images/Adriaen_van_Ostade_006.jpg
The painter in his Studio, a painting by Adriaen van Ostade (1610–1685).

സി ജെ തോമസിന്റെ ലേഖനങ്ങൾ എപ്പോഴും സമകാലികമാവാനുള്ള ഒരു ശേഷി പ്രകടിപ്പിയ്ക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ സവിശേഷതകൾകൊണ്ടു മാത്രമല്ല അതു്, ഭാഷയുടെ ചൊടികൊണ്ടുകൂടി അവ നമ്മെ ഇന്നും ആകർഷിക്കുന്നു. ‘സായാഹ്ന’ അവ പുനഃപ്രകാശിപ്പിക്കുന്നതിന്റെ ഒരു കാരണവും അതത്രെ. എങ്കിലും, ഈ ലേഖനങ്ങളിൽ ചിലപ്പോഴെങ്കിലും കാണാറുള്ള ലിംഗപരവും വംശീയപരവുമായ ഭാഷാ പ്രയോഗങ്ങൾ, നിർദോഷമല്ലാത്ത കളിയാക്കലുകൾ, ഞങ്ങളും ശ്രദ്ധിക്കുന്നു. പക്ഷേ, അവ അതേപോലെ തിരുത്താതെ പ്രസിദ്ധീകരിയ്ക്കുന്നു. നീതിയുടെ തെളിച്ചത്തിലേക്കു് എഴുത്തുകാരും സമൂഹവും എത്തുന്നതിലെ കാലതാമസം മറച്ചു വെയ്ക്കണ്ടതുമല്ലല്ലോ. മാന്യ വായനക്കാർ ഇതെല്ലാം കാണുന്നുണ്ടാകുമെന്നുതന്നെ ഞങ്ങൾ കരുതുന്നു.

ജീവിതത്തെ നോക്കിക്കണ്ടു്
സി. ജെ. തോമസ്

കലാകാരന്മാർ നിരന്തരം ആജ്ഞാപിക്കപ്പെടുകയാണു്. ജീവിതത്തെ നോക്കിക്കണ്ടു് കലാസൃഷ്ടി നടത്തണമെന്നു്. പക്ഷേ, ഇന്നേത്തീയതിവരെ കലാസ്വാദനം നടത്തുന്നതും ഈ സമ്പ്രദായത്തിൽ വേണമെന്നു് അനുവാചകരെ ഗുണദോഷിക്കാൻ യാതൊരു മഠയനും മുതിർന്നിട്ടില്ല. കടൽത്തീരത്തു് നുരയുണ്ടാവുന്നതുപോലെയാണു് കലയുണ്ടാവുന്നതെന്നാണു് ഭാവം. ഉന്നവും ഉദ്ദേശ്യവും ഒന്നുമില്ലാതെ കലയങ്ങു് ഉത്ഭവിക്കുകയാണത്രേ. കലാകാരൻ സൃഷ്ടിച്ചു കൊള്ളണം. അതു് രാഷ്ട്രീയക്കാരുടെയും വിമർശകന്മാരുടെയും നിർദ്ദേശങ്ങളും നിലപാടുകളും അനുസരിച്ചായിരിക്കുകയും വേണം. ഇവയെല്ലാം ആർക്കുവേണ്ടിയാണുണ്ടാക്കുന്നതു്, ഇക്കാര്യത്തിൽ അവർക്കെന്തെങ്കിലും ഉത്തരവാദിത്വമുണ്ടോ? ഇതൊന്നും പ്രശ്നങ്ങളേയല്ല. പൊട്ടക്കണ്ണനു് രസിക്കുന്ന ചിത്രങ്ങളും പരിണാമം പൂർത്തിയാകാത്ത ഇരുകാലികൾക്കെല്ലാം മനസ്സിലാവുന്ന കാവ്യങ്ങളും രചിക്കണമത്രേ. അതാണു് ഈ “ജനകീയയുഗ”ത്തിന്റെ ആവശ്യം. അതു ചെയ്തില്ലെങ്കിൽ ഉടനെ മുദ്രകുത്തിക്കളയും, ‘പിന്തിരിപ്പൻ’, ‘കമ്മ്യുണിസ്റ്റ്’, ‘ഭ്രാന്തൻ’ എന്നൊക്കെ.

