images/munch-fantasia-di-parole-e-paesaggi.jpg
Girls on the Bridge, a painting by Edvard Munch (1863–1944).
മണിയറയിൽനിന്നു് ഓടിപ്പോയവർ

അവർ ആദ്യരാത്രിയിൽ മണിയറയിൽ നിന്നു് ഓടിപ്പോയവരായിരുന്നു. പതുപതുത്ത കിടക്ക, മുല്ലപ്പൂവിന്റെ ചൂഴ്‌ന്നു നില്ക്കുന്ന വാസന, തട്ടിൽ തൂങ്ങുന്ന അലങ്കാരപ്പണിയുള്ള വിളക്കിൽനിന്നു വന്ന നീലവെളിച്ചം, അരികിൽ കിടക്കുന്ന സ്വപ്നം. എന്നിട്ടും അയാൾ പറഞ്ഞു, “നമുക്കു് ഇവിടെ നിന്നു് ഓടിപ്പോവാം.”

അവൾക്കയാളെ പെട്ടെന്നു് ഇഷ്ടപ്പെട്ടു. അവൾ വിവാഹമെന്തെന്നു് അറിഞ്ഞിരുന്നതിനു മുമ്പു് രാത്രികളിൽ കണ്ടിരുന്ന സ്വപ്നങ്ങളിൽ ഒന്നായിരുന്നു അതു്. നിറയെ ജാലകങ്ങളും, കൂറ്റൻ വാതായനങ്ങളുമുള്ള ഒരു മലയിലായിരുന്നു അവളുടെ മണിയറ. അവൾ കുട്ടിയായിരുന്നപ്പോൾ ചിത്രപുസ്തകത്തിൽ കണ്ട രാജകുമാരനെപ്പോലെ ഒരാളായിരുന്നു അവളുടെ വരൻ. രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ രാജകുമാരൻ അവളുടെ കൈപിടിച്ചു് ഓടി താഴ്‌വരയിൽ കാത്തുനിന്ന കുതിരയുടെ പുറത്തു കയറി പോയി. വീണ്ടും വീണ്ടും ചില്ലുജാലകങ്ങളും കൂറ്റൻ വാതായനങ്ങളും സ്വപ്നത്തിൽ വന്നപ്പോഴെല്ലാം അവൾ മീശവച്ച രാജകുമാരനേയും അയാളോടൊപ്പം വനാന്തരങ്ങളിൽ നിലാവുതട്ടി തിളങ്ങുന്ന ഇലകളുള്ള ചെടികൾക്കിടയിലൂടെയുള്ള ഓടിപ്പോക്കും ഓർത്തു.

ആ സ്വപ്നമോർത്തു് അവൾ പറഞ്ഞു: “നമുക്കോടിപ്പോവാം അല്ലേ?”

“അതെ,” അയാൾ പറഞ്ഞു. അയാളുടെ ഇടത്തെ കൈ അവളുടെ അരക്കെട്ടിലായിരുന്നു. കുറച്ചുമുമ്പാണു് അവൾ പറഞ്ഞതു്, “അവിടെത്തന്നെ വെച്ചാൽ മതി, മുകളിലേക്കു കയറണ്ട, താഴോട്ടിറങ്ങുകയും.”

അയാൾ ചിരിച്ചു. പരുപരുത്ത ചിരി. അവൾ ആലോചിച്ചു, ഈ ചിരി ആരുടെ പോലെയാണു്?

അയാൾ താഴെ സ്വീകരണമുറിയിൽ ഏതാനും മണിക്കൂറുകളുടെ പരിചയത്തിന്റെ തണലിൽ തൽക്കാലം അഭയം തേടിയതു് ഓർത്തു. തടിച്ചു് കണ്ണടയിട്ട, രതിയുടെ കസിനാണെന്നു പറഞ്ഞ ഭരതൻ എന്നു പേരുള്ള ചെറുപ്പക്കാരൻ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരുന്നു. അയാൾ പറഞ്ഞു.

“ഇപ്പോൾ ശശിയെ ഒരാൾ കാത്തിരിക്കുന്നുണ്ടാവും.”

അയാൾ രതിക്കുവേണ്ടി ചുറ്റും നോക്കുകയായിരുന്നു. അവളിപ്പോൾ മണിയറയിലായിരിക്കുമെന്നു് അയാൾ ഊഹിച്ചു. സമയം പത്തരയായിരിക്കുന്നു. എന്താണാരും വരാത്തതു്? അയാളുടെ വിചാരധാര മനസ്സിലാക്കിയിട്ടായിരിക്കണം, ഭരതൻ പറഞ്ഞു:

“ഞാൻ പോയി നോക്കട്ടെ, എന്താണവർ ചെയ്യുന്നതെന്നു്.”

മാലയിടലും മോതിരംമാറലും കഴിഞ്ഞശേഷം രതിയുടെ കൈപിടിച്ചു് മണ്ഡപം വലംവച്ചു് മുകളിൽ മണിയറയിലേക്കു നടക്കുമ്പോൾ മുന്നിൽ വിളക്കുപിടിച്ചു നടന്ന പെൺകുട്ടിയെ ഓർത്തു. നടക്കുന്നതിനിടയിൽ ഒരു നിമിഷം അടുത്തേക്കു നീങ്ങി നിന്നു് അവൾ മന്ത്രിച്ചു: “മുറുക്കെ പിടിച്ചോളു.”

അയാൾ തന്റെ പിടി മുറുക്കിയപ്പോൾ രതിയുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി, പിന്നീടു് അതിന്റെ കാരണം പറഞ്ഞപ്പോൾ ഒരു വലിയ ചിരിയായി മാറി.

