പ്രിയപ്പെട്ട ഈശ്വരാ,
‘അങ്ങേയ്ക്കു മലയാളം അറിയാമോ?’ എന്നെനിക്കു് അറിഞ്ഞുകൂടാ. ഈ ഭാഷയിലെ വാക്കിന്റെ ദാരിദ്രവും അക്ഷരങ്ങളുടെ ആകൃതിയും കണ്ടാൽ ബുദ്ധിയുള്ള ഒരു ദൈവവും അതുപഠിക്കുമെന്നു തോന്നുന്നില്ല. പക്ഷേ, എനിക്കു് മറ്റൊരു ഭാഷയും നന്നായി വശമില്ലാത്തതുകൊണ്ടും അങ്ങയുടെ മാലാഖമാർ പ്രത്യക്ഷപ്പെടുമ്പോൾ മലയാളത്തിൽ പാട്ടുപാടാറുണ്ടെന്നു കേട്ടിട്ടുള്ളതുകൊണ്ടും ഞാനിതു മലയാളത്തിൽതന്നെ എഴുതുകയാണു്. ഞാനൊരു നസ്രാണിയായിട്ടും ഈശ്വരാ എന്നു സംബോധനചെയ്തതും ക്ഷമിക്കണം. ഇവിടെയിപ്പോൾ ഹിന്ദുമഹാമണ്ഡലത്തിനാണു പ്രാമാണ്യം.
ഞാനൊരു പാവപ്പെട്ട മനുഷ്യനാണു്. അങ്ങയെ അതിപ്രധാനമായ പല കാര്യങ്ങളും അറിയിക്കേണ്ടതായിട്ടുണ്ടു്. പക്ഷേ, അങ്ങയുടെ മഹാപുരോഹിതന്മാരും കാണപ്പെട്ട ദൈവങ്ങളും ഞങ്ങളുടെ യജമാനന്മാരും അതൊന്നും അങ്ങോട്ടെഴുതി അറിയിക്കാത്തതുകൊണ്ടു് ഞാൻ തന്നെ എഴുതുകയാണു്. ഈ ഭൂമിയൊക്കെ അങ്ങുപടച്ചതാണെന്നാണു് ചെറുപ്പത്തിൽ മുതലേ ഞാൻ പഠിച്ചിട്ടുള്ളതു്. അതു ശരിയാണെങ്കിൽ കാര്യമാകെ കുഴപ്പമായിട്ടുണ്ടെന്നാണു് എനിക്കറിയിക്കാനുള്ളതു്. ഇവിടെ കൊതുകിനെക്കൊണ്ടു പൊറുതിമുട്ടി. അവിടുന്നു് അവയേയും ഞങ്ങളേയും ഒരുമിച്ചു സൃഷ്ടിക്കേണ്ടായിരുന്നു എന്നു തോന്നുന്നു. പിന്നെ, കൊറിയായിലാണെങ്കിലൊരു യുദ്ധം. അവിടെ കൊറിയാക്കാരെല്ലാം സ്വന്തരാജ്യത്തിനെതിരായിട്ടാണു യുദ്ധം ചെയ്യുന്നതു്. കൊറിയയെ കൊറിയാക്കാരിൽ നിന്നു രക്ഷിക്കാൻ അമേരിക്ക മാത്രമേ യുദ്ധംചെയ്യാനുള്ളൂ. യുദ്ധം വരാൻ പോകുന്നു എന്നു പറഞ്ഞു്, ഇവിടെ കൊഞ്ചിനും മത്തങ്ങായ്ക്കും വില കൂട്ടിയിരിക്കയാണു്. ഇതിനെല്ലാറ്റിനും പുറമെ മഴയാണെങ്കിൽ തോരാതെ, ഈ ബഹളത്തിനിടയ്ക്കു് എങ്ങനെയാണു് ജീവിക്കുന്നതെന്നാലോചിച്ചപ്പോൾ തോന്നിയതാണു് അങ്ങേക്കൊരു ഹർജി