ആ നാടകം മനസ്സിലാകാതിരുന്ന കാലത്തു് ലേഖനമെഴുതിയിരുന്നെങ്കിൽ, സാധാരണജനങ്ങൾക്കു മനസ്സിലാവുന്നതും രുചിക്കുന്നതും മാത്രമേ കലയാവൂ എന്നു ഞാൻ എഴുതുമായിരുന്നിരിക്കാം. സാധാരണക്കാരന്റെ നിലവാരം എന്നു പറഞ്ഞാൽ പറയുന്നവന്റെ സ്വന്തം നിലവാരം എന്നാണല്ലോ അർത്ഥം.

നാമാരും പൈപ്പുനന്നാക്കുന്നവനെയും, മുണ്ടലക്കുന്നവനെയും, തോട്ടിയെയും അവരുടെ പണി പഠിപ്പിക്കാൻ തുനിയാറില്ലെങ്കിലും കലാകാരനെ അവന്റെ തൊഴിൽ അഭ്യസിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കാറുണ്ടെന്നു് പണ്ടൊരിക്കൽ ഒരു കലാകാരൻ പരാതിപ്പെട്ടു. കാര്യം ശരിയാണു്. കലയുടെ പൂർത്തീകരണം അനുവാചകനും കലാകാരനുമായുള്ള സംസർഗ്ഗത്തിലാണെന്നു് മനസ്സിലാക്കാത്ത (അഥവാ മനസ്സിലാക്കിയാൽ തന്നെ അതിൽ അനുവാചകൻ ജോലിയൊന്നുമില്ലെന്നു ധരിച്ചിരിക്കുന്ന) ആളുകൾ കലാവിമർശനത്തിനിറങ്ങിത്തിരിച്ചാൽ കലാകാരൻ ഇങ്ങനെയൊക്കെ പറഞ്ഞുപോകും. സമുദ്രത്തിലെ തിരമാലകൾ കരയിൽ വന്നലയ്ക്കുന്നതും നുര ചിതറുന്നതും യാതൊരുദ്ദേശ്യത്തോടുകൂടിയുമല്ല. ആരും കാണണമെന്നവച്ചിട്ടുമല്ല. ഉദ്ദേശിക്കാനും കാണാനും അവയുടെ പിന്നിൽ മനസ്സുകളുമില്ല. പക്ഷേ, കലാകാരന്റെ നിലയതല്ല. അവനെന്തു സൃഷ്ടിച്ചാലും മറ്റാരെങ്കിലുമൊക്കെ കാണണമെന്നു് (കുറഞ്ഞാൽ കാണുമെന്നെങ്കിലും) അവൻ കരുതുന്നുണ്ടു്. ഒന്നും പ്രത്യേകിച്ചു് കരുതിയിട്ടില്ലെന്നു് അവകാശപ്പെടുന്നവരും ഉണ്ടായിരിക്കാം. പക്ഷേ, അവരുടെ കൃതികളും നമ്മുടെ ശ്രദ്ധയിൽപ്പെടുമ്പോഴാണല്ലോ ചർച്ചാവിഷയമായിത്തീരുന്നതു്. ഇതിന്റെയർത്ഥം കലാസ്വാദനത്തിൽ രണ്ടു മനസ്സുകൾ പ്രവർത്തിക്കുന്നുവെന്നാണു്. കലാകാരൻ ചെയ്യുന്നതുകൊണ്ടു മുഴുവനുമാവുന്നില്ല. ആസ്വദിക്കുന്നവന്റെ മാനസിക വർത്തനത്തെയും അവശ്യഘടകമായി കാണണം. അവൻ സ്വയമേ അന്ധനോ, കണ്ണടച്ചു് അന്ധത അഭിനയിക്കുന്നവനോ ആണെങ്കിൽ കലാസൃഷ്ടിയുടെ പരാജയം കലാകാരന്റെമേൽ ചാരരുതല്ലോ. (കലാകാരന്റെ സ്വന്തമായ പരാജയം വേറെയൊരു വിഷയമാണു്.)

