“ഞങ്ങളുടെ വീടിന്റെ തൊട്ടുകിഴക്കേതു് ഒരു വലിയ ജന്മിയുടെ മനയാണു്.”
നിഷ്കൃഷ്ടമായി വിശകലനം ചെയ്തുനോക്കിയാൽ ഈഡിപ്പസ് കോംപ്ലക്സ് വരെ ചെന്നെത്തുന്ന ഒരു ചെറുകഥയുടെ ആരംഭമാണിതു്. ഏതാണ്ടു് മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കുപോയി എന്നതുപോലെ. അത്രയ്ക്കു ലളിതവും ഋജുവും. ഈ സാധാരണതടം കാരൂരിന്റെ സവിശേഷമായ വ്യക്തിമുദ്രയാണു്. മാത്രമല്ല, ഇവിടെ പ്രത്യേകിച്ചു് അതിനൊരു ഔചിത്യവുമുണ്ടു്. ഗൗരവമായിട്ടൊന്നും പറയുവാൻ ഭാവം അതിലില്ല. എന്നുവെച്ചാൽ ഒരു കുട്ടിയുടെ ശൈലിപോലെ. അതെ, കഥയും അങ്ങനെത്തന്നെയാണു്. ഒരു കുട്ടിയാണു കഥ പറയുന്നതു്; അവനൊരിക്കലും മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു വിഷയത്തെക്കുറിച്ചാണു കഥ. ആയാസം കൂടാതെ അതങ്ങു പറഞ്ഞുപോവുകയാണു്. അവനു കാര്യമെല്ലാം വ്യക്തമാണു്. അതെഴുതി ഫലിപ്പിക്കാനാണു പ്രയാസം. കാരൂർ ഒരു കുട്ടിയായിരുന്ന കാലം വളരെ പണ്ടാണു്. എങ്കിലും ഒരു ബാലഹൃദയത്തിലേക്കു് ഒതുങ്ങിയിറങ്ങി കഥ പറയാൻ സാധിക്കുന്നതാണു് കാരൂരിന്റെ കലാകൗശലം.
അവൻ പറയുകയാണു്: ‘എനിക്കേതാണ്ടു പുരുഷപ്രാപ്തിയായി, അവരൊരന്തർജ്ജനവും.’ വ്യാകരണം ഇവിടെ ഒളിച്ചോട്ടം. പക്ഷേ, വ്യാകരണപ്പിശകിൽ നിന്നും കലയുണ്ടാക്കാമെന്നായിരിക്കണം കാരൂരിന്റെ മതം. പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലാത്ത രണ്ടു കാര്യങ്ങളെ ഒരു അർദ്ധവിരാമംകൊണ്ടു കൂട്ടിക്കെട്ടുക; അതുകൊണ്ടു കലയുടെ മൂലതന്തുവിനെത്തന്നെ കൂട്ടിക്കെട്ടുക. ഇതെല്ലാം കഥ പറയുന്ന ആൾ അറിയാതെ ‘യാദൃച്ഛികമായി’ സംഭവിക്കുക. അമ്പോ, എന്തൊരു കരവിരുതു്!
‘പൂവമ്പഴ’ത്തിനുശേഷം അവനെയൊന്നു കാണണം. അവനാണെങ്കിൽ പതിനാലിൽ കൂടിയ പെണ്ണുങ്ങളെയെല്ലാം പുച്ഛമാണു്. ഒന്നു പെറ്റു് കുട്ടി മരിച്ച ഒരന്തർജ്ജനവിധവയ്ക്കു് എന്തെല്ലാം വികാരങ്ങൾ ഉണ്ടാകാമെന്നു് അവനൊരു രൂപവുമില്ല. അവരോടുകിണ്ണാണ്ണം പറഞ്ഞുനില്ക്കുന്നതു് അവന്റെ കണ്ണിൽ തീരെ നിരർത്ഥകമാണു്.
‘ആ മതിലിനു് അവളുടെ അരയോളമേ പൊക്കമുള്ളുവെങ്കിലും അവർ നില്ക്കുന്ന പുരയിടം എന്റെ തലയോളം ഉയർന്നതാണു്.
വെറും ഒരു ഭൂമിശാസ്ത്രവർണ്ണന. പക്ഷേ, കഥ കുറേക്കൂടി മുന്നോട്ടുപോയി. പു. സാ. യാണെന്നു് ആരും തെറിപറയുകയുമില്ല. പിന്നീടു് അവനെ അടുത്തുവിളിച്ചു് ‘നഗ്നമായ ഒരു കൈ നീട്ടി’ നാണയം ഇട്ടുകൊടുക്കുമ്പോൾ നമ്മളിൽ നീതിമാന്മാർക്കെല്ലാം തോന്നും, ആ പയ്യനെ ഒന്നു പുറകോട്ടുവലിക്കാൻ. കാരൂരിനു് അങ്ങനെ തോന്നിയതുകൊണ്ടായിരിക്കണം, ‘ആ മതിലിൽകൂടി ഒരണ്ണാൻ ഓടിച്ചാടിവന്നു് ഛി ഛി ഛി എന്നു പറഞ്ഞു.’
