ഒന്നിലധികം ആളുകൾ ചേർന്നു് കപ്പക്കൃഷി നടത്താറുണ്ടു്. ചിലപ്പോൾ കള്ളനോട്ടടിക്കുകയും. പക്ഷേ, ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി കഥയെഴുതുകയെന്നുള്ളതു് തികച്ചും അസാധാരണമാണു്. അങ്ങനെയുണ്ടാകുന്ന കലാവസ്തു വിശ്വാമിത്രസൃഷ്ടിയായിരിക്കുന്നതും അത്ഭുതത്തിന്നവകാശമില്ല. ‘നല്ല തങ്ക’യെന്ന കലാവൈകൃതത്തെ പടച്ചുവിട്ട കെ. & കെ. പ്രൊഡക്ഷൻസ് സാഹിത്യരംഗത്തിലേക്കു പ്രവേശിച്ചതിന്റെ പ്രഥമസന്താനമാണു് “ജീവിതനൗക”യുടെ കഥയെന്നു് അവർ അഭിമാനിക്കുന്നു. കഥയിലെ വൈകല്യങ്ങളെപ്പറ്റി ഇനി എടുത്തെടുത്തു പറയുന്നതു് അസംഗതമാണെങ്കിലും ‘ജീവിതനൗക’ ഒരു കലാസൃഷ്ടിയാണെന്ന ദുഷ്പ്രചരണം ശക്തിമത്തായിരിക്കുന്നതുകൊണ്ടു് ചിലതെല്ലാം ചൂണ്ടിക്കാണിക്കുന്നുവെന്നുമാത്രം. ഈ കമ്പനിയിൽനിന്നു് കൽപാന്തകാലത്തോളം ഒരു നല്ല ചിത്രം പ്രതീക്ഷിക്കേണ്ടതില്ലെന്നു് തെളിഞ്ഞു കഴിഞ്ഞു. ഒരു നല്ല സിനിമാകഥയെപ്പറ്റി ചില അടിസ്ഥാനതത്ത്വങ്ങളെങ്കിലും മറ്റു് ഉൽപാദകർ മനസ്സിലാക്കുമെന്നു് വിശ്വസിച്ചാണു് ഇത്രയും എഴുതുന്നതു്. ഏതു സിനിമാകഥയുടേയും ഗുണം സ്ഥിതി ചെയ്യുന്നതു്, അതിന്റെ സ്വാഭാവികതയിലാണു്. ജീവിതനൗകയിലെ കഥയാണെങ്കിൽ പണഭ്രാന്തുകൊണ്ടു് മത്തുപിടിച്ച ഒരു വിദ്യാവിഹീനന്റെ ബുദ്ധിശൂന്യമായ മസ്തിഷ്കത്തിൽമാത്രം സംഭവിക്കുന്നതാണു്.

