എനിക്കു് ‘ബഹുജന’ത്തെ വലിയ മതിപ്പില്ല. വ്യക്തികളോടു് കുറച്ചൊക്കെ സ്നേഹമുണ്ടു്. പക്ഷേ, മനുഷ്യസമുദായത്തെ ഒരു ദേവതയായി ഉയർത്തത്തക്ക ജനാധിപത്യബോധം എനിക്കില്ല. ഭരണഘടന പ്രകാരം ഓരോ വോട്ടുള്ള സകലരേയും ബഹുമാനിക്കുക എന്നതു് അത്ര എളുപ്പമായ കാര്യമല്ല. എല്ലാ മനുഷ്യരും സമന്മാരല്ല എന്നു പറഞ്ഞാൽ, പറയുന്നയാൾ എല്ലാവരേക്കാൾ മേലേക്കിടയിലാണെന്നു് അതിന്നർത്ഥമില്ലെങ്കിലും, ആ അഭിപ്രായം എല്ലാവർക്കും രസിച്ചില്ലെന്നുവരും. അതിനു ഫാസിസ്റ്റ് തത്ത്വചിന്തയുടെ ഒരു ചുവയുണ്ടെന്നു തോന്നുകയും ചെയ്യും. നിർഭാഗ്യവശാൽ ഇപ്പറഞ്ഞതൊക്കെയാണു് ഇവിടത്തെ പ്രമേയം.
മനുഷ്യവർഗ്ഗത്തിൽ പല ഇനമുണ്ടെന്നുള്ള ആശയം എന്റെ സ്വന്തമല്ല. അതു വളരെ പണ്ടേയുണ്ടു്. പുരാണത്തിലെ കഥാപാത്രങ്ങളെ ദേവാസുരമാനുഷരായി തരംതിരിച്ചിരിക്കുന്നതു് അതുകൊണ്ടായിരിക്കണം. പുനർജ്ജന്മതത്ത്വവും ഒരു തരത്തിൽ ഈ ആശയത്തോടു ബന്ധപ്പെട്ടതാണു്. ബുദ്ധന്റെ ഉപദേശങ്ങളിൽ (ധർമ്മപദം) ഒരു ഭാഗത്തു, മനുഷ്യനിൽ കോഴിയുടെയും, പാമ്പിന്റെയും, പന്നിയുടെയും അംശങ്ങൾ അവശേഷിക്കുന്നു എന്നു പറഞ്ഞിട്ടുണ്ടു്. കോഴി കാമത്തിന്റെയും, പാമ്പ് ക്രോധത്തിന്റെയും, പന്നി ബുദ്ധിശുന്യതയുടെയും പ്രതീകങ്ങളാണു്. ഇവയിൽ ആദ്യത്തെ രണ്ടു ലക്ഷണങ്ങളും നശിച്ചുകഴിഞ്ഞാൽത്തന്നെയും അതിലേറെ ഭയങ്കരമായ മൂന്നാമത്തെ സ്വഭാവം അവശേഷിക്കാറുണ്ടെന്നും ബുദ്ധൻ അഭിപ്രായപ്പെടുന്നു. ഡാർവിനും ഇതിനോടു യോജിച്ച ഒരു ചിന്താഗതിയുണ്ടു്. ഡാർവിന്റെ പ്രതീകങ്ങൾ കുരങ്ങും വ്യാഘ്രവും കഴുതയുമാണെന്നേ വ്യത്യാസമുള്ളൂ. ഇതു കൂടാതെ പല മതങ്ങളിലും മാലാഖമാർ, പിശാചുക്കൾ, യക്ഷികൾ, അപ്സരസ്സുകൾ, ഗന്ധർവന്മാർ മുതലായ പല ജീവികളേയും കാണാറുണ്ടു്. അടിസ്ഥാനപരമായിത്തന്നെ മനുഷ്യൻ വിഭിന്നനിലകളിലാണു പരിണാമം പ്രാപിക്കുന്നതു് എന്ന അവ്യക്താശയത്തിന്റെ പ്രത്യക്ഷഭാവങ്ങളാണു് ഇവയെല്ലാം. ക്രിസ്തുമതമനുസരിച്ചു മനുഷ്യന്റെ ആദർശം മാലാഖയായിത്തീരുകയാണു്. അങ്ങനെ ശരീരസംബന്ധിയല്ലാത്ത ഘടകങ്ങളിൽ പരിണാമം സംഭവിച്ചു വിഭിന്ന മനുഷ്യവർഗ്ഗങ്ങൾ ഉണ്ടാവുന്നു എന്നൊരഭിപ്രായം പണ്ടുമുതലേയുണ്ടു് എന്നു വേണമെങ്കിൽ പറയാം. പക്ഷേ, ഈ ചിന്താഗതി ശാസ്ത്രീയമായി അപഗ്രഥിക്കുവാൻ ആരും തുനിഞ്ഞിട്ടുള്ളതായി എന്റെ പരിമിതമായ അറിവിൽപ്പെട്ടിട്ടില്ല. എനിക്കു് അതിനു കഴിവില്ല. അന്വേഷണത്തിനൊരു മാർഗ്ഗം ചൂണ്ടിക്കാണിക്കുക മാത്രമാണു് ലേഖനോദ്ദേശ്യം.
