images/Woman_Reading.jpg
Woman Reading, a painting by Édouard Manet (1832–1883).
രാഷ്ടീയവാദങ്ങൾ
സി ജെ തോമസ്

ഒരു വിമർശകന്റെ ജോലി പലപ്പോഴും ദുർഗ്രഹമായിത്തീരാറുണ്ടെങ്കിലും ജനാബ് അബ്ദുൽലായുടെ ‘രാഷ്ട്രീയവാദങ്ങൾ’ നിരൂപണം ചെയ്യുക എന്നതിൽ കവിഞ്ഞ ഒരു നിർഭാഗ്യം ആർക്കെങ്കിലും വരാനുണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടറന്മാരെ ലീഗിൽനിന്നകറ്റി കോൺഗ്രസ്സിനു വേണ്ടി വോട്ടുചെയ്യിക്കാൻ നടത്തിയ പ്രചരണങ്ങളുടെ ഒരു സമാഹാരമാണിതു്. ഇതിൽ ഏതൊക്കെയാണു സമ്പാദിച്ചതു്, ഏതൊക്കെയാണു സൃഷ്ടിച്ചതു് എന്നു തിരിച്ചെടുക്കാൻ പ്രയാസമുണ്ടു്. തെരഞ്ഞെടുപ്പു കഴിഞ്ഞു. മുസ്ലീംലീഗു് പരിപൂർണ്ണമായി വിജയിച്ചു. പാകിസ്ഥാനും സ്ഥാപിതമായി. ഇനി പുസ്തകത്തിന്റെ സ്ഥാനം എവിടെ എന്ന ചോദ്യത്തിനവകാശമുണ്ടു്. അഥവാ, എന്തെങ്കിലും സ്ഥാനമുണ്ടെങ്കിൽത്തന്നെ അതിന്റെ ഒരു വിമർശനംകൊണ്ടു ദ്വൈമാസികത്തിന്റെ പുറങ്ങൾ നിറയ്ക്കുക എന്നതും അന്യായമാണു്. പക്ഷേ, ഇപ്പുസ്തകത്തിൽ പ്രകടിതമായിരിക്കുന്ന ചിന്താഗതി ഇന്ത്യയിലെ വർഗ്ഗീയപ്രശ്നത്തെപ്പറ്റി ചിന്തിക്കുന്ന ഒരാളിനു വളരെ വെളിച്ചംനൽകുന്ന ഒന്നാണു്. പഞ്ചാബിലും ദില്ലിയിലും ഇന്നു നടക്കുന്ന ദാരുണസംഭവങ്ങൾ വർഗ്ഗീയപ്രശ്നത്തിന്റെ പ്രാധാന്യത്തെ പ്രഖ്യാപനം ചെയ്യുന്നുണ്ടു്. ഇതിനെന്തെങ്കിലും പരിഹാരം കണ്ടെത്തണമെങ്കിൽ വർഗ്ഗീയത്വത്തിന്റെ അടിസ്ഥാനങ്ങളെയും ചരിത്രത്തെയും തന്നെ പരിശോധിക്കേണ്ടതുണ്ടു്.

