images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
1
വസന്തത്തിന്റെ വരവ്
ഷാർല് ദൊർലെയാം (CHARLES D’ORLEANS (1391–1465))

സ്വന്തം കവിത്വം കൊണ്ടുതന്നെ സാഹിത്യത്തിൽ സ്ഥാനം നേടിയ പ്രാചീനകവിയാണ്, ഫ്രഞ്ച് രാജാവ് ലൂയി പന്ത്രണ്ടാമന്റെ പിതാവായ ഷാർല് ദൊർലെയാം. ആംഗ്ലോ–ഫ്രഞ്ച് നൂറ്റാണ്ടു യുദ്ധത്തിനിടയിൽ 25 കൊല്ലം ഇംഗ്ലണ്ടിൽ തടവിലായിരുന്നു.

മാറ്റീകാലം തൻ ജീർണ്ണമാമങ്കി
കാറ്റിൻ. മഞ്ഞിൻ, മഴയുടെയങ്കി; [1]
ചാർത്തീ മിന്നുന്ന പൊൻകസവാട,
ചേണിയലും തെളിവെയിലാട. [2]
ഇല്ലാ പക്ഷി, മൃഗം സ്വകഭാഷ [3]
യിങ്കൽ പാടാതെ, കൂക്കാതെയേവം:
മാറ്റീ കാലം തൻ ജീർണ്ണമാമങ്കി–
കാറ്റിൻ, മഞ്ഞിൻ, മഴയുടെയങ്കി.
ചന്തമേറും ചമയങ്ങളാർന്നു
നീരുറവുമരുവിയുമാറും,
ഏന്തിടുന്നതേ വെട്ടിവിളങ്ങും
വെള്ളിമുത്തുമണികളെമ്പാടും. [4]
ഇച്ചരാചരമൊക്കെയും പുത്തൻ
വേഷഭൂഷകളേലുകയായി. [5]
മാറ്റീ കാലം തൻ ജീർണ്ണമാമങ്കി
കാറ്റിൻ, മഞ്ഞിൻ, മഴയുടെയങ്കി;
ചാർത്തീ മിന്നുന്ന പൊൻകസവാട
ചേണിയിലും തെളിവെയിലാട!

RONDEAU SUR LE PRINTEMPS

കുറിപ്പുകൾ
[1]
ആടുംവണ്ണം തണുപ്പുൾക്കൊ–
ണ്ടീടും ദിക്കുകളും പ്രിയേ,
കൂടും മഞ്ഞാംപുതപ്പിട്ടു
മൂടുന്നിതുടലാകവേ
(വള്ളത്തോൾ — ഋതുവിലാസം)
പുലർമ്മഞ്ഞു നമ്മെപ്പൊതിഞ്ഞു നില്പാ–
ണൊരു മുള്ളുകുപ്പായമെന്നപോലെ
(വിഷ്ണുനാരായണൻ നമ്പൂതിരി — തീക്കായൽ)
[2]
പൊറുതികെട്ടു തണുത്തിരുന്ന പാരിനെന്നോ
പരക്കെക്കിടക്കുന്നു തൂമഞ്ഞപ്പുടവകൾ
(വള്ളത്തോൾ — ഓണം)
മാമലകണക്കെപ്പുൽത്തണ്ടുമുണ്ടണിയുന്നു
തൂമഞ്ഞത്തുകിലിനെ ഭാസ്കരപ്രസാദത്താൽ
(വള്ളത്തോൾ — ഓണപ്പുടവ)
മുന്തിത്തിളങ്ങും കസവിട്ടിരുന്നു മൂ–
വന്തിപ്പകലോന്റെ യന്തിമരശ്മികൾ
(വള്ളത്തോൾ — മറിമായം)
പുലർപ്പൊൻവെയിൽ മൂടൽ–
മഞ്ഞിൽക്കസവു തുന്നവേ
(എൻ. വി. കൃഷ്ണവാരിയർ — ഗാന്ധിജിയും കുഷ്ഠരോഗിയും)
മഞ്ഞനീരാളം വിരിച്ചുകൊണ്ടിപ്പൊഴും
മഞ്ഞണിക്കുന്നിൽ വരുന്നുണ്ടിളവെയിൽ
(ചങ്ങമ്പുഴ — രാഗപരാഗം)
