കേരളത്തിലെ യുക്തിവാദപ്രസ്ഥാനത്തിന്റെ ഇന്നത്തെ നായകനെന്നു് നിസ്സന്ദേഹം പറയാവുന്ന ശ്രീ. എം. സി. ജോസഫിന്റെ ലേഖനങ്ങളുടെ ഒരു സമാഹാരമാണു് ‘പുരോഗതി’. ലോകപുരോഗതിയുടെ അനിവാര്യമായ ഒരു ഘടകമാണു് യുക്തിവാദം. പുരോഗതിയുടെ ചരിത്രം അന്വേഷണത്തിന്റെ കഥയാണു്. എന്തിനേയും ചോദ്യംചെയ്യുക, എപ്പോഴും അറിവിന്നുവേണ്ടി പരിശ്രമിക്കുക ഇതാണു് യഥാർത്ഥമായ മാനസികപുരോഗതിയുടെ അടിസ്ഥാനം. എണ്ണമില്ലാത്ത അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിമയായിരുന്നു മനുഷ്യവർഗ്ഗം. കുറെയൊക്കെ ഇന്നും അങ്ങിനെത്തന്നെയാണു്. ഈ ശൃംഖലകളെ പൊട്ടിക്കുന്നതിനു് ശ്രീ. എം. സി. ജോസഫ് ചെയ്തിട്ടുള്ള പരിശ്രമങ്ങളെ കേരളീയർ ഒരുകാലത്തും മറക്കുകയില്ല. ഈ പുസ്തകത്തിൽതന്നെ, ജ്യോതിഷം, ആത്മപീഡ, മതത്തിന്റെ മറവിൽ നടക്കുന്ന പാതകങ്ങൾ എന്നിങ്ങനെ പല വിഷയങ്ങളെ സംബന്ധിച്ചും പ്രതിപാദിച്ചിട്ടുണ്ടു്. ഇവയ്ക്കെല്ലാം നിശ്ചിതമായ ഒരു പ്രയോജനമുണ്ടു്. പക്ഷേ, ‘പുരോഗതി’ എന്ന തലക്കെട്ടിനു് ഈ പുസ്തകത്തിനു് അവകാശമുണ്ടോ എന്നു് പരിശോധിച്ചുനോക്കേണ്ടതാണു്.
അറിവു് ആരംഭിക്കുന്നതു് സംശയത്തിലാണു്. പക്ഷേ, അവസാനിക്കുന്നതു് സംശയത്തിലല്ല. ശ്രീ. എം. സി. ജോസഫ് സംശയത്തിലാണു് ആരംഭിക്കുന്നതു്. അദ്ദേഹം മതത്തേയും, ഇന്നത്തെ സന്മാർഗ്ഗ നീതിയേയും മറ്റും ചോദ്യം ചെയ്യുന്നു. യുക്തിപരമായ ചിന്തകൊണ്ടു് പല അന്ധവിശ്വാസ ഭൂതങ്ങളേയും അദ്ദേഹം ആട്ടിപ്പായിക്കുന്നു. അദ്ദേഹം ചിന്താമണ്ഡലം ശുദ്ധമാക്കി, ചവറും ചപ്പും എല്ലാം തൂത്തുതുടച്ചുകളുഞ്ഞു. പക്ഷേ, തൽസ്ഥാനത്തു് എന്തെങ്കിലും അദ്ദേഹം പ്രതിഷ്ഠിച്ചിട്ടില്ല. അദ്ദേഹം സംശയത്തിൽ ആരംഭിച്ചു. അത്രമാത്രം നല്ലതു്. പക്ഷേ, അദ്ദേഹം യാതൊരു നിശ്ചയത്തിലും എത്തിച്ചേർന്നില്ല. ഏതെങ്കിലും ഒരു തത്ത്വസംഹിതയുടെ അടിമത്വം സ്വീകരിക്കാൻ തയ്യാറില്ലാത്തതുകൊണ്ടാണു് ഒരു നിശ്ചിത ചിന്താസരണിയിലെത്തിച്ചേരാത്തതെന്നദ്ദേഹം സമാധാനം നൽകിയേക്കും. കാരണമെന്തുമായിക്കൊള്ളട്ടെ ‘പുരോഗതി’യുടെ ഉള്ളടക്കം വന്ധ്യമാണു്. അക്കാരണത്താൽതന്നെ അതു് പുരോഗമനസ്വഭാവത്തെ വെടിയുകയും ചെയ്യുന്നു. ആശയവാരത്തിന്റെ കാലത്തോടു് തട്ടിച്ചു നോക്കുമ്പോൾ യുക്തിവാദം പുരോഗമനമാണു്. പക്ഷേ, ശാസ്ത്രയുഗത്തിൽ വെറും യുക്തിവാദം ഗതിരഹിതമാണു്, നിർജ്ജീവമാണു്. അപ്പോൾ ശാസ്ത്രവും യുക്തിവാദവും തമ്മിൽ എന്താണു് വ്യത്യാസം എന്നല്ലേ? അതിന്റെ കഥ തത്ത്വചിന്തയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിത്തീർന്നതിന്റെ കഥയാണു്.
