ഓരോന്നിനും ഓരോ ഉപന്യാസം അർഹിക്കുന്ന ആറു ചെറുകഥകൾ ഒരുമിച്ചു ചേർത്തതാണു് ‘വിഡ്ഢികളുടെ സ്വർഗ്ഗം’. വിവിധ വിഷയങ്ങളെപ്പറ്റിയാണു് അവ പ്രതിപാദിക്കുന്നതു്. എങ്കിലും അവയ്ക്കെല്ലാം പൊതുവായി ഒരു സവിശേഷതയുണ്ടു്. അതു ശ്രീ. ബഷീറിന്റെ സ്വന്തമായ വീക്ഷണഗതിയാണു്. ‘സ്വന്തമായ’ എന്നു പറയാൻ കാരണമുണ്ടു്. ഇന്നുവരെ അനേകം പേർ ലോകത്തിൽ ജീവിച്ചിട്ടുണ്ടു്: ചിന്തിച്ചിട്ടുണ്ടു്. അതിൽ കുറെയൊക്കെ ശ്രീ. ബഷീർ മനസ്സിലാക്കുകയും ചെയ്തു. എങ്കിലും, അതിൽ ഏതിന്റെയെങ്കിലും ഒരു കാർബൺ പതിപ്പു് വിഴുങ്ങുന്നതുകൊണ്ടു മാത്രം തൃപ്തിപ്പെടുന്ന ഒരു സ്വഭാവമല്ല ബഷീറിനുള്ളതു്. ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ, സ്വന്തം അനുഭവങ്ങൾ മറ്റുള്ളവരുടെ ചിന്താഗതിയോടു തട്ടിച്ചുനോക്കിയിട്ടു് ലഭിക്കുന്ന ഒരു അനുമാനം മാത്രമേ ബഷീറിനു സ്വീകാര്യമാവൂ. അതൊന്നും ഒരു പുതിയ തത്ത്വശാസ്ത്രമാണെന്നു് ബഷീറിനു ഭാവവുമില്ല. അതുകൊണ്ടാണു് വീക്ഷണഗതി എന്നു പറയാനിടയായതു്. ഈ ചിന്താഗതിയുടെ അടിസ്ഥാനക്കല്ലു് വ്യക്തികള്‍ക്കുണ്ടായിരിക്കേണ്ട ഉത്തരവാദബോധമാണു്. വ്യക്തി എന്നവാക്കു കേൾക്കുമ്പോഴേക്കും വിറളി പിടിക്കുന്നവർ ഇപ്പോൾ ബഷീറിന്റെ നേരേ വിരല്‍ ചൂണ്ടും. ‘കണ്ടോ ഞാൻ പറഞ്ഞില്ലേ?’ എന്ന സർവ്വജ്ഞഭാവത്തിൽ ചോദിക്കുകയും ചെയ്യും. ആ ബഹളത്തിന്റെയെല്ലാം സംഗ്രഹം ഇതാണു്; ബഷീർ സമുദായഘടനയെകാണാത്ത ഒരു ഇൻഡിവിഡ്വലിസ്റ്റാണു്. സാമൂഹ്യഘടനയ്ക്കു വ്യക്തികളുടെ സ്വഭാവരൂപീകരണത്തിൽ ഉള്ള പങ്കു്: അദ്ദേഹം അറിയായ്കയല്ല; അംഗീകരിക്കായ്കയുമല്ല. എന്നാൽ, സ്വന്തമായി വ്യക്തിയായ മനുഷ്യൻ കാണിച്ചുകൂട്ടുന്ന തെറ്റുകൾക്കെല്ലാം സാമൂഹ്യഘടനയുടെമേൽ ഉത്തരവാദിത്വം വെച്ചുകെട്ടുന്ന ഏർപ്പാടു് അദ്ദേഹം വെറുക്കുന്നുവെന്നു മാത്രം. സാമൂഹ്യഘടന മാറാതെതന്നെ, ഇന്നത്തെ മനുഷ്യൻ കുറേക്കൂടി ഹൃദയാലുത്വത്തോടുകൂടി പ്രവർത്തിച്ചാൽ, ലോകം കുറേക്കൂടി സഹനീയമായിത്തീരും എന്നു ബഷീർ വിശ്വസിക്കുന്നു. അനേകമായ അദ്ദേഹത്തിന്റെ അനുഭവങ്ങൾ അദ്ദേഹത്തെ അതാണു് പഠിപ്പിച്ചതു്. 