ഹിന്ദുമതവും ഇസ്ലാമും പോലെ പരസ്പരവിരുദ്ധമായ രണ്ടു മതങ്ങൾ വേറെയില്ല. അത്തരത്തിലുള്ള രണ്ടു ശക്തികൾ തമ്മിലുള്ള സംഘട്ടനമാണു ചരിത്രം ഇന്ത്യയ്ക്കു വിധിച്ചതു്. ഇന്ത്യയിലെ മുഹമ്മദീയ ആക്രമണത്തിന്റെ ആദ്യദശയിൽ കുടിയേറ്റമോ രാജ്യഭരണമോ അവരുടെ ലക്ഷ്യമായിരുന്നില്ല. സമ്പത്തിനു കീർത്തികേട്ട ഇന്ത്യയിലെ ധനം കുത്തിക്കവർന്നുകൊണ്ടുപോവുക മാത്രമായിരുന്നു ഗസ്നി മുഹമ്മദിന്റെയും, ഗോറി മുഹമ്മദിന്റെയും ലക്ഷ്യം. കൊള്ളയ്ക്കുള്ള ഈ ആസക്തി പൊതുവെയും അക്രമികൾ ഹിന്ദുമതത്തോടുചെയ്ത അനീതികൾ പ്രത്യേകിച്ചും ഇന്ത്യയിലെ ഹിന്ദുക്കളുടെ മനസ്സിൽ മുസ്ലീം വിരോധത്തിന്റെ ബീജാവാപംചെയ്തു. മതഭ്രാന്തന്മാരായ മുസ്ലീം ഭടന്മാർ ക്ഷേത്രഭണ്ഡാരങ്ങൾ കൊള്ളചെയ്തതും നിർബ്ബന്ധിത മതപരിവർത്തനം നടത്തിയതും ഈ വിരോധത്തിനു മൂർച്ചകൂട്ടി. രാജ്യം പിടിച്ചടക്കി ഭരിക്കുവാനും സ്ഥിരമായി കുടിയേറി പാർക്കുവാനുംവേണ്ടി വന്ന മുസ്സീം രാജാക്കന്മാരുടെ കാലത്തു് ഈ വിരോധം കുറേക്കൂടി വർദ്ധിച്ചു. മുസൽമാൻമാർ ഇന്ത്യാക്കാരാണെന്നു ഹിന്ദുക്കൾ അംഗീകരിച്ചില്ല. വലിയ കാലതാമസം കൂടാതെ, അവരെ ആട്ടിയോടിക്കാമെന്നും ഹിന്ദുക്കൾ വിചാരിച്ചു. പക്ഷേ, ഇക്കാലമത്രയും മതപരിവർത്തനം നടന്നുകൊണ്ടിരുന്നു. അങ്ങനെ ഇന്ത്യയല്ലാതെ മാതൃരാജ്യമില്ലാത്ത ഒരു വലിയസംഖ്യ മുസ്ലീങ്ങൾ ഉണ്ടായി. ദില്ലി ചക്രവർത്തിമാർ അവരെ ഉപയോഗിച്ചു ഭരണം നടത്തിക്കൊണ്ടുമിരുന്നു. പരസ്പരം യാതൊരു സൗഹാർദ്ദത്തിനും അവസരമോ പരിശ്രമമോ ഇല്ലാതെ മതവൈരുദ്ധ്യം അതിന്റെ പാരമ്യത്തിലെത്തിയിരുന്ന കാലത്താണു് അൿബർ ചക്രവർത്തി സിംഹാസനാരോഹണം ചെയ്തതു്. വർഗ്ഗീയവൈരുദ്ധ്യം ദില്ലിസിംഹാസനത്തെ തകിടംമറിക്കുമെന്നു മഹാനായ അദ്ദേഹം മനസ്സിലാക്കി. സ്വതന്ത്രചിന്തകനായിരുന്ന അദ്ദേഹം ഈ പ്രശ്നത്തിനു സ്വയം കണ്ടുപിടിച്ച പോംവഴി രണ്ടു മതങ്ങളും കൂടിച്ചേർത്തു് ഒരു പുതിയ മതം സൃഷ്ടിക്കുകയെന്നതായിരുന്നു. അടിസ്ഥാനതത്ത്വമനുസരിച്ചുതന്നെ ഈ പദ്ധതി പ്രായോഗികമല്ലായിരുന്നു. ഇന്നും രണ്ടു മതവിഭാഗങ്ങൾ തമ്മിൽ യോജിക്കാൻ ചെയ്യുന്ന പരിശ്രമങ്ങൾ മൂന്നാമതൊരു മതത്തിന്റെ ഉത്ഭവത്തിലാണല്ലോ പരിണമിക്കുന്നതു്. മതഭ്രാന്തന്മാരായ ഹിന്ദുക്കളും മുസ്ലീങ്ങളും അക്ബറെ എതിർത്തു. അക്ബറിന്റെ പരിപാടി പരാജയമടഞ്ഞു. ഒരുതരത്തിൽ അറംഗസീബിന്റെ കാലംവരെ അക്ബർ സൃഷ്ടിച്ച അന്തരീക്ഷം നിലനിന്നു. അറംഗസീബ് പിന്നെയും വർഗ്ഗീയവൈരുദ്ധ്യം കുത്തിപ്പൊക്കി. മതത്തിനുവേണ്ടി അദ്ദേഹം സിംഹാസനം പണയപ്പെടുത്തി. അന്നുമുതൽ ദില്ലിസിംഹാസനം ക്ഷയിക്കുകയും ചെയ്തു. പക്ഷേ, മുസ്ലീം രാജകൂടം മാത്രമേ തകർന്നുള്ളു. മുസ്സീം ജനത ഇന്ത്യയിൽ അവശേഷിച്ചു. അതോടുകൂടി വർഗ്ഗപ്രശ്നവും.

