ഞായറാഴ്ച വൈകുന്നേരം അമർനാഥിന്റെ ഫ്ളാറ്റിന്റെ പുറത്തു് ബെല്ലടിച്ചു് കാത്തു നിന്ന ആൾ ഒരു സാധാരണക്കാരനായിരുന്നില്ല. അയാൾ ഒരു ബ്ലാക്ക്മെയ്ലറായിരുന്നു.
“എന്റെ പേരു് മൈക്കൽ എന്നാണു്.” അയാൾ പറഞ്ഞു. “മുഴുവൻ പേരു് മൈക്കൽ ഡിസൂസ. നിങ്ങളെ കാണാൻ വേണ്ടി വന്നതാണു്.”
അമർനാഥ് അപ്പോഴും അയാളുടെ സാധാരണ വേഷത്തിലായിരുന്നു. ഒരു ഗ്രേ സഫാരി സൂട്ട്. കാലിൽ കോലാപൂരി ചപ്പൽ. കയ്യിൽ ഒരു കോണ്ടിനെന്റൽ വാച്ച്. നേരിയ ബ്രൗൺ ടിന്റുള്ള റേയ്ബൺ സൺ ഗ്ലാസ്സുകൾ. മൈക്കൽ ഡിസൂസയെ ഒന്നു നോക്കിയ ശേഷം അമർനാഥ് പറഞ്ഞു. “കമിൻ.”
സ്വീകരണമുറിയിൽ ചുമർ തൊട്ടു് ചുമർ വരെ ചുവപ്പു് കാർപ്പെറ്റ്. ചുമരിൽ വാൾ പേപ്പർ. വില പിടിച്ച സോഫ. മുറിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടുകിടക്കുന്ന ഷോകേസ്, എയർകണ്ടീഷനർ. സോഫയിൽ ഒരു കഷണ്ടിക്കാരൻ സ്വാമി ഇരുന്നിരുന്നു. കാവി വസ്ത്രം, കഴുത്തിൽ രുദ്രാക്ഷമാല. അമർനാഥ് പരിചയപ്പെടുത്തി.
“സ്വാമി ബോധാനന്ദ്. ഇദ്ദേഹം മൈക്കൽ ഡികോസ്റ്റ.”
“ഡിസൂസ.” അയാൾ തിരുത്തി.
“സോറി. മൈക്കൽ ഡിസൂസ. മി. ഡിസൂസ അഞ്ചുമിനിറ്റ് എനിയ്ക്കുവേണ്ടി കാത്തിരിക്കുമോ? പ്ലീസ്…”
അമർനാഥ് ചൂണ്ടിക്കാട്ടിയ സോഫയിൽ മൈക്കൽ ഇരുന്നു.
സ്വാമി അമർനാഥിനോടു് സംസാരിക്കാൻ തുടങ്ങി.
“ഈ ആഴ്ചത്തെ പ്രസംഗം, മനുഷ്യന്റെ ധാർമ്മികാധഃപതനത്തെപ്പറ്റിയാണു്. ജനങ്ങൾ വളരെയധികം വിഷയാസക്തരായിരിക്കുന്നു. അങ്ങിനെയുള്ളപ്പോൾ ധാർമ്മികമൂല്യങ്ങളെപ്പറ്റി മറക്കുന്നതു് സാധാരണയാണു്. മനുഷ്യന്റെ ധാർമ്മികേച്ഛയെ തട്ടിയുണർത്തേണ്ടതു് ഏതൊരാളുടേയും കടമയാണു്. ശ്രീകൃഷ്ണൻ ഗീതയിൽ പറഞ്ഞിരിക്കുന്നതു്…”
മൈക്കൽ ഡിസൂസയ്ക്കു് സമാധാനമായി. പറ്റിയ ഒരു കുറ്റിയെയാണു് കിട്ടിയിരിക്കുന്നതു്. അയാൾ ചുറ്റും നോക്കി. അകത്തേക്കുള്ള വാതിൽ ഒരു ഇടനാഴികയിലേക്കാണു്. ആ ഇടനാഴികയിൽനിന്നു് രണ്ടു കിടപ്പുമുറികളിലേക്കു വാതിലുകൾ. ഒരു പക്ഷെ, ഒരു കിടപ്പുമുറിയുടെ രണ്ടു വാതിലുകളാവാം. വളരെ വലിയ മുറിയായിരിക്കാം. ആ മുറിയിലും കാർപ്പറ്റും, ചുമരിൽ വാൾപേപ്പറും ഉണ്ടായിരുന്നു. ചുരുങ്ങിയതു് പതിനായിരമെങ്കിലും ചോദിക്കണം. ബാന്ദ്രയിൽ ഇങ്ങനെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന യോഗ്യൻ സാധാരണക്കാരനല്ല.
ഒരു വാലിയക്കാരൻ ഗ്ലാസ്സിൽ തമ്പ്സ്അപ്പ് കൊണ്ടുവന്നു് അയാളുടെ മുമ്പിൽ ടീപ്പോയിമേൽ വെച്ചു. അതെടുത്തു കുടിക്കെ, സ്വാമികൾ എഴുന്നേറ്റു പോകാനൊരുങ്ങി. സ്വാമിജി പോയശേഷം വാതിലടച്ചു് അമർനാഥ് മൈക്കൽ ഡിസൂസയുടെ എതിർവശത്തു് വന്നിരുന്നു.
“വാട്ട് കാനൈ ഡു ഫോർ യു?”