അതുകാരണം മണിയറയിൽ കട്ടിലിന്മേലിരുന്നു് അമ്മയും അമ്മായിയും സ്പൂണിൽ വായിൽ ഒഴിച്ചുതന്ന പാൽ കുടിക്കുമ്പോഴും ആ ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.

പെണ്ണിനു വളരെ സന്തോഷായിരിക്കുന്നു. അമ്മായി പറഞ്ഞു.

“എങ്ങിന്യാ സന്തോഷാവാതിരിക്യാ?”

മധുരമായി കൊള്ളിവാക്കുകൾ പറയുന്ന ആ പെൺകുട്ടി. പിന്നെ ചിരിയുടെ സ്ഫോടനങ്ങൾ. സ്വീകരണ മുറിയുടെ വാതില്ക്കൽ ഭരതൻ തിരിച്ചെത്തി.

രതി ശശിക്കുവേണ്ടി മുറുക്കാനുണ്ടാക്കുന്നുണ്ടു്.

അയാൾ പെട്ടെന്നു പകച്ചു. അയാൾ മുറുക്കാറില്ല. പിന്നെ, പിന്നാലെ വന്ന അമ്മായി വീണ്ടും എല്ലാവർക്കും ഒന്നിച്ചിരുന്നു മുറുക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ അയാൾക്കു് ആശ്വാസമായി. ഇതൊരു കെണിയാണു്. അയാൾ സന്തോഷിച്ചു. അയാൾ എഴുന്നേറ്റു. രതിയുടെ ലജ്ജാശീലനായ അനുജനും, ഭരതനും ശീട്ടുപെട്ടിയെടുത്തു റമ്മിക്കു് പാർട്ടണർമാരെ അന്വേഷിക്കുകയായിരുന്നു.

അമ്മായിയുടെ പിന്നാലെ നടന്നു് മുകളിൽ മണിയറയിൽ എത്തിയപ്പോഴാണു് മുറുക്കൽ എന്ന സംഭവത്തിന്റെ ഗൗരവം മനസ്സിലായതു്. മുറി നിറയെ സ്ത്രീകൾ. ഇത്രയധികം സ്ത്രീകൾ എവിടെനിന്നു വന്നു? അവർ നിലത്തു പുൽപ്പായു് വിരിച്ചു് ഇരിക്കുകയായിരുന്നു. രതി കട്ടിലിൽ മുഖം കുനിച്ചു് ഇരിക്കുന്നു.

“ഞങ്ങൾക്കൊക്കെയൊന്നു നല്ലവണ്ണം കാണാൻ വേണ്ടിയാണു വിളിച്ചതു്. പകലൊന്നും നല്ലവണ്ണം കാണാൻ പറ്റിയില്ല.”

“ആർക്കു കാണാൻ വേണ്ടി?”

ആ പെൺകുട്ടിയാണു്. കൂട്ടച്ചിരിയുയർന്നു. രതി പരിഭവത്തോടെ അവളെ നോക്കുന്നതു് അയാൾ ഇടം കണ്ണിട്ടു നോക്കി. അയാൾ കട്ടിലിൽ അവളുടെ അടുത്തിരുന്നു. അവളുടെ ചുണ്ടിൽ ചിരി.

“ശശിക്കു് മുറുക്കാൻ ഉണ്ടാക്കിക്കൊടുക്കൂ രതീ,” അമ്മ പറഞ്ഞു.

അവൾ എഴുന്നേറ്റു മുറിയുടെ നടുവിൽ പുൽപ്പായിൽ നിലവിളക്കിനടുത്തു വെച്ച താലത്തിൽ നിന്നു വെറ്റിലയെടുത്തു് നേർത്ത വിരലുകൾകൊണ്ടു് വാസനച്ചുണ്ണാമ്പുതേച്ചു് അടക്കയിട്ടു മടക്കി അയാൾക്കു കൊണ്ടുവന്നു കൊടുത്തു.

“ഇവൻ എന്റെ നാവു പൊള്ളിക്കും തീർച്ച.” അയാൾ മനസ്സിൽ കരുതി, വെറ്റില വായിലിടാതെ കൈയിൽ വെച്ചിരുന്നു.

“നമുക്കു പോകാം.” അമ്മായി പറഞ്ഞു. ഇവർക്കു് ഉറങ്ങാൻ സമയമായിട്ടുണ്ടാകും. രതീ, നിന്റെ ഭർത്താവിന്നു വേണ്ട സുഖസൗകര്യമെല്ലാം നീ നോക്കണം. ഇന്നുമുതല്ക്കു നീയാണു ശശിയുടെ കാര്യങ്ങളെല്ലാം നോക്കേണ്ടതു്.

“അതു പറയ്യ്യന്നെ വേണം ചേച്ച്യേ.” അവൾക്കു കുട്ടിക്കളി ഇപ്പോഴും മാറീട്ടില്ല.

“മോളെ, കിടക്കാറായാൽ ഈ നിലവിളക്കു കെടുത്തണം കേട്ടോ. പടുതിരി കത്താൻ എട്യാക്കരുതു്.”

അവസാനം പുറത്തുകടന്നതു് ആ പെൺകുട്ടിയായിരുന്നു. അവൾ രതിയുടെ ചെവിയിൽ എന്തോ മന്ത്രിച്ചു. രതി ഉറക്കെ ചിരിച്ചു: “പോ പെണ്ണെ!.”

