ഫാക്ടറി തുറന്നപ്പോൾ അതിനകത്തു് ആ വലിയ പീഞ്ഞപ്പെട്ടിയുണ്ടായിരുന്നു. ഒരാളുയരത്തിൽ ഇരുമ്പിന്റെ പട്ടയുമായി അതു് വാതിലിന്റെ തൊട്ടടുത്തു് ചുമരരികിൽ നിവർന്നു നിന്നു. മുറിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന ഉയരമില്ലാത്ത മേശയ്ക്കു പിന്നിൽ തന്റെ സ്ഥാനത്തു പോയിരുന്ന ശേഷവും കൗസല്യ അതു തന്നെയായിരുന്നു നോക്കിയിരുന്നതു്. എന്തായിരിക്കും അതിനുള്ളിൽ? സുപാരിയുണ്ടാക്കുന്ന ആ ഫാക്ടറിയിൽ അടയ്ക്കയും പെരുംജീരകവും നിറച്ച ചാക്കുകളും സുഗന്ധദ്രവ്യങ്ങൾ നിറച്ച ചെറിയ പെട്ടികളും മാത്രമേ അവൾ കണ്ടിരുന്നുള്ളു. ജോലിക്കു വന്നിരുന്ന പെണ്ണുങ്ങളെല്ലാം വാതിൽ കടന്ന ഉടനെ ആ പെട്ടി നോക്കി, പിന്നെ മുറിയുടെ മൂലയിൽ വെച്ച മരത്തിന്റെ റാക്കിൽ ഉച്ചഭക്ഷണമുള്ള വട്ടത്തിലോ, നീളത്തിലോ ഉള്ള അലുമിനിയം പാത്രങ്ങളും വെച്ചു് അവരവരുടെ സ്ഥാനത്തു വന്നിരുന്നു് വീണ്ടും ആ പെട്ടി നോക്കി.
ഗോവക്കാരി മറിയ മാത്രം വന്ന ഉടനെ പെട്ടിയുടെ ചുറ്റും നടന്നു് അതിന്റെ മേൽ എഴുതിയിരിക്കുന്നതു് വായിച്ചു.
പാക്കിംഗ് മെഷിൻ.
അവൾക്കു മാത്രമേ അവരിൽ ഇംഗ്ലീഷ് അറിയാവു. അവൾ മറ്റുള്ളവരെയെല്ലാം നോക്കി ഒരു ചിരിയോടെ തലകുലുക്കി. അതിൽ അപകട സൂചനയുണ്ടായിരുന്നു. അവൾ ഉച്ചഭക്ഷണം അടങ്ങുന്ന പാത്രമുള്ള ചുവപ്പുസഞ്ചി റാക്കിൽ കൊണ്ടുപോയി വെച്ചു. അവളുടെ സ്ഥലത്തു പോയിരുന്നു. മറിയ കൂടുതൽ എന്തെങ്കിലും പറയുമെന്ന ആശയോടെ എല്ലാവരും അവളെ നോക്കി. അവളാകട്ടെ ഒന്നും പറയാതെ മേശയ്ക്കു മുമ്പിലുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ ഒരുക്കി വെക്കുകയാണു്.
ആർക്കും മറിയയെ ഇഷ്ടമായിരുന്നില്ല. അവളുടെ തണ്ടു കാരണം. പക്ഷെ, ചില കാര്യങ്ങളിൽ അവളുടെ സഹായം ആവശ്യമാണു്. സേട്ട് അവരെക്കൊണ്ടു് വല്ല കടലാസും ഒപ്പിടുവിക്കുമ്പോൾ അതു വായിച്ചു് അവരെ മനസ്സിലാക്കിപ്പിക്കാൻ, അതുപോലെ സേട്ട് ടെലിഫോണിൽ ആരോടെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ അതിൽ അപവാദകരമായ എന്തെങ്കിലുമുണ്ടെങ്കിൽ അതവരോടു് ഉച്ചയ്ക്കു് ഭക്ഷണസമയത്തു് കുശുകുശുത്തു് പറയാൻ, എല്ലാം മറിയയുടെ സഹായം ആവശ്യമാണു്.
മറിയയുടെ അടുത്തിരുന്ന ദേശ് പാണ്ഡെയാണു് ആദ്യം ചോദിച്ചതു്.
‘എന്താണു് ആ പെട്ടിയിൽ?’
‘മെഷിൻ.’
‘എന്തു മെഷിൻ?’
‘പാക്കിംഗ് മെഷിൻ.’ മറിയ തല കുലുക്കിക്കൊണ്ടു പറഞ്ഞു. ‘സുപാരി പാക്കുചെയ്യാൻ കാന്തിഭായി മെഷിൻ വാങ്ങിയിരിക്കുന്നു.’
ഒരു നല്ല കാര്യമല്ലെ എന്ന മട്ടിൽ എല്ലാവരും അത്യോ? എന്നു പറഞ്ഞു.
‘ഇതിനർത്ഥമെന്താണെന്നറിയുമോ?’
വീണ്ടും അപകടസൂചന. എല്ലാവരും മറിയയെ നോക്കി.
‘നമ്മുടെയെല്ലാം ജോലി പോകുമെന്നർത്ഥം. ആരും സന്തോഷിക്കുകയൊന്നും വേണ്ട.’
