images/e-hari-dk-cover.jpg
A statue of military official and horse around tomb of Seongjong at Seolleung, photograph by National Research Institute of Cultural Heritage, Korea .
ദിനോസറിന്റെ കുട്ടി

‘ഇന്നലെ രാത്രി ദിനോസറിന്റെ കുട്ടി വീണ്ടും വന്നു.’ രാജീവൻ പറഞ്ഞു. ‘അതു് ജനലിക്കൂടെ കൊറെ നേരം എന്നെ നോക്കി.’

പ്രാതൽ സമയം രാജീവന്റെ കഥകളുടെ സമയമാണു്. സ്വപ്നങ്ങളുടെ കഥകൾ. വെയിൽ ജനലഴികളിലൂടെ മേശമേൽ പതിക്കുമ്പോൾ അവൻ സ്വപ്നങ്ങളുടെ വിശദാംശങ്ങൾ ഓർക്കുന്നു. പിന്നെ കഥകൾ ഓരോന്നോരോന്നായി പുറത്തു വരുന്നു. മോഹനൻ കേൾക്കാൻ ബാദ്ധ്യസ്ഥനാണു്, കാരണം ഒരേ ഒരു അനുവാചകനേയുള്ളു. ശൈലജ അടുക്കളയിൽ ദോശയുണ്ടാക്കുന്ന തിരക്കിലാണു്.

‘ഞാനൊറങ്ങ്വായിരുന്നു.’ അവൻ തുടർന്നു. ‘ദിനോസറിന്റെ കുട്ടി കൊറേ നേരം എന്നെ നോക്കിനിന്നു. അതിനു് എന്നെ നല്ല ഇഷ്ടായി. അതു് ജനലിന്റെ അഴീക്കൂടെ നാവിട്ടു് എന്നെ നക്കി. നല്ല മയണ്ടായിരുന്നു അതിന്റെ നാവിനു്. മുഖം എന്തു ഭംഗിയാണെന്നോ. ഒരു നായ്ക്കുട്ടിടെപോലെ.’

ഇതു രണ്ടാം ദിവസമാണു്. ആദ്യത്തെ ദിവസം അതായതു് മിനിഞ്ഞാന്നു്, അതു വന്നു് രണ്ടാംനിലയിലെ ജനലിലൂടെ രാജീവൻ കിടക്കുന്നതു് നോക്കി. പിൻകാലിൽ നിന്നുകൊണ്ടാണു് നോക്കിയതു്. കുറിയ മുൻകാലുകൾ പുറത്തെ ചുമരിൽ അമർത്തിപ്പിടിച്ചുവെന്നാണു് അവൻ പറയുന്നതു്. ഇരുപതടി ഉയരമുണ്ടു്. പക്ഷേ, അതൊരു കുട്ടി ദിനോസറായിരുന്നു. കൗതുകമുള്ള മുഖം. രാജീവനു് അതിനെ ഉമ്മവെയ്ക്കാൻ തോന്നി. പക്ഷേ, വെച്ചില്ല. അറിയില്ലല്ലോ അതിനു് ഉമ്മ ഇഷ്ടമാവുമോ എന്നു്.

ഇതു് പുതിയൊരു സീരിസ്സിന്റെ തുടക്കമാണു്. സ്വപ്നങ്ങളിൽ വന്നു് അവനെ സ്നേഹിച്ചിട്ടുള്ള, ഉപദ്രവിച്ചിട്ടുള്ള മൃഗങ്ങൾ കുറച്ചൊന്നുമല്ല. അവയിൽ പൂച്ച മുതൽ ആന വരെയുള്ള മൃഗങ്ങളുണ്ടു്. പക്ഷേ, ഇത്രയും വലുപ്പമുള്ള ഒരു മൃഗം, അതാദ്യമായാണു്. കഥാപാത്രങ്ങളുടെ വലുപ്പം കൂടുംതോറും കഥയും ദീർഘിക്കുന്നു. അവ കൂടുതൽ ദിവസങ്ങൾ നിൽക്കുന്നു.

‘നീയെന്താണു് ദോശ കഴിക്കാത്തതു്?’ ശൈലജ ചോദിക്കുന്നു. അവനു് മറുപടിയില്ല. അവൻ അപ്പോഴും വർണ്ണിക്കുകയാണു്.

‘അതിന്റെ പിൻകാലുകൾക്കു് നല്ല വണ്ണണ്ടു്. മുൻകാലുകളു് ചെറീതാണു്. അതും തൂക്കിയിട്ടു് അതു് നില്ക്ക്വായിരുന്നു. പാവം അതിനു് വെശന്നിട്ടായിരിക്കും. ഡാഡി, ദിനോസറുകളു് എന്താണു് തിന്നുക?’

ദിനോസറുകളുടെ ഭക്ഷണം എന്താണെന്നയാൾക്കറിയില്ല. പുല്ലാണോ? പത്തു കോടി വർഷങ്ങൾക്കു മുമ്പു് ഭൂതലത്തിൽ പുല്ലുകളുണ്ടായിരുന്നോ? അറിയില്ല.

‘നീ നിന്റെ ദോശ തിന്നുന്നുണ്ടോ?’ അയാൾ ചോദിച്ചു. ‘ഓട്ടോറിക്ഷ ഇപ്പാൾ വരും. അപ്പോൾ ഓടാനും ചാടാനും നിൽക്കണ്ട.’

അവന്റെ സ്വപ്നാടനം തകർന്നു. അവൻ ധൃതിയിൽ ദോശ വിഴുങ്ങാൻ തുടങ്ങി.

‘മമ്മീ, എന്റെ ബ്ലൂ സോക്സ് കണ്ടുവോ? ഇന്നലെ ബ്ലാക് സോക്സിട്ടു പോയപ്പോൾ പോൾസാറു് പനിഷ് ചെയ്യുംന്നു് പറഞ്ഞു. എന്റെ ലഞ്ച് ബോക്സ് തരൂ.’

‘ലഞ്ച് ബോക്സ് എവിടെ? വൈകുന്നേരം വന്നാൽ കഴുകാൻ തരണമെന്നു് ഞാൻ എന്നും പറയാറില്ലേ?… ഇങ്ങട്ടു തരൂ വേഗം. ഇതാ ഇതിൽ രണ്ടിഡ്ഡലി ബാക്കി വെച്ചിട്ടുണ്ടല്ലോ. എന്താ മുഴുവൻ കഴിക്കാതിരുന്നതു്?’

ഇനി ബഹളമാണു്. എട്ടര മണിക്കു് ഓട്ടോ വരുന്നവരെ രാജീവൻ ശൈലജയെ ഇട്ടു വട്ടംകറക്കുന്നു. ഓട്ടോ പോയിക്കഴിഞ്ഞാൽ അവൾ തളർന്നു് ഒരു കസേരയിൽ വീഴുന്നു.

‘ആവൂ ഒരുത്തനെക്കൊണ്ടുള്ള പരാക്രമാണിതു്. ഇക്കണക്കിൽ ഒരു നാലെണ്ണമുണ്ടായാൽ എന്തായിരിക്കും സ്ഥിതി?’