അവനെ അവർ അഭിനന്ദിച്ചപ്പോൾ അപ്പുവിനു തോന്നുകയാണു്: ‘അവരുടെ മകനുണ്ടായിരുന്നെങ്കിൽ ഇതൊക്കെ അറിയാമായിരുന്നേനല്ലോ എന്നു വിഷാദിക്കുകയായിരിക്കണം ആ അമ്മ.’
എന്താ സംശയമുണ്ടോ? ഈ വിഷാദംകൊണ്ടുതന്നെയായിരിക്കും അവർ പിന്നെയും അപ്പുവിനെ വിളിച്ചു നെയ്യപ്പം കൊടുക്കുന്നതു്! മാത്രമല്ല, വെറ്റിലമുറുക്കാത്ത ആ അന്തർജ്ജനത്തിനു് കുറച്ചു വെറ്റിലമുറുക്കാൻ കൂടിയേ കഴിയു. അതിനവൻ മതിലിന്മേൽകൂടി കയറണം. അതു മര്യാദയാണോ? അവനൊരു സംശയം.
‘അപ്പുവിനു മര്യാദയൊന്നും നോക്കണ്ട. ഇഷ്ടമുള്ളതിലേ കേറാം. ഇതിലേയിങ്ങു കേറിക്കൊള്ളൂ.’
നല്ല തത്ത്വശാസ്ത്രം! ലോകത്തിലുള്ള സകലതും ചെയ്യാൻ ഒരു പൊതുലൈസൻസ്. പക്ഷേ, അപ്പുവിനു ലൈസൻസുകൊണ്ടു് എന്തു ഗുണം?
‘അവരൊരു വാഴക്കുട്ടത്തിൽ നിന്നുകൊണ്ടു് ഞാൻ മരത്തിൽ കയറുന്നതു നോക്കി.’
കുറച്ചു കടന്നുപോയില്ലേ എന്നു് ആരും കാരൂരിനോടു ചോദിക്കേണ്ട. നിങ്ങൾ ഭയപ്പടുന്നതൊന്നും കാരൂർ ഉദ്ദേശിക്കുന്നില്ല:
അന്തർജ്ജനവും. ഒരു ‘ഇതു്’ അത്രയേയുള്ളു. നാലുകെട്ടിന്റെ വരാന്തയിലേക്കു വെറ്റില കൊണ്ടുചെല്ലാൻ പറയുമ്പോഴും നാം മൂക്കിൽ വിരൽവെക്കണ്ട. വേണ്ടാത്തതു ചിന്തിക്കുവാൻ നമുക്കുള്ള വാസനയെ ഒന്നു ഇക്കിളിയിട്ടു നമ്മെ നാണിപ്പിക്കുക മാത്രമാണു് കാരൂർ ചെയ്യുന്നതു്.
പൂവമ്പഴം പിന്നെയും കിണ്ണാണ്ണം തുടരുകയാണു്. ഇക്കുറി ഒരുകല്ല്യാണത്തെപ്പറ്റി. നോക്കൂ കുറേ ചോദ്യങ്ങൾ:
‘പെണ്ണു മിടുക്കിയാണോ?’
‘കണ്ടാൽ നല്ല പെണ്ണാണോ?
‘എന്നെക്കാൾ വെളുത്തതാണോ?’
അവന്റെ പ്രായത്തിൽ കവിഞ്ഞ വല്ല വളർച്ചയും അപ്പുവിനുണ്ടെങ്കിൽ അവൻ കേശവന്റെ ഭാര്യ വഴി പൂവമ്പഴത്തിന്റെ പെണ്ണത്വത്തിലെത്തിച്ചേരും. അവരുടെ നാക്കു പിന്നെയും ചിലയ്ക്കുകയാണു്.
