പുരാണവസ്തുക്കൾ പ്രായേണ പ്രാകൃതങ്ങളാണു്. ഒരു നടരാജപ്രതിമയോ അജന്താചിത്രമോ ആ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും സാമാന്യമായി പുരാണവസ്തുവെന്നു പറഞ്ഞാൽ മനസ്സിലുദിക്കുന്ന പ്രതീതി ചില പ്രതിമകളുടെ പൊട്ടിയ കഷണങ്ങളും, ആയുധമായിട്ടുപയോഗിച്ചിരിക്കാവുന്ന ചില ശിലാശകലങ്ങളുമാണു്. ചരിത്രകാരനു് അവ അമൂല്യമായിരുന്നേയ്ക്കാം. മനുഷ്യവർഗ്ഗത്തിൽ വളർച്ചയുടെ ശാസ്ത്രീയപര്യവേഷണത്തിനു് അവ അത്യന്താപേക്ഷിതവുമാണു്. പക്ഷേ, തീർച്ചയായും അവ സുന്ദരങ്ങളല്ല. മലയാഭാഷയുടെ കഴിഞ്ഞ പത്തുവർഷത്തെ ചരിത്രം ഒരു വിപ്ലവത്തിന്റെ കഥയാണു്. കെട്ടിക്കിടന്നു ചീഞ്ഞുനാറിക്കൊണ്ടിരുന്ന സാഹിത്യസമുദ്രത്തിൽനിന്നു ചില യുവാക്കന്മാരുടെ അവിദഗ്ദ്ധകരങ്ങൾ ഒരു ചെറിയ ചാലുകീറി ഒരു മഹാനദിയുണ്ടാക്കിയതാണു് ആ ചരിത്രം ഈ ഭഗീരഥപ്രയത്നത്തിൽ ഒരു പ്രധാന പങ്കുവഹിച്ച ആളാണു് ശ്രീ. തകഴി. യഥാർത്ഥമാർഗ്ഗമേതെന്നു നല്ല നിശ്ചയമില്ലാതെ തപ്പിത്തടഞ്ഞു സൃഷ്ടിച്ച കൃതികളിലൊന്നാണു് ‘പതിതപങ്കജം.’ സാഹിത്യചരിത്രകാരനു് ഒഴിച്ചുനിർത്തുവാൻ നിവൃത്തിയില്ലാത്ത ഒരു പുസ്തകമാണതു്. അതുകൊണ്ടുതന്നെയാണു് ദൂരദൃക്കായ ഈ. വി. ഒരു അവതാരികകൊണ്ടു് അതിനെ അലങ്കരിച്ചതും. പക്ഷേ, 1111-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു ഗ്രന്ഥത്തിന്റെ രണ്ടാംപതിപ്പു് 1122-ൽ പ്രസിദ്ധപ്പെടുത്തുമ്പോൾ അതിനെ 1122-ലെ നിലവാരത്തിന്റെ വെളിച്ചത്തിലേ പരിശോധിക്കാൻ നിവൃത്തിയുള്ളൂ. ഒരു പുസ്തകത്തിന്റെ അനന്തരപ്പതിപ്പുകൾ അനുയോജ്യമായിത്തീരുന്നതു് അതു പ്രസിദ്ധീകരിക്കുന്ന കാലത്തിന്റെ രുചി അതിനെ നീതീകരിക്കുമ്പോൾ മാത്രമാണു്. ഗ്രന്ഥകാരന്റെ പേരിന്റെ മാഹാത്മ്യം മാത്രം അടിസ്ഥാനപ്പെടുത്തി കഴിഞ്ഞുപോയ ഏടുകൾ പുനരുദ്ധരിക്കുന്നതു് തമിഴ് ചിത്രത്തിന്റെ പുതിയ പതിപ്പുകൾ (തമിഴൻ അതിൽ ‘കളർ’ എന്നുകൂടി ചേർക്കും) ഇറക്കുന്നതുപോലെയാണു്. ‘പതിതപങ്കജത്തിനും, ശ്രീ. തകഴിക്കും ഈ പുതിയ പതിപ്പുകൂടാതെയിരിക്കുകയായിരുന്നു