മുറിയിൽ നിശ്ശബ്ദത. മുമ്പിൽ മേശമേൽ വെച്ച പ്ലാസ്റ്റിക് തട്ടുകൾ ഒതുക്കിവെച്ചു് കൗസല്യ ജോലി ചെയ്യാൻ തുടങ്ങി. ഫാക്ടറി തുറക്കുന്നതിനു മുമ്പുതന്നെ സൂപ്പർവൈസർ പയ്യൻ മേശമേലുള്ള തട്ടുകളിൽ അടയ്ക്കക്കഷ്ണങ്ങളും, പെരുംജീരകം, പഞ്ചസാര ഗുളികകൾ എന്നിവയും നിറച്ചു വെച്ചിരുന്നു. അതുപോലെ മേശവലിപ്പുകളിൽ കടലാസിന്റെ കൊച്ചു പാക്കറ്റുകളുടെ കെട്ടുകളും. അവ ചുവപ്പും നീലയും നിറത്തിൽ അച്ചടിച്ച ഭംഗിയുള്ള ഉറകളാണു്. ഓരോ തട്ടിൽ നിന്നും ആവശ്യമനുസരിച്ചു് സാധനങ്ങൾ എടുത്തു് ഉറയിൽ നിറച്ചു് വലതു വശത്തു വെച്ച നനവുള്ള സ്പോഞ്ചിൽ പശയുള്ള ഭാഗം വെച്ചമർത്തി അടുക്കുക. ഒരു മാസത്തെ പ്രാക്ടീസുള്ളതുകൊണ്ടു് അവൾക്കു് അതു് വളരെ വേഗത്തിൽ ചെയ്യാൻ പറ്റും. വൈകുന്നേരം കൂലി വാങ്ങുമ്പോഴേയ്ക്കു് സൂപ്പർവൈസർ ഓരോരുത്തരുടെയും മുമ്പിലുള്ള പാക്കറ്റുകൾ എണ്ണി കണക്കെഴുതി വെച്ചിരിക്കും. ദിവസക്കൂലി അഞ്ചുറുപ്പിക കിട്ടാൻ രണ്ടായിരം പാക്കറ്റ് ചുരുങ്ങിയതു് ഒരാൾ ഉണ്ടാക്കണം. അതിനു മീതെ ഉണ്ടാക്കിയാൽ നൂറു പാക്കറ്റിനു് പത്തു പൈസ വീതം വെച്ചു് തരും. അതു വിഷമമുള്ള കാര്യമാണു്, കാരണം രണ്ടായിരം പാക്കറ്റുതന്നെ ഒരു മാതിരി ഉണ്ടാക്കിത്തീരുക അഞ്ചുമണിയോടുകൂടിയാണു്. പിന്നെ അരമണിക്കൂറിനുള്ളിൽ അധികമൊന്നും ഉണ്ടാക്കാൻ പറ്റില്ല. വല്ലാതെ ക്ഷീണിച്ചിരിക്കും. മിക്കവാറും ദിവസങ്ങളിൽ എക്സ്ട്രാ ആയികിട്ടുന്നതു് ഇരുപതോ മുപ്പതോ പൈസയായിരിക്കും.
പുതുതായി വന്ന മെഷിൻ തന്റെ ജോലി കളയുമോ എന്ന പേടി കൗസല്യക്കുണ്ടായി. ഭർത്താവിന്റെ ജോലി ഒരു മാതിരി പോയ മട്ടാണു്. ഫാക്ടറിയിൽ ഒന്നരമാസമായി ലോക്കൗട്ടാണു്. അവൾ ഈ ജോലി സ്വീകരിക്കാനുള്ള ഒരു കാരണം അതാണു്. ഈ ജോലിയും പോയാൽ കാര്യം വിഷമം തന്നെയാവും.
ഒരു മാതിരി എല്ലാ സ്ത്രീകളും അതു തന്നെയാണു് ആലോചിച്ചിരുന്നതെന്നു തോന്നുന്നു. എല്ലാവരും നിശ്ശബ്ദരായി ജോലിയിലേർപ്പെട്ടിരിക്കയാണു്.
പുറത്തു് സേട്ടിന്റെ കാറിന്റെ ഹോൺ കേട്ടു. സൂപ്പർവൈസർ പയ്യനെ വിളിക്കാനുള്ളതാണു്. പയ്യൻ പുറത്തു പോയി. ഇനി സേട്ടിന്റെ പിന്നിൽ, പെട്ടിയോ മറ്റു വല്ല പാക്കറ്റുകളോ ഏറ്റി നടന്നു വരും.
സേട്ട് വാതിൽ കടന്നു വരുന്നതു് കൗസല്യ കണ്ടു. ചെറുപ്പക്കാരനായ കാന്തിലാൽ വരുമ്പോഴെല്ലാം അവളെ നോക്കാറുള്ളതു് അവൾ ശ്രദ്ധിക്കാറുണ്ടു്. അതുപോലെ ഇടയ്ക്കിടയ്ക്കു് അയാളുടെ മുറിയിൽ നിന്നു് പുറത്തിറങ്ങിയാലും അവളെ നോക്കാറുണ്ടു്. അങ്ങിനത്തെ അവസരങ്ങളിലെല്ലാം അവൾ ഒരു ജന്മവാസനക്കൊത്തെന്ന പോലെ ഉതിർന്നു പോയ സാരി കയറ്റിയിട്ടു് മാറു മറയ്ക്കാറുണ്ടു്. മാംസളമായ ഭാഗങ്ങൾ ആവും വിധം മറച്ചു പിടിച്ചുകൊണ്ടു് കഴിയുന്നത്ര ഒതുക്കത്തോടെയാണു് അവൾ വസ്ത്രം ധരിക്കാറു്. അവൾ സ്വതവേ കുറച്ചു തടിയുള്ള കൂട്ടത്തിലാണു്. വസ്ത്രത്തിൽ കുറച്ചു ശ്രദ്ധിച്ചില്ലെങ്കിൽ ദേഹം വളരെ മാംസളമായി തോന്നും.
സേട്ടിന്റെ മുറിയിൽ ഫോൺ ശബ്ദിച്ചു. സേട്ട് സംസാരിക്കാൻ തുടങ്ങി. ഇംഗ്ലീഷിലാണു്. അവൾ മറിയയെ നോക്കി. മറിയ പെട്ടെന്നു നിവർന്നിരുന്നു് ചെവി വട്ടം പിടിച്ചു.
സംഗതികൾ ഗൗരവമാവാൻ പോകുകയാണെന്ന മട്ടിൽ മറിയ തലാട്ടി. അടുത്തിരുന്ന ദേശ് പാണ്ഡെ അവളോടു് എന്തോ ചോദിക്കുന്നതു് കൗസല്യ കണ്ടു. ഉച്ചയ്ക്കു പറയാമെന്ന മറിയയുടെ ഉത്തരവും. കാന്തിഭായിയുടെ ഫോണിലുള്ള സംസാരം നിന്നപ്പോൾ അവർ വീണ്ടും ജോലിയിൽ മുഴുകി. വളരെ സാവധാനത്തിലെ ജോലി നീങ്ങിയുള്ളു. കൈ വഴങ്ങുന്നില്ല. ഒരു വലിയ ഭീഷണി, ഒരു പീഞ്ഞപ്പെട്ടിക്കുള്ളിലെ യന്ത്രത്തിന്റെ രൂപത്തിൽ അവരുടെ മുമ്പിൽ നിലകൊണ്ടു.
കൗസല്യ മറ്റു വഴികളെപ്പറ്റി ആലോചിക്കുകയായിരുന്നു. ഈ ജോലി നഷ്ടപ്പെട്ടാൽ എന്താണു ചെയ്യുക? കുറച്ചെന്തെങ്കിലും, കിട്ടിയാൽ മതി. ഭർത്താവിനു് കുടി, പുകവലി മുതലായ ദുശ്ശീലങ്ങളൊന്നുമില്ലാത്തതുകൊണ്ടു് ചെറിയ വരുമാനത്തിലും ജീവിക്കാം.
