images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
2
മുൻകാല മഞ്ഞ്
ഫ്രാംസ്വാ വിയ്യോൻ (FRANCOIS VILLON (1431–1480))

[ഫ്രഞ്ച് കവിതയുടെ ആദിപിതാക്കളിൽ അവിസ്മരണീയനായ ഫ്രാംസ്വാ വിയ്യോൻ വൈപരീത്യാത്മകമായ ഒരു ജീവിതത്തിന്റെ ഉടമയാണ്. അനാഥനായി കൃസ്തീയ മതസ്ഥാപനത്തിൽ വളർന്നു ദരിദ്രനായി ജീവിച്ച ഈ കവി പ്രേമവിഷയകമായ ഒരു സംഘട്ടനത്തിൽ ഒരു പാതിരിയെ കൊന്നതിനും പിന്നീട് ഒരു മോഷണക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ടുവെങ്കിലും രാജാവ് ദയ കാണിച്ചതിനാൽ സ്വതന്ത്രനായി. അക്രമാത്മകമായ ഒരു ഏറ്റുമുട്ടലിൽ വീണ്ടും അറസ്റ്റിലായപ്പോൾ രണ്ടാമതും രാജാവ് ഇടപെട്ടു വധശിക്ഷ 10 കൊല്ലത്തെ നാടുകടത്തലാക്കി മാറ്റി. അതിനുശേഷമുള്ള ജീവിതം അജ്ഞാതമാണ്. 1480–ൽ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. അപ്രതിഹതമായ കാലത്തിന്റെ ചിറകടിയ്ക്കിടയിൽ മനുഷ്യജീവിതം അടിഞ്ഞുപോകുന്നതിലേയ്ക്ക് വിരൽ ചൂണ്ടുകയാണ് വിയ്യോൻ ഈ കവിതയിൽ.]

ചൊന്നാലും റോമിന്റെ സുന്ദരിയായ്
ചൊല്ലാളും ‘ഫ്ളോറ’യിന്നെങ്ങിരിപ്പൂ?
എങ്ങന്യസൗന്ദര്യധാമങ്ങളാം
‘അർഷിപ്പയാദ’, ‘തയീസ്സു’മാരും? [1]
മർത്ത്യമാനങ്ങൾക്കതീതമാം മ–
ട്ടത്രയ്ക്കഴകാർന്നൊ ‘രെക്കാ’വെങ്ങാം? [2]
(ആറ്റിനോ, പൊയ്കയ്ക്കോ മീതെയെന്നും
കേട്ടറിയുന്നുണ്ടവളെ നമ്മൾ.)
ചൊന്നാലും പോയ്പോയ നാളുകൾതൻ
മഞ്ഞെല്ലാമെങ്ങാണിരിപ്പതിപ്പോൾ? [3]
പ്രേമവിവാദത്തിൽപെട്ട വിജ്ഞ–
താപസിയായ ‘ഹെല്ലോയി’ സ്സെങ്ങാം? [4]
പേരാർ‘ന്നബേലാറ’വൾക്കുവേണ്ടി
പീഡനമേറ്റു സന്യാസിനിയായി,
(തൽപ്രേമമൊന്നുതാൻ കാരണമാ–
വിഖ്യാതനേറെ വിപിന്നനാകാൻ.)
നവ്യസിദ്ധാന്തങ്ങളുന്നയിച്ച
ഭവ്യൻ ‘ബിറുദാ’നെച്ചാക്കിലാക്കി [5]
[6] സേൻനദി തന്നടിത്തട്ടിലാഴ്ത്താൻ
മോഹിച്ചൊരമ്മഹാ റാണിയെങ്ങാം? [7]
ചൊന്നാലും പൊയ്പോയ നാളുകൾ തൻ
മഞ്ഞെല്ലാമെങ്ങാണിരിപ്പതിപ്പോൾ?
