കുറിപ്പു്: ഒട്ടും തൃപ്തിയോടെയല്ല ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതു്. ഇതിൽ പറഞ്ഞിട്ടുള്ള പല പേരുകളും ഇന്നു് ഒരടയാളം പോലും ബാക്കിവെയ്ക്കാതെ മറഞ്ഞുപോയിരിക്കുന്നു. കലാസമിതി പ്രസ്ഥാനത്തെപ്പറ്റിയും എന്തിനു്, കെ. എസ്. എഫ്. എന്ന വിദ്യാർത്ഥി സംഘടനയെപ്പറ്റിപ്പോലും മതിയായവിവരങ്ങൾ കിട്ടാനില്ല. ശ്രീ. മാധവൻ, സംഗീതസംവിധായകൻ ജിം, ഗായകൻ വിൻസെന്റ് ഇവരെപ്പറ്റിയും മതിയായ വിവരങ്ങൾ ശേഖരിക്കാനായില്ല. വായനക്കാരിൽ ആർക്കെങ്കിലും ഇക്കാര്യങ്ങളിൽ വെളിച്ചം തരാനായെങ്കിൽ നമുക്കു് ഈ ലേഖനം ഒന്നുകൂടി നല്ല രീതിയിൽ പുനഃപ്രസിദ്ധീകരിക്കാം.
—സായാഹ്ന.
നൃത്തകലയിൽ കേരളത്തിനു് അഭിമാനകരമായ ഒരു സ്ഥാനമുണ്ടു്. അറിയപ്പെട്ടിട്ടുള്ള എല്ലാ നൃത്തരീതികളിലും ഉത്തമമായതു് കഥകളിയാണെന്നു കലാകാരന്മാരും വിമർശകരും ഒരുപോലെ സമ്മതിക്കുന്ന പരമാർത്ഥമാണു്. ഉദയശങ്കർ, സാധനാബോസ് മുതലായ അഖിലലോക പ്രശസ്തരായ നൃത്തവിദഗ്ദ്ധന്മാർകൂടി കഥകളി പഠിച്ചുകഴിഞ്ഞിട്ടേ അവരുടെ വൈദഗ്ദ്ധ്യം പൂർണ്ണമായി ഗണിച്ചുള്ളു. അമേരിക്കയിലും മറ്റും ശ്രീ. മാധവനു് ഉദയശങ്കറിനേക്കാൾ പ്രസിദ്ധിലഭിക്കുവാൻ ഇടയാക്കിയ കാരണവും ഇതുതന്നെയാണു്. ഹരീന്ദ്രനാഥ ചതോപാദ്ധ്യായ, കഥകളികൊണ്ടുമാത്രം കേരളം കലാസംസ്കാരത്തിനു നൽകേണ്ട സംഭാവന നൽകിക്കഴിഞ്ഞുവെന്നു പ്രസ്താവിക്കുകയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നു് കേരളത്തിൽ കഥകളിയുടെ നില ആശാവഹമാണെന്നു പറയുവാൻ നിവൃത്തിയില്ല. ഉയർന്നുവരുന്ന കലാകാരന്മാരുടെ എണ്ണം കുറയുന്നു. കാഴ്ചക്കാരുടെ എണ്ണവും അതുപോലെ. കലാകാരന്മാർക്കോ പ്രകടനങ്ങൾക്കോ ഒരു പ്രോത്സാഹനവും ലഭിക്കുന്നില്ല. ഇന്നും പണ്ടത്തെപ്പോലെ ചുരുക്കം ചില ക്ഷേത്രങ്ങളിലും നമ്പൂതിരി ഗൃഹങ്ങളിലും കാണപ്പെടുന്ന ഒരു ചടങ്ങാണു് കഥകളി. ഈ നിലയിൽനിന്നു മാറ്റി ശ്രേഷ്ഠമായ ഈ കലാസമ്പത്തിനെ ജനങ്ങളുടെ ഇടയിലേക്കു കൊണ്ടുവന്നു് അതിനെ പുരോഗമിപ്പിക്കേണ്ടതു് ആവശ്യമാണു്.
‘ബാലി വന്നു, ശുക്രി വന്നു, പിന്നെ രണ്ടു വേഷം വന്നു’ എന്നു് ഒരു സാധാരണക്കാരൻ കഥകളി കണ്ടുകഴിഞ്ഞു് പറഞ്ഞുവെന്നു കേട്ടിട്ടുണ്ടു്. ഇതാണു് ഇന്നു സാധാരണക്കാരനും കലയും തമ്മിലുള്ള ബന്ധം. ഇതിന്റെ കാരണമെന്താണു്; പുരോഗതിക്കുള്ള മാർഗ്ഗങ്ങളെന്തെല്ലാമാണു്? ഈ വിഷയത്തിൽ കേരളത്തിലെന്തു പരിശ്രമമാണു നടത്തിയിട്ടുള്ളതു്?