മനുഷ്യൻ തന്റെ ചുറ്റും കാണുന്നതിനെയെല്ലാം നോക്കിക്കണ്ടു. ഇവയെല്ലാം എന്താണെന്നു് അത്ഭുതപ്പെട്ടു. കാഴ്ചയുടെ ആദ്യനിമിഷങ്ങളിൽ സഹജമായ തിമിരബാധ ആദിമമനുഷ്യനെയും ബാധിച്ചിരിക്കണം. അവൻ ഇടിവെട്ടുന്നതു കണ്ടു, ചെടികൾ വളരുന്നതുകണ്ടു, പശുവിനു കിടാവുണ്ടാകുന്നതും, ഇതെല്ലാം അവനെ അമ്പരപ്പിച്ചു. ശാന്തതയോടുകൂടി നോക്കിയിരുന്ന ഇവയുടെ സ്വഭാവങ്ങൾ പഠിക്കുവാൻ ക്ഷമയില്ലാതെ പോയവർ ഇവയുടെയെല്ലാം അസ്തിത്വത്തെത്തന്നെ നിഷേധിച്ചു. ഇല്ലാത്തതിനെപ്പറ്റി അറിയുകസാദ്ധ്യമല്ലല്ലോ. അതുകൊണ്ടു്, അടുത്തപടിയായി അറിവുതന്നെ അസാദ്ധ്യമെന്നും അവർ തീരുമാനിച്ചു; എന്തെങ്കിലും ഉണ്ടു് എന്ന അഭിപ്രായം ഒരു വ്യാമോഹമാണെന്നായി അവരുടെ വാദം. പക്ഷേ, ഇവിടെ ഒരു ബുദ്ധിമുട്ടു് നേരിട്ടു. അഭിപ്രായമായാലും, വ്യാമോഹമായാലും, അതു് തന്നെയെങ്കിലും ഉണ്ടെന്നു് സമ്മതിക്കണമല്ലോ. അതുകൊണ്ടു്, ചിന്തയുണ്ടു്, മനസ്സുണ്ടു് എന്ന അനുമാനത്തിലാണവർ എത്തിച്ചേർന്നതു്. ഇങ്ങിനെയാണു് ഇന്ദ്രിയാനുഭവങ്ങൾകൊണ്ടു് അറിയാൻ കഴിയുന്ന വസ്തുക്കളുടെ അസ്തിത്വത്തെ നിഷേധിക്കുകയും, മനസ്സു്, ആത്മാവു് മുതലായവ ഉണ്ടെന്ന വിശ്വസിക്കുകയും ചെയ്യുക എന്ന വിരോധാഭാസത്തിൽ ചില ചിന്തകന്മാർ എത്തിച്ചേർന്നതു്. ഇവരാണു് ആശയവാദികൾ അഥവാ മായാവാദക്കാർ. ഇടിവെട്ടേറ്റു് ആളിക്കത്തുന്ന കരിമ്പന അവർക്കു് മായയാണു്. പക്ഷേ, ആ ഇടിയുടെ പുറകിലുള്ള ഇന്ദ്രനും, കരിമ്പനയുടെ മുകളിൽ വസിക്കുന്ന യക്ഷിയും, അവളുടെ ജാരനായ ഗന്ധർവ്വനും എല്ലാം യഥാർത്ഥങ്ങളാണു്. ഇങ്ങനെയാണു് ദൈവങ്ങളും അന്ധവിശ്വാസങ്ങളും മതങ്ങളും എല്ലാം ഉണ്ടായിത്തീരുന്നതു്. കാണുന്നതു് വിശ്വസിച്ചുകൂടായെന്നും കാണാത്തതുമാത്രമേ വിശ്വസിക്കാവൂ എന്നും വിശ്വസിക്കുന്ന ഒരു തലതിരിഞ്ഞ നിലയിലെത്തിയ മനുഷ്യനെ പിന്നെ എന്തും ചെയ്യിക്കാൻ കഴിയുന്നതാണു്. പൗരാണികകാലം മുതൽ മന്ത്രവാദിയും, ജോതിഷിയും, പുരോഹിതനും ഇതുകൊണ്ടു് മുതലെടുത്തുകൊണ്ടിരിക്കയാണു്.
