images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
20
കൊച്ചനിയൻ
മദാം ഴിറാർദേൻ (MDAME GIRARDIN (1804-1855))

കവയിത്രി എന്നതിനുപുറമെ നോവലിസ്റ്റും പത്രപ്രവർത്തകയുമായിരുന്നു മദാം ഴിറാർദേൻ.

പൊന്നുചേച്ചിമാർ നിങ്ങൾ കേഴുന്ന
മന്നിലേയ്ക്കു വരുന്നു ഞാൻ
വാനവനാട്ടിൽനിന്നു, നിങ്ങൾക്കു
മാനസാശ്വാസമേകുവാൻ.
പൂവിരിച്ചെൻ ശവകുടീത്തിൽ
മാഴ്കയോ നീങ്ങളിപ്പോഴും? [1]
മണ്ണിൽ നിങ്ങളെക്കാണ്മു ഞാൻ, മേലിൽ
പൊന്നുചേച്ചിമാർ കേഴൊലാ!
ഭീതിദമാം നിഗൂഢതയിലും
മൃത്യുവിന്നുണ്ടു മാധുരി.
വിണ്ണിൽ ഞാനൊരു കൊച്ചുമാലാഖ,
നിങ്ങളെക്കാത്തു വാഴ്കയാം.
ഇങ്ങപങ്കിലഹർഷപൂരത്തിൽ
മുങ്ങിടുന്നു ഞാനെപ്പൊഴും.
അങ്ങു സൗമ്യസരളഭാവങ്ങ
ളാർന്നിരുന്നവനല്ലീ ഞാൻ?
ഇങ്ങനശ്വരപുണ്യശാലിനീ
വൃന്ദരക്ഷയിലാണു ഞാൻ
പൊൻചിറകുകൾ നൽകിയതല്ലാ
തെന്നെ മാറ്റിയില്ലീശ്വരൻ. [2]
തീർന്നു മാമകയാതനയാകേ,
തോർന്നു കണ്ണീർമാരിയും;
എൻകരത്തിൽ വിറങ്ങലിപ്പു പോയ്,
ഞാൻ കളിച്ചു ചിരിയ്ക്കുന്നു; [3]
മാറ്റമാർന്നതില്ലൊട്ടുമെന്റെയാ
നോട്ടവുമെന്റെ ശബ്ദവും,
ദേവദൂതനിസ്സോദരൻ മുൻപോൽ
സ്നേഹമേലുന്നു നിങ്ങളിൽ.
എന്മുഖം മുമ്പു ചേച്ചിമാരുടെ
കൺകവർന്നതു തന്നെയാം;
തത്തിടുന്നു കുറുനിരച്ചാർത്തെൻ
നെറ്റിമേലതേ മാതിരി.
ഭൂവെടിഞ്ഞനാൾ വെട്ടിയില്ലയോ
മാമകീന മുടിച്ചുരുൾ?
നിങ്ങൾതൻ ബാഷ്പധാരയേറ്റൊരാ
നാരുകൾ വളരില്ലിനി.
വിണ്ടലമാണെൻ നാടു, ഞാനൊരു
സ്വർണ്ണഗേഹത്തിൽ വാഴുന്നു;
ഇച്ഛപോലെ ഞാനക്ഷയാമൃതം
നിച്ചിലും കുടിച്ചീടുന്നു;
ജീർണ്ണമാകാത്ത നൂലെഴും കന–
കാംബരം ചാർത്തിടുന്നു ഞാൻ;
തോഴരൊത്തു ഞാൻ മോഹനരത്ന
പ്പൂഴിമേൽ കളിയാടുന്നു. [4]
ഞാന്നു കാണുമീക്കൂട തോറുമേ
പൂവിടരുന്നു നിശ്ശ്രമം;
ഇങ്ങെഴും മധുമക്ഷികാളികൾ
ക്കില്ല വാൽമുന കുത്തുവാൻ;
പൂവറുത്താകിൽ പുഷ്പിതമാകു
മപ്പൊഴേ പൊൽപ്പനീർച്ചെടി;
വൃക്ഷമൊന്നിനുമില്ല നഞ്ഞുകായ്,
കായ്പതൊക്കെയും സൽഫലം. [5]
ത്വിട്ടെഴും മേഘമൊന്നിൽ മാണിക്യ
ത്തൊട്ടിലിലുറങ്ങുന്നു ഞാൻ;
സ്നേഹദേവതതൻ മുഖപട
മാണെനിയ്ക്കു യവനിക;
മിന്നിടുന്നൊരു കൊച്ചുതാരക
മെന്നരികിലെ ദ്ദീപിക;
നിദ്രകൊള്ളുന്നിതെന്നെപ്പോലുള്ള
കൊച്ചുകൂട്ടുകാരൊക്കെയും.
അന്തിവേളയിലൂഴിയിലെങ്ങു
മന്ധകാരം നിറയവേ,
വിണ്ണിൽനിന്നുമിറങ്ങി നിങ്ങൾതൻ
സന്നിധിയിലണവുഞാൻ.
അല്ലലാർന്നെന്റെ പൊന്നുചേച്ചിമാർ
കല്ലറപൂകി പ്രാർത്ഥിക്കേ,
ഞാനദൃശ്യനായ്കേൾക്കും, പിന്നതു
ദൈവസന്നിധിയെത്തിക്കും.
പുണ്യലോകത്തിൽ നിന്നു നിങ്ങൾക്കു
ധന്യമാശ്വാസമേകുവാൻ
പൊന്നുചേച്ചിമാർ നിങ്ങൾ കേഴുന്ന
മന്നിലേയ്ക്കു വരുന്നു ഞാൻ!

