വളരെയേറെ ഊന്നിപ്പറയപ്പെട്ടിട്ടുള്ള ഒരു കാര്യമാണു കലാകാരന്റെ സാമൂഹ്യകടമ. ഉത്തമകവിക്കു് വ്യക്തമായ ഒരു സാമൂഹ്യവീക്ഷണമുണ്ടായിരിക്കണമെന്നും, അതു പുരോഗമനപരമായിരിക്കണമെന്നും ന്യായത്തിന്റെ അഭാവത്തെ മറയ്ക്കുവാൻ വേണ്ടത്ര ‘ആവേശ’ത്തോടെ വാദിക്കപ്പെട്ടിട്ടുണ്ടു്. കവിതയുടെ മേന്മയെ നിർണ്ണയിക്കുന്നതുതന്നെ കാവ്യത്തിലെ സാമൂഹ്യാംശത്തിന്റെ പരിമാണവും ഇനവും അനുസരിച്ചായിരിക്കണമെന്ന നിലതന്നെ വന്നുപോയിട്ടില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാവ്യസൗന്ദര്യത്തിന്റെ നിദാനവും സാമൂഹ്യചിന്തയുടെ നിബന്ധനകളും എന്താണെന്നും, അവ തമ്മിലുള്ള പൊരുത്തത്തിന്റെ സ്വഭാവമെന്തെന്നും പരിഗണിക്കാതിരുന്നതുകൊണ്ടു് വന്നുകൂടിയതാണീ പ്രമാദം.

കവി ഒരു ദാർശനികനോ സാമൂഹ്യചിന്തകനോ ആയിരിക്കണമെന്നുണ്ടോ? ഇല്ല. ഇല്ല, എന്നുമാത്രമല്ല കവികൾ സാധാരണ അങ്ങനെയല്ലതാനും. കാവ്യമണ്ഡലം വിട്ടു് പ്രപഞ്ച രഹസ്യത്തിലേക്കു് കാലൂന്നുന്നവർ കവിതയെത്തന്നെ വിട്ടുപോകുന്നതും അപൂർവ്വമല്ല. റോമൻ കവിയായ ലുക്രേഷ്യസി നെ കവികളുടെ ഗണത്തിലല്ല, ദാർശനികവലയത്തിലാണു് ഗണിക്കപ്പെടുന്നതു്. കവി വിലമതിയ്ക്കപ്പെടുന്നതു് ചിന്തയുടെ അഗാധതയ്ക്കുവേണ്ടിയല്ല, കാവ്യത്തിന്റെ മാധുര്യത്തിനു വേണ്ടിയാണു്; ഭാവനയുടെ സൗന്ദര്യത്തിനു വേണ്ടിയാണു്. രണ്ടിനെയും, ഒഴുക്കൻ ഭാഷയിൽ ചിന്തയെന്നു പറയാം. പക്ഷേ, നക്ഷത്രസമൂഹത്തെക്കൊണ്ടു് കാമുകിക്കു് വൈരമാല രചിക്കുന്ന കവിയുടെ തലയിൽ നടക്കുന്ന പ്രവർത്തനവും നക്ഷത്രങ്ങളുടെ ഉത്ഭവമെങ്ങനെ എന്നു് അന്വേഷിക്കുന്ന ദാർശനികന്റെ ചിന്തയും തമ്മിൽ എന്തോ ഒരു വ്യത്യാസമുണ്ടല്ലോ. അതാണു് കവിതയും ഫിലോസഫിയും തമ്മിലുള്ളതു്. ഇതിൽ ഒന്നുണ്ടെങ്കിലേ മറ്റതുണ്ടായിക്കൂടു എന്നു ശഠിക്കുന്നതു് രണ്ടിന്റെയും സത്തയെ നിഷേധിക്കലാണു്.