ഇതിൽനിന്നു് മനുഷ്യരെ രക്ഷിക്കാൻ ഒരു മാർഗ്ഗം മാത്രമേയുള്ളു. അതു് ഭൗതികലോകത്തിന്റെ അസ്തിത്വം സ്ഥാപിക്കുക എന്നതു മാത്രമാണു്. ഇതിനു് ഒന്നാമതായി അറിവു് സാദ്ധ്യമാണെന്നു് സ്ഥാപിക്കണം. പ്രപഞ്ചത്തിന്റെ പ്രത്യക്ഷരൂപങ്ങളെ സശ്രദ്ധം നോക്കിയിരുന്നു പഠിക്കുവാൻ ക്ഷമയില്ലാതെ പോയവനാണു് ആശയവാദി. ഭൗതികവാദി ക്ഷമയോടെ രൂപങ്ങൾ വ്യക്തമായി കാണുന്നതുവരെ കാത്തിരിക്കുന്നു. ഇടിയുടെ പിറകിൽ വിദ്യുച്ഛക്തിയുണ്ടെന്നു് നിരീക്ഷണംകൊണ്ടു് എടുക്കുകയും, പരീക്ഷണംകൊണ്ടു് തെളിയിക്കുകയും ചെയ്യുന്നവനാണു് ഭൗതികവാദി. അവൻ അറിവു് സാദ്ധ്യമാണെന്നു് പ്രായോഗികമായി തെളിയിക്കുന്നു. രണ്ടാമതായി സ്ഥാപിക്കേണ്ടതു് എന്തെങ്കിലുമൊരു കാര്യം തെളിയിക്കേണ്ട മാർഗ്ഗമാണു്. ഈ മാർഗ്ഗമാണു് യുക്തിവാദം. യുക്തിക്കനുസരണമായി തോന്നുന്നതു് അവൻ സ്വീകരിക്കുന്നു. അല്ലാത്തതിനെ തള്ളുന്നു. ഈ രണ്ടുകാര്യങ്ങൾ സ്ഥാപിക്കുകയാണു്. ഹെറാക്ലിറ്റസ് തുടങ്ങിയുള്ള ഭൗതികവാദികളും, അരിസ്റ്റോട്ടിൽ, വോൾട്ടയർ തുടങ്ങിയ താർക്കികന്മാരും സാധിച്ചതു്. മതത്തിന്റെയും മാമൂലിന്റെയും ചവറ്റുകൊട്ടകളെ ശുചിയാക്കാൻ ഇതുപകരിച്ചു. ഈ പ്രവർത്തിയാണു് ശ്രീ. രാമവർമ്മത്തമ്പാനും, ശ്രീ. അയ്യപ്പനും, ശ്രീ. എം. സി. ജോസഫും കേരളത്തിൽ ചെയ്തതു്. അതുകൊണ്ടുതന്നെ കേരളീയരുടെ ചിന്താഗതിക്കു് യുക്തിയുക്തവും ശാസ്ത്രീയവുമായ ഒരടിസ്ഥാനമിട്ടതും അവരാണെന്നു് പറയാം.
