ചങ്ങമ്പുഴ മരിച്ചതിനുശേഷം ഞാൻ ഏറ്റവും പ്രധാനമായി ആലോചിച്ച പ്രശ്നം, സ്വതേ കവിതഭ്രമക്കാരനല്ലാത്ത എനിക്കു് ആ കവി എന്തായിരുന്നുവെന്നതാണു്. ഒന്നാമതായി എനിക്കു ബോധ്യപ്പെട്ടതു് അദ്ദേഹമാണു് എന്നെക്കൊണ്ടു് ആദ്യമായി കവിത വായിപ്പിച്ചതെന്നത്രേ. അതു് അദ്ദേഹത്തിന്റെ ‘ജനകീയകവി’പ്പട്ടത്തിനു് ഒരു അധികാരപത്രമാണോ എന്നെനിക്കു നിശ്ചയമില്ല. പക്ഷേ, ഒന്നു തീർച്ചയാണു്; എന്നെപ്പോലെ അനേകായിരം മനുഷ്യരെ കവിത വായിക്കാനും ആസ്വദിക്കാനും പഠിപ്പിച്ചതു് അദ്ദേഹത്തിന്റെ മാന്ത്രികത്തൂലികയാണു്. ഏതാനും ചിലരെക്കൊണ്ടു് കവിത എഴുതിച്ചതും ആ മഹനീയ തേജസ്സായിരുന്നുവെന്നാണു് എനിക്കു തോന്നുന്നതു്. ഇതു് എന്നെങ്കിലും അംഗീകൃതമാകുമോ, എന്തോ?

അടുത്തതായി എനിക്കോർമ്മവന്നതു് ആ മനുഷ്യന്റെ രണ്ടു് സ്വഭാവ ഗുണങ്ങളാണു്: മറ്റു സാഹിത്യകാരന്മാരെ ഇടിച്ചുതാഴ്ത്താതെതന്നെ പറയാം, മലയാളത്തിലെ ഏറ്റവും ആത്മാർത്ഥതയുള്ള സാഹിത്യകാരൻ ചങ്ങമ്പുഴയായിരുന്നു. അദ്ദേഹത്തെ അല്പമെങ്കിലും തീണ്ടാത്ത ഒരു കുറവായിരുന്നു അല്പമനഃസ്ഥിതി. വിശാലമായ ആ ഹൃദയത്തിനു് ഒന്നും മറച്ചുവെയ്ക്കാനുണ്ടായിരുന്നില്ല. അതുകൊണ്ടു് സത്യം പറയുക എന്നതു് ഒരു വെറും പതിവു് മാത്രമായിരുന്നു. ഇതു് ഇത്ര പൊക്കിപ്പറയാൻ മാത്രമുണ്ടോ എന്നു് സംശയിക്കേണ്ട കാര്യമില്ല. സാഹിത്യകാരന്മാരുടെയും രാഷ്ട്രീയ പ്രവർത്തകന്മാരുടെയും അടുത്ത പരിചയംവെച്ചുകൊണ്ടു് നിരാശയോടെ പറഞ്ഞു പോകുന്നതാണു്, ക്ഷമിക്കുക. മാർക്സിസം വരയ്ക്കു തെറ്റാതെ പദ്യത്തിലെഴുതുന്ന ഒരു നുണയനെക്കാളും സത്യസന്ധത നിറഞ്ഞ ഒരു ഹൃദയത്തെ ഞാനെന്നും ബഹുമാനിക്കും. ഒന്നാമത്തെയാൾ ഒരിക്കലും നന്നാവുകയില്ല. രണ്ടാമത്തേയാൾ… അതേ, അയാൾ ശരിയായ മാർക്സിസത്തിലെത്തുവാൻ കാലം മാത്രമേ വേണ്ടു. ചങ്ങമ്പുഴയുടെ ധീരതയും പ്രത്യേകം എന്നെ ആകർഷിച്ചിരുന്നു. സേവപിടിക്കൽ (അതു് വളരെവലിയ ആളുകൾക്കുപോലും