ഞാൻ ജനങ്ങളിൽ വിശ്വസിക്കുന്നില്ല. എങ്കിലും, ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. പ്രത്യക്ഷത്തിൽ യുക്തിവിരുദ്ധമായ ഈ പ്രസ്താവനയ്ക്കു ന്യായം പറയാമോ എന്നു നോക്കട്ടെ.
ജനങ്ങളിൽ വിശ്വസിക്കുന്നില്ല എന്നു പറയുന്നതിന്റെ അർത്ഥമെന്താണു്? എന്തുകൊണ്ടാണു ജനങ്ങളിൽ വിശ്വസിക്കാത്തതു്?

മനുഷ്യസംസ്ക്കാരത്തിന്റെ സൂക്ഷിപ്പുകാരായിരിക്കാൻ ബഹുജനം യോഗ്യരല്ല എന്നതാണു് ആദ്യത്തേതിനുത്തരം. മതം, കല, ശാസ്ത്രം, സമുദായം മുതലായവയുടെ മൂല്യങ്ങളെപ്പറ്റി തീർപ്പുകൽപ്പിക്കാൻ അവർ അശക്തരാണു്. രണ്ടാമത്തെ പ്രസ്താവനയ്ക്കു കാരണം, ഒരാദർശമായിട്ടോ, ദിവ്യാവതാരമായിട്ടോ ആരാധിക്കത്തക്ക ഒന്നല്ല ജനസാമാന്യം എന്നതാണു്. സാധാരണ മനുഷ്യൻ സംസ്ക്കാരത്തിന്റെ വളരെ ചുവട്ടിലത്തെ പടിയിലാണു് നില്ക്കുന്നതു്. മനുഷ്യവർഗ്ഗത്തിന്റെ പരിണാമം ആരംഭിച്ചിട്ടേയുള്ളു. അതു ഗണനീയമായ ഒരു നിലയിലെത്തിച്ചേരാൻ ഇനിയും യുഗങ്ങൾ വേണ്ടിവരും. ഭക്ഷണം, സന്തത്യുല്പാദനം എന്നീ കാര്യങ്ങളിൽപ്പോലും മൃഗങ്ങളിൽനിന്നു മനുഷ്യൻ വളരെയൊന്നും വളർന്നുകഴിഞ്ഞിട്ടില്ല. അപൂർവ്വം ചില വ്യക്തികൾ സംസ്ക്കാരപരമായി അല്പം ഉയർന്നെന്നുവെച്ചു് ഈ വിഭാഗത്തിന്റെ സംസ്ക്കാരനിലവാരം വളരെ ഉയർന്നുവെന്നു ഗണിക്കുന്നതും ശരിയല്ല. ഇതാണു ഞാൻ പഠിച്ചതിലെല്ലാം കണ്ടതു്. അനുഭവത്തിൽ നിന്നറിഞ്ഞതും മറ്റൊന്നല്ല. ഇനി ഇപ്പറഞ്ഞതു വിശദീകരിക്കാം.