എല്ലാ കലയിലും ഒരു പ്രത്യേകതയുണ്ടു്; കലാകാരനും കാണികൾക്കും അതിന്റെ പുരോഗതിയിൽ സമപ്രാധാന്യമുണ്ടെന്നു്, തുല്യമായ ഉത്തരവാദിത്വവും. ഇംഗ്ലീഷ് ഭാഷ വശമില്ലാത്ത ഒരാൾക്കു് ഷെല്ലിയുടെ കവിത എത്ര ഭംഗിയായി പാടിക്കേട്ടാലും പ്രയോജനമുണ്ടാകയില്ല. ആസ്വദിക്കാനുള്ള കഴിവു് കാണികൾക്കുണ്ടായിരിക്കുക എന്നതു് ഏതു കലാരൂപത്തിന്റെയും വിജയത്തിനു് ആവശ്യമാണു്. പക്ഷേ, ആ കലാരൂപത്തിന്റെ വൈകല്യങ്ങളും കുറവുകളുമായിരിക്കും കാണികൾ രസിക്കാത്തതിന്റെ യഥാർത്ഥകാരണം. കഥകളിയെ സംബന്ധിച്ചിടത്തോളം സാങ്കേതികവശത്തുള്ള പല പരിഷ്കാരങ്ങളും നടത്തുവാനുണ്ടു്. ജനകീയമാക്കുവാനുള്ള പറ്റിയമാർഗ്ഗവും അതുതന്നെയായിരിക്കും.
മുദ്ര, അംഗവിക്ഷേപം, ശരീരചലനം, ഭാവം മുതലായവയാണല്ലോ, കഥകളിയിലെ സങ്കേതങ്ങൾ. കലയേയും മറ്റെല്ലാറ്റിനേയും ബാധിക്കുന്ന ഒരു ദോഷം ഈ സങ്കേതങ്ങളേയും ബാധിച്ചിട്ടുണ്ടു്. കാലം പ്രകടിപ്പിക്കേണ്ട ആശയത്തിനല്ല ഇന്നു പ്രാധാന്യം, അതു പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികസംജ്ഞയ്ക്കാണു്. ശാസ്ത്രീയനിയമങ്ങൾ വികാരങ്ങളെ പുറത്തുതള്ളി, രംഗത്തു് കസർത്തുനടത്തുകയാണു് ഇന്നത്തെ പതിവു്. കർണാടകസംഗീതം വികാരോത്തേജനത്തിൽനിന്നു രാഗവിസ്താരത്തിലേക്കു പോയതുപോലെയാണു് കഥകളിയുടേയും ഗതി. ദമയന്തിയുടെ വിരഹ ദുഃഖത്തിൽ കാഴ്ചക്കാരൻ സഹതപിക്കുന്നില്ല. നമ്പൂതിരിക്കു പറയാനുള്ളതു് ‘ട്ടോ, പണിക്കരുടെ മനോധർമ്മം ഭേഷായി’ എന്നു മാത്രമാണു്. ചുരുക്കിപ്പറഞ്ഞാൽ കഥ ‘നളചരിതമല്ല’ മുദ്രക്കസർത്താണു്.
സനാതനികൾ എന്തു പറഞ്ഞാലും മുദ്രകൾ മാറിക്കൊണ്ടിരിക്കാതെ നിവൃത്തിയില്ല. മുദ്രകൾ ആശയാവിഷ്കരണത്തിനുള്ള കരുക്കളാണു്. ഭാഷയിൽ പദങ്ങളും പ്രയോഗങ്ങളും മാറിക്കൊണ്ടിരിക്കുന്നതുപോലെത്തന്നെ, നൃത്തത്തിലെ മുദ്രകളും മാറിക്കൊണ്ടിരിക്കണം. ആശയങ്ങൾ മാറിക്കൊണ്ടിരിക്കുകയാണു്. അവയെ പ്രകടിപ്പിക്കുന്ന മാർഗ്ഗങ്ങളെപ്പറ്റിയുള്ള ആശയങ്ങളും മാറാതെ കഴിയില്ലല്ലോ. ഈ അഭിപ്രായത്തെ എതിർക്കുന്ന പണ്ഡിതന്മാരുണ്ടായിരിക്കാം. പരമ്പരാഗതമായ മുദ്രകളെ തൊട്ടുകൂടെന്നു് അവർവാദിക്കും. പക്ഷേ, ‘മനോധർമ്മ’ത്തിനു് ഇന്നു ലഭിക്കുന്ന അഭിനന്ദനം. കലാകാരന്റെ യഥാർത്ഥപ്രചോദനവും കാണികളുടെ ആവശ്യവും കാണിക്കുന്നതു് മുദ്രകൾ മാറാമെന്നു മാത്രമല്ല, മാറിയേതീരു എന്നാണു്.
