SFNസായാഹ്ന ഫൌണ്ടേഷൻ
images/e-hari-dk-cover.jpg
A statue of military official and horse around tomb of Seongjong at Seolleung, photograph by National Research Institute of Cultural Heritage, Korea .
സർ​ക്ക​സ്സി​ലെ കുതിര

എയർ​പോർ​ട്ട് ആശാ​കേ​ന്ദ്ര​മാ​യി​രു​ന്നു. നി​രാ​ശ​യു​ടെ താ​വ​ള​വും. ഇന്റർ​നാ​ഷ​ണൽ ഡി​പാർ​ച്ചർ ഹാ​ളി​ലെ തി​ര​ക്കി​ന്നി​ട​യിൽ അടു​ത്തു നിന്ന കിഴവൻ ചോ​ദി​ച്ചു.

‘ലണ്ട​നിൽ​നി​ന്നു​ള്ള ഫ്ളൈ​റ്റ് വന്നോ?’

അതു് എയ​റി​ന്ത്യ​യു​ടെ ലണ്ടൻ-​റോം-ബോംബെ ഫ്ളൈ​റ്റാ​യി​രു​ന്നു. രണ്ട​ര​ക്കാ​ണു് ഷെ​ഡ്യൂൾ​ഡ് ടൈം.

‘ഇല്ല.’ അയാൾ പറ​ഞ്ഞു. ‘പതി​ന​ഞ്ചു മി​നി​റ്റി​നു​ള്ളിൽ വരും.’

‘എന്റെ മകൻ വരു​ന്നു​ണ്ടു്.’ അദ്ദേ​ഹം പറ​ഞ്ഞു.

ആൾ​ക്കാ​രെ സ്വീ​ക​രി​ക്കാൻ കാ​ത്തു​നിൽ​ക്കേ​ണ്ട​തു് ഡി​പാർ​ച്ചർ ഹാ​ളി​നു മു​മ്പി​ല​ല്ലെ​ന്നും, അതി​നും കുറെ അപ്പു​റ​ത്തു് അറൈവൽ ഹാ​ളി​ലാ​ണെ​ന്നും അയാ​ളോ​ടു പറയാൻ ജയ​രാ​മൻ ഓങ്ങി. പക്ഷെ, അപ്പോ​ഴേ​യ്ക്കും അയാൾ വീ​ണ്ടും പറ​ഞ്ഞു.

‘ശരി​ക്കു​ള്ള സമ​യ​ത്തു വന്നാൽ മതി​യാ​യി​രു​ന്നു.’

പരി​ഭ്ര​മി​ച്ച മു​ഖ​ത്തോ​ടെ, കട്ടി​യു​ള്ള കണ്ണ​ട​യി​ലൂ​ടെ അയാൾ ജയ​രാ​മ​നെ നോ​ക്കി.

‘ശരി​ക്കു​ള്ള സമ​യ​ത്തി​നു തന്നെ​യാ​ണു് വരു​ന്ന​തു്.’ ജയ​രാ​മൻ പറ​ഞ്ഞു.

അയാൾ കാ​ത്തു​നി​ന്നി​രു​ന്ന​തു് സ്വി​സ്സെ​യർ ഫ്ളൈ​റ്റി​ന്നാ​യി​രു​ന്നു. എസ്. ആർ. 308 എത്തുക 2.55 മണി​ക്കാ​ണു്. ഇനി​യും അര​മ​ണി​ക്കൂ​റി​ല​ധി​കം ബാ​ക്കി​യു​ണ്ടു്. ഇതി​ന​കം അയാൾ നാ​ലു​വ​ട്ടം എയർ​പോർ​ട്ടി​ന്റെ ഒര​റ്റം മുതൽ മറ്റേ അറ്റം വരെ നട​ന്നു കഴി​ഞ്ഞു. ഒര​റ്റ​ത്തു് ഡൊ​മ​സ്റ്റി​ക് അറൈവൽ ആണു്. മറ്റെ അറ്റ​ത്തു് ഇന്റർ​നാ​ഷ​ണൽ അറൈ​വ​ലും. ഇതിനു രണ്ടി​നു​മി​ട​യിൽ ആശ​ക്കും നി​രാ​ശ​ക്കും ഇടയിൽ തി​ങ്ങി​ക്കൂ​ടു​ന്ന മനു​ഷ്യാ​ത്മാ​ക്ക​ളെ നി​രീ​ക്ഷി​ക്കുക അയാൾ​ക്കി​ഷ്ട​മാ​യി​രു​ന്നു. ഇരു​പ​ത്തി​നാ​ലു മണി​ക്കൂ​റും എയർ​പോർ​ട്ടിൽ ഇതേ തി​ര​ക്കാ​ണു്. അയാൾ പറ​ഞ്ഞു.

‘കാ​ത്തു നിൽ​ക്കുക ഇവി​ടെ​യ​ല്ല. അറൈവൽ ഹാൾ കു​റെ​ക്കൂ​ടി അപ്പു​റ​ത്താ​ണു്.’

കി​ഴ​വ​നു മന​സ്സി​ലാ​യി​ല്ല. അയാൾ ജയ​രാ​മ​നെ സാ​കൂ​തം നോ​ക്കി.

‘എന്താ​ണു് പറ​ഞ്ഞ​തു്?’

‘കാ​ത്തു​നിൽ​ക്കേ​ണ്ട​തു് ഇവിടെ അല്ലെ​ന്നു്. ഇവിടെ യാ​ത്ര​യ​യ​ക്കേ​ണ്ട​വ​രാ​ണു് നിൽ​ക്കുക. വി​മാ​ന​മി​റ​ങ്ങി കസ്റ്റം​സ് ചെ​ക്കി​ങ് കഴി​ഞ്ഞു് യാ​ത്ര​ക്കാർ പു​റ​ത്തു വരുക വേ​റൊ​രു വഴി​യ്ക്കാ​ണു്.’

കിഴവൻ വീ​ണ്ടും മന​സ്സി​ലാ​വാ​ത്ത​പോ​ലെ അയാളെ നോ​ക്കി.

‘അതെ​ങ്ങി​നെ​യാ​ണു്? മൂ​ന്നു​മാ​സം മു​മ്പു് ഞാ​ന​വ​നെ യാ​ത്ര​യാ​ക്കി​യ​തു് ഇവിടെ വെ​ച്ചാ​ണു്. അപ്പോൾ തി​രി​ച്ചു​വ​രേ​ണ്ട​തും ഇതിൽ​ക്കൂ​ടെ​ത്ത​ന്നെ​യാ​വ​ണ്ടെ?’