എഴുതിക്കളയാമെന്നു്. ഞങ്ങൾക്കിവിടെ എന്തിനെങ്കിലും ശുണ്ഠിവന്നാൽ ഉടനെ പത്രാധിപർക്കു് ഒരു കത്തെഴുതുന്ന പതിവുണ്ടു്. അങ്ങും ഇതിന്റെയൊക്കെ മാനേജിംഗ് എഡിറ്ററാണല്ലോ. ഇതൊക്കെ ഒന്നു ശരിയാക്കിത്തരണം. എന്നുവെച്ചാൽ അങ്ങു പണ്ടെല്ലാം ഇടയ്ക്കിടയ്ക്കു് ഇങ്ങോട്ടുവരാറുണ്ടായിരുന്നു. രണ്ടുരണ്ടായിരം കൊല്ലമായിട്ടു് അതും നടക്കുന്നില്ല. വന്നാൽ പിടിച്ചു കുരിശിൽ തൂക്കിക്കളയുമെന്നു പേടിച്ചായിരിക്കാം. അതൊക്കെ ഞങ്ങൾ പറ്റിക്കും. സോക്രട്ടീസിനേയും ലിങ്കണേയും ഗാന്ധിയേയും ഒക്കെ ഞങ്ങൾ ശരിയാക്കി. അതിൽ ഞങ്ങളെ കുറ്റപ്പെടുത്തേണ്ട. അവരൊക്കെ ഞങ്ങളെ ചീത്ത പറഞ്ഞവരാണു്. ഞങ്ങൾക്കു ചെയ്യാൻ മനസ്സിലാകാത്തതു ചെയ്യണമെന്നു നിർബന്ധിക്കുകയും ചെയ്തു. അത്തരം വേഷത്തിൽ വന്നാൽ ഇനിയും ഞങ്ങൾ കല്ലെറിയും. ഞങ്ങൾക്കു് അത്ഭുതം കാണിക്കുന്ന ഒരു ദൈവത്തിനെയാണാവശ്യം. കൺകെട്ടുവിദ്യ പഠിക്കാതെ ഇങ്ങോട്ടുപോരേണ്ട ആവശ്യമില്ല. വന്നാൽതന്നെ സൂര്യനെ ചവിട്ടിക്കുഴക്കുകയും, സ്വർണ്ണപാമ്പായി അമ്പലത്തിൽ കയറികൂടുകയും ചെയ്താൽ പോരാ. ഞങ്ങൾക്കുവേണ്ടതു റേഷനാണു്. ഈ യുദ്ധമെന്നു പറയുന്ന രോഗവും മാറിക്കിട്ടിയാൽ കൊള്ളാം. പിന്നെ ഈ മലയാളസിനിമയും ഒന്നു രണ്ടെണ്ണം കൊറിയയിലേയ്ക്കയക്കാൻ ഏർപ്പാടുചെയ്യണം. ആ വഴക്കാളികൾ ഒന്നു മര്യാദ പഠിക്കട്ടെ.
ഈ എഴുത്തിൽ കാര്യങ്ങളെല്ലാം ഒരു ചിട്ടയുമില്ലാതെ പറഞ്ഞിരിക്കയാണെന്നു് അങ്ങേക്കു തോന്നിയേക്കാം. പക്ഷേ, അതിനു പരിഹാരമില്ല. ഞങ്ങളാരും ബുദ്ധി ഉപയോഗിക്കരുതു് എന്നാണല്ലോ ഉത്തരവായിട്ടുള്ളതു്. ഞങ്ങളതു് അക്ഷരംപ്രതി അനുഷ്ഠിച്ചുവരികയാണു്. വല്ലപ്പോഴും അതു ലംഘിച്ചാൽ തന്നെ കമ്മ്യൂണിസ്റ്റുകാർ ഞങ്ങളെ ശിക്ഷിക്കും. ചിന്തിക്കുന്നതിന്റെ കാര്യത്തിൽ അവരും അങ്ങയുടെ സോൾ ഏജന്റുമാരും ഒരേ അഭിപ്രായക്കാരാണു്.
ഇവിടെ ഓണക്കാലമാണു്. എന്നുവെച്ചാൽ, ഞങ്ങൾ സഖാവു മഹാബലിയെ കുരിശിൽ തൂക്കിയതിന്റെ ഓർമ്മയ്ക്കായിട്ടു് നടത്തുന്ന പെരുന്നാളാണു്. അങ്ങയുടെ ഒരു പോക്കറ്റ് എഡിഷനാണു് സഖാവു് മഹാബലിയെ ചവിട്ടിത്താഴ്ത്തിയതെന്നു കേട്ടിട്ടുണ്ടു്. അതു വളരെനന്നായിപ്പോയി. സഖാവില്ലെങ്കിലും ഞങ്ങൾക്കു് ഓണത്തിനു പഞ്ഞമില്ല. സഖാക്കളുടെ നാട്ടിൽ അരിയൊരുപാടുണ്ടെന്നാണവർ പറയുന്നതു്. പക്ഷേ, അവിടെ ഓണമില്ലെന്നു ഞങ്ങൾക്കു രഹസ്യമായറിവുണ്ടു്. ഇവിടെ ഞങ്ങൾക്കു് താണുമാലയന്റെ പഞ്ചസാര മുതൽ പറക്കുന്ന അരിവരെയുള്ള സകലതുമുണ്ടു്. പൂവിടിൽമാത്രം ഇക്കൊല്ലം അൽപ്പം കഷ്ടിയാണു്. അതിനു കാരണമുണ്ടു്. പൂവുള്ള മരമൊക്കെ വെട്ടി ഞങ്ങൾ വനമഹോത്സവം നടത്തി. ഓണത്തിനു വള്ളംകളിയും ഏർപ്പാടു് ചെയ്തിട്ടുണ്ടു്. താഴത്തങ്ങാടി ആറ്റിലാണു്. അഞ്ചാനയും ഏഴുമന്ത്രിയും പതിനൊന്നു ചുണ്ടൻവള്ളവും ഉണ്ടായിരിക്കുമെന്നാണു പ്രതീക്ഷ. കോളേജിലെ പെൺപിള്ളേരും വള്ളംകളിക്കാൻ വരുമെന്നു പ്രതീക്ഷയുള്ളതുകൊണ്ടു് ആൺപിള്ളേർ കാണാൻ വരുമെന്നും തീർച്ചയാണു്. ആകെക്കൂടി പറഞ്ഞാൽ അവിടെ ഒരു പഞ്ചസാര വിതരണസ്ഥലത്തെ ആൾപ്പെരുപ്പം കാണും. വേണമെങ്കിൽ ഒരത്ഭുതം കാണിക്കാൻ നല്ലൊരവസരമാണു്. അങ്ങയുടെ മാർക്കറ്റ് അൽപ്പം ഇടിഞ്ഞാണിരിക്കുന്നതെന്നു് ഇതിനിടയിലൊന്നു് ഓർമ്മപ്പെടുത്തിക്കൊള്ളട്ടെ. അതു് അങ്ങനെ പരിഹരിക്കാം.