കഥകളിയുടെ സംഗീതപശ്ചാത്തലവും അതുപോലെതന്നെ കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ മാതൃകയാണു്. കഥകളിയുടെവളർച്ച ജന്മിത്വകാലത്താണു്. ജന്മിത്വം തകർന്നു; മറ്റൊരുതരം സമുദായമാണു് ഉയർന്നുവരുന്നതു്. കൂടുതൽ ജനങ്ങൾ സമുദായത്തിന്റെ പൊതുപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഒരുതരം സമുദായസംഘടന. കൂടുതൽ പേർ ആസ്വദിക്കുന്ന ഒന്നു്. നാലോ അഞ്ചോ നമ്പൂതിരിമാർ നിലവിളക്കിനടുത്തിരുന്നു് കൃഷ്ണക്കുറുപ്പു് ആടുന്നതുകണ്ടു് വെടിയും പറഞ്ഞു് മുറുക്കാനും ചതച്ചുകൊണ്ടിരിക്കുന്ന കാലമല്ല ഇതു്. ഇന്നു ഹരിഹരഭാഗവതർ പിറകിൽനിന്നു കൈയും കരണത്തുവെച്ചു് പാടിയാൽ തറ ടിക്കറ്റുകാർക്കു കേട്ടുകൂടാ. കൂടുതൽ യന്ത്രപ്രധാനമായി കുറേക്കൂടി ജീവനുള്ള ഒരു സംഗീതപശ്ചാത്തലമാണു ഭാവിയിലേക്കു വേണ്ടതു്. പാട്ടുതന്നെ വേണമെന്നില്ല. പുതിയ സംഗീതത്തിനനുസരിച്ചു് ചിലപ്പോൾ നൃത്തത്തിലെ ശരീരചലനങ്ങൾ മാറ്റേണ്ടതായി വന്നേക്കാമെന്നുമാത്രം. ഇന്നത്തെ താളോപകരണങ്ങൾ കിരാതത്വത്തിന്റെ ഓജസ്സുള്ളതാണെങ്കിലും പ്രാകൃതമാണു്. അവയുടെ ശബ്ദം കർണകഠോരവുമാണു്. അത്യാവശ്യം വേണ്ടിടത്തു് തബല ഉപയോഗിച്ചാൽ മതിയാകുമെന്നു തോന്നുന്നു.
രംഗവിധാനം, വേഷം, ചമയൽ എന്നിവയിലും പല പരിഷ്കാരങ്ങളും ചെയ്യേണ്ടതുണ്ടു്. മറപിടിക്കലും എല്ലാവശവും തുറന്നവേദിയും പഴയ നിലവിളക്കും അതിന്റെ അംശമെന്നോണം കാഴ്ചമറയ്ക്കുന്ന വിളക്കുനോട്ടക്കാരനും പോവുകതന്നെ വേണം. കഥകളികൊണ്ടുദ്ദേശിക്കുന്നതു് പുരാണവസ്തുസംരക്ഷണമല്ലല്ലോ. വേഷത്തിന്റെ കാര്യമാണെങ്കിൽ, പുരാതനകാലത്തു് ഈശ്വരനെപ്പറ്റിയുണ്ടായിരുന്ന ധാരണയ്ക്കനുസരിച്ചു സൃഷ്ടിച്ച വേഷങ്ങൾ ഇന്നുപറ്റുകയില്ല. ഇന്നത്തെ അര ടൺ കിരീടങ്ങൾ നടനെ ശ്വാസംമുട്ടിക്കാനല്ലാതെ മഹാപുരുഷചിത്രീകരണത്തിനു് ഉതകുകയില്ല. സ്ത്രീവേഷം, താടി എന്നിവയിലാണു് പരിഷ്കാരത്തിനു് ഏറ്റവുമധികം വകയുള്ളതു്. ഏതാണ്ടു ചില പരിശ്രമങ്ങൾ ഈവഴിക്കു നടത്തിയതിന്റെ ഫലമാണെന്നു