ബോം​ബേ​യിൽ​നി​ന്നു് ലണ്ട​നി​ലേ​ക്കു് ആകാ​ശ​ത്തു​കൂ​ടെ ഒരി​ട​നാ​ഴിക. അതി​ലൂ​ടെ​യാ​ണു് പോ​ക്കും വരവും. അപ്പോൾ പോയ വഴി​ക്കു​ത​ന്നെ തി​രി​ച്ചു​വ​ര​ണം. അയാ​ളു​ടെ വാദം ചോ​ദ്യം ചെ​യ്യ​പ്പെ​ടാൻ കഴി​യാ​ത്ത​വി​ധം യു​ക്തി​യു​ക്ത​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ഭാ​വ​ന​യി​ലും അതു് വളരെ എളു​പ്പ​മാ​യി​രു​ന്നു. ഒരു യാ​ത്ര​ക്കാ​രൻ വി​മാ​ന​മി​റ​ങ്ങി പലവിധ പരി​ശോ​ധ​ന​യും കഴി​ഞ്ഞു് ക്ഷീ​ണി​ച്ചു് പു​റ​ത്തു​വ​രു​ന്ന​തി​നെ​പ്പ​റ്റി വി​മാ​ന​ത്താ​വ​ള​ത്തി​ലെ പലവിധ ഊടു​വ​ഴി​ക​ളെ​പ്പ​റ്റി, അധ​മ​മാർ​ഗ്ഗ​ങ്ങ​ളെ​പ്പ​റ്റി എല്ലാം വി​ശ​ദ​മാ​യി അറി​യാ​തി​രി​ക്കുക തന്നെ​യാ​ണു് നല്ല​തു്.

കി​ഴ​വ​ന്റെ മന​സ്സി​ലെ ചി​ത്രം നശി​പ്പി​ച്ചു കളയാൻ അയാൾ​ക്കു കഴി​ഞ്ഞി​ല്ല. അയാൾ നട​ന്നു.

എയർ​ഇ​ന്ത്യ​യു​ടെ കൗ​ണ്ട​റിൽ ഒരു തർ​ക്കം. അയാൾ കു​റ​ച്ചു​നേ​ര​മാ​യി ശ്ര​ദ്ധി​ക്കു​ന്നു.

‘ഞാൻ പതി​നാ​യി​രം ഉറു​പ്പിക കൊ​ടു​ത്താ​ണു് ഈ എന്നോ​സി കി​ട്ടി​യ​തു്. വേറെ അയ്യാ​യി​രം ഏജ​ന്റി​നും കൊ​ടു​ത്തി​രി​ക്കു​ന്നു. ഇന്ന​ത്തെ ഫ്ളൈ​റ്റി​നു് കൺ​ഫേ​മ്ഡ് ടി​ക്ക​റ്റു​ണ്ടു്. പി​ന്നെ എന്തു​കൊ​ണ്ടു് എനി​യ്ക്കു് പൊ​യ്ക്കൂ​ടാ?’

‘നി​ങ്ങൾ​ക്കു് എന്നോ​സി​യു​ണ്ടു്, കൺ​ഫേ​മ്ഡ് ടി​ക്ക​റ്റു​മു​ണ്ടു്. സമ്മ​തി​ച്ചു. പക്ഷെ, വിസ എവിടെ? നി​ങ്ങ​ളു​ടെ പാ​സ്പോർ​ട്ടിൽ എൻ​ഡോ​ഴ്സ്മെ​ന്റ് ഇല്ല. അയ്യാ​യി​രം കൊ​ടു​ത്ത ഏജ​ന്റ് ഇതൊ​ന്നും നി​ങ്ങൾ​ക്കു് പറ​ഞ്ഞു​ത​ന്നി​ല്ലെ?’

‘പ്ലീ​സ്, പ്ലീ​സ് എന്നെ പോകാൻ അനു​വ​ദി​ക്കു.’

‘സോറി, സർ. വി​സ​യി​ല്ലാ​തെ നി​ങ്ങ​ളെ മസ്ക്ക​റ്റി​ലേ​യ്ക്കു കട​ത്തി​ല്ല. അവിടെ പോയി തി​രി​ച്ചു​വ​രു​ക​യാ​ണോ നല്ല​തു്, അല്ലാ പത്തു് ദി​വ​സം​കൂ​ടി ഇവിടെ താ​മ​സി​ച്ചു് വി​സ​യു​ണ്ടാ​ക്കു​ക​യോ? നി​ങ്ങൾ തീർ​ച്ച​യാ​ക്കി​യാൽ മതി.’

‘വി​സ​യ്ക്കു് ഞാൻ ഡൽ​ഹി​യിൽ പോ​ണ്ടെ?’

‘വേ​ണ്ടി വരും.’

‘എന്റെ കയ്യിൽ പണ​മി​ല്ല. ആകെ​യു​ള്ള​തു് നൂ​റു​രൂ​പ​യാ​ണു്. ഡൽ​ഹി​യിൽ പോവുക പോ​യി​ട്ടു് ബോം​ബെ​യിൽ രണ്ടു​ദി​വ​സം താ​മ​സി​ക്കാൻ​കൂ​ടി പണ​മി​ല്ല. സർ, ദയ​വു​ചെ​യ്തു് എന്നെ പോകാൻ അനു​വ​ദി​ക്കു.’

‘സോറി. ഹൂ​യി​സ് നെ​ക്സ്റ്റ്?’

അടു​ത്ത ആൾ​ക്കും അതേ പ്ര​ശ്ന​മാ​യി​രു​ന്നു. അയാ​ളെ​യും ചെ​ക്കിം​ഗ് ഇൻ കൗ​ണ്ട​റിൽ​നി​ന്നു് ഓടി​ച്ച​താ​യി​രു​ന്നു. ശരി​യ്ക്കു പറ​ഞ്ഞാൽ ചെ​ക്കിം​ഗ് ഇൻ കൗ​ണ്ട​റ​ല്ല എമി​ഗ്രേ​ഷൻ ഡി​പ്പാർ​ട്ടു​മെ​ന്റാ​ണ​വ​രെ പി​ടി​ച്ചു പു​റ​ത്താ​ക്കി​യ​തു്. ചെ​ക്കിം​ഗ് ഇൻ കൗ​ണ്ട​റിൽ ചെ​ന്ന​പ്പോൾ ആദ്യം പാ​സ്പോർ​ട്ട് എമി​ഗ്രേ​ഷൻ ഡി​പ്പാർ​ട്ടു​മെ​ന്റു​കാ​രെ​ക്കൊ​ണ്ടു് പരി​ശോ​ധി​പ്പി​ച്ചു വരു​വാൻ ആവ​ശ്യ​പ്പെ​ട്ടു. അവിടെ വെ​ച്ചാ​ണു് ഇവർ​ക്കെ​ല്ലാം സ്വർ​ഗ്ഗ​ക​വാ​ടം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തു്.

