ശ്രീ. എം. ഗോവിന്ദന്റെ “അന്വേഷണത്തിന്റെ ആരംഭം” എന്ന ഗ്രന്ഥം വായിച്ചിട്ടു് (അതോ വായിക്കാതെയോ?) ഒരു മാന്യസുഹൃത്തു് അഭിപ്രായപ്പെട്ടു: “ഇവരൊക്കെ കണ്‍ഫ്യൂഷൻ പരത്തുകയാണു് !” ആരൊക്കെ? ശ്രീ. എം. ഗോവിന്ദനും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്നവരുമായിരിക്കണമല്ലോ. ഞാനും ഏറെക്കുറെ അക്കൂട്ടത്തിൽ പെടുന്നയാളാണു്. അതുകൊണ്ടു് എന്റെ പങ്കു് കണ്‍ഫ്യൂഷനുംകൂടി സംഭാവന ചെയ്യാമെന്നു വിചാരിക്കുകയാണു് (ആ ഗ്രന്ഥത്തെ നീതീകരിക്കുവാൻ വേണ്ടിയല്ല, അതിനു് അതിന്റെ സ്വന്തം കാലിൽ നില്ക്കുവാൻ കഴിയും, കണ്‍ഫ്യൂഷൻ എവിടെയാണെന്നു മനസ്സിലാക്കുവാൻ വേണ്ടിത്തന്നെ). എന്തു കണ്‍ഫ്യുഷൻ പരത്തുന്നുവെന്നാണാക്ഷേപം?
അതിനു് ഏറ്റവും യോജിച്ച മാർഗ്ഗം ആ പുസ്തകത്തിന്റെ ഉള്ളടക്കമെന്താണെന്നു പരിശോധിക്കുകയാണല്ലോ. ഒഴുക്കന്‍മട്ടിൽ പറഞ്ഞാല്‍, നിലവിലുള്ള സകലമൂല്യങ്ങളുടേയും പരാജയം. കുറച്ചുകൂടി പരത്തിപ്പറഞ്ഞാല്‍, മുതലാളിത്തത്തിന്റേയും ജനാധിപത്യത്തിന്റേയും കമ്മ്യൂണിസത്തിന്റേയും സനാതനസന്മാർഗ്ഗ സംസ്കാരങ്ങളുടേയും പരാജയം. ഇതിനും പുറമേ വിശ്വസിച്ചു മുറുകെപ്പിടിക്കാവുന്ന ഒരു പുതിയ സുവിശേഷത്തിന്റെ അഭാവം. ഒരു അന്ധകാരയുഗത്തിന്റെ ആരംഭം തന്നെയാണു് ശ്രീ. ഗോവിന്ദൻ ചൂണ്ടിക്കാണിക്കുന്നതെന്നു പറഞ്ഞാലും വലിയ തെറ്റുണ്ടാകയില്ല. ഇതിലെന്താണു് കണ്‍ഫ്യൂഷന്‍?
