images/Storck_Harbour_scene.jpg
Southern harbour scene with merchants, a painting by Abraham Storck (1644–1708).
ട്രേഡ്യൂണിയനുകൾ ആവശ്യമാണോ?
സി. ജെ. തോമസ്

ചുറ്റും നടക്കുന്ന പലതും കാണുമ്പോൾ, പ്രത്യേകിച്ചു് യാതൊരു കക്ഷിതാല്പര്യവുമില്ലാത്ത സാധാരണക്കാരനു്, തോന്നിപ്പോകും ട്രേഡ്യൂണിയൻ പ്രസ്ഥാനം ഒരനാവശ്യമാണെന്നു്. അരിയില്ലാതെ വിഷമിക്കുന്ന സമയത്തു് ഒരു ട്രാൻസ്പോർട്ട് പണിമുടക്കു്, വാട്ടർവർക്സ് പണിമുടക്കു്, ശുചീകരണത്തൊഴിലാളികളുടെ വക വേറൊന്നു്, എന്നുവേണ്ട, എന്തെങ്കിലും ഒരു പഴുതുള്ളിടത്തെല്ലാം തൊഴിൽ കുഴപ്പം. ജനസാമാന്യത്തിനു് ഇതുകൊണ്ടു് വന്നുകൂടുന്ന നഷ്ടം എത്രയെന്നു് ആലോചിക്കുക പോലുമില്ല. ഈ പണിമുടക്കുകളിൽ കുറെയൊക്കെ ന്യായങ്ങളും ഉണ്ടായിരിക്കും. പക്ഷേ, എന്നെങ്കിലും തൊഴിൽകുഴപ്പം ഉണ്ടായാൽ ആദ്യത്തെ നടപടി പണിമുടക്കായിരിക്കുന്ന ഒരവസ്ഥവരെ ഈ രംഗം അധഃപതിച്ചിട്ടുണ്ടു്. ഇതു കാണുമ്പോൾ വ്യവസായതൽപരർ പിന്നോട്ടു് മാറുന്നു. യാതൊരു സാമൂഹ്യക്രമത്തിനും പോറ്റാനാവാത്തത്ര ഭാരിച്ച ജനസംഖ്യയുമായി പുരോഗമിക്കാൻ ശ്രമിക്കുന്ന ഒരു ജനതയുടെ ഏകരക്ഷാമാർഗ്ഗം ഇന്നുള്ള വ്യവസായങ്ങൾ കൂടുതലുല്പാദിപ്പിക്കുകയും പുതിയ വ്യവസായങ്ങൾ ആരംഭിക്കുകയും മാത്രമാണു്. പക്ഷേ, മേല്പറഞ്ഞ അന്തരീക്ഷത്തിൽ അതൊന്നും നടക്കുകയില്ല. ഫലമോ, സാമ്പത്തികദുർഘടങ്ങൾ കുറെക്കൂടി മൂർച്ഛിക്കുക. ഈ പരിതഃസ്ഥിതിയിലാണു് ഒരോരുത്തർ ചോദിച്ചുപോകുന്നതു്, ട്രേഡ് യൂണിയൻ വേണോ? എന്നു്. ‘