നല്ലതു്. ആ കഥ, ഒരു മോഹനസ്മരണയായി നിലനിലൽക്കുമായിരുന്നു. തകഴിക്കു ബാല്യത്തിലെ ചാപല്യങ്ങൾ ഇന്നത്തെ സമ്പൂർണ്ണതയെ അലട്ടാതിരിക്കുകയും, ടാഗോർ ഇംഗ്ലണ്ടിൽ വെച്ചെഴുതിയ ഒരു കവിതയെപ്പറ്റി പറഞ്ഞതു്, അതിനുണ്ടായിരുന്ന ഏകഗുണം അതു കളഞ്ഞുപോയി എന്നതാണെന്നാണു്. ബി. വി.-ക്കാരോ മറ്റോ അച്ചടിച്ച ആ പതിതപങ്കജം, കാലപ്രവാഹത്തിൽ ആണ്ടുപോയിരുന്നെങ്കിൽ, എന്നു ശ്രീ. തകഴിയും ഇന്നു ചിന്തിക്കുന്നുണ്ടായിരിക്കണം.
കുറ്റം പറഞ്ഞാൽ മാത്രം പോരല്ലോ, കുറ്റമെന്താണെന്നുകൂടി പറയണമല്ലോ. കഥ തന്നെ ആദ്യമായിട്ടെടുക്കാം. കഥ ഒന്നുമില്ലെന്നതാണു് ആദ്യത്തെ കുഴപ്പം. കഥ എന്നുവെച്ചാൽ എന്തെങ്കിലും സംഭവങ്ങൾ ഒന്നിനു പിറകെ ഒന്നായി നടക്കണമല്ലോ. ഇവിടെ വിപിനൻ വേശ്യയായ ഒരു നർത്തകിയെ കാണുന്നു; അതെ, കാണുന്നു. പിന്നെയോ? അതുതന്നെ, പിന്നെയും പിന്നെയും കാണുന്നു. അവളോടു് എന്തോ ഒന്നു തോന്നുന്നു. എന്താണെന്നു വിപിനനു നിശ്ചയമില്ല; വായനക്കാരന്റെ കഥയും മേല്പടി. വേശ്യ രതീശന്റെ പിടിയിലാണു്. വിപിനൻ രതീശനെ കൊല്ലുന്നു. പോരേ സംഭവങ്ങൾ? വേണ്ടുവോളമായി. പിന്നെയെന്താണു് കഥ നിശ്ചലമാണെന്നു പറയാൻ? ഉത്സവസ്ഥലത്തു് ആലിന്റെ ചുവട്ടിൽവെച്ചു വിക്രമാദിത്യൻകഥയുടെ കൂടെ വിൽക്കപ്പെടുന്ന ‘റെഡ്യാർ’ പുസ്തകങ്ങൾക്കുവേണ്ട കഥ പതിതപങ്കജത്തിലുമുണ്ടു്. പക്ഷേ, പില്ക്കാലങ്ങളിൽ തകഴിതന്നെ മലയാളസാഹിത്യത്തിനു സംഭാവനചെയ്ത ചലനാത്മകത്വം ഇതിലില്ല. വിപിനനും, ഗുണവതിയും, രതീശനും പ്രേതങ്ങളാണു്. അവർ ചിന്തിക്കുന്നുണ്ടു്. പക്ഷേ, വട്ടത്തിൽ കറങ്ങുകയാണു്. മുന്നോട്ടുപോകുന്നില്ല. കഥയിൽ ആകെയുള്ള ഒരു പ്രശ്നം, സ്വന്തം കുറവിനെപ്പറ്റി ഖേദമുള്ള ഒരു യുവതിയുടെ പ്രേമവും, അനുകമ്പാകുലനായ ഒരു യുവാവിന്റെ വികാരവും തമ്മിൽ ഇടയുന്നതാണു്. രണ്ടുപേരുടെയും മാനസികാപഗ്രഥനത്തിനും ശ്രീ. തകഴി പരിശ്രമിക്കുന്നുണ്ടു്. വിജയിക്കുന്നുണ്ടെന്നു ‘പരമാർത്ഥങ്ങൾ’ വായിച്ചിട്ടുള്ളവരാരും പറയുകയില്ല. മേൽപറഞ്ഞതു് ഒരു