വേറെയും സുപാരി കമ്പനികൾ ആ കെട്ടിടത്തിലുണ്ടു്. ഒന്നാം നിലയിലാണെന്നാണു് പറയുന്നതു്. അവിടെ പോയി അന്വേഷിക്കണം. എവിടെയെങ്കിലും കിട്ടാതിരിക്കില്ല. എവിടെയും കിട്ടിയില്ലെങ്കിൽ അവൾ വല്ല വീട്ടുപണിക്കും പോവും. ഭർത്താവിന്റെ ഫാക്ടറിയിൽ ലോക്കൗട്ടാണെന്നറിഞ്ഞപ്പോൾ അവൾ ആദ്യം തീർച്ചയാക്കിയതു് വീട്ടുവേല ചെയ്യാനായിരുന്നു. ഒരു വീട്ടിൽ രാവിലെ ഒരു മണിക്കൂർ ജോലി ചെയ്താൽ മാസത്തിൽ മുപ്പതു മുതൽ നാൽപ്പതുറുപ്പികവരെ ശമ്പളം കിട്ടും. ചിലപ്പോൾ ഭക്ഷണവും തരമായെന്നും വരും. അങ്ങിനെ മൂന്നു വീടുകളിൽ ജോലി കിട്ടിയാൽ ഇപ്പോൾ കിട്ടുന്ന വരുമാനം ഉണ്ടാവും. ഈ ഫാക്ടറിയിൽ ദിവസം അഞ്ചുറുപ്പിക പ്രകാരം മാസം നൂറ്റിഇരുപത്തഞ്ചുറുപ്പിക കിട്ടും. അതിൽ ട്രെയിൻ സീസൻ ടിക്കറ്റിനു തന്നെ പതിമൂന്നുറുപ്പിക പോകും. ഒരു ചായപോലും കമ്പനിയിൽ നിന്നു വെറുതെ കിട്ടുകയില്ല.
പക്ഷെ, ഭർത്താവിന്നതിഷ്ടമല്ലായിരുന്നു. വീട്ടു വേലക്കു പോകുന്നതു് എന്തോ തന്റെ സ്ഥിതിക്കു മോശമാണെന്നാണയാളുടെ അഭിപ്രായം. അയാളുടെ കുടുംബത്തിൽ ആരും ഇത്രയും താഴ്‌ന്ന പണിക്കു പോയിട്ടില്ല.
അവൾക്കതിനോടു യോജിക്കാൻ കഴിഞ്ഞില്ല. ജീവിക്കാൻ വേണ്ടി എന്തു ജോലിയും ചെയ്യാൻ അവൾക്കു മടിയുണ്ടായിരുന്നില്ല. മകനെ പട്ടിണിയിടുന്നതിലും എത്രയും അഭിമാനകരമാണു് എന്തെങ്കിലും ഒരു ജോലി ചെയ്യുന്നതു്. അതു് മറ്റുള്ളവരുടെ പാത്രം മോറുകയായാലെന്തു്. ഒരു ഫാക്ടറിയിൽ പോകുകയായാലെന്തു്? ജീവിക്കുക വിഷമം പിടിച്ച കാര്യമാണു്. അതിനു വേണ്ടി ഇരക്കുകയും കക്കുകയും കൂടി ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ, അവൾ ഭർത്താവിനോടു് തർക്കിച്ചിരുന്നില്ല.
ഉച്ചക്കു ഭക്ഷണം കഴിക്കുമ്പോൾ മറിയ പറഞ്ഞു.
‘നമ്മുടെയെല്ലാം ജോലി അധികനാളുണ്ടാവുമെന്നു തോന്നുന്നില്ല.’
എല്ലാവരും ലഞ്ചുപാത്രങ്ങളുമായി മറിയക്കു ചുറ്റും കൂടിയിരുന്നു.
‘ഈ മെഷിൻ എന്തിനാണെന്നറിയുമോ? സുപാരി പാക്കു ചെയ്യാൻ. ഓട്ടോമാറ്റിക് ആണു്. എന്നു വെച്ചാൽ നമ്മൾ കൈ കൊണ്ടു ചെയ്യുന്ന പണിയെല്ലാം മെഷിൻ ചെയ്യുമെന്നർത്ഥം. അതും ഭയങ്കര വേഗത്തിൽ. നമ്മൾ പന്ത്രണ്ടു പേർകൂടി ഒരു ദിവസം മുഴുവൻ ചെയ്യുന്ന പണി ഈ മെഷിൻ അതിൽ പകുതി സമയത്തിനുള്ളിൽ ചെയ്യും.’
എല്ലാ സ്ത്രീകളുടെയും കണ്ണുകൾ വിടർന്നു. അവർ അങ്ങിനെ ഒരു കാര്യത്തെപ്പറ്റി ആലോചിച്ചിട്ടു കൂടി ഉണ്ടായിരുന്നില്ല. മറിയ തുടർന്നു.
‘ഞാൻ മുമ്പു് ജോലിയെടുത്തിരുന്നിടത്തും അവർ ഇങ്ങിനെ ഒരു മെഷിൻ വെച്ചു. മെഷിന്റെ മുകളിൽ നാലഞ്ചറകളുണ്ടു്. അതിൽ ഓരോന്നിൽ ഓരോ സാധനങ്ങൾ ഇടും. ഒന്നിൽ അടയ്ക്ക, ഒന്നിൽ പെരുംജീരകം. അങ്ങിനെ ഓരോന്നു്. ചുവട്ടിൽ ഒരു കള്ളിയിൽ കടലാസു് ഉറകളും. അതു് ഓരോന്നോരോന്നായി ഒരു സ്ഥലത്തെത്തിയാൽ അതിലേയ്ക്കു് മുകളിൽ നിന്നു് എല്ലാം കൂടി ചേർന്ന മിക്സചർ വീഴുന്നു. പിന്നെ തന്നത്താൻ ഉറകൾ അടച്ചു് വേറൊരു സ്ഥലത്തു് വീഴുന്നു. എന്തൊരു രസമാണെന്നോ കാണാൻ! അവിടെ ഈ മെഷിൻ തുടങ്ങിയപ്പോൾ എല്ലാവരും സന്തോഷിച്ചു. പക്ഷെ, ഒരാഴ്ചക്കകം ഇരുപതു പേരിൽ പതിനാറു പേരുടെയും ജോലി നഷ്ടപ്പെട്ടു.’
