പ്രസിദ്ധനായ ഒരു കഥാകൃത്തു് എന്നോടൊരിക്കൽ ഉദ്വേഗത്തോടെ ചോദിച്ചു. കാരുരി ന്റെ കഥകളിലെന്താണു് വിശേഷിച്ചുള്ളതെന്നു്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കാരൂരിന്റെ കഥകളിൽ തറഞ്ഞുകേറുന്ന കാര്യങ്ങളൊന്നും തന്നെയില്ല. കുറെ വാദ്ധ്യാർകഥകൾ എഴുതി കൂട്ടിയിട്ടുണ്ടെന്നുമാത്രം. അതുവരെ കാരൂരിന്റെ കലയെപ്പറ്റി ഗാഢമായി ആലോചിക്കേണ്ട ഒരാവശ്യം തോന്നിയിരുന്നില്ല. വായിക്കും, രസിക്കും അത്രതന്നെ. പക്ഷേ, എനിക്കിഷ്ടമുള്ള ഒരു സാഹിത്യകാരനിൽനിന്നു് ഈ അഭിപ്രായം കേട്ടപ്പോൾ ഒരു പുനഃരാലോചന ആവശ്യമുണ്ടെന്നു തോന്നി. ഉള്ളടക്കത്തെ പരിശോധിക്കുന്നതിനു മുമ്പുതന്നെ പൊതുജനാഭിപ്രായം കൂടി അറിയാമെന്നു തീരുമാനിച്ചു്, കാരുരിന്റെ കഥയുടെ വില്പനയെപ്പറ്റി ചില പ്രസാധകന്മാരോടു് ചോദിച്ചു. ഫലം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. കാരൂർ ഒരു “ബെസ്റ്റ് സെല്ലർ” അല്ല. ആ പദവിയിൽ നിന്നു് വളരെ അകലെയാണു് അദ്ദേഹം നിലയുറപ്പിച്ചിരിക്കുന്നതു്. എങ്കിലും എനിക്കു് ഭൂരിപക്ഷത്താടു് യോജിക്കാൻ കഴിവില്ലാതെ വന്നു. ഇതോടുകൂടി പ്രശ്നം കാരൂരിന്റെ കലയുടെ പ്രശ്നത്തിൽനിന്നു് കുറേക്കൂടി വ്യാപ്തിയുള്ള ഒന്നായിമാറി. അതായതു്, കലാസ്വാദനവും ഇന്നത്തെ സമുദായഘടനയും. അങ്ങിനെയിരിക്കുമ്പോഴാണു് “അസ്ട്രോളജർ” എന്റെ കൈയിൽ കിട്ടിയതു്; സംശയാവസ്ഥയിലിരുന്ന പല അനുമാനങ്ങളും ഇപ്പുസ്തകം വായിച്ചതോടുകൂടി സ്ഥിരീകരിക്കപ്പെട്ടു. അവയെന്താണെന്നു പറയുന്നതിനു പുസ്തകത്തിന്റെ ഉള്ളടക്കമൊന്നു പരിശോധിക്കുന്നതു് സഹായകമായിരിക്കും.