തീർച്ചയായും’ എന്നാണിതിനു് ഉത്തരം. തൊഴിലാളിയുടെ ലാഭത്തിനു വേണ്ടി മാത്രമല്ല, വ്യവസായവൽക്കരണത്തിന്റെ പുരോഗതിക്കും സാധാരണക്കാരന്റെ താൽപര്യത്തിനും അതു് ഒരുപോലെ ആവശ്യമാണു്. മേല്പറഞ്ഞ കുഴപ്പങ്ങൾക്കു് പരിഹാരം ട്രേഡ്യൂണിയൻ മാത്രമാണു്. കുഴപ്പം കിടക്കുന്നതു് ട്രേഡ്യൂണിയനിലല്ല, അതെന്തിനുവേണ്ടി, എങ്ങിനെ നടത്തുന്നുവെന്നതാണു്. മനുഷ്യൻ മറ്റു മനുഷ്യരെ അടക്കി ഭരിക്കുവാനും മറ്റുള്ളവരെ ചൂഷണം ചെയ്യുവാനും ഉള്ള ദുരാഗ്രഹം ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. പല കാലങ്ങളിൽ ഈ ദുർവാസനയ്ക്കു് പല രൂപങ്ങൾ ഉണ്ടായിരുന്നുവെന്നു മാത്രം. പ്രാചീനകാലങ്ങളിലെ മന്ത്രവാദിപുരോഹിതനും, ഫ്യൂഡൽപ്രഭുവും, വ്യവസായമുതലാളിയും, ഏകാധിപതികളും എല്ലാം ഇതുതന്നെയാണു് ചെയ്തുവന്നിരുന്നതു്. ആ പ്രവണതയെ നിരോധിക്കാനുള്ള ആവശ്യത്തിൽനിന്നാണു് സ്വാതന്ത്ര്യം, ജനാധിപത്യം, നീതി മുതലായ ആശയങ്ങൾ രൂപമെടുത്തതും. ഈ ആശയങ്ങൾതന്നെ, ഇന്നു്, അവയുടെ ഉത്ഭവകാരണങ്ങളെ തോൽപിക്കുവാൻ പ്രയോഗിക്കപ്പെടുന്നു എന്നതാണു് കുഴപ്പം. നാട്ടുമ്പുറങ്ങളിൽ പണ്ടു് ഒരു തരം പ്രമാണിമാരുണ്ടായിരുന്നു. സ്വല്പം പണവും കുറെ ജനസ്വാധീനവും കൈവശമുള്ളവരെ കാട്ടുരാജാക്കന്മാരെന്നും വിളിക്കാറുണ്ടു്. ഗ്രാമീണർ തമ്മിലുള്ള തർക്കങ്ങൾക്കു് മാദ്ധ്യസ്ഥം വഹിക്കുക ഇവരുടെ അവകാശമാണു്. ആരംഭകാലത്തു് അല്പം വിവേകക്കൂടുതൽ കാണിച്ചതോ മറ്റോ ആയിരിക്കാം ഈ സ്ഥാനത്തു് കയറിക്കൂടിയതു്. അവർക്കു് കുറച്ചു ജനസ്വാധീനമുണ്ടാവുകയും പതിവാണല്ലോ. പക്ഷേ, പിൽക്കാലത്തു് വിവേകത്തിന്റെ സ്ഥാനത്തു് ഭീഷണിക്കുള്ള കഴിവു് സ്ഥാനാരോഹണം ചെയ്തു. ‘അയാൾ വിളിച്ചാൽ പത്താളു കൂടും,’ എന്ന പുതിയ മുദ്രാവാക്യത്തിന്റെ അർത്ഥം മേല്പടിയാൻ ഒരു റൗഡിത്തലവനാണെന്നും അയാളെ അനുസരിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്നതാണു് ആരോഗ്യകരം എന്നുമാണു്. പരിണാമത്തിന്റെ ഈ ഘട്ടത്തിൽ അവരുടെ സ്വകാര്യ നീതിന്യായക്കോടതികൾ കാണേണ്ടതു തന്നെയാണു്. വിധി കല്പിക്കുവാനുള്ള പ്രചോദനം പൊരിച്ച കോഴിയും വെള്ളം ചേർക്കാത്ത ചാരായവുമായിരിക്കും. വിധി നടത്താനുള്ള കഴിവിനു് വിധിയുടെ ന്യായാന്യായങ്ങളെക്കാൾ പ്രാധാന്യം കൂടും. (ഇരുകക്ഷികളും ഈ സല്ക്കാരത്തിനു് സംഭാവന ചെയ്യേണ്ടതുമാണു്.) ഭാഷാശാസ്ത്രം ഈ പ്രസ്ഥാനത്തിനാണു് ചട്ടമ്പിത്തരം എന്നു പറയുന്നതെന്നു തോന്നുന്നു. കാലക്രമത്തിൽ ഈ പണി അനശ്വരമായി തുടരുന്നതിനു് ചില പ്രതിബന്ധങ്ങളുണ്ടായി. ഒന്നു്: ന്യായാസനങ്ങളും പോലീസും. നിയമാനുസൃതമായ നിയമപാലനം വന്നതോടെ ഇക്കൂട്ടരുടെ തൊഴിൽ ക്ഷയിച്ചുവെന്നു മാത്രമല്ല, അവർ ജഡ്ജി സ്ഥാനത്തുനിന്നു പലപ്പോഴും പ്രതിസ്ഥാനത്തേക്കിറങ്ങുകയും ചെയ്തു. ഇതിനുംപുറമേ, വല്ലവനും വേണ്ടി റൗഡിത്തരം കാണിക്കാനും അടികൊള്ളാനും ശിഷ്യന്മാർക്കുണ്ടായിരുന്ന ഔദാര്യം വളരെയേറെ കുറഞ്ഞു. അങ്ങിനെ ആ വർഗ്ഗം അന്തർദ്ധാനം ചെയ്യാൻ തുടങ്ങിയപ്പോഴാണു് അതിപ്രധാനമായ ഒരു സംഭവമുണ്ടായതു്— അവരുടെ തൊഴിൽ തുടർന്നു നടത്താനുള്ള ഒരുപായത്തിന്റെ ആവിർഭാവം. എല്ലാവർക്കും ലഭിച്ചുവെന്നല്ല, ചില സമർത്ഥന്മാർക്കെങ്കിലും തുടരാൻ കഴിഞ്ഞുവെന്നർത്ഥം.

