ഓരോ പുതിയ പ്രസ്ഥാനവും ഒരവതാരമാണു്. മലയാളസാഹിത്യത്തിലെ ശ്രദ്ധാർഹമായ ഒരവതാരത്തെപ്പറ്റി പറയാം.
“കവിതയുടെ കൂമ്പടഞ്ഞു”—ഒരു കവി പറഞ്ഞു. ആരും പറഞ്ഞില്ലെങ്കിലും അപ്പോഴേക്കും കഥയുടെ വേരുംകൂടി കരിഞ്ഞിരുന്നു. കവിതകളും കഥകളും ഉണ്ടായില്ലെന്നല്ല, ഉണ്ടായതു മിക്കതും ചാപിള്ളകളായിരുന്നു എന്നാണു വിവക്ഷ. ചരിത്രദൃഷ്ട്യാ മലയാള സാഹിത്യം ഒരന്ധകാരഘട്ടത്തിൽ പ്രവേശിച്ചു. ഉത്തമകവികൾ പലരും അന്തരിച്ചു. പലരും പ്രവർത്തനം നിർത്തി. അവശേഷിച്ചവർ സഹജമായ പദപ്രയോഗവൈദഗ്ദ്ധ്യം പ്രയോഗിച്ചിട്ടും ആത്മാവു വരണ്ടുപോയിരിക്കുന്നതുകൊണ്ടു് ആ ശാഖ പൂത്തില്ല, കാര്യമായി തളിർത്തതുമില്ല. നേരെ മുമ്പു കഴിഞ്ഞുപോയ കാലഘട്ടം ഭാവഗീതത്തിന്റേതായിരുന്നു. മലയാളഭാവഗീതങ്ങൾ ഇതരഭാഷകളിലെ ഗാനങ്ങളിൽനിന്നു കുറച്ചു ഭിന്നമാണു്. ഇംഗ്ലീഷിൽ ഇത്രവരി, ഇന്ന രൂപം എന്നെല്ലാം നിഷ്കർഷയുണ്ടു്. അംഗിയായ രസം പ്രേമമോ ചുരുക്കം ചിലപ്പോൾ ഭക്തിയോ ആയിരിക്കും. ഇവിടെ ദരിദ്രന്റെ യാതനയും, മർദ്ദിതന്റെ അമർഷവും വിപ്ലവകാരിയുടെ വെല്ലുവിളിയുമൊക്കെ ഭാവഗീതങ്ങളായി. രൂപമെന്തായാലും ഈ കാലഘട്ടത്തിൽ റൊമാന്റിസിസം ഒരന്തരീക്ഷമായിരുന്നതുകൊണ്ടു് എല്ലാ കലാസൃഷ്ടികളിലും ഭാവഗീതത്തിന്റെ സ്വഭാവങ്ങൾ കാണാം. ഈ കാലഘട്ടത്തെ പുരോഗമനത്തിന്റെ കാലം എന്നു ചിലർ ഗണിക്കാറുണ്ടു്. പുരോഗമനമെന്നതു് ഒരു സാഹിത്യത്തിലെ ഒരു സാങ്കേതികസംജ്ഞയല്ല, കലയെ രാഷ്ട്രീയച്ചില്ലിൽകൂടി നോക്കിക്കാണുമ്പോൾ തോന്നുന്ന ഒരു വകതിരിവാണു്. അതുകൊണ്ടു് ഈ കാലത്തെ റൊമാൻസിന്റെ കാലം എന്നു പറയുന്നതായിരിക്കും കുറേക്കൂടി ഉത്തമം. മലയാളത്തിൽ റൊമാന്റിക് കവിതവളരെ വിജയപ്രദമായിരുന്നു. ചെറുശ്ശേരിയോടോ എഴുത്തച്ഛനോടോ ചേർന്നു പാടാനുള്ള ഒരു കവി നമുക്കുണ്ടായില്ലെങ്കിലും ഈ കവിത രണ്ടാംതരമെന്നു വിധി കൽപിച്ചുകൂടാ. നമ്മുടെ വർഗ്ഗം തന്നെ തീവ്രവികാരത്തിനടിമയാണു്. ആ സ്ഥിതിക്കു് ഭാവഗീതം രചിക്കുവാനും രസിക്കുവാനും നമുക്കു പ്രത്യേകവാസനയുണ്ടായിരിക്കണമല്ലോ. പക്ഷേ, വികാരത്തിനും