നാടകം ഏറ്റവും ജനകീയമായ ഒരു കലയാണു്. വളരെയാളുകൾ അതു കുറേസമയം കണ്ടുരസിക്കുന്നുണ്ടു്. ഒരു സംഘം ആളുകളുടെ സംയുക്തപ്രവർത്തനമാണു് നാടകാഭിനയം. ഇതൊക്കെ ശരിയാണെങ്കിലും നാടകം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഡെമോക്രസി അപ്രത്യക്ഷമാകും. ഒരാൾ എഴുതിയ ഒരു നാടകം ഒരു സംഘം ആളുകൾ ചേർന്നഭിനയിക്കുമ്പോൾ അവിടെ ഒരു പ്രത്യേകതരം കേന്ദ്രീകരണം ആവശ്യമായിത്തീരുന്നു. നാടകകർത്താവു് വിഭാവനംചെയ്യുന്ന ഒരു ആശയമാണു് അവിടെ പ്രകടിപ്പിക്കേണ്ടതു്. പ്രകടിപ്പിക്കുന്നതു മറ്റു കുറെ ആളുകളുമാണു്. ഇതെല്ലാം കണ്ടുരസിക്കാനുള്ളതു് ഇനിയും വേറെ ചിലരും. ഇവരെയെല്ലാം കൂട്ടിച്ചേർക്കുക (ആശയപരമായി) എന്നതാണു പ്രധാനമായി നടക്കേണ്ട കാര്യം. നാടകം വായിച്ചു പഠിച്ചു്, അതിനെപ്പറ്റി ചിന്തിച്ചു്, നാടകകൃത്തിന്റെ ലക്ഷ്യം വ്യക്തമായി ഗ്രഹിച്ചു് അതു നാട്യസംഘത്തിനു പകർന്നു കൊടുക്കുവാനുള്ള ചുമതല ഒരാൾ വഹിച്ചേതീരൂ. നടന്മാർ നാടകം വായിക്കയും പഠിക്കയും ചെയ്യുന്നതു് ആവശ്യമാണു്. അവരും നാടകം മനസ്സിലാക്കാൻ പരിശ്രമിക്കും. പക്ഷേ, അതുകൊണ്ടുമാത്രമായില്ല.
അവർക്കുതന്നെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിയെന്നു വരാം. മനസ്സിലാകാത്തവരെ മനസ്സിലാക്കുവാനും ഭിന്നാഭിപ്രായക്കാരെ യോജിപ്പിക്കുവാനും ഒരാൾ ഉണ്ടാകണം. ആ ചുമതലക്കാരനാണു് ഡയറക്ടർ. മറ്റുള്ളവർക്കു് അഭിപ്രായം പറഞ്ഞുകൂടെന്നില്ല. അന്ത്യതീരുമാനം എപ്പോഴും ഡയറക്ടറുടേതായിരിക്കും എന്നുമാത്രം. ഡയറക്ടറാണെന്നതുകൊണ്ടു് അയാൾക്കു ലഭിക്കുന്ന ഒരു പ്രത്യേക അവകാശമല്ല ഇതു്. നേരെമറിച്ചു നാടകത്തെപ്പറ്റിയും, അഭിനയത്തെപ്പറ്റിയും ഏറ്റവും ശരിയായ അറിവുള്ളയാൾ ഡയറക്ടറാവുകയാണു ചെയുന്നതു്. ഗ്രന്ഥകർത്താവു പലപ്പോഴും ഡയറക്ടറാകാറുണ്ടെങ്കിലും നാട്യകലയെപ്പറ്റി ജ്ഞാനമില്ലാത്ത നാടകകൃത്തുകൾ ഡയറക്റ്റു ചെയുന്നതു് ബുദ്ധിയായിരിക്കില്ല. ഡയറക്ടർ നടന്മാരെ നാടകത്തിന്റെ അടിസ്ഥാനാശയം മനസ്സിലാക്കിക്കൊടുക്കുക മാത്രമല്ല ചെയ്യുന്നതു്. നടന്മാരേയും സദസ്സിനോടും യോജിപ്പിക്കുന്നതും അയാളുടെ പണിയാണു്. അഥവാ നാടകത്തിന്റെ ആശയം കാണികൾക്കു മനസ്സിലാകത്തക്കവണ്ണം നടന്മാരെക്കൊണ്ടു പ്രകടിപ്പിക്കയെന്ന ജോലി. ഈ ജോലിയാണു് അയാൾ റിഹേഴ്സലിൽ നിർവഹിക്കുന്നതു്. ഇവിടെയും അയാളാണു് അവസാനതീരുമാനമെടുക്കാൻ അധികാരമുള്ളയാൾ.
