പ്രതികൂലവിമർശനത്തെ ആദരിക്കുവാനും അതിന്റെ അടിസ്ഥാനത്തിൽ സൗഹാർദ്ദബന്ധത്തെ തകർക്കാതിരിക്കുവാനും വേണ്ടത്ര കലാബോധവും ഔചിത്യവും ശ്രീ. പൊൻകുന്നം വർക്കിക്കുണ്ടെന്നുള്ള ഉറച്ച വിശ്വാസമാണു് ഇതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നതു്. ഇത്രയും പറഞ്ഞതിൽനിന്നു ‘നവലോകം’ ഒരു തികഞ്ഞ പരാജയമാണെന്നു ഞാനഭിപ്രായപ്പെടുന്നുവെന്നു കണക്കാക്കണോ? വേണ്ട. ചെറുതെങ്കിലും അതിലുള്ള രാധാകൃഷ്ണനൃത്തം നന്നായിട്ടുണ്ടു്. മലയാളത്തിൽ സാധാരണ കാണാറുള്ളതിൽനിന്നു മെച്ചമായ ഫോട്ടോഗ്രാഫിയാണതിൽ കാണുന്നതു്. ഒരു ഡയറക്ടറുടെ പ്രഥമപരിശ്രമമെന്ന നിലയ്ക്കു മി. കൃഷ്ണന്റെ ജോലി വിജയിച്ചിട്ടുണ്ടെന്നും പറയാം. ചിലയിടങ്ങളിലൊക്കെ അഭിനയവും നന്നായിട്ടുണ്ടു്.
ഇനിയങ്ങോട്ടു തുടരുന്നതിനുമുമ്പായി ഫിലിം വിമർശനം എന്തിനു വേണ്ടിയാണു നടത്തപ്പെടുന്നതെന്നു വിശദീകരിക്കേണ്ടിയിരിക്കുന്നു. പരസ്യം കിട്ടുവാൻ വേണ്ടിയും പരസ്യം കിട്ടാത്ത ഇച്ഛാഭംഗംകൊണ്ടും എഴുതിത്തള്ളുന്ന അഭിപ്രായങ്ങൾ ഫിലിം വിമർശനമല്ല; ബ്ലാക്കു മെയിലിങ്ങിന്റെ രണ്ടു പതനങ്ങൾ മാത്രമാണു്. പൊൻകുന്നം വർക്കിയെന്നോ, തൊഴിലാളിയെന്നോ ഉള്ള പദങ്ങൾ കേട്ടാൽ ഉടൻ കലികയറിക്കൊള്ളണമെന്ന നിർബന്ധമുള്ള പുരോഹിതപ്രവരന്മാരുടെ അഭിപ്രായത്തെയും കാര്യമായി ഗണിക്കണമെന്നില്ല. അവയെ മാറ്റിവെച്ചുകൊണ്ടു പറഞ്ഞാൽ ഫിലിം വിമർശനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം ഉത്തമമായ ചിത്രങ്ങളുണ്ടാകുവാൻ സഹായിക്കുക എന്നതാണു്. ഏതേതു ഭാഗങ്ങളാണു നന്നാകാത്തതു്, എന്തിലാണു കുറവു്, എവിടെയാണു തെറ്റു് എന്നെല്ലാം മനസ്സിലാക്കുന്നതു് അടുത്തടുത്തുവരുന്ന കലാസൃഷ്ടികൾക്കു് ആവശ്യമായ മാർഗ്ഗദർശനമാണല്ലോ. ലോകത്തിലെ എല്ലാ കലാസൃഷ്ടികളുടെയും കഥ ഇതുതന്നെ. ശാസ്ത്രവും വിമർശനവും സഹകരിക്കാതെ ഉത്തമകല ഉണ്ടായിട്ടില്ല. വിമർശകൻ കലാസ്വാദനത്തിനു സ്വയമേവ കഴിവുള്ളവനായിരിക്കണമെന്നും