എല്ലാവരും പോയപ്പോൾ അയാൾ ചോദിച്ചു. “എന്തായിരുന്നു സ്വകാര്യം?”

അവൾ ലജ്ജിച്ചു. “ഒന്നുമില്ല.”

പിന്നെ ചോദ്യങ്ങൾ. പതിഞ്ഞ സ്വരത്തിൽ മറുപടികൾ. ഉം, എനിക്കിഷ്ടായി.

“നല്ലവണ്ണം?”

“അതെ, നല്ലവണ്ണം.”

അതു തെളിയിക്കാൻ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ തരുമോ?

അവൾ പതറി, അർദ്ധസമ്മതത്തോടെ മൂളി.

“ഒരുമ്മ.”

അത്രയേയുള്ളു! അവൾ സമാധാനിച്ചു. പതുക്കെ മുന്നോട്ടാഞ്ഞു് അയാളുടെ കവിളിൽ നിരുപദ്രവമായി ചുംബിച്ചു.

പിന്നെ അയാളുടെ ഊഴമായിരുന്നു. അയാൾ അവളെ കെട്ടിപ്പിടിച്ചു മൃദുവായി അവളുടെ നേരിയ ചുണ്ടുകളിൽ ചുംബിച്ചു. അവളുടെ കണ്ണുകൾ അടഞ്ഞു വരുന്നതു് അയാൾ കണ്ടു. പിന്നെ ആ ചുംബനത്തിൽ നിന്നു വേർപെട്ടു് ഒരു മടിയോടെ അവൾ ചോദിച്ചു:

“എന്നെ ഇഷ്ടായോ?”

ഇഷ്ടമോ? ഈ നിമിഷം തൊട്ടു് ഭ്രാന്തമായ അനുരാഗമായിരിക്കുന്നു. “നീ നല്ല ഭംഗിയുണ്ടു്.”

അവൾ ചിരിച്ചു.

അവളുടെ മുഖം കൈകളിലാക്കി അയാൾ അവളെ പഠിച്ചു. ആകൃതിപ്പെടുത്തേണ്ട ആവശ്യമില്ലാത്ത ഭംഗിയുള്ള നേരിയ പുരികം, ഇടതൂർന്ന ഇമകൾ, തുടുത്ത കവിളുകൾ; ഭംഗിയുള്ള നീണ്ട മൂക്കു്.

“നീയൊരു രാജകുമാരിയാണു്.”

രതിയുടെ മുഖം നാണം കൊണ്ടു് തുടുത്തു. അയാൾ പെട്ടെന്നു വെളിച്ചത്തെപ്പറ്റി ഓർത്തു. ചുവരിലെ പ്രകാശമുളള വിളക്കു് കെടുത്തുകയാണു നല്ലതു്. ആ വീടിന്റെ ഭൂമി ശാസ്ത്രം അയാൾക്കറിയില്ല. അയാൾ പറഞ്ഞു: “നമുക്കു കിടക്കാം.”

“ശരിയാണ്, നേരം കുറെയായി.”

കിടത്തം, കിടത്തം മാത്രം. ഉറക്കമില്ല. പിന്നെ നിമിഷങ്ങൾ അവർക്കു ചുറ്റും കനത്തു നിന്നപ്പോൾ അയാൾ പറഞ്ഞു: “നമുക്കോടിപ്പോകാം.”

വരാന്തയിലിട്ട വെളിച്ചം അപകടകരമായിരുന്നു. കോണിയിറങ്ങുമ്പോൾ അയാൾ പറഞ്ഞു: “ശ്ശ്, പതുക്കെ.” ഭാഗ്യത്തിനു് ഉമ്മറവാതിൽ തുറന്നു കിടന്നിരുന്നു ഉമ്മറത്തു കിടന്നിരുന്നവർ ഉറക്കമായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ആർക്കും ഉറക്കമുണ്ടായിരുന്നില്ല.

“ഭാഗ്യമായി,” പടിയിറങ്ങുമ്പോൾ അയാൾ പറഞ്ഞു.

പിന്നെ ഓട്ടം, അവൾ അയാളുടെ കൈ ബലമായി പിടിച്ചിരുന്നു. ടാറിട്ട നിരത്തുകളിൽക്കൂടി അവർ ഓടി. തേക്കിൻ കാടിന്റെ നഗ്നതയിലൂടെ, അമ്പലപ്പറമ്പിലൂടെ അവർ ഓടി. പടിഞ്ഞാറെ നടയിൽ അവർ ഒരു നിമിഷം സംശയിച്ചു. അയാൾ അവളുടെ കൈപിടിച്ചു.

“പോകാം.”

വിജനമായ അമ്പലനടകളിലൂടെ അവർ കൈ കോർത്തു നടന്നു.

“ഞാൻ ഇവിടെ ദിവസവും വരാറുണ്ടു്,” അവൾ ചെവിയിൽ മന്ത്രിച്ചു.

“എന്താണു് പ്രാർത്ഥിക്കാറു്?”

ഉത്തരമില്ല.

“ആർക്കുവേണ്ടിയാണു് പ്രാർത്ഥിക്കാറു്?”

“കുട്ടിക്കുവേണ്ടി.”

“എനിക്കുവേണ്ടിയോ? നിനക്കെന്നെ മുമ്പു പരിചയം പോലുമില്ലല്ലൊ!.”

“പക്ഷേ, ഒരു ദിവസം വരുമെന്നറിയാം.”

വിജനമായ വീഥികൾ, ഇരുണ്ട ഗോപുരങ്ങൾ, കറുത്ത പൗരാണിക പ്രതിഷ്ഠകൾ. അവൾ പറഞ്ഞു. “എനിക്കു പേടിയാകുന്നു, നമുക്കു തിരിച്ചു പോകാം.”

അയാൾ ചിരിച്ചു. “നമ്മൾ എത്ര കുറച്ചു ദൂരമേ പോയുള്ളു!.”

പിന്നെ, രണ്ടുദിവസം കഴിഞ്ഞു് അവർ ദില്ലിക്കുപോകുമ്പോൾ, ഡിസംബർ മാസത്തെ തണുപ്പിൽനിന്നു് അവളെ രക്ഷിക്കാനായി തന്റെ ബെർത്തിൽ നിന്നു് ഇറങ്ങി അവളോടൊപ്പം ചേർന്നു കിടന്നപ്പോൾ, ദില്ലിയിലെത്തി രണ്ടു മുറിയുള്ള ബർസാത്തി കണ്ടപ്പോൾ, നാട്ടിൽ നിന്നു് വീടു് വളരെ ചെറുതാണെന്നു് അയാൾ പറഞ്ഞതോർത്തു് അവൾ ഇതത്രെ വലിയ വീടാണു് നമുക്കു രണ്ടുപേർക്കും താമസിക്കാൻ ഇത്ര തന്നെ സ്ഥലം ധാരാളമല്ലേ എന്നു് ആഹ്ലാദത്തോടെ പറഞ്ഞപ്പോൾ, താൻ ഓഫീസിൽ പോകാൻ തയ്യാറായി വാതില്ക്കൽ നില്ക്കുമ്പോൾ, ചുംബിച്ചു് ഇനി ഞാൻ ഒറ്റയ്ക്കു് എത്രനേരം ഇരിക്കണം എന്നു പറയുമ്പോൾ, അയാളൊ, അവളൊ, തങ്ങൾ മണിയറയിൽ നിന്നു് ഓടിപ്പോയവരാണെന്നോർത്തു് അന്യോന്യം നോക്കി മന്ദഹസിക്കുകയല്ലാതെ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. അതുകൊണ്ടു് ആ ഓടിപ്പോക്കു്, രണ്ടുപേർകൂടി കണ്ട ഒരു സ്വപ്നം മാത്രമാണെന്നു വിചാരിക്കത്തക്കവിധം അവിശ്വസനീയവും അവ്യക്തവുമായിരുന്നു.

രാത്രി ഉറങ്ങാൻനേരത്തു് ഏതാനും നിമിഷങ്ങൾക്കുമുമ്പു് പങ്കിട്ട ആനന്ദത്തിന്റെ ഓർമ്മയിൽ അപ്പോഴും ആലിംഗനബദ്ധരായി കിടക്കുമ്പോൾ അവൾ പറഞ്ഞു: “എന്റെ തലയിൽ തപ്പിത്തരൂ.”

അയാൾക്കു മനസ്സിലായില്ല. അയാൾ ചോദിച്ചു. “എന്താണതു്?”

“തലയിൽ ഇങ്ങനെ വിരലുകൊണ്ടു് തപ്പുക. അങ്ങനെയാണു് ഞാൻ ഉറങ്ങാൻ അമ്മ ചെയ്യാറു്.”

“എനിക്കു വയ്യ, ഇതിനൊന്നും.” അയാൾ പറഞ്ഞു.

“അവൾ പരിഭവിച്ചു. പിന്നെ എന്തിനാണു് എന്നെ കല്ല്യാണംകഴിച്ചു കൊണ്ടു വന്നതു് ? ഞാൻ അമ്മയുടെ ഒപ്പം സുഖമായി കിടന്നുറങ്ങിയിരുന്നതല്ലെ?” അമ്മ ദിവസവും തലയിൽ തപ്പിത്തന്നിരുന്നു.

അയാൾ അവളുടെ തലയിൽ വിരലോടിച്ചു. അങ്ങനെ വിരലോടിക്കുമ്പോൾ എന്തോ ഒന്നു തടഞ്ഞു. എടുത്തു നോക്കുമ്പോൾ മങ്ങിയ വെളിച്ചത്തിൽ അയാൾ കണ്ടു. ഒരു വലിയ പേൻ. അയാൾ അറപ്പോടെ അതിനെ വലിച്ചെറിഞ്ഞു.

“അതാ! എന്തിനാണതിനെ വലിച്ചെറിഞ്ഞതു്? പാപാണു്. ആ പേനിനു് ഇനി ഏഴു് ഉമ്മറപ്പടികൾ കയറണം.”

അയാൾ അസ്വസ്ഥനായി. ഏഴു് ഉമ്മറപ്പടികൾ കടക്കാനായി പേൻ അരിച്ചരിച്ചു നടക്കുന്നതു് അയാൾ ഭാവനയിൽ കണ്ടു. ഒരു ചുമരിൽ തട്ടിയാൽ തിരിച്ചു് വീണ്ടും അരിക്കും, വേറൊരു ചുമരിൽ മുട്ടുന്നതുവരെ. വീണ്ടും അരിക്കുന്നു. ഉമ്മറപ്പടി കാണുംവരെ. അങ്ങനെ ഏഴു് ഉമ്മറപ്പടികൾ. എന്തൊരു ജന്മം!

അയാൾ കുറച്ചുനേരത്തേക്കു നിശ്ശബ്ദനായപ്പോൾ അവൾ ചോദിച്ചു: എന്താ മിണ്ടാത്തതു്?