കുറച്ചുനാൾ മുമ്പു തൃശൂരിൽവെച്ചു നടന്ന ഒരു സമ്മർക്യാമ്പിൽവെച്ചു് ഒരു പ്രശ്നം പൊന്തിവന്നു. മനുഷ്യന്റെ ജന്മവാസനയോ, ചിന്താശക്തിയോ ഏതാണു് ആദ്യം വളർച്ച പ്രാപിച്ചതു് എന്നതായിരുന്നു അതു്. തീർത്തുപറയാൻ കഴിവുള്ള ആരുമവിടെ ഉണ്ടായിരുന്നില്ല. കുറച്ചാലോചിച്ചപ്പോൾ തോന്നി, ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനു് ഒരനുബന്ധം ആവശ്യമാണെന്നു്. ഡാർവിൻ ശാരീരിക പരിണാമത്തെപ്പറ്റി മാത്രമേ പ്രതിപാദിക്കുന്നുള്ളു. ശരീരത്തോളംതന്നെ പ്രധാനവും യഥാർത്ഥവുമായ ജന്മവാസന, വികാരം, ചിന്ത, ആത്മാവു് എന്നിവയുടെ ഉത്ഭവവും, വളർച്ചയും, പരസ്പരബന്ധങ്ങളും ഇന്നും അജ്ഞാതമാണു്. അവയുടെ പരിണാമരഹസ്യം കണ്ടുപിടിച്ചാൽ മാത്രമേ മനുഷ്യ സ്വഭാവത്തിലെ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും മനസ്സിലാക്കാൻ കഴിയൂ.
ഓരോ പ്രത്യേകപരിതസ്ഥിതികളിൽ ഓരോ ഘടകം വളർച്ച പ്രാപിച്ചാണു് പറക്കുന്ന ജന്തുക്കളും, ഇഴയുന്ന പാമ്പും, ചിന്തിക്കുന്ന മനുഷ്യനുമെല്ലാമുണ്ടായതു്. കഴുകനു് പാമ്പിന്റെ വിഷമില്ല; പാമ്പിനു പറക്കാൻ കഴിയുകയില്ല; ഇവ രണ്ടിനും ചിത്രം വരയ്ക്കാനും കഴിയുകയില്ല. എന്നുവെച്ചാൽ പല സിദ്ധികളും പലയിടങ്ങളിലായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നർത്ഥം. പരിണാമത്തിൽ ഉയർന്നതെന്നു സാധാരണ ഗണിക്കപ്പെടുന്ന ജന്തുക്കൾ എല്ലാവിധ വൈഭവങ്ങളിലും പരമമായ വളർച്ച പ്രാപിച്ചു എന്നു വിചാരിക്കണ്ട. കഴുകന്റെ കണ്ണുകളോ സിംഹത്തിന്റെ ശക്തിയോ മനുഷ്യനില്ല. ഏതാണ്ടു് ഒരേതരം ജീവികളിൽനിന്നാണു് ഇന്നത്തെ സകല ജീവജാലങ്ങളും പരിണമിച്ചതു് എന്നാണു് ശാസ്ത്രമതം. ഓരോ പ്രത്യേകപരിതസ്ഥിതിയിലാണു് പല ജന്തുക്കൾ തമ്മിൽ വ്യത്യാസമുണ്ടായിത്തീർന്നതു്. ശാരീരികരംഗത്തുനിന്നു മാനസികരംഗത്തിലേയ്ക്കു് കടന്നുനോക്കിയാൽ, അവിടെയുള്ള പരിതസ്ഥിതികളനുസരിച്ചു് ഒരു വർഗ്ഗത്തിൽത്തന്നെയുള്ള ജന്തുക്കൾ പലനിലകളിൽ പരിണാമം പ്രാപിച്ചിരിക്കുന്നതായി കാണാം. പുല്ലും പുലിയും തമ്മിലുള്ള വ്യത്യാസത്തിലധികം വ്യത്യാസം രണ്ടു മനുഷ്യർ തമ്മിലുണ്ടാവുക എന്നതു്, അങ്ങനെ, അസാധ്യമല്ലാതായിത്തീരുന്നു.