അവൻ സത്യസന്ധതപാലിക്കണമെന്നും ഒരു നിർബന്ധമുണ്ടു്. ചർച്ചാവിഷയത്തിൽ അവൻ ഏറെക്കുറെ വിജ്ഞനുമായിരിക്കണം. രണ്ടാമതൊന്നുള്ളതു് അനുവാചകരെ ഉത്തമകല ആസ്വദിക്കാൻ കഴിവുള്ളവരാക്കിത്തീർക്കുക എന്നുള്ളതാണു്. ഇന്നത്തെ അവസ്ഥയിൽ സാധാരണജനങ്ങളുടെ ആസ്വാദനം ഉത്തമകലയെ സൃഷ്ടിക്കുന്നില്ല. ഒരു വശത്തു് ഉത്തമകലയുമായുള്ള സമ്പർക്കവും മറുവശത്തു് അതിന്റെ സുന്ദരവശങ്ങളെപ്പറ്റിയുള്ള വിശദീകരണവും കൊണ്ടുമാത്രമേ ജനതയുടെ കലാസ്വാദനനിലവാരമുയർത്തുവാൻ കഴിയുകയുള്ളൂ. ഇതു കൊണ്ടാണു വിമർശനമർഹിക്കാത്തതരത്തിൽ പാപ്പരായ അനേകം ചിത്രങ്ങളെപ്പറ്റി അഭിപ്രായങ്ങൾ പുറപ്പെടുവിക്കേണ്ടിവരുന്നതു്. ഇത്രയും കാലം എഴുതിയതുകൊണ്ടു എന്തു ലഭിച്ചുവെന്നു ചോദിക്കുന്നവരുണ്ടു്. വളരെയധികം പണം മുടക്കി നടക്കുന്ന ഒരു ബിസിനസ്സിനെ തോന്ന്യാസങ്ങൾ പറഞ്ഞുപദ്രവിക്കുന്നതു പാപമാണെന്നു ഗണിക്കുന്നവരുമുണ്ടു്. പക്ഷേ, ഇതുകൊണ്ടൊന്നും പ്രതികൂലമായ വിമർശനം അനാവശ്യമാണെന്നു വരുന്നില്ല. ചലച്ചിത്രവ്യവസായക്കാർക്കു മാത്രം സാമൂഹ്യകടമകളൊന്നുമില്ലെന്നു വിശ്വസിക്കേണ്ടതില്ല. നിരന്തരമായ പരിശ്രമംകൊണ്ടു ചലച്ചിത്രകലയും പുരോഗമിക്കും. ഇന്നല്ലെങ്കിൽ നാളെ അതിനു ന്യായവും കാണുന്നുണ്ടു്.
നവലോകത്തിന്റെ കഥ തയ്യാറാക്കിയ ശ്രീ. പൊൻകുന്നം വർക്കി ഉത്തമമായ ആദർശങ്ങളാൽ പ്രേരിതനായിരുന്നുവെന്നതു നിസ്തർക്കമാണു്. പക്ഷേ, ഉത്തമമായ ആദർശമുണ്ടാക്കുകയും അതു കലാരൂപത്തിൽ പ്രകടിപ്പിക്കുകയും രണ്ടു ഭിന്നകാര്യങ്ങളാണു്. ഇവയിൽ ഒന്നാമത്തെ കാര്യമൊഴിച്ചു മിക്ക സ്ഥലങ്ങളിലും ശ്രീ. വർക്കി പരാജയപ്പെട്ടുവെന്നുതന്നെ പറയണം. ‘സോഷ്യൽ’ എന്ന പേരിൽ തയ്യാറാക്കപ്പെടുന്ന സകലചിത്രങ്ങളും സ്വാഭാവികമായ ഒരു കഥയെ ഉൾക്കൊള്ളണമെന്നതു ചലച്ചിത്രകലയുടെ അലംഘനീയമായ നിയമമാണു്. അവിടെ തെറ്റിയാൽ ആ ചിത്രത്തെ നന്നാക്കുവാൻ ദൈവം തമ്പുരാനുതന്നെ കഴിവുണ്ടാവില്ല. ധനികന്മാർ പാവപ്പെട്ടവരെ കുടിയിറക്കാറുണ്ടു്. പലപ്പോഴും പാവപ്പെട്ട സ്ത്രീകളുടെ ചാരിത്ര്യം അപഹരിക്കപ്പെടാറുമുണ്ടു്. ഈ രണ്ടു പ്രശ്നങ്ങളുടെ ചിത്രീകരണമായിട്ടാണു വർക്കി ഇക്കഥയെ ഉദ്ദേശിച്ചിട്ടുള്ളതു്. പക്ഷേ, സംഘട്ടനമല്ല ഇവിടെ വിവക്ഷിക്കുന്നതു്. അതു് ആവശ്യത്തിലധികമുണ്ടു്. എങ്കിലും ഒരു കക്ഷിയോടു് അനുഭാവവും മറുകക്ഷിയോടു ദ്വേഷവും തോന്നുന്ന രീതിയിൽ അവയെ ചിത്രീകരിച്ചിട്ടില്ലെന്നതാണു പോരായ്മ. കൃഷിക്കാരോടു് അനുഭാവമുണ്ടാകുവാൻ വേണ്ടി കുറെ മൈതാനപ്രസംഗങ്ങളാണു് നടത്തിയിരിക്കുന്നതു്. ആ പ്രസംഗങ്ങൾ ഒന്നൊഴിയാതെ മുഴുവനും വെട്ടിക്കളഞ്ഞു് അവരുടെ ജീവിതത്തൊഴിലിനെ ചിത്രീകരിക്കുകയാണു വേണ്ടതു്. അവരുടെ വിയർപ്പും അദ്ധ്വാനശീലവുമാണു കൃഷിക്കാരുടെ സമ്പത്തു്, ശ്രീ. വർക്കി ചർവ്വിതചർവ്വണം ചെയ്യുന്ന സമരാസക്തിയല്ല. എന്നുതന്നെയല്ല നമ്മുടെ കൃഷിക്കാരനെ ഒരു സമരക്കാരനായി ചിത്രീകരിക്കുന്നതു വെറും രാഷ്ട്രീയറൊമാന്റിസത്തെ മാത്രമാണു് അവൻ ചെയ്യുന്ന പ്രയത്നത്തെ യഥാതഥമായി ചിത്രീകരിക്കൂ. അനുവാചകൻ അതിൽ നിന്നും വേണ്ടത്ര അനുമാനങ്ങൾ എടുത്തുകൊള്ളണമെന്നു വിശ്വസിക്കയും ചെയ്യുക. നാടകത്തിലാകട്ടെ, സിനിമയിലാകട്ടെ അന്തമില്ലാത്ത ഉപദേശിപ്രസംഗങ്ങൾ ചെയ്യുന്നതു് ഫലപ്രദമല്ലാത്ത ഒരു സമ്പ്രദായമാണെന്നു മലയാളവിമർശകർ ആയിരം തവണ പറഞ്ഞു കഴിഞ്ഞിട്ടും ആ ബാലപാഠത്തെ ലംഘിക്കുന്നതു് അക്ഷന്തവ്യമല്ലാത്ത ഒരപരാധമാണു്. കൃഷിക്കാരുടെ ചിത്രം വരയ്ക്കാത്തതു് അതിൽ അലങ്കാരം നിറഞ്ഞ രംഗങ്ങളില്ലാത്തതുകൊണ്ടായിരിക്കാം. അതുകൊണ്ടായിരിക്കണമല്ലോ ധനികന്റെ ജീവിതം ചിത്രീകരിക്കാമെന്നു് തീരുമാനിച്ചതു്. പക്ഷേ, അവിടെയും തെറ്റി. ഒന്നിന്റെ ചിത്രം വരയ്ക്കാതെവിട്ടെങ്കിൽ, മറ്റേ ചിത്രം കാരിക്കേച്ചറായിത്തീർന്നു. ഒരു പണക്കാരന്റെ ആകെക്കൂടിയുള്ള ജോലി കുടിയൊഴിപ്പിക്കലാണെന്നുതോന്നും ഈ ചിത്രം കണ്ടാൽ. അനാശാസ്യമായ നടപടികൾ ചിത്രീകരിച്ചതിന്റെ ഉദ്ദേശ്യം