അയാൾ ഒന്നും പറഞ്ഞില്ല. പിന്നെ അവൾ അയാളുടെ കവിളിൽ ചുംബിച്ചപ്പോൾ, ചുണ്ടിൽ പെട്ട നനവു കണ്ടപ്പോൾ ചോദിച്ചു:

“കരയുകയാണോ?”

അയാൾ ഉത്തരമൊന്നും പറഞ്ഞില്ല.

“എന്തിനാണു് കരയുന്നതു്?” അയാളുടെ കവിൾ തുടച്ചുകൊണ്ടവൾ ചോദിച്ചു: “എന്നോടു ദേഷ്യായിട്ടാണോ?”

“നിന്നോടുള്ള സ്നേഹം കൊണ്ടു്.”

ഞായറാഴ്ച അവർ ലോധി ഉദ്യാനത്തിൽ പോയി പുൽത്തകിടിയിൽ കൈ കോർത്തു നടന്നു. പൂത്തു നില്ക്കുന്ന ചെടികൾക്കിടയിൽ നടക്കുമ്പോൾ അവൾ ഒരു വലിയ പൂവായി അയാൾക്കു തോന്നി. ശവകുടീരങ്ങൾക്കൊന്നിൽ, അതിന്റെ നിഗൂഢമായ ഇരുണ്ട കോണികളിൽ, നരിച്ചീറുകൾ പറക്കുന്നതിനിടയിൽ കയറിയപ്പോൾ അവൾ പേടികാരണം അയാളുടെ കൈ മുറുകെ പിടിച്ചു. ശവകുടീരത്തിന്റെ മാർബ്ൾ പലകമേൽ തണുപ്പറിഞ്ഞു് അവർ കിടന്നു.

രാത്രി കിടക്കുമ്പോൾ അവൾ ചോദിച്ചു. “നമുക്കിപ്പോൾ കുട്ടി വേണ്ട അല്ലേ?”

“വേണ്ട. ചുരുങ്ങിയതു് ഒരു കൊല്ലമെങ്കിലും കഴിഞ്ഞു് ആലോചിച്ചാൽ മതി.”

“നമുക്കു ഡോക്ടറുടെ അടുത്തു പോയി അന്വേഷിക്കാം.”

“നാളെ പോകാം.”

“പക്ഷേ, നാട്ടിലുള്ളവർ വിചാരിക്കും, നമുക്കു് ഈ വിദ്യ അറിയില്ലെന്നു്. ഞാൻ അറിയുന്നവരെല്ലാം കല്യാണം കഴിഞ്ഞു് ആറാംമാസം ഭാര്യമാരെ നാട്ടിൽ പ്രസവത്തിനു കൊണ്ടുപോയാക്കിയിട്ടുണ്ടു്. അപ്പോൾ നമ്മൾ മാത്രം അതു ചെയ്തില്ലെങ്കിൽ ന്യായമായും അവർ വിചാരിക്കും, നമുക്കു് എന്തോ കുഴപ്പമുണ്ടെന്നു്.”

“സാരമില്ല. വേണമെങ്കിൽ ഗുളികയുടെ രഹസ്യം അവരെ അറിയിക്കുകയുമാവാം. ഒരു കുട്ടിയുണ്ടായിക്കഴി”ഞ്ഞാൽ സ്വാതന്ത്ര്യം നഷ്ടപ്പെടും. അതിനുമുമ്പു് കുറെ സ്വതന്ത്രരായി നടക്കാമല്ലോ!

“യാത്ര.”

ആഗ്രയിൽ ടാക്സിയിറങ്ങിയപ്പോൾ കണ്ട ഉയർന്ന കന്മതിലിന്മേൽ ചോദ്യപൂർവ്വം നോക്കിയപ്പോൾ, ടാക്സിക്കാരൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്കു നടന്നു് വലിയ വാതായനത്തിലൂടെ ഒരു ചിപ്പിക്കുള്ളിൽ ഒളിപ്പിച്ചു വെച്ച മുത്തു പുറത്തെടുത്തപോലെ പെട്ടെന്നു് താജ്മഹൽ കണ്ടപ്പോൾ അവളുടെ മുഖത്തു വിടർന്ന പ്രകാശം ശ്രദ്ധിച്ചപ്പോൾ, പിന്നെ ഹരിദ്വാരിൽ ഭാംഗുചെടികൾ ഇരുവശത്തും തഴച്ചുവളർന്ന ചരൽപ്പാതയിലൂടെ മുച്ചക്രവണ്ടിയിൽ സപ്തർഷികളുടെ അമ്പലം കാണാൻ പോകുമ്പോൾ അയാളുടെ കൈ പിടിച്ചു് മടിയിൽ വെച്ചമർത്തിയപ്പോൾ, അയാൾ തിരിച്ചു അവളുടെ കവിളിൽ ചുംബിച്ചപ്പോൾ, പിന്നെ ഗംഗയിലെ തണുത്ത വെള്ളത്തിൽ ഇറങ്ങിനിന്നു് കരയിൽ നില്ക്കുന്ന അയാളുടെ മേൽ തണുത്ത വെള്ളം തെറിപ്പിക്കുമ്പോൾ കാറ്റിൽ പറന്ന അവളുടെ സിൽക്കു തലമുടിയും കുസൃതിയുള്ള കണ്ണുകളും നോക്കിയപ്പോൾ, അവർ വിവാഹരാത്രിയിൽ ആരുമറിയാതെ ഒളിച്ചോടിപ്പോയവരാണെന്ന കാര്യം ഒരു സ്വപ്നംപോലെ അയാൾ വീണ്ടും ഓർത്തു.

വേനൽ. രാവിലെ എഴുന്നേറ്റാൽ കാണുക പൊടിനിറഞ്ഞ ആകാശത്തിൽ ഏകദേശം മൂന്നിലൊരു ഭാഗം വഴി തരണം ചെയ്ത സൂര്യനെയാണു്. പിന്നെ രാത്രി വളരെ വൈകുംവരെ സൂര്യൻ പൊടിപടങ്ങളിലൂടെയുള്ള യാത്ര തുടരുന്നു. ചുമരുകൾ ചൂടിൽ പഴുത്തു. വാതിലുകളും ജനലുകളും പഴുത്തു. കിടക്ക ഒരു തീച്ചൂളയായി മാറി. വൈകുന്നേരം അയാളുടെ ബൈക്കിന്റെ ശബ്ദം കേൾക്കാനായി അഴികളുളള ടെറസ്സിൽ കാത്തുനില്ക്കുമ്പോൾ ചൂടു കാറ്റ് അവളുടെ കണ്ണുകളെ വേദനപ്പിച്ചു.

ഒരു ദിവസം അവർ നോക്കിക്കൊണ്ടിരിക്കെ ‘ആന്ധി’ വന്നു. ദൂരെനിന്നു തന്നെ അതിന്റെ പൊടിപടലങ്ങൾ അവർ കണ്ടു. അയാൾ പറഞ്ഞു. അവസാനം പൊടിക്കാറ്റു വന്നു. ഇനിയൊന്നു തണുക്കും. പിന്നീടു് ആന്ധി ഭൂമിയാകെ പൊടി വിതറിക്കൊണ്ടു് കടന്നു പോയപ്പോൾ, അന്തരീക്ഷം തണുത്തപ്പോൾ, അയാൾ പറഞ്ഞതു് സ്വപ്നമാണോ അതോ താൻ ശരിക്കും കേട്ടതാണോ എന്നു് അവൾ അതിശയിച്ചു.

വേനലിൽ, അവർ ടെറസ്സിൽ ആകാശത്തിനു കീഴിൽ ചാർപ്പായിൽ കിടക്ക വിരിച്ചു കിടന്നു. നഗരത്തിന്റെ പ്രഭാപൂരത്തിൽ മങ്ങിയ നക്ഷത്രങ്ങളുടെ പേരുകൾ അയാൾ അവൾക്കു പറഞ്ഞു കൊടുത്തു. അയാളുടെ നഗ്നമായ വിരിഞ്ഞ നെഞ്ചിൽ മുഖമമർത്തി അവൾ, അയാൾ പറയുന്നതു മൂളിക്കേട്ടു.

മഴ തുടങ്ങിയപ്പോൾ, അയാൾ ഓഫീസിൽ പോകാതെ ലീവെടുത്തു വീട്ടിലിരുന്ന ദിവസം പുറത്തിറയത്തു് ഇറ്റുവീഴുന്ന മഴത്തുള്ളികളും, അകലെ ആരവത്തോടെ അടുക്കുന്ന മഴയുടെ ശക്തിയും നോക്കി അയാളുടെ ആലിംഗനത്തിൽ അവൾ കിടന്നു.

അവൾ കുട്ടിക്കാലത്തു്, കനത്ത മഴയ്ക്കുശേഷം ഇറയത്തുവീണ വെള്ളം വലിയ ചാലുകളായി ഒഴുകുമ്പോൾ കടലാസുതോണികൾ ഒഴുക്കിയിരുന്നതു് അയാളോടു പറഞ്ഞു.

അയാൾ അസ്വസ്ഥനായി. അവൾക്കു് അയാളില്ലാത്ത, അയാളറിയാത്ത ഒരു കുട്ടിക്കാലമുണ്ടായിരുന്നെന്നു് അയാൾ ഓർത്തിരുന്നില്ല. അയാൾ അസൂയാലുവായി. മഴപെയ്തു നനഞ്ഞ മണ്ണിൽ ചെടികളുടെ വിത്തുകൾ മുളച്ചു കുമ്പിട്ടു നില്ക്കുന്ന വിശാലമായ പറമ്പുള്ള ഒരു വീട്ടിലെ കുട്ടിക്കാലം അയാൾ ഓർത്തു. നിറഞ്ഞൊഴുകുന്ന കുളം, അതിൽ വാഴത്തടികൾ കൂട്ടിയിട്ടു് ചങ്ങാടമുണ്ടാക്കി തുഴഞ്ഞുകളിച്ചതു്, പുതുതായി കിളുർത്ത ഇലകളുടെ മാദകഗന്ധം. വൈകുന്നേരം വിരിയുന്ന പിച്ചകപ്പൂക്കളുടെ മണം.

അതിനു മുമ്പു് വളരെ കുട്ടിയായിരുന്നപ്പോൾ രാത്രി, ഇടിയും മഴയുമുണ്ടാകുമ്പോൾ ഒരു ഭീകരജന്തു വീടിനു ചുറ്റും ഓടി നടക്കുകയാണെന്ന ഭീതിയാൽ അമ്മയോടു ചേർന്നു കിടന്നപ്പോൾ, അറബിക്കടലിന്റെ ഇരമ്പൽ ഒരു രാക്ഷസിയുടെ താരാട്ടുപാട്ടായി വന്നു് തന്നെ അസ്വസ്ഥനാക്കിയിരുന്നു.

കുട്ടിക്കാലം അവരെ അന്യോന്യം അകറ്റി. അവ്യക്തമായ ഒരു വേദനയോടെ അവർ അതു മനസ്സിലാക്കി. അയാൾ അവളെ കൂടുതൽ അമർത്തി ചുംബിച്ചു.

