ങളാണെന്നു ഗ്രന്ഥകാരൻ പറയുന്നുണ്ടു്. ഭഗ്നഭവനത്തിൽ അംഗീകൃതവിവാഹനടപടികളെ മുഴുവനോടെ പിച്ചിച്ചീന്തുകയാണു്. പൊട്ടിത്തെറിക്കുവാൻ പോകുന്ന ഒരഗ്നിപർവതംപോലെ വിധി ഭഗ്നഭവനത്തിനു മീതെ കാത്തു നിൽക്കുകയാണു്. ഒരു വ്യക്തിയേയും ഒഴിച്ചുവിടാതെ ആ ഭവനത്തെ ഇരുളിലാഴ്ത്തിക്കൊണ്ടു് വിധി അതിന്റെ നാരകീയകർമ്മം നിർവഹിക്കുന്നു. എങ്കിലും, ഈ ദുരന്തത്തിലൊന്നും വ്യക്തികൾക്കു യാതൊരുത്തരവാദിത്വവുമില്ല എന്നു വാദിക്കുവാനും നാടകകൃത്തു തയ്യാറായില്ല. കാമുകൻ ധനികനാണെന്നു കണ്ടു മാറിക്കളയുന്ന യുവതി ത്യാഗത്തിനു് ഒരു ബീഭത്സവേഷമണിയിക്കുകയാണു ചെയ്യുന്നതു്. അവളുടെ അനുജത്തിയും അനുഷ്ഠിക്കുന്ന പതിഭക്തി ആദർശപ്രേമത്തിലും അതിരുവേണമെന്നു തെളിയിക്കുന്നതാണു്. ഭർത്താവിനോടുള്ള സ്നേഹം ‘സതി’യിലേക്കു നയിച്ചാൽ അതു് അപകടമാണു്. ഭഗ്നഭവനത്തിന്റെ ഇതര പാത്രങ്ങളും ഇതുപോലെ ദുരന്തസൃഷ്ടിയിൽ വിധിയെ സഹായിക്കുന്നുണ്ടു്. സാങ്കേതികമായിട്ടുമാത്രം ഇബ്സനെ അനുകരിക്കുവാൻ പുറപ്പെട്ട കൃഷ്ണപിള്ള ചെന്നെത്തിയതു് ഉള്ളടക്കത്തിലും ഇബ്സന്റേതുപോലെ ഉത്തമമായ ഒരു നാടകത്തിലാണു്. ഉള്ളടക്കത്തിൽ ഇബ്സൻ സമ്പ്രദായത്തെ അനുകരിച്ചു രചിച്ചതാണു് ‘കന്യക.’ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരിൽ ഈ നാടകം ഒരു പിന്തിരിപ്പൻ കൃതിയായി ഗണിക്കുന്നവരുണ്ടു്. ഇന്നു സമുദായത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം പല ശതാബ്ദങ്ങളിലെ സമരംകൊണ്ടു ലഭിച്ചതാണെന്നും സാമ്പത്തികപ്രശ്നം പരിഹരിച്ചുകഴിഞ്ഞാലും ഒരു സ്ത്രീ വിവാഹത്തിനാഗ്രഹിക്കൂ എന്ന പ്രസ്താവന പിന്തിരിപ്പനാണെന്നും അവർ കരുതുന്നു. പല വിവാഹങ്ങളും സാമ്പത്തികപരിഗണനകൾക്കുവേണ്ടിയാണു് നടക്കുന്നതെന്ന വാസ്തവം വിസ്മരിക്കാതെതന്നെ പറയുവാൻ കഴിയും. വിവാഹത്തിൽ സാമ്പത്തികപരിഗണനയ്ക്കപ്പുറം ഒന്നുണ്ടെന്നുള്ളതു് പ്രത്യേകിച്ചും സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട ഒരു വ്യക്തിക്കു തീർച്ചയായും ലൈംഗികാസക്തി പ്രാധാന്യമാർജ്ജിക്കും. ഈ പരമാർത്ഥം ആരും നിഷേധിക്കുമെന്നു