1931-ലെ നിയമലംഘന പ്രസ്ഥാനവും, രക്തലേഖനക്കേസും, തിരുവിതാംകൂർ സമരവും എല്ലാം കഴിഞ്ഞു്, അധികാരത്തിൽ കയറിയ കോൺഗ്രസ്സുകാരനേയും മാക്സിം ഗോർക്കിയെ പിടിച്ചാണയിട്ടു് കേശവദേവിനെ വഞ്ചകൻ എന്നു വിളിക്കുന്ന കമ്മ്യൂണിസ്റ്റിനേയും കാണുമ്പോൾ ബഷീറിനു തോന്നിപ്പോകയാണു്, മനുഷ്യൻ വ്യക്തിയായിട്ടുകൂടി അല്പമൊന്നു നന്നായേ തീരു എന്നു്. ഈ വീക്ഷണമാണു് ‘വിഡ്ഢികളുടെസ്വർഗ്ഗ’ത്തിന്റെ പുറകിൽ ഉള്ളതു്. നിങ്ങൾ അതിനെ ഒരു മതഭ്രാന്തെന്നു വേണമെങ്കിൽ വിളിച്ചുകൊള്ളു. ബഷീർ അത്തരം പദക്കസർത്തുകളിൽ വിശ്വസിക്കുന്നില്ല. വിവരമില്ലാത്തവൻ അഭിപ്രായം പറയുന്നതു കേട്ടാൽ ക്ഷോഭിക്കാതിരിക്കാൻ മാത്രം ബഷീർ പാകംവന്നിട്ടുണ്ടു്. തന്റെ ചുറ്റുമുള്ളവരിൽ ഒരു നല്ല പങ്കു് വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണു് ജീവിക്കുന്നതെന്നും അദ്ദേഹത്തിന്നഭിപ്രായമുണ്ടു്. വിഡ്ഢികളുടെ സ്വർഗ്ഗമെന്ന ആ കഥയിലെ സ്നേഹിതന്മാരെ നോക്കുക. അവിവാഹിതന്മാരുടെ ഏതു ലോഡ്ജിലും കാണാൻ കഴിയും അത്തരം തത്ത വളർത്തുകാരെ. അവർ സൃഷ്ടിക്കാത്തതോ അവർ വിശ്വസിക്കാത്തതോ ആയ ഒരു സദാചാരസ്വർഗ്ഗത്തിലാണവർ ജീവിക്കുന്നതു്. ആഗ്രഹങ്ങളെ ഒതുക്കി കപടവേഷവുമണിഞ്ഞു് അങ്ങിനെ ആചാരപ്പാവകളായി കഴിയുകയാണവർ. മറുവശവും ബഷീറിനെ ആകർഷിക്കുന്നില്ല. ബഷീറിന്റെ നായകൻ ആ പാഴ്ക്കുടിലിൽനിന്നു് ഓടുകയാണു്. ശ്രീ. പൊൻകുന്നത്തിന്റെ കഥാപാത്രത്തെപ്പോലെ രോഗം ഭയപ്പെട്ടല്ല; ആ വിളറിയ പിഞ്ചുപൈതങ്ങളുടെ കാഴ്ച കണ്ടു ഹൃദയം നൊന്തിട്ടു്. ഈ രണ്ടു അനുഭവങ്ങൾകൊണ്ടു ബഷീറിനു ഒന്നു പറയാനുണ്ടു്. ഇന്നു ലൈംഗിക സദാചാരത്തെപ്പറ്റിയുള്ള രണ്ടു ചിന്താഗതികളും അതിനെ പ്രേതത്തെപ്പോലെ ഭയപ്പെട്ടു വികാരങ്ങൾ അമർത്തുന്ന മഠത്തിലെ ഏർപ്പാടും, അതിനെ വെറും മൃഗീയഭോഗലോലുപതയായി തരംതാഴ്ത്തുന്നതും തെറ്റാണെന്നു്. അഥവാ ഈ വിഷയത്തിൽ നാം ഒരു വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണു് കഴിയുന്നതെന്നു്.