ബുദ്ധിക്കുമുള്ള ധർമ്മങ്ങൾ രണ്ടാണു്. വികാരപ്രധാനമായ ഗാനങ്ങൾ താല്ക്കാലികമായി നമ്മെ അനുഭൂതികളുടെ കൊടുമുടികളിലെത്തിക്കും. അതുപോലെത്തന്നെ താഴോട്ടിറക്കുകയും ചെയ്യും. ബുദ്ധിപ്രധാനമായവയാകട്ടെ, ആളിക്കത്തുകയില്ല, ഉമിത്തീപോലെ ശാന്തമായും നിത്യമായും നിരന്തരംദഹിപ്പിക്കുകയേയുള്ളു. ഈ സ്വഭാവം ക്ലാസ്സിസത്തിനുണ്ടു് ക്ലാസിക്കൽ കൃതികളിലും ഇടയ്ക്കിടയ്ക്കു് ഒരു മിന്നലോ, പൊട്ടലോ സംഭവിക്കാം. പക്ഷേ, അതു് അതിന്റെ അടിസ്ഥാനസ്വഭാവമല്ല. ക്ലാസിക്കൽ കല അതിവിശാലമായി ഭൂമിയിൽ അടിറയുറച്ചു സമുദ്രസമാനം സ്ഥിതിചെയ്യുന്നു. റൊമാന്റിസിസമാവടെ, വസന്തത്തിന്റെ കവിൾത്തുടുപ്പാണു്, വർഷകാലത്തിന്റെ മേഘഗർജ്ജനമാണു്. ആ മേഘഗർജ്ജനം കഴിഞ്ഞാൽപ്പിന്നെ എല്ലാം ശാന്തം. ആ ശാന്തതയാണെന്നു തോന്നുന്നു, മുമ്പു പറഞ്ഞ അന്ധകാരം.
കൂമ്പടഞ്ഞു എന്നു പറഞ്ഞ കവിതയിൽ ചിലതെല്ലാം പൊട്ടിമുളച്ചു. എത്രമാത്രം ഉത്കൃഷ്ടമാണെന്നു കാലം വിധിയെഴുതട്ടെ. അവയ്ക്കു് ഇന്നത്തെ ഒഴുക്കുചാലിൽനിന്നു ഭിന്നമായ ഒരു സവിശേഷതയുണ്ടായിരുന്നുവെന്നു നമുക്കംഗീകരിക്കാം. കഥാലോകത്തിലും ഇതിനു സമാനമായി ചില പ്രതിഭാസങ്ങൾ പൊങ്ങിവന്നു. അതിലൊന്നാണു് “കുഞ്ഞമ്മയും കൂട്ടുകാരും”.
ഇന്നത്തെ പ്രസിദ്ധ ചെറുകഥകളെല്ലാം ഒരുവക ഭാവഗീതങ്ങളാണെന്നാണു് എനിക്കു തോന്നിയിട്ടുള്ളതു്. അവയുടെ വികാരവായ്പും ആലേഖ്യരീതിയുമെല്ലാം ഭാവഗീതത്തിന്റേതാണു്. കാലഘട്ടവും ഭാവഗീതത്തിന്റേതുതന്നെ. അവയുടെ ആത്മാവു് റൊമാന്റിസിസമാണു്. പതിവായി കേൾക്കാറുള്ള ഒരു പരാതിയാണു് ഇന്നലത്തെപ്പോലെ നല്ല ചെറുകഥകൾ ഉണ്ടാവുന്നില്ലെന്നു്. കാര്യം വാസ്തവമാണു്. ഒരേ സാഹിത്യകാരനിൽനിന്നുതന്നെ പുറപ്പെടുന്ന കഥകൾ പഴയതിനോളം നന്നാവുന്നില്ല. തകഴിയുടെയും ദേവിന്റെയും കഥകൾ എടുത്തുനോക്കിയാൽ ഇതു സ്പഷ്ടമാകും. കഥയുടെ സുവർണ്ണകാലം കഴിഞ്ഞു. ഇനിയുണ്ടാകില്ലെന്നല്ല, ഇന്നില്ലെന്നുമാത്രം. അവിടവിടെ ഒരു കവിയോ, കഥാകൃത്തോ, നല്ല ഒരു കൃതി രചിക്കുന്നുവെന്നതുകൊണ്ടു് കാലം മാറിയില്ലെന്നില്ല.
