സി. ജെ. തോമസ്സിന്റെ രണ്ടു ചെറിയ ലേഖനങ്ങളാണു് ഇന്നു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്, അര നൂറ്റാണ്ടിനും മുമ്പു് എഴുതിയതു്. ‘വലതു്’ ‘ഇടതു്’ അധികാര നിര്‍വഹണത്തിലെ തകരാറുകളെ സ്വതസിദ്ധമായ ശൈലിയില്‍ ഇവയിലും സി ജെ തുറന്നു കാട്ടുന്നു. അധികാരത്താല്‍ ഉന്മത്തരാവുന്ന അധികാരികളെ അവരുടെ മടയില്‍ ചെന്നു് നേരിടുന്ന ഇതിലെ പരിഹാസത്തില്‍ തിളയ്ക്കുന്ന രോഷവും കാണാന്‍ പറ്റും. സി ജെ-യുടെ പല എഴുത്തുകളും സായാഹ്നയുടെ വായനക്കാര്‍ ഇതിനകം ഇവിടെ കണ്ടിരിക്കും. ഒന്നു് ശ്രദ്ധിച്ചാല്‍, ബുദ്ധി ജീവിതത്തിന്റെ ഒരടിസ്ഥാന സങ്കല്‍പ്പത്തെ സി ജെ തന്റെ എഴുത്തിലുടനീളം പിന്‍പറ്റുന്നതു് നമുക്കു് കാണാം. അതു് അധികാര ബന്ധങ്ങളിലെ സ്ഥാപനവല്‍ക്കരണത്തെ നേരിടുമ്പോള്‍ ഈ എഴുത്തുകാരന്‍ പുലര്‍ത്തുന്ന ജാഗ്രതയാണു്. ഈ ചെറിയ കുറിപ്പുകളിലും അതു് കാണാം. ഇക്കാലത്തു് അതൊരു ചില്ലറക്കാര്യവുമല്ല.
—സായാഹ്നപ്രവർത്തകർ
വെള്ളം കൊണ്ടുവരൂ. ഞങ്ങൾ കൈ കഴുകട്ടെ. ഞങ്ങൾക്കു് ഇന്ത്യയുടെ രക്തത്തിൽ പങ്കില്ല!
അവർ റഷ്യക്കാരാണു്. അവർക്കു് ദേശാഭിമാനമില്ല. അവർ ആർഷഭാരതത്തിന്റെ ശത്രുക്കളാണു്. സമരത്തിന്റെ ഓരോ ഘട്ടത്തിലും അവർ ഞങ്ങളെ വഞ്ചിച്ചു. അവരാണു് ഇന്നത്തെ കുഴപ്പത്തിനെല്ലാം കാരണം. അവർ നശിക്കട്ടെ!
അവർ ഒന്നും തിരിയാത്ത വെറും തൊഴിലാളികളെ ഇളക്കിവിടുന്നു. കൂലി കൂടുതൽ ചോദിക്കുന്നു. അവരാണു് സാധാരണക്കാരനെ അനുസരണമില്ലാത്തവനാക്കിത്തീർത്തതു്. ഞങ്ങളുടെ ദിവ്യമായ നേതൃത്വത്തെ ചോദ്യം ചെയ്യാൻ പഠിപ്പിച്ചതും അവർ തന്നെ. അവരുടെ സംസാരം കേട്ടാൽത്തോന്നും, ഞങ്ങൾ വെറും മനുഷ്യരാണെന്നു് ! അവർ തുലയട്ടെ!
അവർ നിരീശ്വരന്മാരാണു്, സദാചാരമില്ലാത്തവരാണു്. അവർ ക്ഷേത്രത്തിൽ പോകുന്നില്ല, ഹജ്ജിനു് പോകുന്നില്ല, കുമ്പസാരിക്കുന്നുമില്ല, അവർക്കു് നീതിയില്ല, നെറിയില്ല, സത്യമില്ല, മര്യാദയില്ല, ഒന്നുമില്ല. അവരെ വളരെ പണ്ടുതന്നെ ഈശ്വരൻ ശപിച്ചു വിട്ടിരിക്കുകയാണു്.