കഥയല്ല; ഒരു സന്ദർഭം മാത്രമാണു് ഒരു നല്ല ചെറുകഥയ്ക്കു പറ്റിയ വിഷയം. അതു വലിച്ചുനീട്ടി, ഒരു നോവലെറ്റാക്കിയതാണു് പതിതപങ്കജത്തിന്റെ പരാജയം. ഗുണവതിയുടെ മനസ്സിൽ ഒരു വടംവലി നടക്കുകയാണു്. അവൾ വിപിനനെ പ്രേമിക്കുന്നു. പക്ഷേ, അവൾ കളങ്കിതയാണു്. വിപിനനുമുണ്ടൊരു പ്രശ്നം. അയാൾക്കു ഗുണവതിയോടു് അനുകമ്പയുണ്ടു്. പിന്നെയേതാണ്ടൊന്നുള്ളതു് എന്താണെന്നു നിശ്ചയവുമില്ല. ഈ വികാരക്കൊടുമ്പിരികൾ ചിത്രീകരിച്ചാൽ നന്നായിരിക്കും. എങ്കിലും, അതിനെത്തന്നെ തിരിച്ചുംമറിച്ചും പറഞ്ഞു് ഒരു മഹാകാവ്യമങ്ങെഴുതിക്കളഞ്ഞാലോ!. നോക്കുക; 25 മുതൽ 28 വരെ, 37 മുതൽ 47 വരെ, 52 മുതൽ 59 വരെ, 70 മുതൽ 76 വരെ, ഈ പുറങ്ങളെല്ലാം വിപിനനും ഗുണവതിയുമായി ഈ ഒരു പ്രശ്നത്തെപ്പറ്റി വിവാദം നടത്തുകയാണു്. കുറെയാകുമ്പോൾ, അതു മുഷിപ്പനാകാതെയിരിക്കുകയില്ല. ഇങ്ങനെ, ഒരു വികാരത്തെ സംഭവങ്ങൾ മൂലമല്ലാതെ ദീർഘനേരം പ്രത്യംഗവർണ്ണന നടത്തുന്നതുകൊണ്ടു കഥയ്ക്കു വിരസമായ ഒരു ആത്മാലാപത്തിന്റെ സ്വഭാവം വരുന്നുണ്ടു്. ‘എട്ടിടങ്ങഴി വെള്ളത്തിൽ വെന്തു കുറുക്കി വറ്റിച്ച ഒരു തുടമാക്കി’യാൽ ഈ കഷായവെള്ളത്തിൽ വല്ലതും കാണും. എന്നാലും, പൂർണ്ണമാവുകയില്ല. ആ നൃത്തപ്രകടനവും, മണിയറയും കൊലപാതകവും, ശിക്ഷയും എല്ലാം അസ്വാഭാവികമാണു്. മാനേജരും വിനയനുംകൂടി നൃത്തരംഗം കണ്ടു രസിക്കുന്ന രസം, കാഴ്ചക്കാരിൽ ഒരാളായ വിപിനൻ കരയുന്ന (അതും സ്റ്റേജിൽ വെച്ചു്) ഗുണവതിയെ മറമാറ്റിച്ചെന്നു സമാശ്വസിപ്പിക്കുന്ന രീതി— എന്താണിതു്, ജ്ഞാനാംബികയോ ബോംബേ ടോക്കീസുകാരുടെ ചിത്രമോ? വായനക്കാരൻ ഒരു വിശ്വാസവും തോന്നാത്ത രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ആ കൊലപാതകം, അതിനെപ്പറ്റി ഭയചകിതനായ വിപിനനുമായി അരമണിക്കൂർ സമയം സംസാരിച്ചിട്ടു (97 മുതൽ 102 വരെ പുറങ്ങൾ നോക്കുക) ഒരു ഗന്ധവും കിട്ടാത്ത ഗുണവതിയുടെ മരത്തല, ഇതെല്ലാം തകഴിയുടെ സൃഷ്ടിയാണെന്നു വിശ്വസിക്കാൻ വിഷമമായിരിക്കുന്നു.