പാവുകോടികൾ ചുറ്റിയ നാൾകൾ
പൂവുതേടിയും പാടിയും പോകേ
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
അർക്കന്റെ തൃത്തേജസ്സ് നെയ്തൊരു മഞ്ഞപ്പട്ടു
മിക്കദിക്കിലും താനേപരന്നുകഴിഞ്ഞിട്ടും
(പി. കുഞ്ഞിരാമൻ നായർ — അരുണോദയം)
പൊൻവെയിൽ നല്കുമോണത്തുകിൽ ചുറ്റി
ത്തേന്മലർ ചാർത്തി നില്ക്കുമിഗ്രാമവും
(പി. കുഞ്ഞിരാമൻ നായർ — പുള്ളുവപ്പെൺകൊടി)
അഴകിൽത്തെളിമഞ്ഞത്തൂവെയിൽ പൂമ്പട്ടാട–
യൊഴുകും പൂമേനിയിൽ തളിരും താരും ചാർത്തി
(സുഗതകുമാരി — വർഷമയൂരം)
ഇളവെയ്ലൊളിപോലെ തൂമഞ്ഞത്തുകിലുള്ളോർ
(ഒ. എൻ. വി. കുറുപ്പ് — നാലുമണിപ്പൂക്കൾ)
മഞ്ഞമുണ്ടുപോൽ വെയ്ലൊളിയെഴും
മന്നിടത്തിന്നൊരു വശം
(എം. പി. അപ്പൻ — ഓണനിലാവിൽ)
ധാത്രിയാം പെൺകൊടിയന്തിച്ചുകപ്പിന്റെ
നേർത്ത നിചോളമണിഞ്ഞു നിൽക്കെ
(മലേഷ്യാ കെ. രാമകൃഷ്ണപിള്ള — മൂടുപടം)
കാടുകൾതോറും കസവാടകൾ വിരിക്കുന്ന
കാലത്തിൻ മനോഹരോജ്ജ്വലൽ പ്രഭാതം
(വയലാർ — പൂവുകളുടെ സംഗീതം)
ഉദാരനങ്ങയെത്തേടി
യുഷസ്സായാഹ്ന ഗോപിമാർ
തുമഞ്ഞത്തുകിലും ചുറ്റി
ത്തുഷാരാശ്രു പൊഴിക്കവേ
(യൂസഫലി കേച്ചേരി — ബ്രഹ്മരാഗം)
മഞ്ഞവെയിൽപ്പട്ടുടയാടയാലേറെ
മങ്ങിന പൂമേനി മൂടിയിന്നെന്തിനോ
വാടിത്തളരും മുഖം കുനിച്ചെത്തുന്നു
കാതരയായ് മുന്നിലിക്കാല്യ ദേവത
(നളിനകുമാരി — അശ്രുപൂജ)
[3]
ഉലകത്തിനൊരന്ധകാരമി–
ല്ലുണരാതില്ലൊരു ജന്തുവെങ്ങുമേ
(കെ. കെ. രാജാ — രാത്രിയും പകലും)
[4]
പാറമേൽത്തട്ടി മുത്തുവിതറി
പാലൊളിച്ചോല പായുമിടങ്ങളും
(വള്ളത്തോൾ — ശരണമയ്യപ്പ)
പാറക്കെട്ടുകൾതോറും പളുങ്കുമണി ചിന്നി–
യാരണ്യ പൂഞ്ചോലകളാമന്ദമൊഴുകവേ
(ചങ്ങമ്പുഴ — സൗന്ദര്യ ലഹരി)
കരംപൊക്കി നാലുപാടും നറും മുക്താ ഫലങ്ങളെ
നിരവധി വിതറിയും കുതിച്ചുചാടി
(കട്ടമത്ത് — അരുവികളുടെ ഐക്യം)
പളുങ്കുമാലകളണിഞ്ഞു പാഞ്ഞിടും
കളങ്കഹീനരാം സരിൽക്കിടാങ്ങളും
(എം. ആർ. നായർ — പ്രഭാതഗീതം)
ആർത്തുപുളച്ചു കൈകൊട്ടിച്ചിരിച്ചണി
മുത്തുകൾ വാരിയെറിഞ്ഞുകൊണ്ടും