അതൊരു കഥാസമാഹാരമാണു്. അതിനു കൊടുത്തിരിക്കുന്ന പേരുതന്നെയാണു് ഏറ്റവും നല്ല വഴികാട്ടി. പേരുകൊണ്ടു് ഒരു പുസ്തകത്തിന്റെ വില്പന തടയാമെങ്കിൽ അതിനു് ഏറ്റവുമധികം കഴിവുള്ള ഒന്നാണു് “അസ്ട്രോളജർ.” ഇംഗ്ലീഷറിയാൻ പാടില്ലാത്ത ഈ വാദ്ധ്യാർ എന്തിനാണു് “ജ്യോതിഷക്കാരൻ’ എന്നോ ‘ഗണകൻ’ എന്നോ മറ്റോ പേരിടുന്നതിനുപകരം ഈ ഇംഗ്ലീഷുവാക്കിന്റെ പുറകെ പോയതു്? പ്രത്യേകിച്ചും ആ പദം സുന്ദരമല്ലാതിരിക്കുമ്പോൾ! കാരണമുണ്ടു്. അതു് കാരൂരിന്റെ ട്രേഡ്മാർക്കാണു്. ആ പേരിടലിൽ തെളിഞ്ഞുകാണുന്ന സറ്റയർ ആണു് കാരൂരിന്റെ കലയിലെ ഏറ്റവും ഉൽകൃഷ്ടമായ അംശം. ഈ പുസ്തകത്തിലെ കഥകളെ നോക്കാം. അസ്ട്രോളജറുടെ കഥയിൽ നാട്ടിൽ പണിയില്ലാതെ വന്ന ഒരു സാധുമനുഷ്യൻ മദിരാശിയിൽ ചെന്നു് “മലയാളി അസ്ട്രോളജർ” എന്നൊരു ബോർഡുവെച്ചു് ജീവിക്കുന്നതാണു് ചിത്രീകരിച്ചിരിക്കുന്നതു്. കഥയുടെ അവസാനത്തിൽ ആ ഗണിതക്കാരൻ അയാൾക്കു് വശമില്ലാത്ത ആ വിദ്യയുടെ ഗുണഗണങ്ങളെ പ്രകീർത്തിക്കുന്നതു കണ്ടു് പലരും കാരൂരിനെ തെറ്റിദ്ധരിക്കാൻ ഇടയുണ്ടു്. “സ്നേഹിതാ, പലതരം ജീവിതവൈഷമ്യങ്ങളിൽ ഞെരുങ്ങുന്നവർക്കു് ഒരു നല്ല ഭാവിയിൽ ആശ ജനിപ്പിക്കുന്ന ഞങ്ങളാണു് വാസ്തവത്തിൽ ജനസമുദായത്തെ നിലനിർത്തുന്നതു്” (പുറം 27). ഇതുകേട്ടാൽ തോന്നും അയാളും കഥാകൃത്തും സാധുമനുഷ്യരെ കബളിപ്പിച്ചു് ജീവിക്കുന്ന ഏർപ്പാടു് തൊഴിലില്ലാത്തവർക്കു് ഒരു പോംവഴിയായി ഉപദേശിക്കുന്നുവെന്നു്. പക്ഷേ, ശ്രീ. കാരൂരിനു് വേണ്ടതു് അതൊന്നുമല്ല. രണ്ടു പരമാർത്ഥങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒന്നാമതായി ഇന്നത്തെ സമുദായഘടനയിൽ എല്ലുമുറിയെ പണിയെടുക്കാൻ കഴിവുള്ള അനേകായിരം ആളുകൾ തൊഴിൽകിട്ടാതെ ഉഴലുന്നുണ്ടു്. രണ്ടാമതു്, മര്യാദയ്ക്കു് ജോലിചെയ്യാൻ അവസരം കൊടുക്കാത്ത സമുദായം കളവിനും വഞ്ചനയ്ക്കും മാത്രമേ വിജയം കൊടുക്കുകയുള്ളൂ എന്നു് വിധിച്ചിരിക്കുന്നു! ചാർലി ചാപ്ലിന്റെ മൊസ്സ്യേ വെർദു എന്ന ചിത്രത്തിന്റെ ലക്ഷ്യം തന്നെയാണു് ഈ കഥയ്ക്കും ഉള്ളതു്. അതു സാധിച്ചിരിക്കുന്നതു് പരിപാവനമായ അദ്ധ്യാപകവൃത്തിയുടെ ദാരിദ്യവും, തട്ടിപ്പു് എന്ന അപമാനകരമായ ഉദ്യോഗത്തിന്റെ മാന്യതയും ഒരുമിച്ചു കാണിച്ചു്, അവ രണ്ടിനേയും ഏക കാലത്തിൽ ഉത്ഭവിപ്പിച്ചു് സമുദായഘടനയെപ്പറ്റി നമ്മിൽ പുച്ഛമുണ്ടാക്കി, നമ്മെക്കൊണ്ടു് ചിരിപ്പിച്ചിട്ടാണു്.