കല എന്തിലാണു് വ്യവഹരിക്കുന്നതു്? മനുഷ്യവികാരങ്ങളിൽ. ഒരു വികാരമല്ല, അനേകം വികാരങ്ങൾ. ഭിന്നസാഹചര്യങ്ങളിൽ ഉളവാകുന്ന വിവിധ വികാരങ്ങൾ, അവയുടെ കെട്ടുപിണഞ്ഞ സങ്കീർണ്ണതകൾ, ഇവയാണു് കലയുടെ കച്ചവടച്ചരക്കു്. ഈ വികാരങ്ങൾ അനുവാചകനിൽ ഉണർത്തുകയാണു് കലാകാരന്റെ ചുമതല. അതിനു് ചായങ്ങൾ, ആകൃതികൾ, വാക്കുകൾ, ശബ്ദങ്ങൾ മുതലായ പലതും ഉപയോഗിക്കാം. മേൽപ്പറഞ്ഞ ഘടകങ്ങളുടെ ചില പ്രത്യേക പ്രയോഗങ്ങൾ അനുവാചകന്റെ ഹൃദയത്തിലെ ചില തന്ത്രികളെ ചലിപ്പിക്കുകയും അങ്ങനെ വികാരങ്ങൾ ഉദ്ദീപിക്കപ്പെടുകയുമാണു് ചെയ്യുക. അതിനു് അവിടെയെങ്ങും തന്ത്രികളില്ലെങ്കിലോ, അപ്പോഴാണു കുഴപ്പമുണ്ടാവുന്നതു്. ജനാധിപത്യ മര്യാദപ്രകാരം ചിലർ പറഞ്ഞേക്കും എല്ലാവർക്കും എല്ലാ തന്ത്രികളുമുണ്ടു്, ഇല്ലെന്നു് പറയുന്നവൻ അഹങ്കാരിയും മനുഷ്യ വിദ്വേഷിയുമാണെന്നു്. ഇതിനു് മറുപടി പറയേണ്ട ആവശ്യമില്ല. ഗാന്ധിസൂക്തങ്ങൾ കാട്ടുപോത്തിനു് മനസ്സിലായില്ലെങ്കിൽ അതിൽ ഗാന്ധിജിക്കു് മാനഹാനിയൊന്നുമില്ല. കാട്ടുപോത്തിനുമില്ല, അതു പറഞ്ഞവൻ ഭ്രാന്തനുമല്ല, പരിണാമസിദ്ധാന്തത്തിന്റെ അർത്ഥം അവൻ മനസ്സിലാക്കി എന്നുമാത്രം. ഒരു ജന്തുവർഗ്ഗത്തിലുള്ള സകല ജീവികൾക്കും ചിന്താശക്തിയും, വികാരങ്ങളും ഒരേ ഗുണത്തിലും അളവിലുമുണ്ടായിരിക്കുമെങ്കിൽ പരിണാമമേ സാദ്ധ്യമല്ലാതായിത്തീരും. ഇനി വാദത്തിനുവേണ്ടി ബുദ്ധിശക്തിയും വികാരതീക്ഷ്ണതയുമെല്ലാം സകലർക്കും ഒരുപോലെയാണെന്നു് സമ്മതിക്കേണ്ടിവന്നാലും ലോകപരിചയം എല്ലാവർക്കും സമമാണെന്നു വരികയില്ലല്ലോ. കലാവസ്തുക്കൾ ഉൾക്കൊളളുന്ന വികാരങ്ങളെല്ലാം യഥാർത്ഥ ലോകത്തിൽ അനുഭവിച്ചിട്ടുളളവർക്കു് കലാസ്വാദനത്തിനു കുറെക്കൂടി എളുപ്പമുണ്ടാവും. ഒരു കൊലപാതകം വർണ്ണിക്കുമ്പോൾ ഉണ്ടാവുന്ന വികാരം ഘാതകൻ മാത്രമേ ഉണ്ടാകൂ എന്നല്ല പറഞ്ഞതു്. എന്തെങ്കിലും മാർഗ്ഗത്തിൽ ഒരു കൊലപാതകത്തെ വ്യക്തമായി വിഭാവനചെയ്യുവാൻ കഴിവു കിട്ടിയ ആൾക്കു് മറ്റുള്ളവരെക്കാൾ അതു് രസിക്കാൻ കഴിയും എന്നുമാത്രം. ശാകുന്തളം വായിച്ചാൽ എനിക്കും എന്റെ ചങ്ങാതിക്കും കുട്ടികൃഷ്ണമാരാർക്കും ഉണ്ടാകുന്ന ദർശനം ഒന്നായിക്കൊള്ളണമെന്നില്ല. അതു് കാളിദാസന്റെ ഉത്തരവാദിത്വത്തിൽപ്പെട്ടതല്ല. അനുവാചകരായ ഞങ്ങൾ മൂന്നാളുകളുടെ മാനസികാവസ്ഥ ഭിന്നമായതുകൊണ്ടാണു്. ഞങ്ങൾ മൂവരും ലോകത്തിൽ തന്നെയാണു് താമസം. പക്ഷേ, ഞങ്ങളുടെ വിഭിന്നമായ കാഴ്ചശക്തിയനുസരിച്ചു് ഭിന്നമായിട്ടാണു് ഞങ്ങൾ ലോകകാര്യങ്ങൾ ശ്രഹിച്ചിരിക്കുന്നതു്. എനിക്കു് എന്തോ ചിലതൊക്കെ മനസ്സിലായി, അലങ്കാരപ്രകരണം വായിച്ച എന്റെ ചങ്ങാതിക്കു് മറ്റു ചിലതെല്ലാം മനസ്സിലായി. മാരാരെപ്പോലുള്ള പണ്ഡിതന്മാർക്കു് ഇതിലുമെല്ലാം അധികം കിട്ടി. ശാകുന്തളത്തിലെ യഥാർത്ഥ പ്രമേയം ആദ്യമായി ചൂണ്ടിക്കാണിച്ചതു് ജർമ്മൻ കവിയായ ഗെഥേയായിരുന്നു (ടി വിഷയത്തെപ്പറ്റി ടാഗോറിന്റെ ലേഖനം നോക്കുക). അനേകായിരം ഇന്ത്യക്കാർ ഉരുവിട്ടു പഠിച്ചിട്ടും ശാകുന്തളത്തിന്റെ സൗന്ദര്യം എന്തേ അവഗണിക്കപ്പെട്ടു പോകാൻ കാരണം? എനിക്കു തോന്നുന്നതു് കാവ്യത്തെ ജിവിതത്തോടു തട്ടിച്ചുനോക്കി മനസ്സിലാക്കുന്നതിനുപകരം കലയുടെ വ്യാകരണനിയമങ്ങൾ അനുസരിച്ചുമാത്രം അതിനെ വ്യാഖ്യാനിടുന്ന സമ്പ്രദായം നിലവിലിരുന്നതുകൊണ്ടാണെന്നാണു്. സാധാരണയായി എങ്ങനെയാണു് നാം ഒരു കാവ്യം മനസ്സിലാക്കുന്നതു് വാക്കുകൾ അന്വയിച്ചു് അർത്ഥം പറയുക. അടുത്തതായി അലങ്കാരങ്ങൾ അടർത്തിയെടുത്തു് തരംതിരിക്കുക. ഇത്രയായാൽ പഠനം പൂർത്തിയായി. മനുഷ്യഹൃദയജ്ഞാനം നിഘണ്ടുവിൽ നിന്നു ലഭിക്കാത്തതുകൊണ്ടു് അതുമാത്രം വിട്ടുകളയുന്നു. അങ്ങനെ രാമായണം പഠിച്ചുതീർന്നു, രാമനും സീതയുമായിട്ടുള്ള ബന്ധം മനസ്സിലായില്ലെങ്കിലും! (പല സംസ്കൃതക്കാരോടും സംസാരിക്കുമ്പോൾ തോന്നും സംസ്കൃതം പഠിച്ചവർക്കു് ഒരിക്കലും കലാബോധമുണ്ടാകയില്ലെന്നു്, അതിനു് മാപ്പു്) സഹൃദയൻ എന്ന വാക്കിന്റെ അർത്ഥം തന്നെ നോക്കുക: പണ്ഡിതൻ, രസജ്ഞൻ. കാവ്യം രസിക്കാൻ ഒരു പ്രത്യേകവർഗ്ഗം വേണമത്രേ. വേണമായിരിക്കാം. പക്ഷേ, ആ വർഗ്ഗത്തിൽ ചേരാനുള്ള ബിരുദം പാണ്ഡിത്യമായിരിക്കരുതു്. ഇംഗ്ലീഷിൽ സഹൃദയൻ എന്നതിനു് സമമായി ഒരു പദമില്ലെന്നുകൂടി സ്മരിച്ചു കൊള്ളട്ടെ. ജീവിതത്തെ കണ്ടറിഞ്ഞവരാണു് ഏറ്റവും നല്ല അനുവാചകർ. ഗെഥേ അങ്ങനെയൊരാളായിരുന്നു. മധുരപ്പതിനേഴുകാരികൾ ഏതു പരിതഃസ്ഥിതികളിലാണു് കണ്ണടച്ചു് ഗർഭവതികളായിത്തീരുന്നതെന്നും അതിന്റെ അനന്തരഫലങ്ങൾ എന്നെന്നും ഒക്കെ അദ്ദേഹം വ്യക്തമായി ധരിച്ചിരുന്നു. അതുകൊണ്ടു് ശാകുന്തളം വായിച്ചപ്പോൾ അദ്ദേഹം അവിടെ പരിചിതമുഖങ്ങളും അനുഭവങ്ങളും കണ്ടു. അങ്ങനെ ആദ്യമായി കാളിദാസനു യോജിച്ച അനുവാചകനെ ലഭിച്ചു. പലയിടങ്ങളിലും ഊമബധിരന്മാർ ലോകത്തിൽ ജീവിച്ചു് സംഗീതം മനസ്സിലാവുന്നില്ല എന്നു് പരാതി പറയുകയാണു്. ഇവരുടെ പരാതിയനുസരിച്ചു് കല മാറ്റിത്തീർക്കാൻ സാധ്യമല്ല. അവരുടെ ശ്രവണേന്ദ്രിയം ശരിപ്പെടുത്തുകയാണു വേണ്ടതു്. ഉത്തമകലാസൃഷ്ടികളിൽ എപ്പോഴും എന്തെങ്കിലും പുതിയതായി ഉണ്ടായിരിക്കാം. അറിഞ്ഞുകൂടാത്തതു് മനസ്സിലാക്കേണ്ട എന്നു ശഠിച്ചാൽപിന്നെ വിദ്യാഭ്യാസത്തിനാവശ്യമില്ലല്ലോ. എളുപ്പത്തിൽ മനസ്സിലാകുന്നില്ലെന്നാണു് പരാതിയെങ്കിൽ, അതിനു് അദ്ധ്യാപകന്മാരെയും വിമർശകന്മാരെയും സമീപിക്കുക എന്നാണു് മറുപടി.