‘ഒന്നു മിണ്ടാതിരിക്കു.’ മോഹനൻ പറയുന്നു. ‘ഇവിടെ അതിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങൾ ചിന്തിക്കാനുണ്ടു്. ഉദാഹരണമായി ദിനോസറിന്റെ ഭക്ഷണരീതി. വൈകുന്നേരം രാജീവൻ വരുമ്പോഴേയ്ക്കും അതു കണ്ടുപിടിച്ചു വെക്കണം. ഇന്നു് രാത്രി അവനു് ഒരു ദിനോസറിന്റെ കുട്ടിക്കു് ഭക്ഷണം കൊടുക്കേണ്ടതുണ്ടു്. പിന്നെ എനിക്കു് എന്റേതായിട്ടുള്ള ചെറിയ കാര്യങ്ങളുമുണ്ടു്. ഒന്നാമത്തേതു് അമ്പതിനായിരം ഉറുപ്പികയുടെ ബാറ്ററി എലിമിനേറ്റർ പെട്ടെന്നു് വിൽക്കേണ്ടതുണ്ടു്.’

ദില്ലിയിൽനിന്നു വന്ന സേയിൽസ്മാൻ സംസാരിച്ചു് തന്നെ വീഴ്ത്തിയതാണു്. കേരളത്തിൽ രണ്ടു ജില്ലകളിൽനിന്നു മാത്രമായി അയാൾക്കു കിട്ടിയ ഓർഡറുകൾ കാണിച്ചുതന്നു. നാൽപതിനായിരത്തിലധികമുണ്ടു്. മോഹനൻ അതിൽ വീണു. ആ കമ്പനിയുമായി ഒരു സോൾ സെല്ലിങ് എജൻസിയിൽ ഏർപ്പെടുകയും ചെയ്തു. വളരെ ആകർഷകമായ കണ്ടീഷൻസ് ആണു്. ആദ്യത്തെ കൺസൈൻമെന്റ് അമ്പതിനായിരത്തിന്റെതിനായിരിക്കും. പിന്നെ മാസംതോറും അവർ പതിനായിരത്തിന്റെ കൺസൈൻമെന്റ് അയച്ചുതരും. ഇതു വളരെ ഡിമാന്റുള്ള ഒരു ഐറ്റമാണു്.

ഇപ്പോൾ ഇതാ താൻ അമ്പതിനായിരത്തിന്റെ സ്റ്റോക്കും ചുമലിലേറ്റി പീടികകളുടെ പടി കയറിയിറങ്ങുന്നു.

‘ബാറ്ററി എലിമിനേറ്ററോ. അയ്യോ ഇവിടെ ധാരാളം സ്റ്റോക്കുണ്ടല്ലൊ. ഇതൊക്കെ വല്ലപ്പോഴും ഒന്നുരണ്ടെണ്ണം പോയെങ്കിലായി. നിങ്ങളുടെ കയ്യിൽ ട്രാൻസ്ഫോമറുകളുണ്ടോ? അതിനു നല്ല ഡിമാന്റാ.’

അങ്ങനെ പോകുന്നു. ഒന്നുകിൽ താൻ വളരെ മോശപ്പെട്ട സെയിൽസ്മാനായിരിക്കുന്നു. അല്ലെങ്കിൽ താൻ വിൽക്കുന്ന സാധനം തീരെ ആവശ്യക്കാരില്ലാത്ത ഒന്നായിരിക്കണം. എന്തായാലും ഇപ്പോൾ പണം കടം തന്നവർ, ബാങ്കടക്കം ഓരോന്നായി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു. പണം തിരിച്ചു കൊടുക്കേണ്ട അവധി എന്നേ കഴിഞ്ഞുപോയിരിക്കുന്നു.

പിന്നത്തെ പ്രശ്നം താമസസ്ഥലത്തിന്റേതാണു്. ടൗണിൽ ഒരു ചെറിയ വീടു് വാടകയ്ക്കു് കിട്ടിയിട്ടുണ്ടു്. അയ്യായിരം ഉറുപ്പിക ഡിപ്പോസിറ്റ് കൊടുക്കണം. വാടക ഇപ്പോഴുള്ളതു തന്നെയാണു്. യാത്ര കുറയ്ക്കാമെന്നു മാത്രം. അതുപക്ഷേ, നല്ലൊരു കാര്യമാണു്. വീട്ടുടമസ്ഥനു് നോട്ടീസ് കൊടുത്തു കഴിഞ്ഞു. അയാൾ ഡിപ്പോസിറ്റ് സംഖ്യ തന്നാലെ പുതിയ സ്ഥലത്തു് ഡിപ്പോസിറ്റ് കൊടുക്കാൻ പറ്റൂ.

‘ഞാൻ ചായ കുടിക്കട്ടെ.’ ശൈലജ പറഞ്ഞു.

ചായ കുടിച്ചുകൊണ്ടിരിക്കെ അവൾ പറഞ്ഞു. ‘ഒന്നിലധികം പ്രശ്നങ്ങളുണ്ടെങ്കിൽ എന്താണു് ചെയ്യേണ്ടതെന്നറിയുമോ? എന്റെ മുത്തച്ഛൻ പറയാറുണ്ടു്. ആദ്യമായി പ്രശ്നങ്ങളെ പ്രാധാന്യമനുസരിച്ചു് ക്രമത്തിൽ വെക്കുക. പിന്നീടു് ഏറ്റവും പ്രധാനപ്പെട്ടതു് ഉടനെ ചെയ്യാൻ തുടങ്ങുക. പിന്നെ അടുത്ത പ്രാധാന്യമുള്ളതു് ചെയ്യുക. അങ്ങനെ, അങ്ങനെ. അതു വളരെ എളുപ്പമാണു്. നോക്കൂ, ആ ദോശ ഒന്നു് എടുത്തു കൊണ്ടുവരാമോ? ഒരു ദോശ പരത്തുകയും വേണം.’

അയാൾ എഴുന്നേറ്റു് ദോശ എടുത്തു കൊണ്ടുവന്നു.

‘എന്തൊക്കെ അത്ഭുതസിദ്ധികളുള്ള മനുഷ്യനാണു് ഞാൻ! ഇവിടെ ഇതാ ഭാര്യയ്ക്കു് ദോശയുണ്ടാക്കി സമയം കളയുന്നു. നിന്റെ മുത്തച്ഛനു് ഇത്തരം വിഷമങ്ങളൊന്നും ഉണ്ടായിരിക്കാനിടയില്ല.’

‘ഇല്ല. മുത്തച്ഛൻ കാലത്തു് കഞ്ഞിയാണു് കുടിക്കാറു്. പിന്നെ അമ്മമ്മയുടെ കല്യാണം കഴിയാത്ത രണ്ടനുജത്തിമാർ ഒപ്പം താമസിച്ചിരുന്നു. അവർ മത്സരിച്ചു് മുത്തച്ഛനു് കഞ്ഞിയും തേങ്ങാസമ്മന്തിയും ഉണ്ടാക്കി കൊടുത്തിരുന്നു.’

‘ആട്ടെ കുട്ടിയുടെ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതേതാണു്?’

‘ദിനോസറിന്റെ ഭക്ഷണം.’

‘ഏതിന്റെ ഭക്ഷണം?’

‘ദിനോസറിന്റെ. ഒരു കുട്ടിദിനോസറിന്റെ. ഇതു് രാജീവിന്റെ ഏറ്റവും പുതിയ ഡ്രീം സീരീസിലുള്ളതാണു്. അവന്റെ ഓരോ സീരീസ് കഴിയുമ്പോഴും ഞാൻ ആ വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കും. ഇതാണു് അതിലേക്കുവെച്ചു് ഏറ്റവും പുതിയതും വിഷമം പിടിച്ചതും. ഗവേഷണത്തിനു് എവിടെപ്പോകണമെന്നറിയില്ല.’