നോ​ക്കു​മ്പോൾ നാ​ല​ഞ്ചു​പേർ ക്യൂ​വിൽ ഇതേ പ്ര​ശ്ന​വു​മാ​യി നിൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഓരോ​രു​ത്ത​രു​ടെ​യും കഥ ദയ​നീ​യ​മാ​യി​രു​ന്നു.

‘ഇരു​പ്പി​ടം വി​റ്റി​ട്ടാ​ണു് സർ ഞാൻ ഇതി​നൊ​ക്കെ പണ​മു​ണ്ടാ​ക്കി​യ​തു്. ഇനി ഒരു നയാ പൈ​സ​യു​ണ്ടാ​ക്കാൻ എന്നെ​ക്കൊ​ണ്ടു പറ്റി​ല്ല. ദയവു ചെ​യ്തു് എന്നെ പോകാൻ അനു​വ​ദി​ക്കു.’

അവർ കര​യു​ക​യാ​യി​രു​ന്നു.

ജയ​രാ​മ​നു് വിഷമം തോ​ന്നി. അവർ സ്വർ​ഗ്ഗ​ത്തി​ന്റെ വാതിൽ വരെ എത്തി​യ​വ​രാ​യി​രു​ന്നു. വാതിൽ തു​റ​ന്നു് പ്ര​വേ​ശി​ക്കു​ക​യേ വേ​ണ്ടു. അപ്പോ​ഴേ​യ്ക്കും അവരെ ചവു​ട്ടി പാ​താ​ള​ഗർ​ഭ​ത്തി​ലേ​ക്കു താ​ഴ്ത്തി​യി​രി​ക്കു​ന്നു. എന്തൊ​ര​ന്ത​രം?

കസ്റ്റം​സ് കൊൺ​ക്ലേ​വിൽ തി​ര​ക്കാ​യി​രു​ന്നു. ദു​ബാ​യിൽ നി​ന്നു വന്ന ജംബോ ഫ്ളൈ​റ്റി​ലെ യാ​ത്ര​ക്കാ​രു​ടെ ക്ഷീ​ണി​ച്ച അമ്പ​ര​പ്പു​ള്ള മു​ഖ​ങ്ങൾ. കസ്റ്റം​സ് അപ്രൈ​സർ​മാ​രു​ടെ മു​മ്പിൽ അവർ ദയയും പ്ര​തീ​ക്ഷി​ച്ചു് നിൽ​ക്കു​ന്ന​തു് അയാൾ​ക്കു പരി​ച​യ​മു​ള്ള കാ​ഴ്ച​യാ​യി​രു​ന്നു. അവർ വരു​മ്പോൾ എന്തും കൊ​ണ്ടു​വ​രും. ഫ്ര​ഞ്ചു സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും ഇല​ക്ട്രോ​ണി​ക് ഉപ​ക​ര​ണ​ങ്ങ​ളും തൊ​ട്ടു് പ്ലാ​സ്റ്റി​ക് പായകൾ വരെ. ഡ്യൂ​ട്ടി കൊ​ടു​ത്തു് അതെ​ല്ലാം ഒഴി​വാ​യി​ക്കി​ട്ടി​യാൽ അവർ ഓരോ​രു​ത്ത​രാ​യി പു​റ​ത്തു വരു​ന്നു. പി​ന്നെ ക്ര​മേണ എയർ​പോർ​ട്ടി​ന്റെ ഹാ​ളു​ക​ളിൽ ഓരോ മൂ​ല​യിൽ അടി​ഞ്ഞു കൂ​ടു​ന്നു. അവർ​ക്കു വേണ്ട കണ​ക്ടിം​ഗ് ഫ്ളൈ​റ്റു​കൾ പക​ലാ​ണു്. ആദ്യ​മാ​യി കി​ട്ടു​ന്ന സ്വീ​ക​ര​ണം, അതാ​യ​തു് കസ്റ്റം​സ് അധി​കൃ​ത​രു​മാ​യു​ള്ള ഏറ്റു​മു​ട്ടൽ, വളരെ കർ​ക്ക​ശ​വും പരു​ഷ​വു​മാ​യി​രു​ന്നു. അതു​കൊ​ണ്ടു് അവർ മറ്റു​ള്ള​വ​രേ​യും സം​ശ​യ​ദൃ​ഷ്ടി​യോ​ടെ നോ​ക്കു​ന്നു. ബോംബെ അവർ​ക്കു് ഒരു വി​ദേ​ശം തന്നെ​യാ​ണു്. ഇവിടെ ആൾ​ക്കാർ അറ​ബി​ക​ളെ​ക്കാൾ ക്രൂ​ര​മാ​യി പെ​രു​മാ​റു​ന്നു.

സ്വി​സ്സെ​യർ ഫ്ളൈ​റ്റ് വന്നെ​ന്നു തോ​ന്നു​ന്നു. അയാൾ ആശ്വ​സി​ച്ചു. ഇനി പതി​ന​ഞ്ചു മി​നി​റ്റി​നു​ള്ളിൽ ഹാൻസ് തോമാൻ ഒരു കയ്യിൽ സൂ​ട്ട്കേ​സും, മറ്റെ​ക​യ്യിൽ അയാ​ളു​ടെ ബ്രീ​ഫ്കേ​സും സൂ​റി​ക്കു് ഡ്യൂ​ട്ടി ഫ്രീ ഷോ​പ്പി​ന്റെ വെള്ള സഞ്ചി​യും തൂ​ക്കി പ്ര​ത്യ​ക്ഷ​പ്പെ​ടും. അയാളെ സെ​ന്റോർ ഹോ​ട്ട​ലിൽ കൊ​ണ്ടു​പോ​യാ​ക്കി​യാൽ തനി​യ്ക്കു് വീ​ട്ടിൽ പോകാം. വീ​ട്ടിൽ നളി​നി​യും കു​ട്ടി​ക​ളും ഉറ​ങ്ങു​ന്നു​ണ്ടാ​വും. കു​ട്ടി​കൾ, പക്ഷെ, നളിനി ഉറ​ങ്ങു​ന്നു​ണ്ടാ​വു​മോ ആവോ?