ഞങ്ങൾ ഹിന്ദുക്കളാണെന്നവർ പറഞ്ഞു. ഞങ്ങൾ ജിന്നയുമായി സന്ധിയുണ്ടാക്കണമെന്നു് അവർ പ്രചരണം ചെയ്തു. അവരെ തോല്പിക്കുവാൻവേണ്ടി ഞങ്ങൾ ഇന്ത്യയെ പങ്കിട്ടു.
അവർ റഷ്യയുടെ ഏജന്റുമാരാണു്. അതുകൊണ്ടു് ഞങ്ങൾ ബ്രിട്ടന്റെയും അമേരിക്കയുടെയും സോൾ ഏജൻസി എടുത്തു. അവർ റസാക്കാർമാരെ എതിർത്തു. പോരാഞ്ഞിട്ടു് ഇപ്പോഴും ഗവർമ്മെണ്ടിനെ എതിർക്കുന്നു.
അവർ അക്രമം പ്രവർത്തിക്കുന്നു. അതുകൊണ്ടു് ഞങ്ങൾ അവരെ വെടിവെക്കുന്നു. അവർ അഹിംസയിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ടു് അവരെ ലാത്തിച്ചാർജ്ജ് ചെയ്യാതെ നിവൃത്തിയില്ലാതായിരിക്കുന്നു.
റഷ്യയിൽ പൗരസ്വാതന്ത്ര്യമില്ല. അതുകൊണ്ടു് ഞങ്ങൾ 144 പാസ്സാക്കുന്നു. റഷ്യയിൽ ഏകകക്ഷിമേധാവിത്വമാണു്. അതുകൊണ്ടു് ഞങ്ങൾ ഇവിടെ മറ്റൊരു പാർട്ടിയേയും അനുവദിക്കുകയില്ല.
അവരുടെ പത്രങ്ങളിൽ ഞങ്ങളെ വിമർശിക്കുന്നു. അതുകൊണ്ടു് അവയെ തടയാതെ നിവൃത്തിയില്ല.
അവർ ഉൽപാദനക്കുഴപ്പമുണ്ടാക്കുന്നു. അതുകൊണ്ടാണു് റേഷൻ കിട്ടാത്തതു്. അവർ കൂലി കൂടുതൽ ചോദിക്കുന്നു. അതുകൊണ്ടു് ഞങ്ങൾ പഞ്ചസാരയുടെ വിലകൂട്ടി.
അവർ കൂടുതൽ കൂടുതൽ ആളുകളെ വഴിതെറ്റിക്കുന്നു. അതുകൊണ്ടു് ഞങ്ങൾ പോലീസും പട്ടാളവും വർദ്ധിപ്പിക്കുന്നു.
അവർ തൊഴിലാളിസംഘടന തട്ടിയെടുത്തു. അതുകൊണ്ടു് ഞങ്ങൾ ഒറ്റരാത്രിയിൽ 1,00,00,00,000 അംഗങ്ങളെച്ചേർത്തു് മറ്റൊന്നുണ്ടാക്കി. കർഷകസംഘടനയുടെ കാര്യവും തഥൈവ. വിദ്യാർത്ഥി ഡിപ്പാർട്ടുമെന്റിലും അങ്ങിനെയൊന്നു് ഗർഭത്തിലുണ്ടു്.
അവർ ചാരവൃത്തി നടത്തുന്നു. അപ്പോൾ ഉദ്യോഗങ്ങളെല്ലാം ഞങ്ങളുടെ മരുമക്കൾക്കും, അളിയന്മാർക്കും കൊടുക്കാതെ എന്തുചെയ്യും? കോൺട്രാക്ടുകൾ ഞങ്ങൾ തന്നെയെടുക്കുകയാണു് അതുവെറുതെ ത്യാഗത്തിന്റെ പ്രതിഫലം. അതിലും അവർക്കു് അസൂയയാണു്.