പതിവുണ്ടല്ലോ) കണ്ടുമുഷിഞ്ഞ എനിക്കു ചങ്ങമ്പുഴ ഒരു മരുപ്പച്ചയായിരുന്നു. ഒന്നിനും ആരേയും കൂസാത്ത ആ മനുഷ്യൻ തെറ്റിയാലും എനിക്കു് ക്ഷമിക്കാൻ കഴിയും. അദ്ദേഹത്തെ ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും ദ്രോഹിച്ചിട്ടുണ്ടു് (ഞാൻ വിമർശനത്തിന്റെ കാര്യമല്ല പറയുന്നതു്). പക്ഷേ, അവയെല്ലാം ധീരമായി ചെറുത്തു നിറുത്തുന്ന ആ നട്ടെല്ലിനു കൂപ്പുകൈ സമർപ്പിക്കാതെ നിവൃത്തിയില്ല. ചങ്ങമ്പുഴയെ സഹായിക്കാൻ വേണ്ടിയല്ല ഞാനിതൊന്നും എഴുതുന്നതു്. അദ്ദേഹത്തിനു നിവർന്നുനില്ക്കാൻ ഒരു ഊന്നുവടിയുടെ സഹായം ആവശ്യമില്ല. പോരെങ്കിൽ അദ്ദേഹം മരിച്ചുപോവുകയും ചെയ്തു. പക്ഷേ, ഇനിയും ലോകത്തിൽ മനുഷ്യർ ശേഷിച്ചിട്ടുണ്ടല്ലൊ; അവരെയെങ്കിലും ഇങ്ങനെ പീഡിപ്പിച്ചു് കൊല്ലാതിരിക്കാൻവേണ്ടിമാത്രം എഴുതുകയാണു്.
പക്ഷേ, ഇതുകൊണ്ടൊന്നും കാര്യത്തിന്റെ കാതലായില്ലല്ലോ. ചങ്ങമ്പുഴ എനിക്കെന്തായിരുന്നുവെന്നാണു് ഞാൻ ആലോചിക്കുന്നതു്, അദ്ദേഹത്തിന്റെ കവിതയുടെ സംഗീതാത്മകത ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്. പക്ഷേ, അതല്ല എനിക്കു പ്രധാനമായി അദ്ദേഹത്തോടു ഹൃദയബന്ധമുണ്ടാക്കിയതു്. ചങ്ങമ്പുഴക്കവിതകൾ ഞാൻ വായിച്ചിട്ടുണ്ടെങ്കിലും പാടിയിട്ടില്ല. അതിനു നല്ല കാരണവുമുണ്ടു്: എനിക്കു പാടാനറിഞ്ഞുകൂടാ. വേണമെങ്കിൽ ആരെങ്കിലും പാടിക്കേൾപ്പിച്ചുതരണം. അതു വലിയ ബുദ്ധിമുട്ടാണു്. അതുമല്ല എന്റെ ചങ്ങമ്പുഴ പ്രതിപത്തിക്കു കാരണം. ഞാൻ ഒരു സമത്വവാദിയാണു് (എല്ലാവരും അതംഗീകരിക്കില്ലെങ്കിലും ഞാനങ്ങനെയാണു വിശ്വസിക്കുന്നതു്). അതുകൊണ്ടു് അദ്ദേഹത്തിന്റെ വാഴക്കുല, ഗളഹസ്തം, ചുട്ടെരിക്കുക മുതലായ കവിതകളിലെ വിപ്ലവസ്വഭാവം (എന്നു പറയാമോ, എന്തോ) കൊണ്ടായിരിക്കുമോ ഞാൻ അദ്ദേഹത്തെ ആദരിക്കുന്നതു്? അതെല്ലാം നല്ല കവിതകൾതന്നെ. മലയാളത്തിലെ ഏറ്റവും ശക്തിമത്തായ കൃതികളാണവ. പക്ഷേ, അവിടെയും കാര്യം നില്ക്കുന്നില്ല.