തോന്നുന്നു ചില ആയുധങ്ങളും പാവകളും രംഗത്തേക്കു വലിഞ്ഞുകയറിയിരിക്കുന്നതു്. അത്തരം പരിഷ്കാരാഭാസങ്ങളെയല്ല ഇവിടെയുദ്ദേശിക്കുന്നതു്. പാവകൾ ഒരുരംഗത്തും ശോഭിച്ചിട്ടില്ല. അതിന്റെ കാരണം അന്വേഷിക്കേണ്ട ആവശ്യവുമില്ല. സന്താനഗോപാലത്തിൽ പാവയെക്കൂടാതെ തന്നെ അഭിനയിക്കുന്നതാണല്ലോ കല. കത്തിയും പച്ചയും ഭാവരസങ്ങളുടെ മാറ്റുകൂട്ടുവാൻവേണ്ടിയാണു്. കത്തികൊണ്ടു മുഖത്തിനു് ഒരു ചട്ടക്കൂടുണ്ടാകുന്നു. പച്ചയ്ക്കുള്ള ഗുണം അതിന്റെ പ്രത്യേക സ്വഭാവംകൊണ്ടു കണ്ണുകളും വായും കുറെക്കൂടി വ്യക്തമാകുന്നുവെന്നതാണു്. പക്ഷേ, ഇന്നു് ഇവയൊക്കെ ഗോഷ്ടിയാണു്. ഭാവരസങ്ങളും മുഖലക്ഷണങ്ങളും കൂടുതൽ ശക്തിപ്പെടുത്തുവാൻ ഇന്നു പുതിയ മാർഗ്ഗങ്ങളുണ്ടു്. ഉദാഹരണത്തിനു് ഇന്നു ചലച്ചിത്രങ്ങളിൽ കാണുന്ന ചമയൽ നോക്കുക. ടെലിവിഷൻ മേക്കപ്പിന്റെ കാര്യത്തിൽ ഇതു പ്രത്യേകിച്ചും വാസ്തവമാണു്. പ്രക്ഷേപണം ചെയ്യുമ്പോൾ നിഴലും വെളിച്ചവും തമ്മിലുള്ള വ്യത്യാസം വളരെ കുറഞ്ഞുപോകുമെന്നുള്ളതാണു് ഇതിനു കാരണം. എല്ലാ ചമയലിന്റെയും ആവശ്യം ഇതാണല്ലോ. അതുകൊണ്ടു് ഒരു പുതിയതരം ചമയലും അതിനു പറ്റിയ ദീപസജ്ജീകരണവും (ഇന്നത്തെ പച്ചയ്ക്കു പറ്റിയതു നിലവിളക്കാണു്) അത്യാവശ്യമായ ഒരു പരിഷ്കാരമാണു്.
പ്രോത്സാഹനത്തിന്റെ കാര്യത്തിലാണെന്നു തോന്നുന്നു, കഥകളി ഏറ്റവും അധഃപതിച്ചുകിടക്കുന്നതു്. ജന്മിത്തം നിലച്ചതോടുകൂടി അതു കൊടുത്തിരുന്ന പ്രോത്സാഹനവും നിലച്ചു. അഥവാ അതു് ഇനിയും കിട്ടുമെന്നു വന്നാലും പോരാ. പത്തിടങ്ങഴി നെല്ലിനുരാത്രി മുഴുവനും ആടുന്ന കലാകാരനെ ഇന്നു കിട്ടാനുണ്ടാവുകയില്ല. ജനസമുദായം പൊതുവെ പ്രോത്സാഹിപ്പിക്കുന്ന ഒരു കലാരൂപമാകണം കഥകളി. അതുകൊണ്ടുമാത്രമേ വേണ്ടത്ര സാമ്പത്തികാടിസ്ഥാനം ഈ കലയ്ക്കുണ്ടാവുകയുള്ളു. അതിനു മുൻപറഞ്ഞസാങ്കേതികപരിഷ്കാരങ്ങളിലും പ്രധാനമായി ചില സംഗതികൾ ചെയ്യേണ്ടതായിട്ടുണ്ടു്. കൂടുതൽ ആളുകൾ കാണത്തക്ക രീതിയിൽ കൂടുതൽ പ്രകടനങ്ങൾ നടത്തേണ്ടിവരും. അതുകൊണ്ടു കുറേക്കൂടി ചുരുങ്ങിയ സമയം മാത്രമേ പ്രകടനങ്ങൾക്കു കൊടുക്കാവു. പുലരുന്നതുവരെ ദുശ്ശാസനന്റെ കോപവും കണ്ടുകൊണ്ടു നമ്പൂതിരിക്കിരിക്കാം. പകൽ കിടന്നുറങ്ങാമല്ലോ. സാധാരണക്കാരനോ? അവന്റെ തൊഴിൽ മിനക്കെടും. രണ്ടോ മൂന്നോ മണിക്കൂറിൽ കൂടുതലാകാത്ത പ്രകടനങ്ങളാണാവശ്യം. പക്ഷേ, സമയമെത്രയായാലും കഥാവസ്തു മാറാതെ നിവൃത്തിയില്ല. പുരാണകഥകൾ വളരെ രസാവഹമാണു്. കേരളത്തിൽ പരക്കെ അറിയപ്പെടുന്നുണ്ടെന്നാണു ധാരണയും. പക്ഷേ, ക്രിസ്ത്യൻ, മുസ്ലീം, അധഃകൃതവിഭാഗങ്ങൾക്കു് ഈ കഥകളിൽ എത്രമാത്രം പരിജ്ഞാനമുണ്ടെന്നു് ആലോചിച്ചുനോക്കേണ്ടതാണു്. സവർണ്ണഹിന്ദുക്കൾക്കുതന്നെയായാലും ബ്രിട്ടീഷാധിപത്യത്തിനുശേഷം കാളിദാസനെക്കാൾ ഷേക്സ്പിയറാണു് കൂടുതൽ പരിചിതൻ. ശീലാവതിക്കു് സർട്ടിഫിക്കറ്റില്ലല്ലോ. അഥവാ ഉള്ള അറിവുകൊണ്ടുതന്നെ എന്താണു പ്രയോജനം? യുക്തിവാദത്തിന്റെ ഈ കാലത്തു് പുരാണകഥകൾ ആസ്വദിക്കാൻമാത്രം മതഭക്തി അവശേഷിച്ചിട്ടുണ്ടോ എന്നു സംശയമാണു്. സാങ്കേതിക പരിപൂർണ്ണതകൊണ്ടുമാത്രം കാര്യമായില്ല. ‘സ്വർണ്ണ ദത്തിന്റെ ഗീതം’ ‘അയ്യപ്പൻചരിത്ര’ത്തെക്കാൾ സാങ്കേതികമായി മെച്ചമാണെങ്കിലും അയ്യപ്പൻചരിത്രം കണ്ടുരസിക്കുന്നതിനു വേണ്ടത്ര അന്ധവിശ്വാസം ഉണ്ടെങ്കിലേ ആ ചിത്രം പൂർണ്ണമായി രസിക്കാൻ കഴിയൂ. ഒരു അടിമവർഗ്ഗത്തിന്റെ യഥാർത്ഥമതം സ്വാതന്ത്ര്യമാണു്. അതാണവരുടെ ജീവശ്വാസം. മുതലാളിത്തസമുദായത്തിൽ ഒഴിച്ചുവിടാൻ പാടില്ലാത്ത ഒരു പരമാർത്ഥമുണ്ടു്—വർഗ്ഗസമരം. ഇതൊക്കെയാണു് ഇന്നു ജനങ്ങളെ സ്പർശിക്കുന്ന പ്രശ്നങ്ങൾ. ഇവതന്നെയാണു ഭാവികലയുടെ അന്തരീക്ഷവും. അർജ്ജുനനും വേണ്ടെന്നില്ല. ഭഗത് സിങ്ങും കല്പനാദത്തു മാണു് ജനങ്ങൾക്കു കൂടുതൽ ഇഷ്ടമെന്നുമാത്രം ഇതിൽ വർഗ്ഗവ്യത്യാസമില്ല; ചുരുക്കത്തിൽ പറഞ്ഞാൽ കഥകളി ക്ഷേത്രസന്നിധിയിൽനിന്നു മതിലിനു പുറത്തുള്ള വയലിലേക്കിറങ്ങണം, ഇതു് അക്ഷരംപ്രതി ശരിയാണു്. മ്ലേച്ഛന്മാർക്കു ക്ഷേത്രപ്രവേശനം കിട്ടിയിട്ടില്ലല്ലോ.