‘കാഴ്ചബംഗ്ലാവിൽ പോയാൽ പോരെ? അവർ എന്താണു് കൊടുക്കാറു് എന്നന്വേഷിച്ചാൽ മതി.’

മോഹനൻ ഒന്നും പറഞ്ഞില്ല. ഒന്നുകിൽ അവൾക്കു് തെറ്റു പറ്റിയതായിരിക്കണം. ദിനോസറിനെ റിനോസറസ്സായി കരുതിയിരിക്കണം. അല്ലെങ്കിൽ ദിനോസറിനെപ്പറ്റി അവൾ കേട്ടിട്ടുണ്ടാവില്ല. രാജീവൻ ഇല്ലാത്തതു് അവൾക്കു നന്നായി. അവൻ ഉണ്ടായിരുന്നെങ്കിൽ ചിരിച്ചു ചിരിച്ചു് തല കുത്തി മറിയുമായിരുന്നു.

അവൻ ഒരു മെയ്ൽ ഷോവനിസ്റ്റായി വളരുന്നുണ്ടെന്നു് തോന്നുന്നു. കഴിഞ്ഞ ആഴ്ചയാണതുണ്ടായതു്. അയാൾ കുളിമുറിയിൽ കയറി മൂത്രമൊഴിക്കുകയായിരുന്നു. മുകളിൽ ഞങ്ങളുടെ മുറിയ്ക്കും രാജീവിന്റെ മുറിയ്ക്കും കൂടിയുള്ള കുളിമുറിയാണതു്. രാജീവിന്റെ കിടക്ക വിരിച്ചു് ശൈലജ കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ കണ്ടതു് എന്നെയാണു്. അവൾ വേഗം പുറത്തു കടന്നു് വാതിലടച്ചു. രാജീവൻ അതു കണ്ടു. ഞാൻ മൂത്രമൊഴിക്കുകയായിരുന്നെന്നു് അവനറിയാമായിരുന്നു. അവൻ മമ്മിയുടെ ചലനങ്ങൾ വീക്ഷിക്കുകയായിരുന്നു. മമ്മി കുളിമുറിയിൽ കടന്നതും ഉടനെ പുറത്തു ചാടി കടന്നതും അവൻ കണ്ടു.

അവൻ ചിരിക്കാൻ തുടങ്ങി. കട്ടിലിൽ തലകുത്തിമറിഞ്ഞ് ചിരിക്കുകയായിരുന്നു അവൻ.

പിന്നെ കിടക്കുന്നതിനുമുമ്പു് വീണ്ടും കുളിമുറിയിലേക്കു പോയപ്പോൾ അവനും കൂടെ വന്നു, സ്വകാര്യമായി ചോദിച്ചു.

‘മമ്മി കണ്ടുവോ?’

അയാളും സ്വകാര്യമായി പറഞ്ഞു. ‘ഇല്ല.’

‘ഭാഗ്യായി അല്ലെ? കണ്ടിരുന്നെങ്കിൽ മോശമായിരുന്നു അല്ലെ? ആൺകുട്ടികൾ കണ്ടാൽ കുഴപ്പമില്ല. പെൺകുട്ടികൾ കാണുന്നതു് എന്തു് മോശാണല്ലെ?’

അതും പറഞ്ഞ് അവൻ ട്രൗസർ വലിച്ചു താഴ്ത്തി ചീനമുളകും പുറത്തെടുത്തു ഫിറ്റ് ചെയ്തു.

‘ശരിയാണു്.’ മോഹനൻ ഗൗരവം വിടാതെ പറഞ്ഞു.

അവൻ ഉറങ്ങിയെന്നുറപ്പായപ്പോൾ ഈ സംഭാഷണശകലം ശൈലജക്കു് പറഞ്ഞുകൊടുത്തപ്പോൾ ചിരിയടക്കാൻ കഴിയാതെ അവൾ വയർ അമർത്തിപ്പിടിച്ചു.

ലൈബ്രറിയിൽ റഫറൻസ് സെക്ഷനിൽ പൗരാണികജീവികളെപ്പറ്റിയുള്ള പുസ്തകത്തിനു മുമ്പിൽ ഇരുന്നു് അയാൾ ആലോചിച്ചു. എവിടെയൊ എന്തോ പിശകുണ്ടു്. എല്ലാം കീഴ്മേൽ മറിഞ്ഞപോലെയാണു്. എന്തു ചെയ്താലും ശരിയാവുന്നില്ല. മാർവാഡി തന്നെചൂഷണം ചെയ്യുകയാണെന്നു തോന്നിയപ്പോൾ അയാളുമായി തല്ലുകൂടി ഓഫീസിൽ നിന്നും പുറത്തു കടന്നു. രണ്ടായിരം ഉറുപ്പികയുടെ ജോലി വെള്ളത്തിൽ. അന്നു തുടങ്ങിയതാണു് സെൽഫ് സ്റ്റെയിൽഡ് ബിസിനസ്സുകാരനായി നടക്കാൻ. ഇതിനകം മൂന്നു കമ്പനികളുടെ പേരിൽ വിസിറ്റിങ്ങ് കാർഡുകൾ അടിച്ചു. ഇരുമ്പാണി തൊട്ടു് റേഡിയോ പാർട്ടുകൾ വരെ കച്ചവടം നടത്തി. എല്ലാം അവസാനിച്ചതു് നഷ്ടത്തിൽ. എല്ലാം ഒരേ പാറ്റേണിൽത്തന്നെ വരുന്നു. വളരെയധികം ഡിമാന്റുള്ള ഒരു സാധനം താൻ വരുത്തി വിൽക്കാൻ തുടങ്ങുമ്പോഴേയ്ക്കു് തീരെ ആവശ്യക്കാരില്ലാതാവുന്നു.

‘ഇതോ, ഈ സാധനം ഞങ്ങളുടെ ഗോഡൗണിൽ പെട്ടിക്കണക്കിനു കെട്ടിക്കിടക്കുന്നു.’

അല്ലെങ്കിൽ.

‘പതിനെട്ടുറുപ്പികയോ. പന്ത്രണ്ടുറുപ്പികയ്ക്കു് എടുക്കുന്നോ? എത്ര വേണേമെങ്കിലും അങ്ങോട്ടു തരാം. റെഡിസ്റ്റോക്കുണ്ടു്.’

കച്ചവടക്കാർ തന്റെ സെയിൽസ് സംസാരം കേൾക്കുമ്പോൾ തന്നെ കോട്ടുവായിടുന്നു. അവരുടെ എതിരാളികളുടെ പേർ നിർദ്ദേശിക്കുന്നു. അവിടെപ്പോയിനോക്കൂ. ഒരു പക്ഷെ എടുത്തേക്കും.

മാർവാഡിക്കു് ലക്ഷക്കണക്കിനു് വില വരുന്ന യന്ത്രങ്ങളുടെ ഓർഡറുകൾ നിഷ്പ്രയാസം ഉണ്ടാക്കിക്കൊടുത്ത തന്റെ സെയിൽസ്മാൻഷിപ്പ് എവിടെപ്പോയി അസ്തമിച്ചു? എവിടെയോ കുഴപ്പമുണ്ടു്.