അവർ ക്ഷമയില്ലാത്തവരാണു്. ഒരു ഇരുനൂറുവർഷമെങ്കിലും അവർക്കു് ക്ഷമിച്ചുകൂടേ? ഇപ്പോൾ വെറും രണ്ടുവർഷമേ ആയിട്ടുള്ളൂ.
അവർ കുപ്രചരണം നടത്തുന്നു. ഞങ്ങൾ ഒന്നു ചെയ്തിട്ടില്ലെന്നാണവർ പറഞ്ഞുപരത്തുന്നതു്. ഞങ്ങൾ മദ്യനിരോധം നടപ്പിലാക്കിയില്ലേ? ഹിന്ദി പഠിപ്പിച്ചില്ലേ? ഐക്യകേരളം കൊടുത്തില്ലേ? ആർ. എസ്. എസ്സിനെ തകർത്തില്ലേ?
അവർ ബർമ്മയുടേയും ചൈനയുടേയും കഥ പറയുന്നു. അതുകൊണ്ടു് ഞങ്ങൾ സ്പെയിനിന്റെയും പോർട്ടുഗലിന്റെയും കഥ പറയുന്നു.
നൂറുവർഷം മുമ്പു് അവർ ഒരു പ്രേതമായിരുന്നു, ഇന്നവർ ജീവനുള്ള പ്രേതമാണു്. അവർ പാപികളാണു്, തെറ്റുകാരാണു്, കുറ്റക്കാരാണു്, പോക്രികളാണു്, തെമ്മാടികളാണു്.
ഞങ്ങളോ? ഞങ്ങൾ പരിശുദ്ധന്മാരാണു്, പച്ചവെള്ളം ചവച്ചുകുടിക്കുന്നവരാണു്. ഞങ്ങൾ മാന്യന്മാരാണു്. ഞങ്ങൾ അഹിംസാവ്രതക്കാരാണു്. അതിനെ ചോദ്യംചെയ്യുന്നവരെയെല്ലാം ഞങ്ങൾ വെടിവെച്ചുകളയും. ഞങ്ങൾ സസ്യഭുക്കുകളാണു്. ഞങ്ങൾ സർവ്വജ്ഞന്മാരാണു്. ഞങ്ങൾ സുന്ദരന്മാരാണു്. ഞങ്ങളുടെ വിയർപ്പിൽപോലും സുഗന്ധമാണു്. ഞങ്ങൾക്കു് “തെറ്റാവര”മുണ്ടു്. ഞങ്ങൾ ഈശ്വരന്റെ പ്രതിപുരുഷന്മാരാണു്, അല്ല, ഞങ്ങൾ തന്നെയാണു് ദൈവം.
പട്ടിണിയുണ്ടെങ്കിൽ അതു് അവരുടെ തെറ്റാണു്. പകർച്ചവ്യാധിയുണ്ടെങ്കിൽ അതു് അവരാണു് പകർത്തുന്നതു്. അവരാണു് തൊഴിലില്ലായ്മയുണ്ടാക്കിയതു്. അവരാണു് ഉൽപാദനം കുറച്ചതും വിലകൂട്ടിയതും. എന്നിട്ടും ഞങ്ങളുടെ കരുണ നോക്കു! അവരിൽ എത്രയായിരം പേർക്കു് ഞങ്ങൾ ഭക്ഷണം കൊടുക്കുന്നു! പിന്നെയും അവർ പിറുപിറുക്കുകയാണു്. എന്തൊരു നന്ദിയില്ലാത്ത വർഗ്ഗം!
നാട്ടിലെ സർവ്വകുഴപ്പങ്ങൾക്കും ഉത്തരവാദി അവരാണു്. ഞങ്ങളല്ല.