നായകനെയും ഭാര്യയെയും തമ്മിൽ തെറ്റിക്കുവാൻ മാത്രമാണു്. ഇതുവരെ പറഞ്ഞുകൊണ്ടുവന്ന കാര്യങ്ങളുടെ ഫലമായിട്ടാണു് കഥാകൃത്തിന്റെ ലക്ഷ്യം പരാജയപ്പെട്ടുപോയതു്. എങ്ങനെയെന്നാൽ കാഴ്ചക്കാർക്കു് ആദ്യംമുതൽതന്നെ നായകനോടു് അനുഭാവമാണു തോന്നുന്നതു്. കൃഷിക്കാരെപ്പറ്റി അത്രയധികമൊന്നും തോന്നുന്നില്ലതാനും. കാർഷികപ്രശ്നത്തെപ്പറ്റി ശ്രീ.വർക്കിക്കുള്ള അറിവിന്റെ കുറവുകൊണ്ടായിരിക്കുമോ കഥാവസാനത്തിൽ ജന്മിയുടെ ജന്മിത്വം നിലനിറുത്തിക്കൊണ്ടുതന്നെ ജന്മിയെ അനുഗ്രഹിച്ചയക്കുന്നതു്? നായികയുടെ ആഗ്രഹത്തിനു് ആ ഗ്രാമീണർ കിഴ്‌വഴങ്ങിയെന്നുവരാം. പക്ഷേ, അതു് “ഭൂമികൃഷിക്കാരന്” എന്ന തത്ത്വത്തിന്റെ പൂർത്തീകരണമല്ല. ആ കർഷകസ്ത്രീയെ വിവാഹംകഴിച്ചു് ജന്മിവർഗ്ഗത്തിലേയ്ക്കു് ഉയർത്തുന്നതുകൊണ്ടു് പ്രശ്നം പരിഹരിക്കപ്പെടുന്നതുമില്ല.
‘നവലോക’ത്തിലെ പ്രേമകഥയും നന്നായിട്ടുണ്ടെന്നു പറയാൻ നിവൃത്തിയില്ല. ആദ്യം മുതലേ നായകൻ വഞ്ചകനായിട്ടാണു് പ്രത്യക്ഷപ്പെടുന്നതു്. നായികയ്ക്കു് വന്നുപിണയുന്ന ആപത്തു് അവൾക്കു് വരേണ്ടതുമാണു്. കർഷകരിലെ ഏറ്റവും പ്രമാണിയുടെ മകളായ ദേവകി, ഗോപിയുമായി നിരന്തരസമ്പർക്കത്തിൽ കഴിയുന്ന ദേവകി, ആ കൊച്ചുഗ്രാമത്തിൽ കൊച്ചങ്ങത്തയെപ്പറ്റി യാതൊരറിവുമില്ലാതെ കഴിയുന്നുവെങ്കിൽ അവൾ ഒന്നുരണ്ടു പെറ്റുകൊള്ളട്ടെ. അതിനുവേണ്ടി നാട്ടുകാരെയെല്ലാം വിളിച്ചു് ഒരു ജാഥ നടത്തേണ്ട ആവശ്യമില്ല. അങ്ങനെയൊരു ജാഥ നടത്തിയാൽ ജന്മിയ്ക്കു് ‘മാനസാന്തരം’ വന്നേക്കും! പക്ഷേ, അയാൾ ആ പെണ്ണിനെ കല്യാണം കഴിക്കുമെന്നു തീർച്ചയില്ല. ആ വിഡ്ഢിത്തത്തിനുവേണ്ടി നല്ലൊരു പെണ്ണിനെ സെക്കൻഡ് ഹാൻഡാക്കിത്തള്ളുകയും വേണ്ടിയിരുന്നില്ല. സംഭവിച്ചതോ, സംഭവിക്കാവുന്നതോ, സംഭവിക്കേണ്ടതോ ആയ എല്ലാ കഥയും സ്വാഭാവികമാണെന്നു് പൊതുവെ സമ്മതിക്കാം. പക്ഷേ, ഈ കഥ ഇതൊന്നുമല്ല. ആയിരം പ്രാവശ്യം ആവർത്തിച്ചു കൊള്ളട്ടെ, സിനിമയിൽ കഥയാണു കാര്യം.