എയർ​പോർ​ട്ടി​ലേ​യ്ക്കു് പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പു് നളി​നി​യു​മാ​യു​ണ്ടായ വഴ​ക്കു് അയാൾ ഓർ​ത്തു. രാ​ത്രി ജയ​രാ​മൻ എയർ​പോർ​ട്ടിൽ പോ​കു​ന്ന​തു് നളിനി ഇഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. പല കാ​ര​ണ​ങ്ങ​ളു​മു​ണ്ടു്. ഒന്നാ​മ​താ​യി ചെറിയ രണ്ടു മക്ക​ളെ​യും വെ​ച്ചു് ഒറ്റ​യ്ക്കു രാ​ത്രി കഴി​ച്ചു കൂ​ട്ടു​ന്ന​തു് ഭയ​മു​ള്ള കാ​ര്യ​മാ​ണു്. കഴി​ഞ്ഞ മാ​സ​മാ​ണു് താഴെ നി​ല​യിൽ ഒരു ഫ്ളാ​റ്റിൽ കള്ളൻ കട​ന്ന​തു്. അയാ​ളി​ല്ലാ​ത്ത​പ്പോൾ രാ​ത്രി കു​ട്ടി കര​യു​ന്ന​തു​കൂ​ടി അവൾ​ക്കു പേ​ടി​യാ​യി​രു​ന്നു. ചെറിയ കു​ട്ടി കര​യു​മ്പോൾ ശബ്ദം പു​റ​ത്തു വരാ​തി​രി​ക്കാൻ അവൾ അവ​ന്റെ വായ പൊ​ത്താ​റു​ണ്ടു്. അതെ​ല്ലാം അയാൾ​ക്ക​റി​യാ​വു​ന്ന​താ​ണു്.

രണ്ടാ​മ​താ​യി അർ​ദ്ധ​രാ​ത്രി ടാ​ക്സി പി​ടി​ച്ചു പോ​കു​ന്ന​തു് അത്ര സു​ര​ക്ഷി​ത​മൊ​ന്നു​മ​ല്ല. യാ​ത്ര​ക്കാ​രെ വി​ജ​ന​മായ ഹൈ​വേ​യിൽ വെ​ച്ചു് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട വാർ​ത്ത​കൾ പത്ര​ങ്ങ​ളിൽ വരാ​റു​ണ്ടു്.

പോ​രാ​ത്ത​തി​നു് ഓഫീ​സിൽ അയാ​ളു​ടെ പു​രോ​ഗ​തി​യിൽ അവൾ തീരെ തൃ​പ്ത​യാ​യി​രു​ന്നി​ല്ല. അവൾ പറ​ഞ്ഞു. കു​ട്ടി ഇങ്ങി​നെ രാ​വു​പ​കൽ എയർ​പോർ​ട്ടി​ലും ഫാ​ക്ട​റി​ക​ളി​ലും പോ​യി​ട്ടൊ​ന്നും കാ​ര്യ​മി​ല്ല. കഴി​ഞ്ഞ അഞ്ചു​കൊ​ല്ല​മാ​യി​ല്ലെ ഇങ്ങി​നെ അദ്ധ്വാ​നി​ക്കു​ന്നു. എന്നി​ട്ടെ​ന്തു​ണ്ടാ​യി? കു​ട്ടീ​ടെ ബോ​സി​നു് ഗു​ണ​മു​ണ്ടാ​യി. ഇവിടെ ബി​സി​ന​സ്സ് കൂ​ടി​യാൽ ക്രെ​ഡി​റ്റ് അയാൾ​ക്കാ​ണു്, കു​ട്ടി​ക്ക​ല്ല. അയാൾ​ക്കു് ഓഫീസ് ഫ്ളാ​റ്റ് കൊ​ടു​ത്തു, വീ​ട്ടിൽ ഫോൺ​കൊ​ടു​ത്തു, കാറും ഡ്രൈ​വ​റും കൊ​ടു​ത്തു. കു​ട്ടി​ക്കോ? സാ​ധാ​രണ മട്ടിൽ ഒരു നൂ​റി​ന്റെ ഇൻ​ക്രി​മെ​ന്റ് മാ​ത്രം. ഇനി​യെ​ങ്കി​ലും നിർ​ത്തി​ക്കൂ​ടെ?

നിർ​ത്തു​ന്ന​തിൽ അർ​ത്ഥ​മൊ​ന്നു​മി​ല്ല. താൻ സർ​ക്ക​സ്സി​ലെ കു​തി​ര​യു​ടെ മാ​തി​രി​യാ​ണു്. ഈ കഥ പറ​ഞ്ഞു തന്ന​തു് ഒരു ബം​ഗാ​ളി സ്നേ​ഹി​ത​നാ​ണു്. സർ​ക്ക​സ്സ് മാ​നേ​ജർ കു​തി​ര​യോ​ടു് പറ​യാ​റു​ണ്ടു് ട്രെ​പ്പീ​സ് കളി​ക്കു​ന്ന പെൺ​കു​ട്ടി​യെ കല്യാ​ണം കഴി​ച്ചു കൊ​ടു​ക്കാ​മെ​ന്നു്. കുതിര പാവം ആ വാ​ഗ്ദാ​നം കാ​ര്യ​മാ​യെ​ടു​ത്തു കൂ​ടു​തൽ കൂ​ടു​തൽ അദ്ധ്വാ​നി​ച്ചു. ഒരു പക്ഷെ, ഇപ്പോ​ഴും ആ മോ​ഹ​വും വെ​ച്ചു് അദ്ധ്വാ​നി​ക്കു​ന്നു​ണ്ടാ​വും.

താ​നി​പ്പോൾ ജോ​ലി​യിൽ അനാ​സ്ഥ കാ​ണി​ച്ചാൽ അതി​നർ​ത്ഥം അഞ്ചു കൊ​ല്ല​ത്തെ അദ്ധ്വാ​നം വെ​റു​തെ വെ​ള്ള​ത്തി​ലൊ​ഴു​ക്കി​ക്ക​ള​യു​ക​യാ​ണെ​ന്നു്. അതു് നളി​നി​ക്കു മന​സ്സി​ലാ​യി​ല്ല. ആരു​മാ​വാ​ത്ത​തി​നേ​ക്കാൾ ഭേദം സർ​ക്ക​സ്സി​ലെ കു​തി​ര​യെ​ങ്കി​ലു​മാ​വു​ക​യാ​ണു്.

‘ഒരു രാ​ത്രി​യി​ലെ ഉറ​ക്കം പോ​യെ​ങ്കിൽ പി​റ്റേ​ന്നു് രാ​വി​ലെ കു​റ​ച്ചു നേരം ഉറ​ങ്ങി ഓഫീ​സിൽ പോ​വു​ക​യെ​ങ്കി​ലും ചെ​യ്തു​കൂ​ടെ?’

നളിനി ചോ​ദി​ക്കാ​റു​ണ്ടു്.

അപ്പോൾ സാ​ധാ​ര​ണ​ത്തേ​ക്കാൾ നേ​ര​ത്തെ പോകണം. കാരണം കു​ട്ടി​യ്ക്കു് ഈ സന്ദർ​ശ​ക​രെ ഹോ​ട്ട​ലിൽ നി​ന്നു പി​ക്ക​പ്പു ചെ​യ്തു് ഓഫീ​സിൽ ബോ​സി​നെ ഏൽ​പ്പി​ക്ക​ണം. കു​ട്ടി രാ​ത്രി സ്വീ​ക​രി​ക്കാൻ പോയവർ എയർ​ക​ണ്ടീ​ഷൻ ചെയ്ത മു​റി​യിൽ എട്ടു​മ​ണി​വ​രെ കി​ട​ന്നു​റ​ങ്ങും. കു​ട്ടി​യാ​ക​ട്ടെ രാ​ത്രി മൂ​ന്നു മണി​ക്കോ മറ്റൊ വീ​ട്ടി​ലെ​ത്തി​യാൽ​ത്ത​ന്നെ ഉറ​ക്ക​മു​ണ്ടാ​വി​ല്ല. ഇതി​ലൊ​ന്നും പാ​ക​പ്പി​ഴ​കൾ കാ​ണു​ന്നി​ല്ലെ?

‘ഒന്നു ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടൊ? രാ​ത്രി മാ​ത്ര​മെ കു​ട്ടി​യെ എയർ​പോർ​ട്ടിൽ പറ​ഞ്ഞ​യ​ക്കു. ഫ്ളൈ​റ്റു​കൾ പകൽ വരു​ന്ന ദിവസം വരു​ന്ന​വ​രെ സ്വീ​ക​രി​ക്കാൻ കപാ​ഡിയ തന്നെ പോ​വാ​റു​ണ്ട​ല്ലൊ? എന്നെ​ങ്കി​ലും കു​ട്ടി​യെ പറ​ഞ്ഞ​യ​ച്ചി​ട്ടു​ണ്ടോ? അയാൾ​ക്കു് ഉറ​ക്കം കള​യാ​നൊ​ന്നും വയ്യ.’

ഈ വക സം​സാ​ര​ങ്ങൾ വീ​ട്ടിൽ എപ്പോ​ഴും അസ്വ​സ്ഥ​മായ അന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. നളിനി പറ​യു​ന്ന​തെ​ല്ലാം ജയ​രാ​മ​ന്ന​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണു്. മറ​ക്കാൻ ശ്ര​മി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണു്. ഇതൊ​ന്നും തന്നെ ഇട​യ്ക്കി​ട​യ്ക്കു് ഓർ​മ്മി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. തനി​യ്ക്കു ഭാ​ര്യ​യിൽ നി​ന്നു വേ​ണ്ട​തു് വളരെ ചെറിയ ത്യാ​ഗ​ങ്ങ​ളാ​ണു്. താൻ ഉറ​ക്ക​മൊ​ഴി​ക്കാൻ തയ്യാ​റാ​വു​മ്പോൾ അവൾ​ക്കു് ഒറ്റ​യ്ക്കു് വീ​ട്ടിൽ ഉറ​ങ്ങാ​നെ​ങ്കി​ലും കഴി​യ​ണം. ആശ നശി​ച്ചെ​ന്നു പറ​യാ​റാ​യി​ട്ടി​ല്ല. അള​വ​റ്റ ശു​ഭാ​പ്തി​വി​ശ്വാ​സം ജയ​രാ​മ​ന്നു​ണ്ടു്.

വീ​ട്ടി​ലെ അസ്വ​സ്ഥ​മായ അന്ത​രീ​ക്ഷ​ത്തിൽ​നി​ന്നു പു​റ​ത്തു കട​ന്നാൽ അയാൾ ശാ​ന്ത​നാ​യി​രു​ന്നു. ഉറ​ങ്ങു​ന്ന ടാ​ക്സി ഡ്രൈ​വ​റെ പു​റ​ത്തു​ത​ട്ടി വി​ളി​ച്ചു​ണർ​ത്തി ടാ​ക്സി​യിൽ കയറി എയർ​പോർ​ട്ട് എന്നു പറ​യു​മ്പോ​ഴേ​യ്ക്കും അയാൾ സമനില പ്രാ​പി​ച്ചി​ട്ടു​ണ്ടാ​കും.

അയാൾ ഹാൻസ് തോ​മാ​ന്റെ സ്വർ​ണ്ണ​മു​ടി​യു​ള്ള തല​ക​ണ്ടു. തോമാൻ ഒരു കസ്റ്റം​സ് ഓഫീ​സ​റെ നോ​ക്കി ചി​രി​ച്ചു. ഓഫീസർ എന്തോ ചോ​ദി​ച്ചു. തോമാൻ തല​യാ​ട്ടി എന്തോ മറു​പ​ടി പറ​ഞ്ഞു.

എന്താ​യി​രി​ക്കും സം​ഭാ​ഷ​ണം എന്നു് ജയ​രാ​മ​ന​റി​യാം.

‘എനി​തിം​ഗ് ടു ഡി​ക്ലേ​യർ?’

‘നോ. ജസ്റ്റ് എ ഫ്യൂ ഓഫ് മൈ ഡ്ര​സ്സ​സ് ആന്റ് പേ​പ്പേർ​സ്.’

സൂ​ട്ട്കേ​സ് തു​റ​ന്നു നോ​ക്കാ​നും​കൂ​ടി ആവ​ശ്യ​പ്പെ​ടാ​തെ കസ്റ്റം​സ് ഓഫീസർ അതിനു മീതെ ചോ​ക്കു​കൊ​ണ്ടു് ഒപ്പി​ട്ടു.

ജയ​രാ​മൻ വാ​തി​ലി​ന​ടു​ത്തു പോയി നി​ന്നു. തോമാൻ സൂ​ട്ട്കേ​സും ബാഗും തൂ​ക്കി​പ്പി​ടി​ച്ചു് പു​റ​ത്തു വന്നു. ജയ​രാ​മ​നെ കണ്ട​പ്പോൾ സൂ​ട്ട്കേ​സ് താഴെ വെ​ച്ചു് കൈ നീ​ട്ടി.

‘ഗു​ട്ടൻ മോർഗൻ ജയറാം. വീ ഗെ​റ്റ്സ്?’

‘ഗു​ട്ടൻ മോർഗൻ. ഡാ​ങ്ക് ഗു​ട്ട്. വീ വാർ ദ ഫ്ള ്യൂഗ്?’

‘ഷേർ ഷോൺ.’

പു​റ​ത്തു് സെ​ന്റോർ ഹോ​ട്ട​ലി​ന്റെ പി​ക്ക​പ്പ് വാ​നി​നു​വേ​ണ്ടി കാ​ത്തു നിൽ​ക്കു​മ്പോൾ തോമാൻ ചോ​ദി​ച്ചു.

‘എവിടെ നി​ന്റെ റോൾസ് റോ​യ്സ്?’

തന്റെ മഞ്ഞ​ച്ചാ​യ​മു​ള്ള ഹെ​റാൾ​ഡി​നു് തോമാൻ യെ​ല്ലോ റോൾസ് റോ​യ്സ് എന്നാ​ണു് പറ​യാ​റു്.

‘ഗരാ​ഷിൽ.’

‘ആക്സി​ഡ​ന്റ്?’