ഇനിയൊരു മതമുണ്ടു്, കവി ദാർശനികനാകേണ്ട. പക്ഷേ, ചുറ്റും കാണുന്ന സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി പ്രയത്നിച്ചുകൂടേ എന്നു്. ഓഹോ, പ്രയത്നിക്കാം. കവിതയെഴുതുക വയ്യ. നിശ്ചിതവും വ്യക്തവുമായ ഒരു സാമൂഹ്യതത്ത്വശാസ്ത്രമില്ലാതെ ശരിയായ സാമൂഹ്യ പ്രവർത്തനം സാധ്യമല്ലെന്നതോ പോകട്ടെ; കവി സാമൂഹ്യബോധമുള്ളവനായിരിക്കണമെന്നു് നിർബ്ബന്ധിക്കാൻതന്നെ നിവൃത്തിയില്ല. സമൂഹത്തെപ്പറ്റി ശ്രദ്ധയില്ലാത്ത കവി ഉണ്ടാകാമെന്നു മാത്രമല്ല, ചിലപ്പോൾ കവി ചങ്ങാത്തത്തിനുപോലും കൊള്ളരുതാത്തവനായിരുന്നേക്കാം. അതുകൊണ്ടുമാത്രം അയാളുടെ കവിത നന്നെന്നോ, നിന്ദ്യമെന്നോ സിദ്ധിക്കുന്നില്ല. കാളിദാസൻ വിപ്ലവകാരിയായിരുന്നില്ലെന്നു മാത്രമല്ല, ഒരു വായനശാല സെക്രട്ടറി പോലുമായിരുന്നെന്നു തെളിവില്ല. എങ്കിലും, അദ്ദേഹത്തിന്റെ കവിത, കുറെപ്പേരെങ്കിലും, അംഗീകരിക്കുന്നുണ്ടു്. മിൽട്ടൻ കവിതയും വേദോപദേശവുംകൂടി കൂട്ടിക്കുഴച്ച കവിയാണു്. പക്ഷേ, അദ്ദേഹം ഇന്നു് അവശേഷിക്കുന്നതു് കാവ്യസൗന്ദര്യത്തിന്റെ പേരിലാണു്. അദ്ദേഹത്തിന്റെ മതപ്രചരണം കവിതയുടെ മുമ്പിൽ എത്ര നഷ്ടപ്രഭമായി എന്നറിയാൻ എളുപ്പമാണു്. കവിതയെഴുതിയെഴുതി, ആ ഭക്തന്റെ പിശാചു് ഈശ്വരനേക്കാൾ ഉൽകൃഷ്ടപാത്രമായിപ്പോയി. ഷേക്സ്പിയറി നാണെങ്കിൽ തത്ത്വചിന്തയില്ലായിരുന്നു, വിപ്ലവവുമില്ലായിരുന്നു. ഇവരാരും ദാർശനികമഹത്വമില്ലാതെത്തന്നെ ഉൽകൃഷ്ടകവികളായിത്തീർന്നു. അതിൽനിന്നു് എന്റെ അനുമാനം, ദർശനവും കാവ്യസൗന്ദര്യവും രണ്ടാണെന്നും, തത്ത്വചിന്തയോ, ഭക്തിയോ സാമൂഹ്യവീക്ഷണമോ, ആ വകയിൽപ്പെട്ട കേവലയുക്തിയോ കൂടാതെ മഹത്തായ കവിത ഉണ്ടാകാമെന്നുമാണു്.

ഈ അഭിപ്രായത്തെ ചോദ്യംചെയ്യാൻ വാല്മീകി, എഴുത്തച്ഛൻ, ആശാൻ എന്നിവരെ നിരത്തി നിർത്തുന്നവരും ഉണ്ടാകാം. പക്ഷേ, ഓതിക്കോന്മാർക്കും ഭക്തജനങ്ങൾക്കും ഉപയോഗിക്കാവുന്ന വൈദികഗ്രന്ഥം രചിച്ചതാണു് വാല്മീകിയുടെ മഹത്വമെന്നു് ഗണിക്കുന്നവരും കവിതയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്നു ഗണിക്കാൻ പ്രയാസം. അങ്ങനെ പൂജാശ്ലോകങ്ങൾ എഴുതിയവർ നമ്മുടെ നാട്ടിൽ കുറച്ചൊന്നുമല്ലല്ലോ ഉള്ളതു്. അവരെയാരെയും വാല്മീകിയുടെ പന്തിയിലിരുത്തുക പതിവില്ലല്ലോ. എഴുത്തച്ഛന്റെ കാവ്യമാധുരിയെക്കാൾ ഭക്തിക്കു് മാറ്റുകല്പിക്കുന്നവർ. ശുചീന്ദ്രം ഗോപുരത്തിന്റെ ശില്പകലയേക്കാൾ പൂജാരിയുടെ ഓത്തിനും വിലയിരുത്തും. അത്തരം ചിന്തയ്ക്കു് മറുപടിയില്ല. ഭക്തിയായിരിക്കാം കൂടുതൽ വിശിഷ്ടമായതു്. പക്ഷേ, ഇങ്ങനെയൊരു പരിശോധനയിൽ കലാപക്ഷത്തുനിന്നു് അതു സമ്മതിച്ചുകൊടുക്കാൻ നിർവ്വാഹമില്ലല്ലോ. ആശാന്റെ കഥയാണെങ്കിൽ കരുണയിലും ചണ്ഡാലഭിക്ഷുകിയിലും കഥാഭാഗവും പ്രസംഗാംശവും താരതമ്യപ്പെടുത്തി നോക്കിയാൽ മതി സൗന്ദര്യമേതിലെന്നു നിർണ്ണയിക്കാൻ. ഇപ്പറഞ്ഞ സ്ഥലത്തെല്ലാം കവിത വിശ്വാസത്തെ ആകർഷകമാക്കുകയാണു്. മറിച്ചു് വിശ്വാസം കവിതയെ ധന്യമാക്കുകയല്ല. അച്ഛനെക്കൊന്ന സിയുസ് മുതൽ കടിഞ്ഞാണില്ലാത്ത വീനസ് വരെയുള്ള ദേവഗണത്തെ വന്ദിക്കാൻ പഠിപ്പിച്ചു എന്നതാണു് ഹോമറു ടെ മഹത്വം എന്നാരും പറയുകയില്ല എന്നു ഞാൻ കരുതുന്നു. ചങ്ങമ്പുഴ യ്ക്കു് തത്വജ്ഞാനമില്ലാതിരുന്നതുകൊണ്ടു് മറ്റാർക്കും അതുണ്ടായിക്കൂടാ എന്നല്ല വിവക്ഷ. ‘പള്ളി വേറെ സ്രാങ്കു വേറെ’ എന്നു പറഞ്ഞതുപോലെ തത്ത്വജ്ഞാനവും കാവ്യമൂല്യവുമായി ബന്ധമില്ല എന്നുമാത്രം.

ഉറപ്പായ വിശ്വാസങ്ങൾ ഒന്നും തന്നെയില്ലാതിരുന്ന ഒരു കവിയാണു് ചങ്ങമ്പുഴ. അങ്ങനെയുള്ള ഒരാൾക്കു് സാമൂഹ്യവീക്ഷണമുണ്ടെന്നു പറഞ്ഞാൽ തെറ്റിദ്ധാരണയ്ക്കിടയാകും. സാമൂഹ്യവീക്ഷണമെന്നു കേൾക്കുന്ന ഉടനെ ഏതെങ്കിലും ഒരു പ്രത്യേക സാമൂഹ്യനയത്തെക്കൂടി നാം ധരിക്കാറുണ്ടു്. ചങ്ങമ്പുഴയാണെങ്കിൽ കേട്ടുകേൾവിയുള്ള സകല രാഷ്ട്രീയവേഷവും ധരിച്ചിട്ടുണ്ടു്. കമ്മ്യൂണിസ്റ്റ്, ഫാസിസ്റ്റ്, ശൂന്യവാദി, അരാജകവാദി അങ്ങനെ എത്രയെത്ര ബിരുദങ്ങളാണു് അദ്ദേഹത്തിനു ലഭിച്ചതു്. അവയോരോന്നും ഉചിതമെന്നും തോന്നാം—കുറെക്കാലത്തേയ്ക്കു്. ഇവയോരോന്നിനെയും അദ്ദേഹം എതിർത്തിട്ടുണ്ടെന്നതാണു് മറക്കരുതാത്തതു്. അങ്ങനെയുള്ള ചങ്ങമ്പുഴയ്ക്കു് സാമൂഹ്യവീക്ഷണമുണ്ടെന്നു് എങ്ങനെ തീർത്തുപറയും?