കേരളത്തിലെ നൃത്തകലയുടെ പുരോഗതിക്കു സഹായകരമായിരിക്കുന്ന ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചുകഴിഞ്ഞു. ഇനി ഇവ പ്രായോഗികമാക്കുന്നതിനു നടന്നിട്ടുള്ള പരിശ്രമങ്ങളാണു് പരിശോധിക്കേണ്ടിയിരിക്കുന്നതു്. കേരളത്തിലെ കലാവാസനയ്ക്കും ആവശ്യത്തിന്റെ വലിപ്പത്തിനും അനുയോജ്യമായ തരത്തിൽ ഒന്നും ഇവിടെ നടന്നിട്ടില്ലെങ്കിലും, ചുരുങ്ങിയ തോതിലെങ്കിലും ചില പരിശ്രമങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്നുള്ളതു് അഭിമാനാർഹമാണു്. ഇതുപോലുള്ള ഒരു സംരംഭത്തിൽ സുസംഘടിതമായ പ്രോത്സാഹനത്തിന്റെ സഹായം എത്ര പ്രധാനമാണെന്നു നാം കണ്ടുകഴിഞ്ഞു. അഖിലകേരള വിദ്യാർത്ഥി ഫെഡറേഷനാണു് ഇതിനു കേരളത്തിൽ ഒരു പരിശ്രമം നടത്തിയതു്. പണത്തിന്റെ കുറവു്, വിരുദ്ധാഭിപ്രായക്കാരുടെ എതിർപ്പു്, രാഷ്ട്രീയപ്രതിബന്ധങ്ങൾ എന്നിവ തരണം ചെയ്താണു് അവർ പ്രവർത്തിച്ചതെന്നോർക്കുമ്പോൾ അവരുടെ നേട്ടം എത്ര ചെറുതായിരുന്നാലും അതിൽ അത്ഭുതത്തിനവകാശമില്ല; അനുമോദനാർഹമാണു്. ഒരു ജനകീയസംഘടനയ്ക്കുമാത്രമേ ഇതു കഴിയൂ. വിദ്യാർത്ഥിസംഘടനയ്ക്കു പൊതുവേയുള്ള സ്വാധീനശക്തിയാണു് അതിന്റെ വിജയത്തിനുള്ള കാരണവും. പക്ഷേ, കല ജനകീയമാക്കുക എന്ന അടിസ്ഥാനത്തിൽമാത്രമാണു്, ഈ ബഹുജനപിൻബലം നിലനിൽക്കുന്നതു്. അതേസമയംതന്നെ കലാപരമായി പ്രകടനങ്ങളുടെ മേന്മകുറയാതിരിക്കുകയും വേണം. ഇതാണു് വിദ്യാർത്ഥി സംഘടന നേരിടേണ്ടിവന്ന ദുർഘടപ്രശ്നം. അവരിതെങ്ങനെ നേരിട്ടു?
ഒന്നാമതായി, വിഷയത്തിലുള്ള മാറ്റമായിരുന്നു. അപൂർവ്വം ചില പഴയ ഇനങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രധാനമായ ഇനങ്ങളെല്ലാം ദേശാഭിമാനപരമായവയായിരുന്നു. സ്വാതന്ത്ര്യ സമ്പാദനത്തിനായി സമരംചെയ്യുന്ന ഭാരതീയർ ഐക്യത്തിനുവേണ്ടി പരിശ്രമിക്കുന്നതും, പട്ടിണിക്കാർ കരിഞ്ചന്തയ്ക്കെതിരായി സമരംചെയ്യുന്നതും മറ്റുമായിരുന്നു വിഷയങ്ങൾ. ബംഗാളിലെ ലക്ഷങ്ങൾ പട്ടിണികിടന്നു മരിക്കുന്നതിന്റെയും, ചീനർ ജാപ്പ് സാമ്രാജ്യത്തോടു സുധീരം രണമാടുന്നതും മറ്റും ഉദാഹരണങ്ങളാണു്. വിദ്യാർത്ഥി പതാക ഉയർത്തുന്നതും, കേരളഗാനം നൃത്തരൂപത്തിൽ പ്രദർശിപ്പിക്കുക എന്നു പറയുമ്പോൾ തന്നെ അതിന്റെ ആസ്വാദ്യതയും വ്യാപകത്വവും മനസ്സിലാക്കാവുന്നതാണല്ലോ. ഫലിതത്തിനുവേണ്ടി രാഷ്ട്രീയവിഷയങ്ങൾ ഉപയോഗിച്ചതു് കേരളത്തിലാദ്യമാണെന്നു പറയാം. ഇതിനൊക്കെ പ്രചോദനം നൽകിയതു് മഹാകവി വള്ളത്തോളിന്റെ ‘അധഃപതന’മാണെന്നും ഇവിടെ സ്മരിക്കേണ്ടിയിരിക്കുന്നു.