പ്രമുഖ സാഹിത്യകാരന്മാരുടെ പ്രായാധിക്യവും മറ്റും ഈ അധഃപതനത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം. അതിൽ കുറേ വാസ്തവമുണ്ടെന്നുതന്നെവയ്ക്കുക. എന്നാൽത്തന്നെപുതിയ എഴുത്തുകാർ എന്തുകൊണ്ടുണ്ടാകുന്നില്ല എന്ന ചോദ്യത്തിനുത്തരമില്ല. നിലവിലുള്ള കലാരീതി അസ്തമിക്കുമ്പോഴാണു് ഇത്തരം കലാദരിദ്രത വന്നുകൂടുക. ഒരു പുതിയ സമ്പ്രദായത്തോടിണങ്ങിച്ചേർന്നുവരാൻ കാലം കുറച്ചെടുക്കും. പരീക്ഷണങ്ങളും കുറെ വേണ്ടിവരും. റൊമാൻസ് അസ്തമിച്ചു. മറ്റെന്തോ ഒന്നുദിക്കുകയാണു്. അതിന്റെ പ്രണേതാക്കൾ ഒരു കാൽ ഇന്നലെയിലും ഒരുകാൽ ഇന്നിലുംവെച്ചു നില്ക്കുന്ന രണ്ടുപേരാണു്—ബഷീറും ഉറൂബും. ആവർത്തനംകൊണ്ടു മനംമടുത്തുപോയ കഥാശൈലിയിൽനിന്നു പൂർണ്ണമായി സ്വാതന്ത്ര്യം നേടിയ ഒരു സമ്പ്രദായം ഇവർ അംഗീകരിച്ചിരിക്കുന്നു. ഈ പുതിയ ലോകത്തിൽ ആദ്യം പ്രത്യക്ഷപ്പെട്ടതു് ബഷീറാണു്. അതിലത്ഭുതമില്ല. ഒന്നാമതു്, ഓരോ കൃതിക്കും പുതുമ വേണമെന്നു് ബഷീർ ശഠിക്കുന്നു. രണ്ടാമതു്, രാഷ്ട്രീയവികാരങ്ങളിൽ മൂക്കറ്റം മുങ്ങിയിട്ടു മുക്തിനേടിയ ആദ്യത്തെ സാഹിത്യകാരൻ ബഷീറാണു്. ഒറ്റക്കണ്ണൻ പോക്കറും, ഉണ്ടക്കണ്ണൻ അന്ത്രുവും, ‘ദുഷിച്ചുനാറിയ സമുദായവ്യവസ്ഥിതിയെ’ അത്ര കാര്യമാക്കാത്തവരാണു്. ബഷീറിന്റെ ആദ്യപരിശ്രമങ്ങളോടടുത്തുതന്നെ ‘താമരത്തൊപ്പി’ എന്ന പരീക്ഷണം നടത്തി. എന്തുകൊണ്ടോ അതുപേക്ഷിച്ചു് ‘കുഞ്ഞമ്മ’യെ സ്വീകരിക്കുകയാണു ചെയ്തതു്. ബഷീറിനു സ്ഥലമുണ്ടു്. ഉറൂബിനുമുണ്ടൊരു സ്ഥലം. ബഷീറിന്റെ കഥകൾ നടന്നതാണെന്നാരും വിശ്വസിക്കണമെന്നദ്ദേഹത്തിനു നിർബ്ബന്ധമില്ല (അതിനുവേണ്ടിയല്ലല്ലോ കഥകളെഴുതുന്നതും). ഉറൂബിനാണെങ്കിൽ കഥയേയില്ല. ചെറുമൻ ചാത്തപ്പൻ ഒരു ചോത്തിയെകെട്ടുന്നു. ചോത്തി പ്രസവിക്കുന്നു. ഇതൊരു കഥയാണോ? പിരിഞ്ഞുകെട്ടി വളഞ്ഞുകുത്തി പമ്പരം കറങ്ങുന്ന കഥകൾ വായിച്ചിട്ടുള്ളവർക്കു് ഈ പുസ്തകം ഒരു മിനക്കേടാണു്. എത്രയോ വിവാഹങ്ങളും പ്രസവങ്ങളും നാട്ടിൽ നടക്കുന്നു! ഈ പുസ്തകത്തിലെ സംഭവങ്ങളെല്ലാം യഥാർത്ഥത്തിൽ നടന്നതായിരിക്കാം. ആ ഗോപാലൻനായരെയും, ശുദ്ധാത്മാവായ നമ്പൂതിരിയെയും മറ്റും അടുത്തുപരിചയം തോന്നുന്നുണ്ടു്. പക്ഷേ, അവരാരും യഥാർത്ഥജീവികളായി തോന്നിയില്ലെന്നുവരാം. എന്താണെന്നുവെച്ചാൽ അനേകകാലമായി നാം പരിചയിച്ച പാത്രചിത്രീകരണസമ്പ്രദായവും മനുഷ്യരെ മനുഷ്യരായി കാണാൻ നമ്മെ കഴിവില്ലാതാക്കിയിരിക്കുന്നു. മുദ്രാവാക്യംകൊണ്ടു മുഖരിതമായ അന്തരീക്ഷത്തിൽ വെറും മനുഷ്യനെ എങ്ങനെ കാണും? ഇവിടെയാണെങ്കിൽ കഥയുമില്ല. പ്രശ്നവുമില്ല. മനുഷ്യരുടെ പ്രധാനകൃഷി രാഷ്ട്രീയമാണെങ്കിൽ ഈ പാത്രങ്ങളൊന്നും യഥാർത്ഥമല്ല. ഇവർക്കു് ഈശ്വരനുണ്ടാക്കിയ മുദ്രകളില്ല, മനുഷ്യനുണ്ടാക്കിയ യുണിഫോറവുമില്ല. മനുഷ്യരെ ചീത്തയാക്കിയ തത്ത്വങ്ങളും മനുഷ്യർ ചീത്തയാക്കിയ തത്ത്വങ്ങളും ഇവിടെയില്ല. ഗോപാലൻനായരുടെ നിഷ്പക്ഷത പിന്തിരിപ്പനും മറ്റുമാവും ചിലർക്കു്. അദ്ദേഹത്തെയാരും ‘മൂരാച്ചി’ മുദ്രകുത്തിയിട്ടില്ലെന്നു കഥാകൃത്തു് അവകാശപ്പെടുന്നുണ്ടു്. അതു സത്യമാണെങ്കിൽ പുരോഗമനത്തിന്റെ ഉടമസ്ഥന്മാർ അദ്ദേഹത്തെ വിപ്ലവത്തിന്റെ ചാണയിൽ ഉരച്ചു നോക്കിയിട്ടില്ലെന്നർത്ഥം. ബഷീറിന്റെ കഥാപാത്രങ്ങൾ ഇടയ്ക്കിടെയെങ്കിലും ‘വിദേശസർക്കാരി’നോടു സമരം ചെയ്യാറുണ്ടു്. ബഷീർ അതിശയോക്തികൊണ്ടു സാധിക്കുന്നതുതന്നെയാണു് ഉറൂബ് നിശ്ശബ്ദതകൊണ്ടു സാധിക്കുന്നതു്. വെറും മനുഷ്യന്റെ ചിത്രീകരണം. ഗോപാലൻനായർ പറയുന്നതുപോലെ ഇതൊന്നും “കല്പിച്ചുകൂട്ടിയല്ല, മനുഷ്യജീവിതത്തിൽ രാഷ്ട്രീയത്തിനുള്ളസ്ഥാനത്തെ അതിരുകടന്നു വളർത്തി, ജീവിതം രാഷ്ട്രീയം മാത്രമാണെന്നുവരുത്തി “അതുകൊണ്ടരിശം തീരാഞ്ഞിട്ടപ്പുരയുടെ ചുറ്റും” മണ്ടിനടന്നു ഒരു കാലഘട്ടത്തിൽ വിവേകമുള്ളവർക്കങ്ങനെയേ എഴുതാവൂ എന്നുമാത്രം. ഗോപാലൻനായർ പറയുന്നു: എനിക്കിതൊന്നും മനസ്സിലാവില്ല. മനുഷ്യന്മാർക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ളപ്പോൾ ഇങ്ങോട്ടുവന്നോളൂ. ഞാനതുചെയ്യാം. ഒരു യവനകവി പാടിയതുപോലെ ഗോപാലൻനായർ ‘വെറുക്കാനല്ല, സ്നേഹിക്കാനാണു ജനിച്ചതു്’. അദ്ദേഹം നന്മയെ കാണുന്നുണ്ടു്. തിന്മയെ കാണുന്നില്ല. അതെല്ലാം അജ്ഞതയാണു്. തെറ്റുംകുറവും അദ്ദേഹത്തെ ക്ഷോഭിപ്പിക്കുകയില്ല. അദ്ദേഹം എപ്പോഴും മനുഷ്യന്റെ പക്ഷത്താണു്. മനുഷ്യനാണു് ഉറൂബിന്റെ ഈശ്വരൻ. മനുഷ്യനെ അദ്ദേഹം അപഗ്രഥിക്കുന്നില്ല. മനുഷ്യനെപ്പറ്റി ചർച്ചചെയ്യുന്നില്ല. മനുഷ്യന്റെ അടിയന്തരാവശ്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നുമില്ല. അദ്ദേഹം മനുഷ്യന്റെ തുലികാചിത്രമെഴുതുകയാണു്. ആ ചിത്രത്തിൽ പല മനുഷ്യരുണ്ടായാലെന്തു്? എല്ലാവരിലും ജ്വലിക്കുന്ന ചൈതന്യമാണു് ഉറൂബിന്റെ മനുഷ്യൻ. അവനെ നിയമങ്ങൾക്കുവേണ്ടി പടച്ചതല്ല. നിയമം കൊണ്ടു് മനുഷ്യനെ അളക്കുകയല്ല, മനുഷ്യനെക്കൊണ്ടു തത്ത്വസംഹിതകളെ അളക്കുകയാണു വേണ്ടതു്. മനുഷ്യനാണു മൂല്യം, മനുഷ്യനാണു ലക്ഷ്യം. മാർഗ്ഗവും മനുഷ്യൻതന്നെ. സമത്വസുന്ദരമായ ഒരു നല്ല നാളേക്കുവേണ്ടി ‘മനുസ്യന്മാരെ’ കൊല്ലാൻ നടക്കുന്ന ആ സാധുവിലും ഉറൂബ് മനുഷ്യത്വം കാണുന്നുണ്ടു്. ഇന്നലത്തെ തത്ത്വസംഹിതയും, ഇന്നത്തെ വിശദീകരണവുമൊന്നും ഉറൂബിനു മനസ്സിലാവുകയില്ല. മതത്തിന്റെയും, വർഗ്ഗസമരത്തിന്റെയും മുകളിലെത്തിയില്ലെങ്കിൽ അബ്ദുൽ റഹിമാനെങ്ങനെ കുഞ്ഞമ്മയുടെ മഞ്ചൽ ചുമക്കും? അവിടെയെങ്ങും ചേരിയും കക്ഷിയും ഒന്നുമില്ല. ഈ അന്താരാഷ്ട്രീയ സ്വഭാവമാണു് ഈ നവീനകഥാപ്രസ്ഥാനത്തിന്റെ ഒരു പ്രധാനസ്വഭാവം.
ഈ ചിന്താഗതിയിൽ നിന്നുത്ഭവിക്കുന്ന ‘വാഴക്കുല’ ചങ്ങമ്പുഴയുടേതിൽനിന്നു വ്യത്യസ്തമായിരിക്കും എന്നു പ്രത്യേകം പറയേണ്ടല്ലോ. ചങ്ങമ്പുഴയുടെ വാഴ ഒരു മർദ്ദിതച്ചേരി നട്ടുവളർത്തിയതാണു്. മാധവിയമ്മയുടെ വാഴ ചൂഷണത്തിന്റെ സന്തതിയാണു്. നാല്പതു വാഴയ്ക്കും സമാവകാശമുള്ള ചാമ്പൽ ഒരു വാഴയുടെ ചുവട്ടിലെത്തിയ വിദ്യ മുത്തപ്പയുടെ പുട്ടിൽ കോഴിമുട്ട ഒളിച്ചുവെച്ച സൈനബയ്ക്കേ വിശദീകരിക്കാനാവൂ. കുല വെട്ടിയതു ക്രൂരനായ മുതലാളിയല്ല. പട്ടിണിക്കാരനായ ഒരു നിർദ്ധനനാണു്. പിൻമുറക്കാർ നടത്തേണ്ട പ്രതികാരമെല്ലാം തേവങ്കര ഭഗവതിക്കു രണ്ടുറുപ്പികയായിട്ടവസാനിക്കുകയും ചെയ്തു. ഇതിൽനിന്നും എന്തു ഗുണപാഠമാണു പഠിക്കാനുള്ളതു്? ഏതു സമരമുന്നേറ്റത്തിനാണിതുത്തേജനം നൽകുന്നതു്? ഏതു സാമൂഹ്യസ്ഥിതിയാണിതു പ്രതിഫലിപ്പിക്കുന്നതു്? ഒരു ചുക്കുമില്ല. ഈ കഥ (ഇതൊരു കഥയാണെങ്കിൽ?) പെരുമ്പറയ്ക്കുപകരം ഉപയോഗിക്കാൻ കൊള്ളില്ല, തീർച്ച.