ഇനി പച്ചമലയാളത്തിലെഴുതിയെന്നതും നാടോടിപ്പാട്ടുകൾ തേടിപ്പിടിച്ചു അവയെ അനുകരിച്ചു് കവിതയെഴുതി എന്നതും അദ്ദേഹത്തിന്റെ മറ്റൊരു മേന്മയാണു്. ജനകീയകലയ്ക്കുവേണ്ടിയുള്ള വാദം സാധാരണയായി നാടോടിപ്പാട്ടുകളിൽ ചെന്നെത്താറുണ്ടു് (അതു് ഒരു രൂപഭദ്രതാപ്രശ്നമാണെന്നു മറന്നിട്ടായിരിക്കാം). ഏതായാലും, അതുകൊണ്ടും ചങ്ങമ്പുഴയ്ക്കു് ഒരു മഹത്വം ആരോപിക്കാൻ ഞാൻ തയ്യാറില്ല.

അതേ, ചങ്ങമ്പുഴയെ ഞാൻ സ്നേഹിക്കുന്നതു് അദ്ദേഹം ഒരു പ്രേമഗായകനായതുകൊണ്ടാണു്. അതേ, അതു പറയാൻ എനിക്കു നാണമൊന്നുമാകുന്നില്ല. സന്ന്യാസത്തിനുള്ള പ്രായമാകാത്തതുകൊണ്ടു് എനിക്കും കുറെയൊക്കെ പ്രേമത്തിന്റെ രോഗമുണ്ടു്. അതുമായി യോജിക്കാത്തതാണു് എന്റെ മാർക്സിസമെങ്കിൽ ഞാൻ ആ മാർക്സിസം താഴത്തിറക്കിവെയ്ക്കും. പ്രേമം എത്രമാത്രം നിഷിദ്ധമാണെന്നു സമുദായം (ചില ചിന്തക(?)ന്മാരും) മുദ്രയടിക്കുന്നോ, അത്രയും ഉച്ചത്തിൽ ഞാൻ ഘോഷിക്കും, ‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നു്. കുറെ നാളായി ഇതു തുറന്നുപറയേണ്ട ആവശ്യം മലയാളത്തിലുണ്ടായിട്ടു്. ഇതിൽ ചങ്ങമ്പുഴ എന്തുചെയ്തു എന്നു് പരിശോധിക്കുന്നതിനു മുമ്പായിത്തന്നെ പ്രേമത്തെപ്പറ്റി ഈ മനുഷ്യവിദ്വേഷപരമായ ചിന്ത എങ്ങനെയുണ്ടായി എന്നു് അന്വേഷിക്കേണ്ടതാണു്.
പ്രേമത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ പാരമ്പര്യം വളരെവൃത്തികെട്ടതാണു്. സോഷ്യലിസത്തിനുമുമ്പുള്ള സമുദായവ്യവസ്ഥകളിൽ സംസ്കാരം ഉപരിവർഗ്ഗങ്ങളുടെ കുത്തകയാണല്ലോ. നമ്മുടെ ഉപരിവർഗ്ഗങ്ങളുടെ കഥയെടുക്കുക. ഊണും കഴിഞ്ഞു ചൂട്ടും കത്തിച്ചു സംബന്ധത്തിനു നിശ്ചയിക്കുന്ന സമ്പ്രദായം വളരെക്കാലമായി നിലനിന്നുവന്ന കേരളത്തിൽ പ്രേമമെന്ന വികാരത്തിനു വളരെ മുന്തിയ പാരമ്പര്യമൊന്നുമുണ്ടായിരിക്കാൻ ഇടയില്ല. ഈ അഭിപ്രായം ഒരു ജനതയെ അടച്ചുപറയുന്നതു തെറ്റല്ലേ എന്നു ചോദിച്ചേയ്ക്കാം. അല്ല യഥാർത്ഥ പ്രേമം താഴ്‌ന്ന വർഗ്ഗങ്ങളുടെയിടയിൽ ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടുതന്നെയാണു് നാടോടിപ്പാട്ടുകളിൽ അനേകം പ്രേമകഥകൾ കാണുന്നുണ്ടെങ്കിലും, ഉപരിവർഗ്ഗത്തിന്റെ സാഹിത്യത്തിൽ പച്ചത്തെറിയും (ചന്ദ്രോത്സവം) രാമായണവും മാത്രം കാണുന്നതു്. പക്ഷേ, സംസ്കാരം, പ്രത്യേകിച്ചും ലിഖിത സാഹിത്യം, ഉപരിവർഗ്ഗത്തിനു മാത്രമായിരുന്നു. അവർ ഈ സംബന്ധരീതിയിലുള്ള ഒരു ചിന്താഗതി നട്ടുവളർത്തുകയും ചെയ്തു. ഈ പാരമ്പര്യത്തിൽ വളർന്നുവന്ന നാം വേഷമെത്ര മാറിയാലും, കൊടി ഏതു പിടിച്ചാലും. പ്രേമത്തെ അപഹസിക്കും അതിനു വേണമെങ്കിൽ താങ്ങുതൂണായി, മറ്റൊരിക്കലും ഉദ്ധരിക്കാത്ത ഫ്രോയിഡിന്റെ ഒരു വികൃതപ്പതിപ്പു വലിച്ചിഴച്ചു കൊണ്ടുവരികയും ചെയ്യും. അപ്പോൾ തോന്നും പ്രേമത്തെപ്പറ്റി പാടിയകവി പിന്തിരിപ്പനാണു്, മറ്റേച്ചേരിയിലാണു്, ബൂർഷ്വായാണു് എന്നൊക്കെ. ഈ വക ചവറിനൊക്കെ തെളിവായി സോവിയറ്റു സാഹിത്യം എടുത്തു പറയുന്നവരുമുണ്ടു്. ആ മാന്യന്മാർ സോവിയറ്റു സാഹിത്യത്തെപ്പറ്റി പ്രസംഗിക്കുന്നതിനു പകരം കുറെയെങ്കിലും അതൊന്നു വായിച്ചിരുന്നെങ്കിൽ! ചങ്ങമ്പുഴ പ്രേമത്തെപ്പറ്റി പാടിയെങ്കിലും ഒരു മഹാകവിയാണു് എന്നല്ല പറയേണ്ടതു്; ചങ്ങമ്പുഴ പ്രേമത്തെപ്പറ്റി പാടിയതുകൊണ്ടു് മഹാകവിയായി എന്നാണു്.
ആരു പറഞ്ഞു, ഞാൻ പ്രേമത്തിനെതിരാണെന്നു്—അങ്ങനെയൊരു ചോദ്യമുണ്ടാകുമെന്നും അറിഞ്ഞുകൊണ്ടാണു് ഇത്രയും എഴുതിയതു്. ആ വാദഗതി ഇങ്ങനെയാണു്: പ്രേമം ആയിക്കൊള്ളു; അതിനുവേണ്ടി തൂങ്ങി മരിക്കേണ്ട ആവശ്യമുണ്ടോ? രമണൻ തുങ്ങിമരിച്ചില്ലേ? അതു് ഒരു ചീത്തപാഠമല്ലേ പഠിപ്പിക്കുന്നതു്? ഒന്നാമതായി, മാന്യരേ, രമണൻ ഒരു പഞ്ചതന്ത്രകഥയല്ല. അതിന്റെ അവസാന ഉദ്ധരണിയിൽ ഒരു ഗുണപാഠം വെച്ചുകെട്ടിയിട്ടില്ല. അങ്ങനെയല്ല പുരോഗമനസാഹിത്യകാരൻ ഒരു ആശയം പ്രചരിപ്പിക്കുന്ന രീതി. രമണനെപ്പോലെ പ്രേമനൈരാശ്യം സംഭവിക്കുന്നവർ എല്ലാം തൂങ്ങിമരിച്ചുകൊള്ളണമെന്നു് ചങ്ങമ്പുഴ അതിൽ ആവശ്യപ്പെടുന്നുവെന്നു് പുസ്തകം വായിച്ചവർ പറയുകയില്ല. ദാരിദ്ര്യം പ്രേമബന്ധത്തെ അറുത്തു മുറിക്കുന്നതിനോടും ചന്ദ്രികയെപ്പോലെ കാലുമാറുന്ന രീതിയോടും പ്രതിഷേധിക്കുക മാത്രമാണു് വായനക്കാർ ചെയ്യുക. വായിക്കുന്നതു് ഒരു സ്ത്രീയാണെങ്കിൽ ചന്ദ്രികയുടെ തെറ്റു് ഹൃദയത്തിൽ തറച്ചിട്ടു് സ്വന്തം പ്രേമത്തിൽ കുറേക്കൂടി ആത്മാർത്ഥത കാണിക്കാൻ പരിശ്രമിച്ചേക്കും. ഒരു പിതാവാണെങ്കിൽ സ്വന്തം സന്താനങ്ങൾക്കും പ്രേമവികാരങ്ങളുണ്ടെന്നു് ഓർമ്മിക്കും. കുറേക്കൂടി വിശാലതയോടെ പ്രവർത്തിക്കും. ഇതിൽ കൂടുതലൊന്നും ‘രമണൻ’ കൊണ്ടു് സാധിക്കാനില്ല. അതു് വലിയ ഒരു പിന്തിരിപ്പൻ വാദമാണെന്നു് വിശ്വസിക്കാനും പ്രയാസം. രണ്ടാമതായി, രമണൻ വായിച്ചിട്ടു് ആരും തൂങ്ങിമരിച്ചതായിട്ടറിയാൻ കഴിഞ്ഞിട്ടില്ല. മൂന്നാമതായി, ഇടപ്പള്ളി രാഘവൻപിള്ള യഥാർത്ഥത്തിൽ ചെയ്തതിനെപ്പറ്റിയുള്ള കഥയാണു് എഴുതിയിരിക്കുന്നതു്. നാലാമതായി, ഒരുകാര്യം മനസ്സിലാക്കാനുള്ളതു് റിയലിസവും സോഷ്യലിസ്റ്റ് റിയലിസവും രണ്ടാണെന്നതാണു്. റിയലിസം പരാജയപ്രസ്ഥാനമാണു്. വിപ്ലവത്തിനുമുമ്പു് സമുദായത്തിന്റെ അധഃപതിച്ച അവസ്ഥയെയാണതു് ചിത്രീകരിക്കുന്നതു്. അവിടെ മർദ്ദനം കാണും, നിരാശ കാണും, ആത്മഹത്യയും. സോഷ്യലിസ്റ്റ് റിയലിസത്തിൽ മാത്രമേ ആശയുടേയും സൃഷ്ടിയുടേയും ഘടകങ്ങൾക്കു് എപ്പോഴും പ്രാധാന്യം കൊടുക്കണമെന്നു് നിർബ്ബന്ധിക്കാവൂ. ആ പ്രസ്ഥാനമാകട്ടെ വിപ്ലവാനന്തരം ഉണ്ടാവേണ്ടതുമാണു്. യാതൊരാശയും ഇല്ലാത്ത അവസരങ്ങളിൽ മനുഷ്യൻ ആത്മഹത്യചെയ്യും. റെയിൻബോയിലെ നായിക ജർമ്മൻകാരന്റെ വെടിയുണ്ടയേറ്റിട്ടാണെങ്കിലും മരണത്തെ സ്വാഗതംചെയ്യുകയാണു്. അല്ലാതെ ആ വീരവനിത എന്തുചെയ്യണമായിരുന്നു. കോൺവെന്റിൽ ചേരുകയോ? ഇടപ്പള്ളിക്കു പണിയൊന്നുമുണ്ടായിരുന്നില്ല മുടക്കാൻ. അദ്ദേഹത്തിനു് ലോകം ശുന്യമായിത്തോന്നി. അദ്ദേഹം ആത്മഹത്യചെയ്തു. അന്യനിൽനിന്നു് നമുക്കു് ലഭിക്കാനുള്ള ലാഭത്തെമാത്രം ഗണിക്കുന്ന സ്വാർത്ഥതയില്ലാത്തവർ അദ്ദേഹത്തിനു് അതിനുള്ള അവകാശം അനുവദിച്ചുകൊടുക്കുകതന്നെ ചെയ്യും. മനുഷ്യൻ മരിക്കാൻപോലും അനുവാദമില്ലാത്ത വ്യവസ്ഥിതി പുരോഗതിയാണെന്നു് ഞാൻ എണ്ണുന്നില്ല.

