സംസ്കാരത്തിന്റെ രംഗത്തെങ്കിലും ഈ ഉദ്യോഗസ്ഥ മേധാവിത്തം അവസാനിച്ചിരുന്നെങ്കിൽ എന്നു് പലപ്പോഴും ആശിച്ചിട്ടുണ്ടു്. അവർക്കു് ഭാരിച്ച തുകകൾ ശമ്പളം കൊടുക്കുന്നതിൽ എനിക്കു് എതിരഭിപ്രായമില്ല. പക്ഷേ, അവർ റേഡിയോസ്റ്റേഷനിൽനിന്നു് അമ്പതു് മൈലകലെയെങ്കിലും താമസിക്കണമെന്നേർപ്പാടു് ചെയ്താൽ മതി.
സകല സർക്കാരും, അതേതു് വേദത്തെ പിടിച്ചു സത്യംചെയ്യുന്നതായാലും സംസ്കാരത്തിന്റെ ശത്രുക്കളായിരിക്കും എന്ന വിശ്വാസക്കാരനാണു് ഞാൻ. അങ്ങനെയിരിക്കെ ഈ ലേഖനത്തിനെന്തു് പ്രസക്തിയാണുള്ളതെന്നു് ഞാൻ എന്നോടു ചോദിച്ചുപോകുന്നു. തർക്കശാസ്ത്രപരമായി നീതീകരിക്കാവുന്ന യാതൊരു മറുപടിയും എനിക്കു് ആ ചോദ്യത്തിനില്ല. പിന്നെ എഴുതുന്നതെന്തിനാണെന്നല്ലേ? അതിനു് രണ്ടു കാരണങ്ങളുണ്ടു്. ഒന്നു്, ജനാധിപത്യപരമായ ഭരണസമ്പ്രദായത്തിൽ കലയ്ക്കും സംസ്കാരത്തിനും കുറച്ചൊരു പൊറുതികിട്ടുമെന്നു് ഒരു നേരിയ ആശ എന്നിൽ അവശേഷിക്കുന്നതുകൊണ്ടു്. രണ്ടാമത്തെ കാരണം, പ്രയോജനത്തെ ലക്ഷ്യമാക്കിയുള്ളതല്ല. സാധാരണക്കാരന്റെ അജ്ഞതയും അശ്രദ്ധയും നമ്മുടെ സംസ്കാരത്തെ എത്രമാത്രം പുറകോട്ടു വലിക്കുന്നെന്നു് ചൂണ്ടിക്കാണിക്കുവാൻ. ഈ രണ്ടു കാരണങ്ങൾകൊണ്ടും തൃപ്തിപ്പെടാത്തവർ ഇതു് ഒരു അസംതൃപ്തന്റെ ജല്പനങ്ങളായി കണക്കാക്കിയാൽ മതി.
നമ്മുടേതുപോലെയുള്ള ഒരു രാജ്യത്തു് അധികാരവും ധനവും മാത്രമല്ല സർക്കാരിന്റെ കുത്തകയായിരിക്കുന്നതു്. വാക്കുകളുടെ ഉച്ചാരണവും സംഗീതത്തിന്റെ ശ്രുതിയും ഭരണാധികാരിയുടെ തറവാട്ടു മുതലാണു്. സിവിൽലിസ്റ്റിലെ നിലവാരമനുസരിച്ചാണു് അഭിപ്രായങ്ങൾ വിലമതിക്കപ്പെടുന്നതു്. ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമെടുക്കാം.