തോന്നുന്നില്ല. വൈവാഹികജീവിതം ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു് ഹാനികരമാകണമെന്നുമില്ല. ഏതായാലും വിവാഹംചെയ്യാൻ സൗകര്യം ലഭിക്കാതെ ഊറിക്കഴിയുന്ന പല ഉദ്യോഗസ്ഥകളും അനുഭവിക്കുന്ന വീർപ്പുമുട്ടൽ ചിത്രീകരിക്കുവാൻ നാടകകർത്താവിനു കഴിഞ്ഞിട്ടുണ്ടു്. നാടകത്തിന്റെ അവസാനത്തിൽ കന്യക സ്വന്തം ഭൃത്യനെ വിവാഹംചെയ്യാൻ തീരുമാനിക്കുന്നതു് യാഥാർത്ഥ്യമാണോ എന്നു സംശയിക്കേണ്ടതാണു്. അത്തരം ധീരത സ്വാഗതാർഹമാണു്. പക്ഷേ, അതു സംഭവിക്കാൻവിഷമമാണു്. രഹസ്യവേഴ്ചയാണു കൂടുതൽ സ്വാഭാവികം—ആചാരവിരുദ്ധമെങ്കിലും.
വിശ്വവ്യാപിയായ ഒരു പ്രശ്നത്തെയാണു് ‘ബിലാബല’ത്തിൽ അപഗ്രഥിച്ചിരിക്കുന്നതു്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള മാത്സര്യമാണു് ഇതിവൃത്തം. മറ്റൊരു വീക്ഷണകോണത്തൽനിന്നു് അതിനെ അമ്മായിയമ്മപ്പോരെന്നും വിളിക്കാം. കേവലം ശാസ്ത്രപരമായ ഒരു പ്രാധാന്യം മാത്രമല്ല ഈ പ്രശ്നത്തിനുള്ളതു്. സാമുദായികജീവിതത്തിന്റെ ഇന്നത്തെ അടിസ്ഥാനമായ കുടുംബജീവിതത്തെ ആകെ ദുഷിപ്പിക്കുന്ന ഒന്നാണു് ഈ പ്രശ്നം. ദമ്പതികൾ വിവാഹത്തോടുകൂടി പ്രത്യേകം വീട്ടിൽ താമസം തുടങ്ങുന്ന പതിവില്ലാത്ത കേരളത്തിൽ ഈ പ്രശ്നത്തിന്റെ പ്രാധാന്യം വളരെയധികമാണു്. അമ്മായിയമ്മപ്പോരിനെപ്പറ്റി രണ്ടഭിപ്രായഗതികളുണ്ടു്. ജീവിതശാസ്ത്രത്തെപ്പറ്റി രണ്ടു ഭിന്നതത്ത്വങ്ങളുള്ളതിന്റെ പ്രതിഫലനമാണു് ഈ ആശയവൈരുദ്ധ്യം. ജീവരാശിയുടെ അടിസ്ഥാനപ്രേരണ ലൈംഗികമാണു്. അഥവാ സന്തത്യുല്പാദനാസക്തിയാണു്. ജീവികൾ ചെയ്യുന്നതെല്ലാം സ്വവർഗ്ഗത്തെ നിലനിറുത്തുവാൻവേണ്ടിമാത്രമാണു്. ഇതാണു് ഒരു സിദ്ധാന്തം. രണ്ടാമതൊരുവിധം ചിന്തകന്മാരുടെ അഭിപ്രായം ആത്മരക്ഷയാണു ജീവികളുടെ പ്രഥമലക്ഷ്യം. അതിനുവേണ്ടി അവർ ഭക്ഷണം തേടുകയും ശത്രുക്കളോടു പടവെട്ടുകയും ചെയ്യുന്നു. ഈ മനഃസ്ഥിതിയുടെ ഏറ്റവും ശക്തിയേറിയ പ്രകടനമാണു് അധികാരപ്രമത്തത. ആദ്യത്തെ വിഭാഗത്തിൽപ്പെട്ട ശാസ്ത്രജ്ഞന്മാർ പറയുന്നതു് രണ്ടു സ്ത്രീകൾ ഒരുപുരുഷനെ കൈവശപ്പെടുത്താൻവേണ്ടി ചെയ്യുന്ന സമരമാണു് അമ്മായിയമ്മപ്പോരെന്നാണു്.