അവൾ പറഞ്ഞു: “നമുക്കു കുട്ടിക്കാലം വേണ്ട അല്ലെ?”

വിവാഹവാർഷികത്തിനു സ്റ്റുഡിയോവിൽ അവളുടെ തോളിൽ കൈയിട്ടു്, ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ട ചിരി തുടരാൻ പ്രയാസമായി നിന്നപ്പോൾ, വൈകുന്നേരം വാർഷികം ആഘോഷിക്കാൻ തട്ടിൽ നിന്നു തൂങ്ങിയ ഷാന്റലിയറുകളിൽ മങ്ങിയ വിളക്കുകളും, മേശമേൽ വെള്ളിത്തട്ടിൽ കത്തിച്ചുവെച്ച മെഴുകുതിരിയുമുള്ള റസ്റ്റോറന്റിൽ മുഖത്തോടുമുഖം നോക്കി ഭക്ഷണം കഴിക്കുമ്പോൾ കൈമാറിയ ഒരു പുഞ്ചിരിയുടെ മാധുര്യം ആസ്വദിക്കുമ്പോൾ, പിന്നെ രാത്രി വീണ്ടും രജായിക്കുള്ളിൽ വികാരഭരിതരായി നൈമിഷികമായി തോന്നിയ ഉറങ്ങാത്ത മണിക്കൂറുകൾ പങ്കിടുമ്പോൾ, അവർ രണ്ടുപോരും മണിയറയിൽനിന്നു് ഒരു ഗൂഢാലോചനയ്ക്കു ശേഷം ഓടിപ്പോയവരാണെന്ന കാര്യം അയാൾ വീണ്ടും ഓർത്തു.

ദിവസങ്ങളുടെ ദൈർഘ്യം ക്രമേണ കൂടിയപ്പോൾ, തണുപ്പുമാറി സൂര്യൻ വീണ്ടും പൊടി നിറഞ്ഞ ചാര നിറമായ ആകാശത്തിൽ യാത്ര തുടങ്ങിയപ്പോൾ അവൾ അസ്വസ്ഥയായി. അയാളുടെ ബൈക്കിന്റെ ശബ്ദം കേൾക്കാൻ ഉഴറി നില്ക്കവേ ഏകാന്തത ഒരു നിഴൽ പോലെ അവൾക്കു ചുറ്റും കൂടിയപ്പോൾ അവൾ തേങ്ങി.

അയാൾ വന്നപ്പോൾ അവളുടെ കവിളിൽ അപ്പോഴും ഉണങ്ങിയിട്ടില്ലാത്ത കണ്ണീരിന്റെ കാരണം അറിഞ്ഞപ്പോൾ പറഞ്ഞു. ഇത്രയേയുള്ളു കാര്യം? അതിനു നമുക്കു് വഴിയുണ്ടാക്കാം. അവൾ സന്തോഷിച്ചു.

അവൾ കുഞ്ഞിയുടുപ്പുകൾക്കുള്ള തുണികൾ വാങ്ങുകയും, രാത്രി ഒരു ചെറു ചിരിയോടെ അവ തുന്നുകയും ചെയ്തപ്പോൾ അയാൾ അവളിൽ നിന്നും അകന്നു്, അവളെ സ്വപ്നാടനത്തിനായി വിട്ടു്, റേഡിയോവിൽ വന്ന യുവാൻ ഷ്ട്രാസ്സിന്റെ വാൽട്സ് കേട്ടു.

അടുത്തതു് കുട്ടിയേപ്പറ്റിയുള്ള സങ്കല്പങ്ങളായിരുന്നു. “നമ്മുടെ മോനു് എന്താ പേരിട്വാ?”

“മോനോ? മോൻതന്നെയാകുമെന്നാരു പറഞ്ഞു?”

“മോൻ തന്നെയേ ആവൂ.”

“നീ തുന്നുന്നതു മുഴുവൻ ആൺകുട്ടിക്കുള്ള ഉടുപ്പാണോ?”

“ഈ കുട്ടിക്കൊന്നുമറിയില്ല. കുട്ടികൾക്കുള്ള ഉടുപ്പു് എല്ലാം ഒന്നാണു്. ഒരു വയസ്സെങ്കിലും ആയാലേ ഉടുപ്പിൽ വ്യത്യാസം ഉണ്ടാകൂ.”

വീട്ടിൽ നിന്നു് അമ്മയുടെ കത്തുകളിൽ ശുശ്രൂഷയുടെ വിവരങ്ങളുണ്ടായിരുന്നു. യാത്രയേപ്പറ്റിയും. ഏഴാം മാസം തന്നെ വരുകയാണു നല്ലതു്. അതിനുശേഷം യാത്ര നന്നല്ല.

“ഞാൻ പോയാൽ ശശി കഷ്ടപ്പെടില്ലേ?” അവൾ ചോദിച്ചു. “നമുക്കു പ്രസവം ഇവിടെത്തന്നെയായാലോ?”

“എനിക്കു പേടിയാണു്.” അയാൾ പറഞ്ഞു. “ആദ്യത്തെ പ്രസവം അമ്മയുടെ അടുത്തുതന്നെ ആയ്ക്കോട്ടെ.”

“ശശി ഓഫീസിൽ പോയാൽ ഏതാനും മണിക്കൂർ കഴിച്ചുകൂട്ടുകതന്നെ എനിക്കു് എന്തുവിഷമമാണെന്നോ! അപ്പോൾ നിന്നെ കാണാതെ മൂന്നുമാസം എങ്ങനെ കഴിച്ചുകൂട്ടും ചന്തക്കാരാ?”

