മനുഷ്യർ തെറി പറയുന്നതു് എപ്പോഴാണു്?
ഒരാൾക്കു് മറ്റൊരാളോടു് എന്തെങ്കിലും കാരണവശാൽ വിരോധമുണ്ടു്, എന്നിരിക്കട്ടെ. ഇവരിൽ ഒരാൾ ശക്തനും മറ്റെയാൾ ബലഹീനനുമാണു്. ബലം കൂടിയവൻ രണ്ടാമത്തവനെ ഒന്നടിക്കുന്നു. എന്തായിരിക്കും ഫലം? അപൂർവ്വം ചിലർ തിരിച്ചടിക്കും, ഭവിഷ്യത്തുകളെ കൂട്ടാക്കാതെ. സാധാരണയായി കാണുന്ന കഥ അതല്ല. അടി കൊണ്ടവൻ അപകടമേഖലയ്ക്കു പുറത്തുനിന്നുകൊണ്ടു് കുറെ ഭരണിപ്പാട്ടുകൾ പാടി സംതൃപ്തനാകും. അതെ, അശക്തിബോധത്തിന്റെ തുറന്ന പ്രഖ്യാപനമാണു് തെറിപറയൽ.
ഈ പറഞ്ഞകാര്യം രാഷ്ട്രീയപ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം പരമാർത്ഥമാണു്. മറ്റെല്ലാകാര്യങ്ങളിലും രാഷ്ട്രീയകക്ഷികൾ തമ്മിൽ കലഹിക്കും. പക്ഷേ, ഇക്കാര്യത്തിൽ അവർക്കു് പൊതു ഐക്യമുണ്ടു്. സ്ത്രീപുരുഷബന്ധത്തെപ്പറ്റി രാഷ്ട്രീയക്കാരുടെ ഉത്തരവിനപ്പുറം കടന്നു് ഒരു സാഹിത്യകാരൻ എന്തെങ്കിലും എഴുതിപ്പോയാൽ ഈ രാഷ്ട്രീയക്കാരെല്ലാം ഒത്തുചേർന്നു് ആർത്തുവിളിക്കുകയായി, ‘ആഭാസൻ!’ ഈ പരിശുദ്ധന്മാരുടെ നിഘണ്ടുവിലെ പദങ്ങൾ കേട്ടാൽ പൂരപ്പാട്ടുകാർകൂടി ലജ്ജിച്ചു തലതാഴ്ത്തുകയും ചെയ്യും. യാതൊരു രാഷ്ട്രീയ കക്ഷിയും ഈ ആരോപണത്തിൽ നിന്നൊഴിവല്ല. അവരോരോരുത്തരും പറയും അവരുടെ എതിർകക്ഷിക്കാരാണു പുലഭ്യക്കാർ എന്നു്. പക്ഷേ, ഇവരുടെയെല്ലാം പ്രസംഗം കേൾക്കേണ്ടിവരുന്ന ഒരു സാധാരണക്കാരൻ ചെവിപൊത്താതെ നിവൃത്തിയില്ല. എന്താണിതിനു കാരണം? അതു് ആദ്യം പറഞ്ഞതുതന്നെ —അശക്തിബോധം അഥവാ പരാജയബോധം. ഒരു രാഷ്ട്രീയപ്രവർത്തകനും ശരിയായ ഉത്തരം കൊടുക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടു്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ‘ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക’ എന്നാണല്ലോ പ്രമാണം. മറ്റു സന്ദർഭങ്ങളും ഉണ്ടാകും. സ്ഥിരപ്രതിഷ്ഠ ലഭിച്ച ഒരു രാഷ്ട്രീയാശയത്തെ മറ്റൊരാൾ ചോദ്യംചെയ്യുന്നുവെന്നിരിക്കട്ടെ. ആ വിമർശനത്തിനു ഒന്നാമത്തെയാൾക്കു് മറുപടിയില്ലെങ്കിൽ അയാൾ തെറിപറയാൻ തുടങ്ങും. ഇക്കാര്യത്തിൽ വിമർശകനും യോഗ്യനല്ല. അയാൾ തെറിപറയുന്ന ഒരു സന്ദർഭമുണ്ടു്. തന്റെ വിമർശനം ഫലിക്കുന്നില്ല എന്നു ബോധമുണ്ടാവുമ്പോഴാണതു്. ‘വാദം മുട്ടിയാൽ എതിർവക്കീലിനെ ചീത്ത പറയുക’ എന്നൊരു ഇംഗ്ലീഷ് പഴഞ്ചൊല്ലുണ്ടു്.
