ചെറുകഥാപ്രസ്ഥാനം മനുഷ്യസമുദായചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തിന്റെ സാഹിത്യപ്രതിഫലനമാണു്. അത്യന്തം ദ്രുതമായിരിക്കുന്ന ജീവിതരീതി മനുഷ്യനു് നീണ്ട നോവലുകൾ വായിക്കാൻ സമയമില്ലാതാക്കിത്തീർക്കുന്നു. ഇടയിട്ടു് പുറത്തിറങ്ങുന്ന വാരിക, മാസിക മുതലായവയ്ക്കു് പ്രാധാന്യം വർദ്ധിക്കുന്നു. അതുകൊണ്ടു് ഹ്രസ്വമായ കൃതികൾ ആവശ്യമായിത്തീരുന്നു. വ്യക്തിയേക്കാൾ സമുദായത്തിനു് പ്രാധാന്യം വർദ്ധിക്കുന്നു. അങ്ങിനെ വ്യക്തിയുടെ ദൈനംദിനജീവിതത്തിൽ സമുദായവുമായി വിവിധ സന്ദർഭങ്ങളിൽ കൂട്ടിമുട്ടുന്ന ഘട്ടങ്ങൾ നല്ല ഇതിവൃത്തങ്ങളായിത്തീരുന്നു. ഇതാണു് നശിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തവ്യവസ്ഥിതിയിലെ സാഹിത്യത്തിന്റെ നില. ഈ ചിത്രത്തിന്റെ മറുവശം എഴുത്തുകാരന്റേതാണു്. ആലങ്കാരികഭാഷയിൽ സൗന്ദര്യത്തിനുവേണ്ടി കലാസൃഷ്ടി ചെയ്യുന്ന സുഖിമാനല്ല പുതിയ കലാകാരൻ, ഈ ജീവിതത്തിലെ പ്രത്യേകഘട്ടങ്ങൾ സ്വാനുഭവംവഴിയോ മറ്റോ അനുഭവിച്ചു മനസ്സിലാക്കി, അവയിൽ മുഴച്ചുകാണുന്ന തെറ്റുകളോടു സമരം നടത്തുന്നവനാണു് ഇന്നത്തെ എഴുത്തുകാരൻ. ആവക കൃതികളിൽ വൈയ്യാകരണന്മാർക്കു് അവജ്ഞ ജനിപ്പിക്കത്തക്ക പലതും കണ്ടേക്കാം. പക്ഷേ, അവർ ചെയ്യുന്ന ആ സമരമാണു് പരമാർത്ഥം. സമരങ്ങളുടെ ചിത്രങ്ങളാണു് ആസ്വാദനീയം.
ഇതുകൊണ്ടാണെന്നു തോന്നുന്നു മലയാളഭാഷയിലെ ചെറുകഥാ പ്രസ്ഥാനം ഇത്രയധികം മേന്മ പ്രാപിച്ചതു്. എന്തെന്നാൽ, നമ്മുടെ കഥാകാരന്മാർ മിക്കവാറും അനുഭവത്തിൽ നിന്നെഴുതുന്നവരാണു്. തിരുവിതാംകൂറിലെ കടലോരപ്രദേശങ്ങളിലെ തൊഴിലാളികളുടെ ജീവിതായോധനം പശ്ചാത്തലമാക്കി ഒരു കലാകാരൻ വിജയിച്ചെങ്കിൽ അതു് അദ്ദേഹത്തിനു് അവരുമായി ഉള്ള സമ്പർക്കത്തിന്റെ ഉദാഹരണം മാത്രമാണു്. ഇടത്തരക്കാരുടെ സാമുദായിക-സന്മാർഗ്ഗ നിയമങ്ങളുടെ പൊള്ളത്തരം ഒരു കലാകാരൻ വിശദീകരിച്ചതു്, സ്വയം അവ കാണുവാനും മനസ്സിലാക്കുവാനും