ക്രമേണ അവളുടെ മുഖത്തെ പ്രസാദം കുറഞ്ഞുവന്നു. അവൾ ചിന്താധീനയാവുകയും, സ്വയം തന്നിലേക്കു് ഊർന്നിറങ്ങുകയും ചെയ്തപ്പോൾ, ഏതാനും ദിവസങ്ങൾക്കുള്ളിൽ അവളെ പിരിഞ്ഞിരിക്കേണ്ടി വരുമെന്ന അറിവു് അയാളെ പീഡിപ്പിച്ചു. രാത്രികളിൽ അവളെ ഒരു കൊച്ചു കുട്ടിയെപ്പോലെ തന്നിലേക്കടുപ്പിച്ചു് അവളുടെ വയർ തലോടി, ചുംബിച്ചു.

യാത്ര. വീണ്ടും തീവണ്ടിയിൽ. വേനലിന്റെ അസുഖകരമായ ചൂടുകാറ്റു കാരണം ജാലകത്തിനരികിൽ പുറത്തേക്കു നോക്കിക്കൊണ്ടിരുന്ന രതിയുടെ ചുണ്ടുകൾ വരണ്ടു. അകലെക്കാണുന്ന മലകളുടെ അപ്രാപ്യതയും, ഉയരത്തിൽ ഒറ്റയായലഞ്ഞ വെളുത്ത മേഘത്തിന്റെ തിളക്കവും അവളുടെ കണ്ണുകളിൽ കണ്ടു.

വീട്ടിൽ അവരുടെ മുറി യാതൊരു മാറ്റവുമില്ലാതെ ഒന്നരക്കൊല്ലം മുമ്പു് ഉപേക്ഷിച്ചു പോയ അതേമട്ടിൽ കിടന്നു. കട്ടിലിന്റെ തലയ്ക്കൽ സ്റ്റാന്റിൽ തൂക്കിയിട്ട മുല്ലമാല ഉണങ്ങിയിരുന്നു. കിടക്കവിരിപോലും അയാളുടെ ഓർമ്മയിൽ ഉള്ളപോലെ തന്നെ.

ഈ മുറി ഒന്നരവർഷം നിശ്ശബ്ദമായി ഒരു മധുവിധു രാത്രി അയവിറക്കുകയായിരുന്നു. അയാൾ ചന്ദനത്തിരിയുടേയും മുല്ലപ്പൂവിന്റേയും വാസനയ്ക്കായി മൂക്കുപിടിച്ചു. ചുമരിൽ പിടിപ്പിച്ച ഷോകേസിലെ ചിത്പ്പണിയുള്ള ചീനഭരണിയിൽനിന്നോ, മൂലയിൽ കൊച്ചു വട്ടമേശമേൽ വെച്ച പൂത്തട്ടിൽനിന്നോ അല്ലെങ്കിൽ നിഗൂഢമായ ഏതെങ്കിലും കൊച്ചു പൊത്തിൽ നിന്നോ ആ വാസന വരുമെന്നും, ഉണങ്ങിയ മുല്ലപ്പൂക്കൾ വികസിക്കുമെന്നും ആ മുറി ഒരിക്കൽക്കൂടി പഴയമട്ടിൽ അവരുടെ മണിയറയാവുമെന്നും അയാൾ മോഹിച്ചു.

ഒറ്റയ്ക്കു തിരിച്ചു് വരാനായി വണ്ടി കാത്തു് പ്ലാറ്റ്ഫോമിൽ നില്ക്കുമ്പോൾ അവളുടെ കടക്കൺകോണിൽ ഉരുണ്ടു് കവിളിലൂടെ ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണീർ കണ്ടപ്പോൾ, വണ്ടിയിൽ ഒറ്റയ്ക്കിരുന്നു് ഓടുന്ന തരിശുനിലങ്ങളെ നോക്കി നീങ്ങാത്ത സമയത്തെ പഴിക്കുമ്പോൾ, ദില്ലിയിലെത്തി വീടു തുറന്നപ്പോൾ, രതി അഴിച്ചിട്ട സാരി കിടക്കയിൽ മടക്കിവെക്കാതെ കിടക്കുന്നതു കണ്ടപ്പോൾ, ഉയർന്നുവന്ന തേങ്ങൽ അടക്കാൻ വിഫലമായി ശ്രമിക്കുമ്പോൾ, അയാൾ ശിഥിലമായ ഒരു ചിത്രം പോലെ, അവ്യക്തമായി കണ്ടു മറന്ന ഒരു മോഹനസ്വപ്നം പോലെ, മണിയറയിൽനിന്നു് ഓടിപ്പോയതു് നിശ്ശബ്ദതയുടെ ചിറകടികൾക്കിടയിൽ വീണ്ടും ഓർത്തു.

Colophon

Title: Kumkumam vithariya vazhikal (ml: കുങ്കുമം വിതറിയ വഴികൾ).

Author(s): E Harikumar.

First publication details: Sahitya Pravarthaka Sahakarana Sangham; Kottayam, Kerala; 1979.

Deafult language: ml, Malayalam.

Keywords: Short stories, E Harikumar, Kumkumam vithariya vazhikal, ഇ ഹരികുമാർ, കുങ്കുമം വിതറിയ വഴികൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 1, 2022.

Credits: The text of the original item is copyrighted to Lalitha Harikumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Girls on the Bridge, a painting by Edvard Munch (1863–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: E Harikumar; Proofing: KB Sujith; Typesetter: Sayahna Foundation; Editor: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.