യശഃശ്ശരീരനായ ശ്രീ. സി. വി. കുഞ്ഞുരാമന്റെ 100-ാം ജന്മദിന സ്മാരകമായി 1970 ഫെബ്രുവരി 21-നു് (1145 കുംഭം 9) മകം നക്ഷത്ര ദിനത്തിൽ ആരംഭിച്ചതാണു് മയ്യനാടു് സി. വി. കുഞ്ഞുരാമൻ മെമ്മോറിയൽ പബ്ളിക്കേഷൻസ്.
ഞങ്ങളുടെ ആദ്യ പ്രസിദ്ധീകരണം ശ്രീ. സി. വി.-യുടെ ബാല്യകാല ജീവിതകഥ തന്നെ ആകട്ടെയെന്നും കരുതി. 1948-ൽ കൊല്ലത്തു നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന ദേശാഭിമാനി വാരികയ്ക്കായി അദ്ദേഹം പ്രത്യേകമായി എഴുതിയതും വാരികയിൽ തുടർച്ചയായി പ്രസിദ്ധപ്പെടുത്തിയിരുന്നതുമാണു അദ്ദേഹത്തിന്റെ ഈ ബാല്യകാല സ്മരണകൾ—“ഞാൻ”.
ശ്രീ. സി. വി. കുഞ്ഞുരാമൻ ആഗ്രഹിച്ചിരുന്നതുപോലെ പുതിയ എഴുത്തുകാർക്കു് പ്രോത്സാഹനം നല്കുന്നതിനും, അവരുടെതുൾപ്പെടെ മലയാളക്കരയിലെ എല്ലാ ഗ്രന്ഥകാരന്മാരുടെയും പുസ്തകങ്ങൾ, സാധാരണക്കാരായ വായനക്കാർക്കു് കൂടി വാങ്ങി വായിയ്ക്കത്തക്കവണ്ണം കുറഞ്ഞ വിലയ്ക്കു് പ്രസിദ്ധീകരിക്കുന്നതിനുമാണു് ഞങ്ങൾ ഉദ്ദേശിക്കുന്നതു്.
ഈ പുസ്തകം കഴിവതും ഭംഗിയാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ടു്. എങ്കിലും ഞങ്ങളുടെ ആദ്യ പ്രസിദ്ധീകരണമെന്ന നിലയ്ക്കു ഇതിൽ കണ്ടേക്കാവുന്ന ന്യൂനതകൾ വായനക്കർ സദയം ക്ഷമിക്കുമെന്നു് വിശ്വസിക്കുന്നു.
ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന ശ്രീ. സി. വി.-യുടെ പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന ആദായം സ്വരൂപിച്ചു് അദ്ദേഹത്തിന്റെ ശാശ്വത സ്മരണയ്ക്കുവേണ്ടി ഒരു ട്രസ്റ്റ് ആരംഭിക്കാനും ആ ട്രസ്റ്റ് വഴി സാമ്പത്തിക ശേഷിയില്ലാത്ത വിദ്യാർത്ഥികൾക്കു് സി. വി.-യുടെ സ്മരണയ്ക്കായി വിദ്യാഭ്യാസ സഹായം നല്കാനും ഞങ്ങൾ തീരുമാനിച്ചിരിക്കയാണു്. ഞങ്ങളുടെ ഈ സംരംഭങ്ങൾക്കു് എല്ലാവരുടേയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നു.
മയ്യനാടു്
പ്രസാധകർ
29-10-70
K. SUKUMARAN B A
KERALA KAUMUDI OFFICE
14-11-1969
My Dear Asokan,
കത്തു കിട്ടി. വളരെ സന്തോഷം. സകല വിജയങ്ങളും നേരുന്നു. അശോകനെങ്കിലും ഇങ്ങനെ അസൽ ബുദ്ധി തോന്നിയല്ലോ…
അശോകന്റെ എല്ലാ സംരംഭങ്ങൾക്കും ഒരിക്കൽ കൂടി വിജയം നേർന്നുകൊണ്ടു്
സ്വന്തം ******
സി. വി. കുഞ്ഞുരാമൻ ഒരു കാലഘട്ടത്തിന്റെ ഞെട്ടലായിരുന്നു. അദ്ദേഹം ജനിച്ചിട്ടു ഇന്നു നൂറു വർഷം തികയുന്നു. അദ്ദേഹം ചരിക്കാത്ത പാതയില്ല. തകർക്കാത്ത അനാചാരമില്ല. ഞങ്ങൾക്കു ഒരു കുടുംബമുണ്ടാക്കിയതു അദ്ദേഹമാണു്. പക്ഷേ, അനുസ്മരണ നിലനിറുത്തണമെന്നു ഞാനുൾപ്പെടെ ആർക്കും തോന്നിയിട്ടില്ല. അതിനു തുനിഞ്ഞ എന്റെ ചിറ്റപ്പൻ ശ്രീ. സീ. വീ. അശോകനോടുള്ള ആദരാഞ്ജലി മാത്രമാണിതു.
കൗമുദി
തിരുവനന്തപുരം
21—2—1970
കെ. ബാലകൃഷ്ണൻ.
സി. വി.-യുടെ മൂന്നാം തലമുറയിൽ കെ. ബാലകൃഷ്ണന്റെ തലമുറയിൽ—പെട്ട എനിക്കു് ഈ പുസ്തകത്തിലെ ഓരോ വാക്കും ഓരോ വാക്യവും നൽകുന്നതു് കൗതുകമുണർത്തുന്ന ഓരോ പുതിയ അറിവാണു്. ഏതാണ്ടൊരു നൂറ്റാണ്ടു മുൻപത്തെ നമ്മുടെ ഗ്രാമീണ ജീവിതം, ആചാരക്രമങ്ങൾ, വിദ്യാഭ്യാസരീതി, വേഷഭൂഷാദികൾ എന്നിങ്ങനെ എന്തെന്തു കാരങ്ങളാണു് മധുരമനോഹരമായ ശൈലിയിൽ ആ വശ്യവചസ്സു് ഈ കൃതിയിൽ പ്രതിപാദിച്ചിട്ടുള്ളതെന്നു നമുക്കു കാണാം.
മലയാളത്തിലെ ഗദ്യ ശൈലിയുടെ രണ്ടു ഭിന്നമുഖങ്ങളെ പ്രതിനിധീകരിക്കുന്നവരാണു് രണ്ടു സീ. വി.-മാർ. പ്രൗഢഗംഭീരമായ ശൈലിക്കു് സി. വി. രാമൻ പിള്ളയും സരസമധുരമായ ശൈലിക്കു സി. വി. കുഞ്ഞുരാമനും. ആ സാരസ്യവും സാരള ്യവും ഈ ചെറുപുസ്തകത്തിലുടനീളം ഒഴുകി നീങ്ങുകയാണു്. നല്ല മലയാളത്തിന്റെ മാതൃകയായി നമ്മുടെ സ്ക്കൂൾകുട്ടികൾ ഇതു് അനുകരിച്ചു പഠിക്കുന്നതു പോലും നല്ലതാണെന്നു് എനിക്കു തോന്നുന്നു—കുട്ടികൾ മാത്രമല്ല, വലിയവരും.
സി. വി. ക്കു് ഏതാണ്ടു് സപ്തതിയോടടുത്തു പ്രായമായകാലത്താണു് (1937–38) ഞാനദ്ദേഹത്തെ നേരിട്ടു കണ്ടു തുടങ്ങിയതു്. വൈകുന്നേരം പതിവായി അദ്ദേഹമിറങ്ങിവന്നു് പേട്ട റയിൽവേ സ്റ്റേഷൻ മൈതാനത്തെ സിമന്റ് ബഞ്ചിലിരിക്കുന്നതു് ഞാൻ അല്പമകലെയിരുന്നു് സകൗതുകം നോക്കിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ സരസ സംഭാഷണത്തിന്റെ ഗതി അടുത്തുണ്ടാവുന്നവരുടെ ഇടമുറിയാത്ത തൂമന്ദഹാസങ്ങളിൽ നിന്നു് ഊഹിക്കാൻ കഴിയുമായിരുന്നു.
എന്റെ പ്രായക്കാർ പ്രൈമറി ക്ലാസ്സുകളിൽ പഠിച്ച മലയാള പുസ്തകങ്ങളിൽ സി. വി. രചിച്ച ഗദ്യപദ്യ പാഠങ്ങൾ പലതുണ്ടായിരുന്നു. ഒരിക്കലും മനസ്സിൽ നിന്നു മായാത്ത ആ പാഠങ്ങളുടെ രചയിതാവു് സി. വി.-യാണെന്നു് വളരെ വർഷങ്ങൾക്കു ശേഷം മാത്രമേ എനിക്കറിയാൻ കഴിഞ്ഞുള്ളു.
സി. വി.-യുടെ ജന്മശതവർഷ സ്മാരകങ്ങളിലൊന്നായി കരുതാൻ സർവ്വഥാ യോഗ്യമാണീ ലഘു ഗ്രന്ഥം. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഇതുപോലെ തേടിപ്പിടിച്ചു പ്രകാശിപ്പിക്കാൻ ആർക്കെങ്കിലും കഴിഞ്ഞെങ്കിൽ എന്നു് എന്നേപ്പോലുള്ളവർ ആത്മാർത്ഥമായിത്തന്നെ ആഗ്രഹിക്കുന്നുണ്ടു്.
കാമ്പിശ്ശേരി കരുണാകരൻ
ജനയുഗം, കൊല്ലം
9-10-1970
മുക്കാൽ നൂറ്റാണ്ടിനു മുമ്പു് ആരംഭിക്കുന്ന ഒരു കഥയാണു് ഞാൻ പറയാൻ ആരംഭിക്കുന്നതു്. അന്നത്തെയും ഇന്നത്തെയും സ്ഥിതികൾക്കു തമ്മിലുള്ള വ്യത്യാസം! ശിവ! ശിവ! എങ്കിലും, അന്നും ഇന്നും എന്നും ഭേദപ്പെടാത്ത നരജീവിത നാടകത്തിന്റെ വ്യത്യാസമില്ലായ്മ! ശിവ! ശിവ!
കൊല്ലം ആയിരത്തിനാല്പത്തിയാറു കുംഭമാസത്തിലെ, തീയതി നിശ്ചയമില്ലാത്ത ഒരു ഞായറാഴ്ചയും മകവും കൂടിയ ദിവസമാണു് ഞാൻ ഭൂലോകജാതനായതു്. അമ്മ പറഞ്ഞും, വളരെ നാൾമുമ്പേ നഷ്ടപ്പെട്ടുപോയ ജാതകം—നഷ്ടജാതകമല്ല—നോക്കിയുള്ള ഓർമ്മകൊണ്ടു് ഇതു പറയുന്നതാണു്. അമ്മയും ജാതകവും അന്നത്തെ പഞ്ചാംഗവും ഇപ്പോൾ ഇല്ലാത്തതുകൊണ്ടാണു് തീയതി നിശ്ചയമില്ലാതെ വന്നതു്. കഥ എഴുതാൻ ആലോചിച്ചുകൊണ്ടു്, എന്റെ ജന്മത്തിൽ സൂതികർമ്മം നടത്തിയ വന്ദ്യവയോധികയോടു് അന്നത്തെ വിശേഷങ്ങൾ ചോദിച്ചറിയാൻ ഞാൻ ശ്രമിക്കാതിരുന്നില്ല. ആ മുത്തശ്ശി ഊഹിച്ചൂഹിച്ചു ചില കാര്യങ്ങൾ പറയുന്നുണ്ടു്. അടുക്കളസ്മൃതിയിലെ ജാതക കർമ്മവിധികൾ പലതും, മറ്റു സ്മൃതികളിലെ വിധികളെപ്പോലെ, വിസ്മൃതിയിലാകാറായിരിക്കുന്ന കാലമാണു്. എങ്കിലും പഴമക്കാർ ചിലതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടായിരിക്കാം. തറവാട്ടിൽ സന്താനം—എന്നു പറഞ്ഞാൽ മലയാള തറവാട്ടിൽ സ്ത്രീ സന്താനം എന്നു് അർത്ഥമാകുമെല്ലൊ—അമ്മയല്ലാതെ ആരും ഇല്ലാതിരുന്നതിനാൽ അമ്മ പെറ്റിട്ടൊരു പെൺകുഞ്ഞിനെ കാണണമെന്നുള്ള മോഹം എല്ലാവർക്കും ഉണ്ടായിരുന്നു. അതിനായി, വഴിപാടുകൾ പലതും നേർന്നു നിന്നിരുന്ന അച്ഛനമ്മാവന്മാർ സൂതികാ ഗൃഹത്തിൽ ഗർഭവ്യാകുലതകൊണ്ടുള്ള കന്ധനം (ഈറ്റ വിളി) കേട്ടു തുടങ്ങിയ ഉടനെ, സന്തതി പെൺകുഞ്ഞു തന്നെ എന്നു് തീർച്ചയാക്കികൊണ്ടു്, “മാപ്പടി”ക്കാൻ മടലുകളുമേന്തി സന്താന ഗോപാലത്തിലെ അർജ്ജുനന്റെ മാതിരി, സന്നദ്ധരായി നിന്നു് നിരാശപ്പെട്ട കഥ മുത്തശ്ശി വിസ്തരിച്ചു പറഞ്ഞു. ചെന്തെങ്ങിലെ കരിക്കും, പൊന്നും ഗോരോചനയും, പഞ്ഞിപ്പാലിനു് ഒരുക്കിവച്ചിരുന്ന കഥയും വിസ്തരിച്ചു, കന്നുമ്മമുറിയിലെ പത്തായത്തിൽ നിന്നും കുഞ്ഞുറുമ്പുകൊച്ചമ്മ, കാക്കവിളക്കുമായി പഞ്ഞി എടുക്കാൻ പോയപ്പോൾ, ഇടുമുടി വീണു കാലിന്റെ കിണ്ണിവിരൽ മുറിഞ്ഞതും, ആ മുറുവിൽകൂടി കിണ്ടി വാലേൽ വെള്ളം ചാടുംപോലെ, “ശൂ”ന്നു് ചോര ചാടുന്നതും മുറിവു വച്ചുകെട്ടാനുള്ള ബദ്ധപ്പാടിൽ അമ്മാവൻ പഴുന്തുണി എടുക്കുന്നതിനു പെട്ടി തുറന്നു, താക്കോലൊടിച്ചതുമായ സംഭവങ്ങളെല്ലാം ഇന്നലെ നടന്നതുപോലെ ചാക്യാരെയും തോൽപ്പിക്കുന്ന ചാതുര്യത്തോടുകൂടി പറഞ്ഞു. ഇവയൊക്കയിലും വിശേഷമായിട്ടൊരു സംഭവമുണ്ടായതു് വിസ്തരിക്കാൻ മുത്തശ്ശിക്കു ചിരികൊണ്ടു് വളരെ വിഷമംനേരിട്ടു.
അമ്മയുടെ ഗർഭകാലത്തു് അമ്മമാർ തമ്മിൽ ലക്ഷണശാസ്ത്രംകൊണ്ടു്, കുഞ്ഞു ആണോ പെണ്ണോ എന്നു വലിയ തർക്കം നടന്നിരുന്നു. സൂതികാ മുത്തശ്ശിയുടെ കുഞ്ഞുണിക്കാളി നാത്തൂൻ വാതു കെട്ടിയിരുന്നതനുസരിച്ചു് കുഞ്ഞു ആണെന്നറിഞ്ഞപ്പോൾ ആ നാത്തൂൻ ഉത്സാഹമായി കുരവയിട്ടു് വായ്മേലോട്ടു കൊണ്ടുപോയി തല മലർത്തി തമ്പലം വിഴുങ്ങിപ്പോയി. കുഞ്ഞൂണിക്കാളി നാത്തൂന്റെ കൊക്കലും കൊരയിലുമെല്ലാം, മുത്തശ്ശി മോണ മുഴുവൻ വിടർത്തി ചിരിച്ചുകൊണ്ടു് അഭിനയിക്കുന്നതു കണ്ടാൽ നടനകല ഭരതമുനി മുത്തശ്ശിയോടു പഠിക്കണമെന്നു് ആരും അഭിപ്രായപ്പെടും. ഇത്രയൊക്കെ കൃത്യമായി സംഗതി ഓർമ്മിച്ചു വച്ചിരുന്ന മുത്തശ്ശിയെ എങ്ങനെ ക്രാസുചെയ്തിട്ടും, തീയതി അറിയാൻ കഴിഞ്ഞില്ല. കുംഭമാസത്തിലെ മകം എന്നു് നക്ഷത്രം നിശ്ചയമുണ്ടെങ്കിലും അന്നു് ചന്ദ്രനെ കണ്ടോ ഇല്ലയോ എന്നു് എത്ര കൃത്തിച്ചു ചോദിച്ചിട്ടും, മുത്തശ്ശിക്കു നല്ല നിശ്ചയമില്ല. കുംഭമകവും, പൂർണ്ണചന്ദ്രനും കൂട്ടുകാരാണന്നു് അറിയുന്ന ജ്യോത്സ്യന്മാരാരും മുത്തശ്ശിയുടെ അജ്ഞതയെ അപഹസിക്കരുതു്. ചന്ദ്രനെ മറക്കുന്നതും നക്ഷത്രത്തെ ഓർമ്മിക്കുന്നതും മുത്തശ്ശിമാരുടെ ഓർമ്മശക്തിയുടെ ഒരു വിശേഷമാകുന്നു.
ജാതകർമ്മം മുതൽ എഴുത്തിനിരുത്തിയകാലം വരെയുള്ള എന്റെ ജീവിതകഥ എത്ര ഓർമ്മിച്ചുനോക്കിയിട്ടും എന്റെ ഓർമ്മയിൽ വരുന്നില്ല. എങ്കിലും ആ അഞ്ചു സംവത്സരവും ഞാൻ ജീവിച്ചിരുന്നു എന്നുള്ളതു് നിശ്ചയംതന്നെ. ഇജ്ജന്മത്തിലെ കഥ തന്നെ ഇങ്ങനെ വിസ്മൃതിയിലാവുമ്പോൾ, അതീതജന്മങ്ങളിലെ കഥകളൊന്നും ഓർമ്മവരാതെ പോകുന്നതു് ന്യായമായ ഒരു ചോദ്യം തന്നെ എന്നു് സമ്മതിക്കാതെ തരമില്ല. എന്റെ ഈ അഞ്ചു കൊല്ലത്തെ ജീവിതം എനിക്കു പ്രത്യക്ഷമായി കണ്ടറിയാൻ ഇടവന്നിട്ടുള്ള മറ്റു കുഞ്ഞുങ്ങളുടെ ജീവിതംപോലെ ആയിരുന്നു എങ്കിൽ, ഏതാണ്ടൊക്കെ ചിലതു ഊഹിച്ചു പറയാൻ കഴിയുന്നതാണു്.
ജന്മാന്തരകർമ്മഫലമായാണോ മനുഷ്യബുദ്ധിക്കു ദുരവഗാഹമായ നിയതിയുടെ നിഗൂഡ കല്പന അനുസരിച്ചോ, “മാതൃകുംഭീനരകേ” കുറയാതെ പത്തു മാസക്കാലം ശംബൂകനെപ്പോലെ തപസ്സു ചെയ്ത ശേഷമാണു് ഞാൻ പുണ്യപൂമാനായി “ഭൂലോകജാതനായതു്” എന്നുള്ളതിനു് സംശയമില്ല. ആ പത്തു മാസക്കാലവും നിശ്വാസനായി നിരാഹാരനായി ഞാൻ ചെയ്ത തപസ്സിനു തുല്യം ഇന്ദ്രിയാനുഗ്രഹത്തോടു കൂടിയ തപസ്സു യാതൊരു താപസനും ചെയ്തിരിക്കയില്ല. എല്ലാ മനുഷ്യരും ചെയ്യുന്ന ഈ തപസ്സിന്റെ യോഗശാസ്ത്രവിധികളൊന്നും ജടാചൂടത്തിന്മേൽ ആലുകുരുത്തിട്ടും താടിയിൽ കുരുവികൂടുകെട്ടിയിട്ടും, അറിയാതിരുന്ന പുരാണ മഹർഷിമാരും തന്നെ അറിഞ്ഞിട്ടുള്ളതല്ല. പതഞ്ജലി മഹർഷിക്കും അതറിഞ്ഞുകൂടാ. അക്കാലത്തെ ബോധാതീതസമാധിക്കു ഭംഗം വരാതെ എന്നെ കാത്തുസൂക്ഷിച്ച ജനനിയെ നമസ്ക്കരിക്കുവാൻ “ആസ്താംതാവദിയം” എന്നു തുടങ്ങുന്ന ശ്ലോകം നിർമ്മിച്ച കവി ഞാനല്ലല്ലോ എന്നുള്ള മനസ്താപം ഈ ജന്മത്തിൽ എന്നെ വിട്ടുപിരിയുന്നില്ല.
ഭൂലോകജാതനായശേഷം ഏതാനും ദിവസത്തേക്കു എന്നെ ആകാശത്തിലോ ഭൂമിയിലൊ ഉള്ള രമണീയങ്ങളായ പ്രകൃതിവിലാസങ്ങളൊന്നും കാണിക്കാതെ സൂതികാഗൃഹത്തിൽതന്നെ ഒരു ബന്ധനസ്ഥനെപ്പോലെ താമസിപ്പിച്ചിരിക്കും എന്നു് ഈറ്റില്ലച്ചട്ടത്തിൽനിന്നു് ഞാൻ ഊഹിക്കുന്നു. എന്നാൽ ആകാശത്തിലും ഭൂമിയിലും ഉള്ള രമണീയ വസ്തുക്കളിൽവച്ചു് ഏറ്റവും രമണീയങ്ങളായവയെ നിർബാധമായി കാണുവാനുള്ള അവസരം അന്നായിരുന്നു എനിക്കു ലഭിച്ചിരുന്നതെന്നു് തോന്നുന്നു. ഗോപസ്ത്രീകളാൽ ലാളിതനായ നന്ദഗോപശിശുവിനും എനിക്കും തമ്മിൽ എന്തായിരുന്നു വ്യത്യാസമെന്നു് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിയുന്നില്ല. ‘വരുന്ന ഗോപാലനിതംബനിനാംകരം പകർന്നു’ അദ്ദേഹം തിളങ്ങിയതുപോലെ ഞാനും എത്രയോ നിതംബനികളുടെ കരകമലങ്ങളിൽ വിളങ്ങിയിരിക്കണം. ശയ്യയിൽ കിടന്നു കൈകാലുകൾ കുടഞ്ഞു കളിച്ചു കൊണ്ടിരുന്ന എന്റെ നയനകുവലയങ്ങളെ എത്രയോ സുന്ദരികൾ അവരുടെ ചന്ദ്രബിംബങ്ങളിൽ നിന്നു് പൂനിലാവുകൾ പൊഴിച്ചു വികസിപ്പിച്ചിരിക്കണം. അവരുടെ പ്രസന്നങ്ങളായ നയനനക്ഷത്രങ്ങളിൽ കൂടി ഞാൻ ബ്രഹ്മാണ്ഡത്തിന്റെ ആഴം അന്നു പക്ഷേ, കണ്ടറിഞ്ഞിരിക്കാം. അമ്മയുടെയോ സഹോദരിയുടെയോ ഹൃദയത്തിൽ നിന്നു് പുറപ്പെടുന്ന അമൃതമയമായ ദിവ്യസ്നേഹമല്ലാതെ ആ സുന്ദര സൂനങ്ങളിൽ ഞാൻ അന്നു് മറ്റൊന്നും കണ്ടിരിക്കയില്ല. ഹാ! എത്ര ദിവ്യവും സുന്ദരവും പരിശുദ്ധവുമായ ഒരു വസ്തുവാണു് മനുഷ്യഹൃദയം. സകല ജീവികൾക്കും സ്വർഗ്ഗാനന്ദം നൽകുന്ന സ്നേഹത്തിന്റെയും കരുണയുടെയും ഒരിക്കലും വറ്റിപ്പോകാത്ത ഉറവകളായിട്ടാണു് ദൈവം അവയെ നിർമ്മിച്ചതു്. ലോകം എന്തെന്നറിയാനുള്ള തന്റേടമുണ്ടാകുന്ന “ജ്ഞാനവൃക്ഷത്തിന്റെ കനി” തിന്നു തുടങ്ങിയ ശേഷമാണു് ശ്രിംഗാര വീരാത്ഭുതാദി മറ്റു രസങ്ങൾകൂടി അതിൽ കലർന്നു് ലോകം ഇപ്പോഴത്തെ ലോകമായതു്.
സുന്ദരിമാരുടെ കരപത്മങ്ങളിലെന്നപോലെതന്നെ “മലമയി”യായ ശയ്യയിലും അഭേദബുദ്ധിയോടുകൂടിത്തന്നെ ഞാൻ പ്രപഞ്ചലീല നടത്തിയിരിക്കണം. മുത്തശ്ശി എന്നെ പാളയിൽ കിടത്തി കുളിപ്പിച്ചപ്പോഴും കൈകാലുകളുടെ വളവുതീർക്കാൻ അവയെ തമ്മിൽ പിണച്ചും തടവും പിഴിച്ചിലും നടത്തിയപ്പോഴും അണ്ണാക്കെടുക്കാൻ വായിൽ വിരലിട്ടു ജിംനാസ്റ്റിക്സ് നടത്തിയപ്പോഴും കുളിപ്പിച്ചെടുത്തു മടിയിൽ വച്ചു് ഉച്ചിയിലൂതിയും മൂക്കിൽ ഊറിയും നീർദോഷം പോക്കിയപ്പോഴും ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ സുഖസ്വപ്നത്തിലെ നിഷ്ടിവനങ്ങളായി അവയെല്ലാം ഞാനും മറ്റുള്ളവരും അന്നുതന്നെ മറന്നുകഴിഞ്ഞിരിക്കുന്നു.
അഞ്ചു വയസ്സുവരെ ഞാൻ അജ്ഞാതവാസമല്ല ചെയ്തതെങ്കിലും അന്നത്തെ എന്റെ ജീവിതകഥ ഓർമ്മിക്കുന്നവരായി ആരും ഇപ്പോൾ ശേഷിച്ചിട്ടില്ല. ആ സ്ഥിതിക്കു് ഓർമ്മിച്ചാൽ വല്ലതും വരുമായിരിക്കുമെങ്കിലും ഞാനും അതു മറന്നു കളയുകതന്നെ ചെയ്യട്ടെ.
“അഞ്ചുവയസ്സിൽ എഴുത്തിനിരുത്തുക”യെന്നുള്ളതു നാന്മറവിധിയോ നാട്ടാചാര മുറയോ എന്നു് എനിക്കു നിശ്ചയമില്ല. എന്നെയും അഞ്ചുവയസ്സിൽതന്നെയാണു് എഴുത്തിനിരുത്തിയതു്. എഴുത്തു തുടങ്ങിയ ഗുരുനാഥൻ പ്രഭാതമായപ്പോൾ തന്നെ കുളിച്ചു കുറികളുമിട്ടു് വീട്ടിനു തെക്കേവശമുള്ള പരദേവതാഗൃഹത്തിന്റെ പൂമുഖത്തെത്തളത്തിൽ എത്തിയിരുന്നു. ആശാൻ അച്ഛന്റെ ഒരു സഖാവായിരുന്നതിനാൽ കൂടെകൂടെ വീട്ടിൽവന്നു് എനിക്കു നല്ല പരിചയമുള്ള ആളായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ ഞാൻ ആശാന്റെ മടിയിൽ കയറി കളിച്ചിട്ടുണ്ടു്. ആശാന്റെ നീണ്ടു കൂർത്ത വസൂരിക്കലകൾകൊണ്ടു മാർദ്ദവമില്ലാതായിത്തീർന്ന മൂക്കുകൊണ്ടുള്ള ചുംബനം ഞാൻ സഹിച്ചില്ലെന്നുള്ള പരിഭവം ഒഴിച്ചു മറ്റെല്ലാം എന്നോടു വാത്സല്യം തന്നെയാണു ആശാനുണ്ടായിരുന്നതു്. ആശാൻ വീട്ടിൽ വന്നാൽ ആശാന്റെ ഓമനക്കുടവണ്ടിയിൽ നിന്നു അല്പമൊഴുകി കീഴോട്ടിറങ്ങിയ മടിക്കുത്തിൽ ചൊരുകിയിട്ടുള്ള വെള്ളി നാരായവും വെള്ളി പിശ്ശാത്തിയും വെള്ളിച്ചുഴിനാരായവും ഉറയോടുകൂടി പിടുങ്ങി എടുത്തു എന്റെ മടിക്കുത്തിൽച്ചൊരുകി ആശാന്റെ ചീനാക്കാലുള്ള ഓലക്കുടയെടുത്തു തോളിൽ വച്ചു് ചൂരൽക്കോലും കരസ്ഥമാക്കി നാലുകെട്ടിലും അടുക്കളയിലും ചെന്നു അമ്മയുടെ മുമ്പാകെ ആശാൻ ചമഞ്ഞു നടക്കുക പതിവായിരുന്നു. അമ്മ എന്റെ ആശാൻ വേഷവും അഭിനയവും കണ്ടു അഭിനന്ദിച്ചു് ചെള്ളയിൽ ഓരോ ഉമ്മ വീതം സമ്മാനം തരികയും പതിവായിരുന്നു. കുഞ്ഞമ്മാവി മറ്റെച്ചെള്ളയിൽ ഒരു ഞെരുടും അതിന്റെ പാടു മാഞ്ഞുപോവാൻ ഒരുമ്മയും തന്നു കൊച്ചാശാൻ എന്ന ബിരുദനാമവും വിളിച്ചു പറഞ്ഞയയ്ക്കും. ഒരു ദിവസം അടുക്കളക്കാരി നങ്ങേലിഅച്ചി അമ്മാവിയുടെ സ്വാതന്ത്ര്യമെടുത്തു ചെള്ളക്കൊന്നു ഞരുടി ഞാൻ പതുക്കെ ചൂരൽക്കോലുകൊണ്ടു് ചന്തിക്കൊന്നു മഴക്കി. നങ്ങേലിഅച്ചിയുടെ കരച്ചിൽകേട്ടു കുഞ്ഞമ്മാവൻ വന്നു കേസുവിസ്തരിച്ചു. എന്നെ കൊണ്ടു ആശാൻ വേഷം അഴിച്ചുവയ്പ്പിച്ചു എങ്കിലും കുഞ്ഞമ്മാവി തന്ന കൊച്ചാശാനെന്ന ബിരുദനാമം റദ്ദുചെയ്യാൻ കുഞ്ഞമ്മാവനു കഴിഞ്ഞില്ല. ആശാൻപോലും എന്നെ കൊച്ചാശാൻ എന്നാണു വിളിച്ചു വന്നതു്.
ആശാൻ വന്ന വിവരം അറിഞ്ഞു ഗണപതിക്കോപ്പു ഒരുക്കിവയ്ക്കാൻ അമ്മയോടു ആജ്ഞാപിച്ചിട്ടു അച്ഛൻ എന്നെയും വിളിച്ചു കുളിക്കാൻ പോയി. അമ്മാവിയുടെയും മറ്റും സഹായത്തോടുകൂടി അമ്മ എല്ലാം വച്ചൊരുക്കി. സ്വർണ്ണംപോലെ തേച്ചുമിനുക്കിയ തളിക, അതിൽ നക്ഷത്രം നുറുങ്ങി വീണതുപോലെ പച്ചരി, തെറ്റി, തുളസി, തുമ്പ മുതലായവകൊണ്ടു അലങ്കരിച്ചു് വൈകുണ്ഠത്തിലെ മണിയറയെ മനോഹരമാക്കുന്ന ഏഴുതിരിയിട്ട നിലവിളക്കു്, തൂശനിലപ്പുറത്തു നിറനാഴി, ഗണപതി ഭഗവാൻ കണ്ടാലുടൻ വയറു നിറയുമാറു കുന്നുകുന്നായി കൂട്ടിയ അപ്പം, അട, മലരു്, കദളിപ്പഴം, നവസുന്ദരിമാരുടെ—വേണ്ട—വേണ്ട—അത്ര ചെറുപ്പത്തിൽ ആ ഉപമയ്ക്കു പ്രസക്തിയില്ലാത്ത ഗൗളിപാത്രക്കരിക്കുകളുടെ കദംബം. ആശാനും എനിക്കും ഇരിക്കുവാൻ മഞ്ഞുകട്ടിപോലെ വെണ്മയേറിയ മടക്കുപുടവ വിരിച്ച ആമക്കുരണ്ടികൾ. കുളിപ്പിച്ചു്, കുറിയിടുവിച്ചു്, പാലയ്ക്കായും മോതിരവും അണിയിച്ചു്, മഞ്ഞപ്പട്ടുടയാടയുമുടുപ്പിച്ചു് അച്ഛൻ എന്റെ കൈയ്ക്കു പിടിച്ചുകൊണ്ടു് മേൽപ്പറഞ്ഞ ഒരുക്കുകളെല്ലാം നിരത്തിവച്ചിരിക്കുന്നതിന്റെ സമീപം ചെന്നു. അമ്മുമ്മയും, അമ്മയും, അപ്പച്ചിയും, അമ്മയുടെ കുഞ്ഞുറമ്പകൊച്ചമ്മച്ചിയും കുഞ്ഞിണിക്കാളി നാത്തൂനും, എന്റെ കുഞ്ഞമ്മാവിയും, സൂതികർമ്മിണി മുത്തശ്ശിയും, സപ്തമാതാക്കളെപ്പോലെ മന്ദഹസിച്ചുകൊണ്ടു അനുഗ്രഹിക്കാൻ നിരന്നുനില്ക്കുന്നുണ്ടു്. കുഞ്ഞമ്മാവി അന്നു മക്കളെപ്പെറ്റില്ലെങ്കിലും എന്നെ കണ്ടാൽ കാളയെകെട്ടി പാലുകറന്നു തരുന്ന വാത്സല്യസ്വഭാവം അവർക്കന്നുമുണ്ടായിരുന്നു. ആ സ്വഭാവ മധുരമായ പുഞ്ചിരിപ്പാലാഴിയിൽ കുഞ്ഞമ്മാവി എന്നെ വീണ്ടുമൊന്നു കുളിപ്പിച്ചു. എന്നൊടൊരുമിച്ചു എഴുത്തു തുടങ്ങുവാൻ കുമരയും, കുഞ്ചാണ്ടിയും, കൊച്ചേരയും, മാതേരും, ഈച്ചമ്പിയും, അവരുടെ അമ്മയച്ഛന്മാരോടൊന്നിച്ചു വന്നിട്ടുണ്ടു്. അവരിൽ ചിലർ ചെറുതിണ്ണയിലും ചിലർ മുറ്റത്തുമായി ആശാന്റെ മുമ്പാകെ “ആചാരംപൊത്തി” നിൽക്കുന്നുണ്ടു്. ശരിയായ വിദ്യാരംഭ ശുഭമുഹൂർത്തം ഒരു നല്ല ജ്യോതിശാസ്ത്രജ്ഞനായിരുന്ന അച്ഛനോടുംകൂടി ചോദിച്ചു തിട്ടംവരുത്തി, ആശാനെഴുനേറ്റു “വരണം കൊച്ചാശാൻ” എന്നു പറഞ്ഞു എന്നെ നോക്കി. മന്ദഹാസ ഗൗരവത്താലോ എന്തോ, അന്നുവരെ ആരുടെ മുമ്പാകെ എന്തു ഗോഷ്ടിയും കാണിക്കുവാൻ കൂസലില്ലാതിരുന്ന എനിക്കു അന്നു ആശാന്റെ അടുക്കൽ കുരണ്ടിപ്പുറത്തു ചെന്നിരിക്കുവാൻ ഒരു സങ്കോചം തോന്നി. ഞാൻ അറച്ചു നിൽക്കുന്നതു കണ്ടു കുഞ്ഞമ്മാവി വന്നു എന്നെ ബലാൽ പിടിച്ചു കുരണ്ടിപ്പുറത്തു കൊണ്ടു ചെന്നിരുത്തി. എന്നെ പിടിച്ചുകൊണ്ടുപോകും വഴിക്കു് ആ അപരാധത്തിനു അരയാലില പോലെ ഒട്ടികിടന്ന കുഞ്ഞമ്മാവിയുടെ വയറ്റിൽ ആയിടെയുണ്ടായ കുടവണ്ടി പുറത്തു ആരും കാണാതെ പതുക്കെ ഒരു അള്ളൽവച്ചു കൊടുത്തു. ആശാൻ തളികയിലിരുന്ന പച്ചരിപ്പുറത്തു “ഹരി” എന്ന അക്ഷരമെഴുതി എന്റെ വിരലുംപിടിച്ചു അതിന്മേൽ എഴുതിച്ചു. ഞാൻ എഴുത്തു തുടങ്ങിയ ഉടനെ കുഞ്ഞമ്മാവി “നാത്തൂനേ കുരവ” എന്നു പറഞ്ഞു കുരവയിടുവാൻ തുടങ്ങി. അമ്മയും അപ്പച്ചിയും കൂടെ തുടങ്ങി. അമ്മുമ്മ—“എന്താടി പെണ്ണേ! പുളികുടിയോ!” എന്നു അമ്മാവി ശാസിച്ചു. ആശാനും ചിരിച്ചു അച്ഛനും ചിരിച്ചു കൂടിയവരെല്ലാവരും ചിരിച്ചു. ചിരി ഒരു പകർച്ച വ്യാധി ആയതുകൊണ്ടു ഞാനും ഭേഷായിട്ടൊന്നു ചിരിച്ചു. കുഞ്ഞമ്മാവിയുടെ മുഖം കുഞ്ഞുറുമ്പക്കൊച്ചമ്മച്ചിയുടെ മുതുകിലൊളിച്ച കഥയും ചിരിയുടെ പൊരുളും പിന്നീടു പലനാൾ കഴിഞ്ഞ ശേഷമേ എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞുള്ളു.
വീട്ടിൽ നിന്നും മുക്കാൽ മൈൽതെക്കുള്ള ഒരു മണൽക്കാട്ടിന്റെ തെക്കേത്തലയ്ക്കൽ ഞാറ, മുള്ളി, കൊട്ട, പാവട്ട, അനിച്ചകം മുതലായവകൊണ്ടു് അവിടവിടെ നിബിഡവും ഇടയ്ക്കിടയ്ക്കു വെൺമണൽ വിരിച്ച വെളിന്തറയോടുകൂടിയതുമായ കുറുങ്കാട്ടിന്റെ നടുവിൽ ഒരു പർണ്ണശാലയുണ്ടായിരുന്നു. തെക്കുവടക്കു ഏഴെട്ടുകോൽ നീളവും അഞ്ചാറുകോൽ വീതിയുമുള്ള ഒരു ആറുകാൽ പന്തൽ മൂന്നു നടുത്തൂണുകളോടുകൂടി ഒൻപതുകാൽ പന്തലായി തറചെയ്യാതെയും അരികിൽ ചുവരില്ലാതെയും നിന്നിരുന്നതിനെയാണു് പർണ്ണശാല എന്നു ഞാൻ പറഞ്ഞതു്. പർണ്ണശാല എന്നു പറഞ്ഞതുകൊണ്ടു പുല്ലുമേഞ്ഞശാല എന്നു തന്നെ അർത്ഥമാക്കണമെന്നില്ലല്ലോ. തെങ്ങും തൃണരാജിയിൽ പെട്ടതാകയാൽ തെങ്ങോല മേഞ്ഞ കുടിലിനും പർണ്ണശാലയെന്ന പേരു് അന്വർത്ഥം തന്നെയാണു്. ഈ പർണ്ണശാലയായിരുന്നു എന്റെ ആദ്യത്തെ സരസ്വതീമഠം. എന്നെ അഞ്ചുവയസ്സിനു എഴുത്തിനിരുത്തിയെങ്കിലും ആറു വയസ്സ് കഴിഞ്ഞു ഏഴാമത്തെ വയസ്സിൽമാത്രമേ ഞാൻ ഈ സരസ്വതീമഠത്തിൽചെന്നു എഴുത്തിനിരുന്നുള്ളു. അഞ്ചാറുമാസക്കാലം അവിടെ എഴുത്തിനിരുന്നു എങ്കിലും ഒരക്ഷരം എന്നെക്കൊണ്ടു് എഴുതിക്കുവാൻ ആശാനു കഴിഞ്ഞില്ല. ചട്ടമ്പിക്കും കഴിഞ്ഞില്ല. ആശാന്റെ പ്രധാന ശിഷ്യന്മാരിൽ ആർക്കും കഴിഞ്ഞില്ല. പ്രമേഹരോഗം ഇല്ലായിരുന്നുവെങ്കിലും അപ്പോഴപ്പോൾ അനുവാദം വാങ്ങി “ഒന്നുക്കു” പോകുന്ന സതീർത്ഥ്യരൊടൊന്നിച്ചു കൂടകൂടെ ഞാനും ഒന്നുക്കു പോയി കൊട്ടയ്ക്കായും, മുള്ളിയ്ക്കായും, ഞാറയ്ക്കായും പറിച്ചുതിന്നു കുറുങ്കാട്ടിൻ നടുവിൽ കൂട്ടുകാരോടു ഒരുമിച്ചു് കൂത്താടി പണ്ടു പണ്ടു കാലത്തു് “സാന്ദീപനീം മുനിംഗത്വം” വിവരിച്ചിരുന്ന ആരണ്യകബാലന്മാരെപ്പോലെ ക്രീഡിച്ചിരുന്നാണു് അക്കാലമത്രയും ഞാൻ പോക്കിയതു്. പർണ്ണശാലാമദ്ധ്യത്തിൽ ഒരാചാര്യ പീഠമുണ്ടു്. മുനിപീഠമല്ല. അതു തറനിരപ്പിൽനിന്നും ഉട്ടച്ചാൺ പൊക്കത്തിൽ കളിമണ്ണുകൊണ്ടു തറ ഉയർത്തി നിലംതല്ലിക്കൊണ്ടു് നിരപ്പാക്കി മെഴുകി, പനംതടുക്കിട്ടു ആശാനിരിക്കാൻ ഒരുക്കിയിരുന്ന ഒരു പീഠമായിരുന്നു. ഏലാൻ കയറുന്നതിനു്, പ്രഭാതമാകുമ്പോൾ മുതല്ക്കേ കുട്ടികൾ ഹാജരാകാറുണ്ടെങ്കിലും ആശാന്റെ വരവിനു ആറേഴുനാഴിക പുലരും. രാവിലെ കുളിച്ചു നെറ്റിയിലും നെഞ്ചത്തും ഭുജങ്ങളിലും ഭസ്മം കുഴച്ചു് ത്രീപുണ്ഡ്രക്കുറികളും വരച്ചു് പഴഞ്ചോറും ശാപിട്ടു് ഇളവെയിലത്തു നടന്നുവരുന്ന ആശാൻ പാഠശാലയിൽ പ്രവേശിച്ചു ആചാര്യവേദിയിൽ ഉത്തരാഭിമുഖനായി നടുത്തൂണിൽ ചാരിയിരുന്നു നടന്നതുമൂലമുണ്ടായ ക്ഷീണം തീർക്കുന്നതിനിടയിൽ അല്പമൊന്നു മയങ്ങിയെന്നും വരാം. ആ മയക്കത്തിൽ നിന്നും വിരമിച്ചാൽ രാമായണവും, ഇരുപത്തിനാലു വൃത്താന്തവും, അമരകോശവും, ബാലപ്രബോധവും, ഉരുവിടുന്ന ശിഷ്യന്മാരെകൊണ്ടു തലെന്നാളത്തപാഠം ചൊല്ലിച്ചു തൃപ്തിപ്പെട്ടുശേഷം പുതിയ പാഠം എഴുതികൊടുക്കുന്ന ജോലിയിൽ ആശാൻ ഒന്നൊന്നരമണിക്കൂർ നേരത്തേയ്ക്കു് ഊർജ്ജിതമായി ഏർപ്പെട്ടിരിക്കും. അതിനുശേഷം ഓരോ വിദ്യാർത്ഥികളേയുംകുറിച്ചു ചട്ടമ്പി ഹാജരാക്കുന്ന ചാർജ്ജ് ഷീറ്റ് അനുസരിച്ചുള്ള കേസുകൾ വിസ്തരിച്ചു് ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചു് തന്മൂലമുണ്ടായ മനഃശല്യത്തെ പോക്കുവാനായി അനന്തര ഭരണകാര്യങ്ങളെല്ലാം ചട്ടമ്പിയെ ഏല്പിച്ചുകൊണ്ടു് ആശാൻ അന്നുച്ചക്കു ഊണിനു ക്ഷണംകിട്ടിയിരുന്ന ഗൃഹസ്ഥശിഷ്യന്റെ വീട്ടിലെക്കു നിഷ്ക്രാന്തനാവുകയും ചെയ്യും. ഉച്ചയ്ക്കു ഊണിനു പോകുവാനുള്ള സമയം അപ്പോഴേയ്ക്കും സമാഗതമാകും. ഉച്ചയ്ക്കു ഊണു മണിക്കണക്കിനു കഴിക്കുന്ന പതിവു് അന്നുള്ള എന്റെ സതീർത്ഥ്യരിൽ ആർക്കും ഉണ്ടായിരുന്നില്ല. അവരിൽ പലരും പള്ളിക്കൂടത്തിനു ചുറ്റുമുള്ള കുറുങ്കാട്ടിൽ നിന്നും കിട്ടുന്ന വന്യഫലങ്ങൾ ഭക്ഷിച്ചും വൃക്ഷഛായകളിൽ കിളിത്തട്ടുകളി, കുടുകുടുകളി, പശുവും പുലിയും കളി, കണ്ണാംപൊത്തൽകളി, വെറ്റകളി മുതലായ വിനോദങ്ങളിൽ ഏർപ്പെട്ടും അഹങ്കരിച്ചു നടക്കും. ശാന്തനായ ചട്ടമ്പി പുളിമാങ്ങാ ധാരാളമുള്ള കാലത്തു വീട്ടിൽ നിന്നും ധാരാളം പുളിമാങ്ങാ കൊണ്ടുവന്നു കുട്ടികൾക്കു സമ്മാനിക്കുന്ന ഒരു സൗജന്യവാരിധിയായിരുന്നു.
ഞാൻ ചിലപ്പോൾ ഉച്ചയ്ക്കു വീട്ടിൽ പോകും. ചിലപ്പോൾ പോകില്ല. പള്ളിക്കൂടത്തിൽ നിന്നും കുറെ അകലെയായി അന്നൊരു പുത്തൻ കുളമുണ്ടായിരുന്നു. അക്കാലത്തു് അതു എന്നും നിർമ്മലജലം നിറഞ്ഞ “പുത്തൻകുളം” തന്നെയായിരുന്നു. ആ കുളത്തിലെ കുളിയും, മലർന്നും കമഴ്‌ന്നും കിടന്നുള്ള നീന്തലും ചങ്ങാതികളുമായി മത്സരിച്ചു മുഖത്തുവെള്ളം തേകിയും മുക്കുളിയിട്ടും ഉള്ള ജലക്രീഡകളും കൊണ്ടു് ഒന്നു രണ്ടുനാഴികനേരം ഒരു ദിവസവും മുടങ്ങാതെ ജലജന്തുക്കളെപ്പോലെ വിഹരിക്കുക പതിവായിരുന്നു. ചട്ടമ്പി സാധുപ്രകൃതിയായിരുന്നതിനാൽ കുളി കുറെക്കടന്നു പോയിരുന്നാൽ തന്നെയും ശാസിക്കുക പതിവുണ്ടായിരുന്നില്ല.
ചട്ടമ്പിയുടെ കീഴിലെ പഠിത്തംത്തന്നെ ഒരു കളിയായിരുന്നു. രാവിലെ എല്ലാ കുട്ടികളും കൂട്ടത്തോടെ ചെന്നു നിലത്തെഴുത്തും എൺചുവടിയും വാക്യവും പരൽപ്പേറും എന്ന മുറയ്ക്കു ഇരുപത്തിനാലു വൃത്തംവരെ ഒരു വായ്പാഠം ചൊല്ലാറുണ്ടു്. വയ്യിട്ടുമുണ്ടു് വായ്പാഠം ഇതൊരു കൂട്ടപാട്ടുപോലെയും പെണ്ണുങ്ങളുടെ കൂട്ടക്കുരവപോലെയും ഉത്സാഹജനകമായ ഒരു വിനോദമായി കഴിഞ്ഞിരുന്നതിനാൽ നിലത്തെഴുതി അക്ഷരമൊന്നും പഠിച്ചില്ലെങ്കിലും “ഹരി ശ്രീ” മുതൽ “സ ഹ ള ഷ ഹരി” വരെ അക്ഷരമാലയും കൂട്ടക്ഷരങ്ങളും “ഒരൊന്നൊന്നു” മുതൽ “പന്തീരൊന്നിപ്പന്ത്രണ്ടു്” വരെ എൺചുവടിയും ഒരു പിശകും തടസ്സവും കൂടാതെ കാണാപാഠം ചൊല്ലുന്നതിനു് ഒന്നുരണ്ടു മാസത്തിനകം ഞാനും വശമാക്കി. ഉപരിപാഠങ്ങളായ വാക്യവും ഇരുപത്തിനാലു വൃത്തവുമൊക്കെ അങ്ങുമിങ്ങും ചില വരികൾ മാത്രമേ ഹൃദിസ്ഥമായുള്ളു. ക്ലാസ്സുമുറയും വ്യവസ്ഥിതിയും ഡിസിപ്ലിനും ഒന്നുമില്ലാതിരുന്നതിനാൽ അക്ഷരമെഴുതി പഠിയ്ക്കുന്നില്ല ഞാനെന്നുള്ള കാര്യത്തിൽ വാത്സല്യംകൊണ്ടോ ഉദാസീനതകൊണ്ടോ ആശാന്റെയാകട്ടെ ചട്ടമ്പിയുടെയാകട്ടെ പ്രത്യേക ദൃഷ്ടിയൊന്നും പതിഞ്ഞിരുന്നില്ല.
ഈ കുടിപ്പള്ളിക്കൂടത്തിൽ എന്റെ സതീർത്ഥര്യായിരുന്നവരിൽ ഒരു കാതിരുകുഞ്ഞു മാത്രം ഇന്നു ജീവിച്ചിരിക്കുന്നുണ്ടു്. ഞങ്ങൾ രണ്ടാളുംകൂടി ഒരു ദിവസം കാണിച്ച കുസൃതിയുടെ ഓർമ്മ, അതുമൂലമുണ്ടായ അത്യാഹിതം നിമിത്തം ഇന്നും എന്റെ മനസ്സിൽ നല്ലപോലെ പതിഞ്ഞുകിടക്കുന്നു. ഇടവപ്പാതിക്കാലം പുത്തൻകുളത്തിൽ വെള്ളം പെരുകിക്കിടക്കുന്നു. നീന്തിക്കളിച്ചു പുളയ്ക്കുവാൻ ഒന്നാംന്തരം അവസരം. ഉച്ചയായിട്ടും ആശാൻ വന്നില്ല. ഉച്ചയ്ക്കുവിട്ടു് ഒട്ടേറെ നേരവും കളിച്ചു് ക്ഷീണിച്ചശേഷവും ആശാൻ വന്നില്ല. ആശാൻ വരാഞ്ഞതുകൊണ്ടു് സമയമാകാതെ പള്ളിക്കൂടം വിടാൻ ചട്ടമ്പി ഒരുങ്ങിയതും ഇല്ല. നേരം വൈകിയെങ്കിൽ ഏടുകെട്ടിപ്പോയി പുത്തൻകുളത്തിൽ മറിയാമെന്നു മോഹിച്ചു വേഗംതന്നെ നേരംപോകുന്നതിനു കാതിരുകുഞ്ഞും ഞാനും കൂടിയാലോചിച്ചു ഒരു സൂത്രം പ്രയോഗിച്ചു. ഒരു കട്ടുറുമ്പും ഒരു പേനും ഒരു കഷണം കരിക്കട്ടയും കൂടി ഒരിലയിൽ പൊതിഞ്ഞുകെട്ടി പള്ളിക്കൂടത്തിന്റെ കന്നിമൂലയിലുള്ള തൂണിന്റെ ചുവട്ടിൽ അളിച്ചുവച്ചു. അങ്ങനെ വയ്ക്കുന്നതു നേരംപോകുന്നതിനുള്ള ഒരു കൈകണ്ട ആഭിചാര പ്രയോഗമാണെന്നായിരുന്നു അന്നത്തെ വിശ്വാസം. അങ്ങനെ ക്ഷുദ്രപ്രയോഗവും ചെയ്തുകൊണ്ടു കാതിരും ഞാനുംകൂടി ഞാറക്കാട്ടിൽ കടന്നു ഞാറപ്പഴവും പറിച്ചുതിന്നു നേരം പോകുന്നോ പോകുന്നോ എന്നു നോക്കിനടന്നു. അപ്പോൾ ഒരു പിശറുവന്നു. ഞങ്ങൾ ക്ഷുദ്രപ്രയോഗത്തിനു അളിച്ചുകുഴിച്ച തൂണിന്റെ ചുവടു വേണ്ടപോലെ ഉറപ്പിച്ചിരുന്നില്ല. എല്ലാവരും പള്ളിക്കൂടം വിട്ടു പുറത്തു കളിച്ചുകൊണ്ടിരുന്ന അവസരമാകയാൽ ഞങ്ങളുടെ പ്രയോഗം ആരും കണ്ടതുമില്ല. പിശറു വന്നപ്പോൾ മഴപേടിച്ചു കുട്ടികളെല്ലാവരും ഓടി പള്ളിക്കൂടത്തിൽ കയറി. പിശറടിച്ചു തൂൺ ഇളകിയിരുന്ന പള്ളിക്കൂടം മറിഞ്ഞു കിഴക്കോട്ടുവീണു. പടിഞ്ഞാറെ വരിയിലിരുന്ന കുട്ടികളൊഴിച്ചു ശേഷം കുട്ടികളെല്ലാം പള്ളിക്കൂടത്തിനകത്തായി. കൈയിലിരുന്ന ഓലകൊണ്ടു് മേലോട്ടു വാരിയിലിട്ടു കുത്തിക്കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയുടെ പിടലിക്കു ഒരു ഉളുക്കുണ്ടായതല്ലാതെ വേറെ കുട്ടികൾക്കാർക്കും ദൈവാധീനംകൊണ്ടു ഉപദ്രവമൊന്നും ഉണ്ടായില്ല. പള്ളിക്കൂടകെട്ടിടം വീണുപോയതിനാൽ പുതുക്കിപ്പണിയുന്നതുവരെ ഏതാണ്ടൊരു മാസക്കാലം ഒഴിവായിട്ടു കഴിഞ്ഞുകൂടി. ഈ ഒഴിവുകഴിഞ്ഞപ്പോൾ എന്നെ ഈ പള്ളിക്കൂടത്തിൽനിന്നും ഒരു കാൽനാഴിക പടിഞ്ഞാറു അയിടയ്ക്കു് വേറൊരു രീതി വിദ്യാഭ്യാസം നടത്തിവന്ന ലണ്ടൻമിഷ്യൻ വക പള്ളിക്കൂടത്തിലേക്കു മാറ്റി.
ലണ്ടൻമിഷൻ സൊസൈറ്റി വക “ധർമ്മപ്പള്ളിക്കൂടം” വെറും പള്ളിക്കൂടംമാത്രം ആയിരുന്നില്ല. അതു പള്ളിയുമായിരുന്നു, പള്ളിക്കൂടവുമായിരുന്നു. മരണസംബന്ധമായ അവസാന പൂജകളും, ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കുന്നതിനുള്ള മംഗല്യധാരണ മംഗളകർമ്മവും, ഒരു പ്രൊട്ടസ്റ്റന്റു പള്ളിസംബന്ധിച്ചു നടത്തിവരാറുള്ള മറ്റു സകല മതകർമ്മങ്ങളും ഈ പള്ളിക്കൂടപ്പള്ളിയിൽവച്ചു നടത്തിവന്നിരുന്നു. ശ്മശാനം പള്ളിയിൽ നിന്നും വളരെ അകലെയായിരുന്നതിനാൽ പള്ളിയും പള്ളിക്കൂടവുമായി കൈകോർത്തി പിടിച്ചുപോകുന്നതിനാൽ യാതൊരു ആലവാതിയും അന്നു ആർക്കുമുണ്ടായിരുന്നില്ല.
പള്ളിക്കൂടം കിഴക്കുപടിഞ്ഞാറു് ഉദ്ദേശം ഒരു പതിനാറുകോൽ നീളം, എട്ടുകോൽ വീതിവരുന്ന ഒരൊറ്റ ഹാൾ. ഭിത്തിക്കു പതിനഞ്ചടിയിൽ കുറയാതെ പൊക്കം. ഒരു കുട്ടിയാനയ്ക്കു കടക്കുവാൻ തക്കവാതിലുകൾ അതിനൊത്ത ജന്നലുകൾ അകത്തു കയറിയാൽ അകവും പുറവും ഒന്നുപോലെ എന്നല്ലാതെ കാറ്റിനോ വെളിച്ചത്തിനൊ യാതൊരു കുറവും ഉണ്ടായിരുന്നില്ല. പടിഞ്ഞാറെ അറ്റം അർത്ഥചന്ദ്രാകൃതിയിൽ തറനിരപ്പിൽനിന്നു അല്പം ഉയർന്നു് ഒരു പ്രസംഗവേദിയുണ്ടു്: അതിനു “പുൾപിറ്റു്” എന്നായിരുന്നു പേരു്. പുൾപിറ്റിന്റെ മുൻവശം നല്ലമരംകൊണ്ടു കടഞ്ഞ ക്രാസുകൾ നിറുത്തി അലങ്കരിച്ചിട്ടുണ്ടു്. അതിന്റെ മീതെ ഒരു പുസ്തകം ഇരുന്നിരുന്നു. ഒരു നൂറുപണത്തിന്റെ ഇരണിയൽനേര്യതു് അടുക്കിക്കെട്ടിയ കച്ചക്കെട്ടിന്റെ വലിപ്പത്തിൽ ഒരു പുസ്തകം മൂന്നുഅരികും നല്ല ഭംഗിയായി വെട്ടിമിനുസപ്പെടുത്തി ഗിൽറ്റു പിടിപ്പിച്ചിരിക്കുന്നു. നാലാമത്തെ വശമായ ചുവട്ടിൽ നല്ല സൂര്യപടം പോലെ മിനുസമുള്ള ശീമത്തുകലിൽ അരുമ്പുമണി വച്ചതുപോലെ ഗിൽറ്റു അക്ഷരങ്ങളിൽ പുസ്തകത്തിന്റെ പേരും എഴുതിയിരിക്കുന്നു. “സത്യവേദ” പുസ്തകമാണു്. അതിൽ “അജ്ഞാനിക്കുട്ടികൾ” ആരും തൊട്ടുകൂടാ. അബദ്ധത്തിൽ തൊട്ടുപോയി എങ്കിൽ ഉടൻതൊട്ടു നെഞ്ചിലും നെറ്റിയിലും വച്ചു ക്ഷമാപണം ചെയ്യണം. ആശാനും ഉപദേശിയാരുമല്ലാതെ മറ്റാരും പുൾപിറ്റിൽ കയറിക്കൂടാ. പള്ളിക്കൂടത്തിന്റെ ഭിത്തികളും തറയും നല്ലഭംഗിയായി കുമ്മായമിട്ടു വെടിപ്പാക്കിയിട്ടുണ്ടു്. കുട്ടികൾക്കിരിക്കാൻ ഒഴിച്ചിട്ട ബഞ്ചുകൾ കൂടാതെ ഒട്ടുവളരെ ബഞ്ചുകൾ ഒരറ്റത്തു അടുക്കിവച്ചിരിക്കുന്നു. അതു് ഞായറാഴ്ച പ്രാർത്ഥനയ്ക്കും മറ്റും സ്ത്രീപുരുഷന്മാർക്കു ഇരിക്കുവാനാണു്. പള്ളിക്കൂടത്തിന്റെ നേരെവടക്കതിൽ ആൾപ്പാർപ്പുണ്ടു്. മറ്റു മൂന്നുവശങ്ങളിലും കുടിപള്ളിക്കൂടത്തിന്റെ പരിസരങ്ങളിൽ കണ്ടതുപോലെയുള്ള കാടാണു്. കാട്ടുമുല്ല ധാരാളമായി കാടുകളിൽ പടർന്നുകിടന്നിരുന്നു എന്നൊരു വിശേഷംകൂടി പറയുവാനുണ്ടു്.