രണ്ടാമത്തെ കഥയായ ‘പൂവമ്പഴം’ ശക്തിയായ ആക്ഷേപത്തെ ക്ഷണിച്ചുവരുത്തുന്ന ഒന്നാണു്. ബഷീറിനെ പിന്തിരിപ്പൻ മുദ്രയടിച്ചേ അടങ്ങു എന്നു് വ്രതമെടുത്തിട്ടുള്ളവരുണ്ടെങ്കിൽ ഇതാ ഒരു കരുകൂടി. ബഷീർ സ്ത്രീയെ അധിക്ഷേപിക്കുന്നു. അബ്ദുൽ കാദർ സാഹിബ് അല്പം ബലപ്രയോഗം ചെയ്യുമ്പോൾ മാത്രമേ ജമീലബീബി ചാപല്യങ്ങൾ കളഞ്ഞു് ഒരു ഭാര്യയായിത്തീരുന്നുള്ളു. മാസോക്കിസത്തിന്റെ ഒരുദാഹരണമായിട്ടും മറ്റും ശ്രീ. ബഷീർ ഈകഥ ഉദ്ദേശിച്ചിട്ടുണ്ടെന്നു് എനിക്കു് തോന്നുന്നില്ല. സ്ത്രീയും പുരുഷനും സമമായിരിക്കുന്നതിൽ ബഷീറിനു് വിരോധമില്ല. പക്ഷേ, ഇന്നു്, യുഗയുഗാന്തരങ്ങളായിട്ടുള്ള പുരുഷമേധാവിത്വത്തിന്റെ ഫലമായി സ്ത്രീയുടെ തലയിൽ നിലാവു് മാത്രമാണു് ഉള്ളതു്. ജമീലബീബി ഒരു ‘സൊസൈറ്റി ലേഡി’യാണു്. മറ്റു സൊസൈറ്റി ലേഡികളെപ്പോലെ അവരും ഒരു ചിത്രശലഭമാണു്. അവർക്കു് ഒരു പരിവർത്തനം വരുത്തുവാനുള്ള കഷായമാണു് ബഷീറും അബ്ദുൽ കാദർ സാഹിബും കൂടി കൊടുക്കുന്നതു്. അതിൽ നാം തലയിടേണ്ട. ഏതു വിവാഹത്തിലും അത്തരമൊരു ചെറിയ സമരം ഒളിഞ്ഞുകിടപ്പുണ്ടു്. രണ്ടു വ്യക്തികളുടെ വ്യക്തിത്വം തമ്മിൽ അലിഞ്ഞു ചേരുന്നതിനുമുമ്പായി നടക്കേണ്ട ഒരു സംഘട്ടനമാണിതു്. അതു കഴിഞ്ഞു് അവർ വിവാഹമോചനം നടത്തിയെന്നോ ആരെങ്കിലും മറ്റേയാളിന്റെ അടിമയായിത്തീർന്നുവെന്നോ അല്ല ബഷീർ പറയുന്നതു്; ജമീലബീബി അഞ്ചെട്ടു പെറ്റുവെന്നാണു്. ചുരുക്കിപ്പറഞ്ഞാൽ, അവളുടെ പണത്തിലും യത്നത്തിലും ഭ്രമിച്ച ഒരു ‘തുപ്പലുവിഴുങ്ങി’യെയായിരുന്നില്ല ജമീലബിബിക്കാവശ്യം. അവളെ പിടിച്ചടക്കാൻ കഴിവുള്ള, തന്റേടമുള്ള ഒരു ഭർത്താവിനെയായിരുന്നു. അങ്ങിനെ അവർ രണ്ടുപേരുടേയും വ്യക്തിത്വം പൂർണ്ണത പ്രാപിച്ചുകൊണ്ടു് തന്നെ അവർ യോജിച്ചു. അങ്ങിനെ ‘ശുഭ’മെഴുതുകയും ചെയ്തു.