കഥയിലെ പ്രധാനപ്രശ്നമെടുത്താലുമുണ്ടു് വൈഷമ്യങ്ങൾ വേശ്യയും സമുദായവുമായിട്ടുള്ള സംഘട്ടനം ഗൗരവമായ ഒരു വിഷയം തന്നെയാണു്. മുപ്പത്തഞ്ചാംപുറത്തു ശ്രീ. തകഴി തുടങ്ങുന്നു, “വേശ്യ ഒരു സമുദായദ്രോഹിയാണു്… ” ഇങ്ങനെയെല്ലാമാണെങ്കിലും, ജീവിതാവശ്യത്തിനുവേണ്ടി മാനംവില്ക്കാൻ പ്രേരിതയായ സഹോദരിയെ സമുദായം ശിക്ഷിക്കുന്നതു വളരെ അതിരുകടന്നു പോകുന്നു. അതും ശരിതന്നെ. പക്ഷേ, എന്തിനുവേണ്ടി ഗുണവതിയെ ബലാൽക്കാരമായി ഒരു വേശ്യയാക്കണം? കേരളത്തിലെങ്കിലും, വേശ്യാവൃത്തി ഒരു സ്വതന്ത്രതൊഴിലാണു്. ഇവിടെ സ്ത്രീകളെ പിടിച്ചുകെട്ടിയിട്ടു വേശ്യാലയങ്ങൾ നടത്തുന്ന പതിവുള്ളതായി കേട്ടിട്ടില്ല. സ്വതന്ത്രമായി വേശ്യാവൃത്തി സ്വീകരിച്ചവൾക്കുവേണ്ടി ഒരു സഹായാഭ്യർത്ഥനയുമില്ലേ? മറ്റൊരുതരത്തിൽകൂടി രതീശൻ അനാവശ്യഘടകമാണു്. വേശ്യയെ മർദ്ദിക്കുന്നതു സമുദായമാണു്; രതീശന്മാരല്ല. രതീശൻ സമുദായത്തിന്റെ പ്രതിനിധിയുമല്ല.
പിന്നെയുമുണ്ടൊരു പ്രശ്നം. വിപിനന്റെ സ്നേഹിതന്റെ സ്വഭാവമെന്താണു്? അയാളും ഗുണവതിയുമായി ലൈംഗികമായി യാതൊന്നും നടന്നിട്ടില്ലെന്നാണല്ലോ കഥയുടെ പോക്കുകൊണ്ടു ഗ്രഹിക്കേണ്ടതു്. ആ അനുമാനം ശരിയാണെങ്കിൽ ചില കീറാമുട്ടികൾ വരുന്നുണ്ടു്: “അവിടെ ഭിത്തിയിൽ ഒരു നഗ്നചിത്രം”, (പു. 23) “ഉത്തരക്ഷണം അവൾ വിനയന്റെ ഗളത്തിൽ കരങ്ങൾ ചുറ്റി”, (പു. 25) “വിനയന്റെ ഗളത്തെ വലയം ചെയ്തിരുന്ന ആ മൃണാളകോമളമായ കരം അല്പമൊന്നു് മുറുകി”, (പു. 26) “ഗുണവതി വിനയനെ പരിരംഭണംചെയ്തു”, (പു. 27) “ആ നൃത്തത്തിന്റെ ആസ്വാദ്യത അനുഭവൈകവേദ്യം തന്നെയായിരുന്നു. വിപിനൻ പരമാനന്ദത്തിൽ ലയിച്ചു”, (പു. 41) “ഗുണവതി എണീറ്റിരുന്നു്, നെഞ്ചോടു്, നനഞ്ഞൊട്ടിച്ചേർന്ന റൌക്ക ഊരിയെടുത്തു.” (പു. 