ജന്മവാസന പല നിലകളിലായി സകല ജീവജാലങ്ങൾക്കുമുണ്ടു്. ഇഷ്ടമില്ലാത്തതും ഉള്ളതും തിരിച്ചറിയാൻ സസ്യങ്ങൾക്കും കഴിവുണ്ടെന്നാണു് വച്ചിരിക്കുന്നതു്. അതിപുരാതനമായ ഒരുകാലത്തു ജന്മവാസന മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു വിചാരിക്കാം. വളരെ യുഗങ്ങൾക്കുശേഷമാണു് ബുദ്ധി, അഥവാ ചിന്താശക്തി ഉത്ഭവിച്ചതു്. ജന്മവാസനയുടെ ഒരു ഉയർന്ന രൂപമാണു് ചിന്താശക്തി എന്നു വിചാരിക്കാൻ ന്യായം കാണുന്നില്ല. ജന്മവാസന തലമുറകളായി കൈമാറ്റം ചെയ്യപ്പെടുമ്പോൾ, ഓരോ ജീവിയും ബുദ്ധി ജനനത്തിനുശേഷം സമ്പാദിക്കേണ്ടതായിട്ടാണു കാണുന്നതു്. ഇത്ര ഭിന്നമായ രണ്ടു വൈഭവങ്ങളിൽ ഒന്നു മറ്റേതിൽനിന്നു പരിണമിച്ചു എന്നു വിചാരിക്കുക വിഷമമാണു്. പിന്നെ, എങ്ങനെ അതുണ്ടായി എന്ന ചോദ്യത്തിനു് ഒന്നേ പറയാനുള്ളു. ജീവനില്ലാത്ത ഒരു ഗോളത്തിൽ ജീവനുത്ഭവിച്ചതുപോലെയുള്ള ഒരത്ഭുതമാണു് ചിന്തയുടെ ആവിർഭാവവും. അതെങ്ങനെയുണ്ടായി എന്നാർക്കും അറിഞ്ഞുകൂടാ. ബുദ്ധി ജന്മവാസനയിൽനിന്നു ഭിന്നമായ ഒരു വൈഭവമാണെന്നുമാത്രം തല്ക്കാലം പറയാം. പലപ്പോഴും ഈ ജന്മവാസന ബുദ്ധിയേക്കാൾ ഉയർന്നതായിക്കാണാം. കാലാവസ്ഥയെപ്പറ്റിയും മറ്റും നിരക്ഷരനായ കൃഷിക്കാരൻ പറയുന്ന അഭിപ്രായങ്ങൾ, ശാസ്ത്രജ്ഞന്റേതിനേക്കാൾ ശരിയാവാറുണ്ടു്. ഒരു പ്രത്യേകതയുള്ളതു് ഇതാണു്. സാധാരണയായി ചിന്താശക്തി കുറഞ്ഞ ജന്തുക്കളിലാണു് ജന്മവാസന കൂടുതലായി ശോഭിക്കുന്നതു്. ബുദ്ധിവളരുമ്പോൾ ജന്മവാസന കുറയുമെന്നുപോലും തോന്നുന്നുണ്ടു്.