ഇന്ത്യൻ ചരിത്രത്തിലെ അടുത്തഘട്ടം വിദേശാധിപത്യത്തിന്റേതാണു്. ബ്രിട്ടീഷുകാർ ഇന്ത്യ പിടിച്ചടക്കി, ഹിന്ദുക്കളും മുസ്ലീങ്ങളും പൊതുവിൽ അടിമകളായി. എന്നിട്ടും, അവർ തമ്മിലുള്ള വിരോധം കുറഞ്ഞില്ല. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തത്ത്വമനുസരിച്ചു് ഈ രണ്ടു മതങ്ങളും തമ്മിലുള്ള വിരോധത്തെ ബ്രിട്ടീഷുകാർ വളർത്തിക്കൊണ്ടിരുന്നു. പക്ഷേ, കാലക്രമത്തിൽ, പാശ്ചാത്യസംസ്കാരവുമായിട്ടുള്ള ബന്ധംകൊണ്ടു് ഇന്ത്യക്കാരുടെ സ്വാതന്ത്ര്യാഭിലാഷം വർദ്ധിച്ചു. പത്തൊമ്പതാം ശതകത്തിന്റെ അവസാനത്തിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിക്കപ്പെട്ടു. മുസ്സീംസമുദായം സാംസ്കാരികമായി വളരെ പിന്നണിയിലായിരുന്നെങ്കിലും പല മുസ്ലീം പ്രമാണിമാരും സ്വാതന്ത്ര്യപ്രസ്ഥാനത്തിനു സഹകരണം നൽകി. പക്ഷേ, കോൺഗ്രസ്സിൽ രണ്ടു ചിന്താഗതികൾ ഉയർന്നുവന്നു. ഒന്നു്, പാശ്ചാത്യസംസ്കാരവുമായിട്ടുള്ള പരിചയത്തിൽനിന്നുയർന്നുവന്ന ദേശീയബോധം, രണ്ടാമത്തേതു്, അല്പസംസ്കാരത്തിലുള്ള അഭിമാനത്തിൽനിന്നുയർന്നതും ഹിന്ദുപക്ഷപാതപരവുമായ ദേശീയത്വം. വിവേകാനന്ദന്റെ തത്ത്വങ്ങളും ശിവാജിയുടെ ആരാധനയുമാണു രണ്ടാമത്തെ ചിന്താഗതിയുടെ ലക്ഷണങ്ങൾ. ഈ ചിന്താഗതി മൂർത്തീകരിച്ചു പിന്നീടു് അധഃപതിച്ച സംഘടനയാണു ഹിന്ദുമഹാസഭ. ഈ രണ്ടു ചിന്താഗതികളും തമ്മിലുള്ള വൈരുദ്ധ്യമാണു് മുസ്ലീങ്ങളും ദേശീയപ്രസ്ഥാനവുമായിട്ടുള്ള ബന്ധത്തെ നിയന്ത്രിച്ചിരുന്നതു്. ആദ്യത്തെ ചിന്താഗതി മുന്നിട്ടുനിന്നപ്പോൾ മുസ്ലീങ്ങൾ കോൺഗ്രസ്സിലേക്കു വന്നു. രണ്ടാമത്തേതിനു പ്രാമാണ്യം