ഈ ലക്ഷ്യത്തോടുകൂടിത്തന്നെയാണു് ‘ആദ്യത്തെ ചുംബന’മെന്ന കഥയും എഴുതിയിട്ടുള്ളതു്. ജീവിതം സുഖകരമാകണമെങ്കിൽ ചില വിശ്വാസങ്ങളെല്ലാം വേണം. പല വാലുപോയ കുറുക്കന്മാരും ലോകത്തുള്ള പെണ്ണുങ്ങളെല്ലാം വേശ്യകളാണെന്നു് (സ്വന്തം ഭാര്യയൊഴിച്ചു്) സ്ഥാപിക്കാൻ ഫ്രയിഡിനെയോ മറ്റോ തേടിപ്പോകുന്നതു് കാണാം. ഫിസിക്സ്, കെമിസ്ട്രി മുതലായ ശാസ്ത്രങ്ങളും വെളിച്ചത്തിൽ നോക്കിയാൽ ഒരു ചുംബനത്തിലെന്താണുള്ളതു് ഇത്ര നിരർത്ഥകമായിട്ടും കോടാനുകോടി മനുഷ്യർ അതിനുവേണ്ടി എന്തപമാനവും സഹിക്കാൻ തയ്യാറാകുന്നുണ്ടു്. അപ്പോൾ അതിലെന്തോ ഒരു സുഖമുണ്ടായിരിക്കണം. അങ്ങിനെ, ലഭിച്ച ഒന്നു് പ്രഥമമല്ല, ദ്വിതീയമാണു് എന്നു് സ്ഥാപിക്കുന്നതുകൊണ്ടു് അയാൾക്കോ ലോകത്തിനോ എന്തു പ്രയോജനമാണുണ്ടാകുന്നതു്? അപവാദം “മുഴുവൻ സമയ പ്രവർത്തനമാക്കി”ക്കൊണ്ടു നടക്കുന്നവരെ ഒന്നു് മുഖത്തു തൊഴിച്ചുവിടുകയാണു് ശ്രീ. ബഷീർ ഈ കഥകൊണ്ടു് ചെയ്യുന്നതു്.
താനും രക്തലേഖനക്കേസിലെ പ്രതിയാണെന്നു സ്ഥാപിച്ചു് രണ്ടേക്കർ വനം യാതനയ്ക്കു് പ്രതിഫലമായി പറ്റാൻ വേണ്ടിയല്ല ബഷീർ ആ കടൽപുറത്തെ കഥ എഴുതിയിരിക്കുന്നതു്. പ്രേതകഥകളോടുള്ള മമതകൊണ്ടുമല്ല. അതിവിരുദ്ധമെന്നു് കരുതപ്പെടുന്ന രണ്ടു വികാരങ്ങൾ കാമവും രാഷ്ട്രീയബോധവും, ഒരേ ഹൃദയത്തിന്റെ കോളിളക്കത്തിൽനിന്നു് ഒരു സമയത്തു് കൂട്ടിക്കുഴഞ്ഞു് പുറത്തുവരുന്നതാണെന്നു് ആ കഥയിൽനിന്നു് കാണാം. മനുഷ്യമനസ്സിന്റെ ഗൂഢപ്രവർത്തനങ്ങളിലേയ്ക്കു് ഒന്നെത്തിച്ചുനോക്കാനുള്ള ഒരു പരിശ്രമമാണു് ഈ കഥയിൽ കാണുന്നതു്. ആ സമുദ്രത്തിൽ നിന്നു കയറിവന്ന സ്ത്രീരൂപത്തെപോലെ ഒരു വ്യാമോഹമാണു് രാഷ്ട്രീയപരിപാടികൾ എന്നു് ബഷറിനു് തോന്നിയിട്ടുണ്ടെങ്കിലും അത്ഭുതപ്പെടേണ്ട. അനുഭവങ്ങൾ അത്രയധികം വേദനാകരമായിരുന്നിട്ടുണ്ടു്.