അഖിലേന്ത്യാ റേഡിയോയുടെ ലക്ഷ്യം നമ്മുടെയൊക്കെ സംസ്കാരം പൊക്കുകയാണെന്നാണു് വെയ്പു്. അതിനുവേണ്ടി ഈ പാവപ്പെട്ട രാജ്യത്തു് റേഡിയോ വാങ്ങിക്കുന്ന നിർഭാഗ്യവാന്മാരുടെയടുത്തുനിന്നു് ഒരു വലിയ തുക പിരിച്ചെടുക്കുന്നുണ്ടു്[1]. ഒരൊറ്റ അക്ഷരം എങ്കിലും നല്ലതു പറയാൻ ഇല്ലാത്ത ഒരു കറക്കുകമ്പനിയാണിതു്. ഉയർന്ന സ്ഥാനങ്ങളിൽ കയറിപ്പറ്റി പ്രമാണികളുടെ ശ്വശുരവിഡ്ഢികൾക്കു് സുഖമുള്ള ആസനങ്ങൾ സൃഷ്ടിക്കുകയല്ലാതെ ഇതുകൊണ്ടു് യാതൊന്നും ഇന്നുവരെ സാധിച്ചിട്ടില്ല. ആ ഡിപ്പാർട്ടുമെന്റിന്റെ പ്രവർത്തനങ്ങൾ ഒന്നൊന്നായി എടുത്തുനോക്കാം. അവരുടെ വർത്തമാനപ്രക്ഷേപണങ്ങളെക്കാൾ ഭേദമായിട്ടാണു് നമ്മുടെ അരയന്ന പത്രങ്ങൾ ന്യൂസ് കൊടുക്കുന്നതു്. അതു് എഴുതുന്നതു് (മലയാളത്തെ സംബന്ധിച്ചു) ‘റേഡിയോ’ എന്നൊരു പുതിയ ഭാഷയിലാണു്, വായിക്കുന്നതു് ‘റേഡിയോ’രാഗത്തിലും. സംഗീതമാണു് നമ്മുടെ റേഡിയോയുടെ പ്രധാനതൊഴിൽ. അതു നന്നാകാൻ വളരെ ന്യായമുണ്ടു്. പാറപ്പുറത്തു് ചിരട്ടയിട്ടുരക്കുന്നതുപോലെയുള്ള ശബ്ദത്തിൽ ചില തെന്നിന്ത്യക്കാർ (ശാസ്ത്രീയമായിട്ടാണത്രേ) ഞരങ്ങുന്നതു മാത്രമാണു് സംഗീതം! ഫിലിമിലെ പാട്ടു വേണമെന്നല്ല ഞാൻ പറയുന്നതു്. പക്ഷേ, ഈ ഭാഗവതരന്മാർ മാതമല്ല, സംഗീതം എന്നുമാത്രം. പാശ്ചാത്യസംഗീത ഉപകരണങ്ങൾ മുഴുവനും എടുത്തുകളയണമെന്ന ആജ്ഞയും ഓർക്കസ്ട്രായ്ക്കു പകരം ‘വാദ്യവൃന്ദ’പ്രയോഗവും കൂടിയായപ്പോൾ കാര്യം കേമമായി. ഡൽഹിയിലെ രാജകീയവിരുന്നുകൾക്കു് സാമ്പാറും ചുക്കുവെള്ളവും മാത്രമാകുന്ന കാലം അതിവിദൂരമല്ലെന്നു തോന്നുന്നു. ഏതായാലും ഒരാശ്വാസമുണ്ടു്, ഈ ഭാഗവതരന്മാർക്കെങ്കിലും കുറെ പണം കൊടുക്കുന്നുണ്ടല്ലോ. നാടോടിപ്പാട്ടാണു് മറ്റൊരിനം. ഇതു് ഉണ്ടാക്കേണ്ടതു് ദിവസക്കൂലിക്കു് പണിയെടുക്കുന്ന ഒരു വർഗ്ഗമാണു്. പട്ടിണി ശമ്പളവും തീരാത്ത ജോലിയുമായി കഴിയുന്ന ഈ സാധുമനുഷ്യർ (അവർക്കു് കലാകാരന്മാർ എന്ന അധിക്ഷേപപ്പേരും ഔദ്യോഗികമായി നല്കിയിട്ടുണ്ടു്).
ഓരോരോ രാഷ്ട്രീകസേരകളിൽ നിന്നു് പുറംതള്ളപ്പെട്ട വസ്തുക്കളെ വൈസ്ചാൻസലറന്മാരായി നിയമിക്കുക, നാട്ടിലെ പ്രധാന വക്കീലന്മാരെ പഠനവിഭാഗങ്ങളുടെ സർവ്വാധികാരിയാക്കുക, അമ്പതോ, നൂറോ വർഷംമുമ്പു് വേണ്ടിയിരുന്ന പാഠ്യപദ്ധതികൾ നിലനിറുത്തുക—എന്തിനു് പറയുന്നു, നമുക്കു് യൂണിവേഴ്സിറ്റികൾ ചെയ്യുന്ന സേവനം പരിശോധിക്കാതിരിക്കുകയാണു് ഭേദം.