മൈക്കൽ ഡിസൂസ ഗ്ലാസ്സ് താഴെവെച്ചു് മുഖം ആവുന്നത്ര ഭീകരമാക്കാൻ ശ്രമം നടത്തി. താൻ പറയാൻ പോകുന്ന കാര്യങ്ങൾ പ്രതിയോഗിയെ എങ്ങിനെ ബാധിക്കുമെന്നു് അയാൾ ഓർത്തു. അമർനാഥിന്റെ മുഖത്തെ പുഞ്ചിരി മായും, പകരം മുഖം സങ്കോചിക്കും, അവിടെ ഭീതി ഉദിക്കും, പിന്നെ രക്ഷപ്പെടാനെന്തു വഴി എന്ന ആലോചന. അങ്ങിനെ ആകെ തകർന്ന നിലയിലാവുമ്പോഴാണു് താൻ രക്ഷപ്പെടുത്താനുള്ള ലൈഫ്ബോയിയുമായി ചെല്ലുക.
“നിങ്ങൾ ഈ വെള്ളിയാഴ്ച മലബാർ ഹില്ലിലെ ഹോട്ടൽ ഹെൽഫയറിൽ ഉണ്ടായിരുന്നതു് എനിക്കറിയാം.”
“ഐ ബെഗ് യുവർ പാർഡൻ.” അമർനാഥ് പറഞ്ഞു. “എനിയ്ക്കു് മനസ്സിലായില്ല.”
ഇയാൾ ഒരു വേഷംകെട്ടുകാരനാണു്. മൈക്കൽ മനസ്സിൽ കരുതി. ഇയാളെ പെട്ടെന്നു തകർക്കുകയാണെങ്കിൽ അത്രയും നല്ലതു്. അയാൾ സ്വരം കുറച്ചുകൂടി കടുപ്പിച്ചു് പറഞ്ഞു.
“നിങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹെൽഫയറിൽ എന്താണു് ചെയ്തിരുന്നതെന്നു് എനിക്കറിയാം.”
അമർനാഥിന്റെ മുഖത്തു് ഉണ്ടായ പ്രതികരണമെന്താണെന്നു മൈക്കലിനു മനസ്സിലായില്ല. ഒരു നിമിഷ നേരത്തിനുശേഷം അമർനാഥ് പറഞ്ഞു.
“ശരിക്കു പറയട്ടെ, നിങ്ങളെന്താണുദ്ദേശിക്കുന്നതെന്നു് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഞാൻ ഹെൽഫയറിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. എനിക്കൊരു പാർട്ടിയുണ്ടായിരുന്നു. സാഹ്നിയുടെ പാർട്ടി. അയാളുടെ ഫിലിമിന്റെ സിൽവർ ജൂബിലി ആഘോഷം. എനിക്കോർമ്മയുണ്ടു്. അതിലെന്താണു് ഇത്ര പ്രത്യേകത?”
“മിസ്റ്റർ, താങ്കൾ കണ്ണടച്ചു് ഇരുട്ടാക്കുകയൊന്നും വേണ്ട. നിങ്ങൾ ആരുടെ ഒപ്പമാണു് റൂം നമ്പർ 204-ൽ രാത്രി മുഴുവൻ കഴിച്ചതു് എന്നു് എനിക്കറിയാം.”
“ഓ! അതാണല്ലെ!” അമർനാഥ് സോഫയിൽ ചാരിയിരുന്നു. “അപ്പോൾ നിങ്ങളൊരു ബ്ലാക്ക്മെയ്ലറാണു്? എന്നെ ഭീഷണിപ്പെടുത്തി വല്ലതും വാങ്ങാൻ വന്നതായിരിക്കും താങ്കൾ!”
“യുവാർ ക്വയറ്റ് റൈറ്റ്.” മൈക്കൽ പറഞ്ഞു.
“നിങ്ങൾ സ്വയം പുറത്തു പോകുന്നോ, അല്ലാ ഞാൻ വഴി കാണിച്ചുതരണോ?”
അമർനാഥ് വളരെ സൗമ്യമായ സ്വരത്തിലാണതു പറഞ്ഞതു്.
ഒരു സാമാന്യബുദ്ധിക്കാരനു് ഈ പറഞ്ഞതിലെ ഭീഷണി മനസ്സിലാവുമായിരുന്നു. പക്ഷെ, മൈക്കൽ ആ നിമിഷത്തിൽ തന്റെ ഉദ്ദേശ്യനിർവൃതി മാത്രം മനസ്സിൽ കണ്ടുകൊണ്ടിരിക്കയാൽ അതു് മനസ്സിലായില്ല. മാത്രമല്ല തന്റെ ഇരകൾ സാധാരണ ഇങ്ങിനെയുള്ള അവസരങ്ങളിൽ പ്രതിരോധംവിട്ടു് ഉപരോധത്തിലേയ്ക്കു് കടക്കാറുണ്ടെന്നും അതു് ജന്മസിദ്ധമായ ഒരു വാസനയാണെന്നും, അടുത്തുതന്നെ പത്തി താഴ്ത്തുമെന്നും അയാൾ വിചാരിച്ചു. ഏകോദ്ദേശ്യത്തോടുകൂടി പോകുന്നവർക്കു് എല്ലാം അനുകൂലമാണെന്ന തോന്നലുണ്ടാവും. മൈക്കൽ ഡിസൂസയെന്ന ബ്ലാക്ക് മെയ്ലർക്കും അതുതന്നെയാണു് സംഭവിച്ചതു്. എല്ലാം ശരിക്കു വരുന്നുണ്ടെന്ന തോന്നലുണ്ടായപ്പോൾ അയാൾ സ്വരം കുറെക്കൂടി മയപ്പെടുത്തി.
“നിങ്ങളുടെ വിഷമങ്ങൾ എനിക്കു മനസ്സിലാവുന്നുണ്ടു്. ഞാൻ ഇതൊന്നും അങ്ങിനെയങ്ങു് അങ്ങാടിപ്പാട്ടാക്കുകയൊന്നുമില്ല. നേരും നെറിയുമുള്ള ഒരു മനുഷ്യനാണു് ഞാൻ.”