ചിന്ത എന്ന വൈഭവം കൂടുതലായി വളർച്ചയെത്തിയിരിക്കുന്നു എന്നതാണു് മനുഷ്യൻ മറ്റു ജീവികളെക്കാൾ ഉയർന്നവനാണെന്നവകാശപ്പെടാനുള്ള ന്യായം. സ്വന്തം അസ്തിത്വത്തെപ്പറ്റിയുള്ള ബോധം മനുഷ്യനു മാത്രമേയുള്ളു എന്നാണു് വെപ്പു്. ഇതു തത്ത്വമെന്ന നിലയ്ക്കു് ശരിയായിരിക്കാം. പക്ഷേ, ഇവിടെ വളരെ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ടു്. ബുദ്ധിയുടെ വളർച്ച മനുഷ്യവർഗ്ഗത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേതരത്തിലായിക്കൊള്ളണമെന്നില്ലല്ലോ. അതുകൊണ്ടു് അസ്തിത്വബോധത്തിലും വ്യത്യാസങ്ങളുണ്ടാകാം. മദിരാശിപട്ടണത്തിലെ ബഹളംപിടിച്ച തെരുവുകളുടെ മദ്ധ്യത്തിൽകൂടി യാതൊരു കൂസലുമില്ലാതെ സംസാരിച്ചുനടന്നു, ‘മോർച്ചറി’യിലവസാനിക്കുന്ന തമിഴത്തികളെ ഓർമ്മിക്കുമ്പോൾതോന്നുന്നു, ഈ അസ്തിത്വബോധം എന്നു പറയുന്നതുള്ള മനുഷ്യർ ഒരു ചെറിയ ശതാംശം മാത്രമാണെന്നു്. ചിന്ത പൊതുവേ മനുഷ്യവർഗ്ഗത്തിനൊരു സിദ്ധിയായിക്കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. അതു കാണുന്നിടത്തുതന്നെ അത്രയധികം മൂപ്പെത്തിയിട്ടുമില്ല. ജന്മവാസനയുടെയും ചിന്തയുടെയും തീരുമാനങ്ങൾ പലപ്പോഴും വിരുദ്ധമായിരിക്കും. അത്തരം സന്ദർഭങ്ങളിൽ ചിന്തയെമാത്രമേ അംഗീകരിക്കാവൂ എന്നു പറയാൻ ആർക്കും ധൈര്യമുണ്ടാകുകയില്ല. ചിന്ത അറിവിന്മേലാണു് നിലനില്ക്കുന്നതു്. അറിവു് ഏറ്റവും പരിമിതവുമാണു്. അപ്പോൾ അതിനു തെറ്റാതിരിക്കുവാനുള്ള വരമൊന്നുമില്ല. ജന്മവാസനയുടെ യഥാർത്ഥസ്വഭാവമെന്തെന്നു തീർച്ചയില്ലാത്തതുകൊണ്ടു് അതിനെ തള്ളാനും കൊള്ളാനും നിവൃത്തിയുമില്ല.
മേല്പറഞ്ഞ രണ്ടിൽനിന്നും ഭിന്നവും എന്നാൽ, അവയുമായി കുഴഞ്ഞുമറിഞ്ഞുകിടക്കുന്നതുമായ ഒരു സിദ്ധിയാണു് വികാരം. ജീവികൾക്കെല്ലാം ഇതുണ്ടെന്നു വിചാരിക്കാം. ഇതിന്റെ രൂപഭേദങ്ങൾ നിരവധിയാണു്. യുക്തിക്കപ്പുറമായതുകൊണ്ടു സാധാരണഗതിയിലുള്ള ഗവേഷണത്തിന്റെ പരിധിയിൽ അതു പെടുകയില്ല. യുക്തിക്കതീതമായ ചിന്ത (ആ പ്രയോഗം ശരിയാണെങ്കിൽ) ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ വികാരം പ്രയോജനപ്പെടും. ഒരുതരത്തിൽ പറഞ്ഞാൽ കവിതയും, മറ്റൊരുതരത്തിൽ സർറിയലിസവും ഈ അഭിപ്രായത്തെ സാധൂകരിക്കുന്നുണ്ടു്. നല്ല കവിതയിൽ സാധാരണ യുക്തികൊണ്ടു പറഞ്ഞൊപ്പിക്കാൻ വയ്യാത്ത ആശയമുണ്ടായിരിക്കും. സർറിയലിസത്തിൽ, ചിന്തയും വികാരവും മറ്റു് ആദ്ധ്യാത്മിക സിദ്ധികളും എല്ലാംകൂടിക്കുഴഞ്ഞ ഒരു മണ്ഡലത്തിലാണു് കലാകാരൻ വിഹരിക്കുന്നതു്.