ഇങ്ങനെയൊക്കെയിരിക്കുന്ന ധർമ്മപ്പള്ളിക്കൂടത്തിലാണു് ഞാൻ രണ്ടാമതു പ്രവേശിച്ചതു്. പള്ളിക്കൂടം കണ്ടപ്പോൾ തന്നെ ഒരു സന്തോഷം. അകത്തു കയറി വെള്ളയും കുമ്മായവുമിട്ട തറകണ്ടപ്പോൾ ആ തറയിലിരുന്നു എഴുത്തു് നിലത്തെഴുതി പഠിക്കുവാൻ ഒരു കൗതുകം താനെതന്നെ തോന്നി. എന്നെ പള്ളിക്കൂടത്തിൽ ചേർപ്പിക്കുന്നതിനു അച്ഛനുംകൂടി വന്നിരുന്നു. ഞങ്ങൾ ചെന്നപ്പോൾ ആശാൻ വന്നിട്ടില്ല. കുട്ടികൾ കുടിപ്പള്ളിക്കൂടത്തിലെപ്പോലെ തന്നെ പള്ളിക്കൂടത്തിന്റെ നാലുവശവും കടന്നു കോലാഹലംകൂട്ടി കൂത്താടുന്നു.
അഞ്ചുമിന്നിട്ടു കഴിഞ്ഞപ്പോൾ പെട്ടന്നു ആശാൻ വന്നുകയറി. കുട്ടികൾ കൂട്ടത്തോടെ അകത്തുകയറി ഒന്നിച്ചൊരു സലാം. സർവത്ര ശാന്തമായി. കുറെകുട്ടികൾ ബഞ്ചിലും കുറെ കുട്ടികൾ നിലത്തും ഇരിക്കുന്നു. എന്റെ പേരും മറ്റും രജിസ്റ്ററിൽ ചേർത്തിട്ടു് എന്നോടു നിലത്തിരിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ പോയിരിക്കുവാൻ പറഞ്ഞു. ഞാൻ പോയിരുന്നു. കുടിപ്പള്ളിക്കൂടത്തിലെപ്പോലെ വായ്പ്പാഠം ചൊല്ലാമെന്നു വിചാരിച്ചു ഞാൻ കുറെനേരം നോക്കിയിരുന്നു. വായ്പ്പാഠങ്ങൾ ഒന്നും ഇല്ല. കുറെക്കഴിഞ്ഞപ്പോൾ ഒരു ബഞ്ചിലിരുന്ന അഞ്ചാറുകുട്ടികൾ എഴുനേറ്റു ആശാന്റെ മുൻപിൽ കിടന്ന ബഞ്ചുകളിൽചെന്നിരുന്നു. ആശാനൊരു മേശയുടെ മുമ്പിൽ കസേരയിലാണു് ഇരുന്നിരുന്നതു്. ആശാന്റെ മുമ്പിൽ ബഞ്ചിലായാലും കുട്ടികൾ ഒപ്പത്തിനു കയറി ഇരിക്കാമോ എന്നൊരു ശങ്ക എനിക്കുണ്ടായി. അവർ എന്തുചെയ്യുന്നു എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു. ഒരാൾ എഴുനേറ്റുനിന്നു ഒരു പാഠം വായിക്കുന്നു. കുടിപ്പള്ളിക്കൂടത്തിലെപ്പോലെ താളിയോലഗ്രന്ഥത്തിലൊന്നും നോക്കിയല്ല പുസ്തകത്തിൽ നോക്കിയാണു വായന. ഒരാൾ വായിച്ചുതീർന്നു് ഇരുന്നു. അടുത്തയാൾ എഴുനേറ്റുനിന്നു വായിക്കുന്നു. അങ്ങനെ എല്ലാവരും വായിച്ചു കഴിയുമ്പോൾ ആശാൻ ചില ചോദ്യങ്ങൾ അവരോടു ചോദിക്കുന്നു. അവർ ഉത്തരം പറയുന്നു. അതുകഴിഞ്ഞു കുട്ടികൾക്കൊരു കണക്കു പറഞ്ഞുകൊടുത്തു. അതിന്റെ ഉത്തരം കണ്ടുപിടിക്കുവാൻ ഏല്പിച്ചുകൊണ്ടു് ആശാൻ അടുത്ത ക്ലാസ്സുകാരെ വിളിച്ചു, അതുപോലെ അവരുടെ പാഠവും നടത്തി. അതുകഴിഞ്ഞു് ആശാൻ നിലത്തെഴുത്തുകാരുടെ അടുക്കലേക്കു യാത്രയായി. അപ്പോൾ കുട്ടികൾ കാണിച്ച ഒതുക്കവും വണക്കവും, മര്യാദയും, ആശാന്റെ മുഖത്തുനോക്കിയുള്ള പുഞ്ചിരിയും കണ്ടാൽ ആശാനെക്കണ്ടു കുട്ടികൾക്കു ഭയമല്ല ഭക്തിയാണു മുമ്പിട്ടുനിൽക്കുന്നതെന്നും, ആശാനു കുട്ടികളുടെമേൽ അധികാരം മാത്രമല്ല വാത്സല്യവും കൂടിയുണ്ടെന്നും പ്രത്യക്ഷമായിരിക്കുന്നു. ആശാൻ ഞങ്ങളെ എല്ലാവരെയും ഒന്നുകടാക്ഷിച്ചുകൊണ്ടു് മടങ്ങിപ്പോയി ആശാന്റെ കസേരയിലിരുന്നു. രജിസ്റ്റർ ബുക്കുകളും മറ്റും എടുത്തു എഴുതേണ്ടവയൊക്കെ എഴുതിത്തുടങ്ങി. അപ്പൊഴേക്കും കണക്കുചെയ്തുതീർന്ന ഉയർന്ന ക്ലാസ്സിലെ കുട്ടികളുടെ കണക്കുകൾ പരിശോധിച്ചുകൊണ്ടു് അവരോടു തന്നെ അടുത്ത ക്ലാസ്സിലെ കണക്കുകൾ പരിശോധിക്കാൻ പറയും. അതുംകഴിഞ്ഞു കുട്ടികളെ വെളിക്കു വിടും. വെളിക്കുവിടാൻ നേരമായി എന്നു ആശാൻ മണികിലുക്കി അറിയിച്ചപ്പോൾ എല്ലാക്കുട്ടികളും ഓടി എഴുന്നേൽക്കുന്നതു കണ്ടു. “ഇതു എന്തുപാടു്” എന്നു അമ്പരന്നുകൊണ്ടു് ഞാനും അവരുടെകൂടെ എഴുന്നേറ്റു. ധർമ്മപ്പള്ളിക്കൂടത്തിൽ അന്നേരമന്നേരം ഓരോരുത്തരായിട്ടു “ഒന്നുക്കു” പോക്കില്ല. അവിടെ ഒന്നുക്കുപോക്കു എല്ലാവരുംകൂടി ഒന്നിച്ചാണു്. രണ്ടാമതു മണികിലുക്കു കേൾക്കുമ്പോൾ എല്ലാവരും ഒന്നുക്കുപോക്കു നിറുത്തിയിട്ടു ഒന്നിച്ചു സ്ക്കൂളിൽ ഹാജരായിക്കൊള്ളണം. വിശ്രമ സമയംകഴിഞ്ഞു എല്ലാവരും ക്ലാസ്സുകളിൽ വന്നിരുന്നു കഴിഞ്ഞാൽ അമരം പഠിക്കുന്നവർ, പഞ്ചതന്ത്രം കിളിപ്പാട്ടു പഠിക്കുന്നവർ, ഇങ്ങനെ പലരും ഉള്ളവരെ ആശാൻ ഒറ്റയ്ക്കൊറ്റയ്ക്കു വിളിച്ചു അവരെക്കൊണ്ടു പാഠം ചൊല്ലിച്ചു് അടുത്തപാഠം ചൊല്ലിക്കൊടുക്കും. അതുകഴിഞ്ഞു മാത്രമേ നിലത്തെഴുത്തുകാരുടെ കാര്യത്തിൽ ദൃഷ്ടിയുള്ളു, നിലത്തെഴുത്തുകാരെ പഠിപ്പിയ്ക്കുന്ന കൊച്ചാശാൻമാർ ഉയർന്ന ക്ലാസ്സിലെ കുട്ടികളാണു്. ഉയർന്ന ക്ലാസ്സിൽ ആകെ ആറുകുട്ടികൾ ഉണ്ടായിരുന്നവരിൽ നാലു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ആയിരുന്നു.
ഇടയ്ക്കു് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. പള്ളിക്കൂടത്തിന്റെ വാതുക്കൽ ഞാനും അച്ഛനും എത്തിയപ്പോൾ പുൾപിറ്റിന്റെ അടുക്കൽനിന്നും പഞ്ചതന്ത്രത്തിലെ ആദ്യത്തെ വരികൾ പഞ്ചമരാഗത്തിൽ ഒരാൾ പാടിയ പാട്ടു് അങ്ങനെ മുഴങ്ങിവരുന്നുണ്ടായിരുന്നു. അതു കേട്ടപ്പോൾത്തന്നെ എന്റെ ദേഹമാകെ ഒന്നു തരിച്ചു. കുളിരുകോരിയിട്ടു (രോമാഞ്ചമുണ്ടായി.)
“പഞ്ചമരാഗംകൊണ്ടു പാട്ടുകൾ പാടുന്നൊരു
പഞ്ചവർണ്ണക്കിളി പെൺമണിമാണിക്കമെ.”
എന്നിങ്ങനെ പഞ്ചതന്ത്രം കിളിപ്പാട്ടു പാടിയ കിളി ഏതാണെന്നു ഞാൻ നോക്കി. മാന്തളിർപോലെ ചുവന്നിരുണ്ട മുഖമുള്ള ഒരു പെൺമണി മാണിക്യം. കുരുത്തോല ചുരുട്ടിയുണ്ടാക്കി ദന്തംപോലാക്കിയ നല്ല രണ്ടു ചെറുതക്കകൾ കാതിൽ കിടക്കുന്നു. അടുത്തു കുപ്പായമിട്ടു വെളുത്ത ഒരു സുന്ദരിപ്പെണ്ണു ഇരിക്കുന്നു. രണ്ടുപേരും പുൾപിറ്റിന്റെ വടക്കെ വിളുമ്പിലാണു ഇരിക്കുന്നതു, പാട്ടുപിന്നെയും ശ്രദ്ധിച്ചാൽ കൊള്ളാമെന്നു ആഗ്രഹമുണ്ടായിരുന്നെങ്കിലും പുതിയ പള്ളിക്കൂടത്തിന്റെ പുതുമയിൽ ഭ്രമിച്ചുപോയ മനസ്സിന്റെ ശ്രദ്ധ മറ്റു വഴിക്കു തിരിഞ്ഞു. അപ്പോഴേക്കു് ആശാനും വന്നു. കോലാഹലവും നിന്നു. പാട്ടുംനിന്നു.
നിലത്തെഴുത്തു പഠിക്കുവാൻ വന്ന ആറുപേരുടെ കൂട്ടത്തിൽ കിളിപ്പാട്ടു പാടിയ പെൺമണിയാണു് എന്നെ നിലത്തെഴുത്തു പഠിപ്പിക്കാൻ വന്നതു്. വന്നു മുമ്പിലിരുന്നതു കണ്ടപ്പോൾത്തന്നെ ഒരു പൈങ്കിളി പറന്നു വന്നു ചിറകും വീശിയിരിക്കുന്നതുപോലെ എനിക്കൊരു സന്തോഷം തോന്നി, “അ” എന്ന അക്ഷരമാലയിലെ ആദ്യക്ഷരം നിലത്തെഴുതി കാണിച്ചു തന്നിട്ടു് അതുപോലെയെഴുതുവാൻ ആ മാണിക്യം എന്നോടു പറഞ്ഞു. പറഞ്ഞുതീരും മുമ്പേ ഞാനങ്ങു എഴുത്തും തുടങ്ങി. കുടിപ്പള്ളിക്കൂടത്തിൽവച്ചു് ആ സ്നേഹമുള്ള ചട്ടമ്പി എന്റെ കൈപിടിച്ചു് “ഹരി” എന്ന അക്ഷരത്തിലെ ആദ്യക്ഷരമായ “ഹ” കാരം ഒന്നു വളപ്പിച്ചു വരപ്പിക്കാൻ ശ്രമിച്ചിട്ടു് സാധിച്ചിട്ടില്ല. കൊച്ചാശാട്ടി വന്നു കൈയ്ക്കുപിടിച്ചില്ല, എഴുതാൻ പറഞ്ഞതെയുള്ളു എഴുത്തും തുടങ്ങി. ഈ പ്രേരണ എവിടന്നു വന്നോ എന്തോ? ഈ പെൺകുട്ടിക്കു എന്നേക്കാൾ നാലുവയസ്സിനു മൂപ്പുവരും. എനിക്കന്നു ഏഴുവയസ്സാണു്. അന്നു ഞങ്ങൾ തമ്മിലുണ്ടായ പരിചയം ഏഴെട്ടുകൊല്ലം മുമ്പേ അവർ മരിക്കുന്നതുവരെ നിലനിന്നിരുന്നു. ധർമ്മപ്പള്ളിക്കൂടത്തിൽ “ഹരിഃ ശ്രീ ഗണപതയെ” ഒന്നുമില്ല. അവിടെ നേരേ “അ” എന്നു തുടങ്ങും. നിലത്തെഴുത്തു മുഴുവനായാൽ തല, മുടി, കള, കാതു്, കണ്ണു എന്നു ഒന്നാംപാഠം രണ്ടക്ഷരംകൊണ്ടുള്ള കൂട്ടിവായന തുടങ്ങും.
ഈ കൂട്ടിവായന രീതി നടപ്പായ കാലത്തെ ഒരു നേരംപോക്കുണ്ടു്. ഞാൻ മിഷ്യൻസ്കൂളിൽ ചേർന്നു ആറു മാസം കഴിഞ്ഞപ്പോൾ ഇരവിപുരം പ്രവൃത്തിപ്പള്ളിക്കൂടം വാദ്ധ്യാർ വീട്ടിൽവന്നു എന്നെയുംകൂടി പ്രവൃത്തിപ്പള്ളിക്കൂടത്തിലേക്കയയ്ക്കണമെന്നാവശ്യപ്പെട്ടു. അന്നത്തെ പ്രവൃത്തിപ്പള്ളിക്കൂടങ്ങൾ ഇന്നത്തെ വി. പി. സ്കൂളാണു്. മൂന്നുക്ലാസ്സിലുംകൂടി ഒരദ്ധ്യാപകൻ മതിയെന്നായിരുന്നു പ്രവൃത്തിപ്പള്ളിക്കൂടങ്ങൾ ആരംഭിച്ചകാലത്തെ ഏർപ്പാടു്. കുട്ടിയൊന്നിനു ഒരു പണംവീതം ഫീസുപിരിച്ചു് നാല്പത്തിരണ്ടു പണം മാസംതോറും താലൂക്കിലൊടുക്കി നാല്പത്തിഒൻപതു പണം ശമ്പളം വാങ്ങിക്കൊള്ളണം എന്നായിരുന്നു ശമ്പളവ്യവസ്ഥ. നാല്പത്തിരണ്ടു പണത്തിൽ കൂടുതലായി ഫീസു എത്രപിരിഞ്ഞാലും അതു വാദ്ധ്യാർക്കു എടുത്തുകൊള്ളാം. ഇങ്ങനെ ഒരു കാൺട്രാക്ട് സിസ്റ്റത്തിലാണു് സർക്കാർ പ്രവൃത്തിപള്ളിക്കൂടനടപ്പു് ആരംഭിച്ചതു്. ഒറ്റരൂപായുടെ ലാഭക്കച്ചവടം. അങ്ങനെ തുടങ്ങിയ സർക്കാരിന്റെ വിദ്യാഭ്യാസനിയന്ത്രണം ഇന്നു സർക്കാരിനെത്ര ബുദ്ധിമുട്ടായിരിക്കുന്നു. കൂടുതൽ ആദായമുണ്ടാക്കാമെന്നു കരുതിയാണു് പ്രവൃത്തി പള്ളിക്കൂടവാദ്ധ്യാർ എന്നെ വിളിക്കാൻ വന്നതു്. അപ്പോൾ കുടിപ്പള്ളിക്കൂടം ആശാനും ഉണ്ടായിരുന്നു. ആശാൻ അച്ഛനോടു പറയുകയാണു്. “ഈ ധർമ്മപ്പള്ളിക്കൂടത്തിലെ പഠിത്തവും പ്രവൃത്തിപ്പള്ളിക്കൂടത്തിലെ പഠിത്തവും ശുദ്ധ മിനക്കെട്ട വേലയാണു്. കുടിപ്പള്ളിക്കൂടത്തിൽ നിലത്തെഴുത്തു കഴിഞ്ഞാൽ, ഗീണശ്രേയ—ധേനവശ്രീ,—എന്നിങ്ങനെ വാക്യത്തിലാണു കൂട്ടിവായന ആരംഭിക്കുന്നതു്. അക്ഷരങ്ങൾ ദൃഢപ്പെടുവാനും നാക്കിന്റെ വള്ളി അറ്റു് ഉച്ചാരണം ശുദ്ധിപ്പെടുവാനും വാക്യം പഠിക്കുന്നതു് സഹായമായിത്തീരും. ജ്യോതിശ്ശാസ്ത്രം പഠിക്കാൻ തുടങ്ങുമ്പോൾ ഈ പഠിച്ച വാക്യങ്ങളൊക്കെ ഉപകാരപ്പെടുകയും ചെയ്യും. ഈ പ്രയോജനം വല്ലതും തല, മുടി, കള എന്നു കൂട്ടിവായന തുടങ്ങിയാൽ ഉണ്ടാവുമോ? തല, മുടി, കള എന്നു പഠിച്ചു് ഒടുവിൽ വരുമ്പോൾ അവനെ തലമുടികളയാൻ തന്നെ കൊള്ളാം. അച്ഛൻ ഒരു ജ്യോത്സ്യനും കൂടിയായിരുന്നതിനാൽ ആശാന്റെ അഭിപ്രായം ഒട്ടൊക്കെ ശരിവച്ചു. എങ്കിലും ധർമ്മപള്ളിക്കൂടത്തിൽ തന്നെ എന്റെ പഠിത്തം നടക്കട്ടെയെന്നു അച്ഛൻ പ്രവൃത്തികൊണ്ടു തെളിയിച്ചു. എന്നെ പ്രവൃത്തിപള്ളിക്കൂടത്തിലയച്ചില്ല. ധർമ്മപള്ളിക്കൂടത്തിൽ രണ്ടരകൊല്ലം പഠിച്ചു. മൂന്നാം പാഠം പഠിച്ചു പാതിയായപ്പോൾ എന്നെ നിലത്തെഴുത്തു പഠിപ്പിച്ചു കൊച്ചിക്കാവമ്മ പള്ളിക്കൂടം വിട്ടുപോയി. പിന്നീടു് ഏഴെട്ടുവർഷം കഴിഞ്ഞുമാത്രമേ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയുള്ളു. കൊച്ചിക്കാവു് പള്ളിക്കൂടം വിട്ടു മൂന്നുമാസം കഴിഞ്ഞപ്പോൾ മയ്യനാട്ടും ഒരു ഇംഗ്ലീഷ് പള്ളിക്കൂടം ആരംഭിച്ചു. എന്റെ അമ്മാവന്റെയും മറ്റും ഉത്സാഹത്തിലാണു് ഇംഗ്ലീഷ് പള്ളിക്കൂടം ഉണ്ടായതു്. അതോടുകൂടി ഞാൻ ധർമ്മപള്ളിക്കൂടംവിട്ടു ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ ചേർന്നു.
ധർമ്മപള്ളിക്കൂടത്തിൽ നിന്നു ഇംഗ്ലീഷ് പള്ളിക്കൂടത്തിലേയ്ക്കു മാറിയതു് എന്റെ ഒൻപതാമത്തെ വയസ്സിലായിരുന്നു. ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ ഒന്നുരണ്ടു വർഷക്കാലം പഠിച്ചു. Sequel Step by Step No 1, No 2 Young Reader എന്നു മൂന്നു പുസ്തകങ്ങൾ പഠിച്ചു കഴിഞ്ഞു. New Number Fourth എന്ന നാലാമത്തെ പുസ്തകം പകുതിപഠിച്ച ശേഷമാണു് ഞാൻ ഇംഗ്ലീഷ് പഠിക്കുവാൻ കൊല്ലത്തേക്കു പോയതു്. സ്വഗ്രാമത്തിൽതന്നെ വിദ്യാഭ്യാസം ചെയ്തും ശിശുവായി വളർന്നും കഴിഞ്ഞിരുന്ന ആദ്യത്തെ പത്തുസംവത്സരക്കാലത്തെ ചരിത്രങ്ങൾ ഓർമ്മിക്കുമ്പോൾ അന്നത്തെ രാജ്യത്തിലാണോ ഇന്നു ഞാൻ ജീവിക്കുന്നതെന്നു തന്നെ സംശയമായിരിക്കുന്നു.