ജോലിത്തിരക്കാണെന്നുവെച്ചു് ഈ എഴുത്തു് ശ്രദ്ധിച്ചുവായിക്കാതിരിക്കരുതു്. സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയുമൊക്കെ ഐൻസ്റ്റീൻ എന്നു പേരായ ആ യൂദനു് പാട്ടത്തിനു കൊടുത്തേക്കുക. അങ്ങു് ഞങ്ങളുടെ ഈ ഗോളത്തെപ്പറ്റിതന്നെ ചിന്തിക്കണം. അതിലങ്ങേയ്ക്കു് പ്രത്യേകം ചുമതലയുണ്ടല്ലോ. അങ്ങയുടെ രൂപത്തിലാണു് ഞങ്ങളെ സൃഷ്ടിച്ചിരിക്കുന്നതു് എന്നു പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു്. കോളേജിൽ പോകുന്ന ചില പെൺകുട്ടികളുടെ കോലം കാണുമ്പോൾ എനിക്കാക്കാര്യം വിശ്വസിക്കാൻ തോന്നുന്നില്ല. എങ്കിലും, ഞങ്ങൾക്കു മറ്റാരുടെ അടുത്തും പോകാനില്ലാത്തതുകൊണ്ടു പറയുകയാണു്, അങ്ങു ഞങ്ങളെ രക്ഷിക്കണമെന്നു്. ഇവിടെ ചിലരൊക്കെ പറയുന്നുണ്ട് അങ്ങു് വലിയ വലിയ ഒരു ഹെഡ് കോൺസ്റ്റബിളാണെന്നു്. ചിലർ പറയുന്നതു് അങ്ങേയ്ക്കു യാതൊരു കരുണയുമില്ലെന്നാണു്. പണ്ടു വോൾട്ടയർ എന്നൊരു ഫ്രഞ്ചുകാരൻ പറഞ്ഞു, മനുഷ്യരാണു് അങ്ങയെ സൃഷ്ടിച്ചതെന്നു്, ടാഗോർ എന്നൊരു താടിക്കാരൻ പറയുന്നതു് അങ്ങു സത്യവാനാണെന്നാണു്. ഇതിലേതാണു ശരി എന്നെനിക്കു നിശ്ചയമില്ല. നിശ്ചയമുള്ള കാര്യങ്ങൾ മാത്രം പറയാം.
- എനിക്കു വിശക്കുന്നു, ലോകത്തിലുള്ള ഭൂരിപക്ഷം ജനങ്ങൾക്കും.
- കമ്മ്യൂണിസ്റ്റുകാരെയും പോലീസുകാരെയും കോളേജുപിള്ളേരെയും കോൺഗ്രസ്സുകാരേയും പേടിച്ചിട്ടു വഴിയിൽക്കൂടെ നടന്നുകൂടാ.
- യുദ്ധം വരാൻ സകല കപ്പേളയിലും മെഴുകുതിരി കത്തിക്കുന്ന ആളുകൾ ഇവിടെ വളരെയുണ്ടു്. യുദ്ധമെന്നു പറഞ്ഞാൽ അമേരിക്കക്കാരുടേയും വായിൽ വെള്ളമൂറും.
- മലയാളദിനപത്രങ്ങൾ എല്ലാം എഡിറ്റ് ചെയ്യുന്നത് കമ്പോസിറ്ററന്മാരാണു്.
- ഇവിടെ ഒട്ടനവധി പേർക്കു ഭ്രാന്തുണ്ടു്.