ചരിത്രത്തിലെ വിലപ്പെട്ട സകലതും പൊതുജനത്തിന്റെ എതിർപ്പിനെ നേരിട്ടുകൊണ്ടാണു് ഉണ്ടായിട്ടുള്ളതു്. പൊതുജനത്തിനു പൊതുവായി ഒരു ചിന്താശക്തിയില്ല, വികാരാവേശം മാത്രമേയുള്ളു. ഈ വികാരം പൊതുകാര്യങ്ങളിൽ വിശ്വസിക്കാവുന്ന ഒരു വഴികാട്ടിയല്ല. ഏതെങ്കിലുമൊരാശയം ഉത്ഭവിച്ചുകഴിഞ്ഞാൽ അതു വിജയിച്ചു് അതിനു പ്രതിഷ്ഠയും പൂജാരിയും മതവുമെല്ലാം സിദ്ധിച്ചുകഴിഞ്ഞു മാത്രമേ പൊതുജനം അതിനെ സ്വീകരിക്കുന്നുള്ളൂ. ആദ്യഘട്ടത്തിൽ അസ്തമിക്കാതിരുന്നെങ്കിൽ അതു പൊതുജനത്തിന്റെ പിന്തുണകൊണ്ടല്ല, അതിനെ കൊല്ലാൻ ജനതയ്ക്കു ശക്തിയില്ലാതെ പോയതുകൊണ്ടു മാത്രമാണു്. യുക്തിവിചാരം ചെയ്യുകയെന്നതു ജനസാമാന്യത്തിന്റെ പതിവല്ല. രാഷ്ട്രീയകാര്യങ്ങളിൽ തീവ്രമായ വാദപ്രതിവാദങ്ങൾ നടക്കുന്നതു നാം കാണാറുണ്ടു്. അതിന്റെ പേരിൽ ആരും കക്ഷിമാറിയതായിട്ടറിവില്ല. സ്വതവേ ദുഷിച്ച അന്തരീക്ഷത്തിൽ, അല്പം വിഷംകൂടി പകരാനേ അത്തരം തർക്കങ്ങൾ സഹായിക്കുകയുള്ളു. മിക്ക മനുഷ്യരും വലുപ്പത്തെയും ശക്തിയെയും ആരാധിക്കുന്നവരാണു്. ഒരു തത്ത്വം ശരിയോ തെറ്റോ എന്ന പ്രശ്നം അവർ അവഗണിക്കുന്നു. അതിനെന്തു പ്രചാരവും ശക്തിയുമുണ്ടെന്നതാണു് പ്രധാനകാര്യം. ചില മതങ്ങൾ അവരുടെ എണ്ണം പെരുപ്പിക്കാൻ വേണ്ടി ഏതു ദുഷ്കർമ്മവും നടത്തുന്നതും, കമ്മ്യൂണിസ്റ്റുകാർ സോവിയറ്റു പല്ലവി പാടുന്നതുമെല്ലാം ഈ ചിന്താഗതിയെ ആദരിച്ചാണു്. “ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുമുറി തിന്നണം.” അതാണു ജനകീയ ഫിലോസഫി. ഇന്നലെ “ദാവിദ് പുത്രന്നു ഹോശാന” എന്നാർത്തട്ടഹസിച്ച യഹുദജനത തന്നെയാണു് ഇന്നു് “അവനെ ക്രൂശിക്ക” എന്നലറുന്നതും, യേശുവിനു് ആ ജനക്കൂട്ടത്തെപ്പറ്റി വല്ല വ്യാമോഹവുമുണ്ടായിരുന്നെങ്കിൽ “കർത്താവേ, അവർ ചെയ്യുന്നതെന്തെന്നറിയായ്കയാൽ അവരോടു ക്ഷമിക്കേണമേ,” എന്നു പ്രാർത്ഥിക്കില്ലായിരുന്നു. ആരെങ്കിലും വങ്കനാണെന്നു പറയുന്നതു ബഹുമാനസൂചകമായിട്ടല്ലല്ലോ. സോഫോക്ലിസും ഷേക്സ്പിയറും ഇബ്സനു മെല്ലാം ഇതിലേറെ കയ്പേറിയ ഭാഷയിൽ ഈ സത്യം പറഞ്ഞിട്ടുണ്ടു്. ഭരണാധികാരിയുടെ മനോഭാവമനുസരിച്ചു്, പൗരന്മാരുടെ നീതിബോധം ആടിയുലയുന്നതു സോഫോക്ലിസ് ചിത്രീകരിച്ചിട്ടുണ്ടു്. ബ്രൂട്ടസ്സിന്റെയും ആന്റണിയുടെയും പുറകേ മാറിമാറി ചാഞ്ചാടുന്ന റോമൻ ജനത്തെ ഷേക്സ്പിയർ നൂറുവട്ടം അപഹസിച്ചിട്ടുണ്ടു്. ഇബ്സനിലെത്തിയപ്പോൾ സർവ്വലോകത്തേയും ചെറുത്തുകൊണ്ടു് ഏകാകിയായി എഴുന്നേറ്റുനിന്നു കല്ലേറുകൊള്ളുന്നവൻ മാത്രമാണു് മഹാൻ എന്നുവരെ എത്തി. കലാഭാസങ്ങളെ പുലർത്തുന്നതും, അർദ്ധരാത്രി സമയത്തു വണ്ടിയിറങ്ങുന്ന സിനിമാനടനെ കാണാൻ പതിനായിരക്കണക്കിനെത്തുന്നതും ബഹുജനമാണു്. ഭാഗ്യക്കുറിത്തട്ടിപ്പുകളെ പോഷിപ്പിക്കുന്നതവരാണു്. പുണ്യാത്മാക്കളെ അടിച്ചുകൊല്ലുന്നതും അവർ തന്നെ. “പൊതുജനം കഴുതയാണു്.”