ഇനിയുമുണ്ടു് വാദഗതികൾ. പ്രേമത്തിനു് തെറ്റൊന്നുമില്ല. സെന്റിമെന്റലിസം തെറ്റാണു്. എന്താണു് ഈ സെന്റിമെന്റലിസം എന്നെനിക്കു് മനസ്സിലായിട്ടില്ല. അതിനു് എതിരായി ഓണസ്റ്റ് മേയ്റ്റിംഗ് (നേരെയുള്ള ഇണചേരൽ) എന്നാണു് കാണുന്നതു്. അതുകൊണ്ടു് പ്രവൃത്തിരഹിതനായി സ്വപ്നംകണ്ടു കഴിയുന്ന ഒരവസ്ഥയെയാണു് ഉദ്ദേശിച്ചിരിക്കുന്നതെന്നു് വിചാരിക്കാം. അങ്ങനെയാണെങ്കിൽ പാശ്ചാത്യരാജ്യത്തു് അപ്പറഞ്ഞതു് ശരിയാണു്. പടിഞ്ഞാറുനിന്നു് ഒരാശയം അപ്പടി പിഴുതെടുത്തു് ഇവിടെ കൊണ്ടുവന്നു് നട്ടാൽ തലതിരിഞ്ഞുപോകും. കാരണം, ഭൂമി ഉരുണ്ടതാണു്. അവിടെ പ്രേമം നിഷിദ്ധമല്ല. ഏതാണ്ടു്, നൂറുശതമാനം വിവാഹങ്ങളും വധുവരന്മാർതന്നെ തീരുമാനിക്കത്തക്ക സ്വാതന്ത്ര്യമുള്ള നാട്ടിൽ പ്രേമത്തെപ്പറ്റി ഉണ്ടായ ഒരഭിപ്രായം ബഹുഭാര്യാത്വവും, സംബന്ധവും, കച്ചവടവിവാഹവും മാത്രമുള്ള ഇവിടെ എങ്ങനെ അർത്ഥവത്താകും? പ്രേമിക്കാൻ സ്വാതന്ത്ര്യമില്ലെന്നതു് ഒരു ജനകീയ പ്രശ്നമായിട്ടംഗീകരിച്ചിട്ടില്ലെന്നു തോന്നുന്നു. ഇംഗ്ലണ്ടിലെ ജനങ്ങൾക്കുള്ള ജീവിതപ്രശ്നങ്ങളാണു് കേരളത്തിലുള്ളതെന്നു തോന്നും. അവിടെ ഇതിനൊരു സമരമാവശ്യമില്ല. അവിടെ രമണൻ എഴുതേണ്ട ആവശ്യവുമില്ല. ഇവിടെയോ?