സിദ്ധിച്ചപ്പോൾ അവർ അതിൽനിന്നും പോയി. ബ്രിട്ടീഷുകാരൻ ഈ വൈരുദ്ധ്യം മനസ്സിലാക്കി. വർദ്ധിച്ചു വരുന്ന കോൺഗ്രസ്സു ശക്തിയെ തടയാൻവേണ്ടി മുസ്ലീങ്ങളെ കോൺഗ്രസ്സിൽനിന്നു് അകറ്റാൻ ശ്രമിച്ചു. മുസ്ലീംലീഗിനു പ്രോത്സാഹനം നൽകിയതും ഈ ലക്ഷ്യത്തോടുകൂടി ആയിരുന്നു. ഖിലാഫത്തു് പ്രസ്ഥാനത്തോടു കൂടിയാണു് ഗാന്ധിജിയുടെ ഒരു പ്രധാനവിജയം. പക്ഷേ, അതിനുശേഷം ഇന്ത്യയിലെ മുസ്ലീം ബന്ധം കൂടുതൽ വഷളായി. ഹിന്ദു പിന്തിരിപ്പൻ പ്രസ്ഥാനത്തിനു കൂട്ടുനിലക്കുന്ന മതം ഇതിലും സാമ്രാജ്യത്വത്തെ സഹായിച്ചു. ഭിന്നിപ്പു് വർദ്ധിച്ചുകൊണ്ടു തന്നെയിരുന്നു. കോൺഗ്രസ്സിന്റെ ശക്തി വർദ്ധിച്ചുവരുന്നതുകണ്ടു് മുസ്ലീങ്ങൾ പ്രത്യേക അവകാശങ്ങൾക്കുവേണ്ടി മുറവിളികൂട്ടി. ആശിച്ചിടത്തോളം ഒന്നും കിട്ടാത്തതുകൊണ്ടു് അവർ സ്വയംനിർണ്ണയാവകാശം ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പ്രക്ഷോഭണമായിരുന്നു പാകിസ്ഥാൻവാദമായിത്തീർന്നതു്. ലീഗിന്റെ വാദം അംഗീകരിക്കുക മാത്രമാണു പ്രായോഗികമാർഗ്ഗം എന്നുകണ്ടു് കോൺഗ്രസ്സ് പാകിസ്ഥാൻ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും, വർഗ്ഗീയവൈരം ഇന്ത്യയിൽ തുടരുകതന്നെയാണു ചെയ്യുന്നതു്. അതുകൊണ്ടു് ഒന്നു തെളിയുന്നുണ്ടു്, പാകിസ്ഥാനോ അഖണ്ഡഹിന്ദുസ്ഥാനോ അല്ല, ഇന്ത്യയിലെ വർഗ്ഗീയകലഹത്തിന്റെ അടിസ്ഥാനകാരണം. ഈ കലഹങ്ങളുടെ കാരണമെന്തെന്നു കണ്ടുപിടിക്കാതെ പരിഹാരം നിർദ്ദേശിക്കുക സാദ്ധ്യമല്ല. അതിനുവേണ്ടി ഇന്നുവരെ വർഗ്ഗീയൈക്യം സ്ഥാപിക്കുന്നതിനുവേണ്ടി നടത്തപ്പെട്ട പരിശ്രമങ്ങൾ പുനഃപരിശോധന ചെയ്യേണ്ടിയിരിക്കുന്നു.