കുടിപ്പള്ളിക്കൂടത്തിൽ ഞാൻ പഠിച്ചിരുന്ന കാലം മുഴുവനും പായോലവാർന്നു മുറിച്ചു വണ്ടികെട്ടിയ ഒരൊറ്റഓലയിൽ “അ” വരി എഴുതിയതു മാത്രമായിരുന്നു എന്റെ ഏടു്. അക്ഷരമാല മുഴുവനാകുമ്പോഴേക്കു ഒരു കെട്ടോലകളുള്ള ഒരേടു് കുട്ടികൾക്കുണ്ടായിരിക്കും. നിലത്തെഴുത്തു കഴിഞ്ഞാൽ ആ ഏടുമാറും. എൺചുവടി, വാക്യം, പാരൽ, പേറു് മുതലായവയും പനയോലയിൽ തന്നെയെങ്കിലും വണ്ടികെട്ടുക പതിവില്ല. വണ്ടി കെട്ടുകയെന്നു പറഞ്ഞാൽ ഓല കീറിപ്പോകാതെ ഓലയുടെ അറ്റം ചുരുട്ടിക്കെട്ടുക എന്നർത്ഥമാകുന്നു. ഓലയുടെ തലയ്ക്കൽ ഒരട്ടച്ചാൺ നീക്കിയുള്ള സ്ഥലത്തു് ഒരു ചുഴിയുണ്ടായിരിക്കും. പുതിയ ഓലകൾ ചേരുമ്പോൾ ചരടു് കൊരുത്തിടുവാനാണു് ഈ ചുഴി. ആശാനോ ചട്ടമ്പിയോ ഓലയിലെഴുതിതരുന്നതു് കാളപ്പൊട്ടും കരിക്കട്ടയും ചേർത്തു് മഷിപുരട്ടി തുടച്ചെടുത്താൽ കടലാസിൽ മഷിവച്ചെഴുതിയതുപോലെ അക്ഷരങ്ങൾ തെളിഞ്ഞു കാണാം. ഇരുപത്തിനാലുവൃത്തം, രാമായണം, പഞ്ചതന്ത്രം, അമരേശം മുതലായവയെല്ലാം എഴുതിപഠിക്കുന്നതു് താളിയോലയിലാണു്. താളിയോലയ്ക്കു ചുവട്ടിലും അറ്റത്തുമായി രണ്ടു ചുഴികളുണ്ടായിരിക്കും. താളിയോലഗ്രന്ഥങ്ങളുടെ ഇരുവശങ്ങളിലും തടികൊണ്ടു നേർമ്മയിൽ പണിതെടുത്ത രണ്ടു പടികൾ ഉണ്ടായിരിക്കും. ഭദ്രമായി സൂക്ഷിച്ചാൽ അനേകം നൂറ്റാണ്ടുകാലം യാതൊരുകേടും സംഭവിക്കാതെ താളിയോല ഗ്രന്ഥങ്ങൾ, നിർമ്മിച്ച കാലത്തെപ്പോലെ തന്നെ പുത്തനായിരിക്കുമെന്നു എഴുനൂറു എണ്ണൂറു് കൊല്ലത്തെപ്പഴക്കമുള്ള ചില താളിയോലഗ്രന്ഥങ്ങൾ സിലോൺ മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നവ കണ്ടാൽ ആർക്കും ബോധ്യപ്പെടും. രാമായണം വായിച്ചുതീർന്നാൽ ഏതാണ്ടു ഏടുകെട്ടു പരീക്ഷ കഴിഞ്ഞവരെപ്പോലെയുള്ള വിദ്യാഭ്യാസം പൂർത്തിയായതായി വിചാരിച്ചു പള്ളിക്കൂടം വിടുകയാണു് സാധാരണ പതിവു്. എന്നാൽ സംസ്കൃതത്തിൽ ഉപരി വിദ്യാഭ്യാസമോ വൈദ്യമോ ജ്യോത്സ്യമോ പഠിക്കണമെന്നു വിചാരിക്കുന്നവർ അതിനു യോഗ്യന്മാരായ ആശാന്മാരെ അന്വേഷിച്ചു പുറപ്പെടുകയാണു് പതിവു്. കുടിപ്പള്ളിക്കൂടത്തിലെ പഠിത്തം സാധാരണയായി നാലോ അഞ്ചോ സംവത്സരം കൊണ്ടവസാനിയ്ക്കും. ആ അഞ്ചു സംവത്സരക്കാലത്തെ പഠിത്തച്ചെലവെന്തെന്നു കണക്കുനോക്കിയാൽ ആരും ആശ്ചര്യപ്പെട്ടു പോകും. ഇന്നത്തെപ്പോലെ പുസ്തകങ്ങളും എക്സർസൈസ് ബുക്കുകളും വാങ്ങിച്ചു മുടിയുന്ന ഏർപ്പാടു അന്നുണ്ടായിരുന്നില്ല. തിരുവനന്തപുരത്തോ മണ്ടയ്ക്കാട്ടോ പോയി മടങ്ങിവരുന്നവർ ഒരു ചക്രത്തിന്റെ പനയോല വാങ്ങിക്കൊണ്ടുവന്നാൽ അതുകൊണ്ടു ഇരുപത്തിനാലുവൃത്തംവരെയുള്ള പഠിത്തവും കാപ്പിയെഴുത്തും (ഓലവരപ്പും) മുഴുവനാക്കാം. രണ്ടുചക്രം കൊടുത്തു ഒരു താളിയോലച്ചുരുണ വാങ്ങിയാൽ അതുകൊണ്ടു ഇരുപത്തിനാലുവൃത്തവും രാമായണവും അവ രണ്ടിനോടും ഒരുമിച്ചു പലരും പഠിക്കുവാനുള്ള ഗണാഷ്ഠകം, നീതിസാരം, ഗുണദോഷവാക്യം മുതലായവയും എഴുതി പഠിക്കുന്നതിനു ധാരാളം മതിയാവും. നിലത്തെഴുത്തു മുതൽ അന്നത്തെ ഏടുകെട്ടു് (പരീക്ഷ) വരെ പഠിക്കുന്നതിനു ആകെ വേണ്ടിവരുന്ന പുസ്തകച്ചിലവു് മൂന്നുചക്രമാണു്. അഞ്ചാംക്ലാസ്സുവരെ അഞ്ചുവർഷം ഇന്നത്തെ രീതിയിൽ വിദ്യാഭ്യാസം നടത്തുന്നതിനു വേണ്ടിവരുന്ന പുസ്തകങ്ങളുടെയും എക്സർസൈസ് ബുക്കുകളുടെയും കാപ്പിബുക്കുകളുടെയും എണ്ണവും അവയ്ക്കെല്ലാറ്റിനുംകൂടി കൊടുക്കേണ്ടുന്ന വിലയും ഒക്കെകൂടി കണക്കാക്കിയാൽ അമ്പതു കൊല്ലം മുമ്പത്തെ ചിലവിന്റെ അമ്പതിരട്ടിയായിരിക്കും ഇന്നത്തെ വിദ്യാഭ്യാസച്ചിലവെന്നു ആർക്കും ഊഹിക്കാവുന്നതാണു്. നാലും അഞ്ചും വയസ്സു പ്രായമുള്ള കൊച്ചുകുട്ടികൾക്കു് ഇപ്പോഴത്തെ ഒന്നാംപാഠം ആറെണ്ണമെങ്കിലും വാങ്ങാതെ ഒരാണ്ടത്തെ പഠിത്തം പൂർത്തിയാകത്തക്കവണ്ണം പുസ്തകം സൂക്ഷിച്ചു പെരുമാറുവാനുള്ള കഴിവു് കുഞ്ഞുങ്ങൾക്കുണ്ടായിരിക്കയില്ലെന്നുള്ള കാര്യവും സ്മരണീയമാണു്. പള്ളിക്കൂടത്തിൽ പോകുമ്പോഴും വീട്ടിൽ നില്ക്കുമ്പോഴും ഉടുക്കുവാൻ വസ്ത്രങ്ങൾ ഇന്നത്തെപ്പോലെ തന്നെ അന്നും വേറേവേറേയാണു്. മുഷിഞ്ഞ മുണ്ടുടുത്തുകൊണ്ടേ പള്ളിക്കൂടത്തിൽ പോകുവാൻ രക്ഷാകർത്താക്കന്മാർ അനുവദിക്കയുള്ളു. പള്ളിക്കൂടത്തിലുടുത്ത മുണ്ടു വീട്ടിൽ വന്നാൽ പകർന്നു വീട്ടിലുപയോഗിക്കുന്ന വസ്ത്രങ്ങളുടെ ഇടയിൽ കലരാതെ ദൂരെയെങ്ങാനും ഒരു അയകെട്ടി അശുദ്ധി ബാധിച്ചതുപോലെ അതിലിട്ടേക്കണം. വാസ്തവത്തിൽ നല്ലശുഭ്രവസ്ത്രം ധരിച്ചുകൊണ്ടു സ്കൂളിൽ പോയാലും അശുദ്ധമാക്കിക്കൊണ്ടല്ലാതെ വീട്ടിൽ മടങ്ങിവരാൻ കുട്ടികൾക്കു സാധിക്കയില്ല. സ്കൂളിൽ കുട്ടികൾക്കിരിക്കുവാൻ ബഞ്ചില്ല. എല്ലാവരും നിലത്തുതന്നെ ഇരിക്കണം. നിലം നല്ലപോലെ അടിച്ചുറപ്പിച്ചു മെഴുകിയതുപോലും ആയിരിക്കയില്ല. ചില കുട്ടികൾ തെങ്ങോലകൊണ്ടു മുക്കോണാകൃതിയിൽ തടുക്കുകളുണ്ടാക്കി കൊണ്ടുവന്നു് അതിലിരിക്കുക പതിവുണ്ടു്. മാസത്തിൽ ഒന്നോ രണ്ടോ തവണ തടുക്കുകൾ മാറ്റേണ്ടതായിവരും. വർഷകാലത്തു എല്ലാവരും തന്നെ ഉപയോഗപ്പെടുത്തി വന്നതു് ഓലക്കുടയാണു്. അഞ്ചുചക്രം കൊടുത്താൽ നല്ല ഒന്നാംതരം ചീനക്കാലിട്ട ഒരു കുട കെട്ടിക്കിട്ടും. ആണ്ടിലൊരിക്കൽ ആ ഓലമാറി പൊതിയുന്നതിനു് കണിയാർക്കു് ഒരു ചക്രം കൊടുക്കേണ്ടിവരും. ഒരു കുട ചുരുങ്ങിയതു് അഞ്ചുകൊല്ലത്തേക്കു കേടുകൂടാതെ ഉപയോഗപ്പെടുത്താം. ആശാനു ഫീസു കൊടുക്കുന്ന പതിവില്ല. ഓണക്കാലത്തു നിലത്തെഴുത്തു പഠിക്കുന്ന കുട്ടികൾ ഒരു കെട്ടു വെറ്റിലയും ഒരു പുകയിലയും നാലുചക്രവുമായി ആശാനെ ഓണംകാണും. പ്രാപ്തിയായ കുട്ടികൾ ഓണക്കാലത്തു് ആശാനൊരുടുപ്പുമുണ്ടു് ഓണക്കോടിയായി കൊണ്ടുകൊടുക്കും. ആശാനു ഗൃഹസ്ഥശിഷ്യരുണ്ടെങ്കിൽ അവർ ആശാനെയായിരിക്കും ആദ്യം പോയി ഓണം കാണുന്നതു്. ഗുരുപ്രസാദവും ഗുരുവനുഗ്രഹവും കൊണ്ടല്ലാതെ ഒരുദ്യമനത്തിനു ശുഭപരിണാമം ഉണ്ടാകയില്ലെന്നു അക്കാലത്തു ജനങ്ങൾ ദൃഢമായി വിശ്വസിച്ചിരുന്നതിനാൽ കുടിപ്പള്ളിക്കൂടം ആശാന്മാർ ദരിദ്രരായിരുന്നാൽ പോലും അവർ സകലരാലും മാനനീയരും പൂജനീയരും ആയിരിക്കും. ഗ്രാമീണ ജനങ്ങൾ തമ്മിലുണ്ടാകുന്ന ഏതു വഴക്കിലും മദ്ധ്യസ്ഥത വഹിക്കുന്നവരുടെ കൂട്ടത്തിൽ പ്രഥമസ്ഥാനം ആശാനായിരിക്കും. രാഷ്ട്രീയമോ, സാമുദായികമോ, ആദ്ധ്യാത്മികമോ, സാമ്പത്തികമോ ആയ ഏതു കാര്യത്തിലും ആശാന്റെ അഭിപ്രായം വേദകാവ്യങ്ങൾപോലെയാണു് ഗ്രാമീണജനങ്ങൾ കരുതിപോരുന്നതു്. നീതിസാരം, ഗുണദോഷവാക്യം, വിദുരവാക്യം മുതലായവ ആശാനു ഹൃദിസ്ഥമാകയാൽ ഏതു വഴക്കിലും ആശാൻ ഗുണദോഷവാക്യങ്ങളെ ധാരാളമായി പ്രസംഗത്തിൽ ചേർത്തു് തന്റെ അഭിപ്രായത്തിനു് സർവ്വസമ്മതത്വം വരുത്തുക പതിവാണു്. മിക്ക ആശാന്മാരും ജ്യോത്സ്യന്മാർകൂടി ആയിരിക്കും. അങ്ങനെയാണെങ്കിൽ ആശാനെക്കൊണ്ടു ഗ്രാമീണർക്കുള്ള ആവശ്യത്തിന്റെ വിപുലത വർദ്ധിക്കും. ഒരു കുഞ്ഞു ജനിച്ചാലുടനെ ഗൃഹനില തിട്ടപ്പെടുത്തി ഒരു “തൈക്കുറി” എഴുതിക്കൊടുക്കണം. കുറെക്കഴിഞ്ഞു ജാതകവും ഗണിച്ചുകൊടുക്കണം. അടിയന്തിരങ്ങൾ നടത്തുവാനുള്ള മുഹൂർത്തം, ആദ്യം വിത്തിറക്കുവാനുള്ള നേരം, പയറുവിതയ്ക്കുവാനുള്ള നേരം, യാത്രപോകുവാനുള്ള നേരം, പണമിടപാടുനടത്തുവാനുള്ള നേരം, പുരയ്ക്കുസ്ഥാനം കാണുവാൻ നേരം, മരം മുറിയ്ക്കാൻ നേരം, മൂലക്കല്ലിടുവാൻ നേരം, ഏറവയ്ക്കാൻ (ഉത്തരംവയ്ക്കാൻ) നേരം, തുമ്പുവാരി കണ്ടിക്കാൻ നേരം എന്നുവേണ്ട മുടിയിറക്കുവാനും താടികളയുവാനുംകൂടി നേരം നോക്കുന്ന ഒരു കാലമായിരുന്നു അതു്. കണികളുള്ള ഗ്രാമങ്ങളാണെങ്കിൽ ആശാനും ആ ബാധ കുറെ ഒഴിഞ്ഞിരിക്കും. ജ്യോതിഷ വിദ്യയിൽ നിന്നു ഒരു നല്ല വരവു് ആശാനുണ്ടായിരിക്കും. അതിനും പുറമെ ഓണക്കാഴ്ചകൂടാതെയും, അനായാസമായ ആദായ മാർഗ്ഗങ്ങൾ അനേകമുണ്ടായിരിക്കും. കൊയിത്തു കാലത്തു അഞ്ചു പറ പത്തുപറ നെല്ലുവീതം ഗൃഹസ്ഥന്മാർ ആശാനു കൊടുത്തയയ്ക്കും. നാളീകേരം ഇടുവിക്കുമ്പോൾ അഞ്ചോ പത്തോ നാളീകേരം കൊടുത്തയയ്ക്കും. ചേനയോ, കാച്ചിലോ, കിഴങ്ങോ, പയറോ, മുതിരയോ മറ്റെന്തു വിളവോ എടുത്താലും ഒരു പങ്കു ആശാനും കൂടിയുണ്ടു്. ഗൃഹസ്ഥന്മാർ പിറന്നാൾ സദ്യയ്ക്കു ആശാനെകൂടി ക്ഷണിച്ചു വരുത്തിയതല്ലാതെ ഊണുകഴിക്കുക പതിവില്ല. കുഞ്ഞൂണിനും (അന്നപ്രാശനം) ആശാൻ കൂടിയുണ്ടായിരിക്കണം. എന്നുവേണ്ട “ചുക്കില്ലാത്ത കഷായം” പോലെ ആശാനില്ലത്ത കാര്യവും ഇല്ലെന്നായതുകൊണ്ടു് ആശാന്മാർക്കു് അന്നു് എന്നും തിരുവോണമായിരുന്നു. ആരു കണ്ടാലും തൊഴും ഏതു സദസ്സിൽ ചെന്നാലും ആളുകൾ എഴുന്നേല്ക്കും എവിടെ ചെന്നാലും ഉച്ചസ്ഥാനത്തു പൂജിച്ചിരുത്തും. അങ്ങനെ പരമസന്തുഷ്ടന്മാരായ ആശാന്മാരുടെ ശിഷ്യന്മാരായിരിക്കുവാനുള്ള ഭാഗ്യകാലം ഇന്നത്തെ കുഞ്ഞുങ്ങൾക്കു കാടുമറഞ്ഞുപോയിരിക്കുന്നു.
പഠിപ്പും സൽസ്വഭാവവുമുള്ള കുടിപള്ളിക്കൂടം ആശാന്മാരുടെ അടുക്കൽ ഇങ്ങനെ വിദ്യാഭ്യാസം ചെയ്യുന്നതു് വളരെ രസവും സുഖവുമുള്ള ഒരു കാര്യമായിരുന്നു. നേരെമറിച്ചു് മൂർഖന്മാരായ ചില ആശാന്മാരുണ്ടായിരുന്നു. കെട്ടിതൂക്കി അടിക്കുക, വയ്ക്കോലിട്ടു പുകയ്ക്കുക, പച്ചുറുമ്പിന്റെ കൂടുകൊണ്ടുവന്നു ദേഹം മുഴുവനും കുടഞ്ഞിടുക മുതലായ പല ക്രൂരപ്രവർത്തികളും ചെയ്യുന്ന നിർദ്ദയന്മാരായ ആശാൻമാരെ കുറിച്ചു പല കഥകളും എല്ലാവരും കേട്ടിട്ടുണ്ടായിരിക്കുമല്ലോ. അങ്ങനെയുള്ള ആശാന്മാർക്കു ഇരിക്കുവാനുള്ള പീഠത്തിലെ തടുക്കിനു താഴെ ആശാൻ ഇരിക്കുമ്പോൾ കൊണ്ടുകയറത്തക്കവണ്ണം കള്ളിമുള്ളുവയ്ക്കുന്ന ശിഷ്യന്മാരും അക്കാലത്തുണ്ടായിരുന്നു. “സാന്ദീപനിം മുനിംഗത്വാ” ഗുരുകുലവാസം ചെയ്തിരുന്ന ശ്രീകൃഷ്ണകുചേലാദികളെപ്പോലെ മഹാവനെ വിറകിനുപോയി മഹാവൃഷ്ടി ചൊരിഞ്ഞനേരം നനഞ്ഞശേഷം വഴിപിഴച്ചു രാത്രി മുഴുവൻ കാടുചുറ്റിയിരുന്ന ശിഷ്യന്മാരുടെ കാലവും ഉണ്ടായിരുന്നുവല്ലോ. ഏതായാലും ഒരു കാര്യംതീർച്ചതന്നെ വിജ്ഞാനവിതരണം ആദായകരമായ ഒരു വ്യവസായമായി അക്കാലത്തു ഗുരുക്കന്മാർ കരുതിയിരുന്നില്ല. ഗുരുക്കന്മാർക്കു് യാതൊരാവശ്യത്തിനും മുട്ടുകൂടാതെ അവരെ സംരക്ഷിക്കുവാനുള്ള മുഴുവൻ ചുമതലയും ഗ്രാമവാസികൾ ലുബ്ദംകൂടാതെ ഏറ്റെടുത്തിരുന്നു. ഇഷ്ടദേവതാ പൂജപോലെ ഗുരുപൂജയും ഒരു പരിശുദ്ധകർമ്മമായിത്തന്നെ അന്നുള്ളവർ കരുതിയിരുന്നു.
സാമാന്യ വിദ്യാഭ്യാസം അഥവാ സാക്ഷരത്വം സാർവത്രികമാക്കിത്തീർക്കണമെന്നുള്ള അഭിപ്രായം ജനങ്ങൾക്കുമുണ്ടായിരുന്നില്ല. സർക്കാരിനുമുണ്ടായിരുന്നില്ല. ഈ സന്ദർഭത്തിലാണു് യൂറോപ്യൻ മിഷനറിമാർ ഇവിടെ എത്തി, എന്തുദ്ദേശ്യത്തോടുകൂടിയായിരുന്നാലും വേണ്ടില്ല, ധർമ്മപള്ളിക്കൂടങ്ങൾ സ്ഥാപിച്ചു് ഇന്നു നടപ്പിലിരിക്കുന്ന വിദ്യാഭ്യാസ രീതിയുടെ ആദിമാതൃക സർക്കാരിനുതന്നെയും കാട്ടികൊടുത്തതു്. മൺറോവിന്റെ കാലത്തു ജനങ്ങളുടെ വിദ്യാഭ്യാസചുമതല സർക്കാർ ഏറ്റെടുത്തിരിക്കുന്നതായി പാർവ്വതി റാണി തിരുമനസ്സിലെ ഒരു തിരുവെഴുത്തുവിളമ്പരം ഉണ്ടായിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ ചുമതല കാര്യമായി സർക്കാരിൽനിന്നും ഏറ്റു നടത്തിത്തുടങ്ങിയതു് സർ ടി. മാധവനായരുടെയും ആയില്യം തിരുനാൾ മഹാരാജാവു് തിരുമനസ്സിലെയും കാലം മുതൽക്കായിരുന്നു. ഇന്നു കാണുന്ന രീതിയിലുള്ള രാജ്യഭരണത്തിന്റെ മാതൃക കണ്ടുപിടിച്ചതും ആ മഹാരാജാവും മന്ത്രിവരനും കൂടിയായിരുന്നു. വിദ്യാഭ്യാസ കാര്യത്തിൽ തിരുവിതാംകൂറിനോളം പുരോഗതി പ്രാപിച്ചിട്ടുള്ള ഒരു പ്രദേശവും ഭാരതഖണ്ഡത്തിൽ ഇല്ലതന്നെ. വിദ്യാഭ്യാസത്തിനു തിരുവിതാംകൂറിനെപ്പോലെ പൊതുവിൽ വ്യയം ചെയ്യുന്ന ഗവണ്മെന്റുകളും വേറെയില്ല തന്നെ. തറവാടു വിറ്റിട്ടെങ്കിലും മിന്നുതാലി പണയം വച്ചിട്ടെങ്കിലും പട്ടിണികിടന്നിട്ടെങ്കിലും കുട്ടികളെ പഠിപ്പിക്കേണ്ടതു് തങ്ങളുടെ ഒഴിച്ചുകൂടാത്ത കർത്തവ്യ കർമ്മമായി കരുതിപ്പോരുന്ന മാതാപിതാക്കന്മാർ ഇന്നത്തെപ്പോലെ അക്കാലങ്ങളിൽ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ വരവു ചിലവുകളെയും സാമ്പത്തിക ശക്തിയേയും അശേഷം പരിഗണിക്കാതെ വിദ്യാഭ്യാസച്ചിലവു് പൗരന്മാരുടെ ദുർവഹച്ചിലവുകളിൽ പ്രഥമഗണനീയമാക്കിത്തീർത്തതു കൊണ്ടുള്ള സാമ്പത്തിക വൈഷമ്യങ്ങളാണു് ഘോരകൃതിയിൽ ജനങ്ങളെ ഇപ്പോൾ അഭിമുഖീകരിച്ചിരിക്കുന്നതു്. ഒരു കുട്ടിയെ കോളേജ് വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ 100-ം 150-ം ഉറുപ്പികവരെ ഇൻഡ്യയിൽ തന്നെയായാലും പ്രതിമാസം ചിലവാക്കേണ്ടിവരുന്ന ഇന്നാട്ടിലെ പൗരന്മാർക്കു് തീയതി തെറ്റാതെ മാസംതോറും ഈ തുകകൾ മണിയാർഡർ ചെയ്തയയ്ക്കുന്നതിനു എങ്ങനെ സാധിക്കുമെന്നും ആലോചിക്കുവാനുള്ള ദയ വിദ്യാഭ്യാസ പ്രവർത്തകന്മാർക്കോ പൊതുജനനേതാക്കന്മാർക്കോ ഗവർമ്മെന്റിനൊ തന്നെ ഇതുവരെ ഉദിച്ചിട്ടില്ല. എഫിഷ്യൻസിയുടെ പേരും പറഞ്ഞു അദ്ധ്യാപകന്മാരുടെ ശമ്പളവും കുട്ടികളുടെ ഫീസും ഉയർത്തുംതോറും എഫിഷ്യൻസി താണുതാണുവരുന്ന ഒരു കാഴ്ചയാണു നാം ഇന്നു കാണുന്നതു്.
സാക്ഷരത്വം സാർവത്രികമാക്കണമെന്നു് എന്റെ ബാല്യത്തിൽ ആർക്കും തന്നെ അഭിപ്രായം ഉണ്ടായിരുന്നില്ലെങ്കിലും എല്ലാ ജനങ്ങളുടെയും ഇടയിൽ ഒരു വിധം സംസ്ക്കാരം വളർത്തുന്നതിനുള്ള ഏർപ്പാടുകൾ അന്നു പലതുമുണ്ടായിരുന്നു. ക്ഷേത്രോത്സവങ്ങൾക്കു ഇന്നത്തേക്കാൾ തുലോംപ്രാധാന്യം ജനങ്ങൾ കല്പിച്ചിരുന്നു. ക്ഷേത്രം എന്നു പറയാൻ കെട്ടിടം ഒന്നുമില്ലെങ്കിലും ഒരു വിളക്കു കല്ലോ ആൽത്തറയോ മാത്രമുണ്ടായിരുന്നാലും അവിടെയൊരു ദേവതാവാസം സങ്കല്പിച്ചുകൊണ്ടു് വളരെ കോലാഹലമായി ഉത്സവങ്ങൾ നടത്തിവരുന്ന സ്ഥലങ്ങളും ഉണ്ടായിരുന്നു. ഉത്സവങ്ങൾ കാണുവാൻ പോകുന്നതിനുള്ള ഉത്സാഹം എല്ലാക്കുട്ടികൾക്കും എല്ലാക്കാലത്തും എല്ലാ രാജ്യത്തും ഉണ്ടായിരുന്നതുപോലെ എനിക്കുമുണ്ടായിരുന്നു. ഹിന്ദുക്ഷേത്രങ്ങളിലെ ഉത്സവത്തിനെപോകാവൂ എന്നൊരു നിർബന്ധം എന്റെ ബാല്യത്തിൽ ഈഴവർക്കാർക്കും ഉണ്ടായിരുന്നില്ല. മഹമ്മദീയരുടെ പത്തു നോമ്പിനു് “ചല്ലാലിപുല്ലാലി” വേഷംകെട്ടി കാവടിക്കാരെപ്പോലെ തെണ്ടിനടക്കുവാൻ ഈഴവബാലന്മാർക്കു് ഒരു പ്രത്യേക ഉത്സാഹമുണ്ടായിരുന്നു. ഞാൻ “ചല്ലാലിപുല്ലാലി” വേഷം കെട്ടിയിട്ടില്ലെങ്കിലും ആ വേഷം കെട്ടിയ സമവയസ്കരോടൊന്നിച്ചു വീടുതോറും ഓടി നടക്കുന്ന വിനോദം എനിക്കുമുണ്ടായിരുന്നു.
കഥകളിയുടെ കേളികൊട്ടു വല്ലയിടത്തും കേട്ടുവെങ്കിൽ കൂട്ടുകാരനായ പക്കി അയ്യപ്പനും കൊച്ചിരാളുമായി അന്നുരാത്രി ശബ്ദവേദികളെപ്പോലെ കേളികൊട്ടു കേട്ട സ്ഥലത്തു ഞങ്ങളെത്തുമെന്നുള്ളതു് നിശ്ചയമാണു്. ആയിടയ്ക്കു് തൊടിയിൽ കുഞ്ഞേരയാശാൻ എന്നൊരാൾ കുറെ ഈഴവ ബാലന്മാരേയും യുവാക്കന്മാരെയും ചേർത്തു് ഒരു കഥകളിയോഗം ഉണ്ടാക്കിയിരുന്നു. ആ കഥകളിയോഗത്തിൽ സ്ത്രീവേഷം കെട്ടുവാൻ എന്നെയുംകൂടി അയച്ചുകൊടുക്കണമെന്നു് കുഞ്ഞേരയാശാൻ വന്നു അച്ഛനോടു ആവശ്യപ്പെട്ടു. ഭാഗ്യംകൊണ്ടോ ഭാഗ്യം ഇല്ലഞ്ഞിട്ടോ അച്ഛൻ എന്നെ അതിനുവിട്ടില്ല. എങ്കിലും ഒരു അഞ്ചു പത്തു കളിയെങ്കിലും ഞാൻ കാണാത്ത മാസം ഉണ്ടെങ്കിൽ അതു വർഷകാലത്തായിരിക്കും.
1046 മുതൽ 56 വരെയുള്ള പത്തു സംവത്സരം എന്റെ ശൈശവ ബാല്യജീവിതത്തിലെ വിദ്യാഭ്യാസകാലം എങ്ങനെ കഴിഞ്ഞു എന്നുമാത്രമേ ഇതുവരെ പറഞ്ഞുള്ളു. അന്നത്തെ കുടിപ്പള്ളിക്കൂടങ്ങളിലെയും മിഷൻസ്ക്കൂളുകളിലേയും സ്ഥിതി സാമാന്യമായി വിവരിക്കുകയും ചെയ്തു. അന്നു എന്തെങ്കിലും ഒരു പുതുമ തോന്നാതിരുന്ന ജനസമുദായ സ്ഥിതിയെക്കുറിച്ചു ഇന്നു ഓർക്കുമ്പോൾ അന്നത്തെ തിരുവിതാംകൂറിലല്ല ഇന്നു നാം ജീവിക്കുന്നതെന്നു പറയാതെ തരമില്ല. 60 വയസ്സിനുമേൽ പ്രായമുള്ളവരായി ഇന്നു ജീവിച്ചിരിക്കുന്ന തിരുവിതാംകൂർകാർ മാത്രമേ അന്നത്തെ ജനസമുദായ സ്ഥിതി നേരിട്ടു കണ്ടറിഞ്ഞ ഓർമ്മയോടുകൂടി ഇന്നു ജീവിച്ചിരിക്കുന്നുള്ളു. അങ്ങനെയുള്ള ഓർമ്മയോടുകൂടി ഷഷ്ടിപൂർത്തി കഴിഞ്ഞവർ ഇന്നു തിരുവിതാംകൂറിൽ എത്ര പേരുണ്ടായിരിക്കുമെന്നു എട്ടുകൊല്ലം മുമ്പേ തയ്യാറാക്കി പ്രസിദ്ധം ചെയ്ത തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിൽ നിന്നും നമുക്കു ഏകദേശം ഊഹിക്കാം. 1931-ലെ സെൻസസ് പ്രകാരം ഇവിടെയുള്ള 51-ലക്ഷം ജനങ്ങളിൽ ആയുസ്സിന്റെ മറുപുറത്തെത്തിയ അറുപതുകാർ 211650 പേരാണു്. അവരിൽ സ്ത്രീകൾ 100770 പേരും പുരുഷന്മാർ 103950 പേരുമാണു്. 100 വയസ്സിനുമേൽ പ്രായമുള്ള “സെന്റിനേറിയ”ന്മാർ ഈ കൂട്ടത്തിൽ 16-പേരാണു് ഉണ്ടായിരുന്നതു്. അവർ 16-പേരും അധഃകൃത വർഗ്ഗക്കാരാണത്രെ. ആയുസ്സിനു ദൈർഘ്യം ഇവിടെ അധഃകൃതവർഗ്ഗക്കാർക്കാണെന്നു ഇതിൽനിന്നും ഊഹിക്കാമല്ലോ. അധഃകൃതവർഗ്ഗക്കാരോടു് വളരെ അടുത്തു നില്ക്കുന്ന ഈഴവർക്കു് അവരെക്കാൾ ഉയർന്നു നില്ക്കുന്നവരിലും കവിഞ്ഞ ആയുർദൈർഘ്യം ഉണ്ടായിരിക്കുമെന്നാണല്ലോ ഇതിൽ നിന്നനുമാനിക്കേണ്ടതു്. 8 കൊല്ലത്തിനുമുമ്പേ എടുത്ത സെൻസസ് കണക്കിലുള്ള സെൻറിനേറിയന്മാർ ആരും തന്നെ ഒരു പക്ഷേ, ഇപ്പോൾ ശേഷിച്ചിട്ടില്ലെന്നു വരാവുന്നതാണു്. 9 അറുപതുകാർ എഴുപതാകുമ്പോഴേക്കു 5 ആയി കുറഞ്ഞുപോകുമെന്നു കണക്കുകൊണ്ടു കാണുന്ന സ്ഥിതിക്കു് അന്നുണ്ടായിരുന്ന അറുപതുകാരുടെ നേർ പകുതിമാത്രമേ ഇപ്പോൾ ശേഷിച്ചിരിക്കയുള്ളു എന്നും വിചാരിക്കേണ്ടിയിരിക്കുന്നു. സ്ത്രീകൾക്കു് അക്കാലത്തു് വിദ്യാഭ്യാസം പതിവില്ലാതിരുന്നതിനാലും അവർ പെറ്റും വളർത്തിയും ഗൃഹകാര്യങ്ങളന്വേഷിച്ചും വീടുവിടാതെ കഴിഞ്ഞുവന്നതുകൊണ്ടും അന്നത്തെ അക്ഷരശൂന്യകളായ 60-കാർ മുത്തശ്ശിമാരിൽ ആരെങ്കിലും ഇപ്പോൾ ശേഷിച്ചിട്ടുണ്ടെങ്കിൽ അവരിലാരും അന്നത്തെ സ്ഥിതി ഇപ്പോൾ ഓർമ്മിക്കുവാൻ ശക്തകളല്ല. ജനങ്ങളുടെയിടയിൽ സഞ്ചരിക്കുവാൻതന്നെ നിർവ്വാഹമില്ലാതിരുന്ന അധഃകൃതവർഗ്ഗങ്ങളിലെ ഷഷ്ഠിപൂർത്തി കഴിഞ്ഞവർക്കും അന്നത്തെ സ്ഥിതി എന്തെന്നു വിവരിക്കുവാൻ കഴികയില്ല. “അന്നന്നുകണ്ടതിനെ വാഴ്ത്തി”ക്കൊണ്ടിരിക്കുന്ന മറ്റു വൃദ്ധന്മാരും അന്നത്തെ സ്ഥിതി വാർദ്ധക്യസഹജമായ വിസ്മൃതിയോടുകൂടി ഇന്നു മറന്നിരിക്കുവാനാണു് ഇടയുള്ളതു്. 60 വയസ്സായവരുടെ കണക്കു് 8 കൊല്ലം മുമ്പേ എടുത്തവരിൽനിന്നും എത്രപേർ ഇപ്പോൾ കാടുമറഞ്ഞും, മണ്ണുമറഞ്ഞും, കണ്ണുമറഞ്ഞും പോയിരിക്കുന്നുവെന്നു ഇനി മൂന്നു വർഷം കഴിഞ്ഞു സെൻസസ് എടുക്കുമ്പോൾ മാത്രമേ നിശ്ചയിച്ചുകൂടു. എങ്കിലും 60-കൊല്ലത്തിനുമുമ്പുള്ള സ്ഥിതികൾ ഓർമ്മിച്ചു പറയുവാൻ കഴുയുന്നവർ അവരുടെ കൂട്ടത്തിൽ ചിലരെങ്കിലും ഇപ്പോൾ ശേഷിച്ചിരിക്കും. അതിനാൽ അന്നത്തെ വിശേഷങ്ങൾ ഞാൻ പറയുന്നതു് നുണയാണെന്നിരുന്നാലും നേരുള്ള നുണയാണെന്നു അവർ സമ്മതിക്കാതിരിക്കയില്ല. പിൽക്കാലങ്ങളിൽ ഓരോ തരം മാറ്റങ്ങൾ സമുദായത്തിൽ ഉണ്ടായി വന്നിട്ടുള്ളപ്പോഴെല്ലാം പൂർവ്വസ്ഥിതികൾ ഓർമ്മിക്കുവാൻ ഇടവന്നതുകൊണ്ടാണു് എന്റെ ശൈശവ ബാല്യകാലങ്ങളുടെ ഓർമ്മകൾ ഞാൻ നിലനിർത്തികൊണ്ടു പോന്നിട്ടുള്ളതു്. അതിനാൽ അന്നത്തെ സ്ഥിതി ഞാൻ വിവരിക്കുന്നതിൽ വലുതായ തെറ്റു സംഭവിക്കാൻ ഇടയില്ലെന്നാണു് എന്റെ വിശ്വാസം.
