images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
18
രക്തസാക്ഷികൾ
വിക്തോർ ഹ്യൂഗോ (VICTOR HUGO (1802-1885))

ഫ്രഞ്ച് വിപ്ലവത്തിന്നു ശേഷമുണ്ടായ രാഷ്ട്രീയ ഗതിവിഗതികളിൽ പുനസ്ഥാപിക്കപ്പെട്ട രാജഭരണത്തിന്റെ ജനദ്രോഹ നടപടികൾക്കെതിരെ 1830 ജൂലായിൽ പാരീസ് നിവാസികൾ നടത്തിയ വിപ്ലവത്തിൽ മൃതിയടഞ്ഞവരുടെ സ്മരണയെ ആദരിച്ചാണ് ഹ്യുഗോ ഇത് രചിച്ചത്. ഇതിൽ പരാമർശിക്കപ്പെട്ട ദേശീയവീരർക്കുള്ള സ്മാരകമായ ‘പന്തെയോ’ നിൽ പിറ്റോക്കൊല്ലം ജൂലായിൽ നടന്ന ഔപചാരിക ചടങ്ങിൽ അഞ്ഞൂറ് പേരടങ്ങിയ ഒരു ഗായകസംഘം ഇതാലപിക്കുകയുണ്ടായി. പിന്നീടിതു ഒരു ദേശഭക്തിഗാനമായി പരക്കെ പ്രചാരം നേടി.

ജനനഭൂമിതൻ ബലിപീഠത്തിങ്കൽ
പുരഭക്ത്യാ ജീവൻ സമർപ്പിച്ചതോടെ [1]
ശവമഞ്ചത്തിനെ ജനത വന്ദിപ്പൂ,
അവർക്കായ് പ്രാർത്ഥന നിയതമർപ്പിപ്പൂ.
അധികമാധുരി കലർന്ന നാമങ്ങൾ–
ക്കിടയിലേറ്റവും മധുരം തന്നാമം.
സമസ്തകീർത്തിയും തദിയകീർത്തി ത–
ന്നടുത്തു നില്ക്കുകിൽ കുമിള മാത്രമാം.
ഒരമ്മയോമനക്കിടാവെയെന്നപോ,–
ലൊരു ജനതതൻ മുഴുവനാശിസ്സും
അവർകിടന്നിടും കുഴിമാടങ്ങളി–
ലവരെത്താരാട്ടുന്നവിരതമായി. [2]
ജയിക്ക നമ്മൾതന്നനശ്വര ഫ്രാൻസ്,
ജയിക്കവൾക്കായി മൃതി വരിച്ചവർ, [3]
ജയിക്ക നമ്മുടെ സുരക്തസാക്ഷികൾ,
ജയിക്കയദ്ധീര, രപാര വിക്രമർ!
ജയിക്ക തീപ്പന്തമവരീന്നേറ്റു തൽ–
പദമുദ്രകൾ പിന്തുടർന്നിടുന്നിവർ, [4]
ബലിയർപ്പിക്കുവാൻ കുചിച്ചിടുന്നവർ.
ജയിക്ക ജന്മഭൂജയശ്രീകോവിലി–
ലവരൊടൊപ്പമായിരിക്കാൻ പോകുവോർ! [5]
സ്വജീവത്യാഗത്താലമരത്വമാരാർ–
ന്നവർക്കുവേണ്ടിയാണഭിമാനപൂർവ്വം,
പരസഹസ്രം ഗോപുരങ്ങളുള്ളൊരി–
[6] ‘പ്പറി’യിൽ ‘പന്തെയോ’ നുയർന്നു നില്പതു, [7]
അരുണനാസ്തംഭമകുടത്തെയെന്നും
പുതിയ പൊൻനീരിലഭിഷേചിപ്പത്! [8]
ജയിക്ക നമ്മൾതന്നനശ്വര ഫ്രാൻസ്
ജയിക്കവൾക്കായി മൃതിവരിച്ചവർ!
