images/Supplication.jpg
Appeal by In\^es de Castro, a painting by Vieira Portuense (1765–1805).
കേശവദേവിന്റെ നാടകരീതി
സി ജെ തോമസ്

ചെറുകഥാസാഹിത്യത്തിൽ നാം കാണുന്ന കേശവദേവിനെയല്ല, ദേവിന്റെ നാടകങ്ങളിൽ നാം കാണുന്നതു്. അദ്ദേഹത്തിനു സംഗീതനാടകസംഘങ്ങളുമായി ദീർഘകാലസമ്പർക്കമുണ്ടായിരുന്നിട്ടുണ്ടു്. വേദനാകരമായ പല അനുഭവങ്ങളും അവിടെ അദ്ദേഹത്തിനനുഭവിക്കേണ്ടിവന്നിട്ടുണ്ടു്. ‘സുഹൃത്തു്’, ‘ജാതി’ എന്നീ രണ്ടു സംഗീത നാടകങ്ങൾ അദ്ദേഹം എഴുതുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഈ രണ്ടു നാടകങ്ങളുടെയും ദയനീയമായ പരാജയം കാണുമ്പോൾ അതിൽ ദേവിനു പൂർണ്ണനിർമ്മാണ സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നു വ്യക്തമാകുന്നതാണു്. കച്ചവടത്തിനും സ്ത്രീകളുമായുള്ള സ്വൈരവിഹാരത്തിനും വേണ്ടി മാത്രം നാടകക്കമ്പനികളുണ്ടാക്കുന്ന ചിലരുടെ വലയിലാണു് ദേവ് കുടുങ്ങിയതു്. അവസാനം ഒരുതരത്തിൽ ദേവ് അതിൽനിന്നു തലയൂരി. ഈ അനുഭവങ്ങളുടെ പാടുകൾ ദേവിന്റെ നാടകസാഹിത്യത്തിൽ ഉടനീളം കാണാവുന്നതാണു്—കുറവുകളിലും കഴിവുകളിലും ഒന്നുപോലെ. ഈ അനുഭവങ്ങളുടെ നേരിട്ടുള്ള സന്താനമാണു് ‘നാടകകൃത്തു്’. മലയാളസംഗീതനാടകവേദിയെപ്പറ്റി അതൊരു നല്ല പഠനവുമാണു്. അതിലുപരിയായി, ഗുണങ്ങളും ദോഷങ്ങളും ശരിയായി ഉയർത്തിക്കാണിക്കുന്നതരത്തിലുള്ള ഒരു വിമർശനം കൂടിയാണതു്—ദേവിന്റെ നാടകകലയെപ്പറ്റിത്തന്നെ.

വെറും കച്ചവടമനഃസ്ഥിതിക്കാരനായ ഒരു ‘പ്രൊപ്രൈറ്ററു’ടെ മുമ്പിൽ ആദർശശാലിയായ ഒരു നാടകകൃത്തിനു വേണ്ടിവരുന്ന എതിർപ്പുകളാണു് ഇതിവൃത്തം. കൈത്തോക്കുകളും അട്ടഹാസങ്ങളും, പൊട്ടലുകളും ധാരാളമായിട്ടുള്ള ഒരു ‘ചരിത്രം’ എഴുതിക്കിട്ടാൻ ആവശ്യപ്പെടുന്ന കമ്പനിയുടമസ്ഥനും, നാടകവും ഭ്രാന്തും തമ്മിൽ വേർതിരിപ്പാൻ കഴിവില്ലാത്ത നടീനടന്മാരും ചേർന്ന ആ സംഘത്തിന്റെ ചിത്രത്തേക്കാൾ നല്ല ഒരു വിമർശനം സംഗീതനാടകപ്രസ്ഥാനത്തെപ്പറ്റി മലയാളസാഹിത്യത്തിലുണ്ടായിട്ടില്ല. നായിക, നായകൻ, വില്ലൻ കൊമേഡിയൻ മുതലായ ടൈപ്പു് പാത്രങ്ങളും. അവരുടെ യാന്ത്രികസ്വഭാവവും വിചിത്രകലാബോധവും എല്ലാം തികഞ്ഞ റിയലിസത്തോടുകൂടി ചിത്രീകരിക്കാൻ ദേവിനു കഴിഞ്ഞിട്ടുണ്ടു്. നോട്ടിസെഴുത്തും. ‘ചരിത്രത്തിനു’ പേരിടീലും ‘വർണ്ണമട്ടു’കൾ തിരഞ്ഞെടുക്കുന്നതിലുള്ള ജാഗ്രതയും എല്ലാം കൂടി നോക്കിയാൽ ഹാസ്യനാടക പ്രസ്ഥാനത്തിൽ ദേവിന്റെ അദ്വീതിയസ്ഥാനം വ്യക്തമാകും. ഈ നാടകത്തിൽ പ്രത്യേകം ശ്രദ്ധിക്കുവാനുള്ള മറ്റൊന്നുണ്ടു്—നാടകകൃത്തിന്റെ നാടകീയവീക്ഷണം. സംഗീതനാടകത്തിന്റെ അനുഭവം കൊണ്ടു് ദേവിനു രംഗസ്ഥലത്തിന്റെ പരിമിതികളും സാദ്ധ്യതകളും വ്യക്തമായി മനസ്സിലായിട്ടുണ്ടു്. അദ്ദേഹത്തിന്റെ നാടകങ്ങൾ അഭിനയിക്കുമ്പോൾ രംഗത്തിന്റെ ഭൂരിഭാഗവും തരിശായിക്കിടക്കുന്ന പതിവില്ല. എന്നാൽ, രംഗത്തു വേണ്ടത്ര സ്ഥല സൗകര്യമില്ലെന്നു തോന്നുകയുമില്ല. എവിടെ നിന്നു പ്രവേശിക്കണം, ഏതു വഴി ഇറങ്ങിപ്പോകണം. ഈ പ്രശ്നങ്ങളൊന്നും അവിടെയില്ല. അതെല്ലാം മുൻകൂട്ടി കണ്ടുതന്നെയാണു് അദ്ദേഹം നാടകങ്ങൾ എഴുതുന്നതു്. അദ്ദേഹത്തിന്റെ കൃതികളിലെല്ലാം അഭിനയിക്കാനുള്ളതെന്തെങ്കിലുമുണ്ടായിരിക്കും. ഇത്രയധികം രംഗബോധമുള്ള മറ്റൊരു നാടകകൃത്തു് മലയാളത്തിലുണ്ടോ എന്നു സംശയമാണു്. ചിലതരം പാത്രങ്ങളെ സൃഷ്ടിക്കുന്നതിലും ദേവിനു് അസാമാന്യവൈദഗ്ദ്ധ്യമുണ്ടു്. പ്രത്യേകിച്ചും ഹാസ്യപാത്രങ്ങൾ. സംഭാഷണ രചനയിലും ദേവ് സമർത്ഥനാണു്. അദ്ദേഹത്തിന്റെ ചെറുകഥകളിൽ കാണുന്ന നിസ്സീമമായ സംഭാഷണശൈലി നാടകത്തിലേക്കും സംക്രമിച്ചിട്ടുണ്ടു്. കഴിവുള്ള നടന്മാരുടെ കൈയിൽ ദേവിന്റെ ചില പാത്രങ്ങൾ അതിപ്രഭയോടുകൂടി ശോഭിക്കും. ദേവിന്റെ ഫലിതവും ഉത്തമമാണു്. ഇത്രമാത്രമായിരുന്നെങ്കിൽ ദേവിനെ ഒരു തികഞ്ഞ നാടകകൃത്തായി ഗണിക്കാമായിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ സംഗീതനാടകത്തിന്റെ സ്വാധീനശക്തി അദ്ദേഹത്തെ ചില പരാജയങ്ങളിലേക്കും നയിച്ചിട്ടുണ്ടു്.