ഇപ്പറഞ്ഞ സിദ്ധികളുടെ വളർച്ചയനുസരിച്ചു മനുഷ്യനെ തരംതിരിക്കുക സാദ്ധ്യമല്ലായിരിക്കാം. പക്ഷേ, ഈ സിദ്ധികളുടെ വളർച്ചയനുസരിച്ചു ഭിന്നവർഗ്ഗങ്ങൾ മനുഷ്യവർഗ്ഗത്തിൽത്തന്നെ ഉണ്ടാകാം. കവികളും കാമുകന്മാരും വികാരവിഭാഗത്തിൽപെട്ടവരാണു്. പക്ഷേ, അങ്ങനെ തൊഴിൽപരമായ ഭാഗങ്ങൾ ഓരോ വർഗ്ഗമായി പരിണമിക്കും എന്നു ഞാൻ വിചാരിക്കുന്നില്ല. ഇന്നുവരെ മനുഷ്യനിൽ ഒരു വർഗ്ഗവ്യത്യാസമേ ഉണ്ടായിട്ടുള്ളു. സ്ത്രീയും പുരുഷനും. അവ തമ്മിലുള്ള ശാരീരികവ്യത്യാസം തുച്ഛമായതുകൊണ്ടാണല്ലോ അവരണ്ടും ഒരു വർഗ്ഗത്തിൽ ചേർക്കാൻ കാരണം. പക്ഷേ, ശരീരത്തിനു പുറമെയുള്ള മനുഷ്യ സ്വഭാവങ്ങളെടുത്തുനോക്കിയാൽ വലിയ വ്യത്യാസം കണ്ടെന്നുവരാം. ഒരു വിദൂരഭാവിയിൽ ഇക്കൂട്ടരിൽ ഒന്നിനു വികാരമെന്നൊന്നില്ലാതേയും മറ്റേതിനു ചിന്തയെന്നൊന്നില്ലാതേയും പരിണമിച്ചാൽ അതിലത്ഭുതത്തിനവകാശമില്ല. പരിണാമത്തിന്റെ വൈചിത്ര്യം അത്രയധികമാണു്.
ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ അഭിപ്രായഭിന്നതയുണ്ടാകാൻ വഴിയില്ല. എന്നാൽ ‘ആത്മാവു്’ എന്ന പദം വന്നുചേരുന്നതു് ഒരുവലിയ ആരവത്തോടുകുടിയാണു്. രംഗവും ക്ഷുഭിതമാകും. ഒന്നിനുപുറകെ ഒന്നായി എത്ര പിന്തിരിപ്പൻ ആശയങ്ങളാണു തട്ടിവിടുന്നതു്! അവരുടെ സമാധാനത്തിനുവേണ്ടി നേരത്തെ പറഞ്ഞേക്കാം. മതക്കാർ ‘ആത്മാവു്’ എന്ന പദം കൊണ്ടുദ്ദേശിക്കുന്നതൊന്നുമല്ല ഇവിടെ ഉദ്ദേശിക്കുന്നതു്. ഞാനുദ്ദേശിക്കുന്നതു് ജന്മവാസനയിലോ, ചിന്താശക്തിയിലോ, വികാരത്തിലോ കണ്ടെത്താൻ കഴിയാത്ത ഒരു പ്രത്യേകസിദ്ധിയെയാണു്. നന്മയെ ആഗ്രഹിക്കുക, സൗന്ദര്യത്തെ സ്നേഹിക്കുക മുതലായ ആദർശങ്ങൾ എങ്ങനെയുണ്ടായി? സാധാരണഗതിയിൽ കണ്ടുപിടിക്കാനോ നിർവ്വചിക്കാനോ എളുപ്പമല്ലാത്ത എന്തോ ഒരു ഘടകം മനുഷ്യനിലുണ്ടെന്നു് (എല്ലാവരിലും വേണമെന്നില്ല) വിചാരിക്കാൻ ന്യായമുണ്ടു്. ആ പ്രത്യേക സ്വഭാവത്തെ ‘ആത്മാവു് ’ എന്നു സൗകര്യത്തിനുവേണ്ടി പേരു വിളിക്കുകയാണു്. ഇതു ബുദ്ധനും ബർനാർഡ് ഷാ യ്ക്കും ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഈ ഘടകവും എങ്ങനെയോ ഉണ്ടായി വളർന്നുകൊണ്ടിരിക്കുന്നു. പല വ്യക്തികളിലും പല നിലകളിലായി കാണുകയും ചെയ്യാം.