സ്വന്തം കാര്യം പറയാമല്ലോ. ആദ്യമായി ഒഥല്ലോനാടകം വായിച്ചപ്പോൾ അതു വളരെ മോശമായ ഒരു നാടകമാണെന്നു തോന്നി. ഒഥല്ലോയുടെ കാരണമില്ലാത്ത സംശയവും അയാഗോയുടെ അവിശ്വസനീയമായ ദുഷ്ടതയുമെല്ലാം അതിരുകടന്ന റൊമാന്റിസിസമായിട്ടാണു് അനുഭവപ്പെട്ടതു്. ഷേക്സ്പിയറുടെ നാമധേയത്തിനുപോലും ഈ ചിന്താഗതിക്കു് കുലുക്കമുണ്ടാക്കാൻ കഴിഞ്ഞില്ല (ഞങ്ങൾക്കു് അങ്ങനെയൊന്നും പറ്റിയില്ല എന്നാരും അഭിമാനിക്കണ്ട. പറ്റിയില്ലെങ്കിൽ അതു് ജ്ഞാനംകൊണ്ടു മാത്രമായിരിക്കണമെന്നില്ല, എന്തു യക്ഷിക്കഥയും വിശ്വസിക്കാനുള്ള ഭോഷത്തംകൊണ്ടുമാവാം). പക്ഷേ, പിന്നീടു് അയാഗോമാരെയും അവരുടെ ചൂണ്ടയിൽ തുങ്ങി സ്വന്തം നാശം വിളിച്ചുവരുത്തുന്ന ഒഥല്ലോമാരെയും കാണാനിടവന്നു. നാടകം ശരിക്കു് മനസ്സിലാവുകയും ചെയ്തു. ആ നാടകം മനസ്സിലാകാതിരുന്ന കാലത്തു് ലേഖനമെഴുതിയിരുന്നെങ്കിൽ, സാധാരണജനങ്ങൾക്കു മനസ്സിലാവുന്നതും രുചിക്കുന്നതും മാത്രമേ കലയാവൂ എന്നു ഞാൻ എഴുതുമായിരുന്നിരിക്കാം. സാധാരണക്കാരന്റെ നിലവാരം എന്നു പറഞ്ഞാൽ പറയുന്നവന്റെ സ്വന്തം നിലവാരം എന്നാണല്ലോ അർത്ഥം.