മതസ്ഥാപകന്മാരും പരിഷ്കർത്താക്കളും രാഷ്ട്രീയനേതാക്കന്മാരുമെല്ലാം ഈ വാസ്തവം മനസ്സിലാക്കിയവരാണു്. അവരാരും പൊതുജനത്തെ വിശ്വസിക്കുന്നില്ല. പിന്നെ എന്തിനു മറ്റുള്ളവർ ആ സങ്കല്പം പുലർത്തണം? (ജനങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും പറയുന്നവരുണ്ടു്. അവരെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നില്ല.) അന്ധമായി ജനതയിൽ വിശ്വസിക്കുന്ന യാതൊരു ചിന്തകനും (ക്രോപോട്കിൻ ഒഴികെ) ലോകത്തിലുണ്ടായിട്ടില്ല. നേതൃത്വവും ശിക്ഷണവും എന്തുകാര്യത്തിനും ആവശ്യമാണെന്ന തത്ത്വത്തിന്റെ അടിയിൽ കിടക്കുന്നതെന്താണു്? ശരിയായി പ്രവർത്തിക്കാൻ ജനതയ്ക്കു് അറിഞ്ഞുകൂടാത്തതു് ഒരു കുറ്റമായി അവർ ഗണിക്കുന്നില്ല. അതൊരു കുറവു് മാത്രമാണു്. ഈ കുറവിനെ അംഗീകരിക്കുകയും അതിന്നുവേണ്ട പ്രതിവിധി നിർദ്ദേശിക്കുകയും മാത്രമാണു് അവർ ചെയ്യുന്നതു്. ഈശ്വരനെ ആരാധിക്കുന്നതുപോലും സാധാരണക്കാരനു് ചെയ്യാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണു് പുരോഹിതവർഗ്ഗമുണ്ടായതു്. പുരോഹിതത്തൊഴിൽ ഈശ്വരദത്തമാണെങ്കിൽ അവിടുന്നു പോലും പൊതുജനങ്ങളിൽ വിശ്വസിക്കുന്നില്ലെന്നു സ്പഷ്ടം. പൊതുജനങ്ങളിൽ വിശ്വസിക്കുന്നുവെന്നവകാശപ്പെടുന്ന രാഷ്ട്രീയനേതാക്കന്മാരും ഉറപ്പുള്ള രാഷ്ട്രീയ ഘടനകളെ പിന്താങ്ങുന്നുണ്ടു്. രാഷ്ട്രത്തിന്റെ സുസ്ഥിതിയെടുത്തു പൊതുജനം കുരങ്ങു കളിച്ചേക്കുമെന്നുള്ള ഭീതികൊണ്ടാണല്ലോ രാഷ്ട്രീയ രക്ഷാകവചങ്ങളുണ്ടാക്കുന്നതു്. പ്ലേറ്റോ യുടെ ആദർശരാഷ്ട്രീയത്തിൽപ്പോലും ഭരണച്ചുമതലയുള്ള ഒരു പ്രത്യേകവിഭാഗമുണ്ടു്. സ്ഥിതി സമത്വവാദികളാകട്ടെ, സെൻസസ്സിൽ പേരുള്ളവരെയെല്ലാം പൊതുജനമായിട്ടെണ്ണുകയില്ല. ‘വർഗ്ഗബോധമുള്ളവർ’ മാത്രമാണു് ബഹുജനം. ബാക്കിയുള്ളവർ പിന്തിരിപ്പന്മാരും കരിങ്കാലികളുമാണു്. ഫാഷിസത്തിലാണെങ്കിൽ ഈശ്വരനിയോഗമുള്ള ഒരു നേതാവിന്റെ ഉപദേശമനുസരിച്ചാണു് ജനങ്ങൾ പെരുമാറേണ്ടതു്. ജനാധിപത്യഭരണഘടനകളിൽപ്പോലും ജനതയുടെ വീണ്ടുവിചാരമില്ലാത്ത വികാരങ്ങളിൽനിന്നു രാഷ്ട്രത്തെ രക്ഷിക്കുവാനുള്ള വകുപ്പുകൾ കാണുന്നുണ്ടു്. മതവും, കലയും, രാഷ്ട്രവും, ശാസ്ത്രവും ഒന്നും ബഹുജനത്തിന്റെ കയ്യിൽ സുരക്ഷിതമല്ല. അതാണു് പൊതുമതം, അതാണനുഭവം. ഈ വാസ്തവത്തിന്റെ മുമ്പിൽ സർവ്വപ്രധാനമായ രാഷ്ട്രത്തെ അവരുടെ കയ്യിൽ ഏല്പിച്ചുകൊടുക്കണമെന്നെങ്ങനെ പറയും? അവിടെയാണു് യുക്തി ഭംഗം കിടക്കുന്നതു്.
യുക്തിയനുസരിച്ചുള്ള ഒരു നീതീകരണം ജനാധിപത്യത്തിനുണ്ടെന്നെനിക്കു തോന്നുന്നില്ല. ഉണ്ടെങ്കിൽ ഞാനതു കണ്ടെത്തിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വിശ്വാസം മാത്രമാണു്. ചില ന്യായങ്ങൾ മാത്രം പറയാം.

ഒന്നാമതു്, രാഷ്ട്രം അവരുടെ സമ്പത്താണു്, തറവാട്ടുമുതലാണു്. അതവർക്കുവേണ്ടിത്തന്നെ സംഘടിക്കപ്പെട്ടതുമാണു്. അവരാണതിന്റെ ചട്ടക്കൂടിനുള്ളിൽ ജീവിക്കേണ്ടതു്. അതുകൊണ്ടു് അതെങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാൻ അവർക്കവകാശം കൊടുത്തേ കഴിയൂ. അവർ അതു ശരിയായി നടത്തുന്നെങ്കിൽ നടത്തട്ടെ. അല്ലെങ്കിൽ നശിക്കട്ടെ. അറിയാവുന്നവർ അവർക്കു ബുദ്ധിയുപദേശിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അവരതു് വകവെയ്ക്കുന്നില്ലെങ്കിൽ ബലാല്ക്കാരമായി ആരും അവരെ നന്നാക്കാൻ ശ്രമിക്കരുതു്. അതു രോഗത്തേക്കാളും ഭയങ്കരമായ ഔഷധത്തിലവസാനിക്കും. (ഇതൊന്നും കല മുതലായ കാര്യങ്ങളെപ്പറ്റി ഞാൻ പറയുകയില്ല.) രണ്ടാമതായി, ശാസ്ത്രത്തിനും, കലയ്ക്കും മറ്റും വേണ്ടത്ര സംസ്കാരനിലവാരം രാഷ്ടീയകാര്യങ്ങൾക്കു് ആവശ്യമില്ല. ഉത്തമകലാവസ്തു