ഈ നാലു സിദ്ധികളെപ്പറ്റിയും പറഞ്ഞതു് മനുഷ്യജന്തുവിനു ശരീരത്തിനു പുറമെ പ്രധാനമായ ചില ഘടകങ്ങളുണ്ടെന്നു ചൂണ്ടിക്കാണിക്കാനാനാണു്. ഇവ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലായി ഉണ്ടായി. പിന്നീടുള്ള പരിണാമത്തെ അവ സ്വാധീനമാക്കുകയും ചെയ്യുന്നു. വെറും ശരീരം മാത്രം എണ്ണമറ്റ പരിവർത്തനങ്ങളിൽക്കൂടി കടന്നു് ഈ ലോകത്തിലുള്ള വിവിധ ജീവജാലങ്ങൾ ഉണ്ടായി. അങ്ങനെയെങ്കിൽ ശരിരത്തിനു പുറമേയുള്ള ഘടകങ്ങളുടെയും അവയുടെ കെട്ടിമറിച്ചിലുകളുടെയും ഫലമായി എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിരിക്കാം! ഇതുവരെ എണ്ണിപ്പറയത്തക്ക മനുഷ്യവർഗ്ഗങ്ങളെ ഒന്നിനെയും ഇവിടെ ചൂണ്ടിക്കാണിച്ചു എന്നു് വിചാരിക്കുന്നില്ല, എങ്കിലും അത്തരം കാര്യങ്ങൾ സംഭവ്യതയുടെ പരിധിയിലാണെന്നു തെളിഞ്ഞു എന്നാണു വിശ്വാസം. അത്രയ്ക്കു ശാസ്ത്രീയമല്ലെങ്കിലും യഥാർത്ഥജീവിതത്തിലെ ചില അനുഭവങ്ങൾ ഉദാഹരണമായി പരിശോധിച്ചുനോക്കാവുന്നതാണു്. ഏതു ക്രൂരകൃത്യവും ചെയ്യാൻ മടിയില്ലാത്തവരും, യുദ്ധം ഒരാദർശമായി സ്വീകരിക്കുന്നവരും, ഭക്ഷണമല്ലാതെ മറ്റൊന്നിനേയും ബഹുമാനിക്കാത്തവരും, ജീവിതം മുഴുവനും ഗവേഷണത്തിനു ചെലവാക്കുന്നവരുമെല്ലാം ഒരു വർഗ്ഗത്തിൽപെട്ടവരാണെന്നും അവർ സമന്മാരാണെന്നും വിശ്വസിക്കാൻ പ്രയാസം. സിംഹവും പുലിയും പൂച്ചയും ഒരേ കുടുംബക്കാരാണെങ്കിലും അവ തമ്മിൽ വ്യത്യാസമുണ്ടു്. അതുപോലെത്തന്നെ മനുഷ്യവർഗ്ഗത്തിലും പല ഇനങ്ങളുണ്ടു്. ഈ വ്യത്യാസത്തിന്നടിസ്ഥാനം ശരീരഘടനയോ ദേശവർഗ്ഗാദികളോ ആയിരിക്കണമെന്നു നിർബന്ധമില്ല. (കാലാവസ്ഥയ്ക്കും മറ്റു ഭൂമിശാസ്ത്ര ഘടകങ്ങൾക്കും പരിണാമത്തിലുള്ള സ്വാധീനം വെച്ചുനോക്കുമ്പോൾ അങ്ങനെ ആവുകയും ചെയ്യാം). ഇതു്, ഈ വൈചിത്ര്യം, എങ്ങനെ പ്രത്യക്ഷപ്പെട്ടാലും, മറഞ്ഞിരുന്നാലും, അങ്ങനെ എന്തോ ഒക്കെ ഉണ്ടെന്ന അഭിപ്രായത്തിലേക്കാണു് അനുഭവങ്ങൾ വഴികാണിക്കുന്നതു്. ഇപ്പറഞ്ഞതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ ഞാനെഴുതിയ ആദ്യവാചകത്തിനു മാപ്പു പറയേണ്ട ആവശ്യവുമില്ല.
മാതൃഭുമി 23 നവംബർ 1952.
ധിക്കാരിയുടെ കാതൽ 1955.