എല്ലാവരുടെയും മുഖം താണു.
‘കാന്തിഭായി എന്താണു് പറഞ്ഞതെന്നറിയുമോ? ഈ മെഷിൻ വിറ്റ കമ്പനിയിൽ നിന്നാണു് ഫോൺ വന്നതു്. നാളെ ഞായറാഴ്ച ഫാക്ടറി തുറക്കുമോ എന്നന്വേഷിക്കാനാണവർ ഫോൺ ചെയ്തതു്. ഈ മെഷിൻ സ്ഥാപിച്ചു സ്റ്റാർട്ടാക്കാൻ മെക്കാനിക്കിനെ അയക്കാനാണു്. നാളെ വരാൻ ആവശ്യപ്പെട്ടിട്ടുണ്ടു് കാന്തിഭായ്. അപ്പോൾ തിങ്കളാഴ്ച വന്നാൽ ജോലിയുണ്ടാകുമോ എന്നു് കണ്ടറിയണം.’
സ്ത്രീകൾ ശരിയ്ക്കും തളർന്നിരുന്നു. ഓരോരുത്തരും അവനവന്റെ കഷ്ടപ്പാടുകൾ ആലോചിക്കുകയായിരുന്നു. ഒന്നുമില്ലാത്തതിനേക്കാൾ ഭേദമാണു് ഈ അഞ്ചുറുപ്പിക. പട്ടിണിയില്ലാതെ നാളുകൾ നീക്കാം. ആ പണവും ഒരു ദിവസം പെട്ടെന്നു നിന്നാൽ!.
കൗസല്യയ്ക്കു് പരിപ്പും റൊട്ടിയും മുഴുവൻ തിന്നാൻ പറ്റിയില്ല. അവൾ ഭർത്താവിനെപ്പറ്റി ആലോചിക്കുകയായിരുന്നു. ഫാക്ടറിയിൽ ലോക്കൗട്ടു തുടങ്ങിയ ശേഷം അയാളുടെ ആരോഗ്യവും വളരെ മോശമായിവന്നു. ഏതു സമയവും ചുമ മാത്രം. ദേഹവും ദിനം പ്രതി ക്ഷീണിച്ചുവരുന്നുണ്ടു്. മാറിലെ എല്ലുകൾ പെറുക്കിയെടുക്കാം. ഒരു ഡോക്ടറെ കാണാൻ താൻ കുറെ ദിവസമായി പറയുന്നു. കേൾക്കണ്ടെ. മഞ്ഞു കൊണ്ടിട്ടാണു് ചുമയെന്നാണു് പറയുന്നതു്. പണമില്ലെന്നതാണു് ഉള്ളിൽ.
സൂപ്പർവൈസർ കാമ്പ്ളെ ബെല്ലടിച്ചു. ജോലി തുടങ്ങാനുള്ളതാണു്. യാന്ത്രികമായി കൈകൾ ചലിച്ചു. മുമ്പിൽ സുപാരി പാക്കറ്റുകൾ കുന്നുകൂടി വന്നു. അങ്ങിനെയിരിക്കെ ഇടതു വശത്തു നിന്നു് ഒരു തേങ്ങൽ കേട്ടു് കൗസല്യ നോക്കിയപ്പോൾ ലക്ഷ്മി ഒന്നും ചെയ്യാതെ കരയുകയായിരുന്നു.
‘എന്തിനാണു് കരയുന്നതു്?’
‘ഒന്നുമില്ല.’
ലക്ഷ്മി താവ്ടെ വിധവയാണു്. ഭർത്താവു് ഫാക്ടറിയിലെ ഒരപകടത്തിൽ മരിച്ചു. നാലു മക്കളുണ്ടു്. വളരെ സാധുവായ സ്ത്രീ.
‘കരയേണ്ട.’
അവർ ജോലി വീണ്ടും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ലക്ഷ്മി പറയുന്നതു് കൗസല്യ കേട്ടു.
‘കൗസു, ഞാൻ നിനക്കു് എട്ടുറുപ്പിക തരാനുണ്ടു്. അതെങ്ങിനെയാണു് തരാന്നറിയില്ല.’
പലപ്പോഴായി ഒരുറുപ്പികയോ, എട്ടണയോ ആയി വാങ്ങിയിട്ടുള്ളതാണു്.
‘അതൊന്നും സാരമില്ല ദീദി. ഞാൻ അതൊന്നും തിരിച്ചു ചോദിച്ചില്ലല്ലൊ.’
അങ്ങിനെ പാക്കിംഗ് മെഷിൻ ഒരു ഭീഷണിയായി മുമ്പിൽ നിൽക്കെ വൈകുന്നേരമായി. അഞ്ചരക്കുള്ള ബെല്ലടിച്ചപ്പോൾ എല്ലാവരും എഴുന്നേറ്റു, മരത്തിന്റെ റാക്കിൽ നിന്നു് അവനവന്റെ സഞ്ചികൾ എടുത്തു.
കാന്തിലാൽ തന്നെയാണു് കൂലി കൊടുത്തിരുന്നതു്. അയാൾ മുറിയ്ക്കു പുറമെ ഇട്ട മേശയ്ക്കു പിന്നിൽ ഇരുന്നു് മുമ്പിലുള്ള പുസ്തകത്തിൽ നോക്കി ഓരോരുത്തരുടെ പേരായി വിളിക്കാൻ തുടങ്ങി. പേരിന്റെ ഉടമസ്ഥകൾ മേശയ്ക്കരുകിൽ വരുമ്പോൾ അയാൾ കൂലിയും എക്സട്രാപണിയെടുത്തതിനുള്ള പണവും കൊടുക്കും. പ്രതീക്ഷിച്ചത്ര ഉൽപ്പാദിക്കാത്തവരെ ശകാരിക്കുകയും ചെയ്യും.
നാലാമതാണു് കൗസല്യയുടെ പേർ. മൂന്നാമത്തെ ആൾ കൂലി വാങ്ങിയപ്പോൾ കൗസല്യ മുമ്പിലേക്കു നിന്നു. പക്ഷെ, അവളുടെ പേരിനു പകരം കാന്തിലാൽ വിളിച്ചതു് മറിയയുടെ പേരായിരുന്നു. മറിയ ഡിസിൽവയും കൂലി വാങ്ങിപ്പോയി. പിന്നെ അടുത്ത ആൾ, പിന്നെ അതിനടുത്ത ആൾ. ഓരോരുത്തരും പണം കിട്ടേണ്ടതാമസം പുറത്തിറങ്ങി ഓട്ടം തുടങ്ങി. ആർക്കും ആരേയും കാത്തു നിൽക്കാൻ ഇടയില്ല. സ്റ്റേഷൻ വരെ ഒരു മാതിരി ഓട്ടം തന്നെയാണു്.