ഇവയൊന്നും പരാജയപ്പെട്ടിട്ടില്ലെന്നാണോ ഭാവം? അതോ ഇനി ഇവയിലേതെങ്കിലും ആശയ്ക്കു വകയുണ്ടെന്നാണോ? അതു രണ്ടുമല്ലെങ്കിൽ, ഇപ്പറഞ്ഞതെല്ലാം വാസ്തവമാണെങ്കിൽ പോലും അക്കാര്യം തുറന്നു പറഞ്ഞുകൂടെന്നായിരിക്കുമോ? ആയിരിക്കാം. അഭിപ്രായങ്ങൾ പലതരത്തിലാണല്ലോ. എങ്കിലും, മുതലാളിത്ത വ്യവസ്ഥയിൽ മർദ്ദനവും പട്ടിണിയും ഭൂരിപക്ഷത്തിന്റെ ജാതകഫലമാണെന്നു് ഇനിയും തെളിയിക്കേണ്ട ആവശ്യമുണ്ടോ? എങ്കില്‍, പിന്നെ ധർമ്മസ്ഥാപനങ്ങളും നീതിന്യായക്കോടതികളുമെല്ലാം നിറുത്തൽ ചെയ്യാമല്ലോ! ഇല്ല. നിലവിലുള്ള സാമ്പത്തികഘടന ഉത്തമമാണെന്നു് ഉറപ്പിച്ചുപറയുന്നവരെ ഇന്നു കണ്ടെത്താൻ വിഷമമാണു്. പോരെങ്കില്‍, കണ്‍ഫ്യൂഷൻ പരത്തുന്നുവെന്നു പരാതിപ്പെടുന്നവർ ഇക്കാര്യത്തിൽ ഗ്രന്ഥകാരന്റെ ചിന്താഗതിക്കാരുമാണു്. പിന്നെയെവിടെയാണു് കുഴപ്പം? ജനാധിപത്യത്തിന്റെ കാര്യത്തിലും ഭിന്നാഭിപ്രായങ്ങൾക്കു വകയില്ല. നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ളവർക്കു് ജനാധിപത്യമെന്ന ആശയംതന്നെ ദഹിക്കാതെവന്നേയ്ക്കാം. അതുകൊണ്ടായിരിക്കണമല്ലോ, ചിലർ ജനകീയജനാധിപത്യമെന്നും മറ്റും പുനരുക്തിപ്രയോഗം നടത്തുന്നതു്. അപ്പോൾ അവിടെയും കുഴപ്പമില്ല. സംസ്കാരം, സന്മാർഗ്ഗം, കല മുതലായതുകളേപ്പറ്റിയും ഇക്കാലത്തു വലിയ വ്യാമോഹങ്ങൾ ഉണ്ടാവാൻ നിവൃത്തിയില്ല. അത്ഭുതദർശനങ്ങളും, അമേരിക്കൻ അർദ്ധനഗ്നകളും മറ്റുമാണു് ഇവയുടെ കുത്തക ഏറ്റെടുത്തിരിക്കുന്നതു്. ഇങ്ങനെ നിലവിലുള്ളതിനെ ഓരോന്നോരോന്നായി എടുത്തുപറഞ്ഞിട്ടു കാര്യമില്ല. അവ ഓരോന്നായി തകരുകയാണു്. അവയെ തകർക്കുവാൻ ബദ്ധകങ്കണരായ വിഗ്രഹധ്വംസകന്മാരും ഉണ്ടു്, കാലക്രമേണ അവയെല്ലാം തകർന്നു കൊള്ളും. അവിടെയെങ്ങും കണ്‍ഫ്യൂഷനില്ല. പിന്നെയെവിടെ?