ഇപ്പറഞ്ഞതിന്റെ അർത്ഥം ഈ കവി തന്റെ സഹജീവികളോടു് യാതൊരു മൃദുലവികാരങ്ങളുമില്ലാത്ത കശ്മലനായിരുന്നെന്നാണോ? അങ്ങനെയാകണമെന്നില്ല. മനുഷ്യനെ സ്നേഹിച്ചുകൊണ്ടുതന്നെ അവരെ ചവിട്ടുകയും മുഖത്തു തുപ്പുകയും ഒക്കെ ചെയ്യുന്ന ഒരു വക ആളുകളുണ്ടു്—പ്രത്യേകിച്ചും കലാകാരന്മാരുടെ വർഗ്ഗത്തിൽ. അവർ സ്നേഹിക്കുന്നില്ലെന്നല്ല; ഹൃദയാലുത്വമില്ലെന്നല്ല. അവർ കരയും, ധീരമായി നീതിക്കുവേണ്ടി നില്ക്കും. ദിലീപനെപ്പോലെ ഉദാരമതികളായിരിക്കും. പക്ഷേ, അവർ അവരുടെ വികാരത്തിനടിമയാണു്. ചിന്തയല്ല, വികാരമാണവരെ നയിക്കുന്നതു്. അവർ ഗണിതശാസ്ത്രശിക്ഷകരല്ല, മഹാലോകത്തിൽ വിഹരിക്കുന്ന കലാകാരന്മാരാണു്, മനുഷ്യന്റെ വേദനയോടുള്ള സഹാനുഭൂതി, മനുഷ്യൻ സ്വയംകൃതാനർത്ഥം ഉണ്ടാക്കുമ്പോൾ അവന്റെ നേരെ തിരിയും. ഓടിനടന്നു വീഴുമ്പോൾ കുട്ടികളെ അടിക്കുന്ന അച്ഛന്മാരെപ്പോലെ, ഇംഗ്ലീഷ് സാഹിത്യത്തിൽ രണ്ടു നല്ല ഉദാഹരണങ്ങളുണ്ടു്. യോനാഥൻ സ്വിഫ്റ്റും തോമസ് ഹാർഡിയും. വളരെയധികം വെറുക്കപ്പെട്ട രണ്ടു മനുഷ്യസ്നേഹികളായിരുന്നു അവർ. മനുഷ്യന്റെ വൃത്തികേടുകൾ കണ്ടു് പൊറുതിമുട്ടിയാണു് സ്വിഫ്റ്റ് ഗളിവർ കഥ എഴുതിയതു്. അതിന്റെ നാലാംഭാഗത്തിൽ മനുഷ്യനെ ചിത്രീകരിച്ചിരിക്കുന്നതു വായിച്ചാൽ അദ്ദേഹം ഒരു മനുഷ്യവിദ്വേഷിയാണെന്നു തോന്നും. ഐർലണ്ടിലെ രണ്ടുവയസ്സിൽ താഴെയുള്ള മനുഷ്യശിശുക്കളെ ഇംഗ്ലീഷ് പ്രഭുക്കന്മാർക്കു് ഭക്ഷണമായി കൊടുക്കണമെന്ന ശിപാർശ കൂടിയായപ്പോൾ കാര്യം പൂർണ്ണമായി. താക്കറെ പറഞ്ഞു. “ഈ കത്തനാരെ തൂക്കിക്കൊല്ലണം.” ഹാർഡിയാണെങ്കിൽ ജീവിതമെല്ലാം മനുഷ്യ വർഗ്ഗത്തിന്റെ ഭീമയാതനയോർത്തു് ദുഃഖിച്ചയാളാണു്. യഥാർത്ഥമായി ആ വേദന ചിത്രീകരിക്കുകയും ചെയ്തു. അവിടെ അദ്ദേഹം ആരെയും വെള്ളപൂശിയില്ല. മനുഷ്യൻ മനുഷ്യനോടു ചെയ്യുന്ന ക്രുരത (ചിലപ്പോൾ സ്വയം) ചിത്രീകരിച്ചപ്പോൾ സാഹിത്യം വായിക്കാൻ അറിഞ്ഞുകൂടാത്ത മനുഷ്യർ അദ്ദേഹത്തെയും മനുഷ്യവിദ്വേഷിയാക്കി മുദ്രയടിച്ചു. ചങ്ങമ്പുഴയും മനുഷ്യരെ പഴിച്ചിട്ടുണ്ടു്. അക്കാര്യംകൊണ്ടു് അദ്ദേഹത്തെയും മനുഷ്യവിദ്വേഷി എന്നു വിളിക്കാം. പക്ഷേ, സ്വിഫ്റ്റിനെയും ഹാർഡിയേയും പോലെ അദ്ദേഹം മനുഷ്യരെ സ്നേഹിച്ചു. സമുദായമെന്ന ഒരു സങ്കല്പജീവിയെ ചങ്ങമ്പുഴ അംഗീകരിച്ചെന്നു തോന്നുന്നില്ല. മനുഷ്യരെ ഒറ്റയ്ക്കൊറ്റയ്ക്കു് വ്യക്തികളായിട്ടേ അദ്ദേഹത്തിനു കാണാൻ കഴിഞ്ഞുള്ളു. അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയാവാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. ഈ സമീപനരീതികൊണ്ടുതന്നെ ഒരു രാഷ്ട്രീയപ്രമാണത്തിലോ പ്രസ്ഥാനത്തിലോ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിനു കഴിവില്ലാതെ വന്നു. അപ്പപ്പോൾ മനുഷ്യദ്രോഹപരമായി കാണുന്നതിനെ അദ്ദേഹം എതിർക്കും. ജന്മിത്തം, മാമൂൽ, വർഗ്ഗീയത, കമ്മ്യൂണിസം, ഗാന്ധിമതം, സന്യാസം അങ്ങനെ പലതിനെയും പലപ്പോഴായി എന്തെങ്കിലും ഒരു പേരുപറഞ്ഞു് ചങ്ങമ്പുഴയെ വന്ദിക്കാനോ നിന്ദിക്കാനോ സാധ്യമല്ല. ആ ആരോപണത്തിനോ (അഥവാ ആരാധനത്തിനോ) പ്രതികൂലമായ എന്തെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലുണ്ടാകും. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ സോവിയറ്റ് സുഹൃത്തു്, ഫാസിസ്റ്റ് വിരോധി എന്നെല്ലാം വേഷംകെട്ടി നടന്നകാലത്തു് ചങ്ങമ്പുഴ പറഞ്ഞു, കമ്മ്യൂണിസം നല്ലതാണെന്നു്. കമ്മ്യൂണിസം പ്രചരിച്ചുകഴിഞ്ഞു് പറഞ്ഞു: ‘ചുമ്മാ പറഞ്ഞു നടന്നാൽ മതി’ എന്നു്. പാടുന്ന പിശാചിന്റെ കർത്താവിനെ മനുഷ്യകഥാനുഗായി എന്നുകൂടി വിളിക്കാൻ വിഷമമാണു്. സമുദായത്തെ പൊതുവായി കാണാൻ കഴിയാതെ, സംഘടിതസമുദായമെന്നതു് മിഥ്യയെന്നുവരെ വിചാരിച്ചു്, ശിശുക്കളെപ്പോലെ വ്യക്തികളോടു് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന ഒരു ശുദ്ധാത്മാവു് എന്നുമാത്രമേ ചങ്ങമ്പുഴയെ പറയാൻ കഴിയൂ. ഇത്തരം സഹാനുഭുതിയിൽനിന്നുണ്ടാകുന്ന സാമൂഹ്യബോധമേ ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒന്നു് തെളിച്ചുപറയേണ്ടതുണ്ടു്. ഈ ബാലിശവികാരങ്ങളിലെല്ലാം, പ്രപഞ്ചരക്ഷകരായി അവതരിച്ചിരിക്കുന്ന അനേകരെക്കാൾ പതിന്മടങ്ങു് ആത്മാർത്ഥതയുണ്ടായിരുന്നു ആ കവിക്കു്.

പ്രത്യേകമായ ഈ സ്വഭാവത്തിന്റെ ദൃഷ്ടാന്തമാണു് ചങ്ങമ്പുഴയുടെ സാഹിത്യപ്രവർത്തന കഥ. അദ്ദേഹം കാവ്യവൃത്തിയാരംഭിക്കുന്നതു്, മറ്റു കവികളെപ്പോലെ പരാതികളുമായിട്ടാണു്. ദാരിദ്യം, അനീതി, മർദ്ദനം, അവസരനിഷേധം അങ്ങനെ പലതും കാവ്യവിഷയമായിരുന്നു. എല്ലാറ്റിനും ഒരു ശതമാനം പ്രേമവും ഉണ്ടാവും. ചിലയിടങ്ങളിൽ ഈ പരാതികൾ പ്രതിഷേധത്തിന്റെ നിലവരെ ശക്തിയേറും (അവിടെയെല്ലാം വ്യക്തികളുടെ കണ്ണിൽക്കൂടിയാണു് ചങ്ങമ്പുഴ ലോകത്തെ കാണുന്നതു്. ആ കേവലവ്യക്തി സമുദായത്തിന്റെ പ്രതിനിധിയായോ സിംബലായോ ഒന്നും ഗണിക്കേണ്ട കാര്യമില്ല). സങ്കടവും കോപവും പ്രേമവും എല്ലാം കൂട്ടിക്കുഴച്ചു് അദ്ദേഹം ഒരു എതിർപ്പുകാരനായി മാറി—ഒരു വെറും ലഹളക്കാരൻ, ഒരിക്കലും ചങ്ങമ്പുഴ വിപ്ലവകാരിയായിട്ടില്ല. വിപ്ലവത്തിനു് ഒരു വിശ്വാസപ്രമാണമാവശ്യമാണു്. അങ്ങനെയൊരു വിശ്വാസത്തിനു് പശ്ചാത്തലമായി ഒരു തത്ത്വശാസ്ത്രമുണ്ടായിരിക്കണം. അതിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കാൻവേണ്ടിയാണു് കലാസൃഷ്ടിയും ദർശനവും തമ്മിൽ ബന്ധമില്ലെന്നു് ആദ്യമേ പറഞ്ഞതു്. വിപ്ലവത്തിൽ, നിശ്ചിതവും, യാഥാസ്ഥിതികവുമായ ചില അംശങ്ങളുണ്ടു്. നിരന്തരം മാറിമറിയുന്ന ഒരു മനസ്സിനു് ഉറച്ചുനില്ക്കാവുന്ന വിപ്ലവമില്ല. വിപ്ലവത്തിൽ ധ്വംസനം മാത്രമല്ല, സൃഷ്ടിയും വേണം. പഞ്ചവത്സരപദ്ധതികളുണ്ടു്. കാശിനുകൊള്ളാവുന്ന യാതൊരു കവിയും പഞ്ചവത്സരപദ്ധതിയെപ്പറ്റി ഭാവഗീതം എഴുതുകയില്ല. രാഷ്ട്രം കെട്ടിപ്പടുക്കുന്നതും മതം പ്രചരിപ്പിക്കുന്നതും മരച്ചീനികൃഷി നടത്തുന്നതുമെല്ലാം നല്ല കാര്യങ്ങളായിരിക്കാം. പക്ഷേ, അതൊന്നും കവിതയുടെ സാമ്രാജ്യമല്ല. കവിക്കവിടെ കാര്യമില്ല. ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ക്രോംവെല്ലി ന്റെ ശിപായിയോളം സ്ഥാനമില്ല ഷെല്ലി ക്കു്. പിന്നെയെന്തിനു് കവി ആ പാഴ്‌വേലയ്ക്കു പോകണം? യാതൊരു രാഷ്ടീയകക്ഷിയും ഒരു വാൾട് വിറ്റ്മാ ന്റെ പേരിനാൽ അറിയപ്പെടുന്നില്ല; അവിടെയെല്ലാം സർഗ്ഗാത്മകമായ ചിലതാണു് ആവശ്യം. നിലയ്ക്കാത്ത നിഷേധവുമായി പാടാനിറങ്ങിയ കവി രാജ്യഭരണത്തിനു പോകേണ്ട. ചങ്ങമ്പുഴ പോയുമില്ല.

ചങ്ങമ്പുഴയെ സാമൂഹ്യപ്രാധാന്യമുള്ള ഒരു കവിയായി ചിലർ പ്രശംസിക്കുകയും ചിലർ അപലപിക്കുകയും ചെയ്തിട്ടുണ്ടു്. രണ്ടുകൂട്ടരെയും അമ്പരപ്പിച്ചു ചങ്ങമ്പുഴയുടെ അടുത്ത കവിതകൾ. ഒടുവിൽ അദ്ദേഹം സകലരെയും മുഷിപ്പിച്ചു. ഇങ്ങനെ മാറിമറിയുന്ന ഒരു കവിയെ യാതൊരു രാഷ്ട്രീയകക്ഷിയും കുത്തകയാക്കുകയില്ല. ആക്കണമെന്നാരും മോഹിക്കുകയുമില്ല. നമ്മെ സംബന്ധിച്ചിടത്തോളം സാഹിത്യത്തിലെന്നതുപോലെ സാമൂഹ്യചിന്തയിലും ചങ്ങമ്പുഴയെ ഒരു വിഗ്രഹമാക്കാതിരിക്കാം.
കവിയുടെ രംഗം സൗന്ദര്യമാണു്. കഴിവതുപോലെ ഭാവനയിലും സംഗീതത്തിലും ചങ്ങമ്പുഴ സൗന്ദര്യരചന ചെയ്തിട്ടുണ്ടു്. അതുകൊണ്ടു നമുക്കു തൃപ്തിപ്പെടുക.
കവിതാസമിതിയുടെ സമാഹാരത്തിൽ നിന്നു് 1952.
അന്വേഷണങ്ങൾ 2004.