അമർനാഥ് വീണ്ടും വളരെ ശാന്തമായി പറഞ്ഞു.
“ഗെറ്റ് ലോസ്റ്റ്.”
“ഈസി. അമർനാഥ് ഈസി.” മൈക്കൽ പറഞ്ഞു. “നമുക്കു് കാര്യങ്ങൾ സംസാരിച്ചു തീർക്കാം.”
പെട്ടെന്നു്, അമർനാഥിനു് കാര്യങ്ങളുടെ ഗൗരവം മുഴുവനും പിടികിട്ടിയില്ലെന്ന തോന്നലുണ്ടായി മൈക്കൽ ഡിസൂസയ്ക്കു്. അയാൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നു് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ എടുത്തു് ഭക്തിപുരസ്സരം അമർനാഥിന്റെ മുമ്പിൽ വെച്ചു. അമർനാഥ് അതു് കയ്യിലെടുക്കാതെ നോക്കി. കെട്ടിമറിയുന്ന രണ്ടു നഗ്നരൂപങ്ങൾ.
“ഞാൻ പറഞ്ഞില്ലെ”, മൈക്കൽ ഡിസൂസ ഒരു വൃത്തികെട്ട ചിരിയോടെ പറഞ്ഞു. “കാര്യങ്ങളെല്ലാം നമുക്കു് സാവകാശത്തിൽ സംസാരിച്ചു തീർക്കാം. ധൃതി കാണിച്ചിട്ടു കാര്യമില്ല.”
അമർനാഥ് കുമ്പിട്ടു് ആ ഫോട്ടോ കയ്യിലെടുത്തു. സൂക്ഷ്മമായി പഠിക്കുവാൻ തുടങ്ങി.
“ങ്ങും. നല്ല ഫോട്ടോ. ആരെടുത്തതാണിതു്?”
“ഞാൻ തന്നെ.” മൈക്കൽ അഭിമാനത്തോടെ പറഞ്ഞു. “എത്ര കഷ്ടപ്പെട്ടിട്ടാണു് ഇതെടുത്തതെന്നറിയാമോ? രണ്ടുപേരുടേയും മുഖം എത്ര ഭംഗിയായി കിട്ടിയിട്ടുണ്ടു്.”
“എങ്ങിനെ ഒപ്പിച്ചു?”
“ഞാൻ ബാൽക്കണിയിൽ ഒളിച്ചിരിക്കയായിരുന്നു.”
അമർനാഥ് ഓർത്തു. ഒരു ഫ്ളാഷ് കണ്ടതായി ഓർക്കുന്നു. പക്ഷെ, ശ്രദ്ധിച്ചില്ല. ഒന്നാമതായി അര കുപ്പിയോളം സ്കോച്ച് അകത്തുണ്ടായിരുന്നു. പിന്നെ ഇതിലും പ്രധാനപ്പെട്ട കാര്യം ശ്രദ്ധിച്ചു കൊണ്ടിരിക്കയായിരുന്നു.
“ഈ ഫോട്ടോ ഞാൻ വെക്കട്ടെ.” അമർനാഥ് പെട്ടെന്നു ചോദിച്ചു.
“തീർച്ചയായും.” മൈക്കൽ പറഞ്ഞു. “എന്റെ കയ്യിൽ നെഗറ്റീവുണ്ടു്.”
“എത്രയാണു് നിങ്ങളുടെ പ്രതീക്ഷ?” അമർനാഥ് ചോദിച്ചു.
“ഇരുപത്തഞ്ചു്.”
“ഇരുപത്തയ്യായിരം?” അമർനാഥ് ഉറക്കെ ചോദിച്ചു.
“അതെ. ഇതിൽ ഇടപെട്ടിട്ടുള്ള രണ്ടു പാർട്ടികളുടെ നിലവാരം നോക്കുമ്പോൾ ഇതു വളരെ കുറവാണു്. പക്ഷെ, ഞാൻ നേരും നെറിയുമുള്ള ഒരു മനുഷ്യനാണു്. നിങ്ങളുടെ കഴുത്തറക്കലല്ല എന്റെ ഉദ്ദേശ്യം. അതു പോലെ പണം ഇപ്പോൾ മുഴുവൻ കാഷായി കയ്യിലില്ലെങ്കിൽ ഉള്ളതു തന്നാൽ മതി. ബാക്കിയ്ക്കു് ഒരു ബെയറർ ചെക്കുതന്നാലും മതിയാവും.”
“നിങ്ങളെന്നെ അപമാനിക്ക്യാണു്.” അമർനാഥ് പറഞ്ഞു. “ഇരുപത്തയ്യായിരം ഉറുപ്പിക പെട്ടെന്നു് എടുക്കാനില്ലാത്ത ആളാണു് ഞാനെന്നു് വിചാരിച്ചുവോ?”
“അയാം സോറി. ഐ ഡിന്റ് മീൻ ഇറ്റ്.” ഡിസൂസ ക്ഷമാപണത്തോടെ പറഞ്ഞു. സന്തോഷം കൊണ്ടു് അയാളുടെ ശബ്ദം അടഞ്ഞുപോയിരുന്നു. സംഗതി ഇത്ര എളുപ്പമാവുമെന്നു കരുതിയിരുന്നതല്ല. കുറച്ചൊരു വിലപേശലുണ്ടാകും. എങ്ങിനെയായാലും ഒരു പതിനഞ്ചിൽ നിർത്താൻ പറ്റുമെന്നൊക്കെ കരുതിയതായിരുന്നു. അയാൾ ആശ്വാസത്തോടെ സോഫയിൽ ചാരിയിരുന്നു. കീശയിൽ നിന്നു് ഒരു പനാമ സിഗരറ്റെടുത്തു് ചുണ്ടിൽ വെക്കാൻ പോയപ്പോൾ, അമർനാഥ് സ്റ്റേറ്റ് എക്സ്പ്രസ്സിന്റെ ഒരു പെട്ടി തുറന്നു് നീട്ടി.