കഴിഞ്ഞതുകൊണ്ടാണു്. ഇതുകൊണ്ടുതന്നെയാണു് മറ്റൊരാൾക്കു് കുടകിലെ പ്രകൃതിയേയും, ബോംബേയിലെയും മറ്റും ഗുമസ്ഥന്മാരുടെ സങ്കേതങ്ങളും ചിത്രീകരിക്കാൻ കഴിഞ്ഞതു്. കൽത്തുറുങ്കിനകത്തെ മനഃശാസ്ത്രവും രാഷ്ട്രീയപ്രവർത്തകരുടെ യാതനകളും അതനുഭവിച്ചവർ ചിത്രീകരിക്കുമ്പോഴാണു് നന്നാവുന്നതു്. മതത്തിന്റെ കൊള്ളരുതായ്മകളുമായി നിരന്തരസമരം നടത്തിക്കൊണ്ടിരിക്കുന്ന ഒരുവന്റെ സാഹിത്യസൃഷ്ടി ആ വഴിക്കായിരിക്കാം തിരിയുന്നതു്. മറ്റൊരുതരത്തിലും ഒരു ആശയവുമായി സാത്മ്യം പ്രാപിച്ചുകൂടെന്നു് ഖണ്ഡിതമായ ഒരു നിയമം വെയ്ക്കാൻ പാടില്ല. വിഷയവുമായി നേരിട്ടുള്ള പരിചയം ഗ്രന്ഥകാരൻ വിജയത്തിനു വളരെയധികം സഹായിക്കുമെന്നു മാത്രം. വാസനാസമ്പന്നനായ ഒരു തൊഴിലാളിക്കു് അപ്പോൾ, സാഹിത്യത്തിൽ കിട്ടാവുന്ന വിജയം എത്രയെന്നു് വ്യക്തമാണല്ലോ. ആ വിജയമാണു് “ഭാവി”യിൽ കാണുന്നതു്.
“ഭാവി”യിൽ ആറു ചെറുകഥകളുണ്ടു്. “സ്വർണ്ണവാച്ച്” എന്ന കഥയിൽ ദാരിദ്രപീഡിതനായ ഒരു തൊഴിലാളിയെ, ദാരിദ്ര്യം കൂപഥത്തിലേയ്ക്കു വലിച്ചിഴക്കുന്നതിനെ ചിത്രീകരിച്ചിരിക്കുന്നു. അപ്രതിരോദ്ധ്യമായ ചില അവകാശങ്ങൾ കുടുംബസ്ഥനായ ശങ്കുവിന്റെ നേരെ കണ്ണുരുട്ടുന്നു. അവൻ മോഷണത്തിനു് തീരുമാനിക്കുന്നു. തന്റെ യജമാനന്റെ സ്വർണ്ണവാച്ചു് മോഷ്ടിക്കാൻ വളരെ എളുപ്പമാണു്. എങ്കിലും, ഭയംകൊണ്ടു് അവനതിൽനിന്നു വിരമിക്കുന്നു. അങ്ങിനെ അവൻ അവന്റെ മാനസിക നൈർമ്മല്യത്തെ വിറ്റു. പക്ഷേ, പണമൊന്നും കിട്ടിയുമില്ല. ശങ്കുവിന്റെ മാനസിക വ്യാപാരത്തെ ഈ കഥയിൽ ചിത്രീകരിച്ചിരിക്കുന്ന രീതി ഏതു് എഴുത്തുകാരനും അസൂയപ്പെട്ടുപോകുന്ന രീതിയിലാണു്. ഒന്നു ഇവിടെ പ്രത്യേകം പറയേണ്ടതുണ്ടു്. ഒരിക്കലെങ്കിലും സന്മാർഗ്ഗികബോധം ശങ്കുവിനെ വിഷമിപ്പിക്കുന്നില്ല. ഭയം മാത്രമാണു് അവനെ ആ കൃത്യത്തിൽനിന്നു് പിന്തിരിപ്പിക്കുന്നതു്. ഇതാണു് ഇന്നത്തെ പരമാർത്ഥം. സാന്മാർഗ്ഗികനിയമങ്ങൾ, അങ്ങിനെയൊന്നുണ്ടെന്നുതന്നെ ജനസാമാന്യം വിസ്മരിച്ചുകഴിഞ്ഞിരിക്കുന്നു. ശിക്ഷണനടപടികൾ മാത്രമാണു് ശങ്കുവിനു പരമാർത്ഥം. ലാഭമുള്ളതൊക്കെ നന്നെന്നും അല്ലാത്തതൊക്കെ ചീത്തയെന്നുമാണു് ഇന്നത്തെ സന്മാർഗ്ഗപ്രമാണം. വഹിക്കാൻ വയ്യാത്ത ഒരു ആദർശഭാണ്ഡം ശങ്കുവിന്റെ ചുമലിൽ കെട്ടിവച്ചു് ആ പതിതനെ ഒരു കൃത്രിമസൃഷ്ടിയാക്കാതിരുന്ന ശ്രീ. റാഫിയെ പ്രശംസിക്കുകതന്നെ വേണം.“വെളിച്ചത്തിൽ”, “പെരുവഴിയിൽ” എന്നീ കഥകളുടെ ആശയം നന്നായിട്ടുണ്ടു്. അവ രണ്ടും ഒരു നീണ്ട കഥാകഥനമാക്കാതെ ആ കഥകളിലെ ഏതെങ്കിലും പ്രത്യേക രംഗമെടുത്തു് അവിടെ കാലുറപ്പിച്ചുനിന്നുകൊണ്ടു ഭാവിയിലേയ്ക്കും ഭൂതത്തിലേയ്ക്കും നോക്കിയിരുന്നെങ്കിൽ കഥ കുറേക്കൂടി ഹൃദ്യമാകുമായിരുന്നു. ഫാക്ടറിയിൽ ജോലി ചെയ്യുന്ന രംഗം ചിത്രീകരിച്ചാൽ ആ കൊല്ലൻ ചെയ്യുന്ന ജോലിയുടെ പ്രാധാന്യവും കാഠിന്യവും കുറെക്കൂടി വ്യക്തമാകും. പോലീസുകാരൻ മകളെ കണ്ടുപിടിക്കുന്ന രംഗമാണു് പ്രധാനമായി എടുക്കേണ്ടിയിരുന്നതെന്നു തോന്നുന്നു.
“ഭാവി” എന്ന കഥ ഒരു കഥയേയല്ല, ഒരു പ്രസംഗമാണു്. ലോകത്തിന്റെ ഭാവി പരിപൂർണ്ണമായിട്ടും തൊഴിലാളിസംഘടനകളിലാണു് സ്ഥിതിചെയ്യുന്നതെന്നു ആരും സമ്മതിക്കും. പക്ഷേ, യൂണിയൻ സെക്രട്ടറിയുടെ പ്രസംഗം മുഴുവനും കൂടി പകർത്തിയാൽ അതു ചെറുകഥയാവുകയില്ലെന്നു പറഞ്ഞാൽ ശ്രീ. റാഫി എന്നോടു് ക്ഷമിക്കുമെന്നു് വിശ്വസിക്കട്ടെ. സാഹിത്യം പ്രചരണോദ്ദേശ്യത്തോടുകൂടിയതാണു്. പക്ഷേ, ഇതുപോലെ നേരിട്ടു പ്രസംഗിക്കുന്നതുകൊണ്ടു് അതു സാഹിത്യമല്ലാതായിത്തീരുമെന്നുള്ളതല്ല വിഷമം, (ഗീതയിലും ഉപദേശമുണ്ടല്ലോ) അതിന്റെ പ്രചരണശക്തിതന്നെ കുറയുമെന്നതാണു്.
ശ്രീ. റാഫി ലോകം കാണുന്നുണ്ടു്. അതു മനസ്സിലാക്കുന്നുമുണ്ടു്. ഇതിലും നല്ല കഥകൾ നമുക്കു് ആ അനുഗൃഹീത തൂലികയിൽ നിന്നാശിക്കാം. അദ്ദേഹത്തിനു കഴിവുണ്ടു്, അതു പ്രകാശിക്കാൻ സന്ദർഭം കൊടുക്കുക മാത്രമേ വേണ്ടു.
വിലയിരുത്തൽ 1951.