രാഷ്ട്രീയത്തിൽ മാത്രമാണീ സമ്പ്രദായം എന്നെനിക്കഭിപ്രായമില്ല. ഇന്നത്തെ വിവാഹനിയമങ്ങളെ ഒരാൾ ചോദ്യംചെയ്താൽ നാമെന്താണു പറയുന്നതു്? അയാൾ മഹാകീചകനായതുകൊണ്ടാണു് അങ്ങനെയൊരഭിപ്രായം പറഞ്ഞതെന്നു്. നിരീശ്വരവാദികളെപ്പറ്റി സാധാരണയുള്ള ഒരാരോപണം, അവർക്കു് ദുർമ്മാർഗ്ഗികളായി ജീവിക്കാൻവേണ്ടിയാണു് നാസ്തികത്വത്തിൽ വിശ്വസിക്കുന്നതെന്നാണു്. സാഹിത്യത്തിലെ കഥ പറയാനുമില്ല. അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലും പുലഭ്യം പരാജയപ്പെട്ടവന്റെ ആയുധമാണു്. ഇവിടെ തല്ക്കാലം രാഷ്ട്രീയരംഗത്തെ മാത്രമേ എടുക്കുന്നുള്ളൂവെന്നുമാത്രം.
തിരുവിതാംകൂറിൽ പോലീസും ജനങ്ങളുമായി ഉണ്ടായ ഒരു സംഘട്ടനത്തെപ്പറ്റി ഒരു നേതാവു് പ്രസംഗിച്ചതു്, ആ സ്ഥലത്തു ബലാൽസംഗം ചെയ്യപ്പെട്ടവരുടെ സ്ഥാനത്തു് താനായിരുന്നെങ്കിൽ പോലീസുകാരുടെ മറ്റതു് കടിച്ചുപറിച്ചുകളയുമായിരുന്നുവെന്നാണു്. ആ പ്രസംഗം കേട്ടിരുന്നവരിൽ ഭൂരിപക്ഷവും കൈയടിച്ചു. പക്ഷേ, ചില നേതാക്കന്മാർ പറഞ്ഞു: അപ്പറഞ്ഞതു തെറിയാണെന്നു്. ഒരു വർഷത്തിനുശേഷം ആ നേതാവുതന്നെ (കക്ഷിയൊന്നു മാറി) പ്രസംഗിച്ചു. ആ സംഘട്ടനം നടന്ന സ്ഥലത്തു് സ്ഥാനാർത്ഥിയായി നിന്ന സ്ത്രീ ‘ദേശീയ’മാക്കപ്പെട്ടിരിക്കുകയാണെന്നു്. ഒരു വർഷംമുമ്പു് തെറിയെന്നു വിമർശിച്ചവർ കൈയടിച്ചു. കൈയടിച്ചവർ പറഞ്ഞു.‘അയാൾ കള്ളുകുടിച്ചു് തെറി പറയുകയാണു്.’ എതിർകക്ഷിയുടെ തെറി ഇരുകൂട്ടരും മനസ്സിലാക്കി. സ്വന്തം തെറി കണ്ടുമില്ല.
ഈ പ്രസ്ഥാനത്തിന്റെ പാരമ്പര്യം വളരെ പഴയതാണു്. മുസ്ലിം ആക്രമണമുണ്ടായപ്പോൾ ഇന്ത്യയിലെ ഹിന്ദുരാജാക്കന്മാർ അവരെ മ്ലേച്ഛന്മാരെന്നു് വിളിച്ചു തൃപ്തിയടഞ്ഞു. ആഭ്യന്തരകലഹങ്ങളും ജീവിക്കാൻ കൊള്ളുകില്ലാത്ത ഒരു ജീവിതവീക്ഷണവുംകൊണ്ടു് അവർ സ്വന്തം നാടിനെ പരാജയപ്പെടുത്തി. ശത്രു അജയ്യനാണെന്ന ബോധം വന്നപ്പോൾ തെറിയെ ആശ്രയിക്കുകയാണു് ചെയ്തതു്. ഇംഗ്ലീഷുകാർ വന്നപ്പോഴും ഇതുതന്നെയുണ്ടായി. ആയുധവും ചുണയുമില്ലാതെ, അവരെ വെള്ളക്കുരങ്ങെന്നും വെള്ളപ്പട്ടിയെന്നും വിളിച്ചു തൃപ്തിപ്പെടുകയായിരുന്നു പതിവു്. ഈ ചിന്താഗതി സ്വാതന്ത്ര്യസമരത്തെ സഹായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഒരുവനു ശക്തിയായ പ്രതിഷേധമുണ്ടാകാം. കോപംകൊണ്ടു നിഷ്കരുണം എന്തെങ്കിലും പ്രവർത്തിച്ചുവെന്നും വരാം, ഭഗത്സിംഗിനെപ്പോലെ. പക്ഷേ, പട്ടിയെന്നും കുരങ്ങെന്നും വിളിക്കുന്നതുകൊണ്ടു് സ്വന്തം സംസ്ക്കാരശുന്യതയെ മാത്രമല്ല, ബലഹീനതയെയുമാണു് കാണിക്കുന്നതു്. നാട്ടുരാജ്യസ്വാതന്ത്ര്യസമരങ്ങളിലും ഇതുതന്നെ കാണുവാനിടയായിട്ടുണ്ടു്, ഒരു പ്രജാപരിഷത്തും ദിവാനുമായിട്ടാണല്ലൊ സംഘട്ടനം. ആയുധമേന്തിയോ അല്ലാതെയോ ഒരു വിപ്ലവം നടത്തുന്നതിനു പകരം എന്താണു് പലയിടങ്ങളിലും ഉണ്ടായതു്. പഠിച്ചുവെച്ചിട്ടുള്ള വൃത്തികെട്ട വാക്കുകളെല്ലാം ദിവാന്റെ തലയ്ക്കെറിയുക. കോഴിക്കോടു് രണ്ടു പത്രങ്ങൾ തമ്മിൽ പരസ്പരം പുലഭ്യം പറഞ്ഞുകൊണ്ടിരുന്ന കാലത്തു് ഇരുകൂട്ടരുടേയും ആരോപണം ഒന്നുതന്നെയായിരുന്നു. മറ്റവൻ തെറിയനാണെന്നു്. പുരോഗമനത്തിനും സദാചാരത്തിനും കുത്തകയെടുത്തിരിക്കുന്ന ഒരു വ്യക്തി നെഹ്റുവിനെ വിമർശിക്കാൻ കണ്ട പ്രധാനകാര്യം അദ്ദേഹം പാമിളാ മൗണ്ട് ബാറ്റനെ ചുംബിച്ചുവെന്നതായിരുന്നു. ഇതുകേട്ടാൽ തോന്നും വർഗ്ഗസമരത്തിന്റെ അടിസ്ഥാനം ചുംബനമാണെന്നു്. യഥാർത്ഥകാരണമല്ലേ? അതെഴുതിയ ആളിനു് ബഹുജനങ്ങളിൽ ഒരു വിഭാഗത്തിന്റെ സ്വഭാവമറിയാം. ലേഡി വെല്ലിംങ്ടനെപ്പറ്റിയും, സി. പി. രാമസ്വാമി അയ്യരെപ്പറ്റിയും പറഞ്ഞിരുന്ന കഥകൾക്കു് എന്തു പ്രചാരമുണ്ടായിരുന്നെന്നു് ആ എഴുത്തുകാരൻ മനസ്സിലാക്കിയിട്ടുണ്ടു്.
ഈ സമ്പ്രദായം ഒട്ടും ഫലപ്രദമല്ലെന്നു പറയാനെനിക്കു ധൈര്യമില്ല, ഒരു ചെറിയവിഭാഗം ജനങ്ങൾക്കു് അതു് രുചിച്ചെന്നുവരും. ഒരു ഭാഗം അത്രയധികം പരിശുദ്ധമാണെങ്കിൽ ശത്രുവിഭാഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തിനു മൂർച്ചകൂടുകയും ചെയ്തേക്കാം. എങ്കിലും, അങ്ങനെ സംഭവിക്കുമെന്നു തീർച്ചയാക്കാൻ പാടില്ല. സാധാരണയായി തെറി പറയുന്നതും തെറികേട്ടു രസിക്കുന്നതും ഭീരുക്കളാണു്. അവശതാബോധമാണു് തെറി പറയിക്കുന്നതെന്നു നാം കണ്ടല്ലോ. എങ്കിലും, ഇതു് എല്ലാ രാഷ്ട്രീയകക്ഷികളും ഉപയോഗിക്കുന്ന ഒരായുധമായതുകൊണ്ടു് അവരെല്ലാം അതിന്റെ വിജയത്തിൽ വിശ്വസിക്കുന്നുവെന്നുവേണം കരുതാൻ. അതുകൊണ്ടു് അതിന്റെ അനന്തരഫലങ്ങളെന്തെന്നു് ഒന്നു പരിശോധിക്കേണ്ടതാവശ്യമാണു്.