‘നാടകകൃത്തി’ലെ നായകൻ ഏറ്റവും കൃത്രിമമായ ഒരു ജീവിയാണു്. ‘കലാകാരൻ’ എന്നു പറഞ്ഞു് ഒരു പ്രത്യേകതരം ജീവിയുണ്ടെന്നു മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു മനുഷ്യൻ. പ്രൊപ്രൈറ്ററുടെ ചിത്രവും വളരെ സ്വാഭാവികമായിട്ടുണ്ടെന്നു പറഞ്ഞുകൂടാ. ഇവർ രണ്ടും കഥകളിയിലെ സല്പാത്രവും ദുഷ്പാത്രവും പോലെ അതിശയോക്തിപരമായിട്ടുണ്ടു്. ദേവിന്റെ നാടകസമ്പ്രദായത്തിൽ അതു കടുത്ത ഒരു അപരാധമല്ലെന്നു വേണമെങ്കിൽ പറയാം. കാരണം, ദേവിന്റെ നാടകങ്ങൾ പ്രൗഢനാടകങ്ങളല്ല. ‘ബർലെസ്കുകളാ’ണു് (ഒരുതരം ഹാസ്യനാടകം). പാത്രങ്ങൾക്കെല്ലാം അല്പം കൂടുതൽ ചായംതേച്ചു് രംഗത്തിറക്കുക. അവർ വ്യക്തികളായിട്ടല്ല അവതരിക്കുന്നതു്; ഓരോ ആശയത്തിന്റെ പ്രതിനിധികൾ അഥവാ പ്രതീകങ്ങൾ ആയിട്ടാണു്. ചിത്രീകരിക്കപ്പെടുന്ന സംഭവങ്ങളും യഥാർത്ഥത്തിൽനിന്നു കുറേക്കൂടി മുഴുപ്പിച്ചുകാണിക്കുന്നു. ഫലിതമാണു് ഈവക നാടകങ്ങളുടെ ജീവനാഡി. വെറുതെ ചിരിപ്പിക്കാനുള്ള ഫലിതമല്ല. വിമർശനപരമായ ആക്ഷേപഹാസ്യം. ഇതു സാധിക്കുന്നതിനുവേണ്ടിയാണു് വില്ലന്റെ മെലോഡ്രാമയും, കൊമേഡിയന്റെ വങ്കത്തവും രംഗത്തു് ഉദാഹരിച്ചുകാണിക്കുന്നതു്. ആ ലക്ഷ്യത്തിൽ ദേവ് തികച്ചും വിജയിക്കുന്നുണ്ടു്. അത്തരം രംഗങ്ങളിൽ നിന്നു പെട്ടെന്നു മൃദുലവികാരങ്ങളിലേക്കു സംക്രമിച്ചാൽ പ്രായേണ പരാജയമായിരിക്കും ഫലം. നാടകം മുഴുവനും ഫലിതമയമായി എഴുതാൻ അദ്ദേഹം തുനിഞ്ഞിരുന്നെങ്കിൽ വിശ്വോത്തരമായ കോമഡികൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞേനെ. മെലോഡ്രാമയെ പരിഹസിച്ചുകൊണ്ടെഴുതിയ നാടകത്തിൽത്തന്നെ അല്പമൊക്കെ മെലോഡ്രാമയുണ്ടു്. സംഗീതനാടകത്തെ സംബന്ധിച്ചിടത്തോളം, മെലോഡ്രാമ അത്രയൊരു തെറ്റല്ല. സംഗീതം തന്നെ അസ്വാഭാവികമാണു്. അക്കൂട്ടത്തിൽ കുറച്ചു് മെലോഡ്രാമയും കൂടിച്ചേർന്നാൽ വളരെ കൃത്രിമമാകയില്ല. പക്ഷേ, ഗദ്യനാടകത്തിനും സംഗീതനാടകത്തിനും രണ്ടാണല്ലോ മാനദണ്ഡം. ശബ്ദസാധകം ചെയ്യുകയെന്ന പതിവില്ലാത്ത നമ്മുടെ രംഗവേദിയിൽ ഇടയ്ക്കിടയ്ക്കെങ്കിലും കുറച്ചു ശബ്ദമുയർത്തി പറയുവാൻ അവസരം