ഒന്നുരണ്ടു വസ്തുക്കൾ സിനിമക്കഥക്കാരുടെയും നിർമ്മാണകരുടെയും പ്രയോജനത്തിനുവേണ്ടി ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ആശുപത്രിയിൽ വിവശയായിക്കിടക്കുന്ന ഒരു സ്ത്രീ അത്ര വേഗത്തിൽ മാരത്തോൺ ഓട്ടത്തിനു് ഇറങ്ങിത്തിരിക്കുന്നതു ശരിയല്ല. എന്നുമാത്രമല്ല, ഉത്തരക്ഷണത്തിൽ തലയിലെ വെച്ചുകെട്ടുമാറി മുറിവൊന്നുമില്ലാതെ പ്രത്യക്ഷപ്പെടുന്ന സമ്പ്രദായം പുരാണചിത്രങ്ങളുടെ പ്രത്യേകതയ്ക്കു് ഇണങ്ങുന്നില്ലെന്നു വീമ്പുപറയുന്നതു് ആ അടികൊള്ളാൻവേണ്ടി മാത്രമാണെന്നു് ആളുകൾക്കു തോന്നും. ശാന്താറാമിന്റെ ഭാര്യയെപ്പോലെ നിതംബം കുലുക്കിക്കൊണ്ട ഓടിനടക്കുന്ന ഒരു സിനിമാനക്ഷത്രം ഗ്രാമീണബാലികയാകുവാൻ അനേക നൂറ്റാണ്ടുകൾ വേണ്ടിവരും.
സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി ആ രജിസ്ട്രാറുടെ മകൾ പ്രസംഗിക്കുന്ന രംഗങ്ങൾ കണ്ടപ്പോൾ തോന്നിയതു്, ശ്രീ. വർക്കിക്കു് ആ വിഷയത്തെപ്പറ്റി പറയത്തക്ക ലക്കൊന്നുമില്ലെന്നാണു്. അസന്മാർഗ്ഗിയായ ഭർത്താവിനെ വിട്ടുപോകാൻ ഒരു ഭാര്യയ്ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കേണ്ടതാണു്. പക്ഷേ, ഈ കഥയിൽ കാണുന്നതു് അതൊന്നുമല്ല. ഇവിടെ കാണുന്നതുപോലെയുള്ള ഒരു സ്ത്രീ ലോകത്തിലെവിടെയെങ്കിലുമുണ്ടെങ്കിൽ അവർ എത്ര നല്ല ഭർത്താവിനെയും വീട്ടിൽനിന്നു് പുറത്തേക്കോടിക്കും. ശ്രീമതി കുഞ്ചിയമ്മയുടെ പ്രസംഗങ്ങൾ ഫലിതമായിട്ടാണു് മി. വർക്കി ഉദ്ദേശിച്ചിരുന്നതെങ്കിൽ അതു നന്നായിട്ടുണ്ടു്.
ഇതിലൊക്കെ ദുസ്സഹമായിരിക്കുന്നതു് കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷയാണു്. ഭാഷയുടെ കാര്യത്തിൽ വിദ്വാൻ പൊൻകുന്നം വി.എ.വർക്കി ‘തിരുമുൽക്കാഴ്ച’യുടെ കാലത്തേക്കു് തിരിച്ചുപോയിരിക്കുന്നു. സംസ്കൃതപണ്ഡിതനായ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ ഭാഷ കൃത്രിമമല്ലായിരിക്കാം. പക്ഷെ,വെറും കൃഷിക്കാരുടെ വായിൽ, അതു കടിച്ചാൽ പൊട്ടാത്ത ‘ഗീർവാണ’മാണു്. അതും പ്രത്യേകിച്ചു് കഥാകൃത്തിന്റെ തത്ത്വജ്ഞാനം മുഴുവൻ അവരെക്കൊണ്ടു പറയിക്കുകയും കൂടിയാകുമ്പോൾ അസ്വാഭാവികത പരിപൂർണ്ണമായി. ഈ കൃത്രിമത്വം കഥയിലെ ഫലിതോക്തികളിൽകൂടി കടന്നുകൂടിയിട്ടുണ്ടു്.
സുപ്രസിദ്ധ ഗാനരചയിതാവായ ശ്രീ.പി. ഭാസ്കരനാണു് ഇതിലെ പാട്ടുകൾ രചിച്ചിട്ടുള്ളതു്. കേരളത്തിന്റെ മൂലകളിൽപോലും അദ്ദേഹത്തിന്റെ പ്രേമഗാനങ്ങളും രാഷ്ട്രീയഗാനങ്ങളും ഇന്നും പാടപ്പെടുന്നുണ്ടു്. പക്ഷേ, ‘നവലോക’ത്തിലെ പാട്ടുകൾക്കു് പ്രചാരം സിദ്ധിച്ചുകാണുന്നില്ല. അവയിലെ കുഴപ്പം എന്തെന്നു പറയുവാൻ മാത്രം സംഗീതവൈദഗ്ദ്ധ്യം എനിക്കില്ല.
