
സകല രാഷ്ട്രീയനേതാക്കന്മാരും മൗലികമായി യാഥാസ്ഥിതികന്മാരാണു്. കൊടുമ്പിരികൊണ്ട വിപ്ലവം പ്രസംഗിക്കുന്ന ഇടതുപക്ഷക്കാരും ഈ തത്ത്വത്തിൽനിന്നു് ഒഴിഞ്ഞുനില്ക്കുന്നില്ല. ഈ പ്രസ്താവനയിൽ അല്പം അസാധാരണത്വമുണ്ടെങ്കിലും ഇതു് അക്ഷരംപ്രതി ശരിയാണു്.
സാധാരണഗതിയിൽ നാം വിപ്ലവകാരികളെന്നു സംബോധനചെയ്യുന്നതു രാഷ്ട്രീയനേതാക്കന്മാരെ മാത്രമാണു്. ഒലിവർ ക്രോംവെൽ, ഭഗത് സിങ്, സ്റ്റാലിൻ ഇവരെല്ലാം വിപ്ലവകാരികളാണു്. പക്ഷേ, വാൻഗോഗ്, അപ്ടൻ സിൻക്ലെയർ, ഐൻസ്റ്റീൻ എന്നിവരെ ആരും വിപ്ലവകാരികളെന്നു വിളിക്കാറില്ല. വിപ്ലവമെന്ന വാക്കിനെപ്പറ്റി നമുക്കുള്ള അജ്ഞതയാണിതിനൊക്കെ കാരണം. കൊടിയുംപിടിച്ചു്

ജാഥ നടത്തുന്ന നേതാവിനെയും, പോലീസ് സ്റ്റേഷൻ ആക്രമിക്കുന്ന സഖാവിനെയും നാം വിപ്ലവകാരികളായി കണക്കാക്കുന്നതു്, അവർ നടത്തുന്ന ‘വിപ്ലവം’ നമുക്കു മനസ്സിലാക്കുവാൻ കഴിയുന്നതുകൊണ്ടാണു്. ഒരു ‘പുതിയ സാമൂഹ്യഘടന’ എന്ന ആദർശം സാധാരണക്കാരൻ ഭാവന ചെയ്യാവുന്നതാണു്. പക്ഷേ, ഒരു പുതിയ ചിത്രണസമ്പ്രദായം എന്നു പറഞ്ഞാൽ അതിൽ യാതൊരു തീയും പുകയും നമുക്കു് കാണാൻ കഴിയുകയില്ല. ഭരിച്ചുകൊണ്ടിരുന്ന ഗവണ്മെന്റിനെ തകിടം മറിക്കുന്നതു് വിപ്ലവമാണു്. പ്രകാശരശ്മികൾക്കു് തൂക്കമുണ്ടെന്നു് കണ്ടുപിടിക്കുന്നതിൽ യാതൊരു വിപ്ലവവും ഇല്ല. ചുരുക്കിപ്പറഞ്ഞാൽ, അറിവിൽത്തന്നെ പരിവർത്തനമുണ്ടാക്കുന്നതും മനുഷ്യന്റെ ബോധത്തെത്തന്നെ ഇളക്കിത്തീർക്കുന്നതുമായ പുതിയ ചിന്താഗതികളുടെ പ്രാധാന്യം ഏറ്റവും ശക്തിമത്താണെങ്കിലും അതിസൂക്ഷ്മമായതുകൊണ്ടു് നമുക്കു് കാണാൻവയ്യ. കലാകാരനും ശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും വിപ്ലവകാരികളാണു്. പക്ഷേ, അവരുടേതു് അംഗീകരിക്കപ്പെടാത്ത വിപ്ലവമാണെന്നുമാത്രം. രാഷ്ട്രീയവിപ്ലവങ്ങൾക്കു് പ്രാധാന്യമില്ലെന്നർത്ഥമില്ല. കാലത്തിന്റെയും വ്യാപ്തിയുടേയും കാര്യത്തിൽ അവ ഉപരിപ്ലവങ്ങളാണെന്നുമാത്രം.