സംസ്കൃതത്തിൽ മാത്രമല്ല ഇക്കുഴപ്പം സംഭവിച്ചതു്. ഗ്രീക്ക് നാടകങ്ങളുടെ കാര്യത്തിൽ വളരെ ബുദ്ധിഹീനമായ ചിലതൊക്കെ സംഭവിച്ചു. സ്വന്തം ആശയങ്ങൾ കാവ്യത്തിൽ കണ്ടുപിടിക്കാനുള്ളവാസന സാധാരണമാണു്. അതിനുവേണ്ടി കാവ്യത്തെ വലിച്ചുലയ്ക്കുന്നതും കാണാം. ഇംഗ്ലണ്ടിലെ മതഭരിതമായ വിദ്യാഭ്യാസസമ്പ്രദായം ഗ്രീക്ക് സാഹിത്യകൃതികൾക്കെല്ലാം ക്രൈസ്തവാദർശങ്ങൾ കുത്തിത്തിരുകി. ഈഡിപ്പസ് എന്ന നാടകത്തിൽ “വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ” എന്നു കവി ചോദിച്ചു്, “ഒരിക്കലുമില്ല” എന്നുറപ്പിച്ചുത്തരം പറയുകയാണു്. എങ്കിലും, ആ നാടകത്തിന്റെ വ്യാഖ്യാതാക്കൾ, സ്വഭാവദൂഷ്യത്തിനു ലഭിക്കുന്ന ശിക്ഷയായി അതിന്റെ ദുരന്തത്തെ വ്യാഖ്യാനംചെയ്തിട്ടുണ്ടു്. ക്രിസ്തുജനിക്കുന്നതിനു നാനൂറുവർഷംമുമ്പു് കാവ്യം രചിച്ചതും ക്രിസ്തുമതത്തെ നീതീകരിക്കാനാണെന്നു് വിവക്ഷ. ഇത്തരം പണ്ഡിതന്മാരുടെയും ഒന്നും പഠിക്കാതെ കാവ്യം മനസ്സിലാകണമെന്നു് ശഠിക്കുന്നവരുടെയുമിടയിൽ കലാകാരനെന്തുചെയ്യും?