ഈഡിപ്പസ് കോംപ്ലക്സ് എന്ന വിചിത്രഭാവത്തെ അവരുടെ വാദത്തിനു താങ്ങായി അവർ ഉന്നയിക്കുന്നുമുണ്ടു്. എല്ലാ അമ്മമാർക്കും സ്വന്തം പുരുഷപ്രജകളോടു് ഒളിഞ്ഞുകിടക്കുന്ന കാമവികാരമുണ്ടെന്നാണു് അവരുടെ മതം. ശരീരശാസ്ത്രപ്രകാരം ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നു തെളിയിക്കുവാൻ അവർ കോഴി, കന്നുകാലി മുതലായ തിര്യക്കുകളുടെ ഇടയിൽ നടപ്പുള്ള മാതൃപുത്ര സംഭോഗത്തേയും എടുത്തു കാണിക്കുന്നു. ഈ തത്ത്വമനുസരിച്ചു മാതാവിനു് സ്വപുത്രനോടുള്ള കാമാസക്തി പുത്രന്റെ വിവാഹാവസരത്തിൽ ആളിക്കത്തും. തന്റെ പുത്രനുമായി ലൈംഗികബന്ധത്തിനു പ്രത്യേക അവകാശം സിദ്ധിച്ച ഒരു സ്ത്രീയുടെ സാന്നിദ്ധ്യത്തിൽ മാതാവു് മത്സരം തുടങ്ങുന്നുവത്രേ. ഇതു് പുത്രനോടു കൂടുതൽ താല്പര്യമായിട്ടും മരുമകളോടു് ദ്രോഹബുദ്ധിയായിട്ടും പ്രകടിപ്പിക്കപ്പെടും. ദമ്പതികളെ അകറ്റുന്നതിനു് ഉതകുന്ന എല്ലാ മാർഗ്ഗങ്ങളും അവർ സ്വീകരിക്കുകയും ചെയ്യും. മറ്റേക്കൂട്ടരുടെ അഭിപ്രായം അധികാരപ്രമത്തതയാണു് അമ്മായിയമ്മപ്പോരിനുള്ള കാരണമെന്നാണു്. തികച്ചും അടിമയെപ്പോലെ പെരുമാറുന്ന യുവതികളെപ്പോലും അമ്മായിയമ്മമാർ ദ്രോഹിക്കുന്നതിനെ ഈ തത്ത്വമനുസരിച്ചു വിശദീകരിക്കുവാൻ പ്രയാസമാണെങ്കിലും കൊല്ലും കൊലയും നടത്താനുള്ള ശ്രമം മനുഷ്യന്റെ ജന്മമവാസനയാണെന്നു സമ്മതിച്ചേതീരൂ. കൃഷ്ണപ്പിള്ള രണ്ടാമത്തെ അഭിപ്രായത്തോടാണു് കൂടുതൽ യോജിക്കുന്നതു്. ലക്ഷ്മിയമ്മ തന്റെ അധികാരത്തെപ്പറ്റി വീരവാദം മുഴക്കിക്കൊണ്ടാണു് നാടകം ആരംഭിക്കുന്നതുതന്നെ. അനന്തരരംഗങ്ങളിലും—“ഞാനിവിടെയുള്ളപ്പോൾ ഇതൊന്നും നടക്കുകയില്ല” എന്ന ഭാവമാണു് കാണുന്നതു്. ഭർത്താവിനെ ഭരിച്ചു വശമാക്കിയ അധികാരപ്രമത്തത പ്രകൃത്യാ ഉള്ള ഭരണാസക്തിയോടുകൂടിയോജിച്ചു് ലക്ഷമിയമ്മയെ സ്വാധീനപ്പെടുത്തുന്ന, പുത്രനെ കൈവശപ്പെടുത്താൻ വന്നിരിക്കുന്ന പുതുപെണ്ണിനോടു് അവർ സമരം പ്രഖ്യാപനംചെയ്യുന്നു. ആ അമ്മയുടെ ആവനാഴിയിലുള്ള പ്രധാന ആയുധം അവരുടെ അച്ഛൻ മരിച്ചതിൽപ്പിന്നെ കുട്ടികളെ വളർത്താൻ അവർ വളരെ പ്രയത്നിച്ചു എന്നതാണു്. ഈ അവകാശവാദം അത്രയ്ക്കു് അർത്ഥശുന്യവുമല്ല. അവരതു പറയുന്നതിൽ വളരെ ആത്മാർത്ഥതയുമുണ്ടു്. അതിന്റെകൂടെ സ്വാർത്ഥത കൂട്ടിക്കുഴക്കുന്നതു് സ്ത്രീസ്വഭാവത്തിന്റെ ഒരു പ്രത്യേകതയാണെന്നു ഗണിച്ചാൽമതി. ഇത്തരം വൈരുദ്ധ്യങ്ങൾ ലക്ഷ്മിയമ്മയുടെയും പങ്കജത്തിന്റെയും പെരുമാറ്റത്തിൽ കാണുന്നുണ്ടു്. പങ്കജം ഭർത്താവിനോടുയാത്ര പറയുമ്പോഴത്തെ വിശദീകരണം അതിനുദാഹരണമാണു്. ഇത്രയും പറഞ്ഞുകൊണ്ടു് ഒന്നാമത്തെ സിദ്ധാന്തം കൃഷ്ണപിള്ളപൂർണ്ണമായി പരിത്യജിച്ചിട്ടുണ്ടെന്നു തെളിയുന്നില്ല. ശേഖരൻ “ചുമരിൽ തുക്കിയിട്ടിരിക്കുന്ന ചിത്രത്തിനു ജീവൻ ഉണ്ടായതുപോലെ” ഇരിക്കുന്നു. ശേഖരന്റെ അച്ഛൻ വളരെ പണ്ടുതന്നെ മരിച്ചതാണെന്നുപറയുന്നു. അതു് അഭിനയസൗകര്യത്തിനുവേണ്ടി നാടകകൃത്തുചെയ്ത ഒരു കടുംകൈ അല്ല. വാർദ്ധക്യത്തിനു മുമ്പുതന്നെ വിധവകളായിത്തീരുന്ന സ്ത്രീകൾ ഈഡിപ്പസ് കോംപ്ലസിസിനു് അടിമകളായിത്തീരാൻ എളുപ്പമുണ്ടെന്നാണു് മനശ്ശാസ്ത്രജ്ഞന്മാർ പറയുന്നതു്. വിധവകളാണു് കൂടുതൽ ഭയങ്കരമായി അമ്മായിയമ്മപ്പോരുണ്ടാക്കുന്നതെന്നും അവർ പറയുന്നു. ലൈംഗികാസക്തി കൃത്രിമമായി ഒതുക്കിവെച്ചാൽ അതു് ഒരുവക ഞരമ്പുരോഗമായിത്തിരും. ഈ രോഗം ബാധിച്ചാൽ സാധാരണഗതിയിലുള്ള ലൈംഗികാനുഭവങ്ങളെ വെറുത്തുതുടങ്ങും. സ്വയം വേദനിപ്പിക്കുകയോ അല്ലെങ്കിൽ അന്യനെ വേദനിപ്പിക്കുകയോ ചെയ്യുക ഇത്തരം രോഗികളുടെ പതിവാണു്. സേഡിസത്തിന്റെ ഒരു