42) “അവളുടെ മാറിടം നഗ്നമാണു് ”, (പു. 44) “ആ സ്ത്രീയുടെ പുടവ കുത്തഴിഞ്ഞു് പതറി താറുമാറായി കിടക്കുന്നു”, (പു. 46) “വസ്ത്രങ്ങൾ വാരിപ്പിടിച്ചുകൊണ്ടവൾ എഴുന്നേറ്റു”, (പു. 47) മുഗൾ കൊട്ടാരത്തിലെ അന്തഃപുരപാലകന്മാരെപ്പോലും ഇക്കിളിയാക്കുന്ന ഇതെല്ലാം കഴിഞ്ഞിട്ടും, വിവേകാനന്ദനെപ്പോലെ സാത്വികമൂർത്തിയായിട്ടിരിക്കുന്ന വിപിനൻ മനുഷ്യനല്ല, (ദൈവവുമല്ല) ആഞ്ഞിലിത്തടിയാണു്. ഇന്നത്തെ തകഴി ഒരു വിപിനനെ പ്രസവിക്കുകയില്ല. കൊലനടത്താൻ പോകുന്നവൻ സ്വന്തം കൈമുറിച്ചു, രക്തത്തിന്റെ നിറം പരിശോധിക്കുകയെന്നതു് അസാദ്ധ്യമല്ലെന്നു ക്രിമിനൽ നിയമത്തിന്റെ ഒഴിഞ്ഞ കോണുകളിൽ കിടക്കുന്ന ചില കേസുകൾ പറയും. പക്ഷേ, അതത്ര സാധാരണമാണോ? പ്രത്യേകിച്ചും വിപിനനെപ്പോലെ വികാരാധീനനായ ഒരുവനു്? അല്ലെങ്കിലെന്തിനു പറയുന്നു? വിപിനനും, രമേശനും, ഗുണവതിയും ഒക്കെ ബങ്കാളിൽനിന്നു പുറപ്പെട്ടിട്ടു് ഏതുരാജ്യത്താണു് താമസിക്കുന്നതെന്നറിഞ്ഞാലല്ലേ, അവരുടെ പ്രവൃത്തികൾ സ്വാഭാവികമാണോ എന്നറിയാൻ സാധിക്കൂ എടുത്തുപറയത്തക്ക ചില ഗുണങ്ങളും പതിതപങ്കജത്തിലുണ്ടു് രോഗബാധിതയായ ഗുണവതി പ്രതികാരമൂർത്തിയായി മാറുന്നു. ആ ആശയം കഥയിൽ ആവശ്യമായ ഒരു ഘടകമാക്കിത്തീർത്തിട്ടില്ലെങ്കിലും, വായനക്കാർ അതു വായിക്കുമ്പോൾ ഒരു ഫ്രെഞ്ചുകഥ (Damaged Goods) ഓർമ്മിക്കും. തകഴിയുടെ മാനസികാപഗ്രഥനസാമർത്ഥ്യം മുഴുവനായി തെളിയുന്ന ഒന്നാണു് വിപിനൻ. ബോധമില്ലാതെ അയാളുടെ രക്തപങ്കിലമായ കുപ്പായം കത്തിക്കുന്ന രംഗം. പിന്നെയുമുണ്ടു്, സാക്ഷാൽ തകഴി: “വേശ്യ എന്തിനു നേർത്ത വസ്ത്രങ്ങൾ ധരിക്കുന്നു?—അല്ല, അവൾ എന്തിനു വസ്ത്രംതന്നെ ധരിക്കുന്നു?” എന്നേടത്തു്.
വിലയിരുത്തൽ 1951.