അല്പം വൈദഗ്ദ്ധ്യമുള്ള കണ്ണുകൾക്കുമാത്രമേ അതിന്റെ ഭംഗികാണാൻ കഴിവുണ്ടാകയുള്ളു. ഈ വിഷയംതന്നെ മറ്റുതരത്തിൽ പറഞ്ഞു കൂടെന്നില്ല. ജീവിക്കാൻ മാർഗ്ഗമില്ലാത്ത ഒരു ആലപ്പുഴക്കാരൻ ഒരു വാടകഗുണ്ടയായിത്തീർന്നു കൊലപാതകം ചെയ്യുന്നതും അതുകൊണ്ടു പണമുണ്ടാക്കുന്നതും എല്ലാം നല്ല കഥാവിഷയങ്ങളാണു്. അവയെല്ലാം സാധാരണ വായനക്കാരനെ കൂടുതൽ ആകർഷിക്കും. അതു് കുടുതൽ എളുപ്പത്തിൽ അവൻ മനസ്സിലാകും. ആ രീതി നല്ലതാണു്. പക്ഷേ, അതു കാരുരിന്റെ ടെക്നിക്കല്ലെന്നു മാത്രം. വളർച്ചയെത്തിയ ഓരോ കലാകാരനും വ്യക്തിമുദ്രയുണ്ടായിരിക്കും. കാരൂരിന്റെ മുദ്ര ഈ ലഘുവായ ആക്ഷേപമാണു്. പട്ടിണിക്കാരനായ ഒരദ്ധ്യാപകൻ എട്ടു കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നതായി കാരുരിനു് വിഭാവനം ചെയ്യാൻ കഴിവില്ല. എന്നാൽ, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ഒന്നാംക്ലാസ്സിലെ കുട്ടിയുടെ പൊതിച്ചോറു് കട്ടുതിന്നുന്നതു് കാരൂർ കണ്ടുപിടിക്കും. കടുംചായം തേച്ചു് ഭീകരചിത്രങ്ങൾ വരയ്ക്കാൻ മുതിർന്നാൽ അദ്ദേഹം പരാജയപ്പെടുമെന്നു് ഞാൻ ഇതിനു മുമ്പൊരിക്കൽ, മേൽവിലാസത്തിന്റെ നിരൂപണത്തിൽ പറഞ്ഞിട്ടുണ്ടു്. അദ്ദേഹത്തിന്റെ ശാന്തപ്രകൃതിക്കും ആവേശരാഹിത്യത്തിനും പറ്റിയതു് സുന്ദരകലാരീതിതന്നെയാണു്. ഈ ടെക്നിക്കു് തന്നെയാണു്, കുടുംബ ബഡ്ജറ്റ്, അയാളുടെ ഗ്രന്ഥങ്ങൾ, വഴിപോക്കൻ, എക്സ്ചേയ്ഞ്ച്, പപ്പുനായർ എന്നീ കഥകളിലും പ്രയോഗിച്ചിരിക്കുന്നതു്. ഒരു അദ്ധ്യാപകനും (അയാൾ സഹകരണസംഘം സെക്രട്ടറിയും കൂടിയാണേ!) അയാളുടെ ഭാര്യയും അമ്മയുംകൂടി പരിശ്രമിച്ചിട്ടും കുടുംബച്ചെലവിന്റെ കണക്കെടുക്കാൻ സാധിച്ചില്ലെന്നു പറയുന്നതു അതിശയോക്തിയൊന്നുമല്ല. മാർത്താണ്ഡത്തിനടുത്തു് ഒരു സാമ്പത്തികസർവെ നടത്തിയപ്പോൾ വരവിന്റെ പത്തിരട്ടി ചെലവുള്ള കുടുംബങ്ങളെ കണ്ടുകിട്ടിയിട്ടുണ്ടു്. കൂട്ടത്തിൽ പറഞ്ഞുകൊള്ളട്ടെ, കടമൊന്നും ചേർക്കാതെതന്നെയാണു് ആ അധികച്ചെലവു് ! വരവിനത്തിൽനിന്നു് “പട്ടിണി”യെന്ന മുഖ്യമായ ഇനം വിട്ടുപോകുന്നുവെന്നതാണു് ഇതിലെ ശാസ്ത്രീയമായ തെറ്റു്. പക്ഷേ, ഇക്കഥ അറിഞ്ഞുകൂടാത്ത സാധാരണക്കാരൻ ഏതു കുടുംബത്തിന്റേയും ബഡ്ജറ്റ് (ഹോ! എന്തു് അന്തസ്സുള്ളപേരു്) ഒരു വിരോധാഭാസമാണു്. മൂന്നുനാലു ബീഡിയും, ഭാര്യയും കരിന്തിരി കത്തുന്ന വിളക്കും, അമ്മയും എല്ലാം സഹകരിച്ചിട്ടും നാണുപിള്ള ഈ വിരോധാഭാസത്തിൽനിന്നു് മുക്തി നേടുന്നില്ല. ആയുസ്സുണ്ടെങ്കിൽ ചാകാതെ കിടക്കുമെന്ന ഫിലോസഫിയിന്മേൽ ഔഷധമെന്ന ചെലവിനം നാണുപിള്ള വെട്ടിക്കുറച്ചു. പഞ്ചസാര കരിഞ്ചന്തയിൽ വിറ്റു് ബീഡി മേടിക്കാൻ വരവുമുണ്ടാക്കി. എന്നിട്ടും, ബഡ്ജറ്റ് ബാലൻസ് ചെയ്യുന്നില്ലത്രെ. റേഷൻ വാങ്ങാൻ തന്നെ ശമ്പളം തികയുന്നില്ല. അതായതു് ജീവിക്കാൻ (എന്നുവെച്ചാൽ മരിക്കാതിരിക്കാൻ എന്നർത്ഥം) അത്യന്താപേക്ഷിതമെന്നു് ഭരണാധികാരികൾ തീരുമാനിച്ചുവെച്ച ഭക്ഷണത്തിന്റെ ഇരുപത്തഞ്ചു് ശതമാനം വെട്ടിക്കുറയ്ക്കലും കഴിഞ്ഞുകിട്ടുന്നതു സർക്കാർ നിശ്ചയിച്ചവിലയ്ക്കു വാങ്ങാൻപോലും തികയാത്ത ശമ്പളമാണു് സർക്കാർ കൊടുക്കുന്നതു്. ഇപ്പോഴത്തെ ഗവൺമെന്റിനെപ്പോലെ ഒരു മിച്ച ബഡ്ജറ്റുണ്ടാക്കിയതിനു കിട്ടാവുന്ന സമ്മാനംകൂടി കൂട്ടിനോക്കിയിട്ടും അതു് സാധിക്കുന്നുമില്ല. ഈ കുഴഞ്ഞ പ്രശ്നത്തിൽനിന്നു് ഒരു മാർഗ്ഗം മാത്രമേ ഉണ്ടായിരുന്നുള്ളു. നാണുപിള്ള കല്ലുവെട്ടാൻപോയി.
തകർന്നുവിഴുന്ന ഫ്യൂഡലിസത്തിന്റെ ഒരു സാധാരണസൃഷ്ടിയാണു് പൂർവ്വികരുടെ പ്രതാപമോർത്തു് നെടുവീർപ്പിടുന്ന ‘കൈമൾ’. വർത്തമാനകാലത്തെ യാഥാർത്ഥ്യങ്ങളെ കണ്ടുമനസ്സിലാക്കി ഭാവിയിലേയ്ക്കു് പോകാനുള്ളതിനുപകരം പണ്ടെങ്ങോ മണ്ണടിഞ്ഞുപോയ പ്രഭാവത്തിന്റെ പ്രേതത്തെ തപസ്സുചെയ്തു നശിക്കുന്ന മടിയന്മാർ ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട രോഗമാണു് ആ വർഗ്ഗത്തിൽപെട്ട ആരോ ആണു് മരിച്ചിട്ടു് സഹസ്രാബ്ദങ്ങൾ കഴിഞ്ഞു് സംസ്കൃതത്തെ ദേശീയ ഭാഷയാക്കണമെന്ന വാദിച്ചതു്. ആ വർഗ്ഗത്തിന്റെ നേതാവായിരുന്നു പഴയ റോമാസാമ്രാജ്യത്തെ ഉദ്ധരിക്കാൻ ശ്രമിച്ച മുസ്സോളിനി.
നാഥുറാം വിനായക് ഗോദ്സേയും ഇനം അതുതന്നെ. ഈ ഇനത്തെ കാരൂർ ‘അയാളുടെ ഗ്രന്ഥങ്ങൾ’ എന്ന കഥയിൽ കണക്കിനു കളിയാക്കിയിട്ടുണ്ടു്. കൈമളുടെ പൂർവ്വികനെ സേനാനായകനാക്കിയ രാജകല്പന അയാളുടെ കൈവശമുണ്ടു്. പക്ഷേ, അതു കൊടുത്താൽ ഒരു കടുംചായപോലും കിട്ടുകയില്ല. അതുകൊണ്ടു തന്നെയാണു് ആ പാവപ്പെട്ട സ്ത്രീ ഒന്നു മൂളുകപോടും ചെയ്യാതിരുന്നതു്. കണ്ണാടിയിൽ നോക്കുന്ന മിക്ക ചെറുപ്പക്കാര്‍ക്കും (ചില തൈക്കിഴവന്മാർക്കും) കാരൂരിന്റെ ‘വഴിപോക്കൻ’ പരിചിതനായിരിക്കാം. ഇത്തരം സുന്ദരവിഡ്ഢികൾ സാധാരണയായി ഒളിച്ചാണു് നടക്കുന്നതു് ഹിന്ദി, ഖദർ, സാഹിത്യം മുതലായ അലങ്കാരങ്ങളോടുകൂടി വരുമ്പോൾ മാത്രമേ അവർ യുണിഫാറധാരികളാകാറുള്ളൂ. അവർ ഒരു ബോറുതന്നെയാണു് സംശയമില്ല. പക്ഷേ, ആ ശിക്ഷ അല്പം അതിരുകടന്നുപോയി. വലമണിക്കു വലിയ ഭാരമാണു്. ചൂലിനു് കനക്കുറവുണ്ടല്ലോ.