ഈ ചിത്രം നല്ലതെന്നു് വിശ്വസിക്കുന്നവരോടു് വിനയപൂർവ്വം ഒന്നുരണ്ടു ചോദ്യങ്ങൾ ചോദിച്ചുകൊള്ളട്ടെ. ഈ ചിത്രത്തിലെ ജന്മിയെ ഏതുരാജ്യത്തുനിന്നു് ഇറക്കുമതിചെയ്തതാണു്? പത്തുപന്ത്രണ്ടു വർഷക്കാലത്തിനിടയിൽ അറുപതുവയസ്സായി പല്ലുംകൊഴിഞ്ഞു് ഒരു സത്വത്തിനു് രൂപഭേദം ഭവിക്കുന്നില്ലെന്നതു പോകട്ടെ. അതു് ചലച്ചിത്രോല്പാദനത്തിന്റെ ബാലപാഠമെങ്കിലും അറിവില്ലാത്തവരിൽനിന്നു് പ്രതീക്ഷിക്കേണ്ടതല്ല. പക്ഷേ, അയാളേതു ജാതിയാണു്? കേരളത്തിലുള്ള എന്തിനോടെങ്കിലും അയാൾക്കു് വിദൂരമായ സാദൃശ്യമെങ്കിലുമുണ്ടോ? അയാൾ ജീവിച്ച കാലമേതു്? സൂരിനമ്പൂതിരിപ്പാടിനെപ്പോലെ സംബന്ധത്തിനിറങ്ങിത്തിരിക്കുന്ന ഒരു ജന്മിയാണെന്നു് സങ്കല്പിക്കാം. ഒരു അമ്പതുകൊല്ലംമുമ്പു് അയാൾ ജീവിച്ചിരുന്നുവെന്നും സമ്മതിച്ചുകൊടുക്കുക. എന്നാൽതന്നെ ജുബ്ബായുമിട്ടു തലമുടി പറ്റെവെട്ടിയ ഒരു മാനേജരേയും ആ മാനേജർക്കു് ഒരു ഫിലിം സ്റ്റുഡിയോപോലത്തെ ഓഫീസും എങ്ങനെ ഉണ്ടാകാനാണു്? ഇതൊന്നും പോരെങ്കിൽ അയാളുടെ ഭാര്യ ധരിച്ചിരിക്കുന്ന വസ്ത്രം സാരിയും! പോരെങ്കിൽ മാനേജർക്കു ബുഷ്ഷർട്ടും വേണ്ടതിലധികമുണ്ടു്. ഇടയ്ക്കൊന്നു പറയട്ടെ. ശ്രീ. സെബാസ്റ്റ്യന്റെ കലാപരിശ്രമങ്ങളിൽ സ്തുത്യർഹമായ ഒരു വിജയമാണു് ആ മാനേജരുടെ ചിത്രീകരണം. ഓവറാക്ട് ചെയ്യാതിരിക്കുക എന്ന ഒരൊറ്റതത്ത്വം മൂലമാണു് അദ്ദേഹത്തിനു് വിജയം സിദ്ധിച്ചതും. പക്ഷേ, കഥയുടെ വൈകല്യം അദ്ദേഹത്തിന്റെ ജോലി അതിദുഷ്കരമാക്കിത്തീർത്തു. ഒരു പുഴുവിനെപ്പോലത്തെ ഭർത്താവുപോലും ഭാര്യയെ ചുട്ടുകരിക്കുന്ന സന്ദർഭങ്ങൾ ഡസൻകണക്കിനു് കൊണ്ടുവന്നുകഴിഞ്ഞിട്ടും ആ മനുഷ്യനെ അനങ്ങാൻ സമ്മതിക്കാത്ത കഥയിൽ ഒരു നടൻ എന്തുചെയും? അതിനെന്താണു് കുറ്റമെന്നു് ചോദിക്കുന്നവർ ഉണ്ടായേക്കാം. വിഷമം ഇത്രയേയുള്ളൂ. ജന്മി ഒരു സിംബലാണെങ്കിൽ മാനേജർ ഒരു കാരിക്കേച്ചറുമാണു്. ഇതു രണ്ടും ഒരു സിനിമക്കഥയ്ക്കു് ചേർന്നതല്ല. കാരണം ഒരൗൺസ് തലച്ചോറെങ്കിലുമുള്ള കാഴ്ചക്കാരൻ അവരുടെ അസ്തിത്വത്തിന്റെ യാഥാർത്ഥ്യത്തിൽ വിശ്വസിക്കാൻ വയ്യ എന്നതുതന്നെ. ഇക്കാര്യത്തിൽ ചിത്രത്തിന്റെ ഉൽപാദകൻ എന്നോടു് തികച്ചും യോജിക്കുമെന്നു് എനിക്കറിയാം. പിന്നെ എന്തിനാണു് അദ്ദേഹം ഇങ്ങനെ പടച്ചുവിട്ടതെന്നല്ലേ? കാരണമുണ്ടു്. ബഹുജനങ്ങളുടെ ബുദ്ധിയിൽ അദ്ദേഹത്തിനു് വിശ്വാസമില്ല. (ജീവിതനൗകയെപ്പറ്റി പൊതുവേയുള്ള അഭിപ്രായം കേട്ടതിനുശേഷം ഇക്കാര്യത്തിൽ ഞാനും അദ്ദേഹത്തോടു യോജിക്കുന്നുണ്ടു്.) ഇങ്ങനെ അർദ്ധമനുഷ്യരും അർദ്ധമൃഗങ്ങളുമായ ടിക്കറ്റുകാർക്കുവേണ്ടി നിർമ്മിക്കുന്ന ഒരു കലാസൃഷ്ടിയും എല്ലാകാര്യങ്ങളും അതിമാത്രയിലും അതിശയോക്തിയിലും കൊടുത്താൽ മാത്രമേ ഫലിക്കൂ എന്ന കച്ചവടബുദ്ധിയാണു് അദ്ദേഹത്തെക്കൊണ്ടിതു ചെയ്യിച്ചതു്. അതുകൊണ്ടുതന്നെയാണു് ഒരു ചരിത്രകാലഘട്ടം മുഴുവനും സോമൻ ഉദ്യോഗമില്ലാതെ നടത്തിച്ചതും അത്രയും കാലം മുഴുവനും സോമന്റെ ഭാര്യയെ ഒരിക്കലും വിശ്വസിക്കാൻ നിവൃത്തിയില്ലാത്ത രീതിയിൽ പീഡിപ്പിച്ചതും. കള്ളക്കേസുണ്ടാക്കാൻ ഇത്ര എളുപ്പമാണെങ്കിൽ ഫിലിം നിർമ്മാണത്തെക്കാൾ എത്രയോ ആദായകരമായ ഏർപ്പാടാണതെന്നു തോന്നിപ്പോകുന്നു.

സോമനു ജോലി കിട്ടിയ സമ്പ്രദായമോർക്കുമ്പോൾ ഈ രാജ്യത്തെ ഇനി ആയിരക്കണക്കിനു് കാറപകടമുണ്ടായേക്കുമെന്നു് പേടി തോന്നുന്നു. കാറുമുട്ടിയാൽ സ്വയമേവ ചിത്രകല വശമാകുമെന്നും കെ. & കെ. പ്രൊഡക്ഷന്റെ കണ്ടുപിടുത്തമാണു്. പക്ഷേ, സോമനോളം ഭാര്യയെ കണ്ണടച്ചുസ്നേഹിക്കുന്ന ഒരുവൻ വളരെ സുഖമായി ജീവിക്കുമ്പോൾ ഭാര്യയെ ഒന്നുകാണാൻ പരിശ്രമിക്കാത്തതു് അതിലും വലിയ ‘മനഃശാസ്ത്രം’ ആണു്. ഫിലിം ഡയറക്ടറുടെ പ്രത്യേക ആവശ്യവും ഉത്തരവുമനുസരിച്ചില്ലെങ്കിൽ സോമൻ നിശ്ചയമായും ഭാര്യയെ കൂട്ടിക്കൊണ്ടു വരുമായിരുന്നു. വീടുകത്തിക്കുവാനും സത്രത്തിൽ പോയി കിടക്കാനും തീവണ്ടിയുടെ പുറകെ ഓടാനും സൗകര്യം കിട്ടുകയില്ലല്ലോ. എത്രയൊക്കെയായാലും സോമന്റെ മണിയാർഡർ ഫാറം യാതൊരു പോസ്റ്റോഫീസിലും സ്വീകരിക്കുകയില്ലെന്നു് മനസ്സിലാകാത്തതു് കഷ്ടമാണു്. ഒരു മണിയാർഡർ ഫാറമെങ്കിലും എഴുതാൻ അറിയാവുന്നവരെ ഇനി ഫിലിം നിർമ്മിക്കാവൂ എന്നൊരു നിയമമുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