ഞാൻ ധർമ്മപള്ളിക്കൂടത്തിൽ ചേർന്നപ്പോൾ എന്നെ അക്ഷരമാല പഠിപ്പിക്കാൻ വന്ന ഗുരുനാഥ കൊച്ചിക്കാവു് എന്നു പേരുള്ള ഒരു ഈഴവബാലികയായിരുന്നെന്നു പറഞ്ഞുവല്ലോ. അക്കാലത്തു സ്ത്രീകൾ വിശേഷിച്ചും ഈഴവസ്ത്രീകൾ വിദ്യാഭ്യാസം ചെയ്യുന്ന പതിവുണ്ടായിരുന്നുവോ എന്നു സംശയിക്കുന്നവരുണ്ടാവാം. സാർവത്രികമായ ഒരു വിദ്യാഭ്യാസതൽപ്പരത അന്നു പുരുഷന്മാർക്കുപോലും ഉണ്ടായിരുന്നില്ല. സ്ത്രീകളുടെ കഥ പറയാനും ഇല്ലല്ലോ. വളരെ ദുർലഭമായിട്ടെങ്കിലും സ്ത്രീകളും വിദ്യാഭ്യാസം ചെയ്യുന്ന പതിവു് അക്കാലത്തുണ്ടായിരുന്നു. ശീലാവതി, പത്തുവൃത്തം, ഇരുപത്തിനാലു വൃത്തം, രാമായണം ഇവയെല്ലാം സന്ധ്യയ്ക്കു വിളക്കുവെപ്പു കഴിഞ്ഞാൽ വീട്ടിലിരുന്നു അമ്മയച്ഛന്മാരുടെ—രസത്തിനു പാടാനും മാവേലിചരിതം, മത്സ്യഗന്ധിചരിതം, ഹരിശ്ചന്ദ്രചരിതം മുതലായ ഊഞ്ഞാൽപ്പാട്ടുകൾ ഓണക്കാലത്തു ഊഞ്ഞാലിലിരുന്നു പാടിയാടാനും, ചന്ദനത്തണലിലൂടെ മന്ദമാരുതനുമേറ്റു് എന്നുള്ള മാരാൻപാട്ടു തുമ്പിക്കിരുത്തുമ്പോൾ പാടി കോലാഹലം കൂട്ടാനും ആവശ്യമുള്ളെടത്തോളം വിദ്യാഭ്യാസമേ അന്നു സ്ത്രീകൾക്കു് ആവശ്യമുള്ളതായി കരുതിയിരുന്നുള്ളു. ബാലചികിത്സയും, വിഷ ചികിത്സയും, കൊതിക്കു് ഓതുന്നതിനും, ചില്ലറ ബാധോപദ്രവങ്ങൾക്കു് ഭസ്മം ജപിച്ചുകൊടുക്കുന്നതിനും കൈകാലുകളുടെ കഴപ്പു തീർക്കുവാൻ വെള്ളം ഓതികൊടുക്കുന്നതിനും ചേമ്പിനും മഞ്ഞളിനും പുഴുക്കേടുണ്ടായാൽ ഒഴിക്കുന്നതിനും ആവശ്യമുള്ള മന്ത്രങ്ങളും ദുർല്ലഭം സ്ത്രീകൾ അന്നു പഠിച്ചുവയ്ക്കാറുണ്ടായിരുന്നു. തിരുവാതിരക്കളി, കൈകൊട്ടിക്കളി മുതലായ കളികൾക്കുള്ള പാട്ടുകളും സ്ത്രീകൾ പഠിക്കുമായിരുന്നു. അക്ഷരഭ്യാസമുള്ളവരിൽ നിന്നും അക്ഷരാഭ്യാസമില്ലാത്തവർ ഈ പാട്ടുകൾ മിക്കതും കേട്ടുപഠിച്ചുമിരുന്നു.
എന്നെ അക്ഷരമാല അഭ്യസിപ്പിച്ച ശ്രീമതി കൊച്ചിക്കാവമ്മ കുരുത്തോലകൊണ്ടു തോടകയുടെ മാതിരിയിൽ ചുരുട്ടി എടുത്ത വെണ്മയുള്ള കർണ്ണഭൂഷണങ്ങളാണു് ധരിച്ചിരുന്നതെന്നു പ്രസ്താവിച്ചിരുന്നല്ലോ. നമ്മുടെ സ്ത്രീകളുടെ കാതുപോലെ ഇത്ര കഷ്ടപ്പെട്ട ഒരവയവം സ്ത്രീകൾക്കുണ്ടായിരുന്നില്ലെന്നു കർണ്ണഭൂഷണങ്ങൾക്കു സംഭവിച്ച പരിവർത്തനങ്ങളിൽ നിന്നും ആർക്കും മനസ്സിലാക്കാവുന്നതാണു്. കാതുകുത്തി വടിച്ചുനീട്ടിയാൽ അതു ഊഞ്ഞാലുപോലെ തോളിൽ തൊട്ടുകിടന്നു ആടണമെന്നായിരുന്നു അക്കാലത്തെ സ്ത്രീ സൗന്ദര്യത്തിന്റെ സ്റ്റാൻഡേർഡായി സൗന്ദര്യമർമ്മം കാണ്മാൻ കണ്ണുള്ള കവികൾപോലും കരുതിയിരുന്നതു്. രണ്ടു കാതിന്റെയും വള്ളികൾ തോളോളം നീണ്ടതുകൊണ്ടു് തൃപ്തിപ്പെടാതെ രണ്ടു വള്ളികളും താടിക്കു താഴെ കൊണ്ടുവന്നു തമ്മിൽ പിണച്ചു. അതിൽ തക്കയിട്ടു കാതുവള്ളിയുടെ നീളംകാട്ടി അഭിമാനിച്ചിരുന്ന കൊച്ചുസുന്ദരികളും അക്കാലത്തുണ്ടായിരുന്നു. ഈഴവരധികവും ആരാധിക്കാറുണ്ടായിരുന്ന ഭഗവതി ഭദ്രകാളിയായിരുന്നല്ലൊ. ഭദ്രകാളിയുടെ കാതിലെ തക്ക രണ്ടു കൊമ്പനാനകളായിരുന്നു എന്നോർക്കുമ്പോൾ ആ ഭഗവതിയുടെ കാതുവള്ളിയ്ക്കുള്ള നീളവും ബലവും തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുമ്പോഴുള്ള ആട്ടവും എല്ലാം ഭാവന ചെയ്തു നോക്കിയാൽ എന്തെന്നില്ലാത്ത ഒരു രസം ആ ഭഗവതിയുടെ നേർക്കും തോന്നുന്നതാണു്.
പല പരിവർത്തനങ്ങൾ കഴിഞ്ഞുവന്നു് അക്കാലത്തെ പരിഷ്കൃത ബാലികകൾ സാധാരണ ധരിക്കാറുള്ള കുരുത്തോലക്കാതിലയാണു് കൊച്ചിക്കാവമ്മ ധരിച്ചിരുന്നതു്. അതിനു മുമ്പു ഇക്കാലത്തു് ചില പാണ്ടിക്കാരികളുടെ കാതിൽക്കിടന്നു ആടുംപോലെയുള്ള ഈയക്കുണുക്കുകളായിരുന്നു കാതു വളർത്താൻ പെൺക്കുട്ടികൾ ധരിച്ചുവന്നതു്. പുളിങ്കാതൽകൊണ്ടു പണിതെടുത്ത കൂന്താണിത്തക്ക ഒട്ടുപ്രായമായശേഷം ഉപയോഗിച്ചു വരുന്നു. ഈയിനം തക്കകളുടെ കൊടയുടെ മദ്ധ്യഭാഗത്തു ഒരു രൂപായോളം വൃത്തത്തിൽ പല കൊത്തുപണികളോടുകൂടിയ സ്വർണ്ണത്തകിടോ വെള്ളിത്തകിടോ പതിച്ചു അന്തസ്സിനൊത്ത മോടിവരുത്തുന്നവരുമുണ്ടായിരുന്നു. ദുർല്ലഭം ചിലർ ആനക്കൊമ്പുകൊണ്ടും ഇത്തരം തക്കകൾ തീർപ്പിച്ചു ധരിച്ചു വന്നിരുന്നു. ആനക്കൊമ്പു തക്ക ദുർല്ലഭമാകയാൽ വൈരക്കല്ലുകൾ പതിച്ച കമ്മലുകൾ ധരിച്ചു ഇക്കാലത്തു സൗന്ദര്യം മിന്നിക്കുന്ന യുവതികളുടെ അഭിമാനം ആനക്കൊമ്പു തക്ക ധരിച്ച യുവതികൾക്കും ഉണ്ടായിരുന്നു. കൂത്താണിത്തക്ക മുഴുവൻ സ്വർണ്ണംകൊണ്ടോ വെള്ളികൊണ്ടോ ഉള്ളിൽ അരക്കടിച്ചു പണിയുന്നവരും ഉണ്ടായിരുന്നു. ഈ ദശ കഴിഞ്ഞപ്പോഴാണു് കൂത്താണിത്തക്കയുടെ വാഴ്ച കഴിഞ്ഞു തോടയുടെ കാലമായതു്. തോടയിന്നുള്ളവർക്കും തിരുവിതാംകൂറിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും, മലബാറിൽ ചെന്നാൽ ധാരാളം കാണാവുന്നതാണു്. രത്നം പതിച്ച തോടകൾക്കു മഹിമകൂടും.
തോടകളുടെ വലിപ്പം ചുരുങ്ങിച്ചുരുങ്ങി ഇന്നത്തെ കമ്മലിൽ വന്നെത്തുന്നതുവരെ കന്യകമാരുടെ കാതു പെട്ടപാടു ഞാൻ കണ്ടറിഞ്ഞതാകുന്നു. ഈയക്കുണുക്കുമാറി തോടയുടെ മാതിരിയിൽ ഈയ ഓലകളായിത്തീർന്നു. ഈയ ഓലകളുടെ മാതിരിയിൽ കുരുത്തോലച്ചുരുൾ ഉണ്ടാക്കിയതു ഭാരക്കുറവു കരുതിയിട്ടാണു്. ഈയ ഓലയേക്കാൾ ഇതിനു ഭംഗിയുംകൂടും. വേഗം അഴുക്കാകും എന്നൊരു ദോഷമുള്ളതിനാൽ കൂടെകൂടെ അതു മാറേണ്ടി വരുമെന്നേയുള്ളു. സ്ത്രീകൾ സാധാരണ വീട്ടിൽ നില്ക്കുമ്പോൾ കാതുവള്ളി കുറുകിപ്പോകാതിരിക്കാൻ ഓലത്തക്ക ധരിക്കുന്നെന്നല്ലാതെ സൗന്ദര്യത്തിനു മാറ്റുകൂട്ടുവാൻ ഈ തക്ക ധരിക്കയായിരുന്നില്ല. കാതുകുത്തിവടിക്കുന്ന കഷ്ടപ്പാടോർത്താൽ മനുഷ്യർ സൗന്ദര്യത്തിനുവേണ്ടി സഹിച്ചുവരുന്ന ക്രൂരതയുടെ കാര്യം ഓർത്തു് ആരും വിസ്മയിച്ചുപോകും. കാതുകുത്തിയ ഉടൻ ഒന്നുകിൽ ഒരു ഈയക്കുണുക്കു്, അല്ലെങ്കിൽ ഒരു മുളമുള്ളു മുനമുറിച്ചു കളഞ്ഞിട്ടു കുത്തിയ ദ്വാരത്തിൽ തിരുകിവയ്ക്കും. രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ദ്വാരം പഴുക്കും ഉടനെ ആ മുള്ളു ഊരിക്കളഞ്ഞിട്ടു കുറെക്കൂടി കനത്ത മുള്ളു തിരുകിക്കയറ്റും. അങ്ങനെ ക്രമേണക്രമേണ കാതു വലിപ്പപ്പെടുത്തുകയാണു് ചെയ്യുന്നതു്. മുറിവു് ഉണങ്ങി കഴിഞ്ഞാൽ കാതിനു തന്നെ പിന്നെ വേദനയുണ്ടായിരിക്കയില്ല. അതിനു മുമ്പു പഴയതു ഊരി പുതിയതു തിരുകി കയറ്റുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന പ്രാണവേദന പരമദുഃഖത്തിൽ കരുണയുള്ളവരാരും കണ്ടു സഹിച്ചിരിക്കയില്ല. പക്ഷേ, കുഞ്ഞുങ്ങളുടെ നേരെ വാത്സല്യമുള്ള അമ്മമാർ കുഞ്ഞിന്റെ കരച്ചിലും നിലവിളിയും കേട്ടു് അച്ഛൻ ദേഷ്യപ്പെട്ടാലും കുഞ്ഞിനു സൗന്ദര്യംവരുത്തുവാനുള്ള ശ്രമത്തിൽ നിന്നു വാത്സല്യത്തിന്റെ കൂടുതൽ കൊണ്ടു് വിരമിക്കയില്ല. പാണ്ടിമട്ടുമാറിയപ്പോഴത്തെ മേലൂട്ടും അടുക്കനും ചങ്കുചക്രവും അക്കാലത്തും ദുർല്ലഭം ചില പഴയതറവാടുകളിലെ പാരമ്പര്യം വിടാത്ത വലിയമ്മമാർക്കു് ഉണ്ടായിരുന്നു. തക്കയുടെയും തോടയുടെയും വലിപ്പം പരിഷ്ക്കാരം കയറിക്കയറി വന്നതനുസരിച്ചു കാതുവള്ളി അറുത്തു ഒട്ടിച്ചു ചുരുക്കിച്ചുരുക്കിക്കൊണ്ടു വരുവാൻ മൂന്നുനാലുതവണ പ്രാണവേദന സഹിച്ചിട്ടുള്ള യുവതികളുണ്ടായിരുന്നു. പത്തു പതിനഞ്ചു കൊല്ലം മുമ്പേ കൊല്ലത്തുവച്ചു കൊച്ചിക്കാവമ്മയുടെ അദ്ധ്യക്ഷതയിൽ എസ്സ്. എൻ. ഡി. പി. സ്ത്രീസമാജം നടന്ന കാലത്തു് സമാജത്തിനുപോകേണ്ട മാന്യവനിതകളുടെ എത്ര കാതുകളാണു് ഡാക്ടർ കുഞ്ഞുകൃഷ്ണൻ അറുത്തു വച്ചിട്ടുള്ളതു്. മൂക്കു കുത്തുന്ന ഏർപ്പാടും ഇടക്കാലത്തെ ഈഴത്തികൾ തുടങ്ങിയെങ്കിലും എന്തോ സുകൃതവിശേഷം കൊണ്ടു് മൂക്കുകുത്തു വണ്ടിക്കാളകൾക്കു മതിയെന്നുവച്ചു ഈഴത്തികൾ അതിൽനിന്നു വിരമിച്ചു.
ഞാൻ സ്ക്കൂളിൽ ചേർന്നതുമുതൽ കർണ്ണഭൂഷണത്തിന്റെ പരിവർത്തനവൃത്താന്തം വരെയുള്ള കാര്യങ്ങളെല്ലാം ഒരു പ്രസംഗംപോലെ പറഞ്ഞു തീർക്കയാണു് ചെയ്തതു്. അതിനിടയ്ക്കു നടന്ന വിശേഷങ്ങൾ പലതും പറയുവാനുള്ള ദുർല്ലഭം ചിലതു മാത്രമേ ഇതുവരെ പറഞ്ഞതിൽ ഉൾപ്പെട്ടിട്ടുള്ളു. കൂത്താണിത്തക്കയ്ക്കാണോ നമ്മുടെ ഇന്നത്തെ കമ്മലിനാണോ ഭംഗി എന്നുള്ള കാര്യത്തെപ്പറ്റി അന്നത്തെ ഒരു കാഴ്ച ഓർമ്മിക്കുമ്പോൾ ഇന്നെനിക്കു സംശയം തോന്നാതിരിക്കുന്നില്ല.
ആഞ്ഞിലിമൂട്ടിൽ വെളുത്ത കുഞ്ഞു എന്നോടൊരുമിച്ചു ധർമ്മപള്ളിക്കൂടത്തിൽ എന്റെ ക്ലാസ്സിൽ നിലത്തെഴുത്തു പഠിക്കുവാനുണ്ടായിരുന്നു. ഞാൻ ക്ലാസ്സിൽ ചെന്നിരുന്ന ദിവസം എന്റെ ദൃഷ്ടി ആകർഷിച്ചതു് വെളുത്ത കുഞ്ഞിന്റെ കയ്യിലിരുന്ന ഒരു ചെറു പുസ്തകമായിരുന്നു. “ബാലർ ദീപം” എന്നായിരുന്നു ആ പുസ്തകത്തിന്റെ പേരു്. അതിലുണ്ടായിരുന്ന ചില വർണ്ണ ചിത്രങ്ങൾ കണ്ടു ഞാൻ വിസ്മയിച്ചു. വെളുത്ത കുഞ്ഞു ആ പുസ്തകത്തിന്റെ കടലാസു മറിച്ചുമറിച്ചു നോക്കുമ്പോൾ എനിക്കു ആ പടങ്ങൾ കണ്ടു കൊതിവരും. ക്രിസ്തുവിന്റെ ജനനം മുതൽ ഉയർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്യുന്നതു വരെയുള്ള അഞ്ചോ ആറോ പടങ്ങൾ അതിലുണ്ടായിരുന്നു. അതിലുള്ള എഴുത്തുകൾ കൂട്ടിവായിക്കുവാൻ വെളുത്ത കുഞ്ഞിനു അറിഞ്ഞുകൂടായിരുന്നെങ്കിലും ആ ഓരോ പടവും “ഇതു ക്രിസ്തുവിന്റെ ജനനം, ഇതു് തൊഴുത്തിൽ, ഇതു കഴുത, ഇതാ ക്രിസ്തു കുഞ്ഞായിട്ടു അമ്മയുടെ മടിയിൽ കിടക്കുന്നു, ഇതാ ആട്ടിടയന്മാർ വന്നു നില്ക്കുന്നു” എന്നും മറ്റും വെളുത്തകുഞ്ഞിനു പടങ്ങൾ നോക്കി പറയുവാൻ കഴിയുമായിരുന്നു. ഈ പുസ്തകം അതിനു മൂന്നുനാലുമാസം മുമ്പേ പള്ളിക്കൂടം പരിശോധിക്കുവാൻ വന്ന മിഷനറി സായ്പ് അവൾക്കു കൊടുത്തതാണു്. അക്ഷരമാലപോലും മുഴുവൻ നിശ്ചയപ്പെടുത്തിയിട്ടില്ലാത്ത വെളുത്തകുഞ്ഞു പത്തുകല്പന കാണാപാഠം ചൊല്ലിയതു കേട്ടു് സായ്പ് സന്തോഷിച്ചു സമ്മാനിച്ച പുസ്തകമായിരുന്നു ആ ബാലർദീപം. നല്ല ചുണയുള്ള കുട്ടികൾക്കു പടങ്ങളോ പടമുള്ള ചെറു പുസ്തകങ്ങളോ കൊടുത്തു സന്തോഷിപിക്കുന്ന പതിവു് അന്നുള്ള മിഷനറിമാർക്കുണ്ടായിരുന്നു. ഇളം പ്രായത്തിൽത്തന്നെ ക്രിസ്തുവിൽ വിശ്വാസവും ബഹുമാനവും മാത്രമല്ല ഗാഢമായ പ്രേമവും ജനിപ്പിക്കുവാൻ ഈ ബാലർ ദീപങ്ങളും പടങ്ങളും ലഘുലേഖകളും ചില്ലറയൊന്നുമല്ല ഉപകാരപ്പെട്ടിട്ടുള്ളതു്. വെളുത്തകുഞ്ഞുമായി ഇണങ്ങി എങ്ങനെയെങ്കിലും ഞാൻ ആ ബാലർദീപം കരസ്ഥമാക്കി അതിലുള്ള പടങ്ങൾ നോക്കി രസിക്കയും വെളുത്ത കുഞ്ഞിനോടുതന്നെ ചോദിച്ചു പടം കൊണ്ടു സൂചിപ്പിക്കപ്പെട്ട കഥകൾ ഗ്രഹിക്കുകയും ചെയ്തു. സായ്പു വരുമ്പോൾ ഒരു ബാലർദീപം എനിക്കു കിട്ടിയെങ്കിലോ എന്നു വിചാരിച്ചു പത്തുകല്പന ഞാനും കാണാതെ പഠിച്ചുവച്ചു. രണ്ടു മൂന്നു മാസം കഴിഞ്ഞു് വീണ്ടും സായ്പു് വന്നു. പരിശോധനയൊക്കെ നടന്നു. പത്തുകല്പന കാണാപ്പാഠം ചൊല്ലാൻ സായ്പു് എന്നോടാവശ്യപ്പെട്ടുമില്ല, എനിക്കു ബാലർദീപം കിട്ടിയതുമില്ല.
വെളുത്തകുഞ്ഞു് പള്ളിക്കൂടം വിട്ടു പോയി ആറേഴുവർഷം കഴിഞ്ഞു് വെളുത്തകുഞ്ഞിന്റെ തിരണ്ടു കല്യാണം വന്നു. ആ തിരണ്ടു കല്യാണത്തിനു വെളുത്തകുഞ്ഞു് പുത്തൻ കുളത്തിൽനിന്നു് കുളിയും കഴിഞ്ഞു കാലത്തുള്ള വെയിലത്തു കിഴക്കോട്ടു ഒരു കൊച്ചു ആറാട്ടുത്സവത്തിന്റെ ചടങ്ങോടുകൂടി കൊട്ടും കുരവയും കോലാഹലങ്ങളും തകർക്കുന്നതിനിടയിൽ, വണ്ണാത്തി വിരിച്ചനടമാറ്റിൽ കൂടി അലുക്കിട്ട കുടയും പിടിച്ചു അങ്ങനെ വരികയായിരുന്നു. കഥകളിവേഷത്തിലെ പ്രധാനവേഷക്കാരുടെ പുറപ്പാടിൽ, മുഖത്തിന്റെ ഇരുവശവും രണ്ടു ആലവട്ടങ്ങൾ വച്ചു് ഒരാൾ പിറകിൽ പതുങ്ങിനിന്നു പിടിച്ചുകൊണ്ടിരിക്കുമല്ലൊ. കിരീടത്തിനിടയിൽ ആലവട്ടങ്ങളുടെ നടുവിൽ കാണപ്പെടുന്ന മുഖത്തിനു് ഒരു ഭംഗിയും പ്രൗഢിയും കൂടിയിരിക്കുമെന്നു ആ കഥകളിവേഷപ്പുറപ്പാടു കണ്ടിട്ടുള്ളവർക്കു ബോദ്ധ്യമാണല്ലൊ. കുളിച്ചു തലമുടി ചീകി ശിരോമദ്ധ്യത്തിൽ വച്ചു രണ്ടായിവകന്നു് പിൻഭാഗത്തേക്കു് കോതിയൊതുക്കി കൊണ്ട കെട്ടി, പൂമാലയും ചാർത്തി പിറകിലേക്കു നീട്ടിയിരിക്കുന്നതിനിടയിൽകൂടി വെളുത്തകുഞ്ഞിന്റെ വെണ്മയുള്ള മുഖം സ്നാനാന്തരമുണ്ടായ ഒരു നവീകരണം കൊണ്ടു, കാർമേഘം പിളർന്നു, തെളിഞ്ഞ ചന്ദ്രബിംബം പോലെ അത്യന്തം പ്രസന്നമായിരുന്നു. അഴകൊഴുകിയിരുന്ന ആ മുഖത്തിന്റെ ഇരു പാർശ്വങ്ങളിലും കിടന്നിരുന്ന കൂന്താണിത്തക്കകളുടെ കുടകൾ ആ ചെറിയ മുഖത്തിനിണങ്ങിയ രണ്ടു ആലവട്ടങ്ങളുടെ—രണ്ടു പൊന്നാലവട്ടങ്ങളുടെ—സ്ഥാനം നിർവഹിക്കുക തന്നെ ചെയ്തു. തക്കയുടെ കൊടയിലുള്ള സ്വർണ്ണപ്പകിട്ടിന്റെ കൊത്തുപണിയിൽ പൂർവാർക്ക പ്രഭതട്ടി ഉൽകിരണം ചെയ്തിരുന്ന മയൂഖകുന്തളങ്ങൾ, വെളുത്ത കുഞ്ഞിന്റെ കപോലദർപ്പണങ്ങളിൽ, അവളുടെ മുഖത്തിനോ, തക്കയ്ക്കോ ഉണ്ടാകുന്ന ചെറുചലനമനുസരിച്ചു് അതിലോലങ്ങളായ മിന്നൽപ്പിണറുകൾ പോലെ കിടന്നു കളിയാടിയ കാഴ്ച പിന്നെ ഒരു പത്തു പതിനഞ്ചു വർഷം കഴിഞ്ഞു യുവാവായശേഷമായിരുന്നു ഞാൻ കണ്ടിരുന്നതെങ്കിൽ—പക്ഷേ, അത്ര പ്രായമായശേഷമല്ലല്ലോ, അന്നു പതിനാലു പതിനഞ്ചു വയസ്സു പ്രായമായിരുന്ന, വെളുത്തകുഞ്ഞിനെ പത്തുപതിനൊന്നു വയസ്സു മാത്രമുണ്ടായിരുന്ന ഞാൻ കണ്ടതു്. വെളുത്തകുഞ്ഞിന്റെ തിരണ്ടുകുളി കഴിഞ്ഞദിവസം ഉർവശീകരണം ചെയ്തു അസുരനെപ്പോലെ ഒരു കറുത്ത മല്ലനുവേണ്ടി അയാളുടെ സഹോദരി വന്നു് അവളെ പുടവകൊടുത്തു കൊണ്ടുപോയി. ഒരാണ്ടുകഴിഞ്ഞപ്പോൾ വെളുത്തകുഞ്ഞു വയറ്റോടെ മരിച്ചു എന്നവർത്തമാനം കേട്ടു. വെളുത്തകുഞ്ഞിനെ പിന്നീടു ഞാൻ കണ്ടിട്ടില്ല. ആ ദേവത ഭൂഗോളത്തിൽ നിന്നും അന്തർദ്ധാനം ചെയ്തു. വെളുത്തകുഞ്ഞിന്റെ ശവസംസ്ക്കാരക്രിയ, പിന്നീടു പത്തു വർഷം കഴിഞ്ഞു നടന്ന ഒരു ശവസംസ്ക്കാരകർമ്മത്തിന്റെ ചടങ്ങുകൾ പറഞ്ഞുകേട്ടറിഞ്ഞതിൽനിന്നു് ഞാൻ ഊഹിക്കുന്നതു് ഗർഭത്തോടെ മരിച്ച വെളുത്തകുഞ്ഞിന്റെ വയറു കീറി വയറ്റിനുള്ളിൽ കടുകും കാന്താരിമുളകും മറ്റു ചില ചപ്പുചിപ്പുകളും ചെലുത്തി കമഴത്തിയിട്ടു മൂടിയിരിക്കുമെന്നാണു. അങ്ങനെ ചെയ്താൽ പ്രേതം ഇളകി ആരെയും ബാധിക്കയില്ലെന്നുമാണു് വിശ്വാസം. ഇന്നുള്ള ഗർഭിണികൾ ഗർഭത്തോടെ മരിച്ചാൽ അവരുടെ മൃതദേഹത്തെ ഇങ്ങനെയൊക്കെ ചെയ്വാൻ നിശ്ചയമായും ബന്ധുക്കൾ സമ്മതിക്കയില്ല.
എനിക്കു പത്തുവയസ്സു തികയുന്നതിനകം ഞാൻ കണ്ടിട്ടുള്ള ഉത്സവങ്ങളുടെ പത്തിലൊരുപങ്കു ഉത്സവംപോലും ഇന്നു എന്റെ നാട്ടിൽ നടക്കുന്നില്ല. ഉമയനല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവം പത്തു ചേരിക്കാർ നായന്മാർ കൂടിയാണു് നടത്തുന്നതു്. വിഷുവിനു പത്തു കാളക്കുതിര കെട്ടുക പതിവുണ്ടായിരുന്നു. അങ്ങനെ ഒരു ജാതി കുതിരയുണ്ടു്. അതു ദേശിംഗ് രാജൻ കഥയിലെ നീലവേണിക്കുതിരയും, പരാശരിക്കുതിരയും പോലെയുള്ള കുതിരകളോ ദേവേന്ദ്രന്റെ പച്ചക്കുതിരയേയോ, സൂര്യന്റെ സപ്തവർണ്ണ കുതിരകളെയോ പോലെയുള്ള കുതിരകളല്ല. കാളയുടെ രൂപം മിക്കവാറും വണ്ടിക്കുതിര പോലെ കെട്ടിയുണ്ടാക്കി തോളിലെടുക്കുന്നതിനാണു് കാള കുതിരയെന്ന പേരു് കൊടുത്തിരിക്കുന്നതു്. കുതിരയ്ക്കു കൊമ്പില്ലെങ്കിലും കാളക്കുതിരയ്ക്കു കൊമ്പുമുണ്ടു്. മീനമാസത്തിലെ അശ്വതിക്കു ആ ക്ഷേത്രത്തിൽതന്നെ പിന്നെയും പത്തു കാളക്കുതിരകളുണ്ടു്. ഭരണിക്കു നെടുങ്കുതിരയുടെ വെള്ളപ്പുറവും കാണിക്കും. കാർത്തികയാണു അവിടെ ഉത്സവം.
ഉമയനല്ലൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവം കാർത്തിക നാളിലാണു്. പത്തു വലിയ നെടുങ്കുതിരകൾ പത്തു ചേരിക്കാരായി കെട്ടിയൊരുക്കി ഏകദേശം വൈകിട്ടു നാലു മണിയാകുമ്പോഴേക്കു് തയ്യാറാക്കിവയ്ക്കും. ഓരോ കുതിരയേയും തോളിലെടുത്താണു് ക്ഷേത്രത്തിനു വട്ടമടിക്കേണ്ടതു്. ഓരോ ചട്ടത്തിന്റെയും രണ്ടറ്റത്തും ഈരണ്ടുപേർ ജോടി തികഞ്ഞു ഇരുവശങ്ങളിലും നിന്നു് ആറുജോടികൾ ചേർന്നു ഇങ്ങനെ രണ്ടു ചട്ടങ്ങളുടെ നാലറ്റത്തുമായി 12 ആളുകൾ വീതം 48 ആളുകൾ ചേർന്നാണു് കുതിരയെടുക്കുന്നതു്. ഓരോ പന്ത്രണ്ടാളുകളെയും ഓരോ ചേരിയിൽനിന്നും വേണം വരുത്തുവാൻ. അവർക്കു് സദ്യ കൊടുക്കേണ്ടതു് ചീട്ടയച്ചുവരുത്തിയ ചേരിക്കാർ തന്നെ വേണം. ഇങ്ങനെ പത്തു കുതിരകൾക്കുംകൂടി കുതിരയെടുക്കാൻ വരുന്ന ചേരിക്കാർ തന്നെ പത്തഞ്ഞൂറു പേർ ഉണ്ടായിരിക്കുന്നതാണു്.