തെരഞ്ഞെടുക്കുന്നതിനേക്കാൾ എളുപ്പമാണല്ലോ വോട്ടുചെയ്യുന്നതു്. മൂന്നാമതു്, രാഷ്ട്രത്തെ സംബന്ധിച്ചേടത്തോളം ബഹുജനങ്ങൾ എന്തെങ്കിലും നശിപ്പിച്ചുകളയുമെന്നു ഭയപ്പെടാനില്ല. എന്താണു് നശിപ്പിക്കാനുള്ളതു്? ശാശ്വതമായി കാത്തുരക്ഷിക്കേണ്ട യാതൊരു രാഷ്ട്രീയസംഘടനയും മനുഷ്യനിതുവരെ ഉണ്ടാക്കിയിട്ടില്ല, ഒരിക്കലും ഉണ്ടാക്കുകയുമില്ല. നാലാമതു്, ജനാധിപത്യമെന്നതു് അവർ പരിചയിച്ചു പഠിക്കേണ്ട ഒന്നാണു്. വെള്ളത്തിലിറങ്ങാതെ നീന്താൻ പഠിക്കുകയില്ല. ഒരു കവിൾ വെള്ളം കുടിച്ചാലെന്തു്? ആവശ്യം അവനെ വിദഗ്ദ്ധനാക്കിക്കൊള്ളും. അഞ്ചാമതു്, ബഹുജനം എല്ലാക്കാര്യങ്ങളിലും കഴുതയല്ല. പലതിലും അവർ കഴിവുകേടു കാണിച്ചിട്ടുണ്ടെന്നുള്ളതു് ശരിയാണെങ്കിലും അവരുടെ തൊഴിലിൽ അവർ സമർത്ഥരാണു്. കൃഷിവകുപ്പിലുള്ള സകല ഉദ്യോഗസ്ഥന്മാരേക്കാളും, കാര്യമറിയാവുന്നവരാണു് നമ്മുടെ കൃഷിക്കാർ! രാഷ്ട്രീയകാര്യങ്ങൾ അവരുടെ ജീവിതവൃത്തികളിൽ ഒന്നായിക്കഴിയുമ്പോൾ അവരതു പഠിച്ചുകൊള്ളും. ആറാമതു്, ജനാധിപത്യത്തിൽ ഗൂഢാലോചനയും രഹസ്യചർച്ചകളും അനുവദിച്ചിട്ടില്ല. പൊതുകാര്യങ്ങൾ മറയ്ക്കു പിന്നിലേയ്ക്കു കൊണ്ടുപോകുന്നതു് സർവാധിപത്യത്തിനു വഴിതെളിയിക്കുകയാണു്. ഇതരരാഷ്ട്ര സമ്പ്രദായങ്ങളിൽ സാധാരണക്കാരനെ വിശ്വസിച്ചു പങ്കാളിയാക്കാൻ വയ്യാത്ത കാര്യങ്ങളുണ്ടു്. ശത്രുക്കളെ വഞ്ചിക്കുവാനെന്ന ഭാവത്തിൽ സ്വന്തം കുഞ്ഞാടുകളെ ചതിക്കുന്ന രംഗങ്ങളാണവ. സകല രാഷ്ട്രീയവഞ്ചനകളും ഇത്തരം രഹസ്യരംഗങ്ങളിൽവെച്ചാണു് രൂപമെടുക്കുന്നതു്. ജനാധിപത്യം ഈ സമ്പ്രദായത്തെ അംഗീകരിക്കുന്നില്ല. അവസാനമായി, ജനതയിൽ തിന്മ മാത്രമല്ല ഉള്ളതെന്ന കാര്യം ശ്രദ്ധിക്കണം. ജനതയുടെ രണ്ടു പ്രത്യേകതകൾ പരിഗണനാർഹങ്ങളാണു്. അവർക്കു