കൗസല്യ മാറി നിന്നു. ഒന്നുകിൽ സേട്ടിനു് തെറ്റിയിട്ടുണ്ടു്. അല്ലെങ്കിൽ അയാൾ പേരുകളുടെ ക്രമം മാറ്റിയിട്ടുണ്ടു്. പതിനൊന്നാമത്തെ സ്ത്രീയും കൂലി വാങ്ങിപ്പോയി. ഇപ്പോൾ കാന്തിലാലും കൗസല്യയും ഒറ്റയ്ക്കായി. സൂപ്പർവൈസറെയും കാണാനില്ല. അവൾക്കു കുറച്ചു പരിഭ്രമം തുടങ്ങി.
കാന്തിലാൽ തലയുയർത്തി അവളെ നോക്കി ചിരിച്ചു.
‘എന്റെ കൂലി കിട്ടിയില്ല.’
‘നിന്റെ കണക്കുകൾ ശരിയായിട്ടില്ല. കാമ്പ്ളെ വരട്ടെ. ഞാനവനെ ബൈഖലയ്ക്കു് പറഞ്ഞയച്ചിരിക്കുകയാണു്.’
‘അവൻ വരാൻ വൈകില്ലെ?’
‘ഇല്ല. അവൻ സൈക്കിളെടുത്താണു് പോയിട്ടുള്ളതു്.’
കാന്തിലാൽ അയാളുടെ മുറിയിലേക്കു പോയി. കൗസല്യ അവിടെ മേശയ്ക്കരുകിൽ നിന്നു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ കാന്തിലാൽ വാതിൽ കുറച്ചു തുറന്നുകൊണ്ടു് അവളെ വിളിച്ചു. അകത്തേക്കു തന്നെ പോയി. കൗസല്യ വാതിൽ തുറന്നു പിടിച്ചു ചോദിച്ചു.
‘എന്താ?’
‘അകത്തു വരു.’
അവൾ അറച്ചറച്ചു് അകത്തു് കടന്നു. അയാളുടെ മുറിയിലേയ്ക്കു് അവൾ ഇതുവരെ കടന്നിട്ടുണ്ടായിരുന്നില്ല. അതിലെ ആഡംബരം ആദ്യമായി അവളുടെ കണ്ണുകൾ വിടർത്തി. അയാൾക്കെതിരെയുള്ള ചുമരിനോടടുത്തിട്ട സോഫ ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു.
‘ഇരുന്നോളു. അങ്ങിനെ നിൽക്കണ്ട.’
‘വേണ്ട സേട്ട്, ഞാൻ നിന്നോളാം.’
കാന്തിഭായ് ആരോടും ഇത്ര ലോഗ്യത്തിൽ സംസാരിക്കുന്നതവൾ കേട്ടിട്ടില്ല. അവൾക്കു് വളരെ വിഷമം തോന്നി.
‘ഞാനൊരു മെഷിൻ വാങ്ങിയിട്ടുണ്ടു്. കാന്തിലാൽ പറഞ്ഞു. ഓട്ടമാറ്റിക് പാക്കിംഗ് മെഷിനാണു്. നമ്മുടെ മുകളിൽ നാനുഭായിയുടെ ഫാക്ടറിയിലുണ്ടു്, അങ്ങിനത്തെ മെഷിൻ. നല്ല സ്പീഡുള്ള മെഷിനാണു്. അതു പ്രവർത്തിക്കാൻ തുടങ്ങിയാൽ എനിക്കിപ്പോഴുള്ള ജോലിക്കാരിൽ കാൽഭാഗം പേർ മാത്രമെ വേണ്ടിവരു.’
തനിക്കറിയാമെന്ന അർത്ഥത്തിൽ കൗസല്യ തലയാട്ടി.
‘എന്തുകൊണ്ടു് നിനക്കിരുന്നുകൂടാ? വേറെ ആരും കാണാനൊന്നും പോകുന്നില്ലല്ലൊ. പിന്നെ എന്താണു് നിനക്കു് നാണം?’
കൗസല്യ പതുക്കെ സോഫയുടെ ഒരരുകിൽ ഇരുന്നു. വളരെ പതുപതുത്ത സോഫ. അവൾക്കു വളരെ പരിഭ്രമം തോന്നി.
‘ആരെയൊക്കെയാണു് പിരിച്ചു വിടേണ്ടതെന്നു് ഞാൻ തീർച്ചയാക്കിക്കഴിഞ്ഞു.’
കൗസല്യ ശ്വാസം പിടിച്ചു.
‘നിന്നെ വെക്കാൻ തന്നെയാണു് നിശ്ചയിച്ചിരിക്കുന്നതു്.’
അവളുടെ ശ്വാസം വീണു.
‘നിനക്കു് ഒരു മാസത്തെ പരിചയമെ ഉള്ളുവെങ്കിലും നന്നായി ജോലി ചെയ്യുന്നുണ്ടു് എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു.’
അവൾക്കു് കുറച്ചൊരു ആത്മവിശ്വാസം വന്നു. ഒരു പക്ഷെ, വേറെ ചീത്ത ആവശ്യങ്ങൾക്കൊന്നുമായിരിക്കില്ല സേട്ട് തന്നെ വിളിച്ചിരിക്കുന്നതു്.
‘നമ്മളിവിടെ ഇരുന്നു സംസാരിച്ചാൽ പുറത്താരെങ്കിലും വന്നു് വല്ല സാധനങ്ങളും എടുത്താൽ അറിയില്ല.’
കാന്തിലാൽ എഴുന്നേറ്റു് പുറത്തു പോയി. പുറത്തെ വാതിൽ അടച്ചു കുറ്റിയിടുന്ന ശബ്ദം കേട്ടു. അവൾ പെട്ടെന്നു് എഴുന്നേറ്റു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന തോന്നൽ അവൾക്കു് അടക്കാൻ പറ്റിയില്ല. കാന്തിലാൽ വന്നപ്പോൾ അവൾ നിൽക്കുകയായിരുന്നു. അയാൾ പറഞ്ഞു.
‘എന്തിനാണു് എഴുന്നേറ്റതു്? ഇരിക്കു.’
‘ഞാൻ പോട്ടെ. കൂലി തിങ്കളാഴ്ച വാങ്ങാം.’