കൊടുത്തില്ലെങ്കിൽ അഭിനയം തീരെ നിർജജീവമായിത്തീരും. കാണികൾക്കെന്നല്ല നടനുതന്നെയും അതു ദുസ്സഹവുമാണു്. എങ്കിലും, ഗദ്യനാടകത്തിൽ മെലോഡ്രാമ പ്രയോഗിച്ചാൽത്തന്നെ അതിനു വളരെ പരിമിതികളുണ്ടു്. ചില സ്ഥലങ്ങളിൽ ദേവ് ഈ പരിധികൾ ലംഘിക്കുന്നില്ലേ എന്നു സംശയിക്കുവാൻ അവകാശമുണ്ടു്. ഇതിനും പുറമെ, ‘നാടകകൃത്തി’ൽ പാട്ടുകൾ ചേർത്തതു് ക്ഷന്തവ്യമല്ല. അതിൽനിന്നു് ഒളിച്ചോടിയിട്ടും സംഗീതനാടകത്തിന്റെ ദുർഭൂതം ദേവിനെ ബാധിച്ചു എന്നുമാത്രമാണതിനർത്ഥം. ‘നാടകകൃത്തിനൊ’രു ചരിത്രമുണ്ടു്. ആ കഥ ദേവിന്റെ വിജയത്തെയും പരാജയത്തെയും ഒരുപോലെ കാണിക്കുന്നുണ്ടു്. സംഗീതനാടകത്തോടുള്ള തീവ്രപ്രതിഷേധത്തിന്റെ ഫലമായി ദേവ് ‘റിഹേഴ്സൽ ക്യാമ്പ്’ എന്ന പേരിൽ ഒരു ഏകാങ്കനാടകമെഴുതി. സർവഥാ പരിപൂർണ്ണമായ ആ ഏകാങ്കിയുടെ ഊതിവീർപ്പിച്ച രൂപമാണു് ‘നാടകകൃത്തു്’. രവിയുടെ ജീവിതത്തിന്റെ ചില വശങ്ങൾകുടി കൂട്ടിച്ചേർത്തപ്പോൾ നാടകത്തിന്റെ അംഗിയായ രസം ഫലിതത്തിൽനിന്നു മറ്റെന്തിലേക്കോ മാറി. അവിടെ പരാജയവും ആരംഭിച്ചു.

ദേവിന്റെ മറ്റു നാടകങ്ങളും പ്രതിഷേധത്തിന്റെ നാടകങ്ങളാണു്. ‘മുന്നോട്ടു്’ ചിത്രീകരിക്കുന്നതു് ദേശീയവാദത്തിന്റെ അടിസ്ഥാനസ്വഭാവമായ സ്വാർത്ഥതയെയാണു്. ഉള്ളവനും ഇല്ലാത്തവനും കൂടിച്ചേർന്നു സ്വാതന്ത്ര്യസമരം നടത്തി. വിജയത്തിലെത്തിയപ്പോൾ കാണാം, ദേശീയമുതലാളി തലേന്നുവരെ വിദേശീയരോടു സമരം ചെയ്തുകൊണ്ടിരുന്ന തൊഴിലാളിയുടെമേൽ കുതിര കയറുന്നതു്. ദേവിന്റെ ഏറ്റവും വിജയകരമായ നാടകം ഇതാണു്. ഈ നാടകത്തിൽ സംഗീതനാടകത്തിന്റെ പാരമ്പര്യമേ കാണുന്നില്ല. പലയിടങ്ങളിലും പാത്രസൃഷ്ടി കുറേക്കൂടി നന്നാക്കാൻ കഴിയുമായിരുന്നു. എങ്കിലും, ആകെകൂടി എടുത്തുനോക്കിയാൽ മലയാളത്തിലെ ഏറ്റവും നല്ല നാടകങ്ങളിൽ ഒന്നു് ‘മുന്നോട്ടു്’ ആണെന്നു പറയാം. അഭിനയിക്കുവാനും ‘മുന്നോട്ടു്’ ഉത്തമമാണു്. പക്ഷേ, അഭിനയത്തിന്റെ കാര്യത്തിൽ നാടകത്തിന്റെ മേന്മ മാത്രമല്ലല്ലോ നോക്കേണ്ടതു്. സാധാരണക്കാരന്റെ കലാബോധവും നാട്ടിലെ പൗരസ്വാതന്ത്ര്യത്തിന്റെ നിലവാരവുമാണു് ആദ്യത്തെ നിബന്ധനകൾ.

