images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
4
പ്ലേഗ് ബാധ
ലഫൊംതേൻ (LAFONTAINE (1621-1695))

തന്മയത്വമുള്ള രണ്ടായിരത്തോളം സാരോപദേശകവിതകളിലൂടെ (Fables) ഫ്രഞ്ച് സാഹിത്യരംഗത്ത് സുപ്രതിഷ്ഠിതനാണ് ലഫൊംതേൻ. ഇന്ത്യൻ പഞ്ചതന്ത്രകഥകളുൾപ്പെടെ ലോകത്ത് പ്രചാരത്തിലുള്ള സാരോപദേശകഥകളിൽ നിന്നെല്ലാം കഥാബീജം സ്വീകരിച്ചു സ്വകീയരീതിയിൽ വികസിപ്പിച്ചും സ്വന്തമായി കഥകൾ സൃഷ്ടിച്ചും രചിക്കപ്പെട്ടവയാണ് ഈ കവിതകൾ. സർവ്വചരാചരങ്ങളും കഥാപാത്രങ്ങളായിട്ടുള്ള തന്റെ കവിതകൾ മൊത്തത്തിൽ, അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, ‘വൈവിധ്യമാർന്ന നൂറുനൂറു അംഗങ്ങളുള്ള അതി ബൃഹത്തായ ഒരു കോമഡിയാണ്.’ ഒറ്റയ്ക്കോരോ കവിതയും നാടകീയത ഉൾക്കൊള്ളുന്നതാണുതാനും. ‘പ്രപഞ്ചത്തിൽ സർവ്വവും സംസാരിക്കുന്നു’, ലഫൊംതേൻ പറയുകയുണ്ടായി. സാരോപദേശത്തിനു പുറമെ ശ്രദ്ധേയമായ സാമൂഹ്യവിമർശനവും ഉൾക്കൊള്ളുന്നവയാണ് കവിതകളിൽ പലതും.

പാരിലെപ്പാപങ്ങൾക്കു
ശിക്ഷയായ്, തൻരോഷത്തിൽ
പ്ലേഗെന്ന മഹാമാരി–
യീശ്വരൻ സൃഷ്ടിച്ചുപോൽ.
ഭീപരത്തിടും വിപ–
ത്തിതിന്നു നരകത്തി–
ന്നാൾബലം പെരുപ്പിക്കാ–
നൊറ്റനാൾ മാത്രം പോരും.
കടന്നാക്രമിച്ചത്രെ
യൊരിക്കൽ, പാർത്തട്ടിങ്ക–
ലമരും ജന്തുക്കളെ–
യിക്കൊടും രോഗാരക്കൻ
ഒടുങ്ങീലെല്ലാവരു–
മെങ്കിലും കെടുതിതൻ
പിടിയിൽ പെടാത്തവർ
ആരുമുണ്ടായീലാ.
വ്യാധിയാൽ വലയുവോർ
ജന്തുക്കളെല്ലാവരും
ആരെയും തുണയ്ക്കുവാൻ
ആർക്കുമാവില്ലെന്നായി.
ആസ്ഥയറ്റഖിലർക്കും
തീറ്റയിൽ, ചെന്നായയും
ക്രോഷ്ടാവുമിരകളെ–
പ്പിടിക്കാനുന്നാതായി. [1]
തങ്ങളിൽപ്പിരിഞ്ഞുപോയ്
നന്മണിപ്പിറാവുകൾ, [2]
പോയ്മറഞ്ഞെങ്ങോ പ്രേമം
പോയൊപ്പം സന്തോഷവും. [3]
മന്നവൻസിംഹം ജന്തു–
ലോകത്തിൻ പൊതുസഭ
തന്നിലീവ്യാധിപ്രശ്നം
ഉന്നയിച്ചരുൾ ചെയ്തു:
‘ദൈവേച്ഛയാലേ വന്നു
പെട്ടതാണീ ദൗർഭാഗ്യം,
പാപകൃത്യങ്ങൾ നമ്മൾ
പലതും ചെയ്തീലയോ?
നമ്മളിലേറ്റം പാപി–
യായവൻ നിജപ്രാണൻ
നേർച്ചയായ് നൽകീടണം
ദൈവികകോപം തീർക്കാൻ.