അയാളുടെ മുമ്പിൽ വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ദിനോസറുകൾ പല്ലിളിച്ചു കാട്ടി. ബീഭത്സമായ മുഖങ്ങളുള്ള, മാംസേഭാജികളായ, സസ്യഭോജികളായ ഭീമാകാരജന്തുക്കൾ നടന്നപ്പോൾ ഭൂതലം വിറച്ചു. പിന്നെ മഞ്ഞുയുഗം വന്നു് ഒരോന്നോരോന്നായി ഭക്ഷണം കിട്ടാതെ ചത്തൊടുങ്ങി. അവസാനത്തെ ദിനോസർ, ഹിമം മൂടിയ താഴ്‌വരകളിൽ നിസ്സഹായനായി തലയുയർത്തി നോക്കുന്നതു് അയാൾ കണ്ടു. കുറച്ചൊരു ഊഷ്മാവിനുവേണ്ടി, കുറച്ചു് ഭക്ഷണത്തിനു വേണ്ടി.

ഇപ്പോൾ, ആറു കോടി വർഷങ്ങൾക്കുശേഷം ഒരു ആറുവയസ്സുകാരന്റെ വളർത്തുമൃഗമാവാനായി, കൗതുകമുള്ള മുഖത്തോടെ, നനുത്ത നാവോടെ, ജാലകത്തിനു പുറത്തു് കാവൽ നിൽക്കാനായി ഉണർന്നെഴുന്നേൽക്കാൻ ആ മൃഗം ഒരു ദീർഘനിദ്രയിലേർപ്പെട്ടു. യുഗങ്ങളായുള്ള നിദ്ര.

എനിക്കൊരു ജോത്സ്യനെ കാണണം. കുറച്ചു ദിവസമായി അയാൾ ആലോചിക്കുന്നു. അതിനായി ജാതകക്കുറിപ്പു് അയാൾ എടുത്തു വെച്ചിരുന്നു. തന്റെ യുക്തിവാദത്തിനതീതമായി എന്തൊക്കെയോ തനിക്കു ചുറ്റം നടക്കുന്നുണ്ടു്. അതു കണ്ടുപിടിക്കണം.

സാംബിളുകൾ നിറച്ച ഹാൻഡ്ബാഗുമെടുത്തു് അയാൾ പുറത്തിറങ്ങി. പണ്ടൊരിക്കൽ ഒരു ജാതകം ഒത്തു നോക്കാൻ ഒരു ജോത്സ്യൻ സ്വാമിയുടെ വീട്ടിൽ പോയ ഓർമ്മയുണ്ടു്.

സ്വാമി ഇന്നും അതേ ഇരിപ്പാണു്. പുലിത്തോലിൽ. ഒരു വെള്ളമുണ്ടു്, പുതയ്ക്കാൻ തോർത്തു്. ചന്ദനക്കുറി. മൂക്കിനു മുകളിൽ സ്വർണ്ണഫ്രെയിമിട്ട കണ്ണട. മുമ്പിൽ തന്നെ ഒരു വയസ്സനും ചെറുപ്പക്കാരനും ഇരിക്കുന്നുണ്ടു്. ജാതകം ഒത്തുനോക്കാൻ വന്നവരാണു്.

‘ഈ ജാതകങ്ങൾ ഒരു വിധത്തിലും ചേർക്കാൻ പറ്റില്ല.’ സ്വാമി തറപ്പിച്ചു പറഞ്ഞു.

വയസ്സൻ നന്നേ നിരാശനായിരിക്കുന്നു.

‘സ്വാമീ, എങ്ങനെയെങ്കിലും ഇതൊന്നു യോജിപ്പിക്കാൻ പറ്റില്ലെ?’

‘എനിക്കു നിങ്ങൾ പറഞ്ഞതൊക്കെ മനസ്സിലായി. സ്വാമി പറഞ്ഞു. ഇവിടുന്നങ്ങോട്ടു് എട്ടു മാസം കഴിഞ്ഞാൽ ഈ രണ്ടു ജാതകങ്ങളുടെ ചേർച്ച വളരെ വിഷമങ്ങളുണ്ടാക്കും. കുട്ടിക്കു് ഇരുപത്തിയാറു വയസ്സു കഴിഞ്ഞു. ശരി തന്നെ. പക്ഷെ, ഇതു് ഒട്ടും യോജിക്കില്ല. പോരാത്തതിനു് ദശാസന്ധിയുമുണ്ടു്.’

സ്വാമിക്കു് ദക്ഷിണ കൊടുത്തു് അവർ സാവധാനം നടന്നു പോയി. ഇരുപത്തിയാറു കഴിഞ്ഞ പെൺകുട്ടി. ബാക്കിയെല്ലാം ഒത്തു വന്നു. ജാതകം മാത്രം ഒത്തില്ല. ഇനിയും അന്വേഷണം. നിലയ്ക്കാത്ത അന്വേഷണം.

‘എന്താണു് വേണ്ടതു്?’ സ്വാമി ചോദിച്ചു.

മോഹനൻ ഉണർന്നു. ബ്രീഫ്കേയ്സ് തുറന്നു് ജാതകക്കുറിപ്പെടുത്തു് നിവർത്തി സ്വാമിയുടെ മുമ്പിൽ വെച്ചു. ഗ്രഹനിലയും അംശക നിലയും വെവ്വേറെ കുറിച്ച കടലാസു്. സ്വാമി കണ്ണടയെടുത്തു് മൂക്കിന്മേൽ വെച്ചു്, കുറിപ്പെടുത്തു് നോക്കി. നോക്കുംതോറും അയാളുടെ നെറ്റിമേൽ വരകൾ കൂടിക്കൂടിവന്നു. മുഖം ചുളിഞ്ഞു.

‘ഇതാര്ടെ ജാതകം? നിങ്ങളുടെയാണോ?’

അതെ.

‘നിങ്ങളുടെ ജോലി ശരിക്കും മൂന്നുകൊല്ലം നാലുമാസംമുമ്പു് പോയിട്ടുണ്ടാകണമല്ലൊ. തല്ലുകൂടി പിരിഞ്ഞു പോന്നതാവാനേ വഴിയുള്ളു. തൽക്കാലം ജോലിയില്ലല്ലൊ.’

മോഹനൻ ഒന്നും പറഞ്ഞില്ല. സെൽഫ് സ്റ്റെയിൽഡ് ബിസിനസ്സ്മാൻ എന്ന പദവി ജോലിയല്ലല്ലൊ.

സ്വാമി കണക്കു കൂട്ടുകയായിരുന്നു.

‘കേതു ദശയാണു് കഴിഞ്ഞ നാലുകൊല്ലം ഏഴുമാസമായിട്ടു്. ഇനി രണ്ടര കൊല്ലം കൂടിയുണ്ടു്. കാര്യമായിട്ടുള്ള അഭിവൃദ്ധിയുണ്ടാവാൻ വയ്യ ഈ കാലത്തു്. ഇപ്പോൾ പോരാത്തതിനു് ഏഴരശ്ശനിയുമുണ്ടു്. വളരെ ചീത്തകാലമാണു്. സൂക്ഷിച്ചിരിക്കണം. ധനനഷ്ടം, മാനനഷ്ടം ഇതെല്ലാം ഉണ്ടാവുന്ന പരിതഃസ്ഥിതിയാണു്. എന്തിനും പ്രതിബന്ധമുണ്ടാവും. ശരിയാവുമെന്നു് വിചാരിച്ചു് നിങ്ങൾ എന്തെങ്കിലും തുടങ്ങി വെക്കും. പക്ഷെ നഷ്ടത്തിലേ കലാശിക്കു. അഞ്ചിറക്കിയാൽ പത്തു നഷ്ടം വരും. അങ്ങിനെയാണു്.’