ഇതിലൊന്നാമത്തെ കാര്യത്തിനു് ഒരു പ്രതിവിധി ഉണ്ടാക്കണം. ഹോട്ടലിലെ ഊണിന്റെ വില കുറയ്ക്കാനും മറ്റും അങ്ങും പരിശ്രമിക്കേണ്ട. അതു കുഴപ്പമാണു്. ഹോട്ടലുടമസ്ഥന്മാർ പിണങ്ങും. ഈ വിശപ്പെന്നു പറയുന്നതുതന്നെ അങ്ങു നിറുത്തിയേച്ചാൽ മതി. രണ്ടാമത്തേ കാര്യമാണു് കൂടുതൽ കുഴപ്പം. അവരെയെല്ലാവരേയും അങ്ങു സ്വർഗ്ഗത്തിലേക്കു കൊണ്ടുപോയ്ക്കൊള്ളുക. അതു കഴിയില്ലെങ്കിൽ മനുഷ്യരെയൊക്കെ ചന്ദ്രനിലേക്കു മാറ്റിത്താമസസിപ്പിക്കുക. മൂന്നാമത്തെ കാര്യത്തിനു ചോദിച്ചതു തരിക മാത്രമേ വഴിയുള്ളൂ. കഴിയുന്നത്ര വേഗം ഒരു പത്തഞ്ഞൂറു് ആറ്റംബോംബ് കൊണ്ടുവന്നിടണം. കുറെ ആസ്ത്രേലിയൻ പട്ടാളക്കാരെ ഇവിടത്തെ പെണ്ണുങ്ങളുടെ നേരെ അഴിച്ചുവിടുകയും വേണം. യുദ്ധമെന്നു കേട്ടാൽ ഞങ്ങൾക്കിന്നൊരുത്സവമാണു്. നടക്കുന്നതു വല്ലനാട്ടിലുമാണല്ലോ. ഞങ്ങൾക്കു് പഞ്ചസാര വിൽക്കാം, തേങ്ങയ്ക്കുവില കൂട്ടാം, പെട്രോൾ കൂപ്പൺ കച്ചവടം ചെയ്യാം, യുദ്ധഫണ്ടിനു പണവും പിരിക്കാം, പക്ഷേ, ഇപ്രാവശ്യം ഞങ്ങളുടെ നാട്ടിനും കുറെയധികം കൈയും കാലും പോയവരെ ഉണ്ടാക്കിത്തരണം. കുറെയധികം വീടുകൾ തീ പിടിക്കണം. അതെല്ലാം കഴിഞ്ഞാൽ മെഴുകുതിരി കത്തിക്കൽ ഞങ്ങൾ തന്നെ നിർത്തിക്കൊള്ളാം. നാലാമതായി, ഞങ്ങളുടെ കമ്പോസിറ്ററന്മാരെ പത്രാധിപന്മാരാക്കാൻ കഴിഞ്ഞില്ലെങ്കിലും വേണ്ടില്ല, ഞങ്ങളുടെ പത്രാധിപന്മാരെ കമ്പോസിറ്റന്മാരായി നിയമിച്ചുത്തരവുണ്ടാകണം. അവസാനം പറഞ്ഞകാര്യത്തിനു് മറ്റൊന്നും വേണ്ട, ഭ്രാന്തെല്ലാം കിറുക്കാക്കി മാറ്റിത്തന്നാൽ മതി. കിറുക്കന്മാരില്ലെങ്കിൽ ഈ ലോകം മുമ്പോട്ടുപോകാൻ വളരെ വിഷമിക്കും.
ഞാൻ നിർത്തുകയാണു്. കത്തു നീണ്ടുപോകുന്നു. ഇതെല്ലാം ശ്രദ്ധയോടെ വായിച്ചുനോക്കി ചെയ്യാൻ മനസ്സുള്ളതു് ഉടനെ ചെയ്തുതരിക. ഇവിടെയെല്ലാം പേർക്കും സുഖമാണു്. അവിടെയും അങ്ങനെതന്നെയെന്നു വിശ്വസിക്കുന്നു. ശേഷം കാഴ്ചയിൽ.
എന്നു് സ്വന്തം,
സംശയക്കാരനായ ശിഷ്യൻ.
പി. എസ്.: അങ്ങു് ഉണ്ടെന്നുതന്നെ എനിക്കു വിശ്വാസമില്ല. ഉണ്ടെന്നൊരുപദേശി എന്നോടു പറഞ്ഞതാണു്. അതുകൊണ്ടാണു് എഴുത്തു് അഞ്ചലിൽ അയക്കാതെ അയാളുടെ കൈയിൽതന്നെ കൊടുത്തയക്കുന്നതും.
കേരളഭൂഷണം വിശേഷാൽപ്രതി 1950.