പേർത്തുമൊരു മൽസ്യകന്യകയെപ്പോൽ [8]
പാടിയ ‘ലില്ലി’പ്പൂവൊത്ത റാണി [9]
മന്നോരിൽ മന്നനാം ഷാർല്മാഞ്ഞിൻ [10]
മാതാവു ‘മാപാദ’ബേർത്ത് റാണി, [11]
[12] ‘റൂആ’നിലാംഗ്ലേയർ ചുട്ടെരിച്ച
[13] ‘ഴാൻദാർ’ക്കാനല്ല ‘ലൊറേൻ’ കുമാരി– [14]
ഇച്ചൊന്ന നല്ലാർമണികളെല്ലാം
(ഈശോവിൻ മാതാവേ!) ഇപ്പൊഴെങ്ങാം?
ചൊന്നാലും പോയ്പോയ നാളുകൾതൻ
മഞ്ഞെല്ലാമെങ്ങാണിരിപ്പതിപ്പോൾ?
ഈ വാരത്തോടോ, യീവർഷത്തോടോ
ചോദിക്കാമെങ്ങവർ വർത്തിപ്പെന്ന്,
[15] മന്നവാ, ഈയൊരു പല്ലവി ത–
ന്നുൾപ്പൊരുളുൾക്കൊണ്ടെന്നാകിൽ മാത്രം:
ചൊന്നാലും പോയ്പോയ നാളുകൾതൻ
മഞ്ഞെല്ലാമെങ്ങാണിരിപ്പതിപ്പോൾ?

BALLADE DES DAMES DU TEMPS JADIS

കുറിപ്പുകൾ
[1]
ഫ്ലോറ, അർഷിപ്പിയാദ്, തയീസ്സ്——റോമൻ, ഗ്രീക്ക് ചരിത്ര സുന്ദരിമാർ.
[2]
എക്കോ (Echo)—-നാർസിസ്സിനെ പ്രേമിച്ചതിനെത്തുടർന്നു പാറക്കല്ലായി മാറിപ്പോയ അപ്സരസ്സ്—-പ്രതിധ്വനിയുടെ ദേവതയായി കൊണ്ടാടപ്പെടുന്നു.
ശാകുന്തളം രചിച്ചപ്പേർകൊണ്ടൊരു കാളിദാസനെങ്ങിപ്പോൾ
ആർ കണ്ടു തവഗാരുതസ്തോകച്ഛായയിലവന്റെ സച്ചരിതം?…
പ്രകൃതിയുടെ പുണ്യനാഡിയിലലകൃതകമായൊഴുകീടുന്ന ജീവരസം
സ്വകവിതയിൽ തെളിയിച്ചവനേകൻ ഭവഭൂവതി ഭൂതിയായല്ലോ?
ബൈറൺ, ഷേൿസ്പിയർ മുതലായോരും തുഞ്ചൻ തുടങ്ങിയുള്ളോരും
പേരവശേഷിച്ചവരായ്ത്തീരുവതിന്നാരു ഹേതു നീയെന്യേ?
(കെ. കെ. രാജാ — കാലത്തിനോട്)
പടുക്കളെന്നു പേരെടുത്ത പൂർവിക പ്രമാണികൾ–
ക്കൊടുക്കമെന്തു സംഭവിച്ചു? കേട്ടുകേൾവിയില്ലയോ?
… … …
സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും
അമർന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക, മാറ്റമൊന്നുമില്ലതിൽ
(മേരി ജോൺ തോട്ടം — ലോകമേ യാത്ര)
[3]
പ്രഭാതമണയുന്നുപോൽ ബഹുസഹസ്ര പുഷ്പങ്ങളൊ–
ത്തതേ, ശരി; തലേദിനം ബത വിടർന്ന പൂവെങ്ങുവാൻ?…
രസാലതരുശാഖയിൽ പ്രണയഗീതി പെയ്യും കുയിൽ–
ക്കുലപ്രവരനെങ്ങുനിന്നെവിടെ, യെങ്ങുപോയ് പിന്നെയും?