സ്വാമി എന്റെ മനസ്സുവായിക്കുകയാണോ?

‘ശനിദശ കഴിഞ്ഞാൽ പിന്നെ ശിഷ്ടം കേതുദശ. അത്ര മോശാന്നു പറയില്ല. പക്ഷെ, അഭിവൃദ്ധിയുണ്ടാകണമെങ്കിൽ കേതുദശ കഴിയുക തന്നെ വേണം. ശനിദശ ഇനിയും ഒമ്പതുമാസമുണ്ടു്. അതുവരെ സൂക്ഷിച്ചിരിക്യാ.’

സ്വാമി പറഞ്ഞുകൊണ്ടിരുന്നു. അയാൾ ആലോചിച്ചു. അപ്പോൾ ഇതൊക്കെ ആദ്യം തന്നെ എഴുതിവെച്ചിരിക്കുന്നു. ഇത്രാമാണ്ടിൽ, ഇത്രാം നാളിൽ, മണിക്കൂറിൽ, വിനാഴികയിൽ ജനിച്ചു വരുന്ന ഒരു കുട്ടി എന്തുചെയ്യാൻ പോകുന്നു, എന്താവാൻ പോകുന്നു എന്നെല്ലാം പ്രപഞ്ച രഹസ്യങ്ങളുടെ കലവറയിലെവിടെയോ കൂട്ടിയിട്ട താളിയോലക്കെട്ടിൽ എഴുതി വെക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ, ദിനോസറുകളും മറ്റു പ്രാചീനജീവികളും ജീവിച്ചിരുന്നതിനും വളരെ മുമ്പുതന്നെ കോടാനുകോടി വർഷങ്ങൾക്കു മുമ്പുതന്നെ പ്രപഞ്ചത്തിന്റെ ഭാവി ഇന്ന തരത്തിലാവണമെന്നു് സൃഷ്ടികർത്താവു് തീർച്ചയാക്കിയിട്ടുണ്ടായിരിക്കണം.

‘നിങ്ങൾ ഭാവി പ്രവചിക്കുന്നതുപോലെ ഭൂതകാലത്തിലേക്കും പൊയ്ക്കൂടെ?’ അയാൾ ചോദിച്ചു.

‘തീർച്ചയായും. പക്ഷെ, ഭൂതം നിങ്ങൾക്കറിയുന്നതല്ലെ? നിങ്ങളുടെ ജോലി പോയതു് നിങ്ങൾ അറിയുന്നപോലെ. ഭാവി അറിയാനല്ലെ എല്ലാവർക്കും ആഗ്രഹമുണ്ടാവുക?’

‘ഞാനുദ്ദേശിക്കുന്നതു് അടുത്ത ഭൂതകാലത്തിലേക്കല്ല. ആറുകോടി വർഷങ്ങൾക്കുമുമ്പു്, ദിനോസറുകൾ മേഞ്ഞു നടന്നിരുന്ന കാലം വരെ.’

സ്വാമി അയാളെ ഒന്നു നല്ല പോലെ നോക്കി. മാറ്റി വെച്ച കണ്ണട വീണ്ടും എടുത്തണിഞ്ഞു. ജാതകക്കുറിപ്പിൽ കണ്ണോടിച്ചു. വീണ്ടും കണക്കുകൂട്ടൽ. പിന്നെ കണ്ണട അഴിച്ചുവെച്ചു് വീണ്ടും അയാളെ നോക്കി.

‘ഇല്ലല്ലൊ. മാനസികരോഗങ്ങളൊന്നുമുള്ളതായി കാണുന്നില്ലല്ലൊ നിങ്ങൾക്കു്. നിങ്ങൾക്കു് തൽക്കാലം ചീത്ത കാലമാണെന്നെ ഉള്ളു. കുറച്ചു കാലം കൂടി ക്ഷമിച്ചു്, സാവകാശത്തിൽ കാര്യങ്ങൾ ചെയ്യുക. ഇനി വരാൻ പോകുന്നതു് ശുക്രദശയാണു്. അതു് വളരെ അഭിവൃദ്ധിയുണ്ടാക്കും. അതുവരെ ഒതുങ്ങിക്കഴിയുക. ദിവസവും രണ്ടുനേരം ദേവീദർശനം നടത്തുക…’

ദക്ഷിണ കൊടുത്തു് പുറത്തിറങ്ങിയപ്പോൾ അയാൾ ഓർത്തു. തന്റെ മാനസികനില തെറ്റിയെന്നാണു് സ്വാമി ധരിച്ചിരിക്കുന്നതു്. തനിയ്ക്കറിയേണ്ടിയിരുന്നതു് സ്വാമിക്കു് യുഗങ്ങൾ പിന്നിട്ടു് പോകാൻ പറ്റുമോ എന്നാണു്. യുഗങ്ങൾ പിന്നിട്ടു്, മഞ്ഞുയുഗത്തിന്റെ ശൈത്യവും പിന്നിട്ടു്, ഭീമാകാരന്മാരായ ദിനോസറുകൾ തലയുയർത്തി നടന്നിരുന്ന ഭൂപ്രദേശത്തെത്താൻ. മേഞ്ഞു നടക്കുന്ന ദിനോസറുകളിൽ ഒന്നിനു് യുഗങ്ങൾക്കു ശേഷം വീണ്ടും പിറക്കാൻ യോഗം വന്നിരിക്കുന്നു. ഒരു ആറു വയസ്സുകാരന്റെ വളർത്തു മൃഗമാവാൻ. അവൻ ഉറങ്ങുമ്പോൾ രണ്ടാം നിലയിലെ ജാലകത്തിനപ്പുറത്തു് ഓമനമുഖവും, മൃദുവായ നാവുമായി കാവൽ നിൽക്കാൻ, സ്നേഹപൂർവ്വം അവന്റെ കവിളിൽ നക്കാൻ.

സ്വാമിക്കതു മനസ്സിലാവില്ല.

ഇനി ഒരു കച്ചവടക്കാരനെ കാണണം. സ്റ്റോക്ക് എടുക്കുമോ എന്നു് ഇന്നു പറയാമെന്നു പറഞ്ഞതാണു്. ഈ കച്ചവടക്കാരനും എടുക്കാൻ താൽപര്യം കാണിച്ചില്ലെങ്കിൽ അമ്പതിനായിരത്തിന്റെ ബാറ്ററി എലിമിനേറ്ററുകൾ തട്ടിൻ പുറത്തേക്കു് ഒരേറു കൊടുക്കാം.

ഭാഗ്യത്തിനു് കച്ചവടക്കാരൻ പീടികയിലുണ്ടായിരുന്നു. അയാൾ പക്ഷെ കണ്ട ഭാവം നടിക്കുന്നില്ലെന്നു മാത്രം. തലേന്നു വൈകുന്നേരം അര മണിക്കൂർ നേരം അയാളുമായി സംസാരിച്ചതും വില ഇരുപതു ശതമാനം കുറച്ചതുമെല്ലാം അയാളെ ഓർമ്മിപ്പിച്ചു. ഇരുപതു ശതമാനം കുറയ്ക്കുകയെന്നതിനർത്ഥം തനിക്കു് പത്തു ശതമാനം നഷ്ടമുണ്ടാവുകയെന്നാണു്. എന്നാലും മുടക്കിയ പണം കുറെയെങ്കിലും തിരിച്ചു കിട്ടുമല്ലൊ.