അടിസ്ഥാനപരമായ വിപ്ലവങ്ങൾ (മാനസികം) നിരന്തരമാണു്; അവ യാതൊരു ക്ലിപ്തലക്ഷ്യത്തിലേക്കുമല്ല പുരോഗമിക്കുന്നതു്. എന്നുമൊരു ‘നാളെ’യുള്ള കൂട്ടരാണവർ. രാഷ്ട്രീയക്കാരോ, വ്യക്തമായ ഒരാവശ്യത്തിലേക്കാണു പോകുന്നതു്. അതു ലഭിച്ചുകഴിഞ്ഞാൽ വിപ്ലവവും നിലച്ചു. ഫ്യൂഡൽകാലത്തെ വിപ്ലവകാരിയായ മുതലാളി, മുതലാളിത്ത സ്ഥാപനത്തോടുകൂടി യാഥാസ്ഥിതികനായി. മുതലാളിത്ത കാലത്തെ സോഷ്യലിസ്റ്റ് തൊഴിലാളി ഭരണം സ്ഥാപിച്ചാൽ പിന്നെ യാഥാസ്ഥികനാകും (ഇതു് നല്ലതോ ചീത്തയോ എന്നു് ഇവിടെ അന്വേഷിക്കുന്നില്ല. ഇതൊരു വാസ്തവമാണെന്നു് ചൂണ്ടിക്കാണിക്കുകയാണു്). ഇതുകൊണ്ടാണു്, ഏറ്റവും തീവ്രവാദിയായ രാഷ്ട്രീയവിപ്ലവകാരിയും മൗലികമായി യാഥാസ്ഥിതികനാണെന്നു് അഭിപ്രായപ്പെട്ടതു്. ഇന്നു നിലവിലുള്ളതിനെ അവനു നിലനിർത്തണമെന്നു് ആഗ്രഹമില്ല. പക്ഷേ, നാളെ വരാൻപോകുന്ന എന്തോ ഒന്നു മറ്റന്നാളേയ്ക്കു നിലനിറുത്തണമെന്നു് അവൻ കച്ചകെട്ടിയിട്ടുണ്ടു്. അധികാരഭ്രമത്തെ, കമ്മ്യുണിസ്റ്റുകാർപോലും ‘പിന്നെ അധികാരം കിട്ടാതെ എന്താ ചെയ്യുക?’ എന്ന ചോദ്യം മുഖേന നീതീകരിക്കുന്നതു് ഈ ചിന്താഗതിക്കൊരു ഉദാഹരണമാണു്.

കമ്മ്യൂണിസത്തിനപ്പുറമുള്ള സാമുഹ്യഘടനയിൽ മാറ്റമുണ്ടാവില്ലെന്ന വാദഗതിതന്നെ മാർക്സിനു് വിരുദ്ധമാണു്. ദൈനംദിനജീവിതത്തിന്റെ പ്രതിഫലനം മാത്രമാണു് രാഷ്ട്രീയകാര്യങ്ങൾ എന്നതു് ശരിയാണെങ്കിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിൽക്കൂടി മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. കാരണം, വിപ്ലവം കഴിഞ്ഞാലും, ഉല്പാദനരീതികളും മറ്റും മൗലികമായി മാറിക്കൊണ്ടിരിക്കുമെന്നതുതന്നെ. ഒരതിർത്തിവരെ (ചില കാര്യങ്ങളിൽ) കമ്മ്യുണിസ്റ്റുകാരും വിപ്ലവകാരികളാണു്. പക്ഷേ, അവർക്കൊരു കാലപരിമിതിയുണ്ടു്. കലാകാരനും തത്ത്വജ്ഞാനിയും ശാസ്ത്രജ്ഞനും ഇത്തരം ഒരു പരിമിതിയും അംഗീകരിക്കാൻ നിവൃത്തിയില്ല.

അന്നന്നുള്ള ഭരണരീതിയേയും മറ്റും നിലനിറുത്തണമെന്ന നിർബ്ബന്ധമുള്ളവരാണു് രാഷ്ട്രീയനേതാക്കന്മാർ. ചിന്തകന്മാരോ, അതിനപ്പുറം പോയേ തീരൂ എന്നു് വിശ്വസിക്കുന്നവരും. അതുകൊണ്ടു യാതൊരു കാലത്തും ഭരണകർത്താക്കൾ അതതുകാലത്തെ തത്ത്വജ്ഞാനികളെ അംഗീകരിക്കുകയില്ല. സർക്കാർ അംഗീകരണം ലഭിക്കുന്ന യാതൊരു ചിന്തകനും പ്രയോജനമുള്ളവനല്ലതാനും. സോഷ്യലിസ്റ്റ് രാഷ്ട്രത്തിലും അങ്ങനെയായിരിക്കും. റഷ്യയിൽ മയാക്കോവ്സ്കി ക്കും ഗോർക്കി ക്കും നേരിടേണ്ടിവന്ന പ്രശ്നങ്ങൾ ഇതുതന്നെയാണെന്നു വിചാരിക്കാൻ ന്യായമുണ്ടു്.