(ഒമർ ഖയാം — റുബായിയാത്ത് (കെ. എം. പണിക്കരുടെ തർജ്ജമ (രസിക രസായനം))
മന്ദഹാസം പൊഴിച്ചു മിന്നിയ
മഞ്ഞുതുള്ളികളെങ്ങുപോയ്?
അന്നു വാസന്തലക്ഷ്മിയേകിയ
പൊന്നണിഞ്ഞ പുലരിയിൽ
ഈ മരത്തിലിരുന്നു പാടിയൊ–
രോമനക്കിളിയെങ്ങുപോയ്?
(ചങ്ങമ്പുഴ — ഉപഹാരം)
എങ്ങുപോയാമലർ വല്ലരികൾ,
എങ്ങുപോയഗ്ഗാന പല്ലവികൾ,
എങ്ങു കനവിൻ കിനാവൊളികൾ,
എങ്ങുമൽ സങ്കല്പ ദേവതകൾ?
(പി. കുഞ്ഞിരാമൻ നായർ — ഞങ്ങൾ വരുന്നു)
എങ്ങുനിന്നെങ്ങു നിന്നേകാന്ത വൈചിത്ര്യം
തങ്ങുമിക്കൊച്ചുനിമേഷമെല്ലാം
എങ്ങുപോ, യെങ്ങുപോയ് മായുന്നു ഭാവന
യിങ്ങുപകച്ചുമിഴിച്ചുനിൽക്കേ
(ജി. — നക്ഷത്രഗീതം)
Where are the songs springs? Aye, where are they?
(Keats — Ode to autumn)
[4]
ഹെല്ലോയിസ്–ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായ അബലാറിനെ (Abelard, 1079–1142) പ്രേമിച്ചു രഹസ്യവിവാഹം കഴിക്കുകയും, സംഗതി പുറത്തറിഞ്ഞപ്പോൾ കന്യാസ്ത്രീയാകുകയും ചെയ്ത ഫ്രഞ്ച് വിദുഷി.
[5]
Buridan (1300–1340)–പാരീസ് യുനിവർസിറ്റിയുടെ റെക്ടറായിരുന്ന പണ്ഡിതൻ.
[6]
സേൻ (Seine)–പാരീസിനെത്തഴുകിപ്പോകുന്ന ഫ്രാൻസിലെ പ്രധാന നദി.
[7]
ലൂയി പത്താമന്റെ പട്ടമഹിഷി മർഗറീത്തിനെയാണ് ഉദ്ദേശിച്ചിട്ടുള്ളത്. വ്യഭിചാരക്കുറ്റത്തിനു ഈ രാജ്ഞി പിന്നീട് വധിക്കപ്പെട്ടു.
[8]
പകുതി മത്സ്യവും പകുതി മനുഷ്യസ്ത്രീയുമായ, മനോഹര ശബ്ദമുള്ള സങ്കല്പസൃഷ്ടി —-Sirene.
[9]
മറ്റൊരു ഫ്രഞ്ച് രാജ്ഞിയെയാണ് ഉദ്ദേശിച്ചിട്ടുള്ളത്; ഏതെന്നു വ്യക്തമല്ല.
[10]
ഷാർല് മാഞ്ഞ് (Charlemagne) പ്രശസ്തനായ ഫ്രഞ്ച് ചക്രവർത്തി (742–814)
[11]
ബേർത്ത് രാജ്ഞി ‘മഹാപാദ’ എന്ന വിശേഷണത്തോടുകൂടിയാണ് അറിയപ്പെട്ടിരുന്നത്.
[12]
റുആൻ (Rouen)–വടക്കൻ ഫ്രാൻസിലെ ഒരു നഗരം.