പൂരുരുട്ടാതി നാളിൽ പിറന്ന അഞ്ചൽമാൻ അച്ചുതൻപിള്ളയുടെ ഭാര്യ ആണ്ടുതോറും പ്രസവിക്കുകയാണു്. ആശാരിപ്പണിക്കനു സന്താനമില്ലാത്ത ദുഃഖമാണു്. ഈ പ്രശ്നത്തിനു് എക്സ്ചേഞ്ചല്ലാതെ മാർഗ്ഗമൊന്നുമില്ല. ഇന്നത്തെ വിവാഹസമ്പ്രദായത്തെപ്പറ്റിയോ കുടുംബന്ധങ്ങളെപ്പറ്റിയോ ഗർഭനിരോധനത്തെപ്പറ്റിയോ ഒന്നും ശ്രീ. കാരൂർ പറയുന്നില്ല. നമ്മെ ഒന്നു ചിരിപ്പിച്ചു അത്രമാത്രം. പക്ഷേ, ഇനി സി. ഇ. എം. ജോസിന്റെ ‘സദാചാരത്തിന്റെ ഭാവി’ എന്ന പുസ്തകം ഒന്നു വായിച്ചുനോക്കുക. ഇതിനോടു് ബന്ധമുള്ള പലതും കാണാം.
ഫാക്ടറികൾ ചവച്ചുതുപ്പുന്ന ചണ്ടികളുണ്ടു്—ആരോഗ്യം നശിച്ച തൊഴിലാളികൾ. ധനികഗൃഹങ്ങളിൽനിന്നും ബഹിഷ്കരിക്കപ്പെടുന്ന ഭൃത്യവർഗ്ഗവും ഇക്കൂട്ടത്തിൽതന്നെപെട്ടതാണു്. അതിലൊന്നാണു് കാരൂരിന്റെ ‘വൃദ്ധൻ.’ വിഷയം നല്ലതാണെങ്കിലും ഇക്കഥയ്ക്കു വേണ്ടത്ര ശക്തിയില്ല. ‘ഭർത്താവു്’ എന്നതു് ഒരു ഉദ്യോഗപ്പേരാണു്, ‘കൂട്ടിരുപ്പു്’ എന്നെല്ലാം ഫ്യൂഡൽ ഭാഷയിൽ പറയുന്നതുപോലെ കൗസല്യയ്ക്കു കയറുപിരിക്കാൻ വേണ്ട തൊണ്ടു വാങ്ങിച്ചു കൊണ്ടുവരാൻപോലും ഈ ഇത്തിക്കണ്ണി പ്രയോജനപ്പെടുന്നില്ല. മാധവനെ സ്വതന്ത്രത്തൊഴിലാളി യൂണിയനിലോ സമാധാന സംരക്ഷകസംഘത്തിലോ ചേർക്കാം.
