images/Marcella_door.jpg
Marcella, a painting by Ernst Ludwig Kirchner (1880–1938).
പുറംപൂച്ചിന്റെ പിന്നിൽ
സി ജെ തോമസ്

ജീവിതയാഥാർത്ഥ്യങ്ങളെ പാടേ വിസ്മരിച്ചു്, അഥവാ വിഗണിച്ചു്, അങ്ങിനെ മാനത്തുനോക്കി ഞെളിഞ്ഞങ്ങു നടക്കുക, വഴിയിൽ കിടക്കുന്ന ഉരുളൻകല്ലിൽ കാൽ ആഞ്ഞടിച്ചു നിലംപറ്റെ വീഴുക, അവിടെ നിന്നെഴുന്നേറ്റു മുറിപറ്റിയ സ്ഥലം തടവിക്കൊണ്ടു്, “അപകടം പിണയാതെ ജീവിച്ചിരിക്കാമെന്നുവെച്ചു ജീവിതത്തിന്റെ പകുതിഭാഗത്തിൽനിന്നു കണ്ണുചിമ്മുന്നതു്, കുണ്ടും കുഴിയുമുള്ള സ്ഥലത്തുകൂടെ നടക്കാൻ രക്ഷകൂട്ടുന്നതിനുവേണ്ടി കണ്ണടയ്ക്കുന്നതുപോലെയാണു്” എന്നൊരു ഗുണപാഠത്തിൽ എത്തിച്ചേരുക, ഇതാണു് ‘വേശുഅമ്മയുടെ വിശറി’യിലെ ഇതിവൃത്തം. വേശുഅമ്മ ഒരുതികഞ്ഞ മാന്യയാണു്. മിസിസ് പണിക്കരെപ്പോലെയുള്ള കുത്തഴിഞ്ഞ പുസ്തകങ്ങളെ അവർക്കു ബഹുപുച്ഛവുമാണു്. പക്ഷേ, ജീവിതത്തിൽ ആദ്യമായി ഒരു പ്രശ്നത്തെ നേരിടേണ്ടിവരുമ്പോൾതന്നെ വേശുഅമ്മയുടെ തൊലിപ്പുറമേയുള്ള ആ മാന്യതവല്ലാതെ ഉലഞ്ഞുപോകുന്നു. തന്റെ ഭർത്താവിന്റെ നടത്തയിൽ ദുശ്ശങ്ക തോന്നുന്ന ഉടനെ മൂളയില്ലാത്ത ആ സ്ത്രീയ്ക്കു തോന്നുന്ന പരിഹാരമാർഗ്ഗം, ഭർത്താവിൽ ആരോപിക്കുന്ന അപരാധത്തെത്തന്നെ അനുകരിക്കുക എന്നതാണു്. വേശുഅമ്മ അപ്പുക്കുട്ടമേനവന്റെകൂടെ ഇറങ്ങിത്തിരിക്കുന്നു. ആ അപകടത്തിൽനിന്നു് അവർ രക്ഷപ്പെടുന്നതുതന്നെ വളരെ കഷ്ടിച്ചാണു്. പോരെങ്കിൽ കുലടയെന്നു മുദ്രയടിക്കപ്പെട്ട മിസിസ് പണിക്കരുടെ കൈകൾതന്നെയാണു് വേശുഅമ്മയെ ആ നാശഗർത്തത്തിൽനിന്നു കരകേറ്റുന്നതും.

സമുദായത്തിന്റെ മുകൾപ്പരപ്പിൽ സുഖലോലുപരായി നീന്തിത്തുടിയ്ക്കുന്ന ‘മാന്യജീവി’കൾക്കു സാധാരണയായി ബാധിക്കുന്ന ഒരു രോഗമാണു് അന്ധമായ ശ്രേഷ്ഠാവബോധം. അവർ കണ്ണടച്ചു് ഇരുട്ടാക്കുന്ന വർഗ്ഗമാണു്. പ്രതികൂലപരിതസ്ഥിതികളിൽ മനുഷ്യസ്വഭാവത്തിനു് എന്തെല്ലാം വൈകൃതങ്ങൾ വന്നുകൂടാമെന്നു് ഗ്രഹിക്കുവാനുള്ള ഭാവനാശക്തിയോ ഹൃദയാലുത്വമോ അവർക്കില്ല. അവരുടെ സുരക്ഷിതദന്തഗോപുരങ്ങളിലിരുന്നുകൊണ്ടു്, അയവില്ലാത്ത ഒരു സന്മാർഗ്ഗനിയമത്തെ അവർ ഉയർത്തിക്കാണിക്കുകയാണു്. അവരുടെ നിയമാവലി യഥാർത്ഥസന്മാർഗ്ഗത്തിന്റെ ഹാസ്യാനുകരണം മാത്രമാണെന്നതോ പോകട്ടെ, ഈ നിയമത്തെ അവർതന്നെ പാലിക്കുന്നുമില്ല. അങ്ങിനെ ആരും സ്വീകരിക്കാത്തതും എല്ലാവരും ലംഘിക്കുന്നതുമായ ഒരു നടപടിക്രമത്തിന്റെ പേരിൽ വ്യക്തികളെ പീഡിപ്പിക്കുകയാണു് പരിഷ്കൃതമെന്നഭിമാനിക്കുന്ന സമുദായത്തിന്റെ പതിവു്. ഈ വങ്കത്തം കാണുകയും ഹൃദയംഗമമായി വെറുക്കുകയും ചെയ്ത ഒരാളായിരുന്നു ഓസ്ക്കാർ വൈൽഡ്. ഇംഗ്ലീഷ് സമുദായത്തിന്റെ ഒരു വികസിതപുഷ്പമായിരുന്നു ഈ അസാധാരണമനുഷ്യൻ. അദ്ദേഹം ഒരു ഒന്നാംതരം സാഹിത്യകാരനായിരുന്നു. ഒരു പ്രത്യേകതത്ത്വവും അദ്ദേഹം സ്ഥാപിച്ചിട്ടില്ലെങ്കിലും, സമുദായത്തെയും വ്യക്തിയെയും സംബന്ധിക്കുന്ന പല പ്രശ്നങ്ങളെപ്പറ്റിയും അദ്ദേഹം ചിന്തിച്ചിട്ടുണ്ടു്. നിസ്സീമമായ കലാവാസനയും, സരസമായ ഫലിതവും അദ്ദേഹത്തിനു് ഉൽകൃഷ്ട സമുദായത്തിലേയ്ക്കു വഴിതെളിച്ചു. അവിടെ അദ്ദേഹം ഒരു തലതിരിഞ്ഞമനുഷ്യനായിട്ടാണു് അഭിനയിച്ചതു്. ഈ സമ്പ്രദായം സാമുദായിക രോഗങ്ങളെ നിരുപദ്രവമായി വിമർശിക്കുവാൻ അദ്ദേഹത്തിനിടകൊടുത്തു. കൂടാതെ, “അദ്ദേഹത്തിന്റെ സ്വന്തം തെറ്റുകളെ അലക്ഷ്യഭാവം കൊണ്ടു മൂടിപ്പൊതിയാനും ഇതുപകരിച്ചു. യഥാർത്ഥ വൈൽഡിന്റെ ഒരു വെള്ളംചേർത്ത പകർപ്പാണു് അപ്പുക്കുട്ടമേനോൻ. വൈൽഡ് അന്നത്തെ സമുദായത്തിലെ ദുർമ്മാർഗ്ഗത്തിൽ കഴുത്തോളം മുങ്ങി. ഇതെല്ലാം കഴിഞ്ഞിട്ടും അദ്ദേഹം ആ ദുർമ്മാർഗ്ഗത്തിന്റെ സംരക്ഷകനായിത്തീർന്നില്ല. ഒരു കലാകാരന്റെ ആത്മാർത്ഥതയോടെ അദ്ദേഹം സമുദായത്തിൽ കണ്ട വേശുഅമ്മമാരെ വിമർശിച്ചു. അപ്പുക്കുട്ടമേനോന്മാരെയും അദ്ദേഹം വെറുതേ വിട്ടില്ല. ഈ വിമർശനത്തിനു് അദ്ദേഹം ഹാസ്യമാണു് ഉപകരണമായി സ്വീകരിച്ചതു്. ഇതിന്റെ ഫലമാണു്, ലേഡി വിൻഡർമീയർസ് ഫാൻ, എ വുമൻ ഓഫ് നോ ഇംപോർട്ടൻസ്, ആൻ അയിഡിയൽ ഹസ്ബൻഡ് മുതലായ നാടകങ്ങൾ.