‘പ്രധാനമന്ത്രി’ അത്രയധികം വിജയിച്ചിട്ടുണ്ടെന്നു പറയുക സാദ്ധ്യമല്ല. നീറുന്ന ഒരു അനീതിയാണു് വിഷയം. പക്ഷേ, അതിനുവേണ്ടത്ര ശക്തി ചെലുത്താൻ കഴിഞ്ഞിട്ടില്ല. പാത്രങ്ങളുടെ ഹാസ്യചിത്രങ്ങളാണു് പ്രധാനമന്ത്രിയിൽ കാണുന്നതു്. ഈ നാടകത്തിൽ അദ്ദേഹം ശ്രമിച്ചതു് ഗംഭീരമായ ഒരു ദുരന്തനാടകം രചിക്കാനാണു്. സാധിച്ചതോ ഒരു പ്രഹസനസൃഷ്ടിയും. ദേവ് ‘പ്രധാനമന്ത്രി’യെ വെറുക്കുന്നു. ബഹുജനപ്രാതിനിധ്യവും പേറി ചൂഷണത്തിനു നടക്കുന്ന സകല സ്വാർത്ഥമതികളെയും വെറുക്കുന്നു. അതു ന്യായവുമാണു്. പക്ഷേ, ഒരു നാടകകൃത്തു് തന്റെ പാത്രങ്ങളോടു നിഷ്പക്ഷതയുള്ളവനായിരിക്കണം. അയാൾക്കു കക്ഷിപിടിക്കാൻ അവകാശമില്ല. തന്റെ പാത്രങ്ങൾക്കു പച്ചയും താടിയും കൊടുത്തു പുറത്തിറക്കിയാൽ അതു യാഥാർത്ഥ്യത്തിന്റെ ചിത്രമായിരിക്കുകയില്ല, കാരിക്കേച്ചറായിരിക്കും, ഫലിതമെന്ന നിലയിൽ അതു വിജയിക്കും. അതിനു് ആശയപരമായ മൂല്യവുമുണ്ടു്. പക്ഷേ, പ്രൗഢനാടകമെന്നനിലയിൽ അതിനു മെച്ചം കുറവാണു്. അഥവാ ഒട്ടും തന്നെയില്ല. പ്രധാനമന്ത്രിയുടെ മക്കളാണു് ‘തസ്കരസംഘ’വും, ‘മന്ത്രിയാക്കല്ലേ’യും. ഇവയിലെല്ലാം പൊതുവേ പാത്രസൃഷ്ടിയിൽ പരാജയം സംഭവിച്ചിട്ടുണ്ടു്. ചില പ്രത്യേകവ്യക്തികളുടെ ചിത്രീകരണത്തിനു ശ്രമിച്ചതുകൊണ്ടാണിങ്ങനെ വന്നതു്. പാത്രസൃഷ്ടിയിൽ മാതൃക കണ്ടെടുക്കുന്ന സമ്പ്രദായം തെറ്റല്ല. എങ്കിലും. മാതൃകകളുടെ ആന്തരികസ്വഭാവമല്ലാതെ പുറമെയുള്ളതൊന്നും അനുകരണയോഗ്യമല്ല. പ്രത്യേകിച്ചും പേരുകൾ അനുകരിക്കുന്ന സമ്പ്രദായം നിഷിദ്ധമാണു്. അതിൽ ബ്ലാക്ക് മെയിലിങ്ങിന്റെ ചുവ വരുന്നുവെന്നു മാത്രമല്ല കുഴപ്പം. താൽക്കാലികമായ അതിന്റെ പ്രാധാന്യം കുറഞ്ഞുകഴിഞ്ഞാൽ കൃതിതന്നെ വിസ്മരിക്കപ്പെട്ടേക്കാം. എന്നല്ല, മാതൃകയായി എടുത്ത വ്യക്തിതന്നെ സാഹചര്യത്തിനടിമപ്പെട്ടു സമൂലം മാറിക്കൂടെന്നുമില്ല.