ഇതുവരെ ചെയ്തിരുന്നതു് വെറും കൈക്കരുത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അതിനു് ഒരു ഫിലോസഫിയുണ്ടായിത്തീർന്നു. ചില സാമൂഹ്യപ്രവൃത്തികൾ തൊഴിൽബന്ധങ്ങൾ നീതിപൂർവ്വകമാക്കാൻ പരിശ്രമിക്കുന്നതും തൊഴിലാളികൾ സംഘടിക്കുന്നതും ഇക്കൂട്ടർ കണ്ടു. പണ്ടുണ്ടായ വൈരുദ്ധ്യങ്ങളൊക്കെ അവർ മറന്നു; ഉടനെതന്നെ ആ രംഗത്തേക്കു പ്രവേശിച്ചു. പരിചയത്തിന്റെ ഫലമായി സിദ്ധിച്ച സംഘടനാസാമർത്ഥ്യം പ്രയോഗിച്ചു് അവർ ആ രംഗം കൈവശപ്പെടുത്തി. അനുഗാമിവർഗ്ഗത്തിലുള്ള ചില സമർത്ഥന്മാരും യജമാനന്മാരുടെ തൊഴിൽ ആരംഭിച്ചു. റൗഡിത്തംകൊണ്ടു പൈതൃകമായ മുതലുകൾ എല്ലാം പണ്ടേ നശിപ്പിച്ചിരുന്നതുകൊണ്ടു് ഇവരെ മുതലാളിമാരായി ഗണിക്കാമെന്നും ഭയപ്പെടേണ്ടിയിരുന്നില്ല. അങ്ങിനെ വളരെ സാവധാനത്തിൽ തൊഴിലാളിവർഗ്ഗം അവരുടെ താല്പര്യങ്ങൾക്കുവേണ്ടി വളരെ ബുദ്ധിമുട്ടി സംഘടിച്ചുവന്നപ്പോൾ കണ്ടതു് പഴയ ചട്ടമ്പിത്തലവന്മാർ തലപ്പത്തിരിക്കുന്നതാണു്. തൊഴിലാളികളെക്കാൾ ഭംഗിയായി തത്ത്വങ്ങൾ പ്രസംഗിക്കാൻ വശമുണ്ടായിരുന്നതുകൊണ്ടു് അവരെ പുറത്താക്കുകയും എളുപ്പമായിരുന്നില്ല. ചരിത്രപരമായ ഈ വൈകൃതമാണു് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനു് ലഭിച്ച ഏറ്റവും മാരകമായ പ്രഹരം.