‘അല്ല റി​പ്പേ​യർ.’

‘ഹൗ ഈസ് കപാ​ഡി​യാ?’

‘ഹീ​യി​സ് ഓകേ.’

‘ബി​സി​ന​സ്സ്? ഒരു ക്ഷ​മാ​പ​ണ​ത്തോ​ടെ തോമാൻ പറ​ഞ്ഞു. ബി​സി​ന​സ്സി​നെ​പ്പ​റ്റി സം​സാ​രി​ക്കാൻ​മാ​ത്രം നേരം പു​ലർ​ന്നി​ട്ടി​ല്ലെ​ന്ന​റി​യാം. സ്റ്റിൽ ഐയാം ആങ്ങ്ഷ​സ് ടു നോ വാ​ട്ട് ദ പ്രോ​സ്പ​ക്ട​സ് ആർ.’

‘ബി​സി​ന​സ്സ് ഈസ് ഗുഡ്. പുതിയ ലൈ​സൻ​സിം​ഗ് പോ​ളി​സി നമു​ക്കു് അനു​കൂ​ല​മാ​ണു്.’

സെ​ന്റോർ കോ​ച്ചു് വരു​ന്നു​ണ്ടാ​യി​രു​ന്നു. പെ​ട്ടെ​ന്ന​യാൾ മകനെ കാ​ത്തു​നി​ന്നി​രു​ന്ന കി​ഴ​വ​നെ ഓർ​ത്തു. എയ​റി​ന്ത്യ​യു​ടെ ലണ്ടൻ ഫ്ളൈ​റ്റ് ഇതി​ന​കം വന്നി​രു​ന്നു. കിഴവൻ ഇപ്പോ​ഴും ഡി​പാർ​ച്ചർ ഹാ​ളി​നു മു​മ്പിൽ കാ​ത്തു നിൽ​ക്കു​ന്നു​ണ്ടാ​വും. മകൻ ഇപ്പു​റ​ത്തു​കൂ​ടെ പു​റ​ത്തു കട​ന്നു് ടാ​ക്സി പി​ടി​ച്ചു് പോ​യി​ട്ടു​മു​ണ്ടാ​കും. കി​ഴ​വ​നെ നിർ​ബ്ബ​ന്ധി​ച്ചു് കൊ​ണ്ടു​വ​രേ​ണ്ട​താ​യി​രു​ന്നെ​ന്നു് ജയ​രാ​മ​നു തോ​ന്നി. ഇപ്പോൾ വളരെ വൈ​കി​പ്പോ​യി. സെ​ന്റോർ കോ​ച്ചിൽ കയ​റു​മ്പോൾ തന്നി​ലു​ള്ള ഈ അന്യ​താ​ബോ​ധം ജയ​രാ​മൻ വെ​റു​ത്തു.

സെ​ന്റോർ ലൗ​ഞ്ചിൽ തണു​പ്പാ​യി​രു​ന്നു. പു​റ​ത്തു വാതിൽ തു​റ​ന്നു​പി​ടി​ച്ച സർ​ദാ​റി​നു് ഇരു​പ​ത്തി​നാ​ലു​മ​ണി​ക്കൂ​റും ഡ്യൂ​ട്ടി​യാ​ണോ എന്ന​യാൾ അത്ഭു​ത​പ്പെ​ട്ടു. എപ്പോൾ പോ​കു​മ്പോ​ഴും അയാൾ ആ സർ​ദാ​റി​നെ കാ​ണാ​റു​ണ്ടു്. ഒരു പക്ഷെ, വേറെ ഒരു​ത്ത​നാ​യി​രി​ക്കാം. എല്ലാ സർ​ദാർ​മാ​രും കാ​ക്ക​ക്കു​ട്ടി​ക​ളു​ടെ മാ​തി​രി, ഒരു​പോ​ലെ​യാ​ണു്.

റി​സ​പ്ഷൻ കൗ​ണ്ടർ ഉറ​ക്കം തൂ​ങ്ങി​യി​രു​ന്നു. കൗ​ണ്ട​റി​ലു​ള്ള ട്രെ​യ്നി റി​സ​പ്ഷ​നി​സ്റ്റ് മധു​ര​മാ​യി ചി​രി​ച്ചു.

‘കാൻ ഐ ഹെൽപ് യു സേർ.’

‘ഷുവർ.’

‘ഹൗ മെനി പേർ​സൺ​സ്, ടു?’

‘നോ, ജസ്റ്റ് വൺ. ഹാൻസ് തോമാൻ. ഹി ഹാസ് എ ബു​ക്കിം​ഗ് ഹിയർ.’

അവൾ ചതു​ര​ത്തി​ലു​ള്ള ഒരു കാർ​ഡെ​ടു​ത്തു് തോ​മാ​നു കൊ​ടു​ത്തു. ജയ​രാ​മൻ ചു​റ്റും നോ​ക്കി. ഹോ​ട്ടൽ ഉറ​ങ്ങി​യി​രു​ന്നി​ല്ല. പക്ഷെ, അതി​ന്റെ താളം മന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. അതു നി​ല​യ്ക്കാ​ത്ത ഒരു കവാ​ത്താ​ണു്. രാ​വി​ലെ​യാ​വു​മ്പോ​ഴേ​ക്കു് വീ​ണ്ടും ദ്രു​ത​ഗ​തി​യി​ലാ​വു​ന്നു. ഒരി​ക്ക​ലും നിൽ​ക്ക​ലു​ണ്ടാ​വി​ല്ല.

‘റൂം നമ്പർ ഫോർ​തർ​ട്ടി​യെ​യ്റ്റ്.’

നാ​നൂ​റ്റി മു​പ്പ​ത്തെ​ട്ടാം നമ്പർ മുറി ലി​ഫ്റ്റി​ന​ടു​ത്ത​ല്ലെ​ന്നും, വർ​ത്തു​ള​മായ ഇട​നാ​ഴി​ക​യി​ലൂ​ടെ ഹോ​ട്ട​ലി​ന്റെ ഒരു അർ​ദ്ധ​ഗോ​ളം നട​ന്നു തരണം ചെ​യ്യേ​ണ്ടി വരു​മെ​ന്നും അയാൾ ഓർ​ത്തു.

ലി​ഫ്റ്റിൽ അപ്പോ​ഴും സം​ഗീ​ത​മു​ണ്ടാ​യി​രു​ന്നു. ഇട​നാ​ഴി​ക​യി​ലും. ഒരു​പ​ക്ഷെ, ലൗ​ഞ്ചി​ലു​മു​ണ്ടാ​യി​രു​ന്നി​രി​ക്ക​ണം. ജയ​രാ​മൻ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.

മു​റി​യി​ലെ​ത്തി​യ​പ്പോൾ തോമാൻ ചോ​ദി​ച്ചു.