അവസാനത്തെ രണ്ടു കഥകളും വ്യക്തികളുടെ ചിത്രീകരണങ്ങളാണു്. ഓരോന്നിലും ഈ രണ്ടു വ്യക്തികളുണ്ടു്. ധീരനും സത്യസന്ധനുമായ ഒരു രാഷ്ട്രീയപ്രവർത്തകന്റെ കാല്പാടു് ബഷീറിന്റെ മുമ്പിൽ തെളിഞ്ഞുമിന്നുകയാണു്. ആ രാഷ്ട്രീയപ്രവർത്തകനു് രാഷ്ട്രീയകാര്യം ഒരു ചാണക്യസൂത്രമല്ല, ഒരു ആദർശമാണു്. അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോൾ ബഷീർ ആ കാല്പാടിനു രൂപംകൊടുത്തുവെന്നു മാത്രം. ഒഴിഞ്ഞ വീട്ടിൽ താമസിക്കുന്ന ആ അസ്ഥിപഞ്ജരം ബഷീറാണെന്നു തോന്നുന്നു. ജീവിച്ചിരിക്കുന്ന കാലത്തു് അരിക്കുവേണ്ടി പുസ്തകക്കച്ചവടക്കാരനായിത്തീരുന്ന കലാകാരൻ. മരണാനന്തരം ലഭിക്കുന്ന സ്മാരകങ്ങളെപ്പറ്റി ബഷീറിനു ബഹുമാനമില്ല. പച്ചച്ചിരിക്കാരായ ആരാധകന്മാരേയും അദ്ദേഹത്തിനു പൊറുത്തുകൂടാ. അവർക്കുവേണ്ടിയാണു് ആ ചുവന്ന അക്ഷരങ്ങളിൽ അപേക്ഷ എഴുതിവെച്ചിരിക്കുന്നതു്. ആ കലാകാരന്‍ മനുഷ്യരെ സ്നേഹിക്കുന്നുണ്ടു്. പക്ഷേ, വളരെ അധികംനേരം അവരെ കണ്ടുകൂടാ. ആ കാപട്യവും, ക്രൂരതയും, ഇനി എല്ലാം അദ്ദേഹത്തെ ക്ഷോഭിപ്പിക്കും. ഉടനെ അദ്ദേഹം ഓടുകയായി, ഏകാന്തതയന്വേഷിച്ചു്. അങ്ങിനെ കുറെനേരം കഴിയുമ്പോൾ പിന്നീടും ക്ഷമാശക്തിയുണ്ടാവും. അല്ലെങ്കിൽ, മനുഷ്യവിദ്വേഷിയായിത്തീരും. ആ അസ്ഥിപഞ്ജരം ബഷിറിനുവേണ്ടി നിങ്ങളോടു് അഭ്യർത്ഥിക്കുകയാണു്, ‘എന്റെ കഴിവനുസരിച്ചു് ഞാൻ നിങ്ങൾക്കു വേണ്ടി പ്രവർത്തിക്കാം, ഞാൻ നിങ്ങളെ ഉപദ്രവിക്കുകയില്ല, എന്നെ വെറുതേ ഉപദ്രവിക്കരുതേ.’ ഒരു കലാകാരൻ സ്വന്തം മേൽവിലാസമുണ്ടായിക്കൂടാ എന്നു വിധിക്കുന്നവർ ഇതിനോടും പ്രതിഷേധിച്ചേക്കും. അതുകൊണ്ടെന്തു്? പട്ടി കുരച്ചാലും യാത്രാസംഘം കടന്നുപോകും. വായിച്ചേ തീരു എന്നു തീർത്തുപറയേണ്ട ഒരു കഥാസമാഹാരമാണു് വിഡ്ഢികളുടെ സ്വർഗ്ഗം, അതു ബഷീറിനെ വിമർശിക്കാനാണെങ്കിൽകൂടി. പറയുന്നതെന്താണെന്നു മനസ്സിലാക്കിയിട്ടു് കുറ്റം പറയുകയാണല്ലോ സൗകര്യം.
വിലയിരുത്തൽ 1951.