ട്രേഡ്യൂണിയൻ ഇല്ലാതിരിക്കുകയല്ല ഇതിനു പരിഹാരം. തൊഴിലാളികളുടെ സ്വന്തം സംഘടന നിലനിൽക്കാത്ത രാജ്യങ്ങളിൽ സ്വാതന്ത്ര്യമോ ജനാധിപത്യമോ കണികാണാനുണ്ടാവുകയില്ല. സോവിയറ്റു യൂണിയന്റെ പ്രചാരകന്മാർ പറയാറുണ്ടല്ലോ അവിടെ പണിമുടക്കിനും മറ്റും ആവശ്യമില്ലെന്നു്. പണിമുടക്കിനു് ആവശ്യം (അവകാശവും) ഇല്ലെങ്കിൽ പിന്നെ എന്തിനാണു് ട്രേഡ് യൂണിയൻ? തൊഴിലാളിയുടെ കാര്യം ആലോചിച്ചു് നിശ്ചയിക്കാൻ സർക്കാരുള്ളപ്പോൾ ഇതൊന്നും വേണ്ടെന്നാണെങ്കിൽ ഈ മരപ്പാവ യൂണിയനുകളും പിരിച്ചുവിട്ടുകൂടേ? അഥവാ മുതലാളിമാരില്ലാത്തതുകൊണ്ടാണു് ഈ വിചിത്ര ധാരണയുള്ളതെങ്കിൽ, കമ്മ്യൂണിസ്റ്റ് എം. പി.-മാരും, കമ്മ്യൂണിസ്റ്റ് മന്ത്രിമാരും ഉള്ള ഇന്ത്യയിലെ ഗവർമ്മെന്റ് വ്യവസായസ്ഥാപനങ്ങളിൽ എന്തിനാണു് ട്രേഡ് യൂണിയൻ? ഇപ്പറയുന്നതെല്ലാം ശുദ്ധഭോഷ്ക്കാണു്. ഗവർമ്മെന്റാണു് ഫാക്ടറിയുടമ എന്നതുകൊണ്ടു് തൊഴിലാളിക്കു് സംഘടന വേണ്ടെന്നില്ല. സോവിയറ്റിൽ അതിനൊന്നും തൊഴിലാളിക്കു് അവകാശമില്ലെന്നേ അർത്ഥമുള്ളു. ജനാധിപത്യവ്യവസ്ഥയിൽ അതെല്ലാം വേണം. സാമ്പത്തിക താൽപര്യങ്ങൾക്കുമാത്രമല്ല, സ്വാതന്ത്ര്യ സംരക്ഷണണത്തിനും അതു് കൂടിയേ കഴിയൂ. ഈ സംഘങ്ങൾ പഴയ ചട്ടമ്പിത്തലവന്മാരുടെ പുതിയ റൗഡി സംഘങ്ങളായിരിക്കരുതെന്നും അവയിൽ ഈ മാന്യന്മാർക്കു് സ്ഥാനം കൊടുക്കരുതെന്നും മാത്രമേയുള്ളു. നമ്മുടെ നാട്ടിൽ ജന്മിത്തംപോയ നമ്പൂതിരിയും അധികാരംപോയ ഇസ്പേഡ് രാജാക്കന്മാരും തറവാടുമുടിച്ച ചട്ടമ്പികളും എല്ലാം ഈ പ്രസ്ഥാനമാണു് തരിശായി കണ്ടെത്തിയതെന്നതാണു് നമ്മുടെ ദൗർഭാഗ്യം. ട്രേഡ് യൂണിയൻ വേണം. കൂടുതൽ വേണം. കൂടുതൽ ശക്തിയുള്ള ട്രേഡ്യൂണിയൻ വേണം. അതു് തൊഴിലാളിയുടെ സ്വന്തമായിരിക്കുകയും വേണം.