ഈ നാടകങ്ങളെല്ലാം കോമഡികളാണു്. അവ അങ്ങിനെയായിരിക്കണമെന്നു് നിർബ്ബന്ധവുമുണ്ടു്. സാധാരണഭാഷയിൽ പറഞ്ഞാൽ കോമഡിയും ട്രാജഡിയും തമ്മിലുള്ള വ്യത്യാസം കഥാവസാനത്തിന്റെ സ്വഭാവമാണു്. സുഖപര്യവസായി നാടകങ്ങളെല്ലാം കോമഡി, ദുഃഖപര്യവസായികളെല്ലാം ട്രാജഡി എന്നാണു് വയ്പു്. പക്ഷേ, കോമഡിയുടെ ലക്ഷണം ഒരു നാടകത്തിന്റെ അവസാനരംഗമല്ല. അതിൽ ഉടനീളം കാണുന്ന ഫലിതസ്വഭാവമാണു്. ഫലിതത്തിന്റെ ഉല്പത്തി സാമുദായികമര്യാദകളിൽനിന്നു വ്യതിചലിച്ചു ചരിക്കുന്ന വ്യക്തിയെ സമുദായം പരിഹാസംകൊണ്ടു ശിക്ഷിക്കുന്നതാണെന്നു ബർഗ്സൺ പറയുന്നുണ്ടു്. വേശുഅമ്മയേയും, അപ്പുക്കുട്ടമേനോനേയും കാവുട്ടിനേത്യാരേയും മറ്റും ഹസിക്കുകയാണു് വൈൽഡിന്റെ ലക്ഷ്യം. എന്നാൽ, അവർ ജീവിക്കുന്ന സമുദായത്തിൽ അവർ പൂജനീയരാണു്. അതുകൊണ്ടു് അവരെ, അവരുടേതിൽനിന്നു ഭിന്നമായ ഒരു സാമുദായികാന്തരീക്ഷത്തിൽ (സദസ്യർ) കൊണ്ടുവന്നു നിറുത്തി ആക്ഷേപിക്കുകയാണു് വൈൽഡ് ചെയ്യുന്നതു്. അങ്ങിനെയല്ലാതെ വരാനും നിവൃത്തിയില്ല. ഈ പാത്രങ്ങളൊന്നും കാര്യമായ വ്യക്തിത്വമുള്ളവരല്ല. കോമഡിയിലെ പാത്രങ്ങളെല്ലാംതന്നെ ഓരോ പ്രത്യേകവർഗ്ഗത്തിന്റെ മാതൃകകൾ മാത്രമായിരിക്കണമെന്നും നിയമമുണ്ടു്. അവരെല്ലാം നാടകകൃത്തിന്റെ അംഗുലീചലനമനുസരിച്ചു നൃത്തം ചെയ്യുന്ന പാവകൾമാത്രമാണു്. അവർ ഓരോ തെറ്റുകളുടെ പ്രാതിനിധ്യവും വഹിച്ചു രംഗത്തുവന്നു കൂത്താടി, ആ തെറ്റുകളെപ്പറ്റി കാണികളിൽ അവജ്ഞയുളവാക്കി മറയുകയാണു് ചെയ്യുന്നതു്. അതുകൊണ്ടു് ഈ പാത്രങ്ങൾ വിധിയുടെ അടിമകളാണെന്നോ കോമഡി വിധിവിലാസത്തോടു ബന്ധമുള്ളതാണെന്നോ വരുന്നില്ല. ട്രാജഡിയിൽ മാത്രമാണു് വിധിക്കു സ്ഥാനമുള്ളതു്. കോമഡിയിലെ പാത്രങ്ങൾക്കു് അവരുടെ തെറ്റുകൾക്കു് ഉത്തരവാദിത്വമുണ്ടു്. പക്ഷേ, അവർ ഹാംലെറ്റിനെപ്പോലെ ഉയരുന്നില്ല. കോമഡിയിൽ നായികാനായകന്മാരേ ഉണ്ടായിരിക്കുകയില്ല. കുരുത്തംകെട്ട ഘട്ടങ്ങൾ സൃഷ്ടിച്ച അവിടെ തന്റെ പാവകളെ തലകുത്തി നിറുത്തി കാണികളെ ചിരിപ്പിക്കുകയാണു കോമഡിയുടെ കർത്താവു് ചെയ്യുന്നതു്. വേശുഅമ്മ ഗോപിമേനോന്റെ രഹസ്യഡയറിയെടുത്തു കാണുമ്പോൾ വളരെ വേദനയനുഭവിക്കുന്നുണ്ടു്. പക്ഷേ, സദസ്യർ അപ്പോൾ അതുകണ്ടു രസിക്കുകയാണു്. അപ്പുക്കുട്ടമേനോന്റെ വീട്ടിൽ അകാരണമായി, അസമയത്തു കടന്നുകൂടി വിയർത്തൊലിക്കുന്ന വേശുഅമ്മയോടും സദസ്യർക്കൊരു സഹതാപവുമില്ല. അവർ അപ്പോഴും ചിരിക്കുകയാണു്. പക്ഷേ, ഇങ്ങിനെ ചിരിക്കാനുള്ള വകയുണ്ടാക്കിയതുകൊണ്ടുമാത്രം ഒരുനാടകം ഉത്തമ കോമഡിയാകുന്നില്ല. സാധാരണപ്രഹസനങ്ങളും ചിരിപ്പിക്കുന്നുണ്ടല്ലോ. എല്ലാ ഉത്തമകാവ്യങ്ങളിലേയുംപോലെ കോമഡിയിലും ഒരു സാർവ്വലൗകികസ്വഭാവം ഉണ്ടായിരിക്കണം. ഫലിതമയമായിട്ടാണെങ്കിലും, അതിൽ പ്രതിപാദിക്കപ്പെടുന്ന പ്രശ്നം കുറെയൊക്കെ സ്ഥലകാലങ്ങൾക്കതീതമായിരിക്കണം. വേശുഅമ്മമാർ ഇംഗ്ലണ്ടിൽ മാത്രമല്ല തൃശൂരുമുണ്ടു്. അപ്പുക്കുട്ടമേനോന്മാർ ചിരഞ്ജീവികളുമാണു്. അതുകൊണ്ടുതന്നെയായിരിക്കണമല്ലോ അവതാരികാകാരൻ ഇപ്പുസ്തകം പരിഭാഷയാണോ എന്നു ശങ്കിച്ചതും.