എന്നാൽ, അടിസ്ഥാനം മന്ദിരമല്ല; യുക്തിവാദം ഫിലോസഫിയുമല്ല. ലോകം യഥാർത്ഥമാണെന്നു് പറഞ്ഞതുകൊണ്ടു മാത്രമായില്ല. ലോകത്തിലെ നാനാപ്രത്യക്ഷരൂപങ്ങളുടെ സ്വഭാവംകൂടി മനസ്സിലാക്കേണ്ടതുണ്ടു്. സാധാരണ ഭൗതികവാദി പ്രപഞ്ചത്തെ പദാർത്ഥങ്ങളുടെ ഒരു കൂമ്പാരമായി കണക്കാക്കുന്നു. അതുകൊണ്ടു് അവൻ സംതൃപ്തനുമാകുന്നു. മുമ്പൊരു ഘട്ടത്തിൽ ആശയവാദമുപേക്ഷിച്ചുപോയതുപോലെ ‘കിട്ടിപ്പോയി’ എന്ന ഭാവത്തോടെ ഈ ഘട്ടത്തിൽ കുറെ അന്വേഷകന്മാർ പിരിഞ്ഞുപോകും. ആശയവാദിയുടെ അഭിപ്രായങ്ങളെ തച്ചുടയ്ക്കാൻ കഴിഞ്ഞാൽ അവൻ ചാരിതാർത്ഥനായി. ‘ഒന്നും അറിയാൻ കഴിയുകയില്ല’ എന്ന വാദത്തിനു് അവൻ കൊടുക്കുന്ന മറുപടി, എല്ലാം അറിഞ്ഞുകഴിഞ്ഞു എന്നായിരിക്കും. ഇവർ ലോകത്തെ കണക്കാക്കുന്നതു് ഒരു യന്ത്രമായിട്ടാണു്. യന്ത്രത്തിനു് ചലനമുണ്ടെങ്കിലും മാറ്റമില്ലല്ലോ. അതുകൊണ്ടു് ഇവർ യാന്ത്രികവാദികൾ എന്നറിയപ്പെടുന്നു. നിശ്ചിതമായ ഒരു ഫിലോസഫിയിൽ എത്താത്ത യുക്തിവാദം ഇവിടെയാണു് എത്തിച്ചേരുന്നതു്. ഉദാഹരണത്തിനു് വിധിയെപ്പറ്റി ശ്രീ. എം. സി. ജോസഫിന്റെ അഭിപ്രായം നോക്കുക. മനുഷ്യന്റെ ശക്തിക്കു കീഴടങ്ങാത്തതും, ഇന്നു് അറിവിൽപെടാത്തതുമായ പ്രകൃതിനിയമങ്ങളെ ഇല്ലെന്നു പറയുന്നതു് ആശയവാദത്തിന്റെ മറ്റൊരു പകർപ്പാണു്. വിധിയെ നയിക്കുന്ന ഒരു ശക്തിയും ഇല്ല, കർമ്മവും ഇല്ല. പക്ഷേ, വിധിയെന്നു് ഇന്നത്തെ രീതിയിൽ ഗണിക്കുന്നതു് യാദൃച്ഛികസംഭവങ്ങളെയാണു്. ഇതിനെപ്പറ്റി യാദൃച്ഛികത (chance) എന്നൊരു പ്രതിപാദ്യവിഷയംതന്നെ തത്ത്വചിന്തയിലുണ്ടു്. അതിനും നിയമങ്ങളുണ്ടായിരുന്നേക്കാം. പക്ഷേ, അനുഭവങ്ങൾ ഉണ്ടാകുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ സംഭവം വിധിമാത്രമാണു്. ഇങ്ങിനെ ആപേക്ഷികമായ അർത്ഥത്തിൽ വിധിയുണ്ടെന്നു് പറയുന്നതു് തെറ്റുമല്ല. സ്വന്തം ശക്തിക്കതീതമായ എന്തോ ഒന്നു് എന്നുമാത്രമേ അതിനർത്ഥമുള്ളു. ഇനി ഈ യാദൃച്ഛികസംഭവങ്ങളെയെല്ലാം ബന്ധിച്ചു നിറുത്തുന്ന ഒരു നിയമമുണ്ടെന്നുവന്നാൽ, ആ നിയമം പ്രയോഗിച്ചു് പ്രവചനം സാദ്ധ്യമാക്കിത്തീർക്കാൻ കഴിയുന്നതാണല്ലോ. അങ്ങിനെയെങ്കിൽ ജ്യോതിഷത്തെ അടച്ചു് നിഷേധിക്കുന്നതും ശരിയാണോ? യുക്തിവാദം ഇങ്ങിനെയുള്ള പരസ്പരവൈരുദ്ധ്യങ്ങളിൽ ചെന്നു് ചാടുന്നതിനു് കാരണമുണ്ടു്. സാധാരണ യുക്തിവാദത്തിനു്, അഥവാ യാന്ത്രിക ഭൗതികവാദത്തിനു് പ്രപഞ്ചത്തിലെ പ്രത്യക്ഷരൂപങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന ഒരു വിശ്വാസപ്രമാണമില്ല. ഒരു വിശ്വാസപ്രമാണത്തിലുമെത്തിച്ചേരാതെ മനുഷ്യൻ സംതൃപ്തനാവുകയില്ല. പ്രകൃതിവാസ്തങ്ങളെ വേറെയെടുത്തു് ചിന്തിക്കുന്ന രീതി ആപല്ക്കരമാണു്. ഏതെങ്കിലും ഒരു പ്രേതബാധയുടെ രഹസ്യം ഒരു യുക്തവാദിക്കു് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാൾ ക്രമേണ ആത്മീയത്വത്തിലേക്കു് പോയെയെന്നുവരാം.ചുരുക്കത്തിൽ, എല്ലാ, അറിയാമെന്നും ഒന്നും അറിഞ്ഞുകുടാ എന്നുമുള്ള വാദഗതികൾ ഒരു ചിന്താഗതിയുടെ രണ്ടു രൂപങ്ങൾ മാത്രമാണു്. ഇതിനെല്ലാം കാരണം പുരോഗമനപരമായ ഒരു ഫിലോസഫിയിൽ ചിന്ത എത്തിച്ചേർന്നിട്ടില്ല എന്നതാണു്.
ആദ്യത്തെ ഉപമതന്നെ നമുക്കു തുടരാം. നിരീക്ഷകൻ പ്രപഞ്ചരൂപങ്ങളെ കാണുന്നു. അവയുടെ അസ്തിത്വത്തെ സ്വീകരിക്കുകയും ചെയ്യുന്നു. പിന്നെയും ക്ഷമയോടുകുടി നോക്കിയിരുന്നാൽ മൂന്നു് സ്വഭാവവിശേഷങ്ങൾ കാണാൻ കഴിയുന്നതാണു്. ഒന്നു്, പ്രകൃതിയുടെ ഓരോ ഭാഗവും നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണു്. രണ്ടു്, ഈ ചലനത്തിൽക്കുടി, അവ തമ്മിൽ സുസ്ഥിരമായ ഒരു പരസ്പരബന്ധം പരിപാലിച്ചുപോരുന്നുണ്ടു്. മൂന്നു്, ഈ ചലനം വെറും യാന്ത്രികചലനമല്ല, വിപ്ലവപരമായ മാറ്റമാണു്. ഈ മാറ്റത്തിന്റെ അടിസ്ഥാനം വിരുദ്ധശക്തികളുടെ സംഘട്ടനമാണു്. ഇതു് നിശ്ചിതമായ ഒരു ഫിലോസഫിയാണു്. ഇങ്ങിനെയൊരു നിലപാടിൽ എത്തുന്നതുവരെ സത്യാന്വേഷണം അവസാനിക്കുന്നില്ല; അവസാനിക്കാൻ പാടുമില്ല. അതു് ചിന്തയുടെ അടിമത്വമാണെന്നു് ഗണിക്കുന്നതു് ഒരു വെറും അരാജകമനഃസ്ഥിതിയാണു്. വെറും യുക്തിവാദം മനുഷ്യന്റെ ചങ്ങലകളെ പൊട്ടിക്കാൻ ഉപകരിക്കുന്നു. പക്ഷേ, അവനു് മുന്നോട്ടു് ഓടണമെങ്കിൽ വൈരുദ്ധ്യാധിഷ്ഠിതമായ ഭൗതികസിദ്ധാന്തം കൂടിയേ കഴിയു.