എന്താണു് തെറി ഒരായുധമാക്കുന്നതിൽ തെറ്റു്? തെറി പറയുന്നതു് പാപമായതുകൊണ്ടാണോ, അല്ല. അതു മതപ്രചാരകന്മാരുടെ കാര്യമാണു് (അവരാണെങ്കിൽ ഈ തൊഴിലിൽ ഒട്ടും പിന്നിലല്ലതാനും). ഇവിടെ തെറിയെ ഒരു രാഷ്ട്രീയായുധമാക്കരുതെന്നു് പറയുന്നതിന്റെ കാരണം രാഷ്ട്രീയമാണു്. രാഷ്ട്രീയസമരങ്ങളിൽ ശത്രുവിനെ വിമർശിക്കുമ്പോൾ ദുർബ്ബലമായി വിമർശിക്കണമെന്നല്ല ഇവിടെ വിവക്ഷിക്കുന്നതു്. ആത്മാർത്ഥമായി ഒരു പരിപാടിയിൽ വിശ്വസിക്കുന്നവൻ തന്റെ ശത്രുവിനെ വിമർശിക്കുമ്പോൾ ഒരു കരുണയും കാണിക്കുകയില്ല; കാണിക്കേണ്ടതുമില്ല. പക്ഷേ, തെറി ശക്തിയായ വിമർശനമാണെന്നു തെറ്റിദ്ധരിക്കരുതെന്നുമാത്രം. തെറി ബലഹീനതയാണു്. “ശക്തിയായ ഭാഷയിൽ ഈശ്വരനെ വിമർശിച്ചു” എന്നാരും കൊടുങ്ങല്ലൂർ ഭരണിയെപ്പറ്റി പറയാറില്ല. പോരെങ്കിൽ തെറിക്കൊരു പ്രത്യേകസ്വഭാവമുണ്ടു്. അതു തിരിഞ്ഞടിക്കും. സ്വന്തം മുഖത്തുതന്നെ അതു വന്നുവിഴും. കേട്ടുനിൽക്കുന്നവരിൽ ഒരു നല്ല വിഭാഗം തെറിപറയുന്നവനെ നോക്കി പുച്ഛമായി ചിരിയ്ക്കുകയായിരിയ്ക്കും. തൽക്കാലത്തേക്കു ജയം നേടാൻ തെറി സഹായിച്ചേക്കും. ഉദാഹരണമായി ‘സ്കങ്ക് ’ എന്ന ജന്തുവിനെ നോക്കുക. ശത്രുക്കൾ സമീപത്തുണ്ടെന്നു കണ്ടാൽ അതു് ഒരു ഭയങ്കരദുർഗ്ഗന്ധം വമിപ്പിച്ചു തുടങ്ങും. ആ ദുർഗ്ഗന്ധം സഹിച്ചുകൊണ്ടു് അടുത്തിരിക്കാൻ കഴിയുന്ന ജന്തുക്കൾ ചുരുങ്ങും. അങ്ങനെ ‘സ്കങ്ക്’ സ്വയം രക്ഷിക്കുന്നു. ഈ സ്വഭാവം മനുഷ്യൻ ചിലപ്പോഴൊക്കെ അനുകരിക്കുന്നതുകൊണ്ടായിരിക്കണം ‘തൂറി തോല്പിക്കുക’ എന്ന പ്രയോഗം ഗ്രാമീണരുടെയിടയിൽ ഉണ്ടായതു്. ചാത്തൻസേവയുടെ പ്രധാനകഴിവു് എന്താണെന്നും അന്വേഷിച്ചുനോക്കുക. ഇതൊന്നും ജയിക്കുന്നവന്റെയോ ആത്മവിശ്വാസമുള്ളവന്റെയോ പരിപാടികളല്ല, നിസ്സഹായനായ കോപിഷ്ഠന്റെയാണു്.