ഉമയനല്ലൂർ ക്ഷേത്രത്തിന്റെ മുൻഭാഗം (പടിഞ്ഞാറു്) ഒരു വലിയ ഏലായാണു്. ഈ ഏലായുടെ നടുവിൽ നാലുവരമ്പിനു മദ്ധ്യത്തിലായി ഒരമ്പലമുണ്ടു്. ഉരിക്കണ്ടത്തിലാണു് അമ്പലം നില്ക്കുന്നതു്. അതുകൊണ്ടു് നാലുവരമ്പിനകത്തുള്ള നിലത്തിനു് “ഉരികുറെ ആയിരപ്പറ” നിലമെന്നാണു് പറഞ്ഞു വരുന്നതു്. ഇതിന്റെ മദ്ധ്യത്തിലുള്ള അമ്പലം മയ്യനാട്ടുകാരായി പഞ്ചപാണ്ഡവന്മാരെപ്പോലെ അഞ്ചു ചാന്നാന്മാരുള്ളവരിൽ ഭീമസ്ഥാനത്തിലുള്ള നായൻചാന്നാന്മാരുടെ വകയാണു്. പത്തു കുതിരകളും ആദ്യമായി കൊണ്ടുവന്നു അമ്പലത്തിന്റെ മുൻവശത്തു തെക്കുവടക്കു നിരത്തി വയ്ക്കും. പത്തുചേരിക്കാരും അവരുടെ സഹായത്തിനു വന്ന ചേരിക്കാരും എല്ലാ കുതിരകളുടെയും മുമ്പിൽ അണിനിരന്നു “കരപറയുവാൻ” നില്ക്കും. യാതൊരു ശബ്ദവും കരപറയുന്ന സമയത്തു് അവിടെയെങ്ങും ഉണ്ടായിരിക്കുവാൻ പാടില്ല. കര പറയുന്നതു്, കഴിഞ്ഞ ഒരു കൊല്ലത്തിൽ ക്ഷേത്രാതിർത്തിയിൽപ്പെട്ട പത്തു ചേരിക്കകത്തു എന്തെങ്കിലും അന്യായമോ അക്രമമോ നടത്തിയിട്ടുണ്ടെങ്കിൽ അതിനു പരിഹാരമുണ്ടാക്കുവാനാണു്. തന്നാണ്ടു് ഉത്സവച്ചടങ്ങുകളിൽ കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം അന്വേഷിച്ചു പരിഹാരമുണ്ടാക്കും. ക്ഷേത്രത്തിന്റെയും ക്ഷേത്രബന്ധമുള്ള കരകളുടെയും അഭിവൃദ്ധിക്കുവേണ്ട കാര്യങ്ങളും ആലോചിച്ചു നിശ്ചയിക്കും. സാമുദായിക ശിക്ഷ രാജ ശിക്ഷയോളം തന്നെ അനുസരിക്കേണ്ടതാകയാൽ കരപറയുന്നതിൽ വച്ചു് നിശ്ചയിക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ അനുസരിച്ചു നടക്കുവാൻ ഏതു വമ്പനും പ്രേരിതനായി തീരുകതന്നെ ചെയ്യും. ക്ഷേത്രം വക വരവു് ചിലവു് കണക്കുകൾ “മാറാക്കണക്കൻ” കൊണ്ടുവന്നു ഈ സന്ദർഭത്തിൽ ചേരിക്കാരെ വായിച്ചുകേൾപ്പിക്കുകയും വേണം. ചേരിക്കാർ നായന്മാർ ഇങ്ങനെ കരപറഞ്ഞു നില്ക്കുമ്പോൾ അവരുടെയും അമ്പലത്തിന്റെയും മദ്ധ്യത്തിലായി ഒരു വലിയ കരിമ്പടവം വിരിച്ചു് നായൻചാന്നാർ ഒരു തളികയിൽ ഭസ്മവുമായി ചെന്നു ചമ്മണം പിണഞ്ഞിരിക്കും. നായർ സ്ത്രീകളെല്ലാവരും ചാന്നാരുടെ മുമ്പിൽ താറുമുടുത്തുചെന്നു് താലപ്പൊലിയിടണം. ചാന്നാരവർക്കെല്ലാം പ്രസാദമെന്നപോലെ ഭസ്മം കൊടുക്കണം. ഭക്തിയോടുകൂടി അവിടെ നിന്നുകൊണ്ടുതന്നെ അവർ ഭസ്മം ധരിക്കുകയും ബാക്കിയുള്ള ഭസ്മം അവരുടെ ബന്ധുജനങ്ങൾക്കു കൊണ്ടുപോയി കൊടുക്കുകയും ചെയ്യും. നായൻചാന്നാരുമായി എനിക്കുണ്ടായിരുന്ന അടുത്ത ബന്ധം നിമിത്തം (എന്റെ ഭാര്യയുടെ തറവാട്ടിലെ കാരണവരാണു് നായർചാന്നാർ) ചില ആണ്ടുകളിൽ ഞാൻ അദ്ദേഹത്തിന്റെ പിന്നിൽ ചെന്നു് ഈ കാഴ്ചകണ്ടു നിന്നിട്ടുണ്ടു്. അറുപതു്, എഴുപതുകൊല്ലം മുമ്പേ ഉണ്ടായിരുന്ന ഈ നടപടിയിൽ നിന്നു് അന്നത്തെ ജാതി ഏർപ്പാടു് ഉദ്യോഗവഴിക്കാരംഭിച്ച പില്ക്കാലങ്ങളിലെപ്പോലെ ദുരിതമയമായിരുന്നില്ലെന്നു് തോന്നിപ്പോകുന്നു. കരുനാഗപ്പള്ളിയിലെ കന്നേറ്റിപ്പാലത്തിനു് വടക്കുണ്ടായിരുന്ന “കേരളാചാരങ്ങൾ”, മാർത്താണ്ഡവർമ്മ മഹാരാജാവു്, പ്രബലന്മാരായിരുന്ന നമ്പൂതിരിമാരെ സമാധാനപ്പെടുത്തുവാൻ വേണ്ടി ആരംഭിച്ച മുറജപം, ഭദ്രദീപം, ഹിരണ്യഗർഭം മുതലായ അടിയന്തിരങ്ങക്കുവേണ്ടി അവർ തിരുവനന്തപുരത്തേക്കു കെട്ടിക്കേറിയ മുതൽക്കു് ഓരോന്നോരോന്നായി കൊല്ലത്തിനുതെക്കുള്ള പ്രദേശങ്ങളിലേക്കു പതുക്കെ നുഴഞ്ഞുകയറിയാണു് അനർത്ഥങ്ങൾ ഉണ്ടാക്കിയതെന്നു തോന്നുന്നു.
താലപ്പൊലി കഴിഞ്ഞു കുതിരകളെടുത്തു ഏലായുടെ കിഴക്കെക്കരയിലുള്ള ക്ഷേത്രത്തിൽ കൊണ്ടുചെന്നു വട്ടമടിച്ചു പന്തിയിലിറക്കി വയ്ക്കും. കുതിരയെടുക്കാൻ കരക്കാർ നായന്മാർ തികഞ്ഞില്ലെന്നു വന്നാൽ ചെട്ടികൾ, ഈഴവർ മുതലായവരെയും സഹായത്തിനുകൂട്ടിച്ചേർക്കും. അന്നു തീണ്ടും തൊടക്കും ഇല്ലെന്നുള്ളതു് ആ ക്ഷേത്രത്തിലെ പരസ്യമായ ഒരാചാരമല്ലെങ്കിലും സ്വകാര്യമായ നടപടിയാണു്. ചേരിക്കാർ ജോടി തികഞ്ഞു ഇരു ഭാഗവും നിന്നു തോൾ കൊടുത്തു കുതിരയെടുത്തു താളത്തിനൊത്തു “ഹീക്കടാ, ഹീക്കടാ” എന്നു പറഞ്ഞു കുലുക്കിക്കൊണ്ടു പോകുമ്പോൾ അരശീല തൂക്കുകളിൽ പതിച്ചിട്ടുള്ള കണ്ണാടിച്ചില്ലുകളിൽ സന്ധ്യാസൂര്യന്റെ സുവർണ്ണ രശ്മി തട്ടി ഉണ്ടാകുന്ന മിനുക്കവും തിളക്കവും ദൂരെനിന്നുകണ്ടാലുള്ള മനോഹരത കണ്ടുതന്നെ അനുഭവിക്കേണ്ടതാണു്. കുതിരയെടുക്കുവാൻ ചട്ടത്തിൽ തോൾകൊടുത്തു കഴിഞ്ഞാൽ ജോടിക്കു മറുവശം നില്ക്കുന്നവർ ബന്ധുവാണോ ശത്രുവാണോ എന്നുള്ള നോട്ടമേ ആർക്കുമില്ല. എല്ലാവരും ഐകമത്യത്തോടുകൂടി ഒരു മനസ്സായി തോളുകൊടുത്തില്ലെങ്കിൽ അബദ്ധമുണ്ടെന്നു ആരും പ്രസംഗിച്ചു ഒരുമിപ്പിന്റെ ഗൗരവം അവരെ മനസ്സിലാക്കാറില്ല. ആവശ്യവും ചുമതലയും ഉണ്ടായപ്പോൾ ആരും പ്രസംഗിക്കാതെതന്നെ ഒരുമിപ്പു അവർക്കുണ്ടായി. സമുദായ സൗഹാർദ്ദം, ഐകമത്യം മുതലായവയെക്കുറിച്ചുള്ള പ്രസംഗങ്ങൾ പെരുത്തതു മൂലമാണു് ഐകമത്യവും സമുദായ സൗഹാർദ്ദവും നമ്മുടെ നാട്ടിൽ നശിച്ചുതുടങ്ങിയതെന്നു തോന്നുന്നു.
കാർത്തികയ്ക്കു് ഒരാഴ്ച മുമ്പേ കരക്കാർ നായന്മാരിലും ഈഴവരിലും വളരെപ്പേർ കൊടുങ്ങല്ലൂർ ഭരണിക്കു് പോകുന്നവരുണ്ടായിരിക്കും. പത്തും പന്ത്രണ്ടും ആളുകൾ കൂടി ഓരോ കെട്ടുവള്ളങ്ങൾ ഏർപ്പാടുചെയ്തു കെട്ടും പെട്ടിയുമായിട്ടാണു് കൊടുങ്ങല്ലൂരേക്കു പോകുന്നതു്. കൊടുങ്ങല്ലൂർ പോകുന്നവർക്കു് ഒരു പണം മുതൽ ഒരു രൂപാവരെ സ്നേഹിതന്മാരും ബന്ധുക്കളും കൈനീട്ടം കൊടുക്കുക പതിവാണു്. ഭരണിനാൾ വൈകിട്ടോ കാർത്തിക ഉച്ചയ്ക്കുമുമ്പോ കൊടുങ്ങല്ലൂർ പോയവർ മടങ്ങിവരും. കൈനീട്ടം കൊടുത്തവർക്കു, കൊടുങ്ങല്ലൂരിൽനിന്നും നല്ലനല്ല പാട്ടുകളും പഠിച്ചു മടങ്ങിവന്നവർ ഓരോ വിശേഷ വസ്തുക്കൾ സമ്മാനം കൊടുക്കുക പതിവാണു്. “ഇടത്തരത്തിൽ ചില നാരിമാരുള്ള”വർക്കു പട്ടു ചരടും, കണ്ണാടിയും ചീപ്പും, സിന്ദൂരവും ചാന്തും ആണു് സ്വീകാര്യമായി സമ്മാനിക്കുന്നതു്. കൈനീട്ടം കൊടുക്കുന്നവർക്കു നേരെകൊടുക്കുന്ന സമ്മാനം അക്കാലങ്ങളിൽ കൊല്ലത്തു ദുർലഭമായിരുന്ന വറ്റൽ മുളകു്, ഈത്തപ്പഴം, കുണുക്കു്, പൊരി, വലിയമ്മമാർക്കു ‘ഒറ്റയേന്ത്രം’ കോർത്തു് കഴുത്തിൽ കെട്ടുവാനുള്ള കനത്ത വെള്ളച്ചരടു ഇവയാകുന്നു.
എന്റെ ഒൻപതാമത്തെ വയസ്സിൽ ഞാനും കൊടുങ്ങല്ലൂരേക്കുപോയി. പലതവണ കൊടുങ്ങല്ലൂരിൽ പോയി ദിക്കുകളൊക്കെ നല്ലവണ്ണം തിട്ടംവന്ന ഒരു പ്രമാണിയെ ഏല്പിച്ചാണു് എന്നെ കൊടുങ്ങല്ലൂരയച്ചതു്. എന്തോ നേർച്ചയുണ്ടായിരുന്നു എന്നല്ലാതെ എന്തു നേർച്ചയായിരുന്നു എന്നു എനിക്കിപ്പോൾ ഓർമ്മയില്ല. ഒരു നല്ല തടിയൻ പൂവൻകോഴി ഉണ്ടായിരുന്നുവെന്നു നിശ്ചയം തന്നെ. സന്ധ്യയോടുകൂടിയാണു് കൊടുങ്ങല്ലൂരേക്കു വള്ളം കയറിയതു്. വള്ളക്കടവുവരെ അമ്മയച്ഛന്മാരും മറ്റു വേണ്ടപ്പെട്ടവരും “ഉദകാന്തം സ്നിഗ്ദ്ധ ജനാനുഗമനം” എന്ന പ്രമാണം അനുസരിച്ചു് ഞങ്ങളെ യാത്രയയയ്ക്കുവാൻ കൊട്ടു, കുരവ, പഞ്ചവാദ്യം മുതലായ കോലാഹലങ്ങളോടുകൂടി വന്നിരുന്നു. മയ്യനാടു മുതൽ കൊടുങ്ങല്ലൂർ വരെയുള്ള യാത്ര രണ്ടുരണ്ടര ദിവസംകൊണ്ടു അവസാനിക്കും. വഴിമദ്ധ്യേ ഭക്ഷണം തയ്യാറാക്കുന്നതിനും മറ്റുമായി ചവറ, ആറാട്ടുപുഴ മുതലായ സ്ഥലങ്ങളിൽ താമസിക്കുക പതിവുണ്ടു്. അന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട്ടിൽ ഒരു കഥകളിയോഗക്കാർ ഉണ്ടായിരുന്നുവെന്നു് അവിടെ ഒരു കെട്ടിടത്തിൽ കഥകളി വേഷക്കാരുടെ കിരീടം, മുടി മുതലായവ തൂക്കിയിരുന്നതിൽ നിന്നു് മനസ്സിലായി. “ആറാട്ടുപുഴ കൊച്ചുവേലായുധപ്പണിക്കർ” എന്നു് ആളുകൾ ഉറക്കെ പേരു പറയുക പതിവില്ല. ശബ്ദം അടക്കി ബഹുമാനപൂർവ്വം പരസ്പരം ആ പേരു് മന്ത്രിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളു. അന്നത്തെ ആറാട്ടുപുഴപ്പണിക്കർ കൊച്ചുവേലായുധപ്പണിക്കർ തന്നെ ആയിരുന്നോ എന്നു എനിക്കു നിശ്ചയമില്ല. എനിക്കു രക്ഷയായി വന്നിരുന്ന മാന്യനും അന്നത്തെ പണിക്കരും തമ്മിൽ സമന്മാരായ സുഹൃത്തുക്കളെപ്പോലെയാണു് പെരുമാറിയിരുന്നതു്. പണിക്കർ എന്നെ അടുത്തു വിളിച്ചു് എന്തോ ചിലതൊക്കെ പറഞ്ഞുവെന്നല്ലാതെ എന്താണു പറഞ്ഞതെന്നും എനിക്കിപ്പോൾ ഓർമ്മയില്ല.
കൊടുങ്ങല്ലൂരിൽ അന്നു കണ്ട കാഴ്ചകളിൽ ദുർല്ലഭം ചിലതു മാത്രമേ എനിക്കിപ്പോൾ ഓർമ്മയുള്ളു. അമ്പലത്തിന്റെ പൊൻ താഴികക്കുടം വളരെ ദൂരത്തിൽ വച്ചുതന്നെ കൂട്ടുകാർ ചൂണ്ടിക്കാണിച്ചതു കണ്ടപ്പോൾ ഉണ്ടായ ഉത്സാഹം എന്തെന്നു പറയാൻ നിവൃത്തിയില്ല. അമ്പലത്തിനു ചുറ്റും ഒട്ടു വളരെ അരയാലുകൾ ഉള്ളവയിൽ കണക്കില്ലാതെ വാവലുകൾ തൂങ്ങി കിടന്നിരുന്നു. കുണുക്കു, പൊരി മുതലായി മുൻപറഞ്ഞ സാധനങ്ങൾ കച്ചവടം ചെയ്യുന്നവരെയും അവിടെ നിരന്നു കണ്ടിരുന്നു. വഴിക്കു സ്ത്രീകളെ കണ്ടിരുന്നുവെങ്കിലും അമ്പലപരിസരങ്ങളിലെങ്ങും സ്ത്രീകളെ കാണ്മാനുണ്ടായിരുന്നില്ല. എട്ടും പത്തും വയസ്സു പ്രായമുള്ള ചെറു പെൺകുട്ടികൾ ചിലരുണ്ടായിരുന്നു. അവിടെ അന്നു പലരും പാടിയ പാട്ടുകളിൽ നല്ല കവിതയുള്ള ചില പാട്ടുകൾ എനിക്കിപ്പോഴും ഓർമ്മയുണ്ടെങ്കിലും അവസാന വേദഗാനങ്ങളെപ്പോലെ ‘ശൂദ്രകർണ്ണംപുക്കു’ കൂടാത്തവയാകയാൽ ഇവിടെ ഉദ്ധരിക്കുന്നില്ല.
കൊടുങ്ങല്ലൂർ ഭരണിയുടെ ഉത്സവം എന്തു തന്നെയായിരുന്നാലും കേരളം ഹിന്ദുക്കൾക്കു് ‘കൊടുങ്ങല്ലൂരമ്മ’യിൽ ദൃഢമായ വിശ്വാസം അടുത്ത കാലം വരെയുണ്ടായിരുന്നു. ഇപ്പോഴും അതു നിശേഷം ഇല്ലാതായിട്ടില്ല. മയ്യനാട്ടു നിന്നും ഈയിടെ ആരെങ്കിലും കൊടുങ്ങല്ലൂരേക്കു പോകുന്നുണ്ടോ എന്നു തന്നെ സംശയമാകുന്നു. എന്നാൽ എന്റെ ബാല്യകാലത്തു് എട്ടും പത്തും വള്ളങ്ങൾ നിറയെ ആളുകൾ കൊടുങ്ങല്ലൂർക്കു പോകുക പതിവായിരുന്നു. കേരളീയർക്കു് ഒട്ടുക്കു ബന്ധമുണ്ടായിരുന്ന തിരുനാവായിലെ മാമാങ്കത്തിന്റെ മറുപിറവികളല്ലയോ ആലുവായിലെ ശിവരാത്രിയും കൊടുങ്ങല്ലൂരിലെ ഭരണിയും എന്നു സംശയം തോന്നായ്കയില്ല. ശക്തിപൂജക്കാരിൽ വാമാചാരന്മാരായി ഉള്ളവരുടെ ആരാധന ക്രമത്തിൽ വന്നുകൂടിയ വികൃതാചാരമായിരിക്കും കൊടുങ്ങല്ലൂരിലെ തെറിപ്പാട്ടും മദ്യപാനത്തിലുണ്ടാകുന്ന മദ്യലഹരിയോടുകൂടി പാട്ടുകാർ കാണിക്കുന്ന ചേഷ്ടികളും എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അവരുടെ പാട്ടുകളെപ്പോലെ തന്നെ ചേഷ്ടിതങ്ങളും കടലാസ്സിൽ രേഖപ്പടുത്തുവാൻ സാദ്ധ്യമല്ല. ക്രിസ്താബ്ദത്തിന്റെ ആരംഭ കാലങ്ങളിൽ കൊടുങ്ങല്ലൂരിനു സമീപമുള്ള “മതിൽക്കകം” എന്ന പ്രദേശത്തു ബൗദ്ധഭിഷുണികളുടെ ഒരു കന്യാമഠം ഉണ്ടായിരുന്നു. തന്മൂലം ആ മതിലകത്തിനു “തിരുകന്യാമതിലകം” എന്നുണ്ടായ പേരു് കാലാന്തരത്തിൽ “തൃക്കണാമതിലകം” ആയിത്തീർന്നതാണെന്നു ഒരഭിപ്രായമുണ്ടു്. ബൗദ്ധകന്യകകളെ ക്ഷതയോനികളാക്കിയാൽ സ്വല്പം പണം പ്രായശ്ചിത്തം ചെയ്തു പാപ പരിഹാരം വരുത്തിക്കൊള്ളാമെന്നു വിസ്മൃതിയുണ്ടായിരുന്നതായി രമേശ ചന്ദ്രദത്തന്റെ Ancient India (പ്രാചീനാര്യവൃത്തം) എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചു കാണുന്നു. ബുദ്ധമത ധ്വംസനലഹരി ഇളകിയ കാലത്തു ബുദ്ധഭിഷുണികളുടെ മഠങ്ങൾ നശിപ്പിച്ചു അവരുടെ ഇടയിലുള്ള കന്യാമഠം ഏർപ്പാടിനെ നാമാവശേഷമാക്കുവാൻ മദ്യപന്മാരെക്കൊണ്ടു ഭിക്ഷുണികളെ അപമാനിപ്പിക്കുവാൻ ശാക്തേയന്മാർ തുടങ്ങിയ ശ്രമം ഒടുവിൽ ഒരു മതാചാരമായി പരിണമിച്ചതാണു കൊടുങ്ങല്ലൂരിലെ പൂരം പാട്ടു് എന്നും ചിലർക്കു അഭിപ്രായമുണ്ടു്. ഇതൊക്കെ ചരിത്ര പണ്ഡിതന്മാരുടെ ആലോചനയിൽ പെടേണ്ട വിഷയങ്ങളാണു്. അതു അവർക്കായി വിട്ടുകൊണ്ടു അന്നത്തെ കൊടുങ്ങല്ലൂർ പോക്കും വരവും എങ്ങനെയായിരുന്നുവെന്നു്, ഒരു പക്ഷേ, അതു ഒന്നുരണ്ടു തലമുറ കൂടിക്കഴിയുമ്പോൾ ജനങ്ങളുടെ സ്മൃതിപഥത്തിൽ നിന്നു മറഞ്ഞു പോകുവാൻ ഇടയുള്ളതുകൊണ്ടു്, സ്വല്പംകൂടി വിവരിക്കാം എന്നു വിചാരമാക്കുന്നു.
ഇപ്പോൾ തന്നെയും പലരുടെയും ഓർമ്മയിൽനിന്നും കൊടുങ്ങല്ലൂർ പോക്കിന്റെ ചടങ്ങുകൾ മിക്കവാറും മറവിലായിട്ടുണ്ടു്.
മീനഭരണിയാണു് കൊടുങ്ങല്ലൂരിലെ പ്രധാന ഉത്സവദിനം. ഭരണിയും പൂരവും തമ്മിൽ പത്തു ദിവസത്തിന്റെ വ്യത്യാസമുണ്ടെങ്കിലും കൊടുങ്ങല്ലൂർ ഭരണിക്കു് പാടുന്ന പാട്ടിനു് “പൂരം” പാട്ടെന്നാണു് പറഞ്ഞുവരുന്നതു്. ഭരണിക്കു് പത്തുദിവസമുള്ളപ്പോൾ പൂരാടത്തുംന്നാൾ മയ്യനാട്ടുക്കാരായ കൊടുങ്ങല്ലൂർ നോമ്പുകാരെല്ലാവരും ഉമയനല്ലൂർ ക്ഷേത്രത്തിൽ ചെന്നു കുളിച്ചുതൊഴുതു തേങ്ങാ ഉടയ്ക്കും. അതു മുതൽക്കു ഏഴുദിവസം ഭരണി നോമ്പുകാർക്കു വ്രതമാണു്. മത്സ്യമാംസങ്ങളൊന്നും ഭക്ഷിക്കയില്ല. മദ്യം തൊടുകയില്ല. മാതാവു്, സഹോദരി അവരെപ്പോലെ വിചാരിക്കേണ്ട മറ്റു സ്ത്രീകൾ ചെറുകന്യകകൾ പടുവൃദ്ധകൾ ഇവരെയല്ലാതെ യൗവനയുക്തങ്ങളായ സ്ത്രീകളുടെ മുഖദർശനംപോലും ആ ഏഴുദിവസവും പാടില്ലെന്നാണു് വച്ചിരിക്കുന്നതു്. പുഷ്പിണികളായിരിക്കുന്ന സ്ത്രീകൾ നോമ്പുകാരെ നോക്കുകയോ, നോമ്പുകാർ അവരെ നോക്കുകയോ ചെയ്തുകൂടാ എന്നുള്ളതു് അലംഘ്യമായ വ്രതനിയമമാണു്. പച്ചരിച്ചോറു സ്വയം പാകം ചെയ്തു ഭക്ഷിക്കുകയാണു് നോമ്പുകാർ ചെയ്യുന്നതു്. ഈ ഏഴു ദിവസവും ദേവിമാഹാത്മ്യം കിളിപ്പാട്ടോ തോറ്റം പാട്ടെന്നു പറയുന്ന ഭദ്രകാളിപ്പാട്ടോ, പാടുന്നതുകേട്ടോ, പാടിയോ നോമ്പുകാർ കഴിച്ചുകൂട്ടുകയാണു് ചെയ്യുന്നതു്. ഏഴാം ദിവസം സന്ധ്യക്കു കൊടുങ്ങല്ലൂരേക്കു യാത്ര തിരിക്കും. എന്നാൽ ഉമയനല്ലൂരിലെ കാർത്തികോത്സവം മയ്യനാട്ടും പരിസര പ്രദേശങ്ങളിലുമുള്ളവർക്കു് ഭരണി ഉത്സവം പോലെതന്നെ പ്രധാനപ്പെട്ട ഉത്സവമാകയാൽ ആ ഉത്സവത്തിനു വന്നുചേരേണ്ട ആവശ്യം കൊണ്ടു ഏഴുദിവസത്തെയും വ്രതം യാത്രയ്ക്കു മുമ്പു മുഴുമിപ്പിക്കാതെ അഞ്ചിനോ ആറിനോ തന്നെ യാത്ര തിരിക്കുന്നവരുമുണ്ടു്. ഒരു പക്ഷേ, പ്രാചീനകാലത്തു ഭരണിക്കു പോക്കു് മണ്ടയ്ക്കാട്ടെ “കൊട”യ്ക്കു പോക്കുപോലെ കാൽനടയായിട്ടുതന്നെ ആയിരുന്നിരിക്കാം. ചവറയിൽ തോടും മറ്റും ഉണ്ടായതിനാൽ ജലമാർഗ്ഗയാത്ര സൗകര്യപ്രദമായിത്തീർന്ന ശേഷമായിരിക്കാം വള്ളത്തിൽ കൊടുങ്ങല്ലൂർ പോക്കു തുടങ്ങിയതു്. കള്ളന്മാരുടെയും അക്രമികളുടെയും ഉപദ്രവം ഭയപ്പെട്ടിട്ടു് ജലമാർഗ്ഗയാത്ര തുടങ്ങിയതാണെന്നും വരാം. അതെങ്ങനെയും ഇരിക്കട്ടെ. യാത്രയ്ക്കു തീർച്ചപ്പെടുത്തിയ ദിവസത്തിന്റെ തലേന്നാൾ നോമ്പുകാരുടെ വീട്ടിൽ ഒരു സന്ധ്യാമേളമുണ്ടായിരിക്കും. കൊട്ടും കുരവയുമാണു് സന്ധ്യാമേളം. മേളപ്പണം കൊട്ടുകാർക്കു് നോമ്പുകാർ വീതപ്രകാരം കൊടുക്കേണ്ടതാണു്. യാത്രാ ദിവസം നോമ്പുകാരുടെ വീടുതോറും ചെന്നു അവരെ കെട്ടും പെട്ടിയുമായി കൊട്ടിയിറക്കി വള്ളക്കടവിൽ കൊണ്ടുപോയിയാക്കണം. എല്ലാ നോമ്പുകാരും വള്ളക്കടവിലെത്തി കഴിഞ്ഞാൽ നോമ്പുകാരോടൊന്നിച്ചു വന്ന ബന്ധുജനങ്ങളെകൊണ്ടുള്ള ഒരു വലിയ പുരുഷാരം വള്ളക്കടവിലുണ്ടായിരിക്കും. കാൽപെട്ടികൾ (കാലുള്ള പെട്ടികൾ) ആണു് യാത്രയ്ക്കുവേണ്ട സാമാനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതു്. പെട്ടിയിൽ മുണ്ടു്, എണ്ണ, അത്യാവശ്യത്തിനുവേണ്ട ചില ഔഷധങ്ങൾ, ഭസ്മം, സിന്ദൂരം, നേർച്ച സാധനങ്ങൾ മുതലായവ സൂക്ഷിച്ചിരിക്കും. അതിനു പുറമേ വഴിച്ചിലവിനു അരി, എരിദാഹത്തിനു കലക്കി കുടിക്കുവാൻ വറുത്ത മാവുപൊടി, അതിൽ കുറച്ചു തെങ്ങും കരുപ്പെട്ടി, ഇടിച്ചുകൂട്ടിയ ചമ്മന്തി മുതലായവയൊക്കെ തുണിക്കെട്ടിനകത്തായിരിക്കും. പെട്ടികൾ ആദ്യമായി വള്ളത്തിൽ കയറ്റി അവയുടെ മുകൾ ഭാഗം നിരപ്പായി വരുവാൻ തക്കവണ്ണം വള്ളത്തിന്റെ അരുകിൽ നിരത്തിവയ്ക്കും. വേണ്ടിവന്നാൽ കിടന്നുറങ്ങുവാൻകൂടി പെട്ടിപ്പുറം ഉപകാരപ്പെടണമെന്നു വച്ചാണു് ഇങ്ങനെ ചെയ്യുന്നതു്. ഓരോരുത്തരുടെയും പെട്ടിയുടെ അടുത്തുതന്നെ അവരുടെ കെട്ടുകളും സൗകര്യപ്പെടുത്തിവയ്ക്കും. എല്ലാം സജ്ജമായി എന്നു കണ്ടാൽ നോമ്പുകാർ കരക്കുനില്ക്കുന്ന ഗുരുജനങ്ങളെ വന്നിച്ചുകൊണ്ടും അവരോടു കൈനീട്ടം വാങ്ങി അവർക്കു കൈനീട്ടം കൊടുത്തുകൊണ്ടും വള്ളത്തിൽ കയറും. വള്ളത്തിന്റെ നടുപ്പടി നോമ്പുകാർക്കു് ഗുരുനാഥനായി ഉണ്ടായിരിക്കുന്ന ഒരാളുടെ ഇരിപ്പിനും കിടപ്പിനുമായിട്ടു് എല്ലാവരും സമ്മതപ്രകാരം ഒഴിഞ്ഞു കൊടുത്തിരിക്കുകയാണു്. ഗുരുനാഥനു പ്രത്യേകം താല്പര്യമുള്ളവരിൽ ചിലരെ നടുപ്പടിയിൽ ഇരിക്കുവാൻ അദ്ദേഹം അനുവദിക്കും. കാഴ്ച കാണുവാനുള്ള കൗതുകത്താൽ ഞാനും എന്നോടു വാത്സല്യമുണ്ടായിരുന്ന ഗുരുനാഥന്റെ അടുക്കൽ കൂടക്കൂടെ ചെന്നുകൂടാറുണ്ടായിരുന്നു. കൊട്ടുകാരും മേളക്കാരും കുരവക്കാരും പുരുഷാരവും ഉണ്ടാക്കുന്ന കോലാഹലങ്ങൾക്കിടയിൽ വഞ്ചി നീങ്ങി തുടങ്ങും. ആ സന്ദർഭത്തിൽ നോമ്പുകാരുടെ മനസ്സിലുണ്ടാകുന്ന വികാരങ്ങൾ ഇന്നെനിക്കു ഊഹിച്ചറിയുവാനല്ലാതെ അന്നനുഭവിച്ച മാതിരി വായനക്കാരെ പറഞ്ഞറിയിക്കാൻ സാധ്യമല്ല. ഏഴു ദിവസത്തെ നോമ്പുപൂർത്തിയാക്കാതെയാണു് യാത്ര പുറപ്പെടുന്നതെങ്കിൽ ഏഴു ദിവസം തികയുന്നതുവരെ നോമ്പുകാർക്കു വ്രതം തന്നെയാണു്. ഏഴുദിവസം പൂർത്തിയാകുന്ന സന്ധ്യയ്ക്കു് മിക്കവാറും വഞ്ചി എവിടെ എത്തിയിരിക്കുമോ അവിടെ കരയ്ക്കിറങ്ങി അന്നു പിന്നെ ഒരു വലിയ ഡിന്നറിന്റെ കോലാഹലം തന്നെയാണു്. ഓരോ നോമ്പുകാരും വഴിക്കു കറിയാക്കുവാനും കൊടുങ്ങല്ലൂർ കുരുതി കഴിക്കുവാനും ഒന്നോ രണ്ടോ മൂന്നോ കോഴികളെ വീതം കൊണ്ടു പോകുന്നതാണു്. ഇതെല്ലാം പൂവൻകോഴികളാണു്. പിടക്കോഴികളെ കൊണ്ടു പോകാറില്ല. സ്ത്രീകളെ തൂക്കിക്കൊല്ലാൻ പാടില്ലെന്നു തിരുവിതാംകൂർ പീനൽകോഡിൽ ഇന്നും ശേഷിച്ചിരിക്കുന്ന വകുപ്പു സ്ത്രീ ജാതി ജന്തുക്കളുടെ നേരേ പണ്ടുപണ്ടേ ഹിന്ദുക്കൾക്കുള്ള ഒരു നിഷ്ടയാണു്. പശുക്കളോടുള്ള ഭക്തി ഹിന്ദുക്കൾക്കു കാളകളോടില്ലല്ലോ.
കൊടുങ്ങല്ലൂർ നോമ്പുകാരായി വള്ളത്തിലുണ്ടായിരുന്നവരിൽ കുറെപ്പേർ പല തവണ കൊടുങ്ങല്ലൂർ പോയി പാടിപ്പരിചയിച്ച പാട്ടുകൾ അറിയാവുന്നവരായിരുന്നു. എങ്കിലും മയ്യനാട്ടുനിന്നും പുറപ്പെട്ടാൽ വേമ്പനാട്ടുകായലിൽ ചെല്ലുന്നതുവരെ വള്ളത്തിൽ പാട്ടുണ്ടായിരിക്കണമെങ്കിൽതന്നെ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വള്ളം കായലിലായെങ്കിൽ മന്ത്രം ജപിക്കുന്നതുപോലെ സാവധാനത്തിലായിരിക്കും. വേമ്പനാട്ടുകായലിന്റെ നടുക്കെത്തി, കരയ്ക്കുള്ളവരിൽ ആരും എത്രതന്നെ ഉറക്കെപാടിയാലും കേൾക്കുകയില്ല എന്നുള്ള ദിക്കാകുമ്പോൾ അതുവരെ പ്രയാസപ്പെട്ടു ഉള്ളിലമർത്തി വച്ചിരുന്ന പാട്ടു സകലശക്തിയോടും, എല്ലാവരും ചേർന്നു കൈയടിച്ചുണ്ടാകുന്ന താളങ്ങളോടും കൂടി മുഴങ്ങിത്തുടങ്ങും. മീനമാസത്തിലെ കച്ചാൻ കാറ്റിനു (വടക്കുപടിഞ്ഞാറുനിന്നു സ്ഥിരമായി ഊതിക്കൊണ്ടിരിക്കുന്ന കച്ചവടക്കാറ്റിനു) എതിരായിട്ടാണു് കൊടുങ്ങല്ലൂരേക്കു് വള്ളം പോകേണ്ടതു്. ഓരോ കെട്ടുവള്ളത്തിനും ആറോ എട്ടോ തണ്ടുകൾ വീതമുണ്ടായിരിക്കും. നോമ്പുകാർതന്നെ തണ്ടു വലിച്ചികൊണ്ടാണു് പാട്ടുകൾ പാടുന്നതു്. തണ്ണീർമുക്കത്തു വള്ളം അടുക്കാറാകുമ്പോൾ പാട്ടു നിറുത്തും. പിന്നീടു് അരൂക്കുറ്റിക്കു അടുത്തുള്ള വലിയ കായലിൽ ചെന്നാൽ മാത്രമേ കുറേശ്ശേ പാടിയും മറ്റുള്ളിടത്തെല്ലാം പാട്ടു നിറുത്തിയും വള്ളം തണ്ടു വലിച്ചു കൊടുങ്ങല്ലൂർ കായലിലെത്തിക്കഴിഞ്ഞാൽ പിന്നെ കൊടുങ്ങല്ലൂർക്കടവിൽ ചെന്നെത്തുന്നതുവരെ പാട്ടോടുപാട്ടുതന്നെ. വഞ്ചിപ്പാട്ടു്, കുമ്മിപ്പാട്ടു്, നെയ്യാണ്ടിപ്പാട്ടു് മുതലായ പല നാടോടിപ്പാട്ടുകളുടെ മട്ടിൽ പൂരം പാട്ടുകളുണ്ടു്. “പൂരംപാട്ടു കാളിദാസന്മാരു”ടെയും “പൂരം പാട്ടു എഴുത്തച്ഛന്മാരു”ടെയും പഴയ കൃതികൾക്കു പുറമേ പാട്ടുകാരുടെ ചില രസകരങ്ങളായ നിമിഷ കവിതകളും ഉണ്ടായിരിക്കും.
ഒൻപതാമത്തെ വയസ്സിലാണു ഞാൻ ആദ്യം കൊടുങ്ങല്ലൂർ പോയതെന്നു പറഞ്ഞല്ലോ. പിന്നീടു് അടുപ്പിച്ചു മൂന്നുതവണകൂടി ഞാൻ കൊടുങ്ങല്ലൂരിൽ പോയിട്ടുണ്ടു്. നാലാമത്തെ തവണ എന്റെ ഒരു ഇളയച്ഛൻ കൂടി എന്നോടൊരുമിച്ചു വന്നിരുന്നു. പന്ത്രണ്ടു വയസ്സു തികഞ്ഞ ആ പ്രായത്തിൽ “പൂരംപാട്ടു സ്ക്കൂളി”ലെ നാലാം ക്ലാസ്സിൽ ഞാനും എത്തി എന്നു തീർച്ചയാണല്ലോ. നാലാം ക്ലാസ്സ് പരീക്ഷക്കു് കൊടുങ്ങല്ലൂർ കാവിൽ വച്ചു നൂറ്റിനു കുറഞ്ഞതു് അറുപതു മാർക്കു കിട്ടത്തക്കവണ്ണം ഞാൻ പാട്ടുപാടുന്നതും ഗോഷ്ടികാണിക്കുന്നതും കണ്ടു് ഇളയച്ഛൻ ദൂരെനോക്കി മന്ദഹസിച്ചു നിന്നതു് എന്റെ സാമർത്ഥ്യത്തെ അഭിനന്ദിച്ചിട്ടാണെന്നാണു് ഞാൻ മനസ്സിലാക്കിയതു്. ആ മന്ദഹാസത്തിന്റെ അർത്ഥം മേലാൽ എന്നെ കൊടുങ്ങല്ലൂരിലയക്കരുതെന്നു അച്ഛനോടു ഏർപ്പാടു ചെയ്യണമെന്നു മനസ്സുകൊണ്ടു ചെയ്ത ഒരു നിശ്ചയമായിരുന്നുവെന്നു് പിറ്റെക്കൊല്ലം കൊടുങ്ങല്ലൂർ പോക്കു മുടങ്ങിപ്പോയപ്പോഴാണു് ഏതാണ്ടു് എനിക്കു മനസ്സിലായതു്. 56 കൊല്ലം മുമ്പേ ഞാൻ കൊടുങ്ങല്ലൂർ പാട്ടു നിറുത്തിപ്പോയതിനാൽ പാട്ടെല്ലാം മറന്നു പോയിട്ടുണ്ടെങ്കിലും ബാല്യത്തിൽ മനസ്സിൽ പതിഞ്ഞ ആ പാട്ടുകളുടെ ച്ഛായ ഓർമ്മിച്ചെടുക്കുവാൻ അല്പം ശ്രമമേ ആവശ്യമായിരിക്കുന്നുള്ളു. ഇപ്പോൾ അതു് ഓർമ്മിക്കേണ്ട ആവശ്യം ഒട്ടും ഇല്ലല്ലോ. ഇളയച്ഛൻ കാവിൽ കുളിച്ചു തൊഴുകയും നേർച്ച കഴിക്കുകയും ഒക്കെ ചെയ്തെങ്കിലും പൂരംപാട്ടു് ഒരു ശീലെങ്കിലും ചൊല്ലി ഞാൻ കേട്ടില്ല. പൂരത്തിനു വന്നവരുടെ കൂട്ടത്തിൽ പൂരംപാട്ടു പാടാത്തവരും പാട്ടുകേൾക്കുന്നതിൽ വെറുപ്പുകാണിക്കുന്നവരും ധാരാളമുണ്ടു്. ഭരണിക്കു് തൊട്ടുതീണ്ടലാണു് പ്രധാന ഉത്സവച്ചടങ്ങു്. സവർണ്ണഹിന്ദു ക്ഷേത്രമായിട്ടാണു് കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ ഇപ്പോൾ ഭരിച്ചു വരുന്നതെങ്കിലും മീനമാസത്തിലെ ഭരണിദിവസം അയിത്താചാരം യാതൊന്നുമില്ലാതെ സമസ്ത ജാതിക്കാർക്കും അമ്പലത്തിൽ പ്രവേശനമുണ്ടു്. അങ്ങനെ പ്രവേശിക്കുന്നതിനു “തൊട്ടുതീണ്ടൽ” എന്നാണു പറഞ്ഞുവരുന്നതു്. കൊടുങ്ങല്ലൂർക്കാവു് ആദ്യം തൊട്ടുതീണ്ടേണ്ടതു് അവിടെ എവിടെയോ ഉള്ള ഒരു സ്ഥാനമാനിയായ അരയനാണെന്നു ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണുന്നുണ്ടു്. അരയന്റെ പേരു് നിഘണ്ടുവിലുണ്ടു്. അരയന്റെ പിന്നാലെ തീയരാണു് തൊട്ടുതീണ്ടുന്നതിനു് അമ്പലത്തിൽ കൂട്ടത്തോടെ ഓടിക്കയറുന്നതു്. അങ്ങനെ കയറുന്ന തീയരധികവും ചാവക്കാട്ടുകാരും മലബാർകാരും ആണെന്നു പറഞ്ഞു കേട്ടിട്ടുണ്ടു്. ഉമയനല്ലൂരിലെ കാർത്തിക ഉത്സവത്തിനു മടങ്ങി എത്തേണ്ട അത്യാവശ്യം ഉള്ളതുകൊണ്ടു് മയ്യനാട്ടുനിന്നും പോകുന്ന വള്ളങ്ങളിൽ ദുർലഭം ചിലതു മാത്രമേ തൊട്ടുതീണ്ടലിനായി താമസിക്കുകയുള്ളു. ശേഷമുള്ളവയെല്ലാം കുളിച്ചു തൊഴലും നേർച്ചയും വഴിപാടുമൊക്കെക്കഴിഞ്ഞു രേവതിനാളിൽ തന്നെ മടങ്ങുകയാണു ചെയ്യുന്നതു്. നിവർത്തിയുള്ളപക്ഷം കാർത്തികനാളിൽ രാവിലെ വീട്ടിലെത്തണമെന്നുള്ള ഉത്സാഹത്തോടുകൂടിയാണു് കൊടുങ്ങല്ലൂരിൽനിന്നും മടങ്ങുന്നതു്. വഴിക്കു കൊച്ചിയിലിറങ്ങി സാമാനം വാങ്ങുന്നവരും സമയം അനുവദിക്കുമെങ്കിൽ പള്ളുരുത്തിലിറങ്ങി അവിടത്തെ “ഭഗവതി”അമ്മയുടെ പ്രസാദത്തിനായി ഒന്നു കൂടി പാട്ടാവർത്തിക്കുന്നവരും ഉണ്ടു്.
കൊടുങ്ങല്ലൂരിൽ നിന്നും വള്ളംവിടുന്നതു് നല്ല കച്ചാൻ കാറ്റുള്ളപ്പോഴായിരുന്നു. കൊച്ചിയിലഴിയുടെ നേരേവന്നപ്പോൾ കാറ്റു മുറുകി, കായലിളകി. വേലിയേറ്റത്തിന്റെ സമയവും കൂടി ആയിരുന്നതുകൊണ്ടു് തിരകൾ ഭയങ്കരമായി പൊങ്ങി മറിഞ്ഞു തുടങ്ങി. വള്ളം ഓടി വരേണ്ടതു് വടക്കുനിന്നു തെക്കോട്ടു ആയിരുന്നതിനാൽ ഓളം മുറിച്ചു വള്ളം വയ്ക്കുന്നതു് മിക്കവാറും പ്രയാസമായിരുന്നു. ഓളപ്പാത്തിയിൽ പാടെ വീഴാതെ അമരക്കാരൻ ഒരു വിധം വള്ളം അപകടം വരാത്തവിധം തന്നെ ഓടിച്ചു. എങ്കിലും അഴിക്കുനേരേ ആയപ്പോൾ വലിയ കെട്ടുവള്ളമായിരുന്നിട്ടും വള്ളം വല്ലാതെ ഉലഞ്ഞുതുടങ്ങി. വള്ളം മുങ്ങിപോയേക്കാമെന്നു തന്നെ പലർക്കും പരിഭ്രമമായി. ഇന്നാണെങ്കിൽ ആ ഭയംകൊണ്ടു് വള്ളം മുങ്ങാതെ തന്നെ എന്റെ കഥ കഴിയുമായിരുന്നു. പക്ഷേ, ആപത്തിനെപ്പറ്റി യാതൊരു ശങ്കയുമില്ലാത്ത അന്നത്തെ ചെറുപ്രായത്തിൽ വള്ളത്തിന്റെ ഇളക്കം എനിക്കൊരു രസമായിരുന്നു. ഏതാണ്ടു കുതിരപ്പുറത്തു കയറി സവാരി ചെയ്താൽ അനുഭവമായിരുന്ന ഒരു രസമായിരുന്നു അന്നെനിക്കു തോന്നിയിരുന്നതു്. കാറ്റും കോളും നല്ലവണ്ണം മുറുകിയപ്പോൾ നല്ലപോലെ മൂപ്പിച്ചിരുന്ന (മദ്യം സേവിച്ചിരുന്ന) ഗുരുഭൂതൻ നടുപ്പടിയിൽ ഇരുന്നുകൊണ്ടു “മോനെ” പെട്ടി തുറന്നു ആ പട്ടുചരടിങ്ങെടടാ, എന്നു വള്ളത്തിനകത്തിരുന്ന മകനോടു പറഞ്ഞു. പെട്ടിയിൽ വിലയേറിയ പല സാമാനങ്ങളും ഉണ്ടായിരുന്നുവെങ്കിലും മൂപ്പിലയുടെ പ്രാണൻ പട്ടുചരടിലായിരുന്നു. അക്കഥ പറഞ്ഞു ഗുരുഭൂതനെക്കളിയാക്കി എല്ലാവരും ചിരിച്ചുകൊണ്ടിരുന്നു. രസത്തിനിടയിൽ അപകടസ്ഥാനം കഴിഞ്ഞു വള്ളം ഓളത്തിന്റെ വലിയ ഉപദ്രവം ഇല്ലാത്ത ദിക്കിൽ എത്തിച്ചേർന്നു. പിന്നീടു് മയ്യനാട്ടു എത്തുന്നതുവരെ കാറ്റു മുറുകുകയോ ഓളം ഇളകുകയോ ചെയ്യുമ്പോഴേക്കു “മോനെ പട്ടുചരടിങ്ങെടടാ” എന്നു പറഞ്ഞു എല്ലാവരും ഗുരുഭൂതനെ കളിയാക്കുക പതിവായിരുന്നു. ബോധം തെളിഞ്ഞ ഗുരുഭൂതൻ രസികനുംകൂടി ആയിരുന്നതിനാൽ മറ്റുള്ളവരുടെ പരിഹാസം കേട്ടു ഇളിഭ്യനാകാതെ അദ്ദേഹവുംകൂടി ശേഷംപേരോടു ചേർന്നു അതിന്റെ രസികത്വങ്ങൾ പറഞ്ഞു ചിരിക്കാറുണ്ടായിരുന്നു. അപകടമുള്ള സംഗതികൾ വല്ലതുംവരാവുന്ന സന്ദർഭത്തിൽ “മോനെ ആ പട്ടുചരടിങ്ങെടടാ” എന്നു പറയുന്ന നേരംപോക്കു ഇന്നും ചിലർക്കുണ്ടു്.
മൂന്നാം തവണ കൊടുങ്ങല്ലൂരിൽ നിന്നും മടങ്ങിവരുമ്പോൾ വേമ്പനാട്ടുകായലിൽ വച്ചു മറ്റൊരു വിശേഷമുണ്ടായി. കാർത്തികയ്ക്കു മയ്യനാട്ടു എത്തണമെന്നുള്ള ബദ്ധപ്പാടുകൊണ്ടു് മടക്കയാത്രയിൽ കരയ്ക്കടുത്തു ആഹാരം തയ്യാറാക്കുവാൻ തുടങ്ങി. വിളമ്പിക്കാതെ വള്ളത്തിനകത്തുതന്നെ ആഹാരം പാകം ചെയ്യാൻ തുടങ്ങി. വള്ളം വേമ്പനാട്ടെത്തി. പായിൽ നല്ലപോലെ കാറ്റു പിടിച്ചു കായൽ കീറിക്കൊണ്ടു് വള്ളം പായുകയായിരുന്നു. മീൻ കറിവയ്ക്കുവാൻ ഒരാൾ കുറെ മത്സ്യം അറുത്തു സാമാന്യം ചെറിയ ഒരു കലത്തിൽ ഇട്ടുകൊണ്ടു കഴുകുവാൻ വെള്ളത്തിനു കലം കായലിൽ മുക്കി. വള്ളത്തിന്റെ അരുകിൽ നിന്നുകൊണ്ടാണു് അങ്ങനെ ചെയ്തതു്. ശീഘ്രതരമായ വള്ളത്തിന്റെ പാച്ചിലിനു എതിരായി വെള്ളം കലത്തിനുള്ളിൽ കയറിയ ഊക്കോടുകൂടി ആളും കലവും കായലിലേക്കു മറിഞ്ഞു. വള്ളത്തിന്റെ പാക്കയറുവിട്ടു വള്ളം തിരിയെ ഊന്നി കായലിൽ വീണ ആളിന്റെ സമീപം എത്തിയപ്പോഴെക്കും അയാൾ രണ്ടുതവണ മുങ്ങി മൂന്നാമത്തെത്തവണയും മുങ്ങിപൊങ്ങി. ഭാഗ്യവശാൽ അയാളെ വള്ളക്കാരന്റെ കൈയ്യിൽ പിടികിട്ടുകയും വലിച്ചെടുത്തു വള്ളത്തിലിടുകയും ചെയ്തു. മൂന്നുതവണ അയാൾ കായലിൽ വീണു വെള്ളം കുടിച്ചിട്ടും കലത്തിലുള്ള പിടിവിട്ടുമില്ല, മീനൊന്നും കലത്തിൽ നിന്നും പോയതുമില്ല.
കൊടുങ്ങല്ലൂരിൽ പന്ത്രണ്ടാമത്തെ വയസ്സിനകം നാലുതവണ ഞാൻ പോയിട്ടുണ്ടു്. അതിനുള്ളിൽ ഇളയച്ഛനോടൊരുമിച്ചു ഒരു തവണ കെട്ടുംകെട്ടി ശരണവും വിളിച്ചു മയ്യനാട്ടുനിന്നും മണ്ടയ്ക്കാട്ടുവരെ നടന്നുപോയിട്ടുണ്ടു്. ആ തീർത്ഥയാത്രയിൽ വേളിമലയ്ക്കു സമീപം ചെന്നപ്പോഴാണെന്നു ഞാൻ ഊഹിക്കുന്നു. മലയിൽ അവിടവിടെ അർത്ഥചന്ദ്രാകൃതിയിൽ കണ്ട ചില വെളിച്ചങ്ങളെ ചൂണ്ടിക്കാണിച്ചു അതാ നീലക്കൊടുവേലി എരിയുന്നു “എന്നു നോമ്പുകാരിൽ ചിലർ പറഞ്ഞു” നീലക്കൊടുവേലി എന്തിനു കൊള്ളാമെന്നു ഞാൻ ചോദിച്ചതിനു “ഒരു കഷണം നീലക്കൊടുവേലിയുണ്ടെങ്കിൽ ഒരു റാത്തൽ ചെമ്പു സ്വർണ്ണമാക്കാം” എന്നായിരുന്നു നോമ്പുകാരിൽ ചിലർ പറഞ്ഞതു്. “എന്നാൽ നമുക്കുപോയി നീലക്കൊടുവേലി പറിച്ചുകൂടെ” എന്നു ചോദിച്ചതിനു “പകൽ ചെന്നാൽ നീലക്കൊടുവേലി കാണുകയില്ല രാത്രി ചെന്നാൽ അവിടെയുള്ള ഭയങ്കര ഭൂതങ്ങൾ പിടിച്ചു തിന്നുകളയും” എന്നായിരുന്നു മറുപടി.
“വേളി മലയിലെ പോവാങ്കങ്കോ
തീ കോരി ചൊരികിറ പൂതമുണ്ടേ”
എന്ന മാർത്താണ്ഡവർമ്മയിലുള്ള പാട്ടിന്റെ ഉത്ഭവം ഈ വിശ്വാസമാണെന്നു തോന്നുന്നു. എന്റെ മണ്ടയ്ക്കാട്ടു യാത്രയെക്കുറിച്ചു ഇതിൽ കൂടുതലൊന്നും എനിക്കിപ്പോൾ ഓർമ്മയില്ല. എനിക്കു പത്തു വയസ്സു് തികയുന്നതിനു മുമ്പു ആറന്മുള, ഓച്ചിറ, കടവൂർ, മുളങ്കാടകം, ചിറക്കര, പരവൂർ മുതലായ പല ക്ഷേത്രങ്ങളിലും ഉത്സവത്തിനു പോയിട്ടുള്ളതും അവയിൽ ചിലതിൽ വഴിപാടു കഴിച്ചിട്ടുള്ളതും കടവൂർ ക്ഷേത്രത്തിലെ ഭഗവാനു പിടിപ്പണം വാരി കാണിക്കയിട്ടതും ഒക്കെ ഓർമ്മയുണ്ടെങ്കിലും ശ്രദ്ധേയമായ വിശേഷമൊന്നും തൽസംബന്ധമായി പറയുവാനില്ല. എന്നാൽ കൊല്ലം പെരിനാട്ടുള്ള വീരഭദ്രൻ നടയിൽ ഉരുളാൻ പോയ കഥ കൂടി പറഞ്ഞുകൊള്ളട്ടെ.
വീരഭദ്രൻ നട മയ്യനാട്ടുനിന്നു് എട്ടുപത്തു നാഴിക അകലെ അഷ്ടമുടിക്കായലിന്റെ തീരത്തിലാണു് സ്ഥിതിചെയ്യുന്നതു്. മകരമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണെന്നു തോന്നുന്നു കായലിൽ സ്നാനം ചെയ്തു, ഈറൻ പകരാതെതന്നെ സൂര്യോദയത്തിനു മുമ്പു വീരഭദ്രനു ചുറ്റും പ്രദിക്ഷണം വയ്ക്കാമെങ്കിൽ കന്നുകാലികൾക്കു വലിയ രക്ഷയാണെന്നായിരുന്നു വിശ്വാസം. അമ്മാവന്റെ നിർബന്ധം അനുസരിച്ചു ഒരു തവണ ഞാനും പരിചയക്കാരായ ചില കൂട്ടുകാരോടൊരുമിച്ചു വീരഭദ്രൻ നടയിൽ ഉരുളിനു അർത്ഥരാത്രിക്കു തന്നെ പുറപ്പെട്ടു. കൂട്ടുകാരോടൊരുമിച്ചു കോലാഹലംകൂട്ടി നടക്കുവാൻ അനുവാദം കിട്ടിയാൽ മതിയെന്നു ആഗ്രഹിച്ചിരുന്ന എനിക്കു ആജ്ഞ തന്നെ കിട്ടിയപ്പോൾ ഉണ്ടായ ഒരാനന്ദം പറയാവതല്ലായിരുന്നു. മൂന്നുനാലു നാഴിക പുലരാനുള്ളപ്പോൾ അഷ്ടമുടിയിലെത്തി. എല്ലാവരും കായലിലിറങ്ങി കുളി തുടങ്ങി. നല്ല കുളിരായതിനാൽ ഞാൻ കുളിച്ചുമില്ല, ഉരുണ്ടുമില്ല. അക്കൊല്ലം വീട്ടിലെ ഒരു കിഴട്ടുകാള കൊളമ്പുപനി പിടിച്ചു ചത്തതു് ഞാൻ ഉരുളാഞ്ഞിട്ടാണെന്നു വീട്ടിലുള്ളവരെല്ലാം വിശ്വസിച്ചു. പിറ്റെ കൊല്ലം അതിനുള്ള പ്രായശ്ചിത്തവും ഉരുളും നടത്തിക്കൊള്ളാമെന്നു അമ്മാവൻ നേർന്നുവെങ്കിലും അതും പ്രകാരം ഉരുളു നടത്തുവാൻ സാധിച്ചില്ല. ഞാൻ ഉരുളുനടത്താതെ പോന്ന അനാദരവിനു് അമ്മാവൻ എന്നെ ശിക്ഷിക്കുവാൻ ഭാവിച്ചെങ്കിലും അമ്മാവിയുടെ മദ്ധ്യസ്ഥതയിൽ ഞാൻ രക്ഷപ്പെട്ടു. അക്കൊല്ലം ഉരുളാതെ പോയതുകൊണ്ടു കന്നാലി ഒന്നും ചത്തില്ല. ഉരുണ്ടില്ലെങ്കിലും കന്നാലി ചാവാതിരുന്ന സ്ഥിതിക്കു് ഉരുളാതിരുന്ന എന്നോടു എന്തിനു ദേഷ്യപ്പെട്ടു എന്നു അമ്മാവി അമ്മാവനോടു ചോദിച്ചോ എന്നു അറിഞ്ഞില്ല. ഏതായാലും വീരഭദ്രൻ നടയിലെ ഉരുളിനു പിന്നീടു വീട്ടിൽ നിന്നു ഇന്നേവരെ ആരും പോയിട്ടില്ല. വീട്ടിൽ കന്നുകാലികൾ ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുമുണ്ടു്.