ഈ സമാഹാരത്തിൽ ഏറ്റവും അഗാധമായ ഒരു മനഃശാസ്ത്രപ്രശ്നം പ്രതിപാദിക്കുന്നതു ‘വഞ്ചന’ എന്ന കഥയിലാണു്. ഭൃത്യയെങ്കിലും നങ്ങുവമ്മ വളർത്തമ്മയാണു്. ചന്ദ്രമോഹനനെ ആ വൃദ്ധ പുത്രനിർവ്വിശേഷമായി സ്നേഹിക്കുന്നുണ്ടു്. ശുദ്ധഹൃദയനായ ആ പടുവങ്കനാകട്ടെ, ആ സ്നേഹത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നില്ല. അവൻ ഭാര്യയുടെ അടിമയായിരിക്കുന്നു. ജാരസമാഗമത്തിനു പ്രതിബന്ധമായ ആ വൃദ്ധയെ അവിടെനിന്നു നിഷ്ക്കാസനം ചെയ്യാൻ ചന്ദ്രമോഹനൻ ഒരു ഉപകരണമായിത്തീരുന്നു. ഇക്കഥകൊണ്ടു് ആ യുവതിയുടെ ചീത്തസ്വഭാവത്തെയോ ചന്ദ്രമോഹനന്റെ അടിമത്തത്തെയോ ഊന്നിപ്പറയണമെന്നു കാരൂർ വിചാരിച്ചിട്ടുണ്ടായിരിക്കയില്ല. ആ വൃദ്ധയുടെ സ്നേഹത്തെയാണു് പ്രധാനമായി കഥാകൃത്തു് ഉദ്ദേശിച്ചിട്ടുള്ളതെന്നു തോന്നുന്നു. ശ്രീ. തകഴി ഒരിക്കൽ പറഞ്ഞു, അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണു് മനുഷ്യ സമുദായത്തിലെ അടിസ്ഥാനബന്ധം. ഭാര്യാഭർത്തൃബന്ധമല്ല എന്നു്. രണ്ടാമത്തേതു് അഗാധമല്ല; ഒരു പ്രത്യേക സാമൂഹ്യഘടനയിലെ ചടങ്ങാണു്; അതുണ്ടായിട്ടു കാലം കുറച്ചേ ആയിട്ടുള്ളു; കുറേക്കൂടി കഴിഞ്ഞാൽ നശിക്കുകയും ചെയ്യും. ആദ്യത്തേതാകട്ടെ, ജീവശാസ്ത്രത്തിൽ അടിസ്ഥാനമുറപ്പിച്ചിരിക്കുന്നു. അതാണു് നീണ്ടുനീണ്ടുപോകുന്ന മനുഷ്യവർഗ്ഗചങ്ങലയുടെ കണ്ണി. ഈ അഭിപ്രായങ്ങളോടു് നാം യോജിച്ചാലും വിയോജിച്ചാലും നങ്ങുവമ്മ യോജിക്കാതിരിക്കയില്ല.
ഈ കഥകളിലെല്ലാം പൊതുവേ കാണുന്ന സ്വഭാവം അവയുടെ സാധാരണത്വമാണു്. ഒരു വലിയ ജനക്കൂട്ടത്തിൽ നാം ആദ്യമായി കാണുന്നതു പ്രത്യേകമായി എന്തെങ്കിലും വിശേഷങ്ങൾ ഉള്ളവരെയാണു്. ചുവന്ന വസ്ത്രമുള്ളവരെയോ ഏഴടിപൊക്കമുള്ളവരെയോ കാണാതിരിക്കുക സാധ്യമല്ല. പക്ഷേ, ഒരു ഉത്തമകലാകാരനു സാധാരണമനുഷ്യന്റെ ദൈനംദിനജീവിതത്തിൽ രസകരമായ ഒട്ടനവധി സന്ദർഭങ്ങൾ കാണാൻ കഴിയും. പക്ഷേ, അവയെ ചിത്രപ്പെടുത്തിയാൽ സാധാരണക്കാരനു രസിക്കാൻ കഴിയുകയില്ല. തെറ്റു് കലാകാരന്റേതല്ല: ആസ്വാദകന്റേതാണു്. സാധാരണക്കാരന്റെ കലാസ്വാദനശക്തിയെ അധിക്ഷേപിച്ചാൽ ചില പുരോഗമനവാദികൾ ശുണ്ഠിയെടുക്കും. ഇന്നത്തെ സമുദായഘടനാരീതി മനുഷ്യരെ ദാരിദ്ര്യത്തിലേക്കു മാത്രമല്ല വലിച്ചിഴക്കുന്നതു്. സാംസ്കാരികാധഃപതനത്തിലേക്കു കൂടിയാണെന്നു് മനസ്സിലാക്കാത്ത ശുദ്ധാത്മാക്കളാണവർ. പുരോഗമനവാദികൾ ആശിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയിൽ എൻ.എസ്.കൃഷ്ണന്റെ ഗോഷ്ടികളും വിക്രമാദിത്യയൻ കഥയും മറ്റുമാണു് ആസ്വദിക്കപ്പെടുന്നതെങ്കിൽ ആ വ്യവസ്ഥ അത്ര അഭികാമ്യമൊന്നുമല്ല. മറ്റു കഥാകൃത്തുകളുടെ കലാവിദ്യ കാരൂരിനെ അപേക്ഷിച്ചു താഴ്‌ന്നതാണെന്നു് ഇതിനർത്ഥമില്ല. കാരൂരിന്റെ കഥകൾക്കു് ആസ്വാദകന്മാർ കുറയുകയെന്നതു് അദ്ദേഹത്തിനൊരു പോരായ്മയല്ലെന്നു മാത്രം. ഗണിച്ചാൽ മതി. എങ്കിലും ഒന്നു പറയാതെ ഗത്യന്തരമില്ല. ഇംഗ്ലീഷ് മാതൃകയിലുള്ള ‘ചെറുകഥ’ എന്ന പ്രത്യേകകലാ രൂപത്തിൽ ഏറ്റവും അധികം വൈദഗ്ദ്ധ്യമുള്ള മലയാളസാഹിത്യകാരൻ കാരൂരാണു്.