ഈ കുറവു് ശ്രീ. എം. സി. ജോസഫിന്റെ പ്രതിപാദനരീതിയിലും, ചില അഭിപ്രായങ്ങളിലും പ്രതിഫലിക്കുന്നുണ്ടു്. കുറെ ഉപമകൾ പറഞ്ഞു് അവയിൽനിന്നു് ചില അന്ധവിശ്വാസങ്ങളുടെ വിഡ്ഢിത്തം വ്യക്തമാക്കുക എന്നതാണു് ശ്രീ. ജോസഫ് സ്വീകരിച്ചിട്ടുള്ള രീതി. പലപ്പോഴും ഈ കഥകൾ ബാലിശമായിത്തീരുന്നുണ്ടെന്നുള്ളതു് പോകട്ടെ. കഥകൾക്കു് സമയം മുഴുവനും ചെലവാക്കി. തത്ത്വത്തെപ്പറ്റി കാര്യമായിട്ടൊന്നും പറയാതെ വിട്ടുകളയുന്നു എന്നാണെന്റെ പരാതി. എന്തെങ്കിലും ഒരു ചിന്താഗതിയെ ഉദാഹരിക്കുവാൻ കഥകൾ ഉപയോഗിക്കുകയല്ലാതെ, കഥകൾ കോർത്തിടുവാൻ ഒരു ആശയം ഉപയോഗിക്കുന്ന രീതി അത്ര ഉൽകൃഷ്ടമല്ല. ‘ഓങ്കാരം’, ‘കാലികൾ കത്തോലിക്കരാണോ’, ‘ഗോരക്ഷ’ മുതലായ പലതും വളരെ ശക്തിയേറിയ ലേഖനങ്ങളാണു്. അവയെല്ലാംതന്നെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ മാമൂലിന്റെ സംരക്ഷകന്മാരെ വളരെ വെകിളിപിടിപ്പിച്ചിട്ടുണ്ടായിരിക്കണം. ശ്രീ. ജോസഫ് അന്ധവിശ്വാസത്തെയും സംഘടിതമതത്തേയും പറ്റി പറയുന്നതെല്ലാംതന്നെ വാസ്തവങ്ങളാണു്. സംഘടിതമതത്തിന്റെ പിന്തിരിപ്പൻസ്വഭാവം രാഷ്ട്രീയരംഗത്താണു് തെളിഞ്ഞുകാണുന്നതു്. സി. പി. രാമസ്വാമി അയ്യർക്കു് സ്വർണ്ണത്തകിടിൽ മംഗളപത്രം കൊടുത്ത പുരോഹിതവർഗ്ഗം ഇന്നു് തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രക്ഷാധികാരികളായി ഞെളിയുകയാണു്. അവർ കോൺഗ്രസ്സിനെ കമ്മ്യൂണിസത്തിൽനിന്നു് രക്ഷിക്കാനാണത്രേ പരിശ്രമിക്കുന്നതു്. അതെ, ഏതെങ്കിലും ഒരു കാലഘട്ടത്തിൽ കാണുന്നതിൽ ഏറ്റവും പിന്തിരിപ്പൻ ശക്തികളെ താലോലിച്ചു് അതിന്റെ തണലിൽ കഴിഞ്ഞുകൂടുകയാണു് സംഘടിതമതങ്ങൾ ഇന്നുവരെ ചെയ്തിട്ടുള്ളതു്. ഇതു കൊണ്ടുതന്നെയാണു് ഇന്നു് തിരുവിതാംകൂറിൽ കള്ളും തെറിയും കൊണ്ടു് പൊതുയോഗങ്ങൾ പിരിച്ചുവിടുന്ന രീതി ഉത്ഭവിച്ചിരിക്കുന്നതും. ഇത്തരമൊരു പരിതസ്ഥിതിയിൽ ശ്രീ. ജോസഫിന്റെ സേവനം വിലയേറിയതാണു്. മാമൂലിന്റെ അടിമത്വത്തിൽ കിടന്നു് സാന്മാർഗ്ഗിക ബോധവും നീതിനിഷ്ഠയും നശിച്ചു് ഒരു ജനത മൃഗപ്രായമായി