‘മോഹനൻ പറഞ്ഞു. സ്റ്റോക്ക് എടുക്കുവാൻ പറ്റുമോ എന്നു് ഇന്നു് അറിയിക്കാംന്നല്ലെ പറഞ്ഞിരുന്നതു്.’

‘ആ, ബാറ്ററി എലിമിനേറ്ററല്ലെ? കച്ചവടക്കാരൻ പറഞ്ഞു. അതിനു വലിയ ഡിമാന്റൊന്നുമില്ല. വേണങ്കി രണ്ടു ഡസൻ വെച്ചൊ. വിറ്റ ശേഷം പണം തരാം.’

രണ്ടു ഡസൻ എവിടെ? അമ്പതിനായിരത്തിന്റെ സ്റ്റോക്കെവിടെ?

അയാൾ തിരിഞ്ഞുനടന്നു. ആശിക്കാനൊന്നുമില്ലാതായിരിക്കുന്നു.

വീട്ടിലെത്തിയപ്പോൾ ശൈലജ പറഞ്ഞു.

‘ഇന്നു വീടു നോക്കാൻ രണ്ടു പേർ വന്നിരുന്നു. അരമണിക്കൂർ മുമ്പു്. ഞാൻ കുട്ടി വന്നിട്ടു് വരാൻ പറഞ്ഞിട്ടുണ്ടു്.’

രണ്ടു മിനിറ്റിനകം അവർ വാതിലിൽ മുട്ടി.

‘നിങ്ങളീ വീടു് ഒഴിയാൻ പോവ്വാണ്ന്നു് കേട്ടൂലൊ. എന്നാ ഒഴിയുന്നതു്?’

‘ഈ ഒന്നാന്തി.’

‘ഒന്നു കാണുന്നതിൽ വിരോധല്യല്ലൊ.’

‘ഹെയ് ഇല്ല, വരൂ.’

‘ഇതാ ഇതാണു് സിറ്റിംഗ്റൂം. ഫാൻ വീട്ടുകാരൻ തന്നെ വെച്ചതാണു്. ഇതു തളം. വളരെ വിശാലമാണു്. തളത്തിൽ നിന്നു് അടുക്കളയിലേക്കാണു്. നല്ല സൗകര്യമുണ്ടു് അടുക്കള; റാക്കുകൾ, ഗ്യാസടുപ്പു് വെക്കാൻ പ്ലാറ്റ്ഫോം ഉണ്ടു്. അപ്പുറത്തു് സിങ്ക്. ഈ വാതിൽ ബെഡ്റൂമിലേക്കാണു്. ഞാൻ തൽക്കാലം ഓഫീസ് ആവശ്യത്തിനുപയോഗിക്കുകയാണു്. മുകളിലും രണ്ടു ബെഡ്റൂം ഉണ്ടു്. രണ്ടിനും കൂടി ഒരു അറ്റാച്ച്ഡ് ബാത്തും. നോക്കാം വരൂ.’

‘വെള്ളമോ? ഇരുപത്തിനാലു മണിക്കൂറും കിട്ടും. മോട്ടോറുണ്ടു്.’

ക്ഷീണിച്ചു് ഒരു കപ്പു ചായ കുടിക്കാൻ ധൃതിയായി കയറിവന്നതാണയാൾ. അവർ ഇറങ്ങിപ്പോയപ്പോൾ ശൈലജ ചോദിച്ചു.

‘കുട്ടിയെന്തിനാണു് ഇങ്ങനെ കഷ്ടപ്പെടുന്നതു്? ലോനപ്പൻ മാപ്പിളയ്ക്കു് താമസക്കാരെ ഉണ്ടാക്കാൻ കുട്ടിയെന്തിനാണു് ഈ വെപ്രാളമൊക്കെ കാണിക്കുന്നതു്?’

ശരിയാണു്. അയാൾ ആലോചിച്ചു. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ചുരുങ്ങിയതു് എട്ടു കൂട്ടരെങ്കിലും ഈ വീടു് വന്നു നോക്കിയിട്ടുണ്ടു്. അതിൽ രണ്ടുപേർ തൊട്ടു് പന്ത്രണ്ടു പേരുള്ള ടീം വരെയുണ്ടായിരുന്നു. ഈ എട്ടു പ്രാവശ്യവും അയാൾ ഒരു ബ്രോക്കറെപ്പോലെ വീടിന്റെ ഗുണങ്ങൾ പ്രകീർത്തിച്ചിട്ടുമുണ്ടു്.

അഞ്ചു കിലോമീറ്റർ ദൂരെയിരുന്നുകൊണ്ടു തന്നെ ചരടില്ലാതെ നിയന്ത്രിക്കുന്ന ലോനപ്പൻ മാപ്പിളയുടെ കഴിവു് അപാരം തന്നെ. ആരെങ്കിലും വീടെടുത്തു് ഡിപ്പോസിറ്റ് കൊടുത്താലെ തനിയ്ക്കു് ഡിപ്പോസിറ്റ് തിരിച്ചു കിട്ടുകയുള്ളു. ഒന്നാം തീയ്യതിക്കുള്ളിൽ പുതിയ സ്ഥലത്തു് ഡിപ്പോസിറ്റ് കൊടുത്തില്ലെങ്കിൽ ആ വീടു് പോകും. അതുകൊണ്ടു് ഓരോ കൂട്ടരും വീടു കാണാൻ വരുമ്പോഴും അയാൾ ഒരു ബ്രോക്കറുടെ ആടയണിയുന്നു. ‘ഇതാ ഇതാണു് സ്വീകരണമുറി…’

രാജീവൻ പതിവുപോലെ കുറച്ചു് സസ്പെൻസുമായാണു് സ്ക്കൂളിൽ നിന്നു വന്നതു്.

‘ഞാനിന്നു് സ്ക്കൂളിൽ നിന്നു് എന്താണു് വരച്ചതെന്നു് പറയാമോ മമ്മീ? ഡാഡി പറയണ്ട ട്ടൊ.’

ചോദ്യം അമ്മയോടാണു്. ഡാഡി അവന്റെ രഹസ്യങ്ങളെല്ലാം ഊഹിച്ചെടുക്കുന്നു എന്നാണവന്റെ പരാതി. അതുകൊണ്ടു് ചോദ്യങ്ങളും കടംകഥകളും അമ്മയോടായിരിക്കും. ഒപ്പം ഒരു താക്കീതും. ഡാഡി പറയരുതു് കേട്ടോ.

മോഹനൻ ഊഹിച്ചു കഴിഞ്ഞിരുന്നു.

അമ്മ തോറ്റുവെന്നു മനസ്സിലായപ്പോൾ അവൻ മോഹനനു പറയാൻ കൂടി അവസരം കൊടുക്കാതെ ബാഗിൽനിന്നു് ഒരു കടലാസ്സെടുത്തു കാട്ടി.

ഒരു കുട്ടി ദിനോസർ. നായ്ക്കുട്ടിയുടേതുപോലെ ഓമനത്തമുള്ള മുഖം. തിളങ്ങുന്ന കണ്ണുകൾ, നീണ്ട കഴുത്തു്, തടിച്ച പിൻകാലുകൾ, വലിയ വയർ, കുറിയ മുൻകാലുകൾ, പിന്നിൽ നീണ്ടു കിടക്കുന്ന വാൽ.

ചിത്രം ആകപ്പാടെ മോശമായിരുന്നില്ല. ഒരു കങ്കാരുവും, ജിറാഫും, പൊമറേനിയനും കൂടിയ രൂപം.

പെട്ടെന്നു്, താൻ ഒരു പൗരാണികജീവി പണ്ഡിതനായിട്ടുണ്ടെന്നും, ദിനോസറിനെപ്പറ്റി രാജീവനോടു് ആധികാരികമായി സംസാരിക്കാമെന്നും അയാൾ ഓർത്തു. അവൻ ചോദ്യം ചോദിക്കുന്നതും കാത്തു് അയാൾ ഇരുന്നു. അവനിൽ മതിപ്പുണ്ടാക്കാവുന്ന ഒരു സന്ദർഭമാണു് വരുന്നതു്.

അപ്പോഴാണു് ശൈലജ രണ്ടു കത്തുകളുമായി വരുന്നതു്. ഒന്നു് ബാങ്കിൽ നിന്നാണു്. പതിനയ്യായിരം ഉറുപ്പിക ഉടനെ അടയ്ക്കണം. മറ്റേ കത്തു് കടം തന്ന ഒരാളുടേതാണു്. പണം ഇത്ര വൈകിക്കുന്നതു് മര്യാദയല്ല. അതുകൊണ്ടു് കത്തു് കിട്ടിയ ഉടനെ ചുരുങ്ങിയതു് പത്തെങ്കിലും, പലിശയടക്കം അയച്ചു തരണം.

കുറച്ചെങ്കിലും ഇടയുണ്ടാകുമെന്നാണു് കരുതിയതു്. കേതുവും ശനിയും എതിരെ നിന്നു് തന്നെ ഞെരിച്ചു് ശ്വാസം മുട്ടിക്കുകയാണു്.

രാജീവൻ വന്നു. അവന്റെ കയ്യിൽ പെയിന്റുണ്ടു്. ബ്രഷുകളും.

‘ഡാഡി, ഞാൻ വലിയ ഒരു ദിനോസറിനെ വരയ്ക്കാൻ പോവുകയാണു്. ഒരു കടലാസു് തരൂ.’

‘ഇപ്പോൾ എന്നെ ഉപദ്രവിക്കാതെ പോകൂ. അയാൾ പറഞ്ഞു. എനിയ്ക്കു തലവേദനയുണ്ടു്.’

‘കടലാസു തന്നാൽ മാത്രം മതി. പിന്നെ ഞാൻ ഉപദ്രവിക്കില്ല.’

കുറച്ചെന്തെങ്കിലും സഹായം, ഒരു നല്ലവാക്കു്, എവിടെനിന്നാണു് കിട്ടുക? കൈകൊണ്ടു് തലയും താങ്ങി അയാളിരുന്നു. ഇത്രയും നിസ്സഹായത ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. തന്നോടു തന്നെ ദേഷ്യം തോന്നി.

രാജീവൻ അപ്പോഴും കടലാസിനു വേണ്ടി നിൽക്കുകയാണു്. അയാൾ പെട്ടെന്നു് പൊട്ടിത്തെറിച്ചു.

‘പോകാനല്ലെ പറഞ്ഞതു്. അയാൾ അലറി. നീയും നിന്റെ ഒരു ദിനോസറും. ഇത്ര വൃത്തികെട്ട ഒരു മൃഗത്തിനെയാണോ നിനക്കു കിട്ടിയതു്. നിന്റെ ഒരു വളർത്തു മൃഗം! അതിന്റെ മുഖം എത്ര ബീഭത്സമാണെന്നറിയാമോ?’

അവൻ നിശ്ശബ്ദനായി, അയാൾ പറയുന്നതു കേട്ടുനിന്നു. അവന്റെ മുഖം വാടി. അട്ടഹാസം കഴിഞ്ഞപ്പോൾ അവൻ പതുക്കെ അടുക്കളയിലേക്കു പോയി.

അവന്റെ തേങ്ങലുകൾ അയാൾക്കു കേൾക്കാം. അതിനിടയിൽ പരാതികളും.

‘എന്റെ ദിനോസർ നല്ല ഭംഗിയുണ്ടു്. എന്താണു് ഡാഡി പറയുന്നതു് ഭംഗിയില്ലെന്നു്. നോക്കു ഞാൻ വരച്ചിരിക്കുന്നതു്. അതു രാത്രി വന്നു് എന്നെ നക്കുന്നുണ്ടു്. അതിനിഷ്ടമായതുകൊണ്ടല്ലെ അതു നക്കണതു്.’

അയാൾക്കിപ്പോൾ രാത്രികളിൽ ഉറക്കം കുറവായിരിക്കുന്നു. രാജീവന്റെ ദിനോസർ തന്നെ കഷ്ടപ്പെടുത്തുകയാണു്. കണ്ണടച്ചാൽ കാണുന്നതു് ഇരുപതടി ഉയരമുള്ള ഒരു ദിനോസറിന്റെ കഴുത്തിൽ കെട്ടിയ കയറിന്റെ അറ്റം പിടിച്ചുകൊണ്ടു് ഒരു ചെറിയ കുട്ടി വിജനമായ പാതയിലൂടെ നടന്നകലുന്നതാണു്. ആ മൃഗത്തിന്റെ ഓരോ കാൽവയ്പിലും ഭൂമി ചലിക്കുന്നുണ്ടു്. എത്ര നടന്നാലും പാതയുടെ സ്വഭാവത്തിനു് മാറ്റമില്ല. ഒരേ മാതിരിയുള്ള അന്തമില്ലാത്ത വഴിയിലൂടെ അവർ നടന്നുനീങ്ങുകയാണു്. അതിനിടയിൽ, അമ്പതിനായിരത്തിന്റെ നഷ്ടമോ, ഒന്നാം തീയതി മുതൽ താമസിക്കാൻ വീടില്ലാത്ത അവസ്ഥയോ ഒന്നും അയാളെ ബാധിക്കുന്നില്ല.

പുതിയ താമസസ്ഥലത്തെപ്പറ്റി രാജീവനു് ഉൽക്കണ്ഠയുണ്ടു്. ഒരു നിലക്കെട്ടിടമായതുകൊണ്ടു് മുകൾഭാഗമില്ല. അവന്റെ കിടപ്പുമുറിയും താഴത്താണല്ലൊ. ഇതു് അവന്റെ കുട്ടി ദിനോസറിനു് വിഷമങ്ങളുണ്ടാക്കുമെന്നു് അവൻ പറയുന്നു. താഴെയുള്ള ജനലിലൂടെ കുനിഞ്ഞുനോക്കുമ്പോൾ അതിന്റെ കഴുത്തു് വേദനിക്കും.

മോഹനൻ പരിഹാരം നിർദ്ദേശിച്ചു. അവന്റെ ജനലിനപ്പുറത്തു് ഒരു വലിയ മൈതാനമാണു്. ദിനോസറിനു് അതിന്റെ വയർ നിലത്തമർത്തി കിടക്കാമെന്നു്. അങ്ങിനെയാവുമ്പോൾ കഴുത്തു് വേദനിക്കാതെ തന്നെ അതിനു് ജനലിലൂടെ നോക്കാം.