വെള്ളം കൊണ്ടുവരൂ. ഞങ്ങൾ കൈ കഴുകട്ടെ. ഞങ്ങൾക്കു് ഇന്ത്യയുടെ രക്തത്തിൽ പങ്കില്ല!
ആഗസ്റ്റ് പതിനഞ്ചും പതിനാറും വിജയിക്കട്ടെ!
ജയ്ഹിന്ദ് !
ജയകേരളം 13 ആഗസ്റ്റ് 1949.
“…അതേ. അങ്ങനെ ലോകവിപ്ലവം ഉണ്ടാകും. ശരി. പിന്നെ?”
“പിന്നെ, അധ്വാനിക്കുന്നവന്റെ സർവാധിപത്യം സ്ഥാപിക്കും. ഇത്തിക്കണ്ണിവർഗ്ഗങ്ങൾ എല്ലാം പറിച്ചുകളയപ്പെടും. അങ്ങനെ നീതിനടപ്പിലാകും. അങ്ങനെ വർഗ്ഗരഹിതമായ ഒരു സമുദായം സ്ഥാപിക്കപ്പെടും.”
“ശരി. പിന്നെ?”
“പിന്നെയോ? പിന്നെയെന്താ, സോഷ്യലിസ്റ്റ് ഉല്പാദനം ആരംഭിക്കും.”
“പിന്നെ?”
“എന്തു പിന്നെ?”
“അതു കഴിഞ്ഞിട്ടെന്താണെന്നാണു് ഞാൻ ചോദിച്ചതു്.”
“ഏതു കഴിഞ്ഞിട്ടു്.”
“ഈ വിപ്ലവമൊക്കെ കഴിഞ്ഞിട്ടേ.”
“ചോദ്യം മനസ്സിലായില്ല.”
“ഈ സമരമില്ലേ സമരം. വിപ്ലവമൊക്കെക്കഴിഞ്ഞു് എല്ലാവർക്കും വേണ്ടതെല്ലാം കിട്ടിക്കൊണ്ടിരിക്കുമ്പോൾ എന്താണു് സമരം?”
“നിങ്ങൾ ഒരു സമരപ്രിയനാണെന്നു തോന്നുന്നു. അന്നൊരു സമരവുമുണ്ടാകയില്ല.”
“ഇല്ലേ. വളരെ നന്നായി. പക്ഷേ, വൈരുദ്ധ്യം എന്നൊന്നില്ലേ?”
“എന്തു വൈരുദ്ധ്യം?”
“ഈ ഡയലക്റ്റിക്സിലെ വൈരുദ്ധ്യം. അതാണു് ഞാൻ ചോദിച്ചതു്.”
“ഓ അതു്. അല്ലേ… അതു്. പ്രകൃതിയും മനുഷ്യനും തമ്മിൽ ആയിരിക്കും. അതു് സമരം തന്നെയാണു്.”
“അതു് പണ്ടുമുതൽ നടന്നുവരുന്നതല്ലേ? അന്നതിനു പ്രത്യേകമായിട്ടെന്താണുള്ളതു്?”
“ഒന്നുമില്ല.”
“പോരെങ്കിൽ മനുഷ്യ സമുദായത്തിനകത്തും ഡയലക്റ്റിക്സ് ഇല്ലേ? വർഗ്ഗങ്ങൾ ഇല്ല. ശരിയാണോ?”
“ശരി.”
“വൈരുദ്ധ്യങ്ങൾ ഉണ്ടു്. ശരിയാണോ?”
“ശരി.”
“ആരു തമ്മിലാണു വൈരുദ്ധ്യം?”
“ഉല്പാദകനും ഉപഭോക്താവും തമ്മിൽ.”
“അന്നു് പ്ലാനിംഗ് ഉണ്ടായിരിക്കുകയില്ലേ?”