വൈൽഡിന്റെ മറ്റു നാടകങ്ങളിലേതുപോലെ ഈ നാടകത്തിലും പാത്രസൃഷ്ടി ഉത്തമമായിട്ടുണ്ടു്. ഭർത്താവിനെ പിടിശ്ശീട്ടാക്കണമെന്നും മറ്റും വേശുഅമ്മയ്ക്കു നിർബ്ബന്ധമില്ല. അവർ ഗോപിമേനോനെ സ്നേഹിക്കുന്നുണ്ടു്. പക്ഷേ, അവരുടെ സ്നേഹം പകുതിമാമൂലിനോടുള്ള അടിമത്തവും, ഉപരിപ്ലവമായ ഒരു വികാരവുംസമം ചേർത്തു സൃഷ്ടിച്ച ഒരു മധുരപലഹാരമാണു്. ആഴമോ അടിയുറപ്പോ ഇല്ലാത്ത ആ സ്നേഹത്തിന്റെ ഉദാഹരണങ്ങളാണു് ധനികസമുദായത്തിലെ കൊച്ചമ്മമാരുടെ സന്മാർഗ്ഗനിഷ്ഠ. ഒരു ചെറിയകാറ്റുവന്നാൽ മതി, അതു താഴെ വീണു് തരിപ്പണമാകും. പുരുഷൻകടക്കാത്ത ഒരു മഠത്തിനകത്തു് ജീവനോടെ കുഴിച്ചിടപ്പെട്ട സ്ത്രീയുടെ സന്മാർഗ്ഗത്തിനുള്ള വിലയേ അതിനുള്ളൂ. വേശുഅമ്മയുടെ ഭാവിയും ഭൂതവും ചിത്രീകരിക്കുന്ന രണ്ടു പാത്രങ്ങളും നാടകത്തിലുണ്ടു്, ജീവിതാനുഭവങ്ങൾ വേശുഅമ്മയെ എന്താക്കിത്തീർക്കുമെന്നു് ഒരു രൂപം നമുക്കു നൽകുന്നതു കാവൂട്ടിനേത്യാരാണു്. തൊട്ടാൽ പൊട്ടിപ്പോവുന്ന മര്യാദാഭാണ്ഡവുമായി നടന്ന വേശുഅമ്മയ്ക് ഒരു രഹസ്യമുണ്ടായി. ഇനി അവരും നേത്യാരെപ്പോലെ എന്തുതെറ്റിനേയും വിഴുങ്ങാൻ (അതിൽ സാമ്പത്തികമായി വല്ല ലാഭവുമുണ്ടെങ്കിൽ) തയ്യാറാകും. കാവുട്ടിനേത്യാർ ആരെക്കണ്ടാലും ‘വളരെ രഹസ്യമായി’ കുറെ കെട്ടുകഥകൾ പറയും. മാന്തോട്ടത്തിലെ പെൺകിടാങ്ങളെപ്പറ്റി അവസരത്തിനനുസരിച്ചു് അഭിപ്രായഭേദവും സംഭവിക്കും. പെൺകുട്ടികൾ ഒറ്റയ്ക്കു യുവാക്കന്മാരോടു സംസാരിച്ചുനില്ക്കുന്നതു കാവുട്ടിനേത്യാർക്കത്ര ഇഷ്ടമല്ല. പിന്നെ ധനികനായ പരമുപിള്ളയുടെ കാര്യത്തിൽ ഒരു പ്രത്യേകത അനുവദിക്കാമെന്നുമാത്രം. ‘ഓ അമ്മ’ക്കാരിയായ അമ്മു വേശുഅമ്മയുടെ ഭൂതകാലത്തിന്റെ ചിത്രമാണു്. നടക്കുന്നതും ഇരിക്കുന്നതും, പടപുസ്തകം കാണുന്നതും, പ്രണയിക്കുന്നതും, എല്ലാം അമ്മയുടെ താളത്തിനനുസരിച്ചു നടത്തുന്ന ആ മാംസക്കഷണത്തിൽ മനുഷ്യത്വത്തിന്റെ യാതൊരു ലക്ഷണവുമില്ല. ഒന്നു് ഇവിടെ ഓർമ്മിക്കേണ്ടതുണ്ടു്: പരമുപിള്ളയെ ചതിയനോ, ആൾമാറാട്ടക്കാരനോ ഒന്നും ആക്കാൻ വൈൽഡ് ശ്രമിക്കുന്നില്ല. അയാൾ ഇംഗ്ലണ്ടിലെ മാതൃകാപ്രഭുകുമാരനാണു്. ആ മരമണ്ടനും അമ്മുവെന്ന പാവയും തമ്മിലുള്ള ചേർച്ചയിൽ വൈൽഡിനു പരാതിയില്ല, അസൂയയുമില്ല. ചേരുംപടി ചേർത്തു എന്ന സമാധാനമാണു് കാണികൾക്കും തോന്നുന്നതു്.