സ്വന്തം ആശയങ്ങൾ കവിയുടെമേൽ വച്ചുകെട്ടുകയെന്നതു് മൃതഭാഷകൾക്കു മാത്രം വന്നുകൂടിയ ഒരു ബാധയല്ല. മാത്യു ആർനോൾഡിന്റെ “പരിത്യക്തനായ ജനമനുഷ്യൻ” എന്ന കവിത, മുലയൂട്ടുന്ന പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു് സ്വർഗ്ഗം നോക്കിപോകുന്ന ഒരു മനുഷ്യസ്ത്രീയുടെ കഥയാണു്. ആ കവിത ദുർവ്യാഖ്യാനം ചെയ്യാൻ വിഷമമാണു്. എങ്കിലും, വളരെ കഷ്ടപ്പെട്ടു് അതിനു് ഒരു അർത്ഥം കണ്ടുപിടിച്ചിട്ടുണ്ടു്. കുഞ്ഞിനെ ഉപേക്ഷിച്ചും ആത്മാവിനെ രക്ഷിക്കേണ്ടതാണെന്നു്. ആത്മാവില്ലാത്ത മൃഗത്തിനുപോലും തോന്നുന്ന ശിശുസ്നേഹം ആ മനുഷ്യസ്ത്രീയ്ക്കു് കവി കൊടുത്തിട്ടില്ല. എങ്കിലും വ്യാഖ്യാനം വന്നപ്പോൾ അവർ പുണ്യവതികളായി. ഇത്തരം വ്യാഖ്യാനങ്ങളുണ്ടാവുന്നതു് മനുഷ്യവികാരങ്ങളിൽ നിന്നു് കലയെ അകറ്റിനിറുത്തി വിശദീകരിക്കുന്നതുകൊണ്ടാണു്.