‘ഹൗ എബൗ​ട്ട് ഹാ​വിം​ഗ് എ ഡ്രി​ങ്ക് വി​ത്ത് മി?’

‘നോ. താ​ങ്ക് യു. വളരെ നേർ​ത്തെ​യാ​യി.’

സമയം മൂ​ന്ന​ര​യാ​യി​രു​ന്നു.

‘നാളെ എന്താ​ണു് പ്രോ​ഗ്രാം? ഞാൻ കപാ​ഡി​യ​യെ കാ​ണു​മോ? അല്ലാ ജയ​രാ​മ​നാ​ണോ എന്റെ ഒപ്പം വരു​ന്ന​തു്.’

‘ഞാ​നാ​ണു് വരു​ന്ന​തു്. നാളെ പതി​നൊ​ന്നി​നാ​ണു് ആദ്യ​ത്തെ അപ്പോ​യി​ന്റ്മെ​ന്റ്. ഞാൻ പത്ത​ര​ക്കു് ഇവിടെ വരും.’

‘ഓ.കെ. അങ്ങി​നെ​യാ​ണെ​ങ്കിൽ കപാ​ഡി​യ​യെ ഞാൻ മറ്റ​ന്നാ​ളെ കാണു. ഈ സ്കോ​ച്ച് കപാ​ഡി​യ​ക്കു കൊ​ടു​ക്കു.’

സൂ​റി​ക്കു് എയർ​പോർ​ട്ടി​ലെ ഡ്യൂ​ട്ടി ഫ്രീ ഷോ​പ്പി​ന്റെ വെള്ള നി​റ​ത്തി​ലു​ള്ള കട​ലാ​സു സഞ്ചി തോമാൻ അയാളെ ഏൽ​പ്പി​ച്ചു. അതിൽ ഹെ​യ്ഗി​ന്റെ ഒരു വലി​യ​കു​പ്പി​യും റൊ​ത്ത്മാൻ​സ് സി​ഗ​ര​റ്റി​ന്റെ പത്തു പാ​ക്ക​റ്റു​ള്ള ഒരു പെ​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു.

അയാൾ നളിനി പറ​ഞ്ഞ​തോർ​ത്തു. തന്നെ​യും കപാ​ഡി​യ​യേ​യും അവൾ ‘ഡ്വാർ​ഫ് ആന്റു് ദ ജയ​ന്റ്’ എന്നാ​ണു് പറ​യാ​റു്. താൻ തെ​മ്മാ​ടി​ക​ളു​മാ​യി ഏറ്റു​മു​ട്ടൽ നട​ത്തി കന്യ​ക​യെ രക്ഷി​ച്ചു. പക്ഷെ, കന്യ​ക​യെ എടു​ത്ത​തു് കപാ​ഡി​യ​യും. കപാ​ഡി​യ​യ്ക്കു് കി​ട്ടാൻ പോ​കു​ന്ന കന്യ​ക​യെ അയാൾ നോ​ക്കി. അവൾ സു​ന്ദ​രി​യാ​യി​രു​ന്നു. അവ​ളു​ടെ നേർ​ത്ത നിറം തന്നെ ലഹരി പി​ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. തനി​യ്ക്കു കി​ട്ടി​യാൽ കൊ​ള്ളാ​മാ​യി​രു​ന്നു.

ജയ​രാ​മൻ പറ​ഞ്ഞു.

‘ഗുഡ് നൈ​റ്റ്. സ്ലീ​പ്പ് വെൽ.’

‘ഗുഡ് നൈ​റ്റ്.’

ജയ​രാ​മൻ പു​റ​ത്തു കട​ന്നു. തോ​മാ​ന്റെ സൂ​ട്ട്കേ​സു​മാ​യി ഹോ​ട്ടൽ ബോയ് അക​ത്തു കട​ന്നു.

ഇട​നാ​ഴി​ക​യി​ലെ കാർ​പ്പെ​റ്റ് അയാ​ളു​ടെ കാലടി ശബ്ദം അമർ​ത്തി​യി​രു​ന്നു. ലി​ഫ്റ്റി​ന​ടു​ത്തെ​ത്താൻ വളരെ ദൂരം നട​ക്ക​ണ​മെ​ന്ന​യാൾ വീ​ണ്ടും ഓർ​ത്തു. ലി​ഫ്റ്റ് താ​ഴെ​യാ​യി​രു​ന്നു. അയാൾ ലി​ഫ്റ്റി​നു​വേ​ണ്ടി ബെ​ല്ല​ടി​ച്ചു. ലി​ഫ്റ്റിൽ നേരിയ സം​ഗീ​തം. പു​റ​ത്തു വാതിൽ തു​റ​ന്നു പി​ടി​ച്ച സർദാർ ചോ​ദി​ച്ചു.

‘ടാ​ക്സി, സർ?’

‘നോ, താ​ങ്ക് യു’

അവിടെ നി​ന്നു് വീ​ട്ടി​ലേ​യ്ക്കു് പോകാൻ ടാ​ക്സി വി​ളി​ച്ചാൽ ടാ​ക്സി​ക്കാ​ര​ന്റെ ചീത്ത കേൾ​ക്കാൻ തയ്യാ​റാ​യി​രി​ക്ക​ണം.

ചു​ത്തിയ ബനായ… നാലു മണി​ക്കൂർ ഉറ​ക്ക​മൊ​ഴി​ച്ചു് ലൈനിൽ കാ​ത്തി​രു​ന്ന​തു് ഈ അഞ്ചു​റു​പ്പി​ക​യു​ടെ ട്രി​പ്പി​നാ​ണു്.

അയാൾ പു​റ​ത്തി​റ​ങ്ങി നട​ന്നു. എയർ​പോർ​ട്ട്. ഉള്ളിൽ നിറയെ വി​ള​ക്കു​കൾ കൊ​ളു​ത്തി​വെ​ച്ച സ്ഫ​ടിക മാ​ളി​ക​പോ​ലെ നി​ല​കൊ​ണ്ടു. മക​നു​വേ​ണ്ടി കാ​ത്തു നി​ന്നി​രു​ന്ന മനു​ഷ്യ​നെ അയാൾ വീ​ണ്ടും ഓർ​ത്തു. അയാൾ തന്റെ മന​സ്സിൽ ഒരു കു​റ്റ​ബോ​ധം ഉണ്ടാ​ക്കു​ന്നു​വെ​ന്ന​യാൾ കണ്ടു. തനി​യ്ക്കു് ഒരി​ക്കൽ​കൂ​ടി അയാളെ നിർ​ബ​ന്ധി​ക്കാ​മാ​യി​രു​ന്നു. ജയ​രാ​മ​നു സ്വയം വെ​റു​പ്പു തോ​ന്നി.