അനിത്യമായുള്ളതെതിനെയും മാച്ചു–
കളഞ്ഞിടും കാളനിശയാം വിസ്മൃതി
തദന്ത്യവിശ്രമനികേതനങ്ങളെ–
യണഞ്ഞിടുന്നതു വൃഥാശ്രമം മാത്രം, [9]
പ്രശസ്തിതൻ നിത്യനവപ്രഭാതം തൽ–
സ്മരണയ്ക്കന്യൂനം തെളിവിയറ്റുന്നു,
തദീയ കാഞ്ചനലിഖിതനാമങ്ങൾ–
ക്കരുളുന്നാരമ്യനവപരിവേഷം. [10]
ജയിക്ക നമ്മൾ തന്നനശ്വരഫ്രാൻസ്
ജയിക്കവൾക്കായി മൃതി വരിച്ചവർ
ജയിക്ക നമ്മുടെ സുരക്തസാക്ഷികൾ
ജയിക്കയദ്ധീരരപാരവിക്രമർ!

HYMNE

കുറിപ്പുകൾ
[1]
ഈ വസന്തസമയത്തിജ്ജീവിതപുഷ്പത്തെദ്ദേശ–
സേവനത്തിന്നർപ്പിച്ചു ഞാൻ ധന്യയാകട്ടെ
(ബാലാമണിയമ്മ — യാത്രാനുവാദം)
സ്വതന്ത്രഭാരത നൂതന ചരിതം
സ്വന്തം ചോരയിലെഴുതുന്നവരേ
(കെ. പി. ജി. നമ്പൂതിരി — സ്വതന്ത്രഭാരത നൂതനചരിതം)
[2]
തൂക്കുമരങ്ങളിൽ ഭീകരമൃത്യുവെ–
ദ്ധിക്കരിച്ചേറിച്ചിരിച്ചവരേ
അന്ധകാരവൃതകാരാഗൃഹങ്ങളിൽ
താൻതാനെരിഞ്ഞു പൊലിഞ്ഞവരേ
സ്വത്തുമുഴുവൻ നശിച്ചവരേ, യെല്ലു
മർദ്ദനമേറ്റു തകർന്നവരെ
എങ്ങും പ്രസിദ്ധിപ്പൊലിമ തഴപ്പോരെ
എങ്ങുമൊരുത്തറിയാത്തോരേ
അന്തരാത്മാവിൻ വെളിച്ചത്തിനൊത്തുതാൻ
സ്വന്തം കടമവഹിച്ചവരേ
ഞങ്ങൾ നിനയ്ക്കുന്നു, ഞങ്ങൾ നമിക്കുന്നു
ഞങ്ങളവർക്കിന്നു നന്ദിചൊൽവൂ
(എൻ. വി. കൃഷ്ണവാരിയർ — സ്വാതന്ത്ര്യജന്മങ്ങൾ)
[3]
ധർമ്മയോധരേ, നിങ്ങളന്ത്യമായ് തലചായ്ച്ച
ചെമ്മണ്ണിലുദ്രോമാഞ്ചം വീണുരുളാവൂ ഞങ്ങൾ,
കർമ്മയോഗത്തിന്നില്ല കാലദൈർഘ്യത്താൽ ഭംഗം
അമ്മയ്ക്കു മാനം വാങ്ങാനുയിർ വിറ്റോരേ വെൽവിൻ
(വള്ളത്തോൾ — ശിപ്പായി ലഹള)
അടരിൽ ധർമ്മാർത്ഥമായ് പൊരുതും നിൻപുത്രർക്കു
വെടിയുണ്ടകളും പൂമഴയുമൊരുപോലെ
(വള്ളത്തോൾ — മാതൃഭൂമിയോട്)
അത്രമേലഭികാമ്യമാകുമീ ജന്മം മാതൃ–
ഭക്തിയിലർപ്പിച്ചുള്ള നിങ്ങളേ ധന്യാത്മാക്കൾ
… … …
ഞങ്ങൾ വിസ്മരിക്കില്ലാ നാട്ടിന്റെ സ്വാതന്ത്ര്യത്തിൻ
മംഗളത്തിരികളിൽ ജീവിതം പകർന്നോരേ
(പാലാ — അത്മാവിന്റെ നോവുകൾ)
അസ്ഥിയിൽ, മാംസത്തിൽ, ത്തകർന്നൊരു
ലാത്തികളുടെ ചടരടിതങ്ങൾ,
ചീറിടുമീയത്തീമഴയത്തും
ചൂളാതുള്ളൊരു ധൈര്യങ്ങൾ,
ഹൃദയച്ചോരയിലെൻനാ, ടവളുടെ–
യിതിഹാസം നാവെഴുതുമ്പോൾ … … …
(എൻ. വി. കൃഷ്ണവാരിയർ — ആഗസ്റ്റ് കാറ്റിൽ ഒരില)
ആളറിവില്ലെന്നിരുന്നോട്ടെ
പേരറിവില്ലെന്നിരുന്നോട്ടെ
അന്നിവരടിയേറ്റിടിയേറ്റു വേടിയേറ്റു