തീരാതിരിക്കുവാൻ അത്യാവശ്യമായ ഒന്നാണു് സ്വതന്ത്രചിന്ത. ശ്രീ. കുറ്റിപ്പുഴയുടെ ‘വിചാരവിപ്ലവം’, യശഃശരീരനായ കെ. എസ്. മണിയുടെ ‘സ്വതന്ത്രചിന്ത’ എന്നിങ്ങനെ ചുരുക്കം ചില ഗ്രന്ഥങ്ങളേ മലയാളഭാഷയിൽ ഈ വിഷയത്തെ പുരസ്കരിച്ചെഴുതപ്പെട്ടിട്ടുള്ളൂ. അതുകൊണ്ടു് പുരോഗതിയെയും ഭാഷയിലേക്കു് സ്വാഗതംചെയ്യുവാൻ സന്തോഷമുണ്ടു്. ഒരു കുറവു് ഈ പുസ്തകത്തിനുള്ളതു് ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. നിശ്ചിതമായ ഒരു ഫിലോസഫി ഗ്രന്ഥകാരനുണ്ടായിട്ടില്ല. ഒരു കലാകാരനു വേണമെങ്കിൽ അങ്ങിനെയൊന്നില്ലാതെ രണ്ടാംതരം കലാസൃഷ്ടിയെങ്കിലും നടത്താം. പക്ഷേ, ഒരു ചിന്തകൻ വ്യക്തമായ ഒരു പന്ഥാവില്ലാതെ ചിന്തിക്കുക സാദ്ധ്യമല്ല.
‘പുരോഗതി’യുടെ അവതാരികയിൽ ശ്രീ. എ. ബാലകൃഷണപിള്ള ഉന്നയിച്ചിട്ടുള്ള രണ്ടു് അഭിപ്രായങ്ങളും വിമർശനം അർഹിക്കുന്നവയാണു്. ഒന്നാമതായി ലൈംഗികവിഷയങ്ങളെപ്പറ്റി അദ്ദേഹം പുറപ്പെടുവിക്കുന്ന അഭിപ്രായമാണു്. ലൈംഗികമായ അരാജകത്വം യുക്തിയുക്തമാണെന്നു് തോന്നുന്നില്ല. വർഗ്ഗത്തിന്റെ ആരോഗ്യത്തിനും, സാമുദായിക സൗഹാർദ്ദത്തിനും ആവശ്യമായ ഒരു സന്മാർഗ്ഗനിയമാവലി കൂടിയേതീരൂ എന്നു തോന്നുന്നു. പ്രത്യേകിച്ചും സ്ത്രീ-പുരുഷസംയോഗത്തിൽ (അഥവാ വിവാഹത്തിൽ) വെറും ശാരീരികാനുഭൂതി മാത്രമേ ഉള്ളൂവെന്നു് വാദിക്കുന്ന രീതി യുക്തിവാദത്തിന്റേതല്ല മതത്തിന്റേതാണു് അതുകൊണ്ടുതന്നെയാണു് ജനനനിയന്ത്രണത്തെ എതിർക്കുന്ന മതം തന്നെ ബ്രഹ്മാചാരിത്വത്തെ പൂജിക്കുന്നതും. ഇന്നത്തെ സാന്മാർഗ്ഗികനീതിയിൽ അധികപങ്കും ഭോഷ്ക്കാണെന്നതുകൊണ്ടു് ഏകഭാര്യാവ്രതം നിഷിദ്ധമാണെന്നു് തെളിയുന്നില്ല. രണ്ടാമതു്, റഷ്യ ടോട്ടലിറ്റേറിയൻ സ്റ്റേറ്റാണെന്നു് അദ്ദേഹം പറയുന്നു. തത്ത്വമനുസരിച്ചാണെങ്കിൽ റഷ്യയെപറ്റി അങ്ങിനെ പറയുന്നതു് തെറ്റാണു്. എല്ലാം രാഷ്ട്രത്തിനുവേണ്ടി എന്നും, എല്ലാം സമുദായത്തിനുവേണ്ടി എന്നും ഉള്ള മുദ്രാവാക്യങ്ങൾ തമ്മിൽ രാഷ്ട്രീയരംഗത്തു് വലിയ വൈരുദ്ധ്യമുണ്ടു്.
വിലയിരുത്തൽ 1951.