തകർന്നാൽ പോരാ, തളിർക്കുകയും വേണമല്ലോ. എന്തെങ്കിലും തളിർത്താൽ പോരാതാനും. സോഷ്യലിസമെന്നു പൊതുവെ നിർവചിക്കാവുന്ന ഒന്നാണു് തളിർക്കേണ്ടതെന്നു് ഒരു ധാരണ സാർവലൗകികമായിത്തീർന്നിട്ടുണ്ടു്. അക്കാര്യവും ശ്രീ. ഗോവിന്ദൻ പരിശോധിക്കുന്നുണ്ടു്. അതിലെന്തോ ഒരു കുഴപ്പം ശ്രീ. ഗോവിന്ദൻ കാണുന്നുണ്ടു്. പലരും ഇതിനുമുമ്പു് കണ്ടിട്ടുണ്ടു്. പുതിയ മതത്തിലെ ഉൾപ്പിരിവുകളും, തൊഴുത്തില്‍കുത്തും, തത്ത്വവും പ്രയോഗവും തമ്മിലുള്ള അന്തരവും മറ്റും പലരേയും അമ്പരപ്പിച്ചിട്ടുണ്ടു്. ചിലരൊക്കെ അതു് തുറന്നുപറയുകയും ചെയ്തു. അവരെയെല്ലാം പിന്തിരിപ്പന്മാരെന്നു് മുദ്രകുത്തി കശാപ്പിനയക്കുകയായിരുന്നു പണ്ടത്തെ ഫാഷൻ. ഇന്നു്—അതായതു് യുഗോസ്ലോവ്യയ്ക്കും, മാവോയ്ക്കും, ഹൈദരാബാദിനും ശേഷം—അങ്ങനെ അടച്ചു മുദ്രകുത്തുക അസൗകര്യമായിത്തീർന്നിട്ടുണ്ടു്. ഇന്നലെവരെ മുതലാളിത്തത്തിനുള്ളിലെ പരസ്പരവൈരുദ്ധ്യങ്ങൾ മാത്രമായിരുന്നു പ്രശ്നം. ഇന്നാകട്ടെ കമ്മ്യൂണിസത്തിനകത്തെ പരസ്പരവൈരുദ്ധ്യങ്ങൾകൂടി ചർച്ചാവിഷയമായിത്തീർന്നിരിക്കുന്നു. അവിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ സോഷ്യലിസം, ഒരു സനാതനസത്യമെന്നനിലയിൽനിന്നു് ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിലേയ്ക്കു് മാറിയിരിക്കുന്നു എന്നർത്ഥം. ഇക്കാര്യം ശ്രീ. ഗോവിന്ദൻ ഉദാഹരണസഹിതം വരച്ചുകാണിക്കുന്നുണ്ടു്. ഇവിടെയാണു് ‘കണ്‍ഫ്യൂഷ’ന്റെ ആരംഭം. ശ്രീ. ഗോവിന്ദനു് കണ്‍ഫ്യൂഷനില്ലെങ്കിലും ചില വായനക്കാർക്കു കണ്‍ഫ്യൂഷൻ ഉണ്ടാകുന്നുവത്രേ!
എന്തുപറ്റി, അങ്ങനെ സംഭവിക്കാന്‍! ഒരു കടുത്ത മതവിശ്വാസിക്കു്, പുരോഹിതൻ വേദഗ്രന്ഥം മോഷ്ടിക്കുന്നതു കണ്ടാൽ കണ്‍ഫ്യൂഷനുണ്ടാകും. ഭൂമി സൂര്യനെ ചുറ്റുകയാണെന്നു് ആദ്യമായി മനസ്സിലാകുന്നവനു് കണ്‍ഫ്യൂഷനുണ്ടാകും. യുഗോസ്ലോവ്യയെപ്പറ്റി ദീർഘമായി ചിന്തിക്കുന്ന കമ്മ്യൂണിസ്റ്റിനും കണ്‍ഫ്യൂഷനുണ്ടാകും. അതേ, എന്തെങ്കിലും അന്ധമായി വിശ്വസിക്കാൻ വേണമെന്നു ശഠിക്കുന്നവരാണു് ഈ “ആന്റി കണ്‍ഫ്യൂഷന്മാർ.” കമ്മ്യൂണിസമുൾപ്പെടെയുള്ള സകലമതങ്ങളുടെയും കഥയതാണു്. അവർക്കു് എന്തെങ്കിലും വിശ്വസിക്കാൻ വേണം. അങ്ങനെയൊരു വിശ്വാസമുണ്ടാകുന്നതു് എല്ലാവർക്കും