വകഭേദമാണു് അമ്മായിയമ്മപ്പോരെന്നും വന്നുകൂടായ്കയില്ല. ഒരേ വികാരത്തിന്റെ കാര്യത്തിലല്ലെങ്കിൽ അമ്മായിയമ്മയും മരുമകളും തമ്മിൽ മത്സരത്തിനു് സ്ഥാനമേ ഇല്ലെന്നു വാദിക്കുന്നവരും ഉണ്ടു്. കേരളത്തിൽതന്നെ ഒരു സമുദായത്തിലെങ്കിലും ചില അമ്മായിയമ്മമാർ പുത്രൻ ഭാര്യയെ സമീപിക്കാതിരിക്കുവാൻവേണ്ടി മരുമകളെ സ്വന്തം കിടക്കയിൽ കിടത്താറുണ്ടെന്നുള്ളതു് ഒരു പരമാർത്ഥം ആണു്. ലക്ഷ്മിയമ്മയുടെ പെരുമാറ്റത്തിൽ അല്പം ലൈംഗികത്വം പറ്റിനിന്നാൽ അതിലത്ഭുതപ്പെടാനില്ല.
പങ്കജം പരാജിതയായി വീടുവിടുകയാണു ചെയുന്നതു്. അത്തരം സംഭവങ്ങൾ സാധാരണയായി സംഭവിക്കാറുമുണ്ടു്. എങ്കിലും. അതു പൂർണ്ണമായി സ്വാഭാവികമാണെന്നു പറഞ്ഞുകൂടാ. അമ്മമാർക്കു പ്രത്യേക അധികാരങ്ങളെല്ലാമുണ്ടു്; സമ്മതിക്കാം. പക്ഷേ, ഭാര്യയ്ക്കും ചില ആയുധങ്ങൾ ഉണ്ടു്. തലയണമന്ത്രത്തെ തടുത്തുനിർത്താൻ കഴിവുള്ള ഭർത്താക്കന്മാർ ചുരുക്കമാണു്. എങ്കിലും. പങ്കജത്തിന്റെ പരാജയം സാമൂഹ്യവിമർശനം എന്ന ലക്ഷ്യം കുറേക്കൂടി വിജയകരമായി നിർവ്വഹിക്കുവാൻ സഹായിക്കുന്നുണ്ടു്. രണ്ടു മൂന്നുദശവത്സരങ്ങൾക്കു മുമ്പു് മറിയാമ്മനാടകം സമ്പാദിച്ച വിജയമാണു് ബലാബലവും ആർജ്ജിച്ചിരിക്കുന്നതു്.
കൃഷ്ണപിള്ളയ്ക്കു പുറമെ മറ്റു ചിലരും ഇബ്സൻ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിട്ടുണ്ടു്. പ്രേതങ്ങളും, മുല്ലയ്ക്കൽ ഭവനവും, കാട്ടുതാറാവും, ജനദ്രോഹിയും മലയാളത്തിലെത്തിയിട്ടുണ്ടു്. പാശ്ചാത്യനാടകപ്രസ്ഥാനത്തെപ്പറ്റി അറിയണമെന്നാഗ്രഹിക്കുന്നവർക്കു് ഈ പരിഭാഷകളും അനുകരണങ്ങളും സഹായകരമാണു്. കാലക്രമത്തിൽ അഭിപ്രായനാടകങ്ങളും പ്രശ്നനാടകങ്ങളും വർദ്ധിച്ചുവരുമെന്നു വിശ്വസിക്കാൻ മാത്രം ഭാഷയിലെ ഇബ്സൻ പ്രസ്ഥാനം വളർന്നിട്ടുണ്ടു്.