കൂലി അന്നുതന്നെ കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു; അവൾക്കു് കാരണം പിറ്റേന്നു് ഞായറാഴ്ചയാണു്. പോരാത്തതിനു് ഭർത്താവിനെ അടുത്തുള്ള ഡോക്ടറുടെ അടുത്തു കൊണ്ടുപോയി കാണിക്കണമെന്നുമുണ്ടായിരുന്നു. കയ്യിൽ മൂന്നുറുപ്പികയുണ്ടു്. ഇന്നത്തെ അഞ്ചുംകൂടി കിട്ടിയാൽ അതിനു മതിയാവും.
‘ഒരഞ്ചു മിനിറ്റിനകം കാമ്പ്ളെ വരും. ഇരിക്കു.’
അവൾ ഇരുന്നു. കാന്തിലാൽ തന്റെ തിരിയുന്ന കസേരയിലേക്കു പോകാതെ സോഫയുടെ തന്നെ മറ്റൊരരുകിൽ ഇരുന്നു. കൗസല്യ അയാളിൽ നിന്നകന്നു് കുറച്ചുകൂടി അരുകിലേക്കു നീങ്ങിയിരുന്നു.
‘എന്തിനാണു് പേടിക്കുന്നതു്?’ കാന്തിലാൽ ചോദിച്ചു. ‘ഞാൻ നിന്നെ ബലാൽസംഗം ചെയ്യാനൊന്നും പോകുന്നില്ല. നിന്റെ പരിപൂർണ്ണ സമ്മതമില്ലാതെ ഞാൻ ഒന്നും ചെയ്യില്ല.’
‘അല്ല സേട്ട് എനിയ്ക്കു പോകണം. എന്റെ ഭർത്താവു് സുഖമില്ലാതെ കിടക്കുകയാണു്.’
‘എന്താണു് അസുഖം?’
‘ചുമ. കുറെ ദിവസമായി തുടങ്ങിയിട്ടു്.’
‘നാളെ രാവിലെത്തന്നെ ഡോക്ടറുടെ അടുത്തു് കൊണ്ടുപോകണം.’ കാന്തിലാൽ പറഞ്ഞു. ‘പണത്തിന്റെ കാര്യത്തിലൊന്നും വിഷമിക്കണ്ട.’
‘അപ്പോൾ ഞാൻ തീർച്ചയാക്കിയതിങ്ങനെയാണു്. നാലു പെണ്ണുങ്ങളെ മാത്രമെ വെക്കുന്നുള്ളു. നിന്നെ, ലക്ഷ്മി താവ്ടെയെ, പാവം അവരുടെ ഭർത്താവു മരിച്ചുപോയി. പിന്നെ അൻസൂറ, പിന്നെ മറ്റെ ആ പെണ്ണില്ലെ, മറിയയുടെ അപ്പുറത്തിരിക്കാറുള്ളതു്. അതിനെയും. ബാക്കി എല്ലാവരേയും ചൊവ്വാഴ്ച മുതൽ വിടുകയാണു്.’
ലക്ഷ്മി താവ്ടെ എന്ന പേർ കേട്ടപ്പോൾ കൗസല്യയ്ക്കു സമാധാനമായി. പകൽ ജോലിയെടുത്തു കൊണ്ടിരിക്കുമ്പോൾ ലക്ഷ്മി കരഞ്ഞിരുന്നതവൾ ഓർത്തു. പാവം. അവൾക്കു് ജോലി നഷ്ടപ്പെട്ടില്ല. മറ്റു പലരുടെയും വിധി പകൽതന്നെ ഏകദേശം അറിഞ്ഞിരുന്നതിനാലും ലക്ഷ്മിയ്ക്കു ജോലി നഷ്ടപ്പെട്ടിട്ടില്ല എന്നതിനാലും അവൾക്കു് കാന്തിലാലിനെ വെറുക്കാൻ പറ്റിയില്ല.
‘നിന്റെ ഭർത്താവു് എന്താണു് ചെയ്യുന്നതു്?’
‘ഒരു ഫാക്ടറിയിൽ മെഷിന്റെ ജോലിയാണു്.’
‘ഏതു ഫാക്ടറി?’
‘പേരറിയില്ല സേട്ട്. പക്ഷെ, അതു പൂട്ടിക്കിടക്കുകയാണു്.’
‘എപ്പോൾ മുതൽ?’
‘ഒന്നര മാസമായി.’
‘എന്തുകൊണ്ടു് നീ ഇതുവരെ എന്നോടു പറഞ്ഞില്ല? ഞാൻ സഹായിക്കുമായിരുന്നല്ലൊ.’
‘നേരം വൈകുന്നു സേട്ട്, എനിയ്ക്കു പോകണം.’
പെട്ടെന്നു് അവളുടെ കയ്യിൽ എന്തോ കണ്ടപോലെ അയാൾ ചോദിച്ചു.
‘എന്താണു് നിന്റെ കയ്യിൽ ഒരു നിറം?’
അവൾ വലത്തെ കൈ മലർത്തിക്കാണിച്ചു.
വലത്തെ കയ്യിന്റെ വിരലിന്മേൽ നിറയെ കടുംതവിട്ടു നിറം. അവളുടെ കൈയിന്റെ നിറത്തിൽ വളരെ വിലക്ഷണമായി ആ കറ തെളിഞ്ഞു നിന്നു.
‘നോക്കട്ടെ എന്താണതെന്നു്?’
അവളുടെ അടുക്കലേക്കു് നീങ്ങിയിരുന്നുകൊണ്ടു് അയാൾ പെട്ടെന്നവളുടെ കൈ പിടിച്ചു.
‘എന്താണിതു്?’
‘അതു് സുപാരിയുടെ കറയാണു്.’
‘ഓഹോ.’ കൈ വിടാതെതന്നെ കാന്തിലാൽ പറഞ്ഞു. ‘നിന്റെ ഉരുണ്ടു ഭംഗിയുള്ള കൈകൾ ഇങ്ങിനെ കേടുവരുത്താൻ പാടില്ല. ഞാൻ അതിനൊരു വഴിയുണ്ടാക്കാം.’
അവൾക്കൊരു നിർവ്വികാരത തോന്നി. താൻ എന്താണു് കൈ വലിക്കാതിരിക്കാൻ എന്നു് അവൾ അത്ഭുതപ്പെടുകയായിരുന്നു.