(എം. ആർ. നായർ — നിർഝരം)
നറുമണി ചിതറുംവിധം ചിരിയ്ക്കും
ചെറുപുഴ തന്നുടെ ചേണിയന്നകൂലം
(ജി. — മതി)
[5]
ചന്തം ധരയ്ക്കേറെയായ് ശീതവും പോ–
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു ദേവാലയത്തിൽ
പൊന്തുന്നു വാദ്യങ്ങൾ, വന്നൂ വസന്തം
(ആശാൻ — പൂക്കാലം)
അപ്പഞ്ഞിക്കരിമ്പടം കടലിൽ കളഞ്ഞുവെ–
ച്ചിപ്പൂർവ്വഹരിത്തിതാ, ചാരുനീളം ചാർത്തി;
അലസം പ്രബുദ്ധമായ്, മലിനം വിശുദ്ധമായ്,
കലുഷം പ്രസന്നമായ്, കാലമിത്രയും മാറി
(വള്ളത്തോൾ — കാലം മാറി)
വന്നൂ വസന്തം പ്രപഞ്ചരംഗത്തിലും
വന്നൂ വസന്തം മദന്തരംഗത്തിലും
(വൈലോപ്പിള്ളി — വസന്തം)
നടനമാടിപ്പൂ പ്രപഞ്ചത്തെപ്പാടെ
നവ വസന്തത്തിൻ സമാഗമോത്സവം
(ബാലാമണിയമ്മ — വസന്തോത്സവം)
ഹാ, വസന്തം വന്നുചേർന്നു പൂവലംഗി നിന്നെപ്പോലി–
പ്പൂവനത്തിൻ മുഖത്തിലും പുഞ്ചിരിവന്നു
(ചങ്ങമ്പുഴ — അനുബന്ധകവിതകൾ)
കാറും മഴയും പോയല്ലാ
കാടുകളൊക്കെ പൂത്തല്ലാ
മാടത്തക്കിളി പാടിനടക്കും
മാനം മിന്നി വെളുത്തല്ലാ
(ചങ്ങമ്പുഴ — ഓണപ്പൂക്കൾ പറിച്ചില്ല)
വരിക വസന്തമേ ചിറകു വിരുത്തി നീ
വരിക മനോഹരപുഷ്പകോടീരം ചൂടി
(പി. കുഞ്ഞിരാമൻ നായർ — പ്രേമർപ്പണം)
പുത്തനായ് മണ്ണുമീവിണ്ണുമിപ്പോൾ
പുത്തനായ് പൂക്കളും മാനുഷരും
(പി. കുഞ്ഞിരാമൻ നായർ — ഓണപ്പൂവ്)
വരവായി വസന്തം മലർ–
വനിയിൽ തോരണമായി
(അയ്യപ്പപ്പണിക്കർ — വസന്തം)
പുളകംകൊള്ളും പറവകൾ പാടിയ
പൂക്കാലം വന്നു
(അയ്യപ്പപ്പണിക്കർ — ത്രിത്വം)
വിരിഞ്ഞുകഴിഞ്ഞല്ലോ പൂഞ്ചിറകുകൾ, സ്നേഹം
വഴിയും മിഴികളാൽ വിളിപ്പൂവാസന്തശ്രീ
ഇനിയില്ലൊരുങ്ങുവാൻ കാടായ കാടെല്ലാം പൂ–
വണിഞ്ഞു കഴിഞ്ഞു ഹാ പുഷ്പനൃത്തമായെങ്ങും
(പുതുശ്ശേരി രാമചന്ദ്രൻ — കുഴപ്പമെവിടെ)
And all the earth is gay
Land and sea
Give themselves upto jollity
And with heart of May
Doth every beast keep holiday
(Wordsworth — Ode on Intimations of Immortality)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.