ഒന്നുമുതൽ പത്തുവരെയുള്ള വയസ്സിനകം ഞാൻ ഏർപ്പെട്ടിട്ടുള്ള കളികളുടെയും വിനോദങ്ങളുടെയും കഥ പറയാൻ തുടങ്ങിയാൽ അതിശയോക്തികളും മറ്റലങ്കാരങ്ങളും ഒന്നും ചേർക്കാതെതന്നെ ഒട്ടുവളരെ പറയാനുണ്ടായിരിക്കും. അന്നത്തെ പന്തുകളി ചില ഓണം കേറാമൂലകളിലെ അപരിഷ്കൃത ബാലന്മാരുടെയും യുവാക്കന്മാരുടെയും ഇടയിൽ പന്തുകളിക്കുള്ള ചടങ്ങു് “ഫൂട്ടുബാളായി” മാറിപ്പോയിരിക്കുന്നു. “ടെന്നീസു, ബാഡ്മിന്റൻ” മുതലായി തിലോത്തമ്മയുടെ മാതിരിയുള്ള ചില കന്ദുകക്രീഡകളും നടപ്പിൽ വന്നിരിക്കുന്നു. കളിപ്പാട്ടമുണ്ടാക്കിത്തന്നു നമ്മുടെ കളികളുടെ വിധങ്ങളും മാറ്റി, നമ്മെ “കളിപ്പിച്ചു” പണം സമ്പാദിക്കുന്ന വിദേശീയരുടെ കൗശലപരിപാടി ഓർത്താൽ വിസ്മയം തോന്നും. രണ്ടുചക്രത്തിന്റെ ഒരു പന്തു നമ്മുടെ തോൽപ്പണിക്കാരെക്കൊണ്ടു് ഉണ്ടാക്കിച്ചാൽ അതുകൊണ്ടു വിനോദം, വ്യായാമം മുതലായി വലിയ പണച്ചിലവു ചെയ്തു നടത്തുന്ന ഫൂട്ട്ബാൾ കളിയുടെ ഗുണവും, രസാനുഭൂതിയും വരുത്തുവാൻ സാധിക്കുമെന്നിരിക്കുമ്പോൾ ഈ ഫൂട്ട്ബാൾ കളിക്കു് പോയതെന്തിനെന്നു മനസ്സിലാകുന്നില്ല. തലയിൽപ്പന്തു്, ഒറ്റ, ഇരട്ട, തുടയിൽതാളം, കവടിപുരാണം, ഇട്ടുതട്ടു മുതലായി മുമ്മൂന്നു തവണ എന്നു മുറവച്ചുള്ള പഴയ നമ്മുടെ പന്തുകളിയുടെ രസം ഇന്നത്തെക്കളിയിലുണ്ടോ എന്നു പുതിയ കളികളിച്ചു നോക്കിയിട്ടില്ലാത്തതിനാൽ എനിക്കു പറയാൻ കഴിയുന്നില്ല. തിലോത്തമകളായി പന്തു കളിക്കുവാൻ ചെറുപ്പക്കാർക്കു് ഒരു പക്ഷേ, രസംകാണുമായിരിക്കും. അതുകൊണ്ടായിരിക്കാം കൂടുതൽ പണം ചിലവാകുന്നതിൽ ചെറുപ്പക്കാർക്കു് സങ്കടം തോന്നാത്തതു്.
കുഴിപ്പന്തുകളി, ഓട്ടം, പന്തുകളി മുതലായി വേറെയും ചില പന്തുകളി സംമ്പ്രദായങ്ങളും ഉണ്ടായിരുന്നവ സ്വല്പം അപകടവുംകൂടിയുള്ള സാമർത്ഥ്യ പരീക്ഷകളായിരുന്നുവെങ്കിലും അത്തരം കളികളൊന്നും ഇപ്പോൾ കാണ്മാനില്ല. കയ്യാംകളി എന്നു വടക്കൻ ദിക്കുകളിൽ പറയുന്ന മാതിരിയിൽ “കിടയിലുകളി” എന്നൊരു തരം കളി എന്റെ ചെറുപ്പകാലത്തുണ്ടായിരുന്നതു് ഞാൻ കണ്ടിട്ടുള്ളതിന്റെ വളരെ മങ്ങിയ ഒരോർമ്മയിപ്പോൾ ഉള്ളതല്ലാതെ ആ കളി ഞാൻ കളിച്ചിട്ടില്ല. കിളിത്തട്ടുകളി അന്നുണ്ടായിരുന്നതു് ഇന്നും നടപ്പുണ്ടെങ്കിലും ഹൈസ്ക്കൂൾ വിദ്യാർത്ഥികളാരും ഇപ്പോൾ ആ കളി കളിക്കാറില്ല. കൊല്ലം ഹൈസ്ക്കൂളിൽ പഠിച്ചിരുന്ന കാലം മുഴുവൻ ഞാൻ ഒന്നാംതരം കിളിതട്ടുകാരനായിരുന്നു, സ്ക്കൂളുകളിൽ ഇപ്പോൾ നടക്കുന്ന സ്പോർട്ടുസൊന്നും അന്നുണ്ടായിരുന്നില്ല. കണ്ണുപൊത്തിക്കളി, വെറ്റക്കളി, കുടുകുടുകളി, പശുവും പുലിയും കളി, എട്ടുകളി, പഞ്ചീസുകളി, പകിടകളി മുതലായി എത്രയോ കളികൾ ഉണ്ടായിരുന്നവയിൽ പലതും തേഞ്ഞുമാഞ്ഞു മറവിലായിരിക്കുന്നു.
ഓണക്കാലമായാൽ കേരളത്തിന്റെ ഏതു ഭാഗത്തും ഊഞ്ഞാലാട്ടം പാട്ടു്, തുമ്പിതുള്ളൽ മുതലായ വിനോദങ്ങൾകൊണ്ടു അന്തരീക്ഷം പകലത്തേക്കാൾ രാത്രി മുഖരിതമായിരിക്കും. ആബാലവൃദ്ധം അഭേദബുദ്ധിയോടുകൂടി സ്ത്രീ പുരുഷന്മാർ ഓരോരോ വിനോദങ്ങളിൽ ഏർപ്പെട്ടു ആഹ്ലാദമായി കഴിഞ്ഞുകൂടുക അന്നു സർവത്ര പതിവാണു്. അച്ഛനെന്നും മകനെന്നും, അമ്മാവനെന്നും അനന്തിരവനെന്നും, ജ്യേഷ്ഠനെന്നും അനുജനെന്നും, ബാലനെന്നും വൃദ്ധനെന്നും, സ്വാമിയെന്നും ഭൃത്യനെന്നും ഉള്ള ഭേദവിചാരമൊന്നും ഓണക്കാലത്തില്ല. സ്ത്രീ പുരുഷന്മാർ ഒരുമിച്ചു ചേർന്നു അക്കാലത്തു എന്റെ ഓർമ്മയിൽ കളി ഒന്നെ ഉണ്ടായിരുന്നുള്ളു. ആ കളിയുടെ പേരാണു് തുമ്പിതുള്ളൽ. “ഇളന്താരി” യുവാക്കന്മാരും യുവതികളുമാണു് ഈ തുള്ളലിൽ പങ്കെടുക്കുന്നതു്. ചാക്യാർ തുള്ളൽ തുടങ്ങുമ്പോൾ നമ്പ്യാർ മിഴാവുകൊട്ടുന്ന പതിവു് തുമ്പിതുള്ളലിൽ മറിച്ചാണു്. യുവതികൾ തുള്ളക്കാരും യുവാക്കന്മാർ കൊട്ടുകാരും പാട്ടുകാരും ആയിരിക്കും. യക്ഷി തുള്ളലിന്റെ അഥവാ പൂപ്പടതുള്ളലിന്റെ ഒരു പ്രാകൃതമായ അനുകരണം മാത്രമാണു് തുമ്പിതുള്ളൽ.
അറുപതോ എഴുപതോ കൊല്ലം മുമ്പേയുണ്ടായിരുന്ന വിനോദങ്ങളെല്ലാം പറഞ്ഞു തീർക്കുക സാദ്ധ്യമല്ല. ചിലതു മാത്രം പറഞ്ഞുവെന്നേയുള്ളു. പറഞ്ഞിടത്തോളം വിനോദങ്ങളിൽ ചിലതെങ്കിലും, കേരളകലകളും സംസ്ക്കാരങ്ങളും സമുദ്ധരിക്കുവാൻ നടന്നു വരുന്ന ശ്രമത്തിനിടയിൽ, സമുദ്ധരിച്ചാൽ കൊള്ളാമെങ്കിൽ സമുദ്ധരിക്കട്ടെ.
പത്തു വയസ്സുവരെയുള്ള കാര്യമാണു് പറഞ്ഞതു്. പതിനൊന്നാമത്തെ വയസ്സു മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടരുവാനായി ഞാൻ കൊല്ലത്തേക്കുപോയി. കൊല്ലം പട്ടണം മയ്യനാട്ടുനിന്നും ആറു നാഴിക വടക്കു പടിഞ്ഞാറാണു്. കൊടുങ്ങല്ലൂരിനും ആറന്മുളക്കും മറ്റും പോകുന്നതിനിടയ്ക്കു കൊല്ലത്തിറങ്ങി അവിടത്തെ കമ്പോളങ്ങളിലെ കാഴ്ചകൾ കണ്ടിട്ടുള്ളതല്ലാതെ ആ പട്ടണത്തിന്റെ മറ്റു വിശേഷങ്ങളൊന്നും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. കൊല്ലം പട്ടണത്തിന്റെ വിശേഷങ്ങളിൽ പലതും ഞാൻ പിന്നീടു കണ്ടറിഞ്ഞതുപോലെ വളരെപ്പേർ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ടായിരിക്കയില്ല. പതിനൊന്നാമത്തെ വയസ്സു മുതൽ ഇടയ്ക്കിടയ്ക്കു വിഘ്നങ്ങളോടുകൂടി ഇരുപതാമത്തെ വയസ്സുവരെ മിക്കവാറും കൊല്ലത്തെ വിശേഷങ്ങളിൽ ചിലതു ഞാൻ കണ്ടിട്ടുമുണ്ടു്. ചില വിനോദങ്ങളിൽ ഞാനുംകൂടി ഏർപ്പെട്ടിട്ടുമുണ്ടായിരുന്നു.
കൊടുങ്ങല്ലൂർ പോകുന്നതിനിടയ്ക്കു ഞാൻ ആദ്യമായി കൊല്ലം കണ്ടപ്പോൾ കൊല്ലമല്ല സ്വർഗ്ഗലോകമാണു കണ്ടതെന്നുള്ള ഒരു തോന്നലാണെനിക്കുണ്ടായതു്. സന്ധ്യയ്ക്കു വിളക്കു വയ്ക്കുന്നതിനു ഏതാനും നിമിഷങ്ങൾക്കു മുമ്പു കൊല്ലം വലിയപാലക്കടവിലടുത്തു കൂട്ടുകാരോടൊരുമിച്ചു വള്ളത്തിൽ നിന്നും കരയ്ക്കിറങ്ങി വലിയ കടയിൽ നിന്നു ചിന്നക്കടയിലേയ്ക്കു അന്നു പ്രധാനമായിരുന്ന റോഡുവഴി പായിക്കടമുക്കുവരെ ഞങ്ങൾ നടന്നു്, ഇരുവശവും കണ്ട കടകളിൽ ചിലതിൽ എന്റെ ശ്രദ്ധ ബലാൽ ആകൃഷ്ടമായി. വിലയേറിയ സാമാനങ്ങൾ വില്ക്കുവാനായി നിരത്തിവച്ചിരിക്കുന്ന ഷാപ്പുകളിലൊന്നിലുമല്ല എന്റെ ദൃഷ്ടിപതിഞ്ഞതു്. ചതുരക്കണ്ണാടികൾ, വൃത്തക്കണ്ണാടികൾ, കണ്ണാടി ഡെപ്പികൾ, കല്ലടപ്പുള്ളതും ഇല്ലാത്തതുമായ സ്ഫടികക്കുപ്പികൾ മുതലായവ നിരത്തിവച്ചിട്ടുള്ളവയിൽ സന്ധ്യയ്ക്കു കത്തിച്ച ദീപപ്രകാശം പ്രതിഫലിച്ചു് കിടന്നുകളിക്കുന്ന കളിയാണു് എന്നെ ആശ്ചര്യപ്പെടുത്തിയതു്. “കൊല്ലം കണ്ടവനില്ലംവേണ്ട” എന്നുള്ള ചൊല്ലു അന്നെനിക്കറിവുണ്ടായിരുന്നോ ഇല്ലയോ എന്നു നിശ്ചയമില്ല. അറിവുണ്ടായിരുന്നെങ്കിൽ ഈ കണ്ണാടികൾ കണ്ടപ്പോൾ ഇല്ലം വേണ്ടെന്നുതന്നെ നിശ്ചയിക്കുമായിരുന്നു.
കേരളകാളിദാസന്റെ മയൂരസന്ദേശ സംവാദകാലത്താണു് ഞാനാദ്യമായി കൊല്ലം കണ്ടതെന്നുതോന്നുന്നു.
“ശൃംഗാഗ്രം കൊണ്ടു പരിഗഗനം ലേ-
ഖനം ചെയ്തു നില്ക്കും
തുംഗാഗാരങ്ങളിലതുലമാം കൗതുക-
ത്തോടജസ്രം
അംഗാഭീഖ്യാജീതരതികളാമംഗനാ-
ഭിസ്സലീലം
ശൃംഗാരം പൂണ്ടവിടെമരുവും യോഗ്യ-
രേഭാഗ്യവാന്മാർ”
എന്നു മയൂരസന്ദേശത്തിൽ കാണുംപോലെയുള്ള തുംഗാഗാരങ്ങളൊന്നും അന്നു ഞാൻ കണ്ടിരുന്നില്ല. ഇന്നുവരെ കാണാൻ കഴിഞ്ഞിട്ടുമില്ല. വല്ലയിടത്തും അന്നുണ്ടായിരുന്നെങ്കിൽ തന്നെ അവിടെ നടന്ന ശൃംഗാരങ്ങളിൽ കണ്ണുപോകുന്ന കാലവുമല്ലായിരുന്നു.
“സച്ചേലത്തെസ്സരസമരയിൽചേ-
ർത്തുടുപ്പിട്ടുടുത്തി
ട്ടച്ചേലത്തുള്ളൊരു കുടയുമായത്തല-
ക്കെട്ടുമായി
കച്ചേരിക്കായ് പരിചൊടുചെരി-
പ്പിട്ടുപോകുന്നലോകം.”
ഇന്നു കുറെ മാറിയിട്ടുണ്ടു്. ഉടുപ്പും നടപ്പും ഇന്നു വളരെ ഭേദപ്പെട്ടിട്ടുണ്ടു്. തലേക്കെട്ടും പോയി തലയിലെ കുടുമിയും പോയി. ചെരുപ്പിന്റെ രൂപവും മാറി. ചെരുപ്പിന്റെ അഗ്രം ഓടിവള്ളത്തിന്റെ കൊമ്പുപോലെ ചുരുണ്ട പഷ്ണം ചെരുപ്പായിരുന്നു അന്നു കച്ചേരിക്കാർ ഉപയോഗിച്ചുവന്നിരുന്നതു്. ഇന്നു ഷൂസും ബൂട്ട്സും ഒക്കെയാണു്. ഉടുപ്പിന്റെ പുറത്തു വവ്വാലിന്റെ ചിറകുപോലെ തൂങ്ങിക്കിടന്നു പാറിക്കളിക്കുന്ന ഗൗണിന്റെ കാലം അന്നു കൊല്ലം കച്ചേരിയിൽ കടന്നിട്ടില്ലായിരുന്നു.
“പട്ടാളക്കാരതിപരുഷരായങ്ങുമിങ്ങും നടക്കും മുട്ടാളന്മാർ” അന്നു കൊല്ലത്തു ധാരാളമുണ്ടായിരുന്നു. ചിന്നക്കടയ്ക്കു തൊട്ടു കിഴക്കുവശം ഏകദേശം ഒന്നൊന്നരനാഴിക കിഴക്കുപടിഞ്ഞാറു വീതിയിൽ, തെക്കു കടൽ മുതൽ വടക്കു അഷ്ടമുടിക്കായൽ വരെ അന്നു കന്റോൺമെന്റ് മൈതാനമായിരുന്നു. ഈ കന്റോൺമെന്റിലായിരുന്നു അന്നു ബ്രിട്ടീഷ് പട്ടാളം കിടന്നിരുന്നതു്. പട്ടാളക്കാരുടെ ലൈനുകൾ, അവരുടെ കുട്ടികൾക്കു് പഠിക്കുവാനുള്ള ഇംഗ്ലീഷ് സ്ക്കൂൾ, കുതിരാലയം, വെടിമരുന്നു പുര, ആയുധപ്പുര, സൈനികച്ചട്ടം അനുസരിച്ചുള്ള കുറ്റങ്ങൾക്കു് ശിക്ഷിക്കപ്പെടുന്നവരെ തടവിലിടുവാൻ “പത്തുകെട്ടെ”ന്നു പേരോടുകൂടി ഒരു വരിയായി പത്തു കെട്ടിടങ്ങൾ, പട്ടാളം ധ്വരമാരുടെ ആരാധന സ്ഥലമായ ഇംഗ്ലീഷ് പള്ളി, ആ ധ്വരമാർക്കു് പാർക്കുവാനുള്ള ബംഗ്ലാവുകൾ, ബ്രിട്ടീഷ് റെസിഡെന്റിനു് കൊല്ലം സന്ദർശിക്കുമ്പോൾ വിശ്രമിക്കാനുള്ള ആശ്രാമത്തു ബംഗ്ലാവു് മുതലായവ ആയിരുന്നു അന്നുണ്ടായിരുന്ന പ്രധാന കെട്ടിടങ്ങൾ. ഇവ കൂടാതെ പട്ടാളം സായ്പ്പന്മാർക്കും കൊല്ലത്തു താമസമുള്ളവരോ വരുന്നവരോ ആയ സായിപ്പന്മാർക്കും മദാമ്മമാർക്കും പന്തുകളിക്കുവാൻ ഒരു പന്തടിമേശയും അന്നുണ്ടായിരുന്നു. ഇപ്പോൾ കൊല്ലത്തു പട്ടാളം ഇല്ല. കന്റോൺമെന്റിന്റെ പല ഭാഗങ്ങളും ആളുകൾക്കു പതിച്ചു കൊടുത്തുപോയി. പത്തുകെട്ടു മുഴുവനും തട്ടിനിരത്തിക്കഴിഞ്ഞു, പത്തുകെട്ടുനിന്നിരുന്ന സ്ഥലമാണു് ഇപ്പോൾ കൊല്ലത്തെ ഒരു പ്രധാനപ്പെട്ട ശ്മശാനസ്ഥലം. ശ്മശാനത്തിനു വടക്കുവശമാണു് ഇംഗ്ലീഷു പള്ളി. അവിടെ ചർച്ച് മിഷനിൽ ചേർന്ന ക്രിസ്ത്യാനികൾക്കും ഒരു ശ്മശാനമുണ്ടു്. ആ ശ്മശാനം കണ്ടാൽ ഒരു ഉദ്യാനമാണെന്നു തോന്നും. അവിടെ ശവസംസ്ക്കാരം ചെയ്തിരിക്കുന്ന സ്ഥലങ്ങൾ പുഷ്പലതാദികളെക്കൊണ്ടു് അലംകൃതമായിരിക്കുന്നതു് കണ്ടാൽ ജീവിച്ചിരിക്കുകയേക്കാൾ ചത്തുചെന്നു ആ ഉദ്യാനത്തിൽ ഉറങ്ങുന്നതാണു സുഖമെന്നു തോന്നും. അത്രയ്ക്കൊരു ശാന്തതയും മനോഹരതയും ആ ശ്മശാനം കണ്ടാൽ തോന്നും. മഹമ്മദിയർക്കും ഈ ശ്മശാനത്തിനു് നേരേവടക്കായി ഒരു ശ്മശാനസ്ഥലമുണ്ടു്. ഇംഗ്ലീഷ് ചർച്ചിനു് തെക്കുവശമുള്ള ഹിന്ദുക്കളുടെ ശ്മശാനം കണ്ടാൽ ഒരിക്കലും ചാവാൻ മനസ്സുവരില്ല. “കരുണ”യിൽ കുമാരനാശാൻ വർണ്ണിച്ചിട്ടുള്ള ശ്മശാനം സാരമില്ല. ആ ശ്മശാനത്തിനു ഭയങ്കരത മാത്രമേയുള്ളു. കൊല്ലത്തെ ശ്മശാനം ഭയങ്കരമല്ല ബീഭത്സമാണു്. കന്റോൺമെന്റിലും അതിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പാർത്തുവരുന്ന ആളുകളിൽ മിക്കവരുടെയും കക്കൂസ് തന്നെ ഈ ശ്മശാനമാണു്. മി. കെ. ജി. പരമേശ്വരൻപിള്ള കൊല്ലം മുൻസിപ്പൽ പ്രസിഡന്റാകുന്നതുവരെ ഈ ശ്മശാനത്തിനു ചുറ്റും മതിൽ കെട്ടുണ്ടായിരുന്നില്ല. പകൽ നായ്ക്കളും രാത്രിയിൽ നരികളും ശവങ്ങൾ തോണ്ടി എടുത്തിട്ടു് കടിച്ചു് വലിക്കുന്നുണ്ടായിരുന്നു. നായ്ക്കളിപ്പോഴും അവിടെനിന്നും ഒഴിഞ്ഞിട്ടില്ല. കക്കൂസാക്കുന്ന പതിവും നിന്നിട്ടില്ല.
ആയുധപ്പുരയും പന്തടിമേശയും നിന്നിരുന്ന സ്ഥലം ഇപ്പോൾ വെറ്റിനറി ആശുപത്രിക്കായി ഒഴിച്ചിട്ടിരിക്കുന്നു. പന്തടിമേശ ഏഴെട്ടുകൊല്ലം മുമ്പേ തട്ടിനിരത്തിക്കഴിഞ്ഞു. വെടിമരുന്നുപുര കുറച്ചുനാൾമുമ്പാണു് ഇടിച്ചുകളയുകയോ ലേലം ചെയ്തു വില്ക്കുകയോ ചെയ്തതു്. ഇംഗ്ലീഷ് പള്ളിക്കൂടം നിന്നയിടത്തു ഡോ ലക്ഷ്മണൻ തീർപ്പിച്ച ഒരു ബംഗ്ലാവാണു് ഇപ്പോൾ നില്ക്കുന്നതു്. പട്ടാളക്കാർ ഉപയോഗിച്ചുവന്ന ഒരു കെട്ടിടം ഇപ്പോൾ ഡി. എസ്. പി. ആഫീസാണു്. കുറെക്കാലം മുമ്പു കൊല്ലം കച്ചേരി കന്റോൺമെന്റിലേക്കു മാറ്റണമെന്നു ആലോചനയുണ്ടായപ്പോൾ ജില്ലാ കോടതി ആ കെട്ടിടത്തിൽ മാറ്റിയിട്ടിരുന്നു. പട്ടാളം സായ്പന്മാരുടെ മറ്റുള്ള കെട്ടിടങ്ങളെല്ലാം ഇപ്പോൾ രൂപഭേദപ്പെട്ടുപോയിരിക്കുന്നു. റസിഡൻസിയായിരുന്ന ആശ്രാമത്തു് ബംഗ്ലാവ് ഇപ്പോൾ കൊല്ലത്തെ ഗവർമ്മെന്റു ഹൗസാണു്. ഞാൻ ആദ്യം കൊല്ലം കണ്ടകാലത്തും. പിന്നീടു കുറെക്കാലത്തേക്കും ചിന്നക്കടയിൽ പട്ടാളക്കാരുടെ ശല്യം വളരെയുണ്ടായിരുന്നു.
പട്ടാളക്കാരതി പരുഷരായങ്ങുമിങ്ങും നടക്കും
മുട്ടാളന്മാർ മതിമുഖികളേ
മൂക്കിൽ മുട്ടുന്നകണ്ടാൽ
തട്ടാനപ്പോളവമതി
യവർക്കായവറ്റേട കർണ്ണം
പൊട്ടാനാകും പടിരടസകൃദ്ധീം
മാർജ്ജാരകണ്ഠം
എന്നു മയൂരസന്ദേശത്തിൽ വലിയകോയിത്തമ്പുരാൻ പട്ടാളക്കാരുടെ മുട്ടാളത്തരം വർണ്ണിച്ചിട്ടുണ്ടല്ലൊ. മൂക്കിൽവച്ചു മാത്രമല്ല നഗരവീഥികളുടെ മദ്ധ്യത്തിൽ വച്ചും ആ മുട്ടാളന്മാർക്കു മതിമുഖികളെ മുട്ടുവാൻ ഒരു കൂസലും ഉണ്ടായിരുന്നില്ല. “മാർജ്ജാരകണ്ഠ” എന്നു മേൽക്കാണുന്ന ശ്ലോകത്തിലെ സംബോധനയ്ക്കു “മയിലേ” എന്നേ അർത്ഥമുള്ളു എന്നു കരുതരുതെന്നു ഒരു വ്യാഖ്യാതാവു പറയുന്നുണ്ടു്. മാർജ്ജാരശബ്ദത്തിനു പൂച്ചയെന്നർത്ഥമുണ്ടല്ലോ. പൂച്ചയുടെ വിളി “ങ്യാവോ” എന്നാണല്ലോ. ഇങ്ങെ ആവോ—ഇങ്ങുവച്ചേ ആകാവോ എന്നാണത്രേ മാർജ്ജാരകണ്ഠത്തിനു അർത്ഥമെന്നു് ആ വ്യാഖ്യാതാവു് പറയുന്നു. “ഇങ്ങെ ആവോ” എന്നു് ഒന്നു ശബ്ദിച്ചു ഭയപ്പെടുത്തിയേക്കണമെന്നേ കവി മയൂരത്തോടാവശ്യപ്പെടുന്നുള്ളു. അതിനു വേറേ വല്ലയിടത്തും *** പോയി മുട്ടിക്കൊള്ളണം എന്നുള്ള വ്യംഗ്യംകൂടി കവി കരുതിയിരുന്നോ എന്നറിഞ്ഞില്ല. പക്ഷേ, പട്ടാളക്കാർ കിട്ടുന്നിടത്തുവച്ചൊക്കെ മുട്ടുന്നവരായിരുന്നു.
പ്രമുഖനായ മലയാള പത്രാധിപരും സാമൂഹ്യ നവോത്ഥാന നായകനുമായിരുന്നു സി. വി. കുഞ്ഞുരാമൻ (1871–1949).
കവി, വിമർശകൻ, കേരള കൗമുദി സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായ സി. വി. കൊല്ലം ജില്ലയിലെ മയ്യനാട്ടിൽ ജനിച്ചു. എൽ. എം. എസ്. സ്കൂളിലും കൊല്ലം ഗവൺമെന്റ് ഹൈസ്കൂളിലും പഠിച്ചു. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സി. വി. പിന്നീടു് വക്കീൽ വൃത്തിയിലേക്കു മാറി. മലയാള വർഷം 1103-ൽ എസ്. എൻ. ഡി. പി. യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ അനാചാരങ്ങൾക്കെതിരെ തൂലിക പടവാളാക്കി പൊരുതി. കേരള കൗമുദി ആദ്യം മയ്യനാടു നിന്നും പിന്നീടു് തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു. സുജാനന്ദിനിയിലെഴുതിയ കവിതകളും ഗദ്യവും നിരവധി പേരെ ആകർഷിച്ചു. 1949-ൽ അദ്ദേഹം അന്തരിച്ചു. തിരണ്ടുകുളി, പുളികുടി, താലികെട്ടു് തുടങ്ങിയ ജാതീയ സമ്പ്രദായങ്ങൾക്കെതിരെ കവിതകളും കഥകളുമെഴുതി. മലയാളരാജ്യം പത്രത്തിന്റെ പത്രാധിപരായും പ്രവർത്തിച്ചു.
ഭാഷാഭിമാനി, സിംഹളൻ, പി. കെ. തിയ്യൻ എന്നീ തൂലികാ നാമങ്ങളിലാണു് അദ്ദേഹമെഴുതിയിരുന്നതു്. അധഃകൃതർക്കു് പ്രത്യേക സ്കൂളുകൾ അനുവദിക്കുന്നതിനു വേണ്ടി പ്രയത്നിച്ച അദ്ദേഹം ഈഴവർക്കു വേണ്ടി മയ്യനാടു് ഗ്രാമത്തിൽ വെള്ളമണൽ എന്ന പേരിൽ വിദ്യാലയം സ്ഥാപിച്ചു. 1928-ലും 1931-ലും എസ്. എൻ. ഡി. പി. ജനറൽ സെക്രട്ടറിയായി. യുക്തിവാദി പ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ചു.
പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ. സുകുമാരൻ മകനാണു്.
- കാർത്തികോദയം
- ശ്രീ പത്മനാഭസന്നിധിയിൽ
- ഈഴവനിവേദനം
- നരലോകം
- ഒരു സന്ദേശം
- സ്വാമിചൈതന്യം
- സ്വാഗതഗാനം
- മാലതീകേശവം
- ഒരു നൂറു കഥകൾ
- എന്റെ ശ്രീകോവിൽ
- ആശാൻ സ്മരണകൾ
- അറബിക്കഥകൾ (നാലു ഭാഗം)
- ഷേക്സ്പിയർ കഥകൾ
- രാമദേവനും ജാനകിയും
- വെന്നീസ്സിലെ വ്യാപാരി
- വരലോല
- ഹേമലീല
- കൊടുങ്കാറ്റു്
- വാല്മീകിരാമായണം
- സോമനാഥൻ
- വ്യാസഭാരതം
- രാധാറാണി
- രാമായണകഥ
- കാന്തിമതി
- ലുക്രീസിന്റെ ചാരിത്രഹാനി
- പത്നാദേവി (അപൂർണം)
- രാഗപരിണാമം
- ദുർഗാക്ഷേത്രം (അപൂർണം) പഞ്ചവടി
- നാഗകന്യക (അപൂർണം)
- ഉണ്ണിയാർച്ച
- തുമ്പോലാർച്ച
- മാലുത്തണ്ടാൻ
- ഒരു നൂറ്റാസ്സിനു മുമ്പു്
- ലോകമതങ്ങൾ (തർജ്ജമ)
- കെ. സി. കേശവപിള്ളയുടെ ജീവചരിത്രം
- ഇന്ത്യാ ചരിത്ര സംഗ്രഹം