ചിന്തേരിട്ട പുറം, പൊള്ളയായ അകം എന്നീ വിശേഷണങ്ങളുമായി സാരിയെന്നു പേരു പറയാവുന്ന എന്തിന്റേയും പുറകെ കൂടുന്ന ഒരുപറ്റം സുന്ദരവിഡ്ഢികളുണ്ടു്. ഈ വർഗ്ഗത്തിന്റെ സ്ഥാനപതിയാണു അപ്പുക്കുട്ടമേനോൻ. ഈ. വി.-യുടെ കുണ്ടയം കൃഷ്ണപിള്ളയും, ദേവിന്റെ പുളുവനും മറ്റും അപ്പുക്കുട്ടമോനോന്റെ സഹജാതരാണു്. അവറ്റയ്ക്കും വൈൽഡ് വേണ്ടിടത്തോളം കൊടുക്കുന്നുണ്ടു്. സ്വന്തം ഭാര്യയോടു കാര്യങ്ങൾ തുറന്നുപറയാതെ അവളുടെ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന ഗോപിമേനോനെയും നാടകകൃത്തു് വെറുതെ വിടുന്നില്ല. വൈൽഡ് ഉദ്ദേശിച്ചിടത്തോളം പാത്രസൃഷ്ടികൊണ്ടുതന്നെ സാധിച്ചിട്ടുണ്ടു്.

തീർച്ചയായും ഈ നാടകത്തിന്റെ പരിഭാഷ ഒരു തികഞ്ഞ വിജയമാണു്. ‘പാവങ്ങൾ’ കൊണ്ടു മലയാളതർജ്ജമപ്രസ്ഥാനത്തിന്റെ കുലഗുരുവായിത്തീർന്ന നാലപ്പാടനല്ലാതെ ഇങ്ങിനെയൊരു തർജ്ജമ പുറത്തിറക്കാൻ കഴിയുമോ എന്നു സംശയമാണു്. വിഷയം കുറെയൊക്കെ തർജ്ജമയ്ക്കു സഹായകരമാണു്. വൈൽഡ് കണ്ട ഇംഗ്ലീഷ് സമുദായം വെച്ചുപുലർത്തിയിരുന്ന വങ്കത്തങ്ങൾ ഏതാണ്ടു് സാർവ്വലൗകികമായതു കൊണ്ടു് അതിനു സമമായി കേരളത്തിലെ ധനികവർഗ്ഗത്തെ സ്വീകരിക്കാം. എങ്കിലും, വൈൽഡിന്റെ നാടകങ്ങൾ തർജ്ജമചെയ്യുന്നതിനു് ഒരു പ്രത്യേക പ്രതിബന്ധമുണ്ടു്. വൈൽഡിന്റെ ഫലിതം വാച്യം (Verbal) ആണു്. മോളീയേയാണെങ്കിൽ സന്ദർഭങ്ങളാണു് ഫലിതത്തിനു് അടിസ്ഥാനമാക്കുന്നതു്. വൈൽഡാകട്ടെ, ബർനാഡ് ഷായെപ്പോലെ, അർത്ഥഗർഭമായ സംഭാഷണംകൊണ്ടാണു് നമ്മെ ചിരിപ്പിക്കുന്നതു്. ഇതു സാധാരണയായി വാക്കുകൾകൊണ്ടുള്ള ചെപ്പടിവിദ്യകളായിരിക്കും. ഇത്തരം ഭാഗങ്ങൾ കാര്യമായ കുറവൊന്നും കൂടാതെ വിവർത്തനംചെയ്തിരിക്കുന്നുവെന്നതാണു് ശ്രീ. നാലപ്പാടന്റെ വിജയം. “ഇതാണു് ശുഭ പ്രതീക്ഷാശീലത്തിനുള്ള തലതിരിപ്പൻ വങ്കത്തം,” “മനസ്സുമയക്കുന്ന ധർമ്മനിഷ്ഠക്കാരി,” “ഓ അമ്മേ,” ഇങ്ങിനെ പല സ്ഥലങ്ങളിലും സാക്ഷാൽ വൈൽഡിനെ മലയാണ്മയിലേയ്ക്കു് അദ്ദേഹം പകർത്തിയിട്ടുണ്ടു്. ഇതിൽനിന്നു മറ്റൊരു കാര്യംകൂടി തെളിയുന്നുണ്ടു്. വേശുഅമ്മയുടെ വിശറി ഒരു ഏകദേശാനുഭവമല്ല. വൈൽഡിന്റെ നാടകത്തെ ഉപജീവിച്ചു് എഴുതിയതാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇതു് ഒരു പദാനുപദതർജ്ജമതന്നെയാണു്. അല്ലെന്നു വാദിക്കാൻ നാടകത്തിലെ പേരുകൾ ചൂണ്ടിക്കാണിക്കപ്പെട്ടേയ്ക്കും. പക്ഷേ, ഈ പേരുമാറ്റം അത്ര കാര്യമായ ഒന്നല്ല. പേരുമാറ്റംകൊണ്ടു നാടകത്തിന്റെ അന്തരീക്ഷത്തിനു് അത്ര അത്ഭുതകരമായ മാറ്റമൊന്നും ഭവിച്ചിട്ടില്ല. “തൃശുർ പട്ടണത്തിന്റെ പടിഞ്ഞാറെ പകുതിക്കുള്ളിൽവെച്ചു് ഇക്കഴിഞ്ഞ പുരുഷാർദ്ധത്തിൽ നടന്നതാണു് എന്നു തോന്നും” എന്നു് അവതാരികക്കാരൻ പറയുന്നതു് അല്പം കടന്നുപോയി. കാരണം, കൂടുതലായിട്ടൊന്നും അന്വേഷിക്കണ്ട, സ്റ്റേജിൽനിന്നു ധൃതിപിടിച്ചുപോകുന്ന മിസിസ് പണിക്കരോടൊന്നു നില്ക്കാൻ പറഞ്ഞാൽ മതി. തറവാട്ടിൽ പിറന്ന ഈ നായർ സ്ത്രീക്കെവിടെനിന്നുകിട്ടി ഈ വിശറി? നമ്മുടെ നാട്ടിലുമുണ്ടു് വിശറി. പക്ഷേ, വൈൽഡ് അധിക്ഷേപിക്കുന്ന വങ്കത്തത്തിന്റെ സിംബലായ ആ വിശറി അവർ പതിനായിരം മൈൽ അകലെനിന്നു മോഷ്ടിച്ചതാണു്. കേരളം വളരെ ഉഷ്ണമുള്ള നാടാണെങ്കിലും, ഇവിടെ ഏറ്റവും പരിഷ്ക്കാരമുള്ള ഒരു യുവതിയെങ്കിലും വിശറിയും ചുമന്നുകൊണ്ടു് ഒരു വിരുന്നിനു വരുന്നതായി കാണാറുണ്ടോ? അബദ്ധത്തിൽ അങ്ങിനെയൊന്നു സംഭവിച്ചുവെന്നിരിക്കട്ടെ. അങ്ങിനെയാണെങ്കിൽത്തന്നെ അവർക്കു് അധിക്ഷേപിക്കണമെന്നു് ഉദ്ദേശ്യമുള്ള ഒരു സ്ത്രീയെ വിശറികൊണ്ടു മുഖത്തടിക്കുക എന്നൊരു സമ്പ്രദായം ഇവിടെ നടപ്പിലുണ്ടോ? പക്ഷേ, അത്രയൊക്കെയേ ഏതു തർജ്ജമക്കാരനും കഴിയൂ.

മംഗളോദയം ഡിസംബർ 1947.

വിലയിരുത്തൽ 1951.

സി ജെ തോമസിന്റെ ലഘു ജീവചരിത്രം

Colophon

Title: Purampuchinte pinnil (ml: പുറംപൂച്ചിന്റെ പിന്നിൽ).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-02-10.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Purampuchinte pinnil, സി ജെ തോമസ്, പുറംപൂച്ചിന്റെ പിന്നിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 9, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Marcella, a painting by Ernst Ludwig Kirchner (1880–1938). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.