ചലച്ചിത്രത്തിൽ നിസ്സഹായരായി തെരുവിലേയ്ക്കിറങ്ങുന്ന നായികമാർ എല്ലാവരും സർക്കസുകമ്പനിയിലോ നാടകത്തിലോ ചേർന്നു കൊള്ളണമെന്നു് ഒരു നിയമമുണ്ടു്. പക്ഷേ, അതിനുമുമ്പ് കുറേ യാചകരുടെ കൺട്രാക്ട് എടുത്തുകൊണ്ടു് സ്വന്തം വയർ രക്ഷിച്ചുകൊള്ളണമെന്നതു് ജീവിതനൗകയുടെ പ്രത്യേകസംഭാവനയാണു്. സ്ഥലത്തെ പ്രധാനപ്പെട്ട ആറു റൗഡികളെ ആ പാവപ്പെട്ട കണിയാട്ടി പുരപ്പുറത്തുകയറി ദ്വന്ദയുദ്ധം നടത്തി അടിച്ചോടിക്കാനിടവന്നതു് ഫിലിം സ്റ്റണ്ടു പടമാക്കാൻ ഇടയ്ക്കാലോചനയുണ്ടായതുകൊണ്ടായിരിക്കാം. എസ്. പി. പിള്ള യുടെ വെള്ളത്തിൽചാട്ടവും കള്ളൻപാർട്ടും ഈ അഭ്യൂഹത്തെ ബലപ്പെടുത്തുന്നുണ്ടു്. എൻ. പി. ചെല്ലപ്പൻനായരുടെ ഭാഗമഭിനയിച്ച മുതുകുളം വേണ്ടത്ര വികൃതമായിട്ടുണ്ടു്. ഈ ബാധ ഇനിയും സിനിമക്കഥകളിൽനിന്നു് ഒഴിയുന്നില്ലല്ലോ എന്നൊരു ഖേദമേയുള്ളു. ഉണക്കച്ചെമ്മീൻപോലെ ഇരിക്കുന്ന ആ വസ്തു എസ്. പി. പിള്ളയെപ്പോലെയുള്ള ഒരു തടിയനെ ചുമ്മാ അങ്ങു കൊന്നതു് ഈ കഥയുടെ ‘സ്വാഭാവികത’യ്ക്കു് ചേർന്നതാണു്. സ്വപ്നത്തിലെങ്കിലും ഒരു ദേവന്റെ ‘പ്രത്യക്ഷം’ ഉണ്ടായതു് നന്നായി. വർഗ്ഗീയപ്രാതിനിധ്യം നിറവേറിയല്ലോ (പാകിസ്ഥാൻ പിരിഞ്ഞുപോയതുകൊണ്ടു് ഇസ്ലാമിന്റെ എന്തെങ്കിലും കാണിക്കണമെന്നില്ലല്ലോ?).

ഇത്രയധികം അസ്വാഭാവികവും അസംഭവ്യവും വികൃതവുമായ ഒരു കഥയ്ക്കു് എന്തുകൊണ്ടാണു് പ്രചരണം സിദ്ധിക്കുന്നതെന്ന പ്രശ്നം അവശേഷിക്കുന്നുണ്ടു്. പറയാം. നല്ലതങ്കയിലെപ്പോലെ ഒരു യഥാർത്ഥപ്രശ്നം കഥയുടെ അടിയൊഴുക്കായി കിടക്കുന്നുണ്ടെന്നുള്ളതാണതു്. ഒരു ചിത്രത്തിൽ അമ്മായിയമ്മപ്പോരുകൊണ്ടു് പ്രചാരമുണ്ടാക്കിയെങ്കിൽ രണ്ടാമത്തേതിൽ, നാത്തൂൻപോരിന്റെ ഒരു വകഭേദംകൊണ്ടാണു് മുതലെടുക്കുന്നതു്. ഭിന്നനിലകളിലുള്ള കാമുകർ തമ്മിലുള്ള പ്രേമവും ഒരു ആകർഷണോപാധിയാണു്. ഇതുകൊണ്ടു് തെളിയുന്നതു് ഈ ചിത്രം നല്ലതാണെന്നല്ല, പ്രത്യുത ജീവനുള്ള മനുഷ്യരുടെ യഥാർത്ഥ പ്രശ്നങ്ങൾ സ്വാഭാവികമായി ചിത്രീകരിക്കുന്ന സിനിമകൾക്കു് പ്രചാരം ലഭിക്കുമെന്നതാണു്. അതു് വികൃതമാക്കാതെ ചെയ്താൽ കൂടുതൽ പണംകിട്ടുമെന്നുള്ളതു് ഒരു മൗഢ്യവുമാണു്.