കോൺഗ്രസ്സും ലീഗും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിൽ ഉടനീളം കാണുന്ന ഒരു പരമാർത്ഥം ഈ രണ്ടു സംഘടനകളും യാഥാർത്ഥ്യങ്ങളെ നേരിടുന്നതിൽ വൈമുഖ്യം കാണിക്കുന്നുവെന്നതാണു്. കണ്ണിൽ പൊടിയിടാനുള്ള കുറുക്കുവിദ്യകളും പരസ്പരം പുലഭ്യവും മാത്രമായിരുന്നു ഈ രണ്ടു സംഘടനകളുടേയും പരിപാടി. ലീഗിന്റെ വഴിപിഴച്ച നയം വിമർശിക്കുകയെന്നതു് ഈ നിരൂപണത്തിൽ സംഗതമല്ല. എന്നാൽ, കോൺഗ്രസ്സിനു പറ്റിയ തെറ്റുകൾ തികച്ചും വ്യക്തമാക്കുന്ന ഒരു ഗ്രന്ഥമാണു് “രാഷ്ട്രീയവാദങ്ങൾ”. ഈ പുസ്തകം കോൺഗ്രസ്സ് നയത്തെ നീതീകരിക്കുവാൻ എഴുതപ്പെട്ടതാണെന്നുള്ളതു് ഇൻഡ്യൻ രാഷ്ട്രീയരംഗത്തിലെ വിരോധാഭാസങ്ങളിൽ ഒന്നുമാത്രമാണു്.

മുസ്ലീംലീഗിനു ഭൂരിപക്ഷനയത്തിന്റെ പിന്തുണയുണ്ടെന്നുള്ള വാസ്തവം ഗ്രന്ഥകാരൻ നിഷേധിക്കുന്നില്ല. നേരെമറിച്ചു ഭൂരിപക്ഷം പറയുന്നതു ശരിയായിരിക്കണമെന്നില്ലെന്നു് മതഗ്രന്ഥങ്ങൾ ഉദ്ധരിച്ചു വാദിക്കുകയും ലീഗിന്റെ ഭൂരിപക്ഷം ജന്മികളും ധനവാന്മാരാണെന്നു തീരുമാനിക്കുകയും ചെയ്യുകയാണു് അദ്ദേഹം അവലംബിച്ചിരിക്കുന്ന മാർഗ്ഗം. “ഭൂരിപക്ഷം വിലപ്പെട്ടതല്ല” എന്ന ഒരു ഖണ്ഡികതന്നെയുണ്ടു് (പുറം 31). രാജ്യകാര്യങ്ങൾ നടത്താൻ പിന്നെയെന്തൊരു മാനദണ്ഡമാണാവോ അദ്ദേഹം ശുപാർശ ചെയ്യുന്നതു്? ലീഗിന്റെ നയം രൂപീകരിക്കുന്നതു ധനവാന്മാരാണെന്നു പറഞ്ഞാൽ അതു മനസ്സിലാക്കാമായിരുന്നു. മറ്റുപല സംഘടനകളുടെ അവസ്ഥയും അതുതന്നെയാണല്ലോ. എന്നാൽ, ലക്ഷോപലക്ഷം അംഗങ്ങളുള്ള ലീഗിന്റെ ഭൂരിപക്ഷവും ധനവാന്മാരാണെന്ന വാദം അച്ചടിക്കാൻ കടലാസ് ചെലവാക്കുന്നതു് (അതു പുനലൂർ കടലാസാണെങ്കിൽക്കൂടി) ജനങ്ങളോടു ചെയ്യുന്ന ഒരു പാതകമാണു്. മില്ലുടമസ്ഥസംഘവും ലേബർ ഓഫ് കൊമേഴ്സും ഒഴിച്ചു് അങ്ങനെ ഒരു സംഘടന ലോകത്തുണ്ടോ? ‘തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ ലീഗിൽ മെമ്പറന്മാരായി ചേർത്തു് അതിന്റെ വരിപ്പണം ഈ യജമാനന്മാർതന്നെ അടയ്ക്കുകയും ചെയ്യും’ (പുറം 13). ഇങ്ങനെ ചെയ്യുന്ന മറ്റു ചില സംഘടനകൾ അഹമ്മദാബാദിലും ബോംബെയിലും ഉള്ളതായി കേടിട്ടുണ്ടു്. ജനാബ് അബ്ദുൽലാ അത്തരം സംഘടനകൾ കണ്ണൂരെങ്കിലും ഉള്ളതായി കേട്ടിട്ടുണ്ടാവുമല്ലോ?