അതിൽനിന്നു് പ്രശ്നങ്ങൾ ഉത്ഭവിക്കുകയില്ല എന്നല്ല. ഇന്ത്യയുടെ പദ്ധതികൾ പതുക്കെയേ പുരോഗമിക്കുന്നുള്ളു. പൊതുമേഖലയിലെ വ്യവസായങ്ങളുടെ ഉല്പാദനശക്തി, മുതൽമുടക്കിനോടു് തട്ടിച്ചുനോക്കുമ്പോൾ, കുറവാണു് എന്നെല്ലാം ന്യായമായ പലവിമർശനങ്ങളും കേൾക്കാറുണ്ടു്. സോവിയറ്റ് റഷ്യയിലേയോ ചൈനയിലേയോ പദ്ധതികളാണു് താരതമ്യത്തിനുപയോഗിക്കുന്നതും. പക്ഷേ, ഒന്നുണ്ടു്. ഇവിടെ ഈ പദ്ധതികളിൽ പണിയെടുക്കുന്നവർക്കു് ലഭിക്കുന്ന കൂലിയും ലഭിക്കാത്ത ശിക്ഷയും രാജ്യത്തിലുള്ളതിനോടു് ആരെങ്കിലും തട്ടിച്ചുനോക്കിയിട്ടുണ്ടോ? സൈബീരിയായിലെ ജീവിതവും മഞ്ചൂറിയയിലെ കഴുവേറ്റലും ഭിലായിലെ തൊഴിലാളിക്കു് വിശ്വസിക്കാൻപോലും കഴിയുമോ? അവിടെത്തെപ്പോലെ മർദ്ദിച്ചു് പണിയെടുപ്പിക്കുന്ന വിദ്യ ഈ ജനാധിപത്യരാഷ്ട്രത്തിൽ സാദ്ധ്യമല്ല. ഭക്രാനംഗൽ ജനങ്ങൾക്കുവേണ്ടിയാണു് പണിയുന്നതു്. ജനങ്ങളെ അതിനുമുമ്പിൽ ഹോമിക്കാൻ സാധ്യമല്ല. തൊഴിലാളികളുടെ ജീവിത സൗകര്യവും സ്വാതന്ത്ര്യവും നിലനിറുത്തിക്കൊണ്ടുതന്നെ സാദ്ധ്യമാവുന്നിടത്തോളം പുരോഗതി മതി, പദ്ധതികൾക്കു്. അവന്റെ നാളത്തെ താല്പര്യത്തിനുവേണ്ടിയെന്നു് പറഞ്ഞു് ഇന്നവനെ ബലികഴിക്കുന്ന സമ്പ്രദായം ആരംഭിച്ചാൽ, റഷ്യയിലേതുപോലെ നാല്പതുവർഷം കഴിഞ്ഞും ആ സമ്പ്രദായം തുടരും. പ്രാഥമികമായതു് ഇന്നു ജീവിക്കുന്ന തൊഴിലാളിയുടെ മിനിമം സ്വാതന്ത്ര്യമാണു്. അതു രക്ഷിക്കുവാൻ അവനു് ട്രേഡ്യൂണിയൻ ഉണ്ടായിരിക്കുകയും വേണം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രേഡ്യൂണിയൻ പ്രസ്ഥാനത്തെ വഴിതെറ്റിച്ച പല പ്രേരണകളും ഉണ്ടായിട്ടുണ്ടു്. അവയിൽ മുഖ്യമായതു് തൊഴിലാളി വർഗ്ഗത്തെ അവരുടെ പട്ടാളമാക്കിത്തീർക്കാൻ കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്ന ശ്രമമാണു്. ഇന്ത്യൻ തൊഴിലാളിസംഘടനകൾ സ്ഥാപിച്ചു് പുലർത്തിയ കാര്യത്തിൽ എൻ. എം. ജോഷിയെപ്പോലുള്ളവരാണു് പ്രധാന പങ്കുവഹിച്ചതു്. പക്ഷേ, കമ്മ്യൂണിസ്റ്റുകാർ പല സംഘടനകളും കൈവശപ്പെടുത്തി. എ. ഐ. ടി. യു. സി. തന്നെ അവരുടെ പാവയായിത്തീർന്നു. ഇന്നു് ആ സ്ഥാപനം റഷ്യയ്ക്കു് പ്രചരണം നടത്താനും ഇന്ത്യൻ പഞ്ചവത്സര പദ്ധതി പൊളിക്കാനും മാത്രമുള്ള ഒരു കറക്കുകമ്പനിയായിത്തീർന്നിരിക്കുകയാണു്. എവിടെയെങ്കിലും ഒരു ലാത്തിച്ചാർജ്ജുണ്ടായാൽ ചന്ദ്രഹാസമിളക്കുക പതിവുള്ള എ. ഐ. ടി. യു. സി. കേരള ഗവണണ്മെന്റ് തൊഴിലാളികളുടെ നേരേ പലകുറി തോക്കൊഴിച്ചിട്ടും യുജിയിൽത്തന്നെ കഴിയുകയാണു്. ഇതിനൊക്കെ അവർ ലഹളയുണ്ടാക്കണമെന്നല്ല വാദം. അവരുടെ ഇന്നത്തെ പരമാധികാരം എവിടെയാണു് സ്ഥിതിചെയ്യുന്നതെന്നു് ചൂണ്ടിക്കാണിക്കുക മാത്രമാണു്. ഇങ്ങിനെ തൊഴിലാളിസംഘടനകളെ രാഷ്ട്രീയകക്ഷികളുടെ കരുക്കളാക്കിത്തീർത്താൽ അവയ്ക്കു് നിലനിൽക്കാനുള്ള അവകാശംതന്നെ നഷ്ടപ്പെടും. ജാംഷെഡ്പുരത്തെ പണിമുടക്കുകൊണ്ടു് നാട്ടിലെ സകലപുരോഗതിക്കും ആവശ്യമായ ഒട്ടേറെ ഉരുക്കിന്റെ ഉല്പാദനം തടയാൻ സാധിച്ചുവെന്നുമാത്രമല്ല, തൊഴിലാളിക്കു് യാതൊരു കുഴപ്പവും ഇല്ലാതെ ലഭിക്കുമായിരുന്ന വലിയൊരു തുക നഷ്ടപ്പെടുകയും ചെയ്തു. മൂന്നാറിലെ പേക്കൂത്തു മൂലം കമ്പനിക്കാർക്കല്ല പ്രധാനനഷ്ടം സംഭവിച്ചതു്; തൊഴിലാളിക്കു് കിട്ടേണ്ടിയിരുന്ന അധിക കൂലിയും അതോടൊപ്പം പുകഞ്ഞുപോയി. കുട്ടിക്കുരങ്ങിനെക്കൊണ്ടു് ചോറുമാന്തിക്കുക എന്ന ശൈലിപോലെ ട്രേഡ്യൂണിയനുകളെ ഉപയോഗിക്കുന്നതുമൂലം അവർ ദേശീയതാല്പര്യത്തിനു വിരുദ്ധന്മാരായിത്തീരുന്നുവെന്നു് മാത്രമല്ല, പ്രസ്ഥാനത്തിനുതന്നെ തീരാക്കളങ്കം വരുത്തിവെയ്ക്കുകയും ചെയ്യുന്നു.

ഒരു രാഷ്ട്രീയപ്പാളിച്ചയ്ക്കു് മറുമരുന്നു് മറ്റൊരു രാഷ്ട്രീയപ്പാളിച്ചയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഴിപിഴച്ച നയമായിരിക്കണം ഇന്ത്യൻ നാഷണൽ ട്രേഡ്യൂണിയൻ കോൺഗ്രസ്സിനെ പിന്താങ്ങുവാൻ കോൺഗ്രസ്സിനെ പ്രേരിപ്പിച്ചതു്. പക്ഷേ, എതിർസംഘടനയുമായുള്ള മത്സരത്തിൽ ഇണ്ടക്ക് (INTUC) സംഘടനയും പലപ്പോഴും വഴിപിഴച്ചുപോകുന്നുണ്ടു്. ഇണ്ടക്ക് ഇന്നു് കോൺഗ്രസ്സിനുതന്നെ ഒരു തലവേദനയല്ലയോ എന്നാണെനിക്കു് സംശയം. തൊഴിലാളിതാൽപര്യങ്ങളെ മാനിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയം അംഗങ്ങൾക്കു് വിട്ടുകൊടുത്തു് തൊഴിൽതാൽപര്യങ്ങൾ മാത്രം ശ്രദ്ധിക്കുകയാണു് ട്രേഡ്യൂണിയനു് ഭൂഷണം.