ഇല്ലായിരുന്നെങ്കിൽ നമ്മുടെ റേഡിയോ സ്റ്റേഷനുകളിൽനിന്നു് എന്തു സാധനമാണു് പുറത്തുവരിക എന്നു ഞാൻ സംശയിച്ചിട്ടുണ്ടു്. ഇവരിൽ പലരും കഴിവുള്ളവരാണു്. പക്ഷേ, ജോലി കൂടുതലും സൗകര്യക്കുറവുംകൊണ്ടു് അവരുടെ സൃഷ്ടികൾ രണ്ടാംതരമായിത്തീരുകയാണു്. നാടകമാണു് മറ്റൊരിനം. കുറെ ഞരങ്ങുകയും മൂളുകയും കിതയ്ക്കുകയും ചെയ്താൽ റേഡിയോ നാടകമായി എന്നാണവരുടെ പക്ഷം. അങ്ങനെയാണു് (ഒരു മണിക്കൂർ നേരത്തേയ്ക്കു്) എഴുതിയുണ്ടാക്കിയാൽ ഉറുപ്പിക നാല്പത്തഞ്ചു്! പിന്നെ ചില ‘ഫീസ്’ ഉണ്ടു്. കപ്പ (മരച്ചീനി) വേവിക്കുന്നതെങ്ങനെ, പച്ചവെള്ളം കുടിക്കുന്നതെങ്ങനെ, മുതലായ വിഷയങ്ങളെപ്പറ്റി. ഇങ്ങനെ പറഞ്ഞുപോയാൽ ഒരവസാനമില്ല. സംസ്കാരത്തിന്റെ രംഗത്തെങ്കിലും ഈ ഉദ്യോഗസ്ഥ മേധാവിത്തം അവസാനിച്ചിരുന്നെങ്കിൽ എന്നു് പലപ്പോഴും ആശിച്ചിട്ടുണ്ടു്. അവർക്കു് ഭാരിച്ച തുകകൾ ശമ്പളം കൊടുക്കുന്നതിൽ എനിക്കു് എതിരഭിപ്രായമില്ല. പക്ഷേ, അവർ റേഡിയോസ്റ്റേഷനിൽനിന്നു് അമ്പതു് മൈലകലെയെങ്കിലും താമസിക്കണമെന്നേർപ്പാടു് ചെയ്താൽ മതി. അതതു് നാട്ടിലെ ഭാഷയറിയാവുന്നയാളെ ഡയറക്ടറായി നിയമിച്ചുകൂടാ എന്നു നിയമമുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ, അതതു് നാട്ടിൽ എന്തെങ്കിലും കലയിൽ പ്രാവീണ്യമുള്ളവരെ റേഡിയോ സ്റ്റേഷനകത്തു കടത്തരുതെന്നു് ഭരണഘടനയിൽ ഉണ്ടെന്നാണു് എന്റെ ബലമായ സംശയം. അഥവാ, അങ്ങനെ പറ്റിപ്പോയാൽ (പ്രത്യേകിച്ചും സാഹിത്യകാരന്മാർ) അണ്ടർഗ്രൗണ്ടാകണമെന്നു നിയമമുണ്ടു്. കേശവദേവ് തൊണ്ണൂറുരൂപാ ശമ്പളത്തിനു റേഡിയോയുടെ എഴുത്തുകാരനായാൽ പിന്നെ അദ്ദേഹം അപക്ഷേപിക്കുന്നതോ എഴുതുന്നതോ യാതൊന്നും സ്വന്തം പേരിലായിക്കൂടത്രെ. അതെ, ഇവരൊക്കെ റേഡിയോയിലുണ്ടെന്നു വരുന്നതു് റേഡിയോയ്ക്കു് മാനക്കേടാണു്. ഓരോന്നിലുമുണ്ടല്ലോ, അതിന്റെതായ ഒരു പേരും പാരമ്പര്യവും. ഇതൊന്നും പറഞ്ഞിട്ടു വലിയ പ്രയോജനമില്ലെന്നു് എനിക്കറിയാം. പക്ഷേ, നമ്മുടെ കൈയിൽനിന്നു് ബലമായി പിരിക്കുന്ന നികുതിയിൽ ഒരു പങ്കെങ്കിലും സിലോൺ, ഗോവ എന്നീ റേഡിയോസ്റ്റേഷനുകൾക്കു് നല്കിക്കൂടേ? അവരുടേതാണല്ലോ നാം സാധാരണ കേൾക്കാറുള്ളതു്.
[1] അക്കാലത്തു് റേഡിയോയ്ക്കു് ലൈസൻസ് എടുക്കണമായിരുന്നു. പോസ്റ്റ് ഓഫീസായിരുന്നു ലൈസൻസ് നല്കിയിരുന്നതു്—സായാഹ്ന.
മറ്റൊന്നു് വിദ്യാഭ്യാസരംഗമാണു്. ഉപരിപഠനത്തിനായി നല്ല ഒരു സംഖ്യ ചെലവാക്കുന്നുണ്ടെന്നാണു് സർക്കാർ അഭിമാനിക്കുന്നതു്. ഉദ്യോഗക്കയറ്റത്തിനല്ലാതെ ഈ അവസരം പ്രയോജനപ്പെട്ടിട്ടുള്ള എത്ര ഉദാഹരണങ്ങൾ നമുക്കു കാണാൻ കഴിയും. ഓരോരോ രാഷ്ട്രീകസേരകളിൽ നിന്നു് പുറംതള്ളപ്പെട്ട വസ്തുക്കളെ വൈസ്ചാൻസലറന്മാരായി നിയമിക്കുക, നാട്ടിലെ പ്രധാന വക്കീലന്മാരെ പഠനവിഭാഗങ്ങളുടെ സർവ്വാധികാരിയാക്കുക, അമ്പതോ, നൂറോ വർഷംമുമ്പു് വേണ്ടിയിരുന്ന പാഠ്യപദ്ധതികൾ നിലനിറുത്തുക—എന്തിനു് പറയുന്നു, നമുക്കു് യൂണിവേഴ്സിറ്റികൾ ചെയ്യുന്ന സേവനം പരിശോധിക്കാതിരിക്കുകയാണു് ഭേദം.
വിദേശത്തുള്ള ഉപരിപഠനം, സർക്കാർ ചലച്ചിത്രം, സെൻസർബോർഡുകൾ മുതലായ നമ്മുടെ സംസ്കാരത്തെപ്രതി ഭരണവർഗ്ഗം ചെയ്യുന്ന ഓരോന്നിനെയും എടുത്തുനോക്കിയാൽ കാണുന്നതു് ഒരൊറ്റ കാര്യം മാത്രമാണു്. ഒരു ജനതയുടെ സംസ്കാരം നശിക്കും, ആ ജനതയും നശിക്കും.

ഇൻഡ്യയിലെ പ്രധാനമന്ത്രി ഒരു സാഹിത്യകാരനാണു്. വിദ്യാഭ്യാസമന്ത്രി ഒരു പണ്ഡിതനാണു്. പാർലമെന്റിൽ കലാകാരന്മാർക്കു പ്രാതിനിധ്യവുമുണ്ടു്. എന്നിട്ടും, ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നാണു് അത്ഭുതം. സിംഹാസനങ്ങളുടെ ചൂടു് മനുഷ്യരെ അന്ധരാക്കുമായിരിക്കാം. ആരറിഞ്ഞു! കാരണമതല്ലെങ്കിൽ പിന്നെ അശ്രദ്ധയാണു്. രാഷ്ട്രീയചതുരംഗക്കളിയോടു തട്ടിച്ചുനോക്കുമ്പോൾ സംസ്കാരം ഒരു അപ്രധാനകാര്യമായിത്തീരുന്നുണ്ടായിരിക്കാം. ഈ അശ്രദ്ധയെ പരിഹരിക്കാൻ മാർഗ്ഗമുണ്ടോ? എനിക്കൊരു മാർഗ്ഗവും കാണാൻ കഴിയുന്നില്ല. ഉദ്യോഗസ്ഥന്മാർ മുകളിലുള്ള ഉദ്യോഗങ്ങളിലേക്കും, ജനപ്രതിനിധികൾ മന്ത്രിക്കസേരകളിലേക്കും കേന്ദ്രീകരിച്ചിരിക്കുമ്പോൾ ആരാണു് റേഡിയോ നന്നാക്കാൻ ഇറങ്ങിത്തിരിക്കുക? ഈ പ്രമാണികൾ വിചാരിച്ചാലല്ലാതെ ഇതു് നന്നാകയുമില്ല. അവർക്കാണെങ്കിൽ അനുമോദനയോഗങ്ങളും ശിലാസ്ഥാപനങ്ങളും കഴിഞ്ഞു് ഒന്നിനും സമയമില്ല. അവർ കേൾക്കുന്നില്ല. പിന്നെ റേഡിയോ എങ്ങനെയിരിക്കുന്നുവെന്നു് എങ്ങനെയറിയും? അവർ വായന നിറുത്തിയിട്ടു് കാലം കുറെയായി; പിന്നെ പുസ്തകമെഴുത്തു് എവിടെക്കിടന്നാലെന്താണു്. ഞാൻ ഈ ലേഖനം എഴുതുന്നതു് ബി. ബി. സി.-യുടെ ‘ലിസനറി’ന്റെ പുറത്തുവെച്ചാണു്. ലോകത്തിലേക്കും നല്ല ഈ വാരിക ഇവിടെ മൂന്നണയ്ക്കു്…

തെറ്റി. എനിക്കു് പിന്നെയും തെറ്റി. ഞാൻ സ്വപ്നം കാണുകയാണു്. പോസ്റ്റ്കവറിനു രണ്ടണയാക്കി, ടെലഫോണിനു് വാക്കെണ്ണി പണംപിടുങ്ങി, ഹിന്ദി പഠിപ്പിക്കാൻ ചെലവാക്കുന്ന ഒരു സർക്കാർ, പുസ്തകമച്ചടിക്കാനുള്ള വെള്ളക്കടലാസിനു് ചുങ്കം വർദ്ധിപ്പിക്കുകയല്ലാതെ സംസ്കാരത്തിനെന്തുചെയ്യുമെന്നു് പ്രതീക്ഷിക്കണം?
പൂനാ മലയാളി 1950.
അന്വേഷണങ്ങൾ 2004.