മണ്ണിലടിഞ്ഞുപോയെത്രയോ കഷ്ടം
(നീലമ്പേരൂർ മധുസൂദനൻ നായർ — ചില്ലുകൾ, ചൂളുകൾ)
As the stars that are starry in the time of our darkness
To the end, to the end thay remain
(Laurence Binyon — For the fallen)
[4]
മുക്തിയുദ്ധത്തിലന്ത്യമായ് വീണ
രക്തസാക്ഷിതൻ കൈകളിൽ നിന്നും
താഴ്ത്തുകില്ലെന്നു ചെല്ലിനാമൊന്നി–
ച്ചേറ്റുവാങ്ങിയോരിക്കൊടിക്കൂറ
കാർമുകിലുകൾക്കപ്പുറം മഞ്ഞിൻ
മാമലമുടിച്ചാർത്തിനും മീതെ
വിണ്ണിനെച്ചെന്നു പുല്കുമാറേവം
മിന്നിമിന്നിപ്പറന്നുപാറുമ്പോൾ
മണ്മറഞ്ഞൊരക്കർമ്മവീരന്മാർ
നമ്മളിൽപ്പുനർജന്മമേലട്ടെ
(തിരുനല്ലൂർ കരുണാകരൻ — നാം പ്രതിജ്ഞ ചെയ്യുക)
[5]
കദനം വേണ്ട, മൃത്യുദേവത, ഭദ്രേവന്നു
കതകുതുറന്നാലും–ഒരുങ്ങിക്കഴിഞ്ഞു ഞാൻ
… … …
പാരിലൊക്കെയും നീതിധർമ്മത്തിൻ കതിർനീട്ടും
ഭാരതഭൂവിൻ ഭാവി സൂര്യനെക്കണികണ്ടു
സ്ഫുരിച്ച കൃതാർത്ഥതാ ഹർഷബാഷ്പത്തിൽത്തേങ്ങി
ചിരിച്ചു ചിരിച്ചെന്റെ കണ്ണുകളടയുമ്പോൾ
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
[6]
പറി–ഫ്രഞ്ച് ഉച്ചാരണത്തിൽ പാരീസ് (Paris)
[7]
പന്തെയോൻ (Pantheon) = പാരീസിൽ ഒരു കുന്നിൻ മുകളിൽ ദേശീയവീരർക്കുള്ള സ്മാരക മന്ദിരം. വിക്തോർ ഹ്യുഗോവും ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നതു്.
[8]
കിരീടാകൃതിയിൽ സ്തംഭങ്ങളോടുങ്ങുടിയതാണ് പന്തെയോന്റെ മേൽത്തട്ട്.
നിങ്ങളാരെവിടെയാണെങ്ങിനെ മരിച്ചെന്ന
സംഗതി ശരിക്കറിഞ്ഞീടുവാൻ കഴിയാതെ
മങ്ങിടും മനസ്സിലെക്കാടുകൾ പരതുന്ന
ഞങ്ങളിൽ പ്രകാശമായ് പൊന്തുന്നു മണിസ്തൂപം
(പാലാ — ആത്മാവിന്റെ നോവുകൾ)
[9]
കാലമെപ്പൊഴും കാക്കുമീ വീര–
സ്മരാകങ്ങളെ സാക്ഷിയായ് നിർത്തി … … …
കർമ്മവീര്യത്തിനുന്മദമേകാൻ
നമ്മളിനിന്നീ പ്രതിജ്ഞചെയ്യുന്നു … … …
മാതൃഭൂമിയ്ക്കു മംഗളം വായ്ക്കാൻ
പ്രാണനെങ്കിൽ നാം പ്രാണനും നല്കും
(തിരുനല്ലൂർ കരുണാകരൻ — നാം പ്രതിജ്ഞചെയ്യുക)
[10]
ശോണ വസ്ത്രമുടുത്താഭ പൂണുമർക്കമരീചികൾ
താണുവന്നാതേജസ്വിനിതൻ മൃദുമെയ്യിൽ
ചേണിയന്ന ചെമ്പനിനീർപ്പൂമാലകളണിയിച്ചു,
തൂനെറ്റിമേൽ ത്തൊടുവിച്ചു ദിവ്യസിന്ദൂരം
(ബാലാമണിയമ്മ — യാത്രാനുവാദം)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.