മറ്റൊരു പ്രവണതയും ഭാരതത്തിലുണ്ടു്. ഗാന്ധിശിഷ്യന്മാർ അഹമ്മദാബാദിൽ തുടങ്ങിവെച്ചതാണതു്. ജീവകാരുണ്യപരമായ തൊഴിലാളിപ്രവർത്തനം. ജീവകാരുണ്യം അമൂല്യമായ ഒരു മൂല്യം തന്നെ. സംശയമില്ല. പക്ഷേ, അതിനു് ട്രേഡ്യൂണിയൻ രംഗത്തു് സ്ഥാനമില്ല. ഈ പ്രശ്നത്തെ സമീപിക്കേണ്ടതു് തൊഴിലാളിയുടെ സ്വന്തം കാര്യങ്ങൾ നോക്കാനുള്ള ഒരു സ്ഥാപനം എന്ന മനോഭാവത്തിലാണു്. അതു് തൊഴിലാളിയുടെ സ്വന്തം കാര്യമാണു്. കഴിവുള്ളിടത്തോളം അവൻ തന്നെ അതു നടത്തട്ടെ. ലോകോപകാരികളുടെ മനോഭാവവുമായി ആ രംഗത്തേയ്ക്കിറങ്ങിച്ചെല്ലുന്നവർ അവരുടെ സ്വാശ്രയശീലം നശിപ്പിക്കുകയാണു് ചെയ്യുന്നതു്. കുറേക്കഴിയുമ്പോൾ അവർ അവരുടെ താല്പര്യവും സ്വാതന്ത്ര്യവും എല്ലാം ഏതെങ്കിലും വ്യക്തിക്കോ, കക്ഷിക്കോ പണയപ്പെടുത്തും. തൊഴിലാളികൾക്കു് രാഷ്ട്രീയതാല്പര്യങ്ങൾ ഉണ്ടായിരിക്കും. പക്ഷേ, അവർ തന്നെ നടത്തുന്ന സംഘടനകളാണെങ്കിൽ തൊഴിലിന്റെയും വ്യവസായത്തിന്റെയും പൊതുതാല്പര്യങ്ങളെ തുരങ്കംവെയ്ക്കുന്ന പരിപാടികൾ അവരംഗീകരിക്കയില്ല. ഇന്നുള്ള തൊഴിൽകുഴപ്പങ്ങളിൽ എഴുപത്തഞ്ചു് ശതമാനവും ഒന്നുകിൽ രാഷ്ട്രീയപരിഗണനകൾക്കുവേണ്ടി ആരംഭിക്കപ്പെടുന്നതാണു്. അല്ലെങ്കിൽ രാഷ്ട്രീയ കുത്തിത്തിരുപ്പു് മൂലം പരിഹരിക്കപ്പെടാതെ കിടക്കുന്നതാണു്. ഇതുകൊണ്ടു വന്നുകൂടുന്ന ഭവിഷ്യത്തു് തൊഴിലാളിക്കുതന്നെയാണു്. ഉറച്ച ഒരു ഗവർമ്മെന്റോ, വലിയ ഒരു സൈനികശക്തിയോ, പറക്കും ഗോളങ്ങളോ ഒന്നും തൊഴിലാളിയുടെ താല്പര്യങ്ങളെ സംരക്ഷിക്കുകയില്ല, സമർത്ഥവും ഉറച്ചതുമായ ഒരു വ്യാവസായികപശ്ചാത്തലം മാത്രമാണു് തൊഴിലാളികളുടെ രക്ഷാകേന്ദ്രം. ലക്കും ലഗാനുമില്ലാത്ത തൊഴിലാളിപ്രവർത്തനം അങ്ങിനെയുള്ളൊരവസ്ഥ അസാദ്ധ്യമാക്കിത്തീർക്കുന്നു. വ്യവസായം മന്ദീഭവിക്കുകയും ചെയ്യുന്നു.