സ്വീകാര്യമാണു്. പക്ഷേ, ഇക്കൂട്ടർക്കു് ഒരു പ്രത്യേകതയുണ്ടു്. തെറ്റാണെങ്കില്‍പ്പോലും ഒരു വിശ്വാസമുണ്ടായിരിക്കണമെന്ന നിർബ്ബന്ധമാണതു്. കണ്ണു തുറക്കാതിരുന്നാൽ മതിയല്ലോ, തെറ്റു കാണാതെയിരിക്കുവാൻ. എന്തിനെയെങ്കിലും ചാരിനില്ക്കാതെ അവർക്കു് നില്ക്കക്കള്ളിയില്ല. സ്വയമായി എന്തിനെയെങ്കിലും അന്വേഷിച്ചു കണ്ടെത്താൻ ത്രാണിയില്ല. അഥവാ ത്രാണിയുണ്ടെങ്കിൽ അങ്ങനെയൊരു പരിശ്രമത്തിലേർപ്പെടാൻ അവർക്കു് മടിയാണു്. പിന്നെയെന്താ ചെയ്യുക? നിലവിലുള്ള ഒന്നിനെ കണ്ണടച്ചു് മുറുകെപ്പിടിക്കുക. ഏതിനെയെന്നതു തീരുമാനിക്കുന്നതു്, അവരല്ല, സാഹചര്യങ്ങളാണു്. ഈ സമ്പ്രദായത്തെ നീതീകരിക്കുവാൻ പറ്റിയ ഒരു ഫിലോസഫിയുണ്ടവർക്ക്. ചിന്ത തലച്ചോറെന്ന വസ്തുവിന്റെ ഒരു ഭാഗമാണു്. തലച്ചോറു് ഉണ്ണുന്ന ചോറിന്റെ ഫലമാണു്. ഉണ്ണുന്ന ചോറു് സമുദായം ഉണ്ടാക്കുന്നതാണു്. അതുകൊണ്ട് ഉത്തരം എളുപ്പത്തിൽ കിട്ടി. നമ്മുടെ ആശയങ്ങളും ആദർശങ്ങളുമെല്ലാം സമുദായം ഉണ്ടാക്കിത്തീർത്തതാണു്. (തെറ്റിയാലെന്താ പാടു്, താനല്ലല്ലോ തീരുമാനിച്ചതു്, സമുദായമല്ലേ?) ഇങ്ങനെ ചിന്തയുടെ ഉത്തരവാദിത്വം പോലും സമുദായത്തിന്റെ പുറത്തുകെട്ടിവെച്ചു കൈയിൽ കിട്ടിയ വിശ്വാസത്തെയും മുറുകെപ്പിടിച്ചു് അവർ ഇരിക്കുകയാണു്. അവരെ സംബന്ധിച്ചിടത്തോളം അന്വേഷണങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. സനാതനസത്യം കണ്ടെത്തിയിരിക്കുന്നു. അതു ചോദ്യംചെയ്യപ്പെട്ടാലും അവർക്കു കുലുക്കമില്ല. ചൂടുപറ്റി ഇരിക്കാൻ കൊള്ളാവുന്ന ഒരു വിശ്വാസംകൂടി അവർക്കു ലഭിച്ചുകഴിഞ്ഞു. ഇനി അതു് ശരിയോ തെറ്റോ എന്നു പരിശോധിക്കുന്നതിനേക്കാൾ പ്രധാനം ആ ചൂടു് നഷ്ടപ്പെടുത്താതെ ഇരിക്കുക എന്നതാണു്. വികൃതമായ സത്യങ്ങളെക്കാൾ നല്ലതു് സുന്ദരമായ വ്യാമോഹങ്ങളാണു്. ആരെങ്കിലും ആ വ്യാമോഹങ്ങളെ ചോദ്യംചെയ്താല്‍, ആരെങ്കിലും വികൃതവും കയ്പുള്ളതുമായ സത്യങ്ങളെ പുറത്തെടുത്തിട്ടാല്‍, ഉടനെ പരാതിയായി, ‘കണ്‍ഫ്യൂഷൻ പരത്തുന്നു.’