നിരർത്ഥകങ്ങളായ അന്തർനാടകങ്ങളെപ്പറ്റിയും ഫലിതത്തിന്റെ പേരിൽ കാട്ടികൂട്ടിയിരിക്കുന്ന ഗോഷ്ഠികളെപ്പറ്റിയും ഇവിടെ ഒന്നുംപറഞ്ഞിട്ടില്ല. ചങ്ങമ്പുഴയുടെ വാഴക്കുല മോഷ്ടിക്കാതിരിക്കുകയായിരുന്നു നല്ലതു്. മഗ്ദലനമറിയത്തിനെ മുഗ്ദ്ധയായിക്കാണുന്ന വള്ളത്തോളിന്റെ വരികൾ ജീവിതനൗകയ്ക്കു് ചേർന്നതാണു്. എങ്കിലും, ഒരു കല്ലാശാരിയുടെ പ്രതീതികൊടുത്തു് ക്രിസ്തുവിനെ അപമാനിക്കാതിരിക്കാമായിരുന്നു. യോഹന്നാന്റെ വേഷവും കെട്ടി പനിപിടിച്ച ഒരു സ്ത്രീയെ രംഗത്തയക്കുന്നതും കലാപരമായ ഒരു വിജയമല്ല. വിരുത്തം പാടാനുള്ള അവസരത്തിനുവേണ്ടിയാണോ, ചുടലക്കളത്തിനോടുള്ള പ്രേമം കൊണ്ടാണോ, ഹരിശ്ചന്ദ്രചരിത്രം വലിച്ചുകൊണ്ടുവന്നതെന്നു് തീർച്ചയില്ല. ഏതായാലും അന്തർനാടകങ്ങളെല്ലാം കൂടിവരുമ്പോൾ കഥ ചേർത്തലക്കാരന്റെ കാലു പോലെയായിത്തീരുന്നുണ്ടു്. മാത്തപ്പനും എസ്. പി. പിള്ളയും മുഖം ഇന്ത്യാറബർപോലെ ചുളുക്കിക്കൂട്ടിയാൽ ഫലിതമാകുമെന്നാണിപ്പോഴും ധരിച്ചിരിക്കുന്നതു്.

ചലച്ചിത്രനിർമ്മാണത്തിന്റെ സാങ്കേതികവശങ്ങൾ യാതൊന്നും തന്നെ നിശ്ചയമില്ലാത്തവർക്കു മനസ്സിലാക്കാൻ സാധിക്കും. ചട്ടുകം പഴുപ്പിച്ചു് കരണത്തുവെച്ചാൽ അരനിമിഷത്തിനകം വേദന മാറുകയില്ലെന്നു്; ഓടിപ്പോകുന്നതിനിടയിൽ സാരി മാറാൻ കഴിയുകയില്ലെന്നും. സ്നാപകയോഹന്നാനു് കൊഞ്ഞവന്നതു് റെക്കാർഡിംഗ് യന്ത്രത്തിന്റെ കുറവുമല്ല, നായികയുടെ ജലദോഷം കൊണ്ടുമല്ല. അനുകരണവും ഹാസ്യാനുകരണവും രണ്ടാണു്; രണ്ടും വിരുദ്ധവുമാണു്. ഇതിലെ പാട്ടുകൾ ചില ഹിന്ദിപ്പാട്ടുകളോടു് ഉള്ള വിരോധം തീർക്കാനുണ്ടാക്കിയവയാണെന്നു് തോന്നുന്നു. തിക്കുറിശ്ശിയുടെ കവിതാപാരായണവും പ്രത്യേകമായ പ്രശംസയെ അർഹിക്കുന്നുണ്ടു്. മുൾച്ചെടികൾക്കിടയിൽ കൂടിയുള്ള കിളിത്തട്ടുകളി കാമുകീകാമുകന്മാർക്കു് അവശ്യം വേണ്ടതായ ഒരു രോഗമാണു്. പക്ഷേ, ഒരു കണിയാട്ടി അതു ചെയ്യുന്നതുമാത്രമേ അഭിപ്രായഭിന്നതയ്ക്കവകാശമുള്ളു. ആ കിളിത്തട്ടുകളിയുടെ ഇടയ്ക്കായിരിക്കണം നായികാനായകന്മാർ വർക്കലത്തുരപ്പിൽനിന്നു് വീണുവെന്നു് പത്രങ്ങളിൽ പരസ്യംകണ്ടതു്. കെ. & കെ. പ്രൊഡക്ഷൻസിനു് പണ്ടുതന്നെയുള്ള ഒരു നിർബ്ബന്ധമാണു് കഥാവസാനത്തിനു് പോയിറ്റിക് ജസ്റ്റിസ് വേണമെന്നു്. അതനുസരിച്ചാണു് അരിവയ്പുകാരി കൊച്ചമ്മയുടെ ചെകിട്ടത്തു് ചട്ടുകം പഴുപ്പിച്ചുവെയ്ക്കുന്നതു്. പക്ഷേ, കൊച്ചമ്മയെ വാണത്തിൽ കയറ്റേണ്ട സന്ദർഭം വന്നപ്പോൾ അവിടെ ഒരു മാനസാന്തരം വരുത്തിക്കൂട്ടി. അല്ലെങ്കിൽ ചിത്രത്തിനു് നല്ലതങ്കയുമായുള്ള സാമ്യം ആരെങ്കിലും അറിഞ്ഞുപോയെങ്കിലോ? ഒരുകാലത്തും നന്നാവുകയില്ലാത്ത ഇത്തരം വില്ലന്മാരും വില്ലിനികളും യഥാർത്ഥജീവിതത്തിൽ ഇല്ലെങ്കിൽ തന്നെയെന്താ? സിനിമായിലുണ്ടായാൽ മതിയല്ലോ. ഒരുകാര്യം എടുത്തുപറയേണ്ടതായിട്ടുണ്ടു്. ഈ ചിത്രത്തിൽ ഒറ്റയടിപോലും ഒറിജിനലായിട്ടില്ലാത്തതുകൊണ്ടു് ഇതിൽ പറയുന്ന കുറവുകൾ യഥാർത്ഥത്തിൽ ഈ ചിത്രത്തിന്റെ കുറവുകളല്ല. ഹിന്ദിയിലെയും തമിഴിലെയും പത്താംതരം ചിത്രങ്ങളുടെ കുറവുകളാണു്. ഇപ്പോൾത്തന്നെ ഈ ചിത്രം ഒരു സാമ്പത്തിക വിജയമായിക്കഴിഞ്ഞിരിക്കുന്നതുകൊണ്ടു് ജീവിതനൗകയുടെ ഭക്തന്മാർ ഈ വിമർശനത്തെ പൊറുക്കുമെന്നു് വിശ്വസിക്കുന്നു. എന്നുതന്നെയല്ല, മേലാൽ ഇത്തരം വൈകൃതങ്ങളെക്കൊണ്ടു് മനുഷ്യരെ ദ്രോഹിക്കാതിരിക്കാൻ മാത്രം സാമ്പത്തികവിജയം ഈ ചിത്രത്തെ അനുഗ്രഹിക്കണേ എന്നു് ഉള്ളഴിഞ്ഞു പ്രാർത്ഥിച്ചുകൊള്ളുന്നു.
ഡെമോക്രാറ്റ്, 7 ഏപ്രിൽ 1951.