LE PETIT FRERE

കുറിപ്പുകൾ
[1]
അനുജനെക്കാണാതരവിനാഴിക
തനിയെ വാഴുവാനരുതുമേ
ചെറുപൂമ്പാറ്റയും മലരുമൊത്തിതാ
വരികയായല്ലൊ മധുമാസം.
തിരികെയൊന്നവൻ വരുവാനോതുമോ?
കരയുമല്ലെങ്കിലിനിയും ഞാൻ…
… … …
കരുണനെങ്ങുപോയ്? പറയുകെന്നോടു
കരയുമല്ലെങ്കിലിനിയും ഞാൻ,
കരുണനെന്തമ്മേ വരികില്ലേ വീണ്ടും
പറയുകില്ലെങ്കിൽ കരയും ഞാൻ
(ചങ്ങമ്പുഴ — കരയും ഞാൻ)
[2]
ആളാകാൻ വെമ്പുന്നു നിൻപൈതൽ നീയൊരു
മാലാഖയായിച്ചുരുങ്ങുവാനും
(വൈലോപ്പിള്ളി — പ്രഭാതം)
Babes at birth
Wear as raiment round them cast,
keep as witness toward their past,
Tokens left of heaven; and each
Ere sweet heaven pass on past reach,
Bears in undiverted eyes
Proof of unforgotten skies
(A. C. Swinburne — Here on earth)
[3]
പരമാനന്ദത്തിൽ മതിമറന്നോമൽ
പരിമളം വീശി വിലസിടും
ഒരു നല്ല പിഞ്ചുപനിനീർപ്പൂവിനു–
ള്ളരിയ ജീവിതമവനുണ്ടായ്
അമിതതാപമാർന്നഴലുവാൻ നമ്മ,–
ളമരലോകത്തിലവനെത്തി.
(ചങ്ങമ്പുഴ — കരയും ഞാൻ)
[4]
വാനവർക്കാരോമലായ്, പാരിനെക്കുറിച്ചുദാ
സീനനായ്, ക്രീഡാരസലീനനായവൻ വാഴ്കേ
(വൈലോപ്പിള്ളി — മാമ്പഴം)
[5]
അപ്രദേശത്തിലങ്ങവൾക്കെന്നാൽ
സുപ്രകാശത്തിൻ നീരവശാന്തി
പത്രമേലും മാലാഖകൾ പായു
മദ്ധ്വനി ചലിപ്പീലൊരു കാറ്റും
… … …
അപ്രകാശത്തിൽ ഞങ്ങൾ നീരാടും
ചിൽപ്പുമാനുടെ സന്നിധാനത്തിൽ
(വൈലോപ്പിള്ളി — ധനകന്യക)
(Rosetti-യുടെ കവിത)
നൂതനഗേഹത്തിൽ മംഗളമല്ലാതെ
യാതനാശങ്കകളേതുമില്ല.
യാതൊരു നേത്രവും കാണാത്ത ഭാവുകം,
കാതുകൾക്കജ്ഞാത ഭവ്യപൂരം,
മാനുഷ ബുദ്ധിയിലെന്നാളുമെത്താത്തൊ
രാനന്ദമല്ലോയെന്നോമനേ നീ
കാണുന്നു, കേൾക്കുന്നു, ചൂഴുന്നു നിന്നെയെൻ
ജോണീ, നീ ഭാഗ്യവാൻ തന്നെയല്ലോ
(മേരി ജോൺ തോട്ടം — ജോണിക്കുട്ടിക്കു മംഗളം)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.