ഇങ്ങിനെ ചെയ്താൽ രോഗ–
മുക്തിയ്ക്കു പൊതുവായി
സംഗതി വന്നീടുമെ–
ന്നെനിയ്ക്കു തോന്നുന്നുതേ.
ഇത്തരം വിപൽക്കാല–
ത്തിത്തരം ജീവാർപ്പണം
നിശ്ചിതാചാരമെന്നു
ചരിത്രം പറയുന്നു.
സ്നേഹിതന്മാരേ, മേനി–
യേതുമേ നടിക്കാതെ
നാം നടത്തണമാത്മ–
ശോധന നിർദ്ദാക്ഷിണ്യം.
എൻകാര്യം പറയുകിൽ,
തീൻകൊതി ശമിപ്പിക്കാൻ
ഞാൻ മുദാവിഴുങ്ങിയോ
രാടുകളസംഖ്യമാം.
ചെയ്തുവോ വിദ്രോഹമെ–
ന്തെങ്കിലുമെനിയ്ക്കവ?
ഇല്ലെന്നു പറയുവാൻ
മടിയില്ലെനിക്കൊട്ടും.
ചിലപ്പോഴടിയനെ–
ക്കൂടിയുമകത്താക്കാൻ
ഇടവന്നിട്ടുണ്ടെനി,–
യ്ക്കുൺമയോതണമല്ലോ.
ഞാനാത്മബലി നൽകാം
വേണ്ടിവന്നാകിൽ, പക്ഷെ,
ഏവരുമിപ്പോൽപ്പാപം
ഏറ്റുരപ്പതു കാമ്യം.
നീതിശാസ്ത്രങ്ങളെല്ലാ–
മൊന്നുപോലുൽഘോഷിപ്പൂ:
കൂടുതൽ കുറ്റം ചെയ്തോൻ
തൻപ്രാണനർപ്പിക്കണം’
‘അങ്ങു താനത്യുത്തമ
മന്നവൻ’ സദസ്യർ ത–
ന്നൂഴത്തിൻ തുടക്കമായ്
കുറുക്കനുണർത്തിച്ചാൻ:
‘അങ്ങതൻ മനസ്സാക്ഷി–
ക്കുത്തിനുപിന്നിൽ, പ്രഭോ,
ഉന്നതാദർശത്തിന്റെ
തിളക്കം കാണാകുന്നു.
ആടുകളന്തസ്സറ്റോർ,
മൂഢ, രപ്പരിഷയെ
ആഹരിച്ചീടുന്നതു
പാപമോ? അല്ലേയല്ലാ!
അവരെത്തീനാക്കുക
മൂലമങ്ങവർക്കേകി
പെരുതാം മാനമെന്നേ
പറയാനാവൂ, രാജൻ.
ഇടയപ്രശ്നത്തിലോ?
ഇത്രയേ പറയാവൂ:
സമസ്തദോഷങ്ങൾക്കു–
മാകരമായോനവൻ,
ജന്തുവർഗ്ഗത്തിന്മേൽത്തൻ
സങ്കല്പസാമ്രാജ്യത്തെ
സംഘടിപ്പിയ്ക്കും മർത്ത്യ–
സംഘത്തിൽ പെടുന്നവൻ’.
കൃതകൃത്യനായൂളൻ [4]
തൻപേച്ച് മുടിച്ചപ്പോൾ [5]
സ്തുതിപാഠകരന്യർ
കയ്യടിച്ചാർത്തൂമേന്മേൽ.
പുലിയും കരടിയും
തൊട്ടുള്ള മഹാരഥ–
നിരതൻ കുറ്റങ്ങളോ,
ഇതിലും നിസ്സാരങ്ങൾ.
ക്ഷന്തവ്യമെന്നാകയാൽ
അവയെപ്പറ്റിഗ്ഗാഢ–
ചിന്തനം ചെയ്യാനായി–
ട്ടാരുമേ തുനിഞ്ഞീലാ.