നാടകങ്ങളിൽനിന്നു് ഏകാങ്കികളിലെത്തുമ്പോൾ ചെറുകഥകളിലെ ദേവിനെ നാം ഒരിക്കൽക്കൂടി കാണുന്നു. ‘സമരകവി’ എന്ന സമാഹാരത്തിലെ രണ്ടെണ്ണം സംഭാഷണപ്രധാനമായ ചെറുകഥകളാണെന്നുതന്നെ പറയാം. ‘ഇരുളിന്റെ മറവിൽ’ എന്ന കൃതി ജീവിതാവശ്യത്തിനു വേണ്ടത്ര കൂലി കിട്ടാതെയും, എന്നാൽ ആശകൾ അമർത്താനും കഴിയാതെ ഒരു ചില്ലറമോഷണത്തിനു പ്രേരിതനാകുന്ന ഒരു തൊഴിലാളിയുടെ ചിത്രമാണു്. ശങ്കു ഒരു കോഴിയെ മോഷ്ടിക്കുന്നു. പക്ഷേ, അതു പാകംചെയ്യുവാൻ വേണ്ടത്ര മുളകുപോലും അയാളുടെ കുടിലില്ല. ഒരു തരത്തിൽ അതു ചവച്ചിറക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരു ‘ദരിദ്രവാസി’ വലിഞ്ഞുകയറി വരികയാണു്. ഒടുവിൽ ശങ്കുവും പൊറിഞ്ചുവും ‘മാവുംതറ ഭഗവതി’യേയും ‘മാതാവി’നേയും സാക്ഷി നിർത്തി ഭക്ഷിക്കലാണോ ഛർദ്ദിക്കലാണോ എന്നു തീർത്തു പറഞ്ഞുകൂടാത്ത ഒരു വിരുന്നു കഴിക്കുന്നു. ഈ കഥയ്ക്കു നാടകത്തിന്റെ രൂപമുണ്ടു്. പക്ഷേ, നാടകമായി അതു വിജയിക്കാൻ വിഷമമാണു്. പ്രത്യേകിച്ചും അവർ ഛർദ്ദിക്കുന്ന രംഗം അഭിനയിക്കാൻ എളുപ്പമല്ല. ചെറുകഥയെന്ന നിലയിലാണെങ്കിൽ ‘ഇരുളിന്റെ മറവിൽ’ ഒരു ഉത്തമസൃഷ്ടിയായിരുന്നേനെ.

‘ഫാക്ടറിയിലേക്കു്’ എന്നതിന്റെ കഥയും ഇതുതന്നെ. റീത്തയുടെയും ലക്ഷ്മിയുടെയും അതിരുകടന്ന സന്മാർഗ്ഗബോധം ദുസ്സഹമാണു്. പരാജയപ്രസ്ഥാനത്തിലേക്കു് ഒളിച്ചുകടത്തപ്പെട്ട റൊമാന്റിസിസമാണതു്. അതിനും പുറമെ അതൊരു നാടകമേയല്ല. ഒരൊന്നാന്തരം ചിത്രമാണു്. ‘പുളുവൻ’ ആണു് സമരകവിയിലെ ഏറ്റവും നല്ല ഏകാങ്കി. ദേവിന്റെ ഫലിതത്തിനും പാത്രസൃഷ്ടിക്കും വേണ്ട അവസരം നൽകുന്ന ഒരു കഥയാണതു്. അഭിനയത്തിനു് അതു നല്ലതാണു്. അതിലെ ‘കോലോത്തു്’ എന്ന ജന്തു, നിർഭാഗ്യവശാൽ സാധാരണജീവിതത്തിൽ പലപ്പോഴും കാണേണ്ടതായി വരുന്ന ഒന്നാണു്. ഖദർ, സഹകരണസംഘം, പ്രണയം, അക്രമരാഹിത്യം, പത്രപ്രവർത്തനം എന്നിങ്ങനെ പല ശരങ്ങളും ആവനാഴിയിലുള്ള ഒരു വിചിത്രസൃഷ്ടിയാണതു്. തലയുടെ ഒരു വശത്തു് കൈകൾകൂപ്പി വഴിയിൽ കാണുന്നവരുടെയെല്ലാം തലയ്ക്കു് ‘നമസ്തെ’യുമെറിഞ്ഞുപിടിപ്പിച്ചുകൊണ്ടു വരുന്ന ആ സ്വരൂപത്തിനു പല്ലു വാടിപ്പോകാത്തതു് ഒരത്ഭുതമാണു്. പലരും ഈയാളെ ചിത്രീകരിച്ചിട്ടുണ്ടു്. എങ്കിലും, ദേവിന്റെ കോലോത്തും ബഷീറിന്റെ ജേർണലിസ്റ്റും ആണു് ഏറ്റവും മെച്ചപ്പെട്ടതു്. ‘അദ്ധ്യാപിക’യുടെ കാര്യത്തിൽ ഒന്നു പറയേണ്ടതുണ്ടു്. കമലാക്ഷിയുടെ നിലയിലെത്തിയ ഏതെങ്കിലും സ്ത്രീ ആ ഭയങ്കരമരുന്നു നിഷേധിക്കുമോ എന്നു സംശയമാണു്. അങ്ങനെ ചെയ്യുന്നതിനു സമാധാനമായി അവളും നാടകകൃത്തുംകൂടി ഉന്നയിക്കുന്ന തത്ത്വശാസ്ത്രം ഏട്ടിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നു പറയാം. ദേവിന്റെ ഫലിതബോധത്തിന്റെ മറ്റൊരു സന്താനമാണു് ‘വക്കീലും ഗുമസ്തനും.’ സമരകവിയിലെ കവി കവിയല്ല. ഒരു ഭയങ്കര യുദ്ധരംഗത്തിലെ ബഹളത്തിന്റെ നടുവിൽ സകലതും മറന്നു് പ്രഭാതാരുണിമയിൽ ലക്ഷോപലക്ഷം ഭടന്മാരുടെ രക്തവും കണ്ടു് അങ്ങനെ ‘കഞ്ചാവു്’ പോലെയിരിക്കുന്നവൻ കവിയല്ല; ഭ്രാന്തനാണു്. യുദ്ധരംഗത്തിന്റെ നടുവിൽ പ്രഭാതത്തിന്റെ മനോഹാരിതയിൽ ലയിച്ചു് എങ്ങനെ ഒരു മനുഷ്യൻ ഇരിക്കും? ദേവിന്റെ കവിക്കു സമരമെന്താണെന്നു നിശ്ചയമില്ല. അഞ്ചാംപത്തിക്കാർ പാരച്യൂട്ടു വഴി ഇറങ്ങുന്ന ആ രംഗത്തിൽ തൂലികയും ഉയർത്തിപ്പിടിച്ചുകൊണ്ടുനടക്കുന്ന കവി എന്തൊരു ‘നൊസ്സ’ നാണു്. പോരെങ്കിൽ പാസ്പോർട്ടും കൈയിൽവെച്ചുകൊണ്ടു് അയാൾ കൃത്യനിർവഹണത്തിലേർപ്പെട്ടിരിക്കുന്ന ഭടന്മാരെ മിനക്കെടുത്തുകയാണു്. ഇതു കണ്ടാൽ തോന്നും സകല കവികളുടെയും നെറ്റിയിൽ എന്തോ പരസ്യപ്പലകയുണ്ടെന്നു്. ഈ നാടകത്തിൽ അന്തരീക്ഷസൃഷ്ടിയും വളരെ മോശമാണു്. രംഗനിർദ്ദേശങ്ങളിലല്ലാതെ യുദ്ധത്തിന്റെ പുകയും തീയും കാണാനില്ല. ദീർഘമായ ഒരു വാദപ്രതിവാദത്തിനോ തത്ത്വചിന്തയ്ക്കോ ഉള്ള അവസരം അവിടെയുണ്ടാകയില്ല. മുറിഞ്ഞ വാചകങ്ങളും വാക്കുകളും, സദാ ചലനാത്മക സംഭവങ്ങളുമില്ലെങ്കിൽ ഒരു യുദ്ധത്തിന്റെ പ്രതീതിയുണ്ടാകാൻ പ്രയാസമാണു്.

അവയുടെ കുറവുകളും മേന്മകളുമുൾപ്പെടെ ദേവിന്റെ നാടകങ്ങൾക്കു് ഒരു വ്യക്തിമുദ്രയുണ്ടു്.

സി ജെ തോമസിന്റെ ലഘു ജീവചരിത്രം

Colophon

Title: Kesavadevinte Nadakarithi (ml: കേശവദേവിന്റെ നാടകരീതി).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-04-08.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Kesavadevinte Nadakarithi, സി ജെ തോമസ്, കേശവദേവിന്റെ നാടകരീതി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 7, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Appeal by In\^es de Castro, a painting by Vieira Portuense (1765–1805). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Proofing: Lalitha Gouri; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.