പരിശീലനമെല്ലാം കഴിഞ്ഞു് അഭിനയത്തിന്റെ സമയത്താണു ഡയറക്ടർ സർവാധിപതിയായിത്തീരുന്നതു്. ആ രണ്ടു മണിക്കൂർ സമയത്തേക്കു് മറ്റാരുടേയും അഭിപ്രായത്തിനു് അയാൾ വിലവെച്ചില്ലെന്നു വരും. ഇത്രയധികം തലവേദനയുണ്ടാക്കുന്ന മറ്റൊരു ജോലിയുണ്ടെന്നു തോന്നുന്നില്ല. അയാളുടെ അധികാരത്തിന്റെ ശക്തി മുഴുവനും ഉത്തരവാദിത്തത്തിന്റെ ഭാരമാണു്. അഭിനയത്തിനും, നടന്മാരുടെ അച്ചടക്കത്തിനും, രംഗസംവിധാനത്തിനും എന്നുവേണ്ട രംഗവേദിയിലുള്ള സകലതിനും അയാളാണുത്തരവാദി. ഒരു വശത്തു് അയാൾ ഒരു നടന്റെ സംശയം തീർക്കേണ്ടിയിരിക്കും. മറുവശത്തു നടന്മാർക്കുള്ള ലഘുഭക്ഷണം പരിശോധിക്കേണ്ടതും അയാൾ തന്നെ. രംഗത്തിൽ എന്തിലും കുഴപ്പമുണ്ടായാൽ അയാളാണതിനു സമാധാനം പറയേണ്ടതു്. ചുരുങ്ങിയ ഒരു സമയത്തിനിടയിൽ ഇത്രയധികം കാര്യങ്ങൾ ചെയ്തുതീർക്കേണ്ട ഒരു വ്യക്തിക്കു് അവിടെ ആജ്ഞകൾ കൊടുക്കുവാനുള്ള അവകാശമില്ലെങ്കിൽ കാര്യക്ഷമത കുറയും. അയാൾക്കു ശത്രുക്കളെ സമ്പാദിച്ചുകൊടുക്കുന്നവയാണു്. അനാവശ്യമായതിനകത്തു കടന്നുകൂടി അസൌകര്യം സൃഷ്ടിക്കുന്നവരെ അയാൾ പുറത്താക്കണം. യവനികയ്ക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്നവരെയും സംസാരിച്ചു ശബ്ദമുണ്ടാക്കുന്നവരെയും അയാൾ തന്നെയാണു തടയേണ്ടതു്. അഭിനയത്തിനിടയിൽ വേണ്ടിവന്നേക്കാവുന്ന നൂറുകൂട്ടം സാധനങ്ങൾ അവിടെ എത്തിക്കേണ്ടതും അയാളുടെ ചുമതലയിലെ ഒരിനമാണു്. അതിനിടയിൽ അണിയറയുടെ കാര്യവും ഉണ്ടു്. അണിയറയിലെ അന്തരീക്ഷം വളരെ സ്ഫോടനാത്മകമായ ഒന്നാണു്. കലാസമിതികളിലെ അംഗങ്ങളുടെ പെരുമാറ്റത്തിന്റെ ഭംഗിക്കുറവുകൊണ്ടു ലോകപ്രസിദ്ധമായ സ്ഥാപനങ്ങൾ പോലും കേരളത്തിൽ തകർന്നു പോയിട്ടുണ്ടു്. അങ്ങനെയുള്ള സന്ദർഭങ്ങൾ ഏറ്റവും അധികം ഉണ്ടാകുന്നതു് അണിയറയിൽവെച്ചാണു്. ഇങ്ങനെ നിരവധി പ്രശ്നങ്ങളുടെ നടുവിൽക്കിടന്നു നട്ടംതിരിയുന്ന ഡയറക്ടർ വഹിക്കുന്ന ഭാരം വലിയതാണു്. നാടകാഭിനയത്തിൽ. പ്രതേകിച്ചും പ്രദർശനത്തിന്റെ സമയത്തു്, അയാളെ സർവാധിപതിയായി അവരോധിക്കുക മാത്രമേ നിർവാഹമുള്ളൂ. പ്രദർശനത്തിന്റെ സകല വശങ്ങളെയും സമപ്രാധാന്യത്തോടെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഏകവ്യക്തി അയാളാണു്. അവയെല്ലാം വിജയകരമായി നടത്തുവാനുള്ള ചുമതലയും അയാളുടേതാണു്. അതുകൊണ്ടു്, അയാൾക്കുതന്നെയായിരിക്കണം സർവാധികാരവും. അയാളെ നിഷേധിക്കാനുള്ള അവകാശം മുമ്പായിരുന്നു; അയാളെ ആ സ്ഥാനത്തിരുത്തുന്നതിനുമുമ്പു്.