[13]
ഴാൻദാർക്ക് (Janne d’Arc)–ഇംഗ്ലീഷ്–ഫ്രഞ്ച് നൂറ്റാണ്ടു യുദ്ധത്തിൽ ഇംഗ്ലീഷുകാർക്കെതിരെ പടനയിച്ചു വിജയങ്ങൾ നേടിയ ഫ്രഞ്ച് ദേശീയ വീരതരുണി (1412–1431). പിന്നീട് ഇംഗ്ലീഷുകാരുടെ പിടിയിലകപ്പെട്ട ഴാൻദാർക്കിനെ, അവരുടെ ആവശ്യപ്രകാരം കത്തോലിക്കാപള്ളി ദുർമ്മന്ത്രവാദിനിയായി പ്രഖ്യാപിച്ചു. ഇതിന്റെ മറവിൽ ഇംഗ്ലീഷുകാർ അവരെ ജീവനോടെ ദഹിപ്പിട്ടു. 5 നൂറ്റാണ്ടുകൾക്കു ശേഷം, 1920–ൽ കത്തോലിക്കാപള്ളി സ്വന്തം തെറ്റു തിരുത്തി അവരെ പുണ്യവതിയായി പ്രഖ്യാപിക്കുകയുണ്ടായി.
[14]
ലൊറേൻ (Lorraine)–ഴാൻദാർക്കിന്റെ ജന്മദേശം.
[15]
ഈ കവിതയുടെ രൂപസങ്കേതമനുസരിച്ച് കവി നാടുവാഴുന്ന രാജാവിനോടു അഭ്യർത്ഥിക്കുകയാണ്: ഈ നല്ലാർമണികളെല്ലാം ഇപ്പോഴെങ്ങാണെന്നു കാലത്തിനോടു ചോദിക്കണം: പക്ഷേ പോയ്പോയ കാലത്തിന്റെ മഞ്ഞെല്ലാം ഇപ്പോഴെങ്ങന്ന അടിസ്ഥാന ചോദ്യത്തിന്നു ഉത്തരം കിട്ടിയതിനുശേഷം മാത്രം.
ഏകവ്യാകുല വിശ്വചക്ര പടലം ധർമ്മാക്ഷദണ്ഡത്തിൽ നി–
ന്നാകല്പം ചുഴലുന്നു, തദ്ഗതി തടുപ്പാനില്ല കൈയാർക്കുമേ,
(ആശാൻ — പ്രരോദനം)
കാലത്തിന്നധീതമാം നശ്വര ജഗത്തിങ്കൽ
(ജി. — ഭൃംഗഗീതി)
ഞാനനുസ്മരിച്ചുപോയ് കാലത്തിൻ പരപ്പിങ്കൽ
മാനവൻ വിരചിച്ച സാമ്രാജ്യമോരോന്നപ്പോൾ
(ജി. — ആരാമത്തിൽ)
ചഞ്ചലൽ ബ്രഹ്മാണ്ഡ ബുദ്ബുദകോടികൾ
സഞ്ചരിക്കുന്നൊരാ ചാലിൽ
… … …
വാ പിളർത്തുന്നോരതിന്റെ ഗർത്തങ്ങളിൽ
വാടിവീഴുന്നു ദിനങ്ങൾ
എന്നല്ല ജന്മാന്തരങ്ങൾ ചിറകടി–
ച്ചൊന്നിച്ചതിൽ ചെന്നൊളിപ്പൂ
… … …
അന്തമറ്റോളമടിച്ചു കിടക്കുമ–
തെന്തൊരപാരതയാവോ?
(ചങ്ങമ്പുഴ — സായൂജ്യദീപ്തി)
ലോകത്തിലെല്ലാത്തെയുമാവരിക്കും
കാലത്തിരശ്ശീല കവർന്നെടുപ്പൂ
ഓരോ നിമേഷത്തെയു, മായതോടൊ–
ത്തുണ്ടായ സർവത്തെയുമെന്നപോലെ
(കെ. എം. പണിക്കർ — ചിന്താതരംഗിണി)
ചൂഴവും ജിതോർമ്മികൾ മൃതിപാശങ്ങൾ വീശി
ആഴത്തിൽ ജീവങ്ങളെയാഴ്ത്തുന്നിതെന്നും കാലം
(പറവൂർ ഗോപാലകൃഷ്ണൻ നായർ — പല്ലനയുടെ തേങ്ങൽ)
When rocks impregnable are not so stout
Nor gates of steel so strong, but time decays
(Shakespeare — Time and love)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.