ചുരുക്കിപ്പറഞ്ഞാൽ, ചങ്ങമ്പുഴ പ്രേമഗാനം പാടിയതിനെ വിമർശിക്കുന്നവർ അവരവരുടെ തലതിരിഞ്ഞ മാനസികപശ്ചാത്തലത്തെ പ്രദർശിപ്പിക്കുക മാത്രമാണു് ചെയ്യുന്നതു്. പ്രേമിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ഒരു സമുദായവ്യവസ്ഥിതിയിൽ ജീവിക്കുന്നതുകൊണ്ടുണ്ടാകുന്ന അസംതൃപ്തി പ്രേമത്തെത്തന്നെ നിഷേധിക്കുന്നതിലേക്കാണു് കുറെ ദുർബ്ബലഹൃദയങ്ങളെ കൊണ്ടുപോയതു്. വലിയശക്തന്മാരെന്നു നടിക്കുന്ന ചിലർ ചോദിച്ചിട്ടുമുണ്ടു്: “വേറെ പെണ്ണില്ലേ” എന്നു്. എന്നു പറഞ്ഞാൽ എന്തോ ജന്തുശാസ്ത്രപരമായ ഒരു ഏർപ്പാടിൽക്കവിഞ്ഞു് പ്രേമത്തിൽ ഒന്നും ഇല്ലെന്നർത്ഥം. ഈ ചിന്താഗതിയും സ്വതന്ത്രമായ ലൈംഗികാനുഭവവും തമ്മിൽ എത്ര അന്തരമുണ്ടു്. സാമൂഹ്യപ്രാധാന്യം ഒഴിച്ചാൽതന്നെ എന്തോ ഒന്നുണ്ടെന്നു് വിചാരിക്കാതെ കഴിവില്ല. ലെനിൻ റോസ ലക്സംബർഗി നോടു് പറഞ്ഞതു് വായിച്ചാൽമാത്രം പോരാ; മാർക്സും ലെനിനും ഓരോ പെണ്ണുങ്ങളുടെ പുറകേ നടന്ന കഥയും വായിക്കണം. അവർ തൂങ്ങിച്ചത്തില്ലെങ്കിലും പ്രേമിച്ചു. അതിൽ പശ്ചാത്തപിച്ചതുമില്ല.

മാർക്സിനും ലെനിനും പ്രേമിക്കാമെങ്കിൽ പ്രേമത്തെപ്പറ്റി കവിതയെഴുതിയ ചങ്ങമ്പുഴ, അക്കാര്യംകൊണ്ടു പുരോഗമനസംഘത്തിൽനിന്നു പുറംതള്ളപ്പെടേണ്ട ആവശ്യമില്ല. നേരേമറിച്ചു “തിര്യക് സാധാരണമായ വികാരങ്ങൾക്കു് താളംകൊടുത്ത” ആ കവിയാണു് മലയാളികളുടെ മഹാകവി. പ്രേമിക്കുവാൻ കൊതിച്ചു്, ദാഹിച്ചു്, എന്നാൽ ബുദ്ധിപരമായ ഭീരുത്വംകൊണ്ടു് പ്രേമിക്കാൻ ധൈര്യപ്പെടാതെ കഴിയുന്ന കേരളീയ യുവലോകത്തിനു് ഉള്ളഴിഞ്ഞു സ്നേഹിക്കാനുള്ള അവകാശം തീറെഴുതിക്കൊടുത്ത ആധാരമാണു് ചങ്ങമ്പുഴയുടെ രമണൻ. പ്രേമത്തെ പുച്ഛിക്കുന്നവർക്കും, പ്രേമിക്കാൻ കഴിവില്ലാത്തവർക്കുംവേണ്ടി ചങ്ങമ്പുഴ കവിതയെഴുതിയിട്ടില്ല. അവർക്കുവേണ്ടി ആരും കവിതയെഴുതിയിട്ടില്ല.
ചങ്ങമ്പുഴ പ്രേമഗാനം പാടിയെന്നതുമാത്രമല്ല അദ്ദേഹത്തിന്റെ മേലുള്ള കുറ്റം. ഈയിടെ ചങ്ങമ്പുഴയുടെ ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ടുകണ്ടു. മരണത്തിന്റെ കാരണം ബൂർഷ്വാക്കവിതയെന്ന രോഗമാണത്രേ. തന്റെ കവിതകളിൽ മനുഷ്യൻ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കണമെന്നു് ആഹ്വാനം കൊടുത്തതുകൊണ്ടാണു് അദ്ദേഹം മരിച്ചുപോയതു്. ചങ്ങമ്പുഴ ബൂർഷ്വയാണു്; അധഃപതനമാണു്, എസ്കേപ്പിസമാണു് എന്തെല്ലാമൊക്കെയാണു്. ഇപ്പറഞ്ഞതെല്ലാം മാർക്സിസമാണെന്നാണു വെയ്പു്. ചങ്ങമ്പുഴക്കവിതയ്ക്കു പകരം കെ. പി. ജി.യുടെ നാൽക്കാലികൾ എഴുതണമെന്നാണു് വിവക്ഷയെങ്കിൽ അതു മനസ്സിലാക്കാം. അങ്ങനെയുള്ള മനുഷ്യരുമുണ്ടു്. പക്ഷേ, രണ്ടാമത്തെ ഇനം ആസ്വദിക്കാത്തവരെല്ലാം ബൂർഷ്വയാണെന്നു വിധിയെഴുതിത്തള്ളരുതെന്നുമാത്രം.