ട്രേഡ്യൂണിയനുണ്ടാവുന്നതിൽ ഏറ്റവും സന്തോഷിക്കേണ്ടയാൾ വ്യവസായിയാണു്. ചുമതലാബോധമുള്ള ഒരു യൂണിയനുണ്ടെങ്കിൽ പ്രവർത്തനത്തിൽ എന്താണു് പ്രതീക്ഷിക്കേണ്ടതെന്നു് അയാൾക്കു് മനസ്സിലാക്കാൻ കഴിയും. അതനുസരിച്ചു് ഉല്പാദനമാരംഭിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാം. ആത്മവിശ്വാസത്തോടെ വ്യവസായം ആരംഭിക്കുവാൻ മുടക്കുമുതലോളം തന്നെ ആവശ്യമാണു് സുസംഘടിതമായ ട്രേഡ്യൂണിയനും. മുതലാളിക്കെന്നപോലെ തൊഴിലാളിക്കും, വ്യവസായത്തിനെന്നപോലെ രാഷ്ട്രീയത്തിനും അതു കൂടിയേ കഴിയൂ. അതിനെ വളർത്തേണ്ടതു് രാഷ്ട്രത്തിന്റേയും ഉടമകളുടേയും ചുമതലയാണു്. ഇന്നു് ചിലയിടങ്ങളിൽ കാണുന്നതുപോലെ സ്ഥലത്തെ പ്രധാനചട്ടമ്പിക്കു് പണം പിരിക്കാനും സമരം അഭ്യസിക്കാനും ഉള്ള കളരികളല്ല, രാഷ്ട്രത്തിന്റേയും തൊഴിലാളികളുടേയും താല്പര്യങ്ങളെ ഒരേസമയം പുലർത്തുന്ന തൊഴിലാളിസ്ഥാപനങ്ങൾ.

കേരളഭൂഷണം വിശേഷാൽപ്രതി 1959.

സി. ജെ. തോമസിന്റെ ലഘു ജീവചരിത്രക്കുറിപ്പു്.

Colophon

Title: Tradeunionukal Avasyamano? (ml: ട്രേഡ്യൂണിയനുകൾ ആവശ്യമാണോ?).

Author(s): C. J. Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-07-07.

Deafult language: ml, Malayalam.

Keywords: Article, C. J. Thomas, Tradeunionukal Avasyamano?, സി. ജെ. തോമസ്, ട്രേഡ്യൂണിയനുകൾ ആവശ്യമാണോ?, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Southern harbour scene with merchants, a painting by Abraham Storck (1644–1708). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.