ചില കാര്യങ്ങളിലെല്ലാം ‘നവലോകം’ മുന്നോട്ടുള്ള ഒരു കാൽവെയ്പാണു്. ഒന്നാമതായി, നാട്ടുകാരന്റെ ദൈനംദിനജീവിതം കലാവസ്തുവാക്കാമെന്നും അതിനു പൊതുജനസമ്മതി ലഭിക്കുമെന്നും ‘നവലോകം’ തെളിയിക്കുന്നു. രണ്ടാമതായി, സാധാരണ ചിത്രങ്ങളിലേതിൽനിന്നു് നവലോകത്തിലെ അഭിനയം കുറെക്കൂടി നന്നായി എന്നതാണു്. ഓവറാക്ടിംഗ് ഇതിൽ ഏറ്റവും കുറവാണു്. ശ്രീ. സെബാസറ്റ്യൻ ഒരിക്കൽകൂടി തെളിയിച്ചു, അദ്ദേഹം ഒരു നല്ല നടനാണെന്നു്. കുമാരി ഇത്രയെങ്കിലും സ്വാഭാവികമായി അഭിനയിച്ചതു് സ്വാഗതാർഹമായ ഒരത്ഭുതമാണു്. മലയാചിത്രങ്ങളിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും നല്ല ഫോട്ടോഗ്രാഫി നവലോകത്തിന്റേതാണു്. അതിനു് ശ്രീ. മാധവൻ നായർ തികച്ചും അഭിനന്ദനം അർഹിക്കുന്നുണ്ടു്. സ്റ്റുഡിയോയ്ക്കകത്തുള്ള ചിത്രങ്ങളിലാണു് സാങ്കേതികമായ കഴിവുകൾ കൂടുതലായി പ്രദർശിപ്പിച്ചിട്ടുള്ളതു് എന്നുകൂടി പറയട്ടെ. ഡയറക്ടർ മി.വി.കൃഷ്ണൻ ആദ്യമായി നിർമ്മിച്ച ചിത്രമാണിതു്. ആ നിലയ്ക്കു് നോക്കിയാൽ അസൂയാവഹമായ വിജയമാണു് അദ്ദേഹം കൈവരിച്ചിരിക്കുന്നതു്. സാഹിത്യവുമായി പറയത്തക്ക ബന്ധമില്ലാത്ത ഒരു ഡയറക്ടർ തനിക്കറിഞ്ഞുകൂടാത്ത ഒരു ഭാഷയിൽ ചിത്രം നിർമ്മിക്കുകയാണു് ചെയ്തിരിക്കുന്നതു്. ആ തോതുവെച്ചു നോക്കുമ്പോൾ മി. കൃഷ്ണൻ ഇനിയും മലയാളത്തിൽ ചിത്രങ്ങളുണ്ടാക്കാനുള്ള അവസരം നൽകേണ്ടതാണെന്നു പറയാൻ തോന്നിപ്പോകുന്നു.
നിർമ്മാണകരെപ്പറ്റിക്കൂടി ഒരു വാക്കു്. ഈ ചിത്രത്തിൽ അശ്ലീലമായി യാതൊന്നുമില്ല. ആ കുളത്തിലെ നീന്തലും, മരത്തിന്റെ ചുവട്ടിലെ കിടപ്പും വേണ്ടായിരുന്നു. എങ്കിലും, ആയിരം ശതമാനം ലാഭത്തിനുവേണ്ടി മറ്റു പരിശുദ്ധമുതലാളികൾ ചെയ്യുന്ന വൃത്തികേടൊന്നും നവലോകത്തെ തീണ്ടിയിട്ടില്ല. നിർമ്മാണകർ അതിൽ തികച്ചും അഭിനന്ദനാർഹരാണു്. അവർ കുറെക്കൂടി പരിശ്രമിച്ചു് നല്ല ചിത്രങ്ങൾ നിർമ്മിക്കുമെന്നു പ്രതീക്ഷിക്കട്ടെ.
ഡെമോക്രാറ്റ് 5 മെയ് 1951.