നിർഭാഗ്യകരമായ ഈ അവസ്ഥ ഇന്നു പ്രത്യേകിച്ചും അപകടകരമാണു്. ഇതു് ജനാധിപത്യയുഗമാണെന്നാണല്ലോ വെയ്പു്. കൂടുതലാളുകൾ സാഹിത്യം നിർമ്മിക്കുന്നു. കൂടുതലാളുകൾ വായിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ താഴ്‌ന്നതരം കലാസൃഷ്ടികൾക്കുവേണ്ടിയുള്ള മുറവിളി സാഹിത്യത്തെ സാരമായി അധഃപതിപ്പിക്കും. രാഷ്ട്രീയനേതാക്കന്മാർ അങ്ങനെ ആവശ്യപ്പെടുന്നതു് മനസ്സിലാക്കാം. ജനങ്ങളുടെ സകല ബലഹീനതകളെയും താലോലിക്കേണ്ടതു് അവരുടെ ചുമതലയാണു്. ജനങ്ങളെ ‘പൊക്കാൻ’ നടക്കുന്ന ചില സാഹിത്യകാരന്മാർ അങ്ങനെ പറയുമ്പോഴാണു് അതു് അസംബന്ധമാകുന്നതു്. നമുക്കു് ദഹനക്കേടുണ്ടായാൽ, നാട്ടിലെ ഭക്ഷണസാധനങ്ങൾ എല്ലാം വർജ്ജിച്ചു് പൊടിയരിക്കഞ്ഞിമാത്രം സ്വീകരിക്കണം എന്നു പറയരുതു്. ശരിയായ മാർഗ്ഗം ദഹനക്കേടിനു് ചികിത്സിക്കുകയാണു്. അതുമാത്രമാണു് നീണ്ടുനിൽക്കുന്ന പദ്ധതി. പാണ്ഡിത്യം എല്ലാവർക്കും ലഭിക്കാൻ എളുപ്പമല്ല. കൂർമ്മബുദ്ധി എല്ലാവർക്കും ഉണ്ടായിയെന്നു വരുകയില്ല. പക്ഷേ, എല്ലാവർക്കും ലോകത്തെ നോക്കിക്കാണാമല്ലോ. നമ്മുടെ ചുറ്റുമുള്ള ആളുകൾ എങ്ങനെ ജീവിക്കുന്നു, എന്തു ചിന്തിക്കുന്നു എന്നു് അറിയാൻ കഴിയും. മറ്റുള്ളവരുടെ പുസ്തകങ്ങളിൽനിന്നോ, രാഷ്ട്രീയപരിപാടികളിൽനിന്നോ അല്ല, നേരിട്ടുതന്നെ. അതു് അനുഭാവത്തോടു കൂടിയായിരിക്കണം. അങ്ങനെ ലോകത്തെക്കണ്ടാൽ മിക്ക സാഹിത്യകൃതികളും മനസ്സിലാകും. ഇതു കവി മാത്രമല്ല ധരിക്കേണ്ടതു്. അനുവാചകനും അതു് അറിഞ്ഞിരിക്കട്ടെ.

ഗ്രന്ഥാലോകം ആഗസ്റ്റ് 1952.

സി. ജെ. തോമസിന്റെ ലഘു ജീവചരിത്രക്കുറിപ്പു്.

Colophon

Title: Jeevithathe Nokkikandu (ml: ജീവിതത്തെ നോക്കിക്കണ്ടു്).

Author(s): C. J. Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-23.

Deafult language: ml, Malayalam.

Keywords: Article, C. J. Thomas, Jeevithathe Nokkikandu, സി. ജെ. തോമസ്, ജീവിതത്തെ നോക്കിക്കണ്ടു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The painter in his Studio, a painting by Adriaen van Ostade (1610–1685). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.