‘മതം അപകടത്തിൽ’ എന്ന മുദ്രാവാക്യം ലീഗ് ഉപയോഗിക്കുന്നുവെന്നതാണു് ജനാബ് അബ്ദുൽലായുടെ മറ്റൊരു ആരോപണം. അതുകൊണ്ടു് അദ്ദേഹം തീരുമാനിച്ചു അതിനു മറുമരുന്നായി മുഴുത്ത മതഭ്രാന്തുതന്നെ പ്രയോഗിക്കണമെന്നു്. ‘ഉഷ്ണം ഉഷ്ണേന ശാന്തി’ എന്നാണല്ലൊ ആപ്തവാക്യം. ‘മതമെന്നു കേൾക്കുമ്പോൾ മുമ്പും പിമ്പും നോക്കാതെ എന്തിനും ഒരുങ്ങി പുറപ്പെടാറുള്ള മുസ്ലീം സമുദായം’ (പുറം 1) മതത്തെ ബഹുമാനിക്കാത്ത ലീഗ് നേതൃത്വത്തെ അനുഗമിക്കരുതെന്നാണു ഗ്രന്ഥകാരന്റെ ഉദ്ബോധനം. മുസ്ലീങ്ങളുടെ ഇടയിലുള്ള ഷിയ, സുന്നി മുതലായ വിഭാഗങ്ങൾ തമ്മിൽ വൈരമുളവാക്കത്തക്കവിധത്തിലാണു ഗ്രന്ഥത്തിന്റെ ആദ്യഭാഗങ്ങൾ ഏഴുതപ്പെട്ടിരിക്കുന്നതു്. ഇങ്ങനെ മുസ്ലീങ്ങൾക്കു് അദ്ദേഹം വിധിക്കുന്ന ശിക്ഷയും മതപരമാണു്. ‘അന്യഥാ വ്യാഖ്യാനിച്ചു നരകക്കുണ്ടിൽ താവളമാക്കരുതെന്നും അവരെ ഉദ്ബോധിപ്പിച്ചുകൊള്ളുന്നു!’ ഒന്നാംതരം രാഷ്ട്രീയ്രപചരണം.

മറ്റൊരു തെറ്റും ലീഗുകാർക്കുണ്ടു്. മാമൂലിനെ ലംഘിച്ചു് പലതും അവർ ചെയ്യുന്നത്രെ. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി പടവെട്ടൂന്ന മുസ്ലീം വിപ്ലവകാരികളെല്ലാം നല്ല പഴമക്കാരുമാണു്. ‘ബ്ലെയിഡുകളെക്കൊണ്ടു മുഖത്തുനിന്നും ഇസ്ലാമിക അടയാളങ്ങൾ വടിച്ചുനീക്കി, അങ്ങനെ തങ്ങളുടെ രണ്ടു കവിൾത്തടങ്ങളെയും പാകിസ്ഥാൻ ആക്കിത്തീർക്കുകയും’ (പുറം 35) ചെയ്യുന്ന അവിശ്വാസികളാണു് ലീഗുകാർ. ഒന്നുമാത്രമേ മനസ്സിലാകാത്തതുള്ളൂ. ഗ്രന്ഥത്തിൽ സ്വന്തം ചിത്രം ചേർത്ത അവസരത്തിൽ മേലെഴുതിയ വാചകം ഗ്രന്ഥകാരൻ വിസ്മരിച്ചുപോയതെന്തുകൊണ്ടാണെന്നു്. ‘മി. ജിന്നയുടെ വ്യക്തിപരമായ കഴിവില്ലായ്മ അദ്ദേഹത്തിന്റെ ജീവിതചര്യകളിൽനിന്നും തെളിയുന്നു!’ (പുറം 38) ദേശീയ മുസ്ലീങ്ങളിൽ ഒരാൾ ഒരു ഹിന്ദുവനിതയെ വിവാഹംചെയ്തതു് ജനാബ് അബ്ദുൽലാ മറന്നുപോയി. പോരെങ്കിൽ ജിന്നാ തന്നെ നടത്തിയ സ്വന്തം വിവാഹമോ? അപ്പോൾ ക്രിസ്ത്യൻ വനിതയെ മുസ്ലീം വിവാഹം ചെയ്യുന്നതിൽ തെറ്റില്ല. മുസ്ലീം വനിതയെ ക്രിസ്ത്യൻ വിവാഹം ചെയ്യുന്നതാണു തെറ്റു്. ഇൻഡ്യയിലെ വർഗ്ഗീയകലാപത്തിന്റെ അടിസ്ഥാനം കണ്ടെത്തണമെങ്കിൽ ‘രാഷ്ട്രീയവാദങ്ങൾ’ ഉരുവിട്ടു പഠിക്കണം. ശാരദാ ബില്ലിനെ അനുകൂലിച്ചതും മറ്റൊരു തെറ്റാണു്. ശൈശവവിവാഹത്തെ തടയുന്നതിനെ എതിർക്കുന്ന മാന്യന്മാരുടെ സംഘമാണു് ദേശീയ മുസ്ലീം സംഘടനയെന്നു പറഞ്ഞാൽ ഒടുങ്ങാത്ത ‘ദ്രോഹ’ങ്ങളാണു് മി. ജിന്നായും ലീഗും ചെയ്തിരിക്കുന്നതു്. ചിലതു മാത്രം നോക്കുക. ‘മുസ്ലീം സ്ത്രീകൾക്കു് അന്യമതസ്ഥരായ ന്യായാധിപന്മാർ മുഖേന വിവാഹസംബന്ധം വേർപെടുത്തി പകരം മറ്റാരെയെങ്കിലും വിവാഹം ചെയ്യാവുന്നതാണു് (പുറം 129). 1929-ൽ സിവിൽ മാരിയേജ് ആക്ടു് സർവ്വശക്തിയുമുപയോഗിച്ചു പാസ്സാക്കി (പുറം 130). പെരുന്നാൾ ദിവസം പശുവിനെ അറുക്കുന്നതിനുപകരം വേറെ വല്ല മൃഗങ്ങളെയും അറുക്കുന്നതാണെന്നു് ഇവർ പ്രമേയം പാസ്സാക്കി (പുറം 143). വ്യഭിചാരിണിക്കും ശിക്ഷ നല്കേണ്ടതാണെന്നു് ആവശ്യപ്പെട്ടുകൊണ്ടു് ജനാബ് മുഹമ്മദ് അഹമ്മദ്സാഹിബ് കാസിമിയുടെ പ്രമേയം അസംബ്ലിയിൽ ആലോചനയ്ക്കു് ലീഗുകാരനായ സർ റാസാ ആലി അതിനെ എതിർക്കുകയും… (പുറം 143) സ്ത്രീകൾക്കു വിവാഹത്തിനു സ്വാതന്ത്ര്യം അനുവദിക്കുന്നതിനെ എതിർക്കുക, വ്യഭിചാരിണിയെ ശിക്ഷിക്കുക ഇതായിരിക്കാം ജനാബ് അബ്ദുൽലായുടെ വിശ്വാസപ്രമാണം: ചുരുക്കിപ്പറഞ്ഞാൽ ഈ പുസ്തകത്തിലെ വാദഗതി മുഴുവനും വർഗ്ഗീയമാണു്. ഇതു വായിക്കുന്നതുവരെ ലീഗ് ഇത്രമാത്രം പുരോഗമനവാദിയായ ഒരു സംഘടനയാണെന്നു് ഇതെഴുതുന്നയാൾക്കു ഗ്രഹിക്കുവാൻ കഴിയുന്നില്ല. കഴിഞ്ഞിരുന്നില്ല. ഇതെല്ലാം അടിച്ചുവിടാൻ മാതൃഭുമി പ്രസ്സുണ്ടായതാണു കേരളത്തിന്റെ നിർഭാഗ്യം. ‘മാതൃഭൂമി’യുടെ കൈ പലസ്ഥലങ്ങളിലും കാണാനുണ്ടു്. ഈയിടെയായി എന്തിനെയെങ്കിലും പുലഭ്യം പറയണമെങ്കിൽ കമ്മ്യൂണിസ്റ്റെന്നുകൂടി ചേർക്കണമെന്നൊരു നിയമമുണ്ടായിരുന്നല്ലോ. വെറും ‘കുറ്റക്കാരായിരിക്കുക’യെന്നുള്ളതാണു് (പുറം 7) മോസ്കോവിനെ സ്വർഗ്ഗമായും ലെനിനെ ‘ശദ്ദാദായും’ (പുറം 7) ആയി. വേണ്ടുവോളമായി. ലീഗും ഒറ്റയടിക്കുതന്നെ ചത്തു.