ഇതുതന്നെയാണു് ഇന്നത്തെ കുഴപ്പം: കുഴപ്പമുണ്ടു് എന്ന വാസ്തവം മനസ്സിലാക്കാന്‍തന്നെയുള്ള കഴിവില്ലായ്മ. ഓരോ വിശ്വാസങ്ങളും രൂപീകരിക്കാൻ ചെലവാക്കിയ ചിന്തയുടെ അനേകമിരട്ടി അവ പ്രചരിപ്പിക്കുവാൻ വേണ്ടി ചിലവാക്കപ്പെട്ടു. അവയ്ക്കു് അംഗീകാരം കിട്ടി. ശ്രദ്ധ തത്ത്വത്തിൽനിന്നു പ്രസരണത്തിലേയ്ക്കു തിരിഞ്ഞു. കുറെ കഴിഞ്ഞപ്പോൾ അതെന്താണെന്നു് വിറ്റവനും വാങ്ങുന്നവനും അറിഞ്ഞുകൂടാ. പക്ഷേ, അതു കുറെ മനുഷ്യമനസ്സുകളിൽ ഉറഞ്ഞുപിടിച്ചുകഴിഞ്ഞു. ആരെങ്കിലും അതിലെ ചളികുത്തിയിളക്കിയാല്‍, അയാൾ കണ്‍ഫ്യൂഷൻ പരത്തുകയാണു്!
ആരോ പറഞ്ഞിട്ടുണ്ടു്: മനുഷ്യൻ സ്വതവേ യാഥാസ്ഥിതികനാണെന്നു്. മടിയനാണെന്നു പറയാനാണെനിക്കിഷ്ടം. പുതിയ ഒന്നിനെപ്പറ്റി ചിന്തിക്കുവാൻ കുറച്ചു് ആയാസം ആവശ്യമാണു്. അതു പലർക്കും അത്ര ഇഷ്ടമല്ല. ഭൂമി ഉരുണ്ടതാണെന്നു് ഒരു മഠയൻ പറയുന്നു. കണ്‍ഫ്യൂഷനില്ലാത്തവന്‍, കണ്‍ഫ്യൂഷനെ വെറുക്കുന്നവൻ പ്രതിവചിക്കും: ഹേ ദന്തഗോപുരക്കാരാ, നീ പുറത്തിറങ്ങി ചുറ്റും നോക്കൂ. ഭൂമി പരന്നിരിക്കുന്നതു കാണുന്നില്ലേ? നിന്റെ പിന്തിരിപ്പൻതലയുമായി വന്നു് ഈ നല്ല ഭൂമി ഉരുണ്ടതാണെന്നു് പറയുന്നതു് എന്തൊരു ധിക്കാരമാണു്, വാസ്തവവിരുദ്ധമാണു്! എന്താ കാര്യം എളുപ്പമല്ലേ? “കരതലാമലകം!”
ഇനി മറ്റൊരു കൂട്ടരുണ്ടു്. സോഷ്യലിസമൊക്കെ വരാൻ പോകുന്നല്ലേ ഉള്ളൂ, അതിനു് ഇപ്പോഴേ വിമർശിക്കുന്നതു് തെറ്റല്ലേ? അതു് കണ്‍ഫ്യൂഷൻ പരത്തുകയാണു്. അഥവാ ഒരു വഴിക്കിറങ്ങുമ്പോഴേ മുന്നറിയിപ്പുകൾ കൊടുക്കുന്നതെന്തിനാണു്? കുഴിയിൽ ചാടിയിട്ടു് ഉപദേശം കൊടുത്താൽ പോരേ എന്നു്. സോഷ്യലിസത്തിനു് പരസ്പരം കലഹിക്കുന്ന ഒരു ലക്ഷം ഉൾപ്പിരിവുകളും, ഓരോ ഉൾപ്പിരിവിനു് നിമിഷംതോറും കറങ്ങിത്തിരിയുന്ന നയവ്യതിയാനങ്ങളും കാണുന്ന ഇക്കാലത്തും ശാന്തമായ ഉപദേശങ്ങളെ കണ്‍ഫ്യൂഷനായി തള്ളുന്നതു മനുഷ്യന്റെ അന്ധതയല്ലെങ്കിൽ പിന്നെ എന്താണു്?