അയാൾ എയർ​പോർ​ട്ടി​ലേ​യ്ക്കു നട​ന്നു. ഒരു പക്ഷെ, അയാൾ​ക്കു് ആ കി​ഴ​വ​നെ സഹാ​യി​ക്കാൻ കഴി​യും. നട​ക്കു​മ്പോൾ അയാൾ​ക്കു് അമർഷം തോ​ന്നി. ഒരു ചെറിയ കു​ട്ടി​ക്കു​പോ​ലും അയാ​ളിൽ കു​റ്റ​ബോ​ധം ഉണ്ടാ​ക്കാൻ കഴി​യു​ന്നു.

ഇന്റർ​നാ​ഷ​ണൽ ഡി​പാർ​ച്ചർ ഹാ​ളി​നു മു​മ്പി​ലെ തി​ര​ക്കിൽ അയാൾ ഒരു വയ​സ്സ​നു​വേ​ണ്ടി പരതി. എളു​പ്പ​മാ​യി​രു​ന്നി​ല്ല. തി​ര​ക്കു് മു​മ്പ​ത്തേ​ക്കാൾ കൂ​ടി​യി​രു​ന്നു. അയാൾ ആ തി​ര​ക്കിൽ ഇല്ലെ​ന്നു​റ​പ്പാ​യ​പ്പോൾ ജയ​രാ​മൻ അറൈവൽ ഹാ​ളി​ലേ​യ്ക്കു നട​ന്നു. ഡി​പാർ​ച്ചർ ഹാ​ളി​നു മു​മ്പിൽ കുറെ നേരം നി​ന്നു് മകനെ കാ​ണാ​താ​യ​പ്പോൾ കൂ​നി​കൂ​ടി അറൈവൽ ഹാ​ളി​ലേ​യ്ക്കു നട​ക്കു​ന്ന ഒരു വൃ​ദ്ധ​ന്റെ മെ​ലി​ഞ്ഞ ദേ​ഹ​ത്തി​നു​വേ​ണ്ടി അയാൾ ചു​റ്റും നോ​ക്കി. അറൈവൽ ഹാ​ളി​ലെ തി​ര​ക്കു കു​റ​ഞ്ഞി​രു​ന്നു. വളരെ കു​റ​ച്ചു പേരെ ഉണ്ടാ​യി​രു​ന്നു​ള്ളു. അയാൾ നി​രാ​ശ​നാ​യി. കിഴവൻ എവിടെ അപ്ര​ത്യ​ക്ഷ​നാ​യി? ജയ​രാ​മൻ പു​റ​ത്തു കട​ന്നു് എയർ​പോർ​ട്ടി​ന്റെ മറ്റെ അറ്റ​ത്തേ​യ്ക്കു് നട​ക്കാൻ തു​ട​ങ്ങി. ഡൊ​മ​സ്റ്റി​ക് ഡി​പാർ​ച്ചർ ഹാ​ളി​നു മു​മ്പിൽ വെ​ളി​ച്ചം കു​റ​വാ​യി​രു​ന്നു.

ബസ്സ്സ്റ്റോ​പ്പി​ലേ​ക്കു് നട​ക്കു​മ്പോൾ അയാൾ ആലോ​ചി​ച്ചു. താ​നെ​ന്തി​നു് മറ്റു​ള്ള​വ​രു​ടെ മാ​റാ​പ്പു താ​ങ്ങി നട​ക്കു​ന്നു. അവ​ന​വ​ന്റേ​തു തന്നെ​യു​ണ്ടു് ധാ​രാ​ളം ചു​മ​ക്കാൻ.

ബസ്സ്സ്റ്റോ​പ്പി​ന്ന​രി​കെ ഒരു ടാ​ക്സി നി​ന്നി​രു​ന്നു. ഉറ​ങ്ങു​ക​യാ​യി​രു​ന്ന ടാ​ക്സി​ക്കാ​ര​നെ വി​ളി​ച്ചു​ണർ​ത്താൻ വേ​ണ്ടി അയാൾ ഓങ്ങി. പി​ന്നെ അതു വേ​ണ്ടെ​ന്നു വെ​ച്ചു. ഉറ​ങ്ങു​ന്ന​വ​രെ എന്തി​നു ബു​ദ്ധി​മു​ട്ടി​ക്ക​ണം? ഇനി ധൃതി പി​ടി​ച്ചു വീ​ട്ടി​ലെ​ത്തി​യാ​ലും നളി​നി​യെ ഉണർ​ത്തേ​ണ്ടി വരും. അവ​ളു​ടെ ഒരു രാ​ത്രി​യി​ലെ ഉറ​ക്കം കളയാൻ തനി​ക്ക​വ​കാ​ശ​മി​ല്ല. എന്റെ ഭാ​ര​മെ​ല്ലാം ഞാൻ തന്നെ ചു​മ​ക്കേ​ണ്ട​താ​ണു്. താ​നെ​ന്നും ഒരു ഏകാ​ന്ത​പ​ഥി​കൻ തന്നെ​യാ​യി​രു​ന്നു.

കയ്യിൽ തൂ​ക്കി​യി​ട്ട സഞ്ചി​യി​ലെ കന്യക ഒരു ഭാ​ര​മാ​യി​രു​ന്നു. അതും കൂ​ടി​യി​ല്ലെ​ങ്കിൽ കു​റ​ച്ചു​കൂ​ടി ആയാ​സ​ത്തോ​ടെ നട​ക്കാ​മാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്കു​ള്ള അഞ്ചു കി​ലോ​മീ​റ്റർ ദൂരം നട​ക്കാൻ തു​ട​ങ്ങി​യ​പ്പോൾ അയാൾ സർ​ക്ക​സ്സി​ലെ കു​തി​ര​യെ ഓർ​ത്തു. എന്നെ​ങ്കി​ലും ട്രെ​പ്പീ​സ് സു​ന്ദ​രി​യെ കി​ട്ടാ​തി​രി​ക്കി​ല്ല. അതു​വ​രെ അദ്ധ്വാ​നി​ക്കുക തന്നെ.

Colophon

Title: Dinosarinte kutty (ml: ദി​നോ​സ​റി​ന്റെ കു​ട്ടി).

Author(s): E Harikumar.

First publication details: DC Books, Kottayam and Poorna Publications; Kottayam and Kozhikode, Kerala; 1987.

Deafult language: ml, Malayalam.

Keywords: Short stories, E Harikumar, Dinosarinte kutty, ഇ ഹരി​കു​മാർ, ദി​നോ​സ​റി​ന്റെ കു​ട്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 8, 2022.

Credits: The text of the original item is copyrighted to Lalitha Harikumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: A statue of military official and horse around tomb of Seongjong at Seolleung, photograph by National Research Institute of Cultural Heritage, Korea . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: E Harikumar; Proofing: KB Sujith; Typesetter: Sayahna Foundation; Editor: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.