‘ഞാൻ നിന്നെ മെഷിനിൽ ജോലിക്കാക്കാം. അതിൽ ഓരോ മണിക്കൂർ കൂടുമ്പോൾ സുപാരി നിറയ്ക്കുകയേ വേണ്ടു. അതു മാതിരി സൂപ്പർവൈസറുടെ ജോലിയും നീ ചെയ്യണം. കാമ്പ്ളയെ ഞാൻ പുറത്തെ പണിക്കു് പറഞ്ഞയക്കാൻ പോവുകയാണു്. നിനക്കു ഞാൻ അവനു കൊടുക്കുന്ന ശമ്പളം തരാം.’
കാന്തിലാൽ സാവധാനത്തിൽ പുരോഗമിക്കുന്നുണ്ടായിരുന്നു. ഇടത്തെ കൈ കൊണ്ടു് കൗസല്യയുടെ കൈ പിടിച്ചു് വലത്തെ കൈ അവളുടെ അരക്കെട്ടിലൂടെ ഇട്ടു് അയാൾ അവളെ തന്നിലേയ്ക്കടുപ്പിച്ചിരുന്നു. അവൾ അനങ്ങാതെ യാതൊരു ചേഷ്ടകളും കാണിക്കാതെ ഇരുന്നു. അവൾ ആലോചിയ്ക്കുകയായിരുന്നു. അവൾക്കു് വേണമെങ്കിൽ പ്രതിഷേധിക്കാം, കുതറി നോക്കാം. ഒരു പക്ഷെ, ഓടി രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരും. അതിനിടയ്ക്കു് അവൾ എപ്പോഴും ചുമച്ചുകൊണ്ടിരിക്കുന്ന ഭർത്താവിനെ ഓർത്തു, മകനെ ഓർത്തു. ഇപ്പോൾ കിട്ടുന്ന അഞ്ചുറുപ്പികയും നിന്നാലുള്ള സ്ഥിതി ഓർത്തു. പിന്നെ തന്റെ ദേഹത്തു നടക്കുന്ന കാര്യങ്ങളോടവൾക്കു് ഒരു നിസ്സംഗത തോന്നി. വേറൊരു സ്ത്രീയെയാണു് കാന്തിലാൽ നഗ്നയാക്കുന്നതെന്നവൾക്കു തോന്നി. അയാൾ ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കുകയായിരുന്നു. അവൾ നിർവ്വികാരയായി അയാളുടെ പ്രവർത്തികൾ നിരീക്ഷിച്ചു. തന്റെ തിരുമ്പിയാലും വെളുക്കാതായ അടിവസ്ത്രങ്ങൾ വേറൊരു പുരുഷൻ കാണുന്നതിൽ അവൾക്കു് കുറച്ചൊരു വിഷമം തോന്നി. അതും നിമിഷങ്ങൾക്കു മാത്രമേ ഉണ്ടായുള്ളു. പിന്നെ അവളുടെ ചേതനകൾ തീരെ മരവിച്ചു പോയി. കാന്തിലാലിന്റെ ശ്വാസം ദ്രുതഗതിയിലായിരുന്നു. നിമിഷങ്ങൾക്കകം താൻ നഗ്നയാണെന്നവൾ കണ്ടു. കാന്തിലാൽ ഷർട്ടും പാന്റും അടിവസ്ത്രങ്ങളും അഴിച്ചു വലിച്ചെറിയുന്നതും അവളെ പതുപതുത്ത സോഫയിലേക്കു കിടത്തി ഒപ്പം കിടക്കുന്നതും അവൾ അറിഞ്ഞു. ഒരു സ്വപ്നത്തിൽ കാണുന്നപോലെ ഒരു തിരശ്ശീലയിൽ കാണുന്ന സിനിമ പോലെ അതവൾ നോക്കിക്കണ്ടു.
അവൾ വളരെ സാവധാനത്തിൽ വസ്ത്രം ധരിച്ചു. ഒരു ധൃതിയുമില്ലാത്തപോലെ. സമയം മുഴുവനും അവളുടെ മുമ്പിൽ കിടക്കുന്നപോലെ. പിന്നെ തിരിഞ്ഞുനിന്നു് തലമുടി ശരിയാക്കി പുറത്തു കടക്കാൻവേണ്ടി വാതിൽ തുറന്നു.
‘ഞാൻ പോണു സേട്ട്.’
‘ഒരു മിനിറ്റ്.’ കാന്തിലാൽ പറഞ്ഞു. അയാൾ മേശ വലിപ്പിൽനിന്നു് മൂന്നു് പത്തുറുപ്പിക നോട്ടുകൾ എടുത്തു് അവളുടെ കൈയ്യിൽ വെച്ചു.
‘ഇതു് പ്രതിഫലമാണെന്നൊന്നും കരുതണ്ട. ഒരു ചെറിയ സഹായം മാത്രം. നിന്റെ ഭർത്താവിനെ ഡോക്ടറെ കാണിക്കു.’
അവൾ പുറത്തു കടന്നു.
‘തിങ്കളാഴ്ച വരണം. മെഷിനിൽ എങ്ങിനെയാണു് ജോലി ചെയ്യുക എന്നു ഞാൻ പഠിപ്പിച്ചുതരാം.’
അവൾ തലകുലുക്കി.
നേരം വളരെ വൈകിയിരുന്നു. റോഡിൽ നിഴലുകൾ വീണുകഴിഞ്ഞു. അവൾ സ്റ്റേഷനിലേക്കു് ധൃതിയിൽ നടന്നു. നേരം വൈകിയതിനു് ഭർത്താവിനോടു് എന്താണു് പറയുക എന്നവൾ ആലോചിച്ചു.
ഓവർ ടൈം ഉണ്ടായിരുന്നു എന്നു പറയണം.
ഓവർ ടൈം എന്ന വാക്കു് മറിയയിൽനിന്നു പഠിച്ചതാണു്.
സ്റ്റേഷനു പുറത്തു് ഫുട്പാത്തിൽ വിൽക്കാൻ വെച്ച സാധനങ്ങൾ നോക്കി അവൾ നടന്നു. പെട്ടെന്നവൾ നിന്നു. അതു് നൈലോൺ ബനിയനുകൾ വിൽക്കുന്ന ഒരുത്തന്റെ മുമ്പിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അവൾ എന്നും സ്റ്റേഷനിലേക്കു നടക്കുമ്പോൾ അതു നോക്കാറുണ്ടു്. പല വലുപ്പത്തിലുള്ളവ. മോനും ഭർത്താവിനും പറ്റിയ സൈസുണ്ടാവും. ഇതു ഞാൻ വാങ്ങാൻ പോകുന്നു. മനസ്സിൽ പറഞ്ഞു.
‘ഇതു കൊണ്ടുപോയ്ക്കോ. നിന്റെ മോനും ഭർത്താവിനും പറ്റിയതു്.’