കാവൽനായ്വരെയുള്ള
കലഹകുതുകികൾ
സ്വീയമാം പാപസ്ഥിതി
കഥിച്ചുകഴിഞ്ഞപ്പോൾ
ഏവരുമവരവർ
തന്നുടെ പ്രസ്താവത്തിൽ
കേവലമോരോകൊച്ചു
പുണ്യാളനായിത്തീർന്നു.
തുടർന്നു കഴുതത–
ന്നൂഴമാ, യവൻചൊന്നു:
‘സ്മരിപ്പേനൊരുനാൾ ഞാൻ
ചെയ്തുപോയൊരു പാപം.
പാതിരിമഠത്തിന്റെ
പുല്പറമ്പരികൂടെ
പോകവേ കടിച്ചുഞാൻ
തിന്നുപോയല്പം പുല്ല്.
പട്ടിളം തൃണവുമെൻ
പശിയും സന്ദർഭവും
പിന്നേതോ ചെകുത്താന്റെ
പ്രേരണയതും ചേർന്നു
ഒപ്പിച്ചതാണിക്കൃത്യം,
ഉള്ളതു പറയുകിൽ
ഇല്ലെനിക്കവകാശ–
മൊന്നുമേയപ്പുല്ലിന്മേൽ’.
ഇതു കേട്ടളവിങ്ക–
ലേവരും തട്ടിക്കേറി
കഴുതതൻനേർക്കേറെ–
ദ്ധാർമ്മികരോഷത്തോടേ.
വൈദുഷിയൊരുലേശ–
മേലുന്ന ചെന്നായ് തന്റെ
വീറുറ്റ പ്രഭാഷണാ–
ലിങ്ങിനെ സമർത്ഥിച്ചു:
‘ശപ്തനിക്കഴുതതൻ
പ്രാണനെത്തന്നെ നമ്മൾ
തർപ്പണം ചെയ്തീടണ–
മീശ്വരപ്രീതിക്കായി.
രോമങ്ങൾ കൊഴിഞ്ഞാകെ–
ച്ചിരങ്ങ് പിടിച്ചൊരീ
നിസേ്തജൻ കെടുതികൾ–
ക്കൊക്കെയുമുറവിടം’.
ഗർദ്ദഭം തൻപാതകാൽ
സംശയമേതുമെന്യേ
വധ്യനെന്നേകകണ്ഠം
വിധിച്ചു മഹൽസഭ.
തിന്നുകയപരന്റെ
പുല്ലഹോ മഹാപാപം,
നിർണ്ണയംമൃതിമാത്ര–
മിതിന്നു പരിഹാരം!
ഇപ്പാപപരിഹാര–
പ്രക്രിയക്കവിളംബം
അപ്പാവം വിധേയനായ്
വിധിയാംവണ്ണംതന്നെ.
കേമനോ താങ്കൾ? ന്യായ–
വിധി വെള്ളപൂശിടും
താങ്കളെ, പാവത്താനാ–
ണെങ്കിലോ കറുപ്പിയ്ക്കും!

LES ANIMAUX MALADES DE LA PESTE

കുറിപ്പുകൾ
[1]
വാടിവലഞ്ഞു ഞരമ്പുതളർന്നിര
തേടാനുമോർക്കുന്നില്ലിക്ഖഗങ്ങൾ
വട്ടം ചുഴന്നു പറന്നു പരുന്തൊന്നു
ചുട്ടുപോം തൂവലെന്നാർത്തിയോടും
ചെറ്റിടവേകും നടുവിണ്ണുവിട്ടിതാ
പറ്റുന്നുണ്ടാലിതിൻ തായ്ക്കൊമ്പിന്മേൽ
വേട്ടയേതും തുടങ്ങുന്നില്ലതിനെയും
കൂട്ടാക്കുന്നില്ലാ കുരുവിപോലും
(ആശാൻ — ചണ്ഡാലഭിക്ഷുകി)
[2]
മണിപ്രാവുകളുടെ ഇണപ്രേമം പ്രസിദ്ധം.
[3]
ഹന്ത തടിതളർന്നാർത്തി കലരുന്ന
ജന്തു നിസർഗ്ഗവികാരമേലാ
(ആശാൻ — ചണ്ഡാലഭിക്ഷുകി)
[4]
ഊളൻ = കുറുക്കൻ
[5]
പേച്ച് = പ്രസംഗം
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.