വിഷയത്തിൽ ഇത്ര വലിയ വ്യത്യാസം വരുത്തിയതിനോടുകൂടി സാങ്കേതികമായി വലിയ അധഃപതനം സംഭവിച്ചുകാണും എന്നു് ചിലർ വിചാരിച്ചേക്കാം. അവരുടെ ഏതെങ്കിലും ഒരു പ്രകടനം കണ്ടിട്ടുള്ളവർക്കു് ആ അഭിപ്രായം തോന്നാൻ വകയില്ല. സാങ്കേതികമായി അവർ വളരെ പുരോഗമിക്കുകയായിരുന്നു ചെയ്തതു്. ഒന്നാമതായി നൃത്തരീതിയെത്തന്നെ എടുക്കാം. മഹാകവിയുടെ കലാമണ്ഡലത്തിൽ സുദീർഘമായ ശിക്ഷണം കഴിച്ച ശ്രീ. ഗംഗാധരൻ (ഇപ്പോൾ ഇന്ത്യൻ പീപ്പിൾസ് തിയേറ്ററിലെ നടൻ) ആയിരുന്നു സമിതിയുടെ പ്രധാന നൃത്താദ്ധ്യാപകൻ. സാങ്കേതികമായിത്തന്നെ ചില പുതിയ രീതികൾ സ്വീകരിച്ചുകൊണ്ടാണു് ശ്രീ. ഗംഗാധരൻ പ്രവർത്തിച്ചതു്. വിദ്യാർത്ഥിപതാകാഗാനവും, കേരളഗാനവും, നൃത്തരൂപത്തിലാക്കിയതു് അദ്ദേഹമാണു്. കേരളത്തിന്റെ പ്രകൃതി മാഹാത്മ്യത്തെ വർണ്ണിക്കുന്ന ശലഭനൃത്തവും. രാജ്യത്തിനുവേണ്ടി ജീവൻബലിയർപ്പിച്ച നറ്റാന്യ എന്ന റഷ്യൻ ബാലികയുടെ കഥയും അദ്ദേഹത്തിന്റേതാണു്. വള്ളത്തോളിന്റെ അധഃപതനം എന്ന കഥയിലെ ചീനബാലികയായി അഭിനയിച്ചു് ജാപ്പ് പട്ടാളക്കാരനെ ചവിട്ടിവീഴിച്ചതിനാണു് ബോംബെയിൽവെച്ചു് റൗഡികൾ അദ്ദേഹത്തിന്റെ തല അടിച്ചുപൊട്ടിച്ചതും. പൊതുവെ ഉണ്ടായിരുന്ന ഒരു പ്രത്യേകത, ആവശ്യമനുസരിച്ചു ഭിന്നരീതിയിലുള്ള നൃത്തരൂപങ്ങൾ സ്വീകരിക്കുവാനുള്ള മനഃസ്ഥിതിയായിരുന്നു. കഥകളിയിലെ രീതി ആധുനികവിഷയങ്ങളിൽ എത്രമാത്രം വിജയകരമാണെന്നു് ശ്രീ. ബാലഗോപാലന്റെ ‘സ്വേച്ഛാധിപതിയുടെ മരണം’ എന്ന നൃത്തം കണ്ടിട്ടുള്ളവർക്കറിയാം. താണ്ഡവം സാങ്കേതികമായി എത്ര മെച്ചമായിരുന്നാലും അരങ്ങത്തെ പലകയുടെ ബലത്തെപ്പറ്റിയുള്ള ഒരു ബഹുമാനം മാത്രമാണു കാണികളിലുളവാക്കുന്നതു്. പക്ഷേ, എല്ലാവശത്തും സ്വേച്ഛാധികാരികളെ കാണുന്ന ജനങ്ങൾക്കു് ശ്രീ. ബാലഗോപാലന്റെ നൃത്തത്തിൽ വളരെക്കൂടുതൽ രസിക്കാനുണ്ടാകും.