ഈ തെറ്റായ രീതി രാഷ്ട്രീയപ്രവർത്തനത്തിൽ അംഗീകരിക്കുന്നതിന്റെ ഫലംതേടി വളരെ അകലെ പോകണ്ട. ഇന്ത്യാവിഭജനം കഴിഞ്ഞു് ഉണ്ടായ സംഭവം നോക്കുക. മുസ്ലീംകളും ഹിന്ദുക്കളും തമ്മിലുള്ള മത്സരത്തെ അടിസ്ഥാനപ്പെടുത്തി പറഞ്ഞ തെറികളുടെയെല്ലാം പരിണതഫലം അന്നാണനുഭവിച്ചതു്. ഒരു വർഗ്ഗക്കാർ മറ്റു വർഗ്ഗക്കാരുടെ മൂക്കും മുലയും ഛേദിച്ചതും, ബലാൽസംഗം ചെയ്തതും എന്തു രാഷ്ട്രീയ വിജയത്തിനുവേണ്ടിയായിരുന്നു? എന്തു വർഗ്ഗീയ ഗുണത്തിനുവേണ്ടിയായിരുന്നു? സംഭവിച്ചതിതാണു്. ഇരുകൂട്ടരും ന്യായമായ അടിസ്ഥാനത്തിലല്ല നിന്നതു്. അവർക്കു ന്യായമായ യാതൊരു വാദഗതിയും ഇല്ലായിരുന്നു. അതുകൊണ്ടു മ്ലേച്ഛനെന്നും കാഫറെന്നും വിളിക്കുകയല്ലാതെ പരിപാടിയുണ്ടായിരുന്നില്ല. ഇത്തരമൊരു പ്രവർത്തനത്തിൽ പങ്കെടുക്കുന്നവരുടെ മനഃസ്ഥിതി അധഃപതിക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ. ഒരു ജനതയുടെ പുറത്തുകാണുന്ന നിയമങ്ങളും പരിപാടികളും എന്തുതന്നെയായിക്കൊള്ളട്ടെ അവരുടെ യഥാർത്ഥസംസ്കാരമാണു് കാര്യങ്ങളെ നയിക്കുന്നതു്. ഈ വാസ്തവം മനസ്സിലാക്കാതെ തെറികൊണ്ടുമാത്രം ഒരു രാഷ്ട്രം കെട്ടിപ്പടുക്കാമെന്നോ, സാമൂഹ്യവിപ്ലവം നടത്താമെന്നോ വ്യാമോഹിക്കുന്നവരുണ്ടെങ്കിൽ അവർക്കു് അവരുടെ ജോലി അറിഞ്ഞുകൂടാ. അവർ അവരുടെ പരീക്ഷണങ്ങൾ നടത്താൻ മനുഷ്യവർഗ്ഗത്തെ പരീക്ഷണശാലയാക്കുകയാണു്; മനുഷ്യനെ ഗിനിപ്പന്നിയാക്കുകയാണു്. ഭീരുവിനു് വിപ്ലവമുണ്ടാക്കാൻ കഴിവില്ല. മനുഷ്യത്വമില്ലാത്ത ഇരുകാലിമൃഗം ഭൂലോകസ്വർഗ്ഗം സൃഷ്ടിക്കുകയുമില്ല. മനുഷ്യസമുദായത്തെ നന്നാക്കുവാൻ ചുമതലയേല്ക്കുന്നതിനുമുമ്പു് ഒന്നു് വ്യക്തമായി ധരിച്ചിരിക്കണം. സംസ്കാരത്തിന്റേയും മര്യാദയുടേയും ഒരു പൊടി നഷ്ടപ്പെടുത്തിയിട്ടു ലഭിക്കുന്ന സ്വർഗ്ഗം സ്വർഗ്ഗമായിരിക്കുകയില്ല.
രണ്ടുവർഷമായി ഇന്ത്യ ഒരു ഡൊമീനിയനായിട്ടു്, ഇതിനിടയിൽ നമുക്കു കിട്ടിയ രാഷ്ട്രീയപ്രവർത്തനം അഞ്ചുശതമാനം വിമർശനവും തൊണ്ണൂറ്റഞ്ചുശതമാനം തെറിയുമായിരുന്നു. ഇങ്ങനെ രാഷ്ട്രം പണിതുണ്ടാക്കിയാൽ ഭാവി ശോഭനമല്ല. ഹിറ്റ്ലർ നൂറുശതമാനം തെറിയുടെ മുകളിലാണു് രാഷ്ട്രം പണിതതു്. വെറുപ്പു്, വിദ്വേഷം, വഞ്ചന, അസൂയ, കള്ളപ്രചരണം ഇതെല്ലാംകൊണ്ടു് ഹിറ്റ്ലർ തന്റെ രാഷ്ട്രം അലങ്കരിച്ചു. നമുക്കും അതു കൂടിയേ തീരൂ എന്നുണ്ടോ?
ഇത്രയും പറഞ്ഞതിനു് എന്നെ തെറി പറഞ്ഞിട്ടു കാര്യമില്ല. കണ്ണാടി വലിച്ചെറിഞ്ഞാൽ മുഖത്തിന്റെ വൈകൃതം തീരുകയില്ലല്ലോ.
ധിക്കാരിയുടെ കാതൽ 1955.