അങ്ങനെ പ്രശ്നനിരപേക്ഷമായ ഒരു പൊതുജനഡയറിയാണു് ‘കുഞ്ഞമ്മയും കൂട്ടുകാരും.’ അതുകൊണ്ടുതന്നെയാണതു് ആദ്യന്തം ഫലിതമായിരിക്കുന്നതും, കൊടുമ്പിരികൊണ്ട വികാരത്തിനിടയിൽ ചിരിക്കാൻ കഴിയുകയില്ല. റൊമാന്റിസിസത്തിൽ ഫലിതമില്ല. കലാസൃഷ്ടി ഉപന്യാസമാക്കാതിരുന്നാൽ ഫലിതത്തിനു് വേണ്ടത്ര സൗകര്യം കിട്ടും.
ഈ പുസ്തകത്തിലെ ചില പ്രത്യേകതകൾ ക്ലാസ്സിക്കൽ കൃതികൾക്കുണ്ടെന്നു പറഞ്ഞതുകൊണ്ടു് ഇതൊരു ക്ലാസ്സിക്കൽ കൃതിയാണെന്നു വരുന്നില്ല, എങ്കിലും കഥാ-സാഹിത്യപ്രവണതകൾ ക്ലാസ്സിസത്തിന്റെ വഴിക്കാണോ പോകുന്നതു് എന്നൊരു സംശയം തോന്നുന്നുണ്ടു്. ആരറിഞ്ഞു? കലാചരിത്രം ‘ഷെഡ്യൂള’നുസരിച്ചല്ല സഞ്ചരിക്കുന്നതു്.
കഥാകഥനശൈലിയെക്കുറിച്ചു പ്രത്യേകമായിട്ടൊന്നും പറയാനില്ല. നമുക്കു വളരെ പരിചിതമായ ആ ശൈലി എത്ര തുലികാനാമംകൊണ്ടു മറച്ചാലും തിരിച്ചറിയാം. കൊള്ളാവുന്ന കലാകാരന്മാർ കൂലിപ്പണി എടുക്കുന്നതുപോലും സ്വന്തം വ്യക്തിത്വമുപേക്ഷിച്ചു വേണമെന്നു നിർബ്ബന്ധിക്കുന്ന സർക്കാർ, നെഹ്റുവിന്റെ പുസ്തകങ്ങൾതന്നെ കള്ളപ്പേരിൽ പ്രസിദ്ധീകരിക്കാൻ ഉത്തരവു കൊടുത്തേക്കും!
ചിത്രങ്ങളെപ്പറ്റി ഒരു വാക്കു്. കഥാഗ്രന്ഥങ്ങളിൽ ചിത്രങ്ങളുള്ളതു നല്ലതുതന്നെ. പക്ഷേ, ചിത്രകാരൻ പ്രതിഭാശാലിയാണെങ്കിൽ കഥാകൃത്തിനു പരാജയം സംഭവിക്കുമെന്നു് ഓർമ്മിക്കുന്നതു് നന്നു്.
മാതൃഭൂമി ആഴ്ചപ്പതിപ്പു് 7 ഫെബ്രുവരി 1954.
സി. ജെ. വിചാരവും വീക്ഷണവും 1985.
മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.
സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്.
പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.
പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു.