നന്ദരാജാക്കന്മാരുടെ കാലത്തു്, ഒരു പെൺകുട്ടിക്കു് അൽപാല്പമായി വിഷംകൊടുത്തു് അവളുടെ ശരീരം മുഴുവനും വിഷപൂർണ്ണമാക്കിത്തീർത്തുവെന്നു് ഐതിഹ്യം പറയുന്നു. വിഷത്തിന്റെ ശക്തികൊണ്ടു്, അവൾ ആരെയെങ്കിലും ആശ്ലേഷിച്ചാൽ അയാൾ വിഷബാധയേറ്റു മരിച്ചുപോകുമത്രേ. ഇതു ചന്ദ്രഗുപ്തനെ വധിക്കുവാൻ കണ്ടുപിടിച്ച ഒരുപായവുമായിരുന്നു. ഇങ്ങനെയൊരു വിഷകന്യകയാണു് ശ്രീ. പൊറ്റേക്കാട്ടിന്റെ പുതിയ നോവലിലെ പ്രതിപാദ്യം. ഒരു പെണ്ണിന്റെ പടം പുറം ചട്ടയിൽ കൊടുത്തിട്ടുണ്ടു്, അകത്തുള്ള ഒരു മാധവിയുടെ പ്രതിബിംബമായിട്ടു്. അതല്ല പൊറ്റേക്കാട്ടിന്റെ വിഷകന്യക. മാധവി ഒരു പ്രതീകം മാത്രമാണു്. യഥാർത്ഥ വിഷകന്യക മാധവിയുടെ പുറകിൽ നിരന്നു നിവർന്നുകിടക്കുന്ന പശ്ചാത്തലമാണു്. വർണ്ണനാചാതുരിയിൽ വിദഗ്ദ്ധമായ പൊറ്റേക്കാട്ടിന്റെ തൂലിക മലബാറിലെ തരിശുനിലങ്ങളെ സ്തുത്യർഹമാംവണ്ണം ചിത്രീകരിച്ചിട്ടുണ്ടു്. അവയുടെ സസ്യശ്യാമളമായ അന്തരീക്ഷവും ഫലഭൂയിഷ്ഠമായ മണ്ണും എല്ലാം വിഷകന്യകയുടെ വശീകരണോപായങ്ങളാണു്. ആ മാരകശക്തി എങ്ങിനെ പ്രവർത്തിക്കുന്നുവെന്നതാണു് നോവലിലെ കഥ. ആരാണു് ഈ വിഷകന്യകയുടെ ഇരകൾ; അതിനുത്തരം നല്കേണ്ടതു മറ്റൊരു രാജ്യമാണു്.
തിരുവിതാംകൂർ ഇന്ത്യയിലെ ഒരു ചെറിയ നാട്ടുരാജ്യമാണു്. ആകെ ഏഴായിരത്തിൽ ചില്വാനം ചതുരശ്രനാഴികയേ അതിനു വിസ്തീർണ്ണമുള്ളു. പക്ഷേ, മണ്ണും കല്ലും എന്നതിൽ കവിഞ്ഞ ഒരു തിരുവിതാംകൂറുണ്ടു് —മനുഷ്യരുടെ ഒരുകൂട്ടം, അറുപത്തഞ്ചു ലക്ഷമെന്ന സംഖ്യ വലിയ സംഖ്യകളുള്ള ഇന്ത്യയിൽ അത്രകാര്യമായി തോന്നുകയില്ല. എങ്കിലും, തിരുവിതാംകൂറിലെ ജനസംഖ്യ ഫിൻലാന്റിന്റെ ഇരട്ടിയാണെന്നോ ആസ്ത്രേലിയായുടെ ജനസംഖ്യയാണെന്നോ എല്ലാം പറയുമ്പോൾ മനസ്സിലാകും ആ ജനസംഖ്യയുടെ ഭാരിച്ച കനം. ഇത്ര ചെറിയ ഒരു രാജ്യത്തു കൃഷിക്കു സ്ഥലമില്ലാതിരിക്കുക വളരെ സഹജമാണല്ലോ. മധ്യതിരുവിതാംകൂറിലും വടക്കൻ തിരുവിതാംകൂറിലും ഉള്ള കൃഷിക്കാരിൽ ഭൂരിപക്ഷത്തിനും കൃഷിചെയ്യാൻ സ്ഥലമില്ല. രാജ്യത്തിന്റെ മൂന്നിലൊന്നു വരുന്ന വനമാണെങ്കിൽ ഗവണ്മെന്റ് ഭൂതം നിധികാക്കുന്നതുപോലെ വെച്ചുകൊണ്ടിരിക്കുകയുമാണു്! ഈ പരിതസ്ഥിതിയിലാണു് വടക്കുമലബാറെന്നൊരു സ്ഥലമുണ്ടെന്നും അവിടെ വളരെ ചുരുങ്ങിയ വിലയ്ക്കു സ്ഥലംകിട്ടുമെന്നും ഉള്ള വാർത്ത അവരുടെ ചെവിയിൽ എത്തുന്നതു്—ജോൺ സ്റ്റീൻബെർക്കിന്റെ ‘കോപത്തിന്റെ കനികൾ’ എന്ന നോവലിലെ ഓക്ലാഹോമായിൽ നിർദ്ധനരായിത്തീർന്ന കർഷകർ കാലിഫോർണിയയിൽ സ്ഥലമുണ്ടെന്നു കേൾക്കുന്നതുപോലെ. ഓക്ലാഹോമക്കാർ കൂട്ടത്തോടെ കാലിഫോർണിയയിലേക്കു് പ്രയാണമാരംഭിച്ചു; തിരുവിതാംകൂർ കൃഷിക്കാർ മലബാറിലേക്കും. ഈ പ്രയാണമാണു് ‘വിഷകന്യക’യിലെ ആദ്യഭാഗം. തിരുവിതാംകൂറിലെ ഒരു ഗ്രാമത്തിൽനിന്നു കുലുങ്ങിക്കുലുങ്ങിവരുന്ന ഒരു വണ്ടിയുടെ കൂടെ ശ്രീ. എസ്. കെ. പുറപ്പെടുന്നു. വഴിയ്ക്കു മറ്റു യാത്രക്കാരെയുംകൂട്ടി ആ സംഘം മലബാറിലെത്തുന്നു. അവരാരും വീരസാഹസകഥകൾ തേടി പുറപ്പെടുന്നവരല്ല. വെറും ജീവിതത്തിനുവേണ്ടിമാത്രം കൃഷിചെയ്യുവാൻ മണ്ണു് അന്വേഷിച്ചു് ഇറങ്ങിത്തിരിക്കുകയാണു്. ആ തീർത്ഥാടകരുടെ മാനസികപശ്ചാത്തലത്തിലേയ്ക്കു ചുഴിഞ്ഞിറങ്ങാൻ ശ്രീ. പൊറ്റേക്കാട്ടിനു കഴിഞ്ഞിട്ടുണ്ടു്. അവർക്കു് ആശകളുണ്ടു്, ആശങ്കകളും. ഒരു പുതിയ സാമ്രാജ്യം വെട്ടിപ്പിടിക്കാൻ പോകുന്ന അവർ അജ്ഞാതമായ പല അപകടങ്ങളെയും ഭയപ്പെടുന്നുണ്ടു്. എങ്കിലും, നെഞ്ഞൂക്കുള്ള മറ്റേതു വർഗ്ഗത്തിനുമെന്നപോലെ ആശകളാണു് അവരിൽ മുന്നിട്ടുനില്ക്കുന്നതു്. തലമുറകളായി കരിങ്കൽപാറകൾ ഇടിച്ചുനിരത്തി കൃഷിസ്ഥലങ്ങളാക്കിത്തീർത്ത പാരമ്പര്യം അവർക്കു് ആത്മധൈര്യം നല്കുന്നുണ്ടു്. നീണ്ട യാത്രയിൽ ഓരോ ഘട്ടത്തിലും അവർക്കു് അസുഖകരമായ അനുഭവങ്ങൾ ഉണ്ടാകുന്നു. ആലുവായ്ക്കുള്ള ബസ്സിലെ കണ്ടക്ടറുടെ പെരുമാറ്റവും, ചവുക്കയിലെ എക്സൈസുകാരുടെ കൈക്കൂലിയും, തീവണ്ടിയിലെ തിരക്കും എല്ലാംചേർന്നു് ഒരു പ്രത്യേകമാനസികാവസ്ഥയിലാണു് അവർ മലബാറിലെത്തുന്നതു്. അങ്ങിനെ കഥയുടെ രണ്ടാംഭാഗം ആരംഭിക്കുന്നു.
കുടിയേറിപ്പാർപ്പുകാരുടെ ഗുണവും ദോഷവും ഒന്നും ശ്രീ. പൊറ്ററേക്കാട്ടു് മറച്ചുവെക്കുന്നില്ല. അവർക്കു പൊതുവേയുള്ള സ്വഭാവം ഭയവും സംശയവുമാണു്. മതത്തിലും, സംസ്കാരത്തിലും ആകെകൂടി ഭിന്നമായ ഒരു രാജ്യത്താണു് അവരെത്തിയിരിക്കുന്നതു്. ഉച്ചാരണരീതിതന്നെ ഭിന്നമായതുകൊണ്ടു്, വന്നവരും നാട്ടുകാരും തമ്മിൽ അകൽച്ചയ്ക്കൊരു കാരണം ആദ്യമേ ഉണ്ടാകുന്നു. വന്നവർക്കാണെങ്കിൽ നാട്ടുകാരെപ്പറ്റി വളരെ പുച്ഛമാണു്. ഇത്ര നല്ലസ്ഥലം വെറുതേയിട്ടു പട്ടിണി കിടക്കുന്ന മഠയന്മാർ എന്നാണവർ വിചാരിക്കുന്നതു്. ഇതിനൊക്കെ പുറമേ മലബാറിലെ ജന്മിമാർ കുപ്രസിദ്ധരുമാണല്ലോ. ഇങ്ങിനെ സ്വാഗതരഹിതമായി വന്നുകയറിയ ആ അതിഥികളുടെ ജീവിതം ‘വിഷകന്യക’യിൽ പ്രത്യംഗം വർണ്ണിച്ചിട്ടുണ്ടു്. അതൊരു സമരത്തിന്റെ ചരിത്രമാണു്—മനുഷ്യന്റെ മഹിമയേറിയ ഒരു ഐതിഹാസികസമരം. കാക്കിയും പെരുമ്പറയുംകൊണ്ടല്ല, മനുഷ്യനെ കുത്തിക്കീറിയിട്ടല്ല, മനുഷ്യന്റെ നെഞ്ചുകൊണ്ടു കരിങ്കല്ലിടിച്ചുപൊടിച്ചു പ്രകൃതിയെ കയ്യടക്കിയിട്ടു്, മലബാറിലെ തരിശുനിലങ്ങൾ ഓരോന്നായി തെളിയുന്നു, ഓണംകേറാമൂലകൾ കൃഷിസ്ഥലങ്ങളായി മാറുന്നു. അതാ, ആ മറിയത്തിനെ നോക്കൂ ഉദയംമുതൽ അസ്തമയംവരെ അവർ പണിയെടുക്കുകയാണു്. ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുകയാണു്. മറിയത്തിന്റെ—മറിയം പ്രതിനിധീകരിക്കുന്ന കർഷകവർഗ്ഗത്തിന്റെ—ദൈവം മണ്ണാണു്. അവർക്കു വഴിയും സത്യവും ജീവനും മണ്ണാണു്; അതു കൊടുക്കുന്ന എന്തിനേയും അവർ സ്വീകരിക്കും. അതിനെ അവരിൽനിന്നു് എടുത്തുകളയുന്ന എന്തിനേയും, ചൈനീസ് ജനതയെപ്പോലെ, അവർ തൂത്തുമാറ്റും. അങ്ങിനെ സമരത്തിന്റെ ഒന്നാമങ്കം വിജയകരമായി നടന്നു. കാടും പള്ളവും വെട്ടിത്തെളിച്ചു, നരിയേയും പാമ്പിനേയും ഓടിച്ചു് അവർ അധിവാസമുറപ്പിച്ചു. കൂണുപോലെ അവിടവിടെ കാണുന്ന കുടിലുകൾ ഒരു പുതിയതരം സൈന്യത്തിന്റെ കൂടാരങ്ങളാണു്. വിഷകന്യക കടാക്ഷിച്ചു, കൈമാടിവിളിച്ചു. വരേണ്ടവർ വന്നു. ആശ്ലേഷത്തിനും താമസമുണ്ടായില്ല.
മൂന്നു വഴിയായിട്ടാണു് വിഷം കയറിത്തുടങ്ങിയതു്. ഒരു വശത്തുനിന്നു് പുല്ലുപറിച്ചു് സ്ഥലം വൃത്തിയാക്കുന്ന മറിയം കണ്ടതു് മറുവശത്തുനിന്നു് പടർന്നുപിടിച്ചുവരുന്നതാണു്. അതങ്ങിനെ ചാകാത്ത ഒരുതരം പുല്ലാണു്. അതിനെ മനുഷ്യന്റെ വിയർപ്പിൽ മുക്കിക്കൊല്ലുകയല്ലാതെ ഗത്യന്തരമില്ല. വളരെ കഷ്ടിച്ചു എവിടെയെങ്കിലും അല്പം കൃഷി ചെയ്താൽ അതു് കാട്ടുപന്നിക്കു് ഒരു നായാട്ടുരംഗമായി തീരും. പന്നി ബാക്കിവെച്ചതു് വിളവെടുക്കാറാകുമ്പോഴേക്കും മലമ്പനി വന്നു കൃഷിക്കാർ ചത്തുതുടങ്ങുകയായി. ഈ വിഷജ്വാലകളേറ്റു് കുടിയേറ്റക്കാർ ഒട്ടുമുക്കാലും ചാവുകയാണു് ചെയ്യുന്നതു്. നാമാവശേഷമായിപ്പോയിട്ടുള്ള കുടുംബങ്ങളുടെ കണക്കു് ഒരു പട്ടികയിലും ഒതുങ്ങുകയില്ല. ഈ രംഗം പ്രകൃതിയുടെ ചുടലനൃത്തമാണു്. ഇതാണു് ‘വിഷകന്യക’യിൽ ഏറ്റവും വിശദമായി കാണിച്ചിരിക്കുന്ന കാര്യം. ഇതോടുകൂടി ശ്രീ. പൊറ്റേക്കാട്ടു് കഥ നിറുത്തുകയാണു്. വിഷകന്യക അന്ത്യവിജയം സമ്പാദിച്ചതായി നോവലിൽ കാണുകയില്ല. വിഷകന്യകയെ ഭയപ്പെട്ടു് ഓടുന്ന അന്തോണിയുടെ ചെവിയിൽ വന്നലയ്ക്കുന്നതു്, മരംവെട്ടൂന്ന ശബ്ദമാണു്. ആ സമരമവസാനിച്ചിട്ടില്ല. മനുഷ്യരുടെ സംഖ്യാബലം കൊണ്ടോ ദൃഢനിശ്ചയം കൊണ്ടോ വിഷത്തിന്റെ ശക്തിയാണുകുറയുന്നതു്. പ്രകൃതിയാണു പരാജയപ്പെടുന്നതു്. എങ്കിലും വിജയം പൂർണ്ണമായിട്ടില്ല. ഈ നോവലിനു് ഒരു ഭാഗംകൂടിയുണ്ടാവാനുള്ള ലക്ഷണങ്ങൾ ‘വിഷകന്യക’യിൽ കാണുന്നുണ്ടു്.
ഐതിഹാസികമായ ഒരു വിഷയമുണ്ടെങ്കിലേ ഒരു നോവൽ നന്നാവൂ എന്നു് റാൽഫ് ഫോക്സ് പറഞ്ഞിട്ടുണ്ടു്. ശതാബ്ദങ്ങളായി പൂജിക്കപ്പടുന്ന അടിമത്വവും കഞ്ചാവിലും കഷ്ടമായ ഒരു മതവുമായി കഴിയുന്ന കേരളത്തിൽ ഐതിഹാസിക സംഭവങ്ങൾ അധികമില്ല. കുറച്ചുള്ളതിൽ വളരെ നല്ല ഒന്നാണു് ശ്രീ. പൊറ്റെക്കാടു് നോവലിനുവേണ്ടി തെരഞ്ഞെടുത്തതു്. അതിൽ ശ്രീ. പൊറ്റെക്കാട്ടിനെ അഭിനന്ദിക്കുകതന്നെ വേണം. പ്രത്യേകിച്ചൊരു നായകനും നായികയുമില്ലാതെ ഒരു ജനതയുടെ ജീവിതസമരംതന്നെ ഇതിവൃത്തമാക്കിയെടുത്ത നോവലുകൾ വളരെ കുറയും. പേൾ ബക്കിന്റെ ‘നല്ല മണ്ണു്’ എന്ന നോവലിലും കൃഷിക്കാരൻ മണ്ണിനെ ദൈവമാക്കുന്നതു് കാണിച്ചിട്ടുണ്ടു്. പക്ഷേ, അവിടെ ഒരു വ്യക്തിക്കു് പ്രാധാന്യം കൊടുത്തിട്ടുണ്ടു്. കഥാഘടന പരിപൂർണ്ണമായിട്ടുണ്ടെന്നു പറയാൻ നിവർത്തിയില്ല. അനാവശ്യമായ ഒരു അപസർപ്പകകഥയും, ‘അറബി’ക്കഥയും മറ്റും വലിച്ചുകൊണ്ടുവന്നതു കൊണ്ടാണെന്നുതോന്നുന്നു ഏകാഗ്രതയ്ക്കു് വല്ലാത്ത കോട്ടം സംഭവിച്ചിട്ടുണ്ടു്. കള്ളനോട്ടടിയും ശിക്കാരിയും ബാലിശമായ കഥകളാണെന്നു് ശ്രീ. പൊറ്റെക്കാട്ടു് അറിയാഞ്ഞിട്ടല്ല. നാട്ടിലുള്ള അമേരിക്കക്കാർക്കുകൂടി എന്തെങ്കിലും ഇരിക്കട്ടെ എന്നു് ശ്രീ. പൊറ്റെക്കാട്ടു് കരുതിയിട്ടായിരിക്കണം വിഷകന്യകയായി പ്രവേശിക്കുന്ന മാധവിക്കു് കഥയിൽ ഒരു പ്രത്യേകസ്ഥാനമുണ്ടു്. വളരെ വ്യത്യസ്തമായ ഒരു സന്മാർഗ്ഗമുറയുടെ പ്രതിനിധിയാണവൾ. മാധവിയുടെ സ്വഭാവചിത്രീകരണവും ഒന്നാംതരമായിട്ടുണ്ടു്. പക്ഷേ, മാധവിയെപ്പറ്റിയുള്ള ഉപകഥ മനശാഃസ്ത്രപരമായി നന്നായിട്ടില്ല. മാധവി ഒരു വിഷകന്യകയല്ല. പുരുഷസ്പർശമേല്ക്കാൻ കൊതിക്കുന്ന ഒരു പെണ്ണുമാത്രം. പോരെങ്കിൽ അന്തോണിയുടെ ചിത്രം ശരിയായിട്ടുമില്ല. അന്തോണിയെപ്പോലുള്ള ആളുകൾ ഇല്ലെന്നല്ല. ഭീരുത്വവും, സ്ത്രീവിദ്വേഷവും, മതവൈരാഗ്യവും എല്ലാം കൂടിച്ചേർന്ന ചില സത്വങ്ങൾ അങ്ങിനെയുണ്ടു്. പക്ഷേ, അവർക്കു് ഒരിക്കലും മാധവിയുടെ ആഗ്രഹങ്ങളെ ചെറുക്കാൻ ശക്തിയുണ്ടാവില്ല. പ്രത്യേകിച്ചും, അന്നത്തെ രാത്രിയിലെ ആ സംഭവം കഴിഞ്ഞു് അവൻ അവളുടെ അടിമയായിത്തീരുകയേ ഉള്ളൂ. ഉള്ളിൽവേണ്ടത്ര ബലമില്ലാത്തവരാണു് പുറത്തു അസഹ്യമായ സന്മാർഗ്ഗം ആചരിക്കുന്നതു്. മാധവിയുടെ മുമ്പിൽ നിവർന്നുനില്ക്കാൻതന്നെ അന്തോണിക്കു് കഴിയുന്നില്ല. അന്തോണിയുടെ സന്മാർഗ്ഗബോധം ആത്മാവിൽ നിന്നുവരുന്ന ഒരു പ്രചോദനമല്ല, നിത്യവും വായിക്കുന്ന ബൈബിളിൽ നിന്നു് കടംവാങ്ങിയതാണു്.
പ്രതിപാദനരീതിയിൽ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ടു്. കുടിയേറ്റക്കാരുടെ ജീവിതരീതികളും സംഭാഷണവും ശ്രീ. പൊറ്റെക്കാട്ടിന്റെ ഒരു വിജയമാണു്. ചുരുങ്ങിയ ഒരു പരിചയം മാത്രം വെച്ചുകൊണ്ടു് മറ്റൊരു നാട്ടിൽ നിന്നുവരുന്ന ഇവരുടെ സംഭാഷണം ഏതാണ്ടു് പരിപൂർണ്ണമായി പകർത്തുകയെന്നതു് വളരെ വിഷമകരമായ ഒരു കാര്യമാണു്.
വിഷകന്യകയെഴുതിയതിൽ ശ്രീ. പൊറ്റെക്കാട്ടിനു് വ്യക്തമായ ഒരു സാമൂഹ്യലക്ഷ്യമുണ്ടു്. പട്ടാളച്ചിട്ടയൊന്നും കൂടാതെതന്നെ അദ്ദേഹമതു സാധിച്ചിട്ടുമുണ്ടു്. കുടിയേറിപ്പാർപ്പുകാരും നാട്ടുകാരും തമ്മിൽ ഉള്ള പരസ്പരവിദ്വേഷം മാറ്റുകയെന്നതാണതു്. ഇരുകൂട്ടരുടേയും ചിന്താഗതി വ്യക്തമായിക്കാണിച്ചു് പരസ്പരം മനസ്സിലാക്കിയാണു് ശ്രീ. പൊറ്റെക്കാട്ടു് സൗഹാർദ്ദം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതു്. നാട്ടുകാരുടെ ഇടയിലെ ജന്മികളേയും കുടിയേറ്റക്കാരെ ചതിക്കുന്ന വഞ്ചകന്മാരെയും നിർദ്ദയമായി പൊറ്റെക്കാട്ടു് വിമർശിക്കുന്നു. കുടിയേറിപ്പാർപ്പുകാരുടെ ഭയത്തിന്റെ ഫലമാണു് അവരുടെ കലഹവാസനയെന്നും നോവലിൽ വ്യക്തമാക്കിയിട്ടുണ്ടു്. അവർ ചത്തപശുവിന്റെ ഇറച്ചി തിന്നുന്നതുമാത്രം കാണുന്ന നാട്ടുകാർക്കു്, അവരുടെ പ്രവൃത്തിയുടെ മാഹാത്മ്യം ഗ്രന്ഥകാരൻ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. അവയുടെ പ്രയത്നം നേതാക്കന്മാരുടെ സഞ്ചാരവുംകമ്മറ്റി മീറ്റിംഗും പോലെ നിഷ്ഫലമല്ല. നേതാക്കന്മാരുടെ അന്ധമായ കണ്ണുകൾക്കു മുമ്പിൽത്തന്നെ അവർ ഒരൈക്യകേരളം കെടിപ്പടുക്കുകയാണു്. അതിന്റെ പ്രചരണമാണു് എസ്. കെ. നടത്തുന്നതും.
വിലയിരുത്തൽ 1951.