അതുകൊണ്ടു് തങ്ങളുടെ സ്വന്തം ചുമതല സത്യത്തിന്റെ നിയന്ത്രണമനുസരിച്ചുമാത്രം ചെയ്തുതീർക്കണമെന്നു നിർബ്ബന്ധമുള്ളയാതൊരു കലാകാരനും, ശാസ്ത്രജ്ഞനും, താത്ത്വികനും, തങ്ങളുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അതിരുകൾക്കുള്ളിൽ പരിമിതപ്പെടുത്തുവാൻ നിവൃത്തിയില്ല. അങ്ങനെ സർവ്വതന്ത്രസ്വതന്ത്രമായി ചിന്തിക്കുമ്പോൾ ചിന്തകൻ വല്ലയിടത്തും തെറ്റിയെന്നുവരാം. പക്ഷേ, അതുകൊണ്ടു് അവൻ രാഷ്ട്രീയ നേതാവിന്റെ വരയിൽകൂടി നടക്കണമെന്നില്ല. പ്രായേണ അതു് അന്ധൻ കോങ്കണ്ണനെ വഴികാണിക്കുന്നതു പോലെയായിരിക്കും. അല്ലെങ്കിൽത്തന്നെ, രാഷ്ട്രീയനേതാവ് രാഷ്ട്രീയ തകിടംമറിച്ചിലുകൾ നടത്തുമ്പോഴെല്ലാം അതനുസരിച്ചു് ജീവിതവീക്ഷണം മാറ്റാനും ചിന്തകനു കഴിവുണ്ടായിരിക്കുകയില്ല. സ്വന്തം തെറ്റിന്റെ കൂട്ടത്തിൽ മറ്റുള്ളവന്റെ ഭാണ്ഡംകൂടി അവൻ പേറണമെന്നില്ലല്ലോ.

ഒരു ചെറിയ നാട്ടുകാര്യംകൂടി, കേരളത്തിലെ കമ്മ്യുണിസ്റ്റുകാർ കുറെനാളായിട്ടു് സാഹിത്യകാരന്മാർക്കു് ചില ബഹുമതികൾ സമ്മാനിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. ഇപ്പോൾ, കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ നയം കടകവിരുദ്ധമായി മാറ്റുകയാണെന്നു കേൾക്കുന്നു. ഈ മാറ്റത്തോടെ അവർ സാഹിത്യകാരന്മാരുടെ നേരെ എടുത്തഭാവവും അടവുകളും മാറുമെന്നു് പലരും ആശിക്കുന്നുണ്ടു്. അതൊരു വ്യാമോഹമാണു്. അവർക്കിനിയും സ്നേഹിതന്മാരേയും ശത്രുക്കളേയും തിരിച്ചറിയാൻ കഴിവുണ്ടായിട്ടില്ല. അധികാരവേട്ടയ്ക്കിടയിൽ ചിന്താപരമായ കാര്യങ്ങളെപ്പറ്റി അന്വേഷിക്കാൻ അവർക്കു സമയമില്ല. കഴിവുള്ള സാഹിത്യകാരനും രാഷ്ട്രീയക്കാരനും (മുദ്രയേതായാലും) തമ്മിലുള്ള വൈരുധ്യം തുടരുകതന്നെ ചെയ്യും. ഈ പരമാർത്ഥം, സകല സാഹിത്യകാരന്മാരും പിന്തിരിപ്പൻമാരാണെന്നുവാദിക്കാനുള്ള ന്യായമായി രാഷ്ട്രീയക്കാരൻ ഉന്നയിക്കുകയും ചെയ്യും. എല്ലാക്കാലവും ന്യൂനപക്ഷത്തിൽ നില്ക്കുവാനും അധികാരിവർഗ്ഗത്തിന്റെ തല്ലുകൊള്ളുവാനും തയ്യാറുള്ള സാഹിത്യകാരനുമാത്രമേ സ്വന്തം ചിന്താസ്വാതന്ത്ര്യം പരിപാലിക്കുവാനും അതുവഴി കാര്യമായി എന്തെങ്കിലും ചെയ്യുവാനും കഴിവുണ്ടാകയുള്ളൂ.
മംഗളോദയം 1949.
ഇവൻ എന്റെ പ്രിയപുത്രൻ 1953.