“തീർച്ചയായും.”
“പിന്നെയെങ്ങനെയാണു് ഉൽപാദകനും ഉപഭോക്താവും തമ്മിൽ വൈരുദ്ധ്യം? പോരെങ്കിൽ സകല ഉൽപാദകനും മറ്റൊരുതരത്തിൽ ഉപഭോക്താവല്ലേ, മറിച്ചും? അതുംപോരെങ്കിൽ ഇപ്പോൾത്തന്നെ ഉല്പാദകനും ഉപഭോക്താവും തമ്മിൽ വൈരുദ്ധ്യമില്ലേ? അതുതീർക്കാനല്ലേ വിപ്ലവം നടത്തുന്നതുതന്നെ?”
“അങ്ങനെയല്ല. വൈരുദ്ധ്യം സ്ത്രീയും പുരുഷനും തമ്മിലായിരിക്കും.”
“വിപ്ലവം കഴിയുമ്പോൾ പുരുഷൻ അടിമത്തം ആരംഭിക്കുമോ?”
“ഇല്ല.”
“സ്ത്രീയുടെ അടിമത്തം തുടരുമോ?”
“ഒരിക്കലുമില്ല.”
“പിന്നെയെങ്ങനെയാണു് അവർ തമ്മിൽ വൈരുദ്ധ്യം?”
“അതല്ല. അത്തരം വൈരുദ്ധ്യങ്ങൾ ഒന്നുംതന്നെ ഉണ്ടാകാൻ വഴിയില്ല.”
“ഡയലക്റ്റിക്കൽ ഫിലോസഫി നിലനില്ക്കുമോ?”
“അതു് സനാതനമാണു്.”
“രാഷ്ട്രം തുടരുമോ?”
“ആചാര്യൻ പറഞ്ഞതുപോലെ, രാഷ്ട്രം വാടിക്കരിഞ്ഞുപോകുംവരെ രാഷ്ട്രം നിലനിൽക്കും.”
“രാഷ്ട്രത്തിനു് ഉദ്യോഗസ്ഥന്മാരുണ്ടായിരിക്കുമോ?”
“ഉണ്ടായിരിക്കും.”
“അവർ ജനങ്ങൾ പറയുന്നതുപോലെ ചെയ്യുമോ?”
“ചെയ്യും.”
“എന്താണുറപ്പു്?”
“ഇന്നും ഭരണഘടനകളില്ലേ?”
“ഉണ്ടു്”
“അധികാരികൾ അതിനെ അനുസരിക്കാറുണ്ടോ?”
“ചുരുക്കമാണു്.”
“അന്നോ?”
“അന്നു് വൈരുദ്ധ്യമുണ്ടായിക്കൂടെ, ഭരണകർത്താക്കളും ഭരണീയരും തമ്മിൽ?”
“എനിക്കാലോചിക്കണം.”
“എങ്കിൽ ഇതുംകൂടി ആലോചിക്കുക. അന്നു് ശാസ്ത്രജ്ഞന്മാർ ഉണ്ടായിരിക്കുമോ? കലാകാരന്മാർ ഉണ്ടായിരിക്കുമോ? തത്ത്വജ്ഞാനികൾ ഉണ്ടായിരിക്കുമോ? വിപ്ലവം മുതൽ മനുഷ്യസമുദായം നിശ്ചലമാകുമോ? മതക്കാരുടെ സ്വർഗ്ഗംപോലെ നിത്യാനന്ദം സമാരംഭിക്കുമോ?”
“ആലോചിക്കാം. പക്ഷേ, ഇത്രയങ്ങോട്ടു് നീട്ടി ആലോചിച്ചതുകൊണ്ടു് ഇപ്പോൾ എന്താണു് ഫലം?”
“ഒന്നുമില്ല. നമുക്കു് ചായകുടിക്കാം.”
ഇവൻ എന്റെ പ്രിയപുത്രൻ 1953.