“ഒരു ഫോറിൻ സിഗററ്റായി കൂടെ?”
“ശരി താങ്ക്സ്.”
അമർനാഥ് ഒരു സിഗററ്റെടുത്തു കത്തിച്ചു, സോഫയിൽ ചാരിയിരുന്നു.
“എങ്ങിനെയുണ്ടു് ബിസിനസ്സ്?”
“എന്തു ബിസിനസ്സ്?” മൈക്കൽ ഞെട്ടി ചോദിച്ചു.
“അല്ല നിങ്ങളുടെ ഈ ബിസിനസ്സ്.”
“ഉം തരക്കേടില്ല. പിന്നെ മെയിൻ ബിസിനസ്സ് റേഡിയോ റിപ്പയർ ആണു്.”
അമർനാഥ് ആലോചിക്കുകയായിരുന്നു. മൈക്കൽ ഒന്നും പറയാതെ ഇരുന്നു. താൻ എന്തെങ്കിലും പറഞ്ഞാൽ സ്ഥിതിഗതികൾ തനിയ്ക്കു് പ്രതികൂലമായെങ്കിലോ എന്നയാൾ പേടിച്ചു.
ഒരിക്കൽകൂടി വലിച്ചു് സിഗററ്റ് ആഷ്ട്രേയിൽ കെടുത്തി അമർനാഥ് പറഞ്ഞു.
“ഒരു ബ്ലാക്ക് മെയ്ലറെ നേരിടാൻ രണ്ടു കാര്യങ്ങളുണ്ടെന്നു് കേട്ടിട്ടുണ്ടു്. ഒന്നു്, അയാളെ വധിക്കുക. രണ്ടു് അയാൾ പറയുന്ന സംഖ്യ കൊടുക്കുക. വധിക്കാൻ താൽപര്യമില്ല. കാരണം ഒരാളെ കൊന്ന ശേഷം അധികകാലമൊന്നും നിയമത്തിനെതിരെ പിടിച്ചു നിൽക്കാനാവില്ല. ഒരു കഴുമരത്തിൽ ജീവിതം ഒടുക്കാൻ എനിക്കുദ്ദേശമില്ല. പിന്നെയുള്ളതു് രണ്ടാമത്തെ വഴിയാണു്. പണം കൊടുക്കുക. നിങ്ങൾക്കു് നാളെ വരാൻ പറ്റുമോ?”
“തീർച്ചയായും സർ”, മൈക്കൽ പറഞ്ഞു.
“എന്നാൽ നാളെ രാവിലെ വരു. ഈ രണ്ടു പോംവഴിയല്ലാതെ മൂന്നാമതൊരു വഴിയുണ്ടോ എന്നു് ഞാൻ നോക്കട്ടെ.”
പോക്കറ്റിൽ നിന്നു് ഫോട്ടോ എടുത്തു നോക്കിക്കൊണ്ടു് അമർനാഥ് തുടർന്നു.
“ഈ ഫോട്ടോവിനു് നന്ദി. നിങ്ങൾ ഒരു നല്ല ഫോട്ടോഗ്രാഫറാണു്.”
“താങ്ക്യൂ സർ.”
പിറ്റേന്നു് രാവിലെ അമർനാഥിന്റെ വാതിൽക്കൽ ബെല്ലടിച്ചു കാത്തുനിന്ന മൈക്കൽ ഡിസൂസ വളരെ ശ്രദ്ധിച്ചാണു് വസ്ത്രധാരണം ചെയ്തിരുന്നതു്. ഫുൾസ്ലീവുള്ള ഷർട്ട്. സ്വർണ്ണനിറമുള്ള കഫ്ലിങ്ങ്സ്, കടം വാങ്ങിയ ഒരു ടൈ. (അതു് മറ്റു വസ്ത്രങ്ങളുമായി യാതൊരു വിധത്തിലും യോജിച്ചിരുന്നില്ല.) പിന്നെ പോളിഷ് ഇട്ട ഷൂ. തലേന്നു് വളരെ മോശം വസ്ത്രങ്ങളുമായി അമർനാഥിന്റെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ അപകർഷതാബോധമുണ്ടായിരുന്നു. നല്ല വസ്ത്രങ്ങളുണ്ടെങ്കിലേ ഒരു ആത്മവിശ്വാസം ഉണ്ടാവു. അഥവാ അമർനാഥ് വില പേശാൻ തുടങ്ങിയെങ്കിൽ, അതിനെ ചെറുത്തു നിൽക്കാൻ ആത്മവിശ്വാസം ആവശ്യമാണു്.
പക്ഷെ, വാതിൽ തുറന്ന അമർനാഥിനെ കണ്ടപ്പോൾ അയാൾ നിരാശനായി. അമർനാഥ് അപ്പോഴും പൈജാമയിലായിരുന്നു. ഷർട്ടില്ല. കഴുത്തിൽ ഒരു സ്വർണ്ണമാല. താടി വടിച്ചിട്ടുണ്ടായിരുന്നില്ല. തലമുടികുഴഞ്ഞു മറിഞ്ഞു കിടക്കുന്നു.
“ഹല്ലോ മി. ഡികോസ്റ്റാ, യുവാർ ഏർലി. കമിൻ.”
“ഡിസൂസ.” അയാൾ തിരുത്തി.