ചങ്ങമ്പുഴയുടെ മഹാപാപങ്ങൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല: “വള്ളത്തോളിന്റെയും സഞ്ജയന്റെയും ജനകീയമായ യോഗ്യത കാണാൻ എന്തുകൊണ്ടു ചങ്ങമ്പുഴയ്ക്കു സാധിക്കുന്നില്ല” എന്നു് ഒരു വിമർശകൻ ചോദിച്ചിട്ടുണ്ടു്. ഇതാണെന്നു തോന്നുന്നു ചങ്ങമ്പുഴ ചെയ്ത ഏറ്റവും വലിയ അബദ്ധം. എന്തുകൊണ്ടോ ചങ്ങമ്പുഴയ്ക്കു് അതു സാധിച്ചില്ല. ഇടത്തുനിന്നും വലത്തുനിന്നും അടിയും കൊണ്ടു. വലത്തിന്റെ താക്കോൽക്കാരിൽനിന്നു് അതു പ്രതീക്ഷിക്കാവുന്നതാണു്. ഇടതുപക്ഷത്തുനിന്നു് അതു പ്രതീക്ഷിച്ചതല്ല. ഏതായാലും സഞ്ജയനു “ജനകീയ”മുണ്ടു്. ചങ്ങമ്പുഴ ബൂർഷ്വായും. മാന്യരേ, പുരോഗതിക്കുവേണ്ടി രക്തംചൊരിഞ്ഞ സാധാരണജനങ്ങളെയോർത്തു്, ദയവായി നിങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ മാർക്സിസത്തിന്റെ കൊമ്പിൽ തൂക്കിയിടാതിരിക്കുക.
ഇത്രയൊക്കെ ചങ്ങമ്പുഴയെപ്പറ്റി നന്നായിട്ടും അദ്ദേഹത്തിന്റെ വിരോധികളെ എതിർത്തും പറഞ്ഞാൽ എന്തെല്ലാം ഭൂകമ്പമാണാവോ ഉണ്ടാവുക. കണ്ടുതന്നെ അറിയണം. ഞാൻ ലൂയി ഫിഷറിന്റെ അരിവെപ്പുകാരനായിത്തീർന്നേക്കാം. അല്ലെങ്കിൽ യൂദാസ്. അതെങ്ങനെയെങ്കിലുമിരിക്കട്ടെ. ഞാൻ ചങ്ങമ്പുഴയെ എന്തുകൊണ്ടു് സ്നേഹിക്കുന്നു എന്നാണല്ലോ പറഞ്ഞുവരുന്നതു്. ഞാൻ ഒരു മനുഷ്യനായതുകൊണ്ടു്; എനിക്കൊരു ഹൃദയമുള്ളതുകൊണ്ടു്; ചങ്ങമ്പുഴ പ്രേമത്തെപ്പറ്റി എഴുതിയതുകൊണ്ടു്; ചങ്ങമ്പുഴ ജനകീയകവിയായതുകൊണ്ടു്.
ഈ എഴുതിയതെല്ലാം മാർക്സിസമാണോ, എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ, എല്ലാം പരമാർത്ഥങ്ങളാണു്.
ജയകേരളം വിശേഷാൽപ്രതി 1948.
ഇവൻ എന്റെ പ്രിയപുത്രൻ 1953.