അവന്റെ മുറിയുടെ ജാലകത്തിനപ്പുറത്തു് കൊതുകു് ആർക്കുന്ന വൃത്തികെട്ട ഒരു ഓടയും അതിനുമപ്പുറത്തു് വളരെ തിരക്കേറിയ ഒരു ഇടുങ്ങിയ നിരത്തുമാണെന്നു് അവനോടു് പറയാൻ കഴിഞ്ഞില്ല.

‘നിനക്കു താഴെ നിലയിൽ ജനലിനടുത്തു് കിടക്കാൻ പേടിയാവില്ലെ?’ ശൈലജ ചോദിക്കുന്നു.

‘എന്തിനാ പേടി?’ അവൻ ചോദിക്കുന്നു. ‘ഇത്രയും വലിയ ദിനോസർ രാത്രി മുഴുവൻ കാവൽ നില്ക്കുമ്പോൾ കള്ളന്മാർക്കു് അടുത്തുവരാൻ ധൈര്യമുണ്ടാകുമോ?’

രാജീവൻ എന്നും ഒറ്റയ്ക്കാണു് ഉറങ്ങാറു്. അങ്ങിനെയിരിക്കുമ്പോൾ അവൻ ഒരു ദിവസം പുതപ്പും തലയിണയുമായി എത്തുന്നു.

‘ഞാനിന്നു് മമ്മിയുടെ ഒപ്പമാണു് കിടക്കുക.’

‘ഛീ മമ്മിയുടെ ഒപ്പമോ; പറ്റില്ല.’ ശൈലജ പറയുന്നു.

തങ്ങളുടെ പ്ലാൻ എല്ലാം തകരാറിലാവുന്ന ലക്ഷണമാണു്. അയാൾ നയത്തിൽ പറയുന്നു.

‘മോൻ പോയി ഉറങ്ങിക്കോ.’

അവൻ വഴങ്ങുന്നില്ല.

‘ഞാൻ എന്നും ഒറ്റയ്ക്കല്ലെ കിടക്കാറു്. ഇന്നു മാത്രം മതി.’

അവൻ രണ്ടുവയസ്സുതൊട്ടു് ഒറ്റയ്ക്കാണു കിടക്കാറു്.

‘ഇന്നെന്താണു് പ്രത്യേകത?’ ശൈലജ ചോദിക്കുന്നു.

‘ഞാൻ ഹാർഡി ബോയ്സ് മിസ്റ്ററി പുസ്തകം വായിച്ചു.’

‘നിന്നോടാരാണു് ഉറങ്ങാൻ കിടക്കുമ്പോൾ അതു് വായിക്കാൻ പറഞ്ഞതു്?’

‘വേറെ പുസ്തകമൊന്നുമുണ്ടായിരുന്നില്ല. മമ്മീ ഞാൻ കുറച്ചുനേരം ഇവിടെ കിടക്കട്ടെ.’

‘വേണ്ട വേണ്ട. വല്യ കുട്ടികൾ അമ്മമാരുടെ ഒപ്പല്ല കിടക്കുക. ചീത്ത ശീലമൊന്നും പഠിക്കണ്ട.’

‘രാജീവ്, നീ പോയി കിടക്കു.’ അയാൾ കുറച്ചു് കർക്കശമായി പറയുന്നു.

അവൻ ഭയന്നു. സ്വന്തം തലയിണയും പുതപ്പുമായി തിരിച്ചു് അവന്റെ കിടപ്പറയിലേക്കു് നടക്കുന്നു. കണ്ണിൽ നിന്നുതിരുന്ന ജലകണങ്ങൾ.

കുറച്ചുനേരം മിണ്ടാതെ കിടന്നശേഷം ശൈലജ പറഞ്ഞു. ‘എനിക്കു് തീരെ മൂഡില്ല; നമുക്കവനെ ഒപ്പം കിടത്താമായിരുന്നു. അവനെ വിളിക്കു.’

മോഹനൻ ഒന്നും പറയുന്നില്ല. കണ്ണു തുറന്നു മലർന്നു കിടക്കുന്നു. സ്വാമിയെ കണ്ടതോർമ്മ വന്നു. ഒരു ദിവസം മുഴുവൻ തനിക്കാശ തന്നു് അവസാനനിമിഷത്തിൽ തട്ടി മാറ്റിയ കച്ചവടക്കാരനെയും കള്ള ഓർഡറുകൾ കാട്ടി തന്നെ പറ്റിച്ച ദില്ലി സെയിൽസ്മാനെയും ഓർമ്മ വന്നു. കടക്കാരുടെ കത്തുകളും ഭീഷണികളും ഓർമ്മവന്നു.

ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവണം. ശൈലജ ഉറക്കമായിരിക്കുന്നു. അയാൾ എഴുന്നേറ്റു് രാജീവന്റെ മുറിയിൽപോയി ലൈറ്റിട്ടു. അവൻ ഒരു തലയിണ കെട്ടിപ്പിടിച്ചു് ഉറങ്ങുകയാണു്. വേറെ നാലു തലയിണകൾ നാലു ഭാഗത്തും. അതു് ഒരു കോട്ടയാണെന്നാണു് അവൻ പറയുന്നതു്. അതിനു് നടുവിൽ കിടക്കുമ്പോൾ അവനു് പേടിയാകാറില്ലത്രെ. കെട്ടിപ്പിടിക്കുന്ന തലയിണ എന്താണെന്നു് ചോദിച്ചതിനവൻ മറുപടി പറഞ്ഞില്ല. അതവന്റെ രഹസ്യമാണു്.

തലയണയ്ക്കരികെ അവൻ വരച്ച ദിനോസറിന്റെ ചിത്രം. അതിന്റെ മുഖം ചായംതേച്ചു് കൂടുതൽ ഭംഗിയാക്കാൻ ശ്രമിച്ചിരിക്കുന്നു. അയാൾ കുനിഞ്ഞ് രാജീവന്റെ കൗതുകമുള്ള മുഖത്തു് ഉമ്മ വെച്ചു. പിന്നെ ആ മൃദുവായ കവിളിൽ ഒന്നു നക്കി.

ജനലിനപ്പുറത്തു് അവനെ ഉറ്റുനോക്കി നിൽക്കുകയും സ്നേഹം മൂക്കുമ്പോൾ കവിളിൽ നക്കുകയും ചെയ്യുന്ന കുട്ടി ദിനോസറിനോടു് അയാൾക്കു് അസൂയ തോന്നി. രാത്രി മുഴുവൻ അങ്ങനെ കാവൽ നിൽക്കുന്ന ഒരു ദിനോസറായെങ്കിലെന്നു് അയാൾ വേദനയോടെ ആശിച്ചു.

Colophon

Title: Dinosarinte kutty (ml: ദിനോസറിന്റെ കുട്ടി).

Author(s): E Harikumar.

First publication details: DC Books, Kottayam and Poorna Publications; Kottayam and Kozhikode, Kerala; 1987.

Deafult language: ml, Malayalam.

Keywords: Short stories, E Harikumar, Dinosarinte kutty, ഇ ഹരികുമാർ, ദിനോസറിന്റെ കുട്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 8, 2022.

Credits: The text of the original item is copyrighted to Lalitha Harikumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: A statue of military official and horse around tomb of Seongjong at Seolleung, photograph by National Research Institute of Cultural Heritage, Korea . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: E Harikumar; Proofing: KB Sujith; Typesetter: Sayahna Foundation; Editor: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.