പരിഷ്കാരം കുറവാണെങ്കിലും മനുഷ്യത്വം അവരിൽ വളരെയധികം കാണാൻ കഴിയും. ഭൂതദയ, സഹാനുഭൂതി മുതലായ ഗുണങ്ങൾ ഉയർന്ന വർഗ്ഗത്തെക്കാൾ കൂടുതലായി അവരിൽ കണ്ടെന്നുവരും. മറ്റൊന്നു്, അവരുടെ അന്ധമായ ഒരു വക ബുദ്ധിയാണു്. തലമുറകളായി മനുഷ്യൻ അനുഭവിച്ചറിഞ്ഞ കാര്യങ്ങളുടെ കലവറകളാണവർ. പലപ്പോഴും കാര്യകാരണബന്ധമറിയാതെതന്നെ ശരിയെന്തെന്നു് അവർ കണ്ടുപിടിക്കും. പാരമ്പര്യത്തിന്റെ രഹസ്യംതന്നെ ഇതാണു്. ഒരു ജനതയുടെ നിലനില്പിന്നു് അതൊഴിച്ചുകൂടാത്ത സമ്പത്താണു്. ഇതിൽനിന്നുണ്ടാവുന്ന യാഥാസ്ഥിതികമനഃസ്ഥിതി പരിഷ്കർത്താവിനൊരു വിലങ്ങുതടിയാണെങ്കിലും സമുദായത്തെ കണ്ണടച്ചു് ഓരോ ആപത്തിലേയ്ക്കു് വലിച്ചിഴയ്ക്കുന്ന കോളിളക്കങ്ങൾക്കു് കടിഞ്ഞാണും ഇതുതന്നെയാണു്.
‘കഴുത’യായ പൊതുജനത്തെപ്പറ്റി ഇത്ര നല്ലതായി പറയുന്നതു പൂർവ്വാപരവിരുദ്ധമല്ലേ എന്നു ചോദിക്കുന്നവരുണ്ടാകാം. അല്ല എന്നാണു മറുപടി. ശ്രദ്ധിച്ചാൽ ഇവ തമ്മിൽ വൈരുദ്ധ്യമില്ലെന്നറിയാം.
പ്രായോഗികവശത്തുനിന്നു ജനാധിപത്യത്തിനു മറ്റൊരു നീതീകരണമുണ്ടു്. യാതൊരുത്തനും മറ്റൊരാളെ ഭരിക്കാൻ മാത്രം യോഗ്യനല്ല എന്ന തത്ത്വം തെറ്റാണു്. പക്ഷേ, അതൊരാദർശമായി അംഗീകരിക്കാതിരുന്നാൽ ഭരിക്കാൻ യോഗ്യനാരെന്നതിനെക്കുറിച്ചുണ്ടാകുന്ന തർക്കം തീരുമാനിക്കാൻ സമരമല്ലാതെ മറ്റു മാർഗ്ഗമില്ലാതായിത്തീരും. അതു് കുരങ്ങു് അപ്പം പങ്കിട്ടതുപോലെ അവസാനിക്കുകയും ചെയ്യും. സകല സർവ്വാധിപതികൾക്കും, ഏറ്റവും ഭരിക്കാൻ പറ്റിയവർ അവരാണെന്നാണു വിശ്വാസം. ഈ ദുരന്തത്തിൽനിന്നു് ഒരു രക്ഷാമാർഗ്ഗമേയുള്ളു, സമ്മതത്തോടെ ഭരിക്കുകയെന്നതു്. അതിന്റെ ഫലമായി ലഭിക്കുന്നതു സ്വർഗ്ഗമല്ലായിരിക്കാം. പക്ഷേ, സങ്കല്പസ്വർഗ്ഗത്തിനുവേണ്ടി ആരും യഥാർത്ഥലോകം ഉപേക്ഷിക്കാറില്ലല്ലോ.

ആരാധിക്കത്തക്ക ഒരു ദേവതയല്ല ബഹുജനം എന്നു പറഞ്ഞതുകൊണ്ടു് അതിനെ വെറുക്കണമെന്നർത്ഥമില്ല. അവരെ പുച്ഛിക്കുന്നു എന്നുമില്ല. മഹാത്മാക്കൾ മറ്റൊരു മാർഗ്ഗമാണവലംബിച്ചതു്. അയൽക്കാരനെ സ്നേഹിക്കുവാനാണു് ക്രിസ്തു ഉപദേശിച്ചതു്. അവർ ശത്രുവായാലും സ്നേഹിക്കണമെന്നു്. ഇതു കാപട്യമില്ലാത്ത ഒരു നിലപാടാണു്. പൊതുജനം ചാണക്യനെക്കാൾ ബുദ്ധിയുള്ളതാണെന്നുപറഞ്ഞുവിരട്ടി വോട്ടുവാങ്ങി രാഷ്ട്രീയാധികാരം സമ്പാദിക്കുന്നവരോടു് താരതമ്യപ്പെടുത്തി നോക്കിയാൽ ഇബ്സനെപ്പോലുള്ള “പൊതുജനശത്രുക്കൾ” എത്ര ഭേദമാണു്. വോട്ടു കൈക്കലാക്കാനുള്ള മാർഗ്ഗവും നല്ല മനുഷ്യസമുദായം സൃഷ്ടിക്കാനുള്ള മാർഗ്ഗവും ഒന്നായിരിക്കണമെന്നു നിർബ്ബന്ധമില്ല. മേൽപറഞ്ഞ മനുഷ്യസ്നേഹത്തിന്റെ പേരിലും അസ്വാതന്ത്ര്യം നിലനിറുത്താം. അങ്ങനെയുള്ള മനുഷ്യസ്നേഹികളെയും ഒഴിച്ചുനിറുത്തുന്നതാണു് സമുദായത്തിനു നല്ലതു്. സ്വന്തസമ്മതത്തിനെതിരായി നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുന്നതുപോലും അംഗീകരിക്കാവുന്നതല്ല. അല്ലെങ്കിൽ സമുദായം മുഴുവൻ ഭ്രാന്തന്മാരും നേതാക്കന്മാരെല്ലാം വൈദ്യന്മാരുമായിരിക്കണം. അല്ലാത്തിടത്തോളം കാലം നിർബന്ധിച്ചു നടപ്പിൽ വരുത്തുന്ന സകലതിനെയും എതിർക്കാനുള്ള വാസനയാണു് മനുഷ്യരിൽ വളരുക, സഹകരിക്കാനുള്ള സന്നദ്ധതയല്ല.
ജനാധിപത്യം ഒരാദർശമാണു്. അതൊരിക്കലും പൂർണ്ണമായി നടപ്പാവുകയില്ല. അതു് അങ്ങനെ നടപ്പാക്കാൻ വേണ്ടിയുള്ളതുമല്ല. സംസ്കാരത്തിലേക്കുള്ള മനുഷ്യവർഗ്ഗത്തിന്റെ നിരന്തരപ്രയാണത്തിൽ ലക്ഷ്യനിർദ്ദേശം ചെയ്യുന്ന ഒരു പ്രകാശഗോപുരമാണതു്. അതു് അങ്ങനെ ചക്രവാളത്തിനു മുകളിൽ ജ്വലിച്ചു് പ്രകാശിക്കും. നാം ചക്രവാളത്തിലെത്തുമ്പോൾ ആ ദീപശിഖ അതിനടുത്ത ചക്രവാളത്തിലേയ്ക്കു നീങ്ങിയതായിക്കാണും. അതങ്ങനെ മാടിവിളിച്ചു കൊണ്ടു് നീങ്ങിക്കൊണ്ടിരിക്കും. അതിനെ അനുഗമിച്ചു നാം മുന്നോട്ടുപോകും. ഒരിക്കലും അവിടെ എത്തുകയുമില്ല. ഗംഗാജലത്തിലല്ല പുണ്യം, ഗംഗയിലേക്കുള്ള തീർത്ഥയാത്രയിലാണു്.
മാതൃഭൂമി വാരിക ജനുവരി 1954.
ധിക്കാരിയുടെ കാതൽ 1955.