‘വെള്ളക്കാർക്കങ്ങനെയല്ലപോലും!’ എങ്ങനെയല്ല? സ്ത്രീയ്ക്കു വയസ്സു കുറഞ്ഞിരിക്കണമെന്ന നിബന്ധനയാണു ചർച്ചാവിഷയം. സ്ത്രീയ്ക്കു പ്രായം കൂടുതലാകുന്നതിൽ തെറ്റൊന്നുമില്ലെന്നു് നമുക്കു കൂട്ടിച്ചേർക്കാനും അവകാശമുണ്ടു്. അതൊന്നും ആ വിധവയ്ക്കു പറഞ്ഞുകൂടാ. പക്ഷേ, സ്വന്തം വേളിയുടെ കാര്യം പറയുന്നതിൽ തെറ്റൊന്നുമില്ലല്ലോ. കണക്കറിയാവുന്ന അപ്പുവിനു് കൂട്ടിനോക്കിയാൽ അവർക്കു വയസ്സു മുപ്പത്തിമൂന്നേയായിട്ടുള്ളു എന്നു മനസ്സിലാക്കാനുള്ള വകയും അവർ കൊടുക്കുന്നുണ്ടു്. പക്ഷേ, അവർക്കു ഗൗരവമായ ലക്ഷ്യമൊന്നുമില്ല. അവർക്കവരുടെ മനസ്സുതന്നെ അറിഞ്ഞുകൂടാ. പക്ഷേ, വർഗ്ഗവാസന കൊണ്ടായിരിക്കാം…
‘അവർ മുറിക്കകത്തു് കതകിന്റെ ഒരു പാളിയിൽ മാറിടംകൊള്ളിച്ചു നില്ക്കുകയാണു്. അവരുടെ കഴുത്തിലൊരു മുണ്ടുള്ളതു കയറുപോലെ കിടക്കുകയാണു്.’ അതിന്റെ രണ്ടു തലയും പുറകോട്ടായിരുന്നു. അവരുടെ കഴുത്തിൽ താലിയില്ലെന്നുള്ള വസ്തുത മാത്രം മറയ്ക്കാൻ പറ്റിയതായിരുന്നു ആ മുണ്ടു്.
ഇത്രയുമാവാമെങ്കിൽ ചക്കിപ്പൂച്ച ആത്തേമ്മാരുടെ കൂടെ രാത്രി കിടക്കുന്നതും പറയാമല്ലോ:
‘അവർ എന്റെ നേരെ ഒന്നു നോക്കി. തുളച്ചുകയറുന്ന ഒരു നോട്ടം. അവരുടെ മുഖം കതകിന്റെ മറവിലേക്കു മാറുകയും ചെയ്തു.’
അതിന്റെയെല്ലാം അർത്ഥം അപ്പുവിനു മനസ്സിലാകണമെങ്കിൽ കുറേ വർഷങ്ങളുടെയും ഒരു കൊച്ചുപെൺകുട്ടിയുടേയും സഹായം വേണം. തല്ക്കാലം അവനു വീട്ടിൽ പോകണമെന്നു മാത്രമാണു് തോന്നുന്നതു്.
ആ ഗൃഹത്തിൽ ഒരു വിവാഹംകൂടി. പിന്നെയെങ്ങനെയാണു പൂവമ്പഴത്തിനു സുഖക്കേടു വരാതിരിക്കുന്നതു്?
പിന്നീടു് അപ്പു അവരെ കാണുന്നതു് മരണത്തിനുമുമ്പാണു്. മരണത്തെപ്പറ്റിയാണു് അവരുടെ ചിന്ത. എങ്കിലും അവൻ അവരെ ‘കുഞ്ഞാത്തോരമ്മാ’ എന്നു വിളിക്കുമ്പോൾ അവരതാവർത്തിക്കുന്നു.
പക്ഷേ, കാലം കുറേ കഴിഞ്ഞിരിക്കുന്നു. അപ്പുവിനു ചില സംശയങ്ങളെല്ലാമുണ്ടു്. ദാഹിച്ചു വന്ന ആളിനു് അവൻ കുടിക്കാൻ കൊടുക്കാതിരുന്നിട്ടുണ്ടോ? അവൻ സ്വയം ചോദിക്കുകയാണു്. അവൻ അവരുടെ സ്ത്രീത്വത്തെ അപമാനിച്ചിട്ടുണ്ടോ? അവനു് ഉത്തരം മുട്ടിപ്പോയി. പക്ഷേ, പ്രായമായിട്ടും അക്കഥ മറക്കാൻ കഴിയുന്നില്ല.
ഒരു ചെറുകഥയെപ്പറ്റി ഇത്രയൊക്കെ പറയാനുണ്ടോ? ഉണ്ടു്. ‘പൂവമ്പഴം’ കുറേ വായനക്കാരുടെ തലയ്ക്കുമീതെ പോയേക്കാമെന്നുള്ളതുകൊണ്ടല്ല. അങ്ങനെയെങ്കിൽ ഒരു ടിപ്പണിയാണു വേണ്ടതു്. ചെറുകഥയുടെ ആദർശം ഭാവഗീതമായിരിക്കണമെന്നു കാണിക്കാൻവേണ്ടി പറഞ്ഞേ തീരു. സംശയമുണ്ടെങ്കിൽ ‘പൂവമ്പഴം’ വായിച്ചുനോക്കൂ.
ലോകവാണി വാർഷികപ്പതിപ്പു് മെയ് 1950.
സി. ജെ. വിചാരവും വീക്ഷണവും 1985.