ഈ ഇനങ്ങളൊന്നും അവർക്കുപറ്റിയ പശ്ചാത്തലസംഗീതമില്ലാതെ വിജയപ്രദമാകുമായിരുന്നില്ല. അതിലും വിദ്യാർത്ഥിസംഘടന വിജയിച്ചു. കേരളത്തിലാദ്യമായി പത്തുപതിനഞ്ചു സംഗീതോപകരണങ്ങളോടുകൂടി പാശ്ചാത്യരീതിയിൽ നൃത്തത്തിനു് പശ്ചാത്തലസംഗീതം കൊടുത്തതവരാണെന്നു തോന്നുന്നു. മേല്പറഞ്ഞ സ്വേച്ഛാധികാരിയുടെ മരണത്തിനു പശ്ചാത്തലമായി പാശ്ചാത്യ സംഗീതത്തിൽ സുപ്രസിദ്ധമായ സ്ലാവ്മാർച്ച് ആണു് ഉപയോഗിച്ചതു്. അതുപോലെത്തന്നെ റ്റാസയുടെ കഥയ്ക്കു് അത്യന്തം ശോകാത്മകമായ ഒരു ചൈനീസ് ഭാഗമാണു് പശ്ചാത്തലമാക്കിയതു്. ‘രംഗപൂജയ്ക്കും’ ‘ചൈനക്കാരിക്കും’ ചെയ്തതുപോലെ ആവശ്യമുള്ള സ്ഥലങ്ങളിൽ പുതിയ രാഗങ്ങൾ സൃഷ്ടിക്കുവാൻ കഴിവുള്ള ശ്രീ. ജിം ആ സംഘത്തിന്റെ സംഗീത ഡയറക്ടർ ആയിരുന്നതുകൊണ്ടാണു് ഈ വിജയം സാദ്ധ്യമായതു്.
പക്ഷേ, രാഗങ്ങൾകൊണ്ടുമാത്രം കാണികൾ തൃപ്തിപ്പെടുകയില്ല. അവയ്ക്കുപറ്റിയ ഗാനങ്ങൾ രചിക്കുന്നതിൽ ശ്രീ. പി. ഭാസ്കരനും, അവ പാടി ഫലിപ്പിക്കുന്നതിൽ ശ്രീ. വിൻസെന്റും കാണിച്ച പാടവമാണു് ആ സംഘത്തിൽ സംഗീതവിഭാഗത്തെ പരിപൂർണ്ണ വിജയത്തിലെത്തിച്ചതു്. ഇതും കൂടാതെ നിഴലാട്ടവും ഇംഗ്ലീഷിൽ പാന്റോ മീം എന്നു പറയുന്ന നിശ്ശബ്ദരംഗങ്ങളും കേരളത്തിൽ ആദ്യമായി അവർ പ്രദർശിപ്പിച്ചു.
ഇങ്ങനെ പലതരത്തിൽ സാങ്കേതികമായിട്ടും ഉള്ളടക്കത്തെ സംബന്ധിച്ചും കേരള വിദ്യാർത്ഥി ഫെഡറേഷന്റെ നാട്യകലാസമിതി വളരെ നേട്ടങ്ങൾ നേടിയിട്ടുണ്ടു്. വളരെയധികം കുറവുകൾ അവയ്ക്കുണ്ടെന്നിരുന്നാൽതന്നെയും, ഭാവിയിൽ കേരളീയനൃത്തകലയ്ക്കുണ്ടാവാൻ പോകുന്ന പുരോഗതിക്കു് ഒരു വഴികാട്ടിയും അതിന്റെ ഒരു നാന്ദിയുമായിരുന്നു ആ പരിശ്രമമെന്നു കലാരസികന്മാർ നിശ്ചയമായും സമ്മതിക്കുകതന്നെ ചെയ്യും.
പക്ഷേ, നിർഭാഗ്യവശാൽ ആ സംഘം ഇന്നു നിലവിലില്ല. ഒരു വിദ്യാർത്ഥിസംഘടനയ്ക്കു് ഇതുപോലൊരു പ്രസ്ഥാനത്തെ നിലനിർത്തിക്കൊണ്ടു പോകുവാനുള്ള കഴിവുമില്ല. ബോംബെയിലും ബംഗാളിലും ആന്ധ്രാദേശത്തും ഇതു നടത്തുന്നതു് ‘പീപ്പിൾസ്തിയേറ്റർ’ പ്രസ്ഥാനമാണു്. കേരളത്തിനും അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ സംഘടനാപരമായ പ്രധാനവിഷമം കുറഞ്ഞുകിട്ടുമായിരുന്നു. കേരളത്തിൽ മറ്റെവിടെയുള്ളതിൽ കൂടുതലായി കലാവാസനയുണ്ടു്; നമ്മുടെ ജനങ്ങൾക്കു് അതു രസിക്കുവാനുള്ള കഴിവുണ്ടു്; ആഗ്രഹമുണ്ടു്. ഈ രണ്ടു വിഭാഗത്തെയും ഒരുമിച്ചുകൊണ്ടുവരികമാത്രമേ വേണ്ടു ശരിയായ പുരോഗതിക്കു്.
ചിത്രോദയം, 1946 ഏപ്രിൽ.
സി. ജെ. വിചാരവും വീക്ഷണവും 1985.