രണ്ടു വലിപ്പത്തിലുള്ള ബനിയൻ കയ്യിലെടുത്തു വീശി അയാൾ പറഞ്ഞു. അവൾക്കത്ഭുതമായി. അയാൾക്കെങ്ങിനെ മനസ്സിലായി. തനിയ്ക്കു മകനുണ്ടെന്നു്. ആ രണ്ടു സൈസുകളും പാകമായിരിക്കും എന്നവൾക്കു തോന്നി.
‘എന്താണു വില?’
‘ഏതു സൈസാണു് വേണ്ടതു്?’
‘രണ്ടും.’
‘രണ്ടും കൂടി പതിനഞ്ചു്. ഒരേ വില. പതിനഞ്ചു്.’
‘പന്ത്രണ്ടുറുപ്പികക്കു് തന്നുകൂടെ?’
‘പതിനാലു്. അവസാനത്തെ വില. കൊണ്ടുപോ.’
അയാൾ രണ്ടു ബനിയനും കടലാസ്സിൽ പൊതിഞ്ഞ് അവൾക്കു കൊടുത്തു. ജോലിയെടുക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായി മകനും ഭർത്താവിനും ഒരു സാധനം വാങ്ങാൻ പറ്റിയതാണു്.
ട്രെയ്നിൽ സാധാരണത്തേക്കാൾ തിരക്കുണ്ടായിരുന്നു. അവൾക്കു വീട്ടിലെത്താൻ ധൃതിയായി. അതുകൊണ്ടു് അവൾ ആദ്യത്തെ ട്രെയ്നിൽത്തന്നെ ഉന്തിക്കയറി.
ചാളിന്റെ ഒരറ്റത്തെത്തിയപ്പോൾ അവൾ ഭർത്താവിന്റെ ചുമകേട്ടു. അവരുടെ വീടു് ചാളിന്റെ മറ്റേ അറ്റത്തായിരുന്നു.
മകൻ എവിടെ നിന്നോ കിട്ടിയ ഒരു പൊട്ടിയ കളിപ്പാട്ടം കൊണ്ടു കളിക്കുകയായിരുന്നു. ഭർത്താവു് ചൂടി കട്ടിലിൽ കിടക്കുകയും.
‘എനിയ്ക്കു പനിയ്ക്കുന്നുണ്ടു്.’
അവൾ അയാളുടെ നെറ്റി തൊട്ടു നോക്കി.
‘സാരമില്ല. നേരിയ പനിയാണു്. നമുക്കു് നാളെ രാവിലെ ഡോക്ടറുടെ അടുത്തു് പോകാം.’
അവൾ കടലാസ്സു പൊതി തുറന്നു് നൈലോൺ ബനിയനുകൾ പുറത്തെടുത്തു കുട്ടിയുടെ കണ്ണുകൾ വിടർന്നു.
അവൾ നിലത്തിരുന്നുകൊണ്ടു് മകന്റെ മേലുള്ള വൃത്തികെട്ട ഷർട്ടഴിച്ചു, പകരം പുതിയ ബനിയൻ ഇടുവിച്ചു. അവനു് നല്ല ചേർച്ചയുണ്ടായിരുന്നു.
‘ഇനി അച്ഛൻ ഇടു, നോക്കട്ടെ.’
അയാൾ എഴുന്നേറ്റിരുന്നു് ബനിയൻ ഇട്ടു. അയാളുടെ മെലിഞ്ഞ ശരീരത്തിൽ ബനിയൻ ഒട്ടി നിന്നു.
‘നന്നായിട്ടുണ്ടു്.’ അവൾ പറഞ്ഞു. ‘പാകമല്ലെ?’
‘അതെ.’ അയാൾ കൈയ്യുയർത്തി കാണിച്ചു. അപ്പോഴാണവൾ കണ്ടതു്. ബനിയനിൽ കൈയ്യിനു താഴെ, കക്ഷത്തായി ഒന്നരയിഞ്ചു നീളത്തിൽ ഒരു വിടവു്. അതു രണ്ടു കക്ഷത്തുമുണ്ടു്. അയാൾ കൈ കൊണ്ടു് തപ്പി നോക്കി.
‘ചെറിയ കീറലല്ലെ?’ അയാൾ പറഞ്ഞു. ‘സാരമില്ല. നമുക്കു് തുന്നാം.’
അവൾ മോന്റെ കൈകളും പൊന്തിച്ചു നോക്കി. ഓട്ടയൊന്നുമില്ല. ഭാഗ്യം. നല്ലവണ്ണം നോക്കേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല.
അവൾ അടുക്കളയിൽ പോയി സ്റ്റൗ കൊളുത്തി. വെള്ളം വെച്ചു. സഞ്ചിയിൽ വളരെ കുറച്ചു് അരിയെ ബാക്കിയുണ്ടായിരുന്നുള്ളു. അതു കഴുകി അടുപ്പത്തിട്ടു. സ്റ്റൗവ്വിന്റെ മുമ്പിൽ നീല തീനാളവും നോക്കിയിരിക്കെ ഫാക്ടറിയിൽ നിന്നു് സ്റ്റേഷനിലേയ്ക്കു് നടന്നതു് അവളുടെ മനസ്സിൽ വന്നു. തനിയ്ക്കു് ആ സമയത്തു് പശ്ചാത്താപമുണ്ടായിരുന്നില്ലെന്നു മാത്രമല്ല സന്തോഷമായിരുന്നുവെന്ന കാര്യം അവളെ വേദനിപ്പിച്ചു. അവൾ സ്വയം വെറുത്തു. കാന്തിലാൽ ചെയ്തതിനു് അയാളെ വെറുത്തു. കീറിയ ബനിയൻ തന്നതിനു് പീടികക്കാരനേയും. എല്ലാറ്റിനുമുപരി പണം എവിടെ നിന്നു കിട്ടിയെന്നു് അന്വേഷിക്കുക പോലും ചെയ്യാത്ത ഭർത്താവിനേയും അവൾ വെറുത്തു.
പിന്നെ നോക്കിക്കൊണ്ടിരിക്കെ ഒരു ജലപ്രവാഹത്തിൽ തീനാളവും, സ്റ്റൗവും, പാത്രങ്ങളും അപ്രത്യക്ഷമായപ്പോൾ കണ്ണുതുടയ്ക്കാൻ കൂടി മിനക്കെടാതെ അവൾ സ്വയം പറഞ്ഞു. ഞാൻ ഇതൊന്നുമല്ല പ്രതീക്ഷിച്ചതു്.