മനുഷ്യവർഗ്ഗം ഒരു പുതിയ അന്ധകാരത്തിന്റെ വക്കത്തെത്തിയിരിക്കുകയാണു്. എളുപ്പത്തിൽ ഉത്തരം പറയാനോ പരിഹരിക്കാനോ സാധ്യമല്ലാത്ത പ്രശ്നങ്ങളാണു് മനുഷ്യനെ തുറിച്ചുനോക്കുന്നതു്. ഈ സന്ദർഭത്തിൽ മനുഷ്യവർഗ്ഗത്തെ സ്നേഹിക്കുന്നവർ എല്ലാം ചിന്തിച്ചുപോകും, എന്താണു് മനുഷ്യന്റെ ഭാവിയെന്നു്. മനുഷ്യൻ മൗലികമായി നല്ലവനാണു്. മനുഷ്യവർഗ്ഗം നിരന്തരമായി പുരോഗമിക്കയാണോ? കമ്മ്യൂണിസം പുരോഗതിയുടെ കൊടുമുടിയാണോ? ഈവക കാര്യങ്ങൾ ശരിക്കു് ആലോചിച്ചല്ലാതെ മുന്നോട്ടുപോവുക സാധ്യമല്ലാത്ത ഒരു പതനത്തിലാണു് നാമിന്നു നില്ക്കുന്നതു്. ഈ ആലോചന ഒരു പുതിയ അന്വേഷണമാണു്. അനേകം അന്ധവിശ്വാസങ്ങളുടെ ഇടയിൽക്കൂടിവേണം ആ അന്വേഷണം പുരോഗമിക്കാൻ. അങ്ങനെയൊരു പരിശ്രമത്തിലാണു് ശ്രീ. എം. ഗോവിന്ദൻ ഏർപ്പെട്ടിരിക്കുന്നതു്. അദ്ദേഹത്തിന്റെ അഭ്യൂഹങ്ങളോടു നമുക്കു വിയോജിക്കാം. പക്ഷേ, സ്ഥാപിതവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതു്, കണ്‍ഫ്യൂഷൻ പരത്തുകയാണെന്നു പറഞ്ഞു കണ്ണടച്ചിരിക്കുന്നതു് മുന്നോട്ടുള്ള ഗതിയല്ല.
പുസ്തകത്തിന്റെ അവസാനഭാഗത്തോടുകൂടി അവ്യക്തമായ ചില സൂചനകൾ ഗ്രന്ഥകാരൻ കൊണ്ടുവരുന്നുണ്ടു്. നിശ്ചിതമായ ഒരു വിശ്വാസസംഹിത അദ്ദേഹം ഉന്നയിക്കുന്നില്ലെന്നതു് വാസ്തവമാണു്. പക്ഷേ, ഇന്നത്തെ നിലയിൽ അതു് ഒരു വലിയ തെറ്റല്ല, കുറവുമല്ല, അവ്യക്തരൂപത്തിലെങ്കിലും ചിലതു പറയുന്നല്ലോ എന്നാണെനിക്കത്ഭുതം. മനുഷ്യത്വത്തെ അവഗണിച്ചു് ആചാരങ്ങളുടെ പുറകേപോകുന്നതു് തെറ്റാണെന്നു് അദ്ദേഹം തെളിയിച്ചു. മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കാൻ ഒരു പരിശ്രമവും നടത്തി. ഇനി അതിനു് എന്തു ചെയ്യണം എന്നതാണു് അവശേഷിക്കുന്ന പ്രശ്നം. അക്കാര്യം പരിചിന്തനാർഹമാണു്. ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം ഇതു് അന്വേഷണത്തിന്റെ ആരംഭം മാത്രമേ ആയിട്ടുള്ളു. കളമൊരുക്കല്‍, കളപറിച്ചുള്ള കളമൊരുക്കല്‍. അതുവരെ, എന്നെ സംബന്ധിച്ചിടത്തോളം യാതൊരു കണ്‍ഫ്യൂഷനും കാണാൻ കഴിഞ്ഞിട്ടില്ല.
മാതൃഭൂമി 18 നവംബർ 1951.
ധിക്കാരിയുടെ കാതൽ 1955.