ഒന്നു് വളരെ വ്യക്തമായിട്ടു് ഈ പുസ്തകംകൊണ്ടു തെളിയുന്നുണ്ടു്. ഇന്ത്യയിലെ വർഗ്ഗീയകലാപങ്ങൾക്കു സാധാരണജനങ്ങൾക്കു് ഉത്തരവാദിത്വമില്ല. മറ്റേതോ ചില സമരങ്ങൾ മറയ്ക്കാൻവേണ്ടി, സാധാരണജനങ്ങൾ സംഘടിക്കാതിരിക്കാൻവേണ്ടി, ആരോ കുത്തിപ്പൊക്കിവിടുന്നതാണു് ഈ കലാപങ്ങൾ. അതു തടയുവാനുള്ള മാർഗ്ഗം പരിപൂർണ്ണമായ ജനാധിപത്യം മാത്രമാണു്. കുറ്റവാളികളെ നിഷ്കരുണം ശിക്ഷിക്കുകയും വേണം. അതോടുകൂടിത്തന്നെ മതഭ്രാന്തു് ഇളക്കിവിടുന്ന പ്രചാരകന്മാരെ സമുദായം പുറന്തള്ളണം. എന്തിനായാലും കത്തിയെടുക്കുന്ന മതം നശിക്കയല്ലാതെ ഗത്യന്തരമില്ല. സാമ്പത്തികവർഗ്ഗങ്ങൾ തമ്മിലുള്ള സമരത്തിൽക്കൂടിയല്ലാതെ മതവർഗ്ഗങ്ങൾ തമ്മിലുള്ള കലഹം അവസാനിക്കാൻ വഴികാണുന്നില്ല. ഉദാഹരണത്തിനു് യുറോപ്പിൽ പ്രോട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിലുള്ള സമരം തൊഴിലാളികളുടെ സമരത്തോടുകുടി അസ്തമിച്ചതു നോക്കുക.‘രാഷ്ട്രീയവാദങ്ങൾ’ അധികമാരും വായിക്കുമെന്നു തോന്നുന്നില്ല. പക്ഷേ, ഹിന്ദു മുസ്ലീം പ്രശ്നം എങ്ങനെ കോൺഗ്രസ്സ് ചരിത്രവുമായി കൂടിക്കുഴഞ്ഞുവെന്നു് അറിയേണ്ടവർക്കു് ഈ പുസ്തകം ഒരു മാർഗ്ഗദർശിയാണു്. ഇരുനൂറ്റിയിരുപത്തെട്ടു പുറങ്ങളുള്ള ഒരു ഗ്രന്ഥം ഒന്നേകാലുറുപ്പികയ്ക്കു് അച്ചടിച്ചു പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ പ്രസാധകരെ അഭിനന്ദിക്കേണ്ടതാണു്.

സാഹിത്യ പരിഷത്തു് 1947.

സി. ജെ. വിചാരവും വീക്ഷണവും 1985.

സി ജെ തോമസിന്റെ ലഘു ജീവചരിത്രം

Colophon

Title: Rashtreeyavadangal (ml: രാഷ്ടീയവാദങ്ങൾ).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-12-06.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Rashtreeyavadangal, സി ജെ തോമസ്, രാഷ്ടീയവാദങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 2, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Woman Reading, a painting by Édouard Manet (1832–1883). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.