ശ്രീ. കാരൂരിനെ സംബന്ധിച്ചിടത്തോളും, എഴുതിയതിനെപ്പറ്റി മാത്രം പറഞ്ഞതുകൊണ്ടായില്ല. എഴുതാത്തതിനെപറ്റിയും ചിലതു പറയാനുണ്ടു്. ജീവിതത്തിന്റെ ചില വശങ്ങൾ കാരൂർ വിട്ടുപോകുന്നതു യാദൃച്ഛികമായിട്ടാണെന്നു് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ചുറ്റും നടക്കുന്ന സംഭവങ്ങൾ അദ്ദേഹം കാണാതിരിക്കുകയില്ല. ഏതു ചേരിയിലാണെന്നു് ചോദ്യവും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണു് (മറ്റു പുരോഗമനസാഹിത്യകാരന്മാരെപ്പോലെ). പിന്നെയെന്താണു് അദ്ദേഹത്തിന്റെ നാട്ടിലെ ധീരസമരങ്ങൾ കഥകളിൽ പ്രതിഫലിക്കാത്തതു്. തീർച്ചയായും ഇന്നത്തെ ഗവണ്മെന്റുകളുടെ സ്വഭാവം അദ്ദേഹത്തെയും പേടിപ്പെടുത്തുന്നുണ്ടായിരിക്കാം. രക്തം കുടിച്ചു ജീവിക്കുന്ന ഒരു വർഗ്ഗം, പത്രങ്ങളും പ്രസാധകത്വവും കയ്യടക്കിയിരിക്കുന്ന കാലത്തു് ഒരു കലാകാരൻ അല്പം ഭയന്നുപോകുന്നതു് അത്ഭുതാവഹമല്ല, അതൊരു മഹാപാതകവുമല്ല. എങ്കിലും, കുറെയൊക്കെ ചെയ്യാൻ കഴിയുമെന്നാണു് എന്റെ വിശ്വാസം. ഈ കുറവു് അദ്ദേഹത്തിന്റെ കൃതികളുടെ പ്രചാരത്തേയും ബാധിക്കുന്നുണ്ടു്. ജനത ഒരു ജീവൻമരണസമരത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ സമരത്തെ പ്രതിഫലിപ്പിക്കുന്ന കല മാത്രമേ അവർക്കു രസിക്കാൻ കഴിയു. അതു് അവരുടെ അവകാശമാണു്. അവരുടെ ധൈര്യത്തിനു പോഷണം നല്കുന്ന കല സൃഷ്ടിക്കേണ്ടതു് കലാകാരന്റെ കർത്തവ്യമാണു്. കലാസൃഷ്ടിക്കുള്ള സ്വാതന്ത്ര്യവും കലാകാരന്റെ ചോറും ഉണ്ടാക്കുന്നതു സാധാരണക്കാരന്റെ പ്രയത്നത്തിൽനിന്നാണു് ശ്രീ. കാരൂർ അതു മനസ്സിലാക്കുന്നുണ്ടു്. പക്ഷേ, എന്തോ ഒരു അവശതാബോധം അദ്ദേഹത്തെ തടയുകയാണു്, ഇതാണു് കാരൂരിന്റെ കഥകളുടെ ബലഹീനവശം.
വിലയിരുത്തൽ 1951.