“മേയ്ക്ക്സ് നോ ഡിഫറൻസ്. നിങ്ങൾ എന്താണു് കുടിക്കുന്നതു്? ചായ, കോഫി ഓർ എനിതിംഗ് ഹോട്ട്.”
“താങ്ക്യൂ. എനിയ്ക്കു് കുറച്ചു ധൃതിയുണ്ടു്.”
മൈക്കൽ പറഞ്ഞു. അമർനാഥിനു് ഒരു മേൽക്കയ്യു് കൊടുക്കുന്നതു് തനിക്കു് നന്നാവില്ലെന്നയാൾക്കറിയാം. അമർനാഥ് സംസാരിച്ചു് തന്നെ വീഴ്ത്താനുള്ള ശ്രമത്തിലാണു്. മൈക്കൽ അതിലൊന്നും വീഴുന്ന ആളല്ല.
“ഓ, ശരി.” അമർനാഥ് പറഞ്ഞു. “നമുക്കു് ഒരഞ്ചു മിനിറ്റ് ഇവിടെയിരുന്നു് സംസാരിക്കാം. പിന്നെ പുറത്തു പോവാം? സിഗററ്റ്?”
“ശരി, താങ്ക്സ്.”
“എന്താണു് നിങ്ങളുടെ ഉദ്ദേശം?”
മൈക്കൽ നിവർന്നിരുന്നു. കഴുത്തിൽ കുടുങ്ങിക്കിടക്കുന്ന ടൈ വലിച്ചു നീട്ടി.
“ഞാൻ പറയാം.” അമർനാഥ് തുടർന്നു. “ഞാൻ ഇരുപത്തയ്യായിരം ഉറുപ്പിക തന്നില്ലെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതന്മാരോടും ബന്ധുക്കളോടും നിങ്ങൾ അന്നുരാത്രി ഹെൽഫയറിൽ കണ്ട കാര്യങ്ങൾ പറയും. അതു ശരിയാണെന്നു തെളിയിക്കാൻ കയ്യിലുള്ള ഫോട്ടോവും കാണിക്കും ശരി?”
“ശരി.” മൈക്കൽ പറഞ്ഞു. മുഖം ആവുന്നത്ര രൂക്ഷമാക്കാൻ അയാൾ ശ്രദ്ധിച്ചു.
“ഈ ഇരുപത്തഞ്ചെന്നതു് ഞാൻ പിശകിയാൽ പതിനഞ്ചിലേക്കു താഴുമായിരിക്കും, അല്ലെ?”
ശരിയെന്നോ, അല്ലെന്നോ ഉള്ളെന്ന അർത്ഥത്തിൽ മൈക്കൽ മൂളി.
“ഹൗ ടെറിബിൾ.” അമർനാഥ് പറഞ്ഞു. “ഞാനും നികിതയും കൂടി നഗ്നരായി കിടക്കുന്ന ഫോട്ടോ അവരെല്ലാം കാണുക!”
അമർനാഥ് തലയിൽ കൈ വെച്ചു് മുട്ടു കുത്തിയിരുന്നു. മൈക്കൽ സന്തോഷത്തോടെ ടൈ മുറുക്കി. ഈ ആഘാതത്തിൽ നിന്നു് അമർനാഥ് ഒന്നു് എണീക്കട്ടെ.
അമർനാഥ് എണീക്കുക തന്നെ ചെയ്തു. അയാൾ ഉറക്കെ വിളിച്ചു. “ഡമ്മി.”
തലേന്നു് കണ്ട വേലക്കാരൻ പ്രത്യക്ഷപ്പെട്ടു.
“ഷർട്ട് ലാവോ.”
അവൻ കൊണ്ടുവന്ന ഷർട്ട് ഇട്ടുകൊണ്ടു് അമർനാഥ് പറഞ്ഞു.
“പോകാം.”
“എങ്ങോട്ടു്?” മൈക്കൽ പെട്ടെന്നു് പരിഭ്രാന്തനായി. “നോ ഫൗൾ പ്ലേ മി. അമർനാഥ്.”
“ഏയു് ഈ കെട്ടിടത്തിൽ തന്നെയാണു്.”
ഷോ കേസിനു മുകളിൽ കിടന്ന ചെറിയ ഒരു കവർ എടുത്തു് കീശയിലിട്ടു് അയാൾ വാതിൽ തുറന്നു.
ലിഫ്റ്റിന്റെ മുമ്പിൽ ഒരു നിമിഷം നിന്നശേഷം അമർനാഥ് പറഞ്ഞു. “അല്ലെങ്കിൽ നമുക്കു് നടക്കാം.”
രണ്ടാം നിലയിൽ എട്ടാംനമ്പർ ഫ്ളാറ്റിൽ ബെല്ലടിച്ചു് അയാൾ കാത്തു നിന്നു. വാതിൽ തുറന്നതു് ഒരു തടിച്ച സ്ത്രീ.
“തരുൺഭായ് ഇല്ലെ?”
“ഉണ്ടു്.” അവർ വാതിൽ തുറന്നു പിടിച്ചു. അമർനാഥ് മൈക്കലിനോടൊപ്പം അകത്തുകയറി. തരുൺഭായ് ഒരു ദിവാനിൽ കിടക്കുകയായിരുന്നു. പൈജാമ മാത്രം. വലിയ കുടവയർ. അമർനാഥിനെ കണ്ടതും അയാൾ ചിരിക്കാൻ തുടങ്ങി.
“ഹോ, ഹോ, അമർനാഥ് സാബ്. ഇത്ര രാവിലെ തന്നെ? ഹൊ, ഹൊ.”
“ഇദ്ദേഹം മി. മൈക്കൽ ഡിസൂസ. ആം ഐ റൈറ്റ്?” അയാൾ മൈക്കലിനു നേരെ തിരിഞ്ഞു. അയാൾ തലയാട്ടി.
“ഇദ്ദേഹം ഒരു പ്രൊഫഷണൽ ബ്ലാക്ക് മെയ്ലറാണു്. തൽക്കാലം എന്നെ ബ്ലാക്ക് മെയ്ൽ ചെയ്യാൻ വന്നതാണു്. ഞാനും നികിതയുംകൂടി ഹോട്ടൽ ഹെൽഫയറിൽ 204-ആം മുറിയിൽ എന്തോ ഒപ്പിക്കുന്നതു് ഇയാൾ കണ്ടു. അതു ക്യാമറയിൽ പകർത്തുകയും ചെയ്തു. ഇൻസിഡന്റലി മി. മൈക്കൽ ഈസ് എ വെരി ഗുഡ് ഫോട്ടോഗ്രാഫർ.”
മൈക്കൽ വിളറിവിയർത്തു കഴിഞ്ഞിരുന്നു.
“മി. മൈക്കിൽ. ഇനി പറഞ്ഞുകൊള്ളു. വല്ലതും കൂടുതൽ പറയാനുണ്ടെങ്കിൽ.”
അയാൾ പതറി. അയാൾ സ്വരം താഴ്ത്തി പറഞ്ഞു. “മി. അമർനാഥ് എനിയ്ക്കു് നിങ്ങളോടു് ഒരു കാര്യം പറയാനുണ്ടു്.”
തരുൺഭായിയുടെ ഭാര്യ രണ്ടു ഗ്ലാസ്സിൽ തണുത്ത വെള്ളം കൊണ്ടുവന്നു വെച്ചു. മൈക്കൽ ഒറ്റ ശ്വാസത്തിൽ ഗ്ലാസ്സിലെ വെള്ളം മുഴുവൻ അകത്താക്കി. അയാളുടെ തൊണ്ടവറ്റി വരണ്ടിരുന്നു.
“അപ്പോൾ താങ്കൾക്കു് തരുൺഭായിയുമായി ഒന്നും പറയാനില്ലെ? തരുൺ പരേഖാണു് എന്റെ ഏറ്റവും വലിയ സ്നേഹിതൻ.”
“നമുക്കു് പോകാം.” മൈക്കൽ പറഞ്ഞു.
“ശരി.”
വാതിലിനു പുറത്തെത്തിയപ്പോൾ മൈക്കൽ പറഞ്ഞു.
“മി. അമർനാഥ്, ഞാൻ പറഞ്ഞ സംഖ്യയെപ്പറ്റി നമുക്കു് ഒന്നുകൂടി ആലോചിക്കാം. ഒരുപക്ഷെ, ഒരു ഇരുപതിൽ സെറ്റിൽ ചെയ്യാം. നിങ്ങളെ വല്ലാതെ കഷ്ടപ്പെടുത്തണമെന്നില്ല.”
“സംഖ്യ കുറക്കേണ്ട ആവശ്യമൊന്നുമില്ല. ഞാൻ അതിനെപ്പറ്റി സംസാരിച്ചിട്ടില്ലല്ലൊ. കുറയ്ക്കുകയെന്നതിനർത്ഥം നിങ്ങളുടെ വില കുറയ്ക്കുകയെന്നാണു്. ഒരു കോണികൂടി കയറിക്കൂടെ?”
മൂന്നാം നിലയിൽ പന്ത്രണ്ടാം നമ്പർ ഫ്ളാറ്റിൽ ബെല്ലടിച്ചു് അമർനാഥ് കാത്തുനിന്നു. വാതിൽ തുറന്നതു് വളരെ ഭംഗിയുള്ള ഒരു ചെറുപ്പക്കാരിയായിരുന്നു. അയാൾ അകത്തുകടന്നതും അവൾ അയാളെ കെട്ടിപ്പിടിച്ചുമ്മ വെച്ചു.
“ഓ ഡാർലിംഗ്. ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടു് ഷേവ് ചെയ്യാതെ നടക്കരുതെന്നു്. എന്റെ കവിളുകൾ വേദനിച്ചു.”
അപ്പോഴാണു് പിന്നിൽ അനങ്ങാതെ നിൽക്കുന്ന ആളെ കണ്ടതു്. അവൾ വേഗം പിൻമാറി. അമർനാഥ് പരിചയപ്പെടുത്തി.
“ഇദ്ദേഹം മി. മൈക്കൽ ഡിസൂസ. ഒരു പ്രൊഫഷണൽ ബ്ലാക്ക് മെയ്ലർ. ഇതു് എന്റെ ഫിയാൻസി മിസ്സ് കപാഡിയാ.”
“ഓ ഡാർലിംഗ്. നീ എന്തിനാണു് ഈ വക ക്രീപ്പുകളെ ഇങ്ങോട്ടു കൊണ്ടുവരുന്നതു്?”
“ക്രീപ്പ് ഇൻഡീഡ്.” മൈക്കൽ മുറുമുറുത്തു.
“ഇദ്ദേഹത്തിനു് നിന്നോടെന്തോ പറയാനുണ്ടത്രെ.”
“വരു.”
“മി. അമർനാഥ്.” മൈക്കൽ പറഞ്ഞു. “നമുക്കു് പോകാം. എനിയ്ക്കു് നിങ്ങളോടു് സംസാരിക്കാനുണ്ടു്.”
അമർനാഥ് ഉള്ളിൽ കടന്നു് ഇരുന്നു കഴിഞ്ഞു. മൈക്കൽ ഇരുന്നപ്പോൾ അമർനാഥ് പറഞ്ഞു.
“കഴിഞ്ഞ ആഴ്ച ഹെൽഫയറിൽ 204-ആം നമ്പർ മുറിയിൽ ഞാൻ നികിതയുടെ ഒപ്പം ഉണ്ടായിരുന്നതു് ഇദ്ദേഹം ഫോട്ടോ എടുത്തിട്ടുണ്ടു്. അദ്ദേഹം അതു കാണിച്ചു തരും.”
“ഓ ഡാർലിംഗ് യുവാർ വെരി വെരി നാട്ടി. ഇനിയും അങ്ങിനെ വല്ലതും ചെയ്താൽ ഞാൻ പിണങ്ങും കേട്ടോ.”
അവൾ അമർനാഥിന്റെ അടുത്തു വന്നിരുന്നു. തോളിൽ കയ്യിട്ടു.
“നീ ഈ ക്രീപ്പിനെ പറഞ്ഞയക്കു്. അച്ഛനും അമ്മയും പുറത്തു പോയിരിക്കയാണു്. വി വിൽ ഹാവ് എ നൈസ് ടൈം.”
മൈക്കൽ വിയർക്കുകയായിരുന്നു. അയാൾ ടൈ അയവാക്കി, ഷർട്ടിന്റെ ബട്ടൺ അഴിച്ചു.
“നോട്ട് നൌ ഡിയർ.” അമർനാഥ് പറഞ്ഞു. “എനിയ്ക്കു് ഒരിടത്തുകൂടി പോകാനുണ്ടു്.”
മൈക്കൽ എഴുന്നേറ്റു് വാതിലിനു പുറത്തെത്തിയിരുന്നു. പിന്നിൽ നിന്നു കേട്ട സീൽക്കാരം എടുത്തു കളയാനെന്ന വണ്ണം അയാൾ ചെവിയിൽ വിരലിട്ടു് കുടഞ്ഞു.
ലിഫ്റ്റിൽ താഴോട്ടിറങ്ങുമ്പോൾ മൈക്കൽ പറഞ്ഞു.
“മി. അമർനാഥ്, നമുക്കു് സംഖ്യ കുറച്ചുകൂടി ചുരുക്കാം. ശരിയ്ക്കും എനിയ്ക്കു് പതിനഞ്ചേ വാങ്ങാൻ ഉദ്ദേശമുള്ളു. എനിക്കു് പോകാൻ ധൃതിയുണ്ടു്. അതുകൊണ്ടു് വേണമെങ്കിൽ നമുക്കു് ഒരു പത്തിൽ നിർത്താം.”
“ഡോണ്ട് ലൂസ് ഹാർട്ട്.” അമർനാഥ് പറഞ്ഞു. “നമുക്കു് അടുത്തൊരിടത്തേയ്ക്കു് പോകാനുണ്ടു്.”
താഴെ അയാളുടെ വാലിയക്കാരൻ കാറു് തുടച്ചുകൊണ്ടിരിക്കയായിരുന്നു. അതിൽ കയറി മൈക്കലിനു കയറാനായി മറ്റെ വാതിൽ തുറന്നു് അയാൾ എഞ്ചിൻ സ്റ്റാർട്ടാക്കി.
“മി. അമർനാഥ്, നമുക്കു് കുറച്ചുകൂടി സംസാരിക്കാം.”
“ഇവിടെ അടുത്താണു്. നാലുകിലോമീറ്റർ മാത്രം.”
വില്ലെ പാർലെയിൽ ഒരു ബംഗ്ലാവിന്റെ മുമ്പിൽ കാർ നിർത്തി. അയാൾ പുറത്തിറങ്ങി.
“വരു.”
മൈക്കൽ ഷർട്ടിന്റെ ബട്ടനിട്ടു് ടൈ മുറുക്കിക്കെട്ടി പുറത്തിറങ്ങി അയാൾ വളരെ അസ്വസ്ഥനായിരുന്നു. ജീവിതത്തിൽ ഒരിക്കലും ഇത്രയധികം ആഡംബരമുള്ള സ്ഥലങ്ങളിൽ അയാൾ കയറിയിറങ്ങിയിട്ടില്ല. രാവിലത്തെ ട്രെന്റ് വെച്ചു നോക്കുമ്പോൾ ഇതു് അവസാനത്തെ അടിയാവാനും മതി.
“മി. അമർനാഥ് നമുക്കു് കുറച്ചുനേരം സംസാരിച്ചുകൂടെ? പത്തിനുപകരം അഞ്ചിൽ സെറ്റിൽ ചെയ്യാനും ഞാൻ ഒരുക്കമാണു്. വെറും അയ്യായിരം മതി.”
അമർനാഥ് ഒന്നും പറയാതെ നടക്കുകയായിരുന്നു. വേലക്കാർ അയാളെ കണ്ടപ്പോൾ തലതാഴ്ത്തി വന്ദിച്ചു.
മൈക്കൽ അയാളെ പിൻതുടർന്നു. എത്തിയതു് ഒരു എയർകണ്ടീഷൻ ചെയ്ത ഓഫീസ് മുറിയിൽ പരവതാനി ചുമരിൽ വാൾ പേപ്പർ. ഫ്രഞ്ച് പെർഫ്യൂമിന്റെ വാസന. ഒരറ്റത്തു് മേശയ്ക്കു പിന്നിലെ റിവോൾവിംഗ് കസേലയിൽ ഒരു മദ്ധ്യവയസ്കൻ. വെളുത്തു് തടിച്ചു് അല്പം കഷണ്ടി.
“ഇരിക്കു.” അയാൾ ഫയൽ അടച്ചുവെച്ചു് പറഞ്ഞു. അമർനാഥ് മൈക്കലിനെ പരിചയപ്പെടുത്തി.
“മി. മൈക്കൽ…”
മി. അമർനാഥ്. മൈക്കൽ പതുക്കെ പറഞ്ഞു. “നമുക്കു് ഒരിക്കൽക്കൂടി ഡിസ്കസ് ചെയ്യാം. ഏന്റ് ഫോർ ഹെവൻസ് സേക്കു് ഡോൺട് ഇൻട്രൊഡ്യൂസു് മി ഏസ് എ ബ്ലാക്ക് മെയ്ലർ.”
“ദിസീസ് മി. മൈക്കൽ ഡിസൂസ.” അമർനാഥ് പരിചയപ്പെടുത്തി. “അദ്ദേഹം ഒരു ബ്ലാക്ക് മെയ്ലർ എന്നു വിശേഷിപ്പിക്കാൻ ആഗ്രഹമില്ലാത്ത ആളാണു്. വളരെ വിനയശീലൻ. ഇതു് മി. സാഹ്നി. ഒരു ഫിലിം പ്രൊഡ്യൂസർ. നിങ്ങൾ എടുത്ത ഫോട്ടോ ഇദ്ദേഹത്തിന്റെ ഭാര്യയുടേതാണു്. നികിതാ സാഹ്നി.”
“ഫോട്ടോ? എന്തു ഫോട്ടോ.” സാഹ്നി തിരക്കി.
“അതെയതെ ഫോട്ടോ.” അമർനാഥ് പറഞ്ഞു. “ഞാനും നികിതയും കൂടി കഴിഞ്ഞ ആഴ്ച ഹെൽഫയറിൽ 204-ആം മുറിയിൽ കുറച്ചു് അത്യാവശ്യക്കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.”
“അത്യാവശ്യക്കാര്യങ്ങൾ. ഹാ, ഹാ, ഹാ…” സാഹ്നി ഉറക്കെ ചിരിക്കാൻ തുടങ്ങി. രാത്രി ഹെൽഫയറിൽ 204-ആം നമ്പർ മുറിയിൽ, നികിതയുടെ ഒപ്പം അത്യാവശ്യകാര്യങ്ങൾ. ഹാ, ഹാ, എന്നിട്ടെന്തുണ്ടായി?”
“ഇദ്ദേഹം ഗ്യാലറിയിൽ ഒളിച്ചിരുന്നു് ഞങ്ങളുടെ ഫോട്ടോ എടുത്തു.”
“ഫോട്ടോ എവിടെ? കയ്യിലുണ്ടോ?”
അമർനാഥ് ഷർട്ടിന്റെ പോക്കറ്റിൽ നിന്നു് വളരെ സൂക്ഷ്മമായി ഒരു കവർ എടുത്തു് സാഹ്നിക്കു് കൊടുത്തു. സാഹ്നി അതു തുറന്നു് ഫോട്ടോ കയ്യിലെടുത്തു.
“ബ്യൂട്ടിഫുൾ.” അയാൾ പറഞ്ഞു. “റിയലി ബ്യൂട്ടിഫുൾ. ഞാൻ ഇങ്ങനെ ഒരു ഫോട്ടോ കിട്ടാൻ കൊതിക്കുകയായിരുന്നു. ഇപ്പോൾ എന്റെ കയ്യിലൊരായുധമുണ്ടു്. മി. അമർനാഥ്, ഞാൻ ഇതു് എടുക്കട്ടെ?”
“തീർച്ചയായും.” അയാൾ പറഞ്ഞു.
“ദാറ്റ് ബിച്ച്. എന്നെ കുറെക്കാലമായി ബ്ലാക്ക് മെയിൽ ചെയ്യുന്നു. എന്റെയും ഒരു എക്സ്ട്രാ നടിയുടെയും കൂടിയുള്ള ഒരു ഫോട്ടോ അവളുടെ കയ്യിലുണ്ടു്. അതും വെച്ചു് ഞാൻ ഇതിനകം ഒരു ലക്ഷത്തിലധികം കൊടുത്തു കഴിഞ്ഞു. ഐ വിൽ ടീച്ചു് ദാറ്റ് ബിച്ചു് എ ലസ്സൻ.”
മൈക്കൽ നിസ്തേജനായി ഇരുന്നു. പിന്നെ അർദ്ധപ്രജ്ഞനായി അയാൾ കാറിൽ കയറി. ബാന്ദ്ര സ്റ്റേഷന്റെ അടുത്തെത്തിയപ്പോൾ അമർനാഥ് ചോദിച്ചു.
“ഇവിടെ ഇറങ്ങുന്നോ?”
മൈക്കൽ ഞെട്ടിയുണർന്നു.
“ശരി, ഞാൻ ഇവിടെ ഇറങ്ങാം.” പെട്ടെന്നാണു് കയ്യിൽ കാശൊന്നുമില്ലെന്നു് അയാൾ ഓർത്തതു്. കൊളാബ വരെ പോണം.
“താങ്കൾ ദയവുചെയ്തു് രണ്ടുറുപ്പിക തരുമോ? വണ്ടിക്കൂലിക്കാണു്.”
“ഐ ആം സോറി മൈക്കൽ. ഒരു പക്ഷെ, നിങ്ങൾ ഒരു പുതിയ ലൈൻ തുടങ്ങുന്നതു് നന്നായിരിക്കും. ഇരക്കൽ.”
അയാൾ കാറിൽ നിന്നിറങ്ങി. പൊള്ളുന്ന വെയിലിൽ അമർനാഥിന്റെ കാർ ഇരമ്പിപ്പോകുന്നതും നോക്കി അയാൾ നിന്നു. ഒരു മര്യാദക്കാരനായ ബ്ലാക്ക് മെയ്ലർക്കുപോലും ജീവിക്കാൻ കൊള്ളരുതാത്ത വിധം അധപതിച